ന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹെര്‍ബല്‍ പാര്‍ക്ക് എന്ന ഖ്യാതി നേടിയ മന ഹെര്‍ബല്‍ പാര്‍ക്ക് സഞ്ചാരികള്‍ക്ക് വേണ്ടി തുറന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മന എന്ന ഗ്രാമത്തിലാണ് ഈ ഹെര്‍ബല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 

സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തിലാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇവിടം വിവിധങ്ങളായ സസ്യജാലങ്ങളാല്‍ സമ്പന്നമാണ്. 

ഈയിടെയാണ് ഹെര്‍ബല്‍ പാര്‍ക്ക് സര്‍ക്കാര്‍ സജ്ജമാക്കിയത്. എന്നാല്‍ കോവിഡ് 19 രാജ്യത്തെ പിടിച്ചുകുലുക്കിയതോടെ പാര്‍ക്ക് പൂട്ടേണ്ടിവന്നു. ഹിമാലയത്തില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ആയുര്‍വേദ സസ്യങ്ങളും പൂക്കളുമെല്ലാമാണ് ഹെര്‍ബല്‍ പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണം. 

മൂന്ന് ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പാര്‍ക്ക് ഉത്തരാഖണ്ഡ് വനംവകുപ്പാണ് പരിപാലിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കോംപന്‍സേറ്ററി അഫോറസ്‌റ്റേഷന്‍ ഫണ്ട് മാനേജ്‌മെന്റ് ആന്‍ഡ് പ്ലാനിങ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഇവിടം ഹെര്‍ബല്‍ പാര്‍ക്കാക്കി മാറ്റിയത്. ഇവിടേക്ക് എത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുകയോ കോവിഡ് നെഗറ്റീവ് ഫലം കൈയ്യില്‍ കരുതുകയോ വേണം. 

Content Highlights: India’s highest herbal park opens in Uttarakhand at a height of 11000 ft