ഗദൽപൂർ എന്നും ബസ്തർ എന്നുമൊക്കെ കേൾക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന ചിത്രങ്ങൾ തോക്കുധാരികളായ നക്സലൈറ്റുകളുടെയും കുഴിബോംബ് സ്ഫോടനങ്ങളുടെയുമൊക്കെയാവാം. എന്നാൽ ഈ സങ്കല്പത്തെ തച്ചുടയ്ക്കുന്നതായിരുന്നു അവി ടേക്കുള്ള യാത്ര. കേരളത്തിന്റെ നാലിലൊന്നോളം വലുപ്പമുണ്ട് ബസ്തർ ജില്ലയ്ക്ക്. ബസ്തർ ജില്ലയുടെ ഭരണതലസ്ഥാനമാണ് ജഗദൽപുർ. പ്രകൃതിവിഭവങ്ങളാലും വന്യജീവിസമ്പത്തിനാലും അനുഗൃഹീതമായ സ്ഥലം. നിബിഡവനങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ എന്നിവയാൽ സമ്പന്നം. ജില്ലാതലസ്ഥാ നത്തിന് നമ്മൾ പ്രതീക്ഷിക്കുന്ന വലുപ്പവും സൗകര്യങ്ങളുമൊന്നും ജഗദൽപൂരിനില്ല. സാമാന്യം വൃത്തിയോടെ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒരു ചെറിയ പട്ടണം. അംബരചുംബികളായ കെട്ടിടങ്ങളോ ആഡംബര ഹോട്ടലുകളോ ഒന്നും തന്നെ അവിടെയില്ല. തനതുശൈലിയിൽ പണികഴിപ്പിച്ചിട്ടുള്ള ലളിതമായ വ്യാപാരസമുച്ചയങ്ങളും സർക്കാർ കെട്ടിടങ്ങളും വഴിയോരക്കച്ചവടക്കാരുമെല്ലാം ചേർന്ന് ശാന്തവും മനോഹരവുമായ ചെറുപട്ടണമാണ് ജഗദൽപൂർ. ഒന്നുരണ്ട് മലയാളി ഹോട്ടലുകൾ ജഗദൽപൂരിലും ഉണ്ട്. കേരളത്തിൽനിന്ന് ചെന്ന് കൃഷിയും കച്ചവടവും നടത്തുന്ന അനേകം മലയാളികൾ ജഗദൽപൂരിലുണ്ട്. തലമുറകളായി അവിടെ സ്ഥിരതാമസമാക്കിയവരും ധാരാളം.

Chitrakoot 3
ചിത്രകൂട് വെള്ളച്ചാട്ടത്തിനരികിലെ പട്ടാളക്കാരൻ

ജഗദൽപുരിലെ ജനങ്ങളിൽ ഭൂരിഭാഗവും ഖോൻഡ്, മുരിയ തുടങ്ങിയ ഗോത്രങ്ങളിൽനിന്നുള്ളവരാണ്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഗോത്രവിഭാഗമായ ഖോൻഡ് ആണ് ജഗദൽപുരിലും ഏറെയുള്ളത്. പരമ്പരാഗത സംസ്കാരത്തിൽ പ്രശസ്തമായ ജഗദൽപുരിന്റെ സ്വകാര്യ അഭി മാനമാണ് അവിടത്തെ പുകൾ പെറ്റ ഇരുമ്പ് / ഓട് കരകൗശല നിർമിതി. പ്രാദേശിക ദൈവങ്ങൾ, യോദ്ധാക്കൾ, പക്ഷിമൃഗാദികൾ എന്നിവയെല്ലാം അവരുടെ ശില്പങ്ങൾക്ക് ആശയമാകാറുണ്ട്. അലങ്കാരത്തിനും ആരാധനയ്ക്കുമാണ് ഈ ശില്പങ്ങൾ പ്രധാനമായും ഉപയോഗിച്ചുപോരുന്നത്. ടൂറിസത്തിന്റെ വികാസത്തോടെ ആദിവാസികളുടെ നിർമിതികൾക്ക് വിപണനസാധ്യത കൂടി. അവരുടെ നിർമിതികൾ പുറംലോകത്തേക്ക് എത്തിക്കുന്നതിനും അതുവഴി അവർക്ക് ജീവിതമാർഗം ഉണ്ടാക്കുന്നതിനും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. ഛത്തീസ്ഗഢ് ടൂറിസം ബോഡിന്റെ അനേകം ഷോറൂമുകൾ വഴി ഈ നിർമിതികൾ വില്പനയ്ക്കുവെച്ചിരിക്കുന്നതും കാണാം.

ഇവിടത്തെ കാഴ്ചകൾ ആരംഭിക്കേണ്ടത് ആന്ത്രപ്പോളജിക്കൽ മ്യൂസിയത്തിൽ നിന്നാണ്. സിറ്റി സെന്ററിൽനിന്ന് ഏകദേശം നാലുകിലോമീറ്റർ മാറിയാണ് മ്യൂസിയം. 1972-ൽ നിർമിച്ച ഈ മ്യൂസിയം ബസ്തറിലെ ഗോത്രസമൂഹത്തിന്റെ സംസ്കാരത്തിലേക്കും ജീവിതശൈലിയിലേക്കും വെളിച്ചം വീശുന്ന എണ്ണമറ്റ വസ്തുക്കളുടെയും ചിത്രങ്ങളുടെയും മനോഹരമായ ഒരു ശേഖരമാണ് കരുതിവെച്ചിട്ടുള്ളത്. ആദിവാസികൾ ദൈനംദിനജീവിതത്തിൽ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, സംഗീതോപകരണങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, മനോഹരമായ കൊ ത്തുപണികൾ, ചിത്രങ്ങൾ മുതലായവ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവർത്തനസമയം. പ്രവേശനം സൗജന്യമാണ്. മനോഹരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള മ്യൂസിയവും പരിസരവും ജഗദൽപുർ സന്ദർശിക്കുന്ന ചരിത്രസ്നേഹികൾക്കും ഗവേഷകർക്കും ഒഴിച്ചുകൂടാനാകാത്ത സ്ഥലം തന്നെയാണ്.

Jagadalpur Museum
ആന്ത്രപ്പോളജിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഇരുമ്പ് പ്രതിമകൾ. ആദിവാസികൾ നിർമിച്ചതാണിവ

ജഗദൽപുരിൽനിന്ന് ഏകദേശം 30 കിലോമീറ്റർ ദൂരെയാണ് കാംഗേർവാലി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്. ഏകദേശം 200 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. അതിനുള്ളിലൂടെ ഒഴുകുന്ന കാംഗേർ നദിയുടെ പേരിൽ നിന്നാണ് ദേശീയോദ്യാനത്തിന് ആ പേര് ലഭിച്ചത്. ദേശീയോദ്യാനത്തിനുള്ളിലൂടെ പത്തുകിലോമീറ്റർ യാത്രചെയ്തുവേണം കൊടുംസർ ഗുഹയിലെത്താൻ. സ്വകാര്യവാഹനങ്ങൾ അകത്തേക്ക് കടത്തിവിടില്ല. അകത്തേക്ക് പോകാനായി ജിപ്സി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ജിപ്സിക്ക് 1200 രൂപയാണ് വാടക. ഏഴുപേർക്കുവരെ അതിൽ യാത്രചെയ്യാൻ കഴിയും. ഒരു ഗൈഡിന്റെ സേവനവും ലഭിക്കും.

KOdumsar Cave
സഞ്ചാരികൾ കൊടുംസർ ​ഗുഹയ്ക്കുള്ളിൽ‌

ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ പ്രകൃതിദത്ത ഗുഹയാണിത്. 1327 മീറ്റർ നീളമുള്ള ഈ ഗുഹയ്ക്ക് ഭൂനിരപ്പിൽ നിന്ന് 35 മീറ്റർവരെ ആഴമുണ്ട്. ഇടുങ്ങിയ ഒരു വിടവിലൂടെ വേണം ഗുഹയ്ക്കകത്തേക്ക് നൂണിറങ്ങാൻ. ഗൈഡിന്റെ കൈയിലുള്ള ടോർച്ചും കൈയിലെ മൊബൈൽ ഫോണുമല്ലാതെ മറ്റൊരു പ്രകാശ സ്രോതസ്സും ഗുഹയ്ക്കകത്തില്ല. ടോർച്ച് ഒന്ന് അണച്ചാൽ തൊട്ടടുത്ത് നിൽക്കുന്നവരെപ്പോലും കാണാൻ സാധിക്കാത്തത്ര കുറ്റാക്കൂരിരുട്ട്. വവ്വാലുകളുടെ ചിറകടിശബ്ദവും തീക്ഷ്ണമായ ഗന്ധവും. ഈർപ്പം കൂടുതലായതിനാൽ ക്യാമറാ ലെൻസും കണ്ണടയുമെല്ലാം മൂടൽ പിടിച്ചുപോകുന്നു. ശ്വസിക്കാൻ പോലും ബുദ്ധിമുട്ട്. ആകെ വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു വരാൻ കുറച്ച് സമയമെടുക്കും.

Cave Jagadalpur
കൊടുംസർ ​ഗുഹയ്ക്കുള്ളിലെ ചുണ്ണാമ്പുകല്ല്

അപകടം പിടിച്ച വഴിയാണ് ഗുഹയ്ക്കകത്ത്. മിക്കയിടത്തും കോൺക്രീറ്റ് ചെയ്ത വഴികളും സ്റ്റീൽ കെ വരികളും നിർമിച്ചിട്ടുണ്ട്. അവയുടെ സഹായമില്ലാതെ അകത്ത് നടക്കുക അസാധ്യമാണ്. ടോർച്ച് വെളിച്ചത്തിൽ ഗൈഡ് ഗുഹയുടെ മുക്കും മൂലയും വിശദീകരിച്ചു. പാറയിൽ നിന്ന് ഊർന്നിറങ്ങിയ ചുണ്ണാമ്പുകല്ലുകൾ കൊണ്ട് രൂപപ്പെട്ടിരിക്കുന്ന വിസ്മയരൂപങ്ങൾക്ക് കയ്യും കണക്കുമില്ല. സ്റ്റാലറ്റൈറ്റ് (Stalactite), സ്റ്റാലമൈറ്റ് (Stalagmite) എന്നിങ്ങനെ രണ്ടുതരത്തിലുള്ള പാറകളാണ് ഇവിടെ കാണാൻ സാധിക്കുക. ഗുഹയുടെ മേൽക്കൂരയിൽ നിന്ന് താഴേക്ക് വളരുന്ന പാറകളാണ് സ്റ്റാലറ്റൈറ്റ്. ഗുഹയുടെ നിലത്തുനിന്ന് മുകളിലേക്ക് വളരുന്ന പാറകളെ പറയുന്നത് സ്റ്റാലഗ്നെറ്റ് എന്നാണ്. പാറയുടെ ആകൃതികൾ ചേർന്ന് പല രൂപങ്ങളും നിർമിക്കപ്പെട്ടിട്ടുണ്ട്. ശിവലിംഗത്തിന്റെ ആകൃതിയിലുള്ള പാറയിൽ പൂജയും മറ്റും ആളുകൾ നടത്താറുണ്ടായിരുന്നു. എന്നാൽ ഗുഹയ്ക്കകത്ത് കർപ്പൂരവും ചന്ദനത്തിരിയുമെല്ലാം പുകയ്ക്കുന്നത് മലിനീകരണം ഉണ്ടാക്കുകയും ഗുഹയിലെ ജൈവവൈവിധ്യത്തിന് കോട്ടം വരുത്തുകയും ചെയ്യുന്നുണ്ട് എന്ന് മനസ്സിലായതോടെ അവയെല്ലാം നിരോധിക്കപ്പെട്ടു. ഒരിഞ്ച് വലുപ്പത്തിൽ ഇത്തരം പാറകൾ രൂപപ്പെടാൻ ഏകദേശം 6000 വർഷങ്ങൾ വേണമത്രേ. എത്രയോ ലക്ഷം വർഷംകൊണ്ട് പ്രകൃതി ഒരുക്കിയ വിസ്മയത്തിനുമുന്നിലാണ് നാം നിൽക്കുന്നത് എന്നോർത്ത് അദ്ഭുതപ്പെട്ടുപോയി. ഗുഹയ്ക്കകത്തെ മറ്റൊരു പ്രത്യേകത കണ്ണില്ലാത്ത ഒരുതരം പ്രത്യേക മത്സ്യമാണ്. ഗുഹയ്ക്കകത്തുകൂടി ഒഴുകുന്ന ചെറു അരുവിയിൽ ചിലയിടങ്ങളിൽ നമുക്ക് അവയെ കാണാം. ഗുഹയ്ക്കകത്തെ ഇരുട്ടിൽ രൂപാന്തരം പ്രാപിച്ചുണ്ടായവയാണ് അവ. അല്ലെങ്കിൽത്തന്നെ ആ ഇരുട്ടിൽ കണ്ണുണ്ടായിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ! മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകുന്നതിനാൽ ജൂൺമുതൽ ഒക്ടോബർ വരെ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാറില്ല.

Stones Cave Jagadalpur
കൊടുംസർ ​ഗുഹയ്ക്കുള്ളിലെ ചുണ്ണാമ്പുകല്ലിന്റെ വിവിധ രൂപങ്ങൾ

ഗുഹയിലെ കാഴ്ചകൾ കണ്ടു കഴിഞ്ഞാൽ പിന്നെ പോകേണ്ടത് തൊട്ടടുത്തുതന്നെയുള്ള തീരത്ഗഢ് വെള്ളച്ചാട്ടം കാണാനാണ്. കാംഗേർവാലി നാഷണൽ പാർക്കിനുള്ളിൽ തന്നെയുള്ള കാംഗേർ നദിയിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. കൊടുംബസർ ഗുഹയിൽനിന്ന് ഏകദേശം ആ റുകിലോമീറ്റർ യാത്ര ചെയ്താൽ നമുക്ക് വെള്ളച്ചാട്ടത്തിലെത്താം. നിരവധി അരുവികൾ കടന്ന് വ്യത്യസ്തമായ പാതകളിലൂടെയാണ് വെള്ളച്ചാട്ടത്തിലേക്ക് വെള്ളമെത്തുന്നത്. ഏകദേശം 300 അടി ഉയരത്തിൽനിന്ന് തട്ടുകളായി വെള്ളം പതഞ്ഞിറങ്ങുന്ന ദൃശ്യം നയനാനന്ദകരമാണ്. ഗുഹയിൽ നടത്തിയ സാഹസികയാത്രയുടെ ക്ഷീണം തീർക്കാൻ താഴെ വെള്ളം വന്ന് വീഴുന്ന തടാകത്തിൽ ഒന്ന് നീന്തിക്കുളിക്കുകയുമാവാം. വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള ഇടതൂർന്ന വനങ്ങൾ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു.

തട്ടുകളായുള്ള വെള്ളച്ചാട്ടമായതിനാൽ താഴെനിന്ന് മുകളിലേക്ക് നടന്നുകയറാൻ ശ്രമിക്കുന്ന ധാരാളം യാത്രക്കാരെയും അവിടെ കണ്ടു. അപകടസൂചനകൾ കൃത്യമായി നൽകിയിട്ടുണ്ടെങ്കിലും അവ പാലിക്കാൻ യാത്രികർ തീരേ ശ്രദ്ധിക്കുന്നില്ല. അപകടകരമായ ഉയരത്തിൽനിന്ന് സെൽഫിയെടുക്കുന്ന യുവാക്കളെ കണ്ടപ്പോൾ നിർത്തിയിട്ടിരുന്ന ആംബുലൻസിന്റെ സാന്നിധ്യം ഉചിതമെന്ന് തോന്നി.

tirathgarh waterfall
തീരത്​ഗഢ് വെള്ളച്ചാട്ടം

പ്രകൃതിഭംഗി മാത്രമല്ല ഈ സ്ഥലത്തിന്റെ പ്രത്യേകത. പ്രശസ്തമായ ഒരു ശിവപാർവതീ ക്ഷേത്രം സമീപത്തായി സ്ഥിതി ചെയ്യുന്നതിനാൽ മതപരമായ പ്രാധാന്യം കൂടി തീരത്ഗഢിനുണ്ട്. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം ക്ഷേത്രദർശനവും കൂടി നടത്തുന്നതിനായി നിരവധി വിശ്വാസികൾ ഇവിടെ എത്താറുണ്ട്. ഒക്ടോബർ മുതൽ ജനുവരിവരെയുള്ള കാലയളവാണ് സന്ദർശനത്തിന് അനുയോജ്യം.

Jagadalpur Temple
തീരത്​ഗഢ് വെള്ളച്ചാട്ടത്തിന് സമീപത്തുളള ക്ഷേത്രം

ജഗദൽപുരിൽ പോയാൽ ഒരിക്കലും വിട്ടുപോകാൻ പാടില്ലാത്ത സ്ഥലമാണ് ഇന്ത്യൻ നയാ​ഗ്ര എന്നറിയപ്പെടുന്ന ചിത്രകൂട് വെള്ളച്ചാട്ടം. ജഗദൽപൂരിൽനിന്ന് ഏകദേശം 38 കിലോമീറ്റർ പടിഞ്ഞാറ് മാറി ഇന്ദ്രാവതിനദിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടമാണിത്. കുതിരലാടത്തിന്റെ ആകൃതിയിൽ, നയാഗ്ര വെള്ളച്ചാട്ടത്തിനോട് സാദൃശ്യമുള്ളതിനാലാണ് ഈ വെള്ളച്ചാട്ടം ഇന്ത്യൻ നയാഗ്ര എന്ന് അറിയപ്പെടുന്നത്. ചിത്രകൂട് വെള്ളച്ചാട്ടം അതിന്റെ പൂർണരൂപത്തിൽ ആസ്വദിക്കണമെങ്കിൽ വർഷക്കാലത്ത് സന്ദർശിക്കണം. കലങ്ങിമറിഞ്ഞ്, ഇരുകരകളും നിറഞ്ഞ് രൗദ്രഭാവത്തിൽ ആർത്തലച്ച് ഭൂമിയിലേക്ക് പതിക്കുന്ന വർഷകാലത്തെ കാഴ്ച അനിർ വചനീയമാണ്. വേനൽക്കാലമാകുമ്പോഴേക്കും വീതി കുറഞ്ഞ് ശാന്തമായി പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള തടാകത്തിൽ ബോട്ടിങ്ങിനുള്ള സൗകര്യം ഛത്തീസ്ഗഢ് ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്. 50 രൂപ കൊടുത്താൽ റബ്ബർബോട്ടിൽ വെള്ളച്ചാട്ടത്തിന്റെ അടുത്തുവരെ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരും. ഇത് ശാന്തമായി കാണപ്പെടുന്ന വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തെത്തുമ്പോഴേ അതിന്റെ ശക്തിയും വന്യതയും മനസ്സിലാകൂ. വെള്ളച്ചാട്ടത്തിൽനിന്ന് പാറിയെത്തുന്ന വെള്ളത്തുള്ളികൾ ചുറ്റും മൂടൽമഞ്ഞ് തീർക്കുന്ന അനുഭവം പറഞ്ഞറിയിക്കാൻ കഴിയില്ല. പതഞ്ഞുവീഴുന്ന ചില്ലുവെള്ളത്തിൽ നിന്ന് പാറിക്കളിക്കുന്ന തണുത്ത ജലകണങ്ങളുടെ നടുവിൽ നിൽക്കുമ്പോൾ ഒരു നിമിഷത്തേക്ക് എല്ലാം മറന്ന് പ്രകൃതിയിൽ ലയിച്ചുചേരും. ഒരുതവണ അടുത്ത് പോയിട്ട് മതിവരാത്തതിനാൽ ഞാൻ വീണ്ടും ബോട്ടിന് ടിക്കറ്റെടുത്തു. വെളുത്ത മഞ്ഞായി, മഴയായി മനസ്സിൽ പതിച്ച വെള്ളച്ചാട്ടം ഇപ്പോഴും ഒരനുഭൂതിയായി മനസ്സിൽ തങ്ങിനിൽക്കുന്നു.

Chitrakood Waterfalls

ചിത്രകൂട് വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് ഛത്തീസ്ഗഢ് ടൂറിസംവകുപ്പിന്റെ ദണ്ഡാമി ലക്ഷ്വറി റിസോർട്ട് പ്രവർത്തിക്കുന്നുണ്ട്. വെള്ളച്ചാട്ടം സന്ദർശിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ താമസസ്ഥലമാണിത്. വളരെ മിതമായ നിരക്കിൽ റൂമുകളും ടെന്റുകളും ലഭ്യമാണ്. ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ റൂമുകൾ ബുക്ക് ചെയ്യാം.

Jagdalpur

Jagdalpur is the district headquarters of Bastar district. Getting there: By Air: Jagadalpur airport (4 km), Swami Vivekanan da Airport, Raipur(298 km)

Yathra Subscription
മാതൃഭൂമി യാത്ര വാങ്ങാം

By Rail: There is only a limited railway facility available at JagdaIpur. One railway line start from Kirandul (Dantewada District) to Vishakhapatam which passes through Jagdalpur and other from Bhuvneshwar with passes through Jagdalpur. This railway line is broad gauge and completely electrified. Only one passenger train (with sleeper coach) is running daily between Kiranduland Vishakhapatnam. The train journey is really enjoyable and funtastic which passes through breath-taking ghats and tunnels. Semiliguda, highest broad gauge station of Indian railways falls on this route. In the entire 10 hour journey, one can view beautiful sceneries on both sides.

By Road: Jagadalpur is well connected by roads to all important cities and towns of the state and near by states as well. It is con nected to the state capital, Raipur in the north by the National Highway (NH-49) and the distance is approximately 300 km. The same NH - 49 extends up to Vishakhapatnam in the east, the fa mous port city of Andhra Pradesh and the distance from Jagdalpur is around 300 km.

(മാതൃഭൂമി യാത്ര 2018 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Jagdalpur, Chitrakoot waterfall, tirathgarh waterfall, mathrubhumi yathra