രു വെള്ളച്ചാട്ട വിനോദ സഞ്ചാര കേന്ദ്രത്തില്‍ സാധാരണ ദൃശ്യമാകാത്ത വിസ്മയ കാഴ്ചകള്‍ കാണണോ ഹൊഗനക്കലിലേക്ക് വരൂ...തമിഴ്‌നാട്ടിലേക്ക് കാവേരിയൊഴുകുന്നത് ഹൊഗനക്കലിലെ കുത്തനെ ഒഴുകുന്ന ജലപ്രവാഹത്തോടെയാണ്. പുണ്യനദിയായി കണക്കാക്കുന്ന, കാവേരിയിയുടെ തുടക്കം കാണാന്‍ തമിഴ്‌നാട്ടിലെ ഭക്തരുടെ വലിയ തിരക്കായിരുന്നു രാവിലെ ആറുമണിക്ക് എത്തുമ്പോഴും. പതിവില്ലാത്ത കാഴ്ചകള്‍ ഇവിടെ കാണാം. എണ്ണ തേപ്പ് കുളി, കുട്ട വഞ്ചിയില്‍ മീന്‍ പിടുത്തം, ലൈവ് മീന്‍ പൊരിച്ചത്, ബലി സ്‌നാനത്തിനായുള്ള ഭക്തരുടെ തിരക്ക്, കുട്ട വഞ്ചിയിലെ ജല യാത്രകള്‍, മതിമറന്നുള്ള കുളിക്കും സെല്‍ഫിക്കമായി യുവാക്കളുടെ തിരക്ക്. ഒരു വെള്ളച്ചാട്ട വിനോദ കേന്ദ്രത്തില്‍ കാണാത്ത കാഴ്ചകളായിരുന്നു ഇതെല്ലാം.

Hogenakkal 4കര്‍ണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലെ അതിര്‍ത്തിയിലുള്ള  ഈ ഗ്രാമത്തിലുള്ളവരുടെ പ്രധാന അതിജീവനം ഈ വെള്ളച്ചാട്ടത്തില്‍ വരുന്ന ആളുകള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങളില്‍ നിന്നാണ്. ആയിരത്തോളം ആളുകള്‍ മീന്‍ പിടുത്തം, മീന്‍ ലൈവ് കുക്കിങ്ങ്, 400 അംഗീകൃത എണ്ണ ഉഴിച്ചില്‍ കാര്‍, കുട്ട വഞ്ചി തുഴച്ചില്‍ കാര്‍ നൂറോളം, അനേകം ചെറുകിട കച്ചവടക്കാര്‍, വനം വകുപ്പ് ജീവനക്കാര്‍, തുടങ്ങി ഈ പ്രവാഹം ആണ് ഇവരുടെ നിലനില്‍പ്.  കഴിഞ്ഞ കൊല്ലം അതിവര്‍ഷ പ്രവാനത്തില്‍ മൂന്നു മാസം അടച്ചിട്ടപ്പോള്‍ ഈ മേഖലയിലുള്ളവര്‍ ഒരു നേരത്തെ ഊണിനുപോലും എന്ന് എണ്ണ ഉഴിച്ചില്‍ കാരന്‍ മുനി സ്വാമി പറഞ്ഞു.

തമിഴ് നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ ഹൊഗനക്കലിലേക്ക്  സുപ്രഭാതം മുതല്‍ സന്ധ്യ വരെ വരുന്ന സഞ്ചാരികളാണ് ഞങ്ങളുടെ അതിജീവന മന്ത്രം എന്ന് മുനി സ്വാമി വ്യക്തമാക്കി..  ഹോഗ്, കല്‍ എന്നീ കന്നഡ വാക്കുകള്‍ ചേര്‍ന്നാണ് ഹൊഗനക്കല്‍ എന്ന വാക്ക് രൂപപ്പെട്ടതത്രേ. ഹോഗ് എന്നാല്‍ പുക, കല്‍ എന്നാല്‍ വലിയ പാറ എന്നാണര്‍ത്ഥം. 

മലയാളി മനസ്സില്‍  ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തെ പകര്‍ന്നേകിയത് സംവിധായകന്‍ ജോഷിയാണ്. 2005ല്‍ പുറത്തിറങ്ങിയ നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ജോഷി തമിഴ്നാട്ടിലെ ഈ പ്രദേശത്തിന്റെ ദൃശ്യഭംഗി മലയാളിക്ക് അങ്ങിനെ സുപരിചിതമായി.. നരനിലെ പ്രധാന സൗരഭ്യം  ചിത്രീകരിച്ചത് ഹൊഗനക്കലിലാണ്. പിന്നീട് ദിലീപ് നായകനായ ഇവന്‍ മര്യാദരാമന്‍ എന്ന സിനിമയിലെ അവസാന രംഗം ചിത്രീകരിച്ചതും ഇവിടെയായിരുന്നു. കര്‍ണാടകയില്‍ നിന്ന് ഒഴുകിവരുന്ന കാവേരിനദി തമിഴ്നാട്ടില്‍ എത്തിച്ചേരുന്നത് ഹൊഗനക്കലിലാണ്.

Hogenakkal 1

മീനവര്‍, വണ്ണിയര്‍ എന്നീ സമുദായത്തില്‍പെട്ടവരാണ് കൂടുതലായും ഹൊഗനക്കലില്‍ താമസിക്കുന്നത്. വണ്ണിയര്‍ സമുദായത്തിനാണ് മേല്‍ക്കൈ. ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തിന് അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന മീനവര്‍ ജാതിക്കാര്‍ 300ലധികം വരും. കുടില്‍ വ്യവസായമോ കൃഷിയോ ഇല്ലാത്ത ഭൂമിയാണ് ഹൊഗനക്കലിന്റേത്. പ്രദേശത്തെ കടകളും മറ്റും മുഴുവന്‍ വണ്ണിയര്‍ സമുദായത്തിന്റെ കൈകളിലാണ്. മീനവര്‍ക്ക് വെള്ളച്ചാട്ടവും അതിലെ മീനുകളിലും മാത്രമെ അവകാശമുള്ളത്രേ. എങ്കിലും ഏറെക്കുറെ സംഘര്‍ഷമില്ലാതെ കാര്യങ്ങള്‍ പോകുന്നുവെന്ന് കാവേരി പട്ടണത്തില്‍ നിന്നും സ്ഥിരമായ ഇവിടെ വരുന്ന സഞ്ചാരി  രാമകൃഷ്ണന്‍ വ്യക്തമാക്കി.

കുട്ടവഞ്ചിയില്‍ ജലയാനം

Hogenakkal 2താഴേക്കു പതിഞ്ഞൊഴുകുന്ന വെള്ളം പെട്ടെന്ന് പാറക്കൂട്ടങ്ങളിലേക്ക്  കുത്തിയൊഴുകി തമിഴ്‌നാട്ടിലെ കാവേരിയാകുന്ന കാഴ്ച ഇവിടെ കണ്‍മുന്നില്‍ കാണാം. മുളയില്‍ നെയ്‌തെടുത്ത കുട്ട വഞ്ചിയിലെ യാത്ര സഞ്ചാരികള്‍ക്കേറെ പ്രിയതരമാണ്. വലിയവരും കുട്ടി മനസ്സുമായി കുട്ട വഞ്ചിയില്‍ ജലപ്രവാഹത്തോടെ തഴുകി ഒഴുകി നടക്കുന്നത് കാണാം ഇവിടെ. സഞ്ചാരികള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ടില്‍ നിന്നു കുട്ടവഞ്ചിയില്‍ യാത്രചെയ്യാനുള്ള പാസുകള്‍ എടുക്കാം. സീസണ്‍ അനുസരിച്ച് ചാര്‍ജില്‍ മാറ്റം ഉണ്ടാകും. കുട്ടവഞ്ചി തുഴയാന്‍ ഒരാളെക്കൂടി ലഭിക്കും. കുട്ടവഞ്ചിയില്‍ കയറുന്നവര്‍ ലൈഫ് ജാക്കറ്റുകള്‍ ചോദിച്ചു വാങ്ങണം. ശാന്തമായി ഒഴുകുന്ന പുഴയുടെ ഭാഗത്തു നിന്നാണ് കുട്ടവഞ്ചി പ്രയാണം ആരംഭിക്കുന്നത്.

യാത്ര തുടങ്ങി ആദ്യ പ്രവേശം, ചെറിയൊരു ദ്വീപിലാണ്. ഇവിടെയാണ് നരന്‍ എന്ന സിനിമയിലെ ചില ഭാഗങ്ങള്‍ പകര്‍ത്തിയെടുത്തത്. ദ്വീപ് മുറിച്ചുകടന്നു വലിയ കല്‍ക്കെട്ടുകള്‍ കടന്നുവേണം കാവേരിപ്പുഴയിലൂടെയുള്ള കുട്ടവഞ്ചിയിലുള്ള സാഹസിക യാത്ര ആരംഭിക്കാന്‍. ദ്വീപിലെ കാഴ്ചകള്‍ കണ്ടുകഴിയുമ്പോള്‍ കുട്ടവഞ്ചിയും തോളിലേറ്റി തുഴയുന്നയാള്‍ കല്‍കെട്ടിനടുത്ത് എത്തിയിട്ടുണ്ടാവും. കാവേരി നദിയുടെ ഇരുവശവും വലിയ കാടാണ്. സാക്ഷാല്‍ വീരപ്പന്റെ വിരഹ കേന്ദ്രം ആയിരുന്നിവിടം. നദിയുടെ ഒരു കര തമിഴ്‌നാടാണെങ്കില്‍  മറുകര കര്‍ണാടകയാണ്. . യാത്രയില്‍ കാണാന്‍ കഴിയുന്നത്. അതിമനോഹര കാഴ്ചകളാണ്. പാറക്കെട്ടുകളിലൂടെ ഒഴുകി പുഴയിലേക്ക്പതിക്കുന്ന ചെറുതും വലുതുമായ അനേകം ചെറു ജലപ്രവാഹങ്ങള്‍ കാണാം. വെള്ളച്ചാട്ടത്തേക്കാള്‍ സഞ്ചാരികളെ അമ്പരപ്പിക്കുന്നത് കരിമ്പാറക്കൂട്ടങ്ങളാണ്. കരിവീരന്‍മാരെ പോലെ പാറക്കൂട്ടങ്ങള്‍ നെറ്റി വിരിച്ച് നില്‍ക്കുന്നതാണ്.

കുട്ടവഞ്ചി ഒഴുക്കിലുടെ താഴേക്ക് തുഴഞ്ഞാണ് പോകുന്നത്. എങ്കിലും ഇടയ്ക്ക് പൊങ്ങിക്കിടക്കുന്ന പാറകളില്‍ തട്ടാതെ പോകുന്നതും, ചില ഒഴുക്കുള്ള ഭാഗത്ത് അതിവേഗം പോകുന്നതും  ആവേശകരമാണ്. യാത്രക്കിടെ ഫോട്ടോ എടുക്കാനും കുളിക്കാനും തുഴച്ചിലുകാര്‍ കുട്ടവഞ്ചി നിര്‍ത്തിത്തരും. ചില സ്ഥലത്തു പാറയ്ക്കുള്ളില്‍ ചെറിയ ഗുഹകള്‍ ഈ പ്രദേശത്തെ പൈതൃക സംസ്‌കാരത്തെ അടയാള പ്പെടുത്തുന്നു. അതിനുള്ളിലേക്കും സൗകര്യം അനുസരിച്ച് സഞ്ചാരികള്‍ക്ക് കയറാം. യാത്ര അവസാനിക്കുന്നത് ചെറിയൊരു ദ്വീപിലാണ്. ഇവിടെ ചെറിയ കച്ചവട സ്ഥാപനങ്ങളുണ്ട്.  കുടിവെള്ളവും ചെറിയ പലഹാരങ്ങളും ലഭിക്കും. തിരികെയുള്ള യാത്രയില്‍ കുട്ടവഞ്ചി ഒഴുക്കിനെതിരേ തുഴഞ്ഞ് യാത്ര ആരംഭിച്ച സ്ഥലത്ത് എത്താന്‍ ഏകദേശം രണ്ടു മണിക്കൂറോളം സമയമാവശ്യം ആണ്.

ഔഷധക്കുളി

ഹൊഗനക്കലിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഔഷധക്കുളി. കുത്തിയൊഴുകുന്ന ജലപ്രവാഹങ്ങള്‍ ഒഴിഞ്ഞ പാറപ്പുറങ്ങളിലെ തുറസായ സ്ഥലത്താണ് ഓയില്‍ മസാജിങും ഔഷധക്കുളിയും തകൃതിയായി നടക്കുന്നത്. പാരമ്പര്യ വൈദ്യന്‍മാര്‍ എന്ന രീതിയില്‍ ലൈസന്‍സ് ഉള്ളവരാണ്  ഇതിന്റെ നടത്തിപ്പുകാര്‍. വെള്ളച്ചാട്ടം ആസ്വദിക്കാനെത്തുന്നവര്‍ക്കും ഒരു കാഴ്ചയാണ് ഈ ഔഷധക്കുളി. പാറപ്പുറത്തുകിടത്തി ശരീരം മുഴുവന്‍ തൈലംപുരട്ടി ഉഴിഞ്ഞ ശേഷം വിശ്രമിക്കുക. പിന്നീട് പ്രത്യേകം തരംതിരിച്ചിട്ടുള്ള വെള്ളച്ചാട്ടത്തിന് കീഴില്‍നിന്നാണ് ഔഷധനീരാട്ട്.  അനേകം സഞ്ചാരികളാണ് ഔഷധക്കുളിക്കായി മാത്രം ഇവിടെ വരുന്നത്.

Hogenakkal 3

തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ ദൂരമാണ് ഹൊഗനക്കലിലേക്കുള്ളത്. ബംഗളൂരുവില്‍ നിന്ന് 180 കിലോമീറ്റര്‍ ദൂരമാണ് ഹൊഗനക്കലിലേക്ക്. ഹൊഗനക്കലില്‍ നിന്നു കേരളത്തിലേക്ക് (മലപ്പുറം ജില്ല) ഏകദേശം 300 കിലോമീറ്റര്‍ ദൂരവും ഉണ്ട്. തീവണ്ടി മാര്‍ഗമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പാലക്കാട്-കോയമ്പത്തൂര്‍-ഈറോഡ്-സേലം വഴിയും ഹൊഗനക്കലില്‍ എത്താം. വ്യത്യസ്തമായ ഈ ജല പ്രവാഹ സൗരഭ്യം ആവോളം നുകരാന്‍ അവധിക്കാലം കൂടി ആയപ്പോള്‍ സഞ്ചാരികളുടെ വലിയ തിരക്കാണിപ്പോള്‍.

Content Highlights: Hogenakkal Waterfalls, Hogenakkal Travel, Hogenakkal Tourism, Tamilnadu Tourism