ട്രെക്കിങ് ജീവിതത്തിന്റെ ഭാഗമായി മാറിയ നാൾ മുതൽ ഹരിഹർ ഫോർട്ടിലേക്കു ള്ള സാഹസിക യാത്ര വലിയ സ്വപ്നമായിരുന്നു. അനിയൻ സിൽവിനും ഇതേ ആഗ്രഹമുണ്ടെന്നറിഞ്ഞപ്പോൾ പിന്നെ മറ്റൊന്നുമോർത്തില്ല, മംഗള ലക്ഷ്വദ്വീപ് എക്സ്പ്രസിൽ നേരേ നാസിക്കിലേക്ക്. തൃശ്ശൂരിൽ നിന്ന് സാഹസിക സാംസ്കാരിക കേന്ദ്രത്തിലെ സുഹൃത്തുക്കളായ എച്ച്. ബൈജു, ഹരിദാസ്, വിനോദ്, രാഗേഷ്, നൗഫൽ, ജയരാമൻ, അശോകൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പഴയ സൗഹൃദം പുതുക്കിയും പുതിയ സുഹൃത്തുക്കളെ പരിചയപ്പെട്ടും ആ രാത്രിയും പകലും കടന്നുപോയി. പിറ്റേദിവസം രാത്രി ഏഴു മണിക്ക് നാസിക്കിലെത്തി. പുലർച്ചെയാണ് ഹരിഹർ ഫോർട്ട് ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ യാത്ര ആരംഭി ക്കുന്നത് .

നാസിക്കിൽനിന്ന് 40 കിലോ മീറ്റർ അകലെയാണ് നിർഗുഡപാഡ ഗ്രാമം. അവിടെയാണ് ഹരിഹർ ഫോർട്ട്, ബസ് സൗകര്യം കുറവായതിനാൽ ടാക്സിയിലായിരുന്നു ഗ്രാമത്തിലേയ്ക്കുള്ള യാത്ര. ചുറ്റും പച്ചപുതച്ച മലനിരകളാൽ പൊതിഞ്ഞ നിർഗൂഡപാഡ ഗ്രാമം. നഗരത്തിന്റെ പരിഷ്കാരങ്ങൾ ഇതുവരെ എത്തി നോക്കിയിട്ടില്ല. ചെറിയ വീടുകളിൽ സ്വർഗം തീർക്കുന്ന ഗ്രാമവാസികളുടെ ഉപജീവന മാർഗം കൃഷിയാണ്. സമീപത്തു കണ്ട വീട്ടിൽനിന്ന് വെള്ളം വാങ്ങി കുപ്പികളിൽ നിറച്ച് നടക്കാൻ തുടങ്ങി. ചെമ്മൺ പാതയിലൂടെ നാല് കിലോ മീറ്റർ നടക്കാനുണ്ട്. പാതയരുകിൽ വൈക്കോൽ കറ്റകൾ അടുക്കി വെക്കുന്ന കർഷകരെ കണ്ടു. ദൂരെനിന്ന് നോക്കുമ്പോൾ ചെറുകുടിലുകൾ പോലെ തോന്നുന്ന വൈക്കോൽ കൂനകൾ.

harihar fort 2
മലമുകളിലെ കാഴ്ചകൾ

രണ്ടു കിലോ മീറ്റർ നടത്തം. ഇനി കുത്തനെയുള്ള ഒരു പാറയിൽ പിടിച്ചു വേണം മുകളിലേക്കെത്താൻ. പാറക്കല്ലുകളിൽ പിടിച്ചുതൂങ്ങി മുകളിലെത്തിയപ്പോൾ കണ്ട കാഴ്ച വല്ലാതെ അദ്ഭുതപ്പെടുത്തി. നാരങ്ങാവെള്ളം വിൽക്കുന്ന ഒരു കുഞ്ഞു കട. ഉപജീവനത്തിനായി ഈ മലമുകളിൽ ഒരു ചെറിയ കുടിലും കെട്ടിവെച്ച് സാഹസികരെ കാത്തിരിക്കുന്ന കുടുംബം. ക്ഷീണം മാറ്റാൻ അവരുടെ കയ്യിൽ നിന്ന് നാരങ്ങാവെള്ളം വാങ്ങി കുടിച്ചശേഷം വീണ്ടും നടക്കാൻ തുടങ്ങി. പുൽമേടുകൾ വകഞ്ഞു മാറ്റി മുൻപേ കടന്നുപോയവർ തീർത്ത പാതയിലൂടെയായിരുന്നു യാത്ര. കാടിന്റെ നിശ്ശബ്ദത ആസ്വദിച്ച് നടക്കുമ്പോൾ മനോഹരമായ കല്പടവുകളുള്ള വലിയൊരു കുളവും ചെറുകുടിലുകളും കണ്ടു. മലമുകളിലെ ശാന്തതയിൽ ജീവിതം നയിക്കുന്ന സന്യാസിമാരുടെ ആശ്രമം. ശിവഭക്തരായതുകൊണ്ടാകും ചുമരുകളിൽ ഓം നമഃ ശിവായ മന്ത്രവും ആശ്രമത്തിൽ ത്രിശൂലവും സ്ഥാപിച്ചിരിക്കുന്നത്. തപോവനത്തിനുള്ളിലെ വലിയൊരു പാറക്കല്ലിൽ കൊത്തിയെടുത്ത ശിവന്റെ ശില്പവും അവിടെയുണ്ട്. നീലച്ചായം പൂശിയ എട്ടടി ഉയരത്തിലുള്ള ഈ മനോഹര ശിൽപം ആശ്രമത്തിന് പ്രത്യേക ചൈതന്യം നൽകുന്നു. പേരറിയാത്ത മരങ്ങൾക്കും അതിൽ തൂങ്ങിയാടുന്ന വള്ളിപ്പടർപ്പുകൾക്കും ഇടയിലൂടെ മുന്നോട്ട്. 

ലക്ഷ്യത്തിലെത്താൻ ഇനിയുമേറെ ദൂരം താണ്ടതുണ്ട്. അങ്ങകലെ വെൺമേഘങ്ങളോട് കിന്നാരം ചൊല്ലി നീലാകാശത്തെ ചുംബിച്ചു നിൽക്കുന്ന ഹരിഹർ കോട്ട കണ്ടുതുടങ്ങി. പിന്നീടുള്ള നടത്തത്തിന് നല്ല വേഗമായിരുന്നു. സമുദ്രനിരപ്പിൽനിന്ന് 3676 അടി ഉയരത്തിലുള്ള ഹരിഹർ ഫോർട്ടിന് ചുവട്ടിലെത്തിയപ്പോൾ അമ്പരന്ന് ആകാശത്തേക്ക് നോക്കിപ്പോയി. ഇതിനു മുകളിൽ ചെന്നെത്തുമോ? കാലൊന്നു തെറ്റിയാൽ മരണത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന താഴ്വര. ഹരിഹർ ഫോർട്ടിലേക്കുള്ള ആദ്യത്തെ പടി ചവിട്ടി. 80 ഡിഗ്രി ചെരിഞ്ഞുനിൽക്കുന്ന അംബരചുംബിയായ വലിയ പാറയുടെ പുറത്തും അകത്തുമായി കൊത്തിയെടുത്ത 117 പടികളാണ് കയറേണ്ടത്. ആദ്യത്തെ പത്തുപടികൾ വളരെ വേഗത്തിൽ കയറി. ഉയരത്തിലേക്ക് നടന്നുകയറും തോറും നെഞ്ചിടിപ്പ് വർധിച്ചു. തിരിഞ്ഞു നോക്കാൻ ഭയം. പുറകേ പടി കയറിവരുന്ന അനിയനെ കുറിച്ചോർത്തപ്പോൾ ധൈര്യം സംഭരിച്ച് നോക്കി. അവനും സുഹൃത്തുക്കളും സുരക്ഷിതരായി പിന്നാലെയുണ്ടെന്ന ധൈര്യത്തിൽ മുന്നോട്ടു നടന്നു.

harihar fort 3
ദുർഘട വഴികൾ

കുത്തനെയുള്ള പടികൾ പിടിച്ച് പതുക്കെയാണ് മുകളിലേക്ക് കയറുന്നത്. കാലുകൾക്ക് വിറയൽ ബാധിച്ചിരിക്കുന്നു. ശ്വാസതാളവും തെറ്റിത്തുടങ്ങിയിരിക്കുന്നു. അല്പസമയം പടിയിൽ പിടിച്ചിരുന്നു. ബ്രീത്തിങ് എക്സർസൈസ് ചെയ്ത് മനസ്സും ശരീരവും ശാന്തമാക്കി. കൂടെയുണ്ടായിരുന്നവർ പതുക്കെ ഓരോപടിയും പിടിച്ചുകയറി വരുന്നുണ്ടായിരുന്നു. വീതി കുറഞ്ഞ പടികളിൽ പിടിക്കാൻ പൊത്ത് രണ്ടു വശത്തും കൊത്തി വെച്ചിട്ടുണ്ട്. ഒരേ സമയം ഒരാൾക്ക് മാത്രം കയറാൻ കഴിയുന്ന തരത്തിലാണ് കൽപ്പടവുകൾ നിർമിച്ചിരിക്കുന്നത്. ഏകദേശം മുപ്പത് മിനിറ്റെടുത്തു മുകളിലെത്താൻ. ശ്വാസം നേരെ വീണത് അപ്പോഴാണ്.

മുൻപിൽ വലിയൊരു കോട്ടവാതിൽ. അവിടെ ഒരു വൃദ്ധൻ നാരങ്ങാവെള്ളവും ബിസ്കറ്റും വിൽക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. ജീവിക്കുവാൻ വേണ്ടി എന്നും ഈ മല കീഴടക്കുന്ന ഇവരാണ് യഥാർഥ സാഹസികരെന്ന്. കയ്യിൽ കരുതിയിരുന്ന ഓറഞ്ചും നട്സും കഴിച്ച് കുറച്ചു സമയം കവാടത്തിലിരുന്ന് വിശ്രമിച്ചു. ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഞങ്ങൾ നടക്കാൻ തുടങ്ങി. കവാടം കഴിഞ്ഞുള്ള യാത്രയിലാണ് യഥാർഥ ട്രെക്കിങ് സുഖം അറിഞ്ഞു തുടങ്ങിയത്. പാറ തുരന്നുണ്ടാക്കിയ വഴിയിൽ കൂടി കുനിഞ്ഞു കടക്കണം. ഇടതുവശത്ത് അഗാധമായ കൊക്ക. ഇടുങ്ങിയ വഴി കടന്നെത്തുമ്പോൾ വീണ്ടും കല്ലിൽ കൊത്തിയ പടികൾ. കുത്തനെയുള്ള പടികൾ കയറിയപ്പോൾ മനസ്സ് പടപടാന്ന് മിടിച്ചുതുടങ്ങി. താഴേയ്ക്ക് ഒരു വട്ടം നോക്കുവാനേ ധൈര്യമുണ്ടായുള്ളൂ. കാലൊന്നു തെറ്റിയാൽ!

harihar fort 4
പാറ പൊട്ടിച്ച് നിർമിച്ച വഴികൾ

പരസ്പരം കൈകൊടുത്ത് സഹായിച്ച് കോട്ടമുകളിലെത്തിയപ്പോൾ കണ്ട കാഴ്ച അതുവരെയുള്ള എല്ലാ കഷ്ടപ്പാടുകളും ഒറ്റയടിക്ക് മായ്ച്ചു കളയുന്നതായിരുന്നു. വിശാലമായ കുന്നിൻപുറവും മഞ്ഞയും വയലറ്റും നിറങ്ങളിൽ പുഞ്ചിരിച്ചുനിൽക്കുന്ന പൂക്കളുമാണ് വരവേറ്റത്. മലനിരകളെ തഴുകിയെത്തുന്ന കാറ്റിന്റെ കുളിരേറ്റ് കുന്നിൻ ചെരുവിൽ സ്വപ്നം കണ്ടുകൊണ്ട് കുറച്ചുനേരമിരുന്നു. പ്രാർഥനകളുടെയും മന്ത്രങ്ങളുടെയും ശബ്ദമാണ് സ്വപ്നത്തിൽ നിന്നുണർത്തിയത്. മലമുകളിലുള്ള ഹനുമാൻ കോവിലിൽ പ്രാർഥിക്കുന്ന ഒരുസംഘം ചെറുപ്പക്കാർ. തൊട്ടടുത്തായി ശിവലിംഗവും നന്ദിവിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ട്. കുങ്കുമവർണം വാരി വിതറിയിരിക്കുന്ന രൂപങ്ങൾക്കുമുന്നിൽ നിശ്ശബ്ദമായി നിന്നു.

ക്ഷേത്രത്തിനടുത്തായി പാറ വെട്ടി നിർമിച്ച വലിയൊരു കുളവും അതിൽ നിറയെ വെള്ളവുമുണ്ട്. നീലാകാശവും വെൺമേഘങ്ങളും കണ്ണാടിയിലെന്നപോലെ തെളിഞ്ഞുകാണാം. കുറച്ചുകൂടി നടക്കുമ്പോൾ പണ്ട് ആയുധപ്പുരയായി ഉപയോഗിച്ചിരുന്ന ഒരു കെട്ടിടം കാണാം. അതിനുള്ളിൽ കയറാൻ ചെറിയൊരു കവാടമുണ്ട്. തൊട്ടടുത്തായി പാറയിൽ നിർമിച്ച രണ്ട് കുളങ്ങളും ഉണ്ട്. അതിൽ നിറയെ ഗപ്പി മത്സ്യങ്ങൾ നീന്തിക്കളിക്കുന്നു. ഹരിഹർ ഫോർട്ടിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്തുള്ള കോട്ടയ്ക്കു മുകളിൽ കാവിക്കൊടി പാറുന്നുണ്ടായിരുന്നു.

harihar fort 5
മലമുകളിലെ പ്രതിഷ്ഠ

കൂറ്റൻ പാറയിൽ മുറുക്കെ പിടിച്ചും വലിഞ്ഞുകേറിയും ഒരു തരത്തിൽ കോട്ടമുകളിൽ എത്തി. അവിടെനിന്ന് നോക്കിയാൽ 360 ഡിഗ്രി വ്യൂവിലുള്ള കാഴ്ചകൾ കാണാൻ സാധിക്കും. നോക്കെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന മലനിരകളും ഫാനി കുന്നുകളും മനോഹാരിത നിറഞ്ഞ താഴ്വാരങ്ങളും. കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന പ്രകൃതിഭംഗി. പച്ച പുതച്ച ഹരിഹർ ഫോർട്ടിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോൾ കാഴ്ചയുടെ സൗന്ദര്യം കൂടിക്കൂടിവന്നു. പ്രകൃതിയുടെ വിസ്മയക്കാഴ്ചകൾ... അടുത്തടുത്തായി നിൽക്കുന്ന രണ്ട് കുന്നുകൾ പിരമിഡിന്റെ രൂപത്തിൽ ആകാശം മുട്ടെ തലയുയർത്തി നിൽക്കുന്നു. ഫാനി മലനിരകളിൽ പ്രകൃതി തീർത്ത പിരമിഡിന്റെ ദൃശ്യഭംഗി എത്ര കണ്ടിട്ടും മതിയാകുന്നില്ല.

harihar fort 5
പടവുകൾ താണ്ടി മുന്നോട്ട്

ആൽക്കമിസ്റ്റിലെ സാന്റിയാഗോ തേടിയിറങ്ങിയ മനുഷ്യനിർമിത പിരമിഡുകൾ എന്നെങ്കിലും കാണണമെന്ന് അടങ്ങാത്ത ആഗ്രഹമുണ്ട്. എന്നാൽ അതിനും മുൻപേ പ്രകൃതി എനിക്കായി ഒരുക്കിവെച്ചിരിക്കുകയായിരുന്നുവോ കടുംപച്ച നിറത്തിലുള്ള ഈ മനോഹര പിരമിഡുകളെ? കോട്ടയുടെ മുകളിൽ നിന്നിറങ്ങുവാൻ മനസ്സനുവദിക്കുന്നില്ല. തണുത്ത കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകളെ അതിന്റെയിഷ്ടത്തിന് വിട്ടും പ്രകൃതിയോടലിഞ്ഞുചേർന്ന് ഹരിഹർ ഫോർട്ടിന് മുകളിൽ നിൽക്കുമ്പോൾ മനസ്സിനും ശരീരത്തിനും ഒരു പ്രത്യേക ഊർജം കൈവരിച്ചപോലെ.

ആകാശത്ത് വട്ടമിട്ടു പറക്കുന്ന പക്ഷിയെ കണ്ടപ്പോൾ ഹിമാലയൻ ഗ്രിഫൺ കഴുകനാണതെന്ന് പറഞ്ഞുതന്നു ബൈജുവേട്ടൻ. കോട്ടയുടെ മുകളിൽ നിന്നിറങ്ങി കുന്നിൻ ചെരുവിലൂടെ നടക്കുമ്പോൾ മലമടക്കുകൾക്കുമുകളിൽ സൂര്യൻ ജ്വലിച്ചുനിൽക്കുന്നുണ്ടായിരുന്നു. പ്രകൃതി ഒരുക്കിയ വിരുന്നിന്റെ ലഹരിയിൽ വെയിൽച്ചൂടും ക്ഷീണവും അറിയാതെയായിരുന്നു മുന്നോട്ടുള്ള യാത്ര. ഏകദേശം രണ്ടു മണിക്കൂർ കൊണ്ടായിരുന്നു കോട്ടമുകളിൽ എത്തിച്ചേർന്നത്. കയറുന്നതിലും പ്രയാസമായിരുന്നു ഇറക്കം. പിറകിലേക്ക്  തിരിഞ്ഞാണ് ഞങ്ങളിറങ്ങിയത്. കാരണം മുന്നോട്ടു നോക്കിയിറങ്ങിയാൽ ഭയം നമ്മളെ കീഴ്പ്പെടുത്തും. അത് അപകടത്തിന് കാരണമാകും. ആത്മവിശ്വാസവും താത്പര്യവും ഉണ്ടെങ്കിൽ ഏതു കാര്യത്തിലും പ്രായം ഒരു തടസ്സമല്ലെന്ന് ബോധ്യപ്പെടുത്തിയ ട്രെക്കിങ് ആയിരുന്നു ഇത്. കൂട്ടത്തിൽ അൻപത് വയസ്സുകഴിഞ്ഞ ജയരാമേട്ടനും അശോകേട്ടനും എത്ര ഊർജസ്വലരായിട്ടാണ് കോട്ടമുകളിലെത്തിയത്. യാത്രകളോടുള്ള അടങ്ങാത്ത ലഹരിയും കൊടുമുടികൾ കീഴടക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ പ്രായം ഒരു തടസ്സമല്ലെന്ന് പഠിപ്പിച്ചുതരുകയായിരുന്നു അവർ.

harihar fort view

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള നിർഗുഡപാഡ ഗ്രാമത്തിലാണ് ഈ ഭീകരക്കോട്ട സ്ഥിതിചെയ്യുന്നത്. ഛത്രപതി ശിവജി ഇവിടെ ഭരണം നടത്തിയിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്. യാദവ കാലഘട്ടത്തിലാണ് ഹരിഹർ ഫോർട്ട് നിർമിച്ചത്. 1636- ൽ ഖാൻ സമാം പൂന കോട്ട പിടിച്ചെടുത്ത കൂട്ടത്തിൽ ഹരിഹർ ഫോർട്ടും കീഴടക്കിയിരുന്നു. പിന്നീട് 1818- ൽ ഹരിഹർ ഫോർട്ട് അടക്കം 17 കോട്ടകൾ ക്യാപ്റ്റൻ ബിഗ്സിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തു. ഹർഷഗഡ് എന്ന പേരിലും ഈ കോട്ട് അറിയപ്പെടുന്നു. പ്രകൃതിയെ പ്രണയിക്കുന്നതിനോടൊപ്പം സാഹസികതയും ആഗ്രഹിക്കുന്നവർക്ക് കാഴ്ചയുടെ വർണപ്പകിട്ടൊരുക്കി കാത്തിരിക്കുകയാണ് ഹരിഹർഫോർട്ട്.

Yathra Travel Info

Harihar Fort

Yathra Cover
യാത്ര വാങ്ങാം

Harihar fort is one of the important watch towers constructed to look the trade route through Gonda Ghat. The main attraction of Harihar fort is the 60M height pinna cle, and the steps curved on it. Steps look like a stone ladder placed at 80 degrees along the scarp of the hill. At many places, the steps have worn out but the small holes curved on both edges of the steps are helpful to hold. The first half of the steps are curved on the scarp of the pinnacle and the remaining are curved inside the pinnacle. Last part is steep er than the first one as the height of the steps increases as you go up.

Getting There 

By Road: Buses are available from Trayambake shwar to Nirgudapada By Rail: Nasik railway station (51kms) By Air: Nearest airport is Nasik. (46 kms).

(മാതൃഭൂമി യാത്ര 2019 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Harihar fort, Maharashtra tourism, adventure travel, trekking at Harihar fort