തൊരു യാത്രികന്റെയും ഉള്ളില്‍ ഒരു ചരിത്രാന്വേഷി കൂടെയുണ്ടാകും, അങ്ങനെ ചരിത്രം അന്വേഷിക്കുന്ന യാത്രികരുടെ പറുദീസ ആയ ഹംപിയിലേക്ക് ഒരു യാത്ര എന്നത് എന്റെയും സ്വപ്നം ആയിരുന്നു. അത് യാഥാര്‍ഥ്യമാക്കുവാന്‍ ആയി ഇറങ്ങിത്തിരിച്ച എന്റെ ആദ്യ കാല്‍വയ്പ്പില്‍ തന്നെ ചുവടുതെറ്റി, ടിക്കറ്റ് എല്ലാം ബുക്ക് ചെയ്തു കാത്തിരുന്ന എന്റെ തലയില്‍ ഇടിത്തീ പോലെ ഒരു അര്‍ജന്റ് മീറ്റിംഗ് വന്നു വീണു... 

Hampi 7അങ്ങനെ ഹംപി വീണ്ടും സ്വപ്നം മാത്രമാകുമോ എന്നു വിചാരിച്ചിരുന്നപ്പോള്‍ മനസ്സു പറയുന്നുണ്ടായിരുന്നു മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് തന്നെ എന്ന്. അന്ന് എന്തായാലും മീറ്റിംഗ് എല്ലാം അറ്റന്‍ഡ് ചെയ്തു കഴിഞ്ഞു നേരെ അങ്ങു ആനവണ്ടികളുടെ തട്ടകത്തിലേക്ക് കയറിച്ചെന്നു ബാംഗ്ലൂരിലേക്ക് ഒരു ടിക്കറ്റും എടുത്തു. പ്ലാനില്‍ ചെറിയ മാറ്റങ്ങള്‍ എല്ലാം വരുത്തി  ഇറങ്ങി വീട്ടില്‍ ചെന്ന് മുന്നേ തന്നെ പാക്ക് ചെയ്തു വച്ച ബാഗും എടുത്ത് രാത്രിക്കു രാത്രി ബാംഗ്ലൂരിലേക്ക് വണ്ടി കയറി. രാത്രിയില്‍ ആനവണ്ടിയിലെ ഉറക്കം ആണ് ഉറക്കം. അങ്ങനെ സുഖമായി കിടന്നുറങ്ങി രാവിലെ തന്നെ ബാംഗ്ലൂരില്‍ സാറ്റലൈറ്റ് ബസ് സ്റ്റേഷനില്‍ കാലുകുത്തി.

എവിടെ ചെന്നാലും ആദ്യം അന്വേഷിക്കുന്ന സാധനം ഭക്ഷണം ആയകൊണ്ടും ശരീരത്തിനു ഊര്‍ജം കൊടുക്കേണ്ടത് കൊണ്ടും നേരെ ഒരു ഹോട്ടലില്‍ ചെന്നു നല്ലൊരു മദാലസയും സോറി മസാലദോശയും വടയും പിന്നൊരു കാപ്പിയും കുടിച്ച് ഉന്മേഷത്തോടെ തന്നെ മജിസ്റ്റിക് ബസ് സ്റ്റാന്‍ഡിലേക്ക്. അവിടുന്ന് ഹോസ്പെട്ടിലേക്ക് അടുത്ത വണ്ടി പിടിച്ചു. ഏകദേശം ഒമ്പത് മണിക്കൂറത്തെ യാത്രക്ക് ശേഷം രാത്രി ഏതാണ്ട് ഒമ്പത് മണിയായപ്പോള്‍ ഹോസ്പെട്ടിലെത്തി. അവിടുന്ന് ഒട്ടും തന്നെ സമയം കളയാതെ ഹംപിയിലേക്ക് ഉള്ള ലാസ്റ്റ് ബസ്സ് പിടിച്ചു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും, അതാ കാണുന്നു നമ്മുടെ വിജയനഗര സാമ്രാജ്യത്തിന്റെ ഇരുളില്‍ മറഞ്ഞ കാഴ്ചകള്‍.

Hampi 2

ഒരു മഹാസാമ്രാജ്യം കീഴടക്കിയ ഒരു സന്തോഷം ആയിരുന്നു അപ്പോള്‍. നേരെ ചെന്നു കയറിയതും പൂന്തോട്ടം കണ്ട പുല്‍ചാടികളെ പോലെ ഹോട്ടല്‍ ഏജന്റുമാരുടെ കോലാഹലം തുടങ്ങി. വന്നതും റേറ്റ് കുറഞ്ഞ ഹോട്ടല്‍, നല്ല ഹോട്ടല്‍ എന്നെല്ലാം പറഞ്ഞുള്ള പ്രലോഭനങ്ങള്‍. അതിലൊന്നും വീഴാതെ നോക്കിയെങ്കിലും വിജയ നഗരത്തില്‍ ഒരു ഹോട്ടല്‍ കിട്ടിയില്ലേല്‍ പെരുവഴിയില്‍ കിടക്കേണ്ടി വരുമെന്നതിനാല്‍ ഒരു നല്ല ഹോട്ടലില്‍ തന്നെ ചെക്ക് ഇന്‍ ചെയ്തു. നന്നായി ഒന്നു ഫ്രഷ് ആയി രാത്രിയിലെ ഹംപി സ്‌പെഷ്യല്‍ താലി മീല്‍സും തൈരും എല്ലാം കൂട്ടിക്കുഴച്ചു നല്ലൊരു അത്താഴവും കഴിച്ചു. കുറെ കറങ്ങാന്‍ ഉള്ളത് കൊണ്ടും പിന്നെ ഒരു ദൂരയാത്രയുടെ ക്ഷീണം കൊണ്ടും നന്നായൊന്നുറങ്ങി. ശരിക്കും പറഞ്ഞാല്‍ വെട്ടിയിട്ട ചക്ക പോലെ കിടന്നുറങ്ങി എന്നു പറയുന്നതാകും ശരി.

പിറ്റേന്ന്  രാവിലെ നേരത്തെ എണീറ്റു ഒരു കുളിയെല്ലാം കഴിഞ്ഞൊന്ന് പുറത്തിറങ്ങി നടക്കാന്‍ തന്നെ തീരുമാനിച്ചു. അതിനു മുന്നേ ബ്രേക്ഫാസ്റ്റ് കഴിക്കുക എന്ന ഒരു നല്ല ആചാരം ഉള്ളത് കൊണ്ട് തന്നെ ഞാന്‍ ഒരു സെറ്റ് പൂരിയും കഴിച്ചു നടത്തം ആരംഭിച്ചു. വിജയനഗര സാമ്രാജ്യത്തിലെ മണ്ണിനു തന്നെ ഒരു പ്രൗഢി ആണ് ഉള്ളത് എന്നു തോന്നിപ്പോയി.  നേരെ ചെന്നു കയറിയത് ഒരു ആന്റിക് ഷോപ്പിലേക്ക് ആയിരുന്നു. അല്ലേലും പണ്ടേ ആക്രി എന്നാല്‍ എനിക്ക് ഒരു ഹരമായിരുന്നു. അങ്ങനെ ആക്രി സാധനങ്ങള്‍ നോക്കി നോക്കി നടന്നു പോകുമ്പോള്‍ ആണ് ഒരു കൊലുസ്സ് എന്റെ കണ്ണില്‍പ്പെട്ടത്. ഒറ്റക്കാലില്‍ ഇടാവുന്ന മനോഹരമായ ഒരു കൊലുസ്. പിന്നെ ഒന്നും നോക്കിയില്ല ആ കടക്കാരനെ കയ്യിലെടുത്തു ആ കൊലുസ്സും വാങ്ങി പോക്കറ്റിലിട്ടു.

Hampi 3

പിന്നെയും എന്റെ നടത്തം തുടങ്ങി കേരളത്തില്‍ ഈ നടത്തം നടത്തിയതാണേല്‍ ഒരു കേരളയാത്ര ആയേനെ. അപ്പോഴാണ് മനസ്സില്‍ ലഡ്ഡു പൊട്ടിയത്!  പൊട്ടിച്ചതോ, അവിടെ കണ്ട വാടകക്ക് കൊടുക്കാന്‍Hampi 8 വച്ചിരിക്കുന്ന സൈക്കിളുകളും.... അപ്പോഴാണ് വരുന്ന വഴിക്ക് കണ്ട കുറച്ചു മല്ലൂസ് ('എവിടെ പോയാലും അവിടെ നമ്മുടെ പിള്ളേര് ഉണ്ടാകും എന്നാണല്ലോ') തന്ന ഉപദേശം ഫേസ്ബുക്കില്‍ പോസ്റ്റ് കുത്തിപൊക്കുന്ന പോലെ പൊങ്ങി വന്നത്. ഹംപിയില്‍ ചൂട് കൂടുതല്‍ ആയിരുന്നതിനാലും അതൊരു കട്ട ഡാര്‍ക്ക് സീന്‍ ആകും എന്നു അവര്‍ പറഞ്ഞതു കൊണ്ടും അധികം റിസ്‌ക് എടുക്കാന്‍ നില്‍ക്കാതെ എനിക്ക് അവിടെ റൂം അറേഞ്ച് ചെയ്തു തന്ന രഘുവിനെ വിളിച്ചപ്പോള്‍ ആണ് അറിയുന്നത് അവന്‍ ഒരു ഓട്ടോ മുതലാളി ആണെന്ന്. അപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല അവനെ അങ്ങു വിളിച്ചു. അവനും അവന്റെ അനിയനും എനിക്ക് കൂട്ടായി വന്നു. അങ്ങനെ ഹംപി മുഴുവന്‍ അവരുടെ ആ പേടകത്തില്‍ കറക്കി കാണിച്ചുതന്നു. അപ്പോഴാണ് ശരിക്കും ആ ഉപദേശത്തിന്റെ വില അറിഞ്ഞത്, ഓട്ടോയില്‍ ആയിരുന്നിട്ട് പോലും വെള്ളം കുടി തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഞാന്‍ സൈക്കിള്‍ എടുത്താണേല്‍ എന്നെ എടുത്തു കൊണ്ടുപോകാന്‍ വേറെ ആളുകള്‍ വരേണ്ടി വന്നേനെ.

ഉച്ചയായപ്പോള്‍ വീണ്ടും ഹംപിയിലെ താലി മീല്‍സ് കഴിച്ച്  വിട്ടുപോയ കാഴ്ചകള്‍ എല്ലാം കണ്ട് ഹിപ്പി ഐലന്‍ഡിലേക്ക് തിരിച്ചു. തുംഗഭദ്രയില്‍ ബോട്ട് സര്‍വീസ് വെള്ളം പൊങ്ങിയതുകൊണ്ടു നിര്‍ത്തിവച്ചത് അവിടെ ഒരു പാരയായി വന്നു. പിന്നെ ഒരു 40 കിലോമീറ്റര്‍ ചുറ്റി കറക്കിയാണ് എന്നെ ഹിപ്പി ഐലന്‍ഡില്‍ അവര്‍ കൊണ്ടു വിട്ടത്. അങ്ങനെ ഹിപ്പിയില്‍ കാലുകുത്തിയ ഞാന്‍ അവിടെയും ഒരു സ്റ്റേ ഒപ്പിച്ചു. അവിടുന്നായിരുന്നു നമ്മുടെ ഡിജിറ്റല്‍ ഇന്ത്യയുടെ ഏറ്റവും വലിയ പണി കിട്ടുന്നത്. 'മൂത്തവര്‍ ചൊല്ല് മുതുനെല്ലിക്ക പോലെ ആണെന്ന്' ആണല്ലോ. കയ്യില്‍ പൈസ പ്ലാസ്റ്റിക് രൂപത്തില്‍ വച്ചതിനു ഏറ്റവും നല്ല പണി തന്നെ കിട്ടി, എവിടെയും പ്ലാസ്റ്റിക് മണി എടുക്കൂല. 

Hampi 4

Hampi 9ഹിപ്പിയില്‍ ഫുഡ് കഴിക്കാന്‍ കയറിയപ്പോളോ മാരക അന്തരീക്ഷം.  രണ്ട് മഗ് ബിയറും നല്ല കിടു ട്രാന്‍സ് മ്യൂസിക്കും വയറു നിറയെ ഫുഡും കഴിച്ചു കഴിഞ്ഞതും കിട്ടിയ ബില്‍ കണ്ടതും വളരെ സന്തോഷമായി. കാരണം ഏകദേശം രണ്ടായിരത്തിനു മുകളില്‍ ഉണ്ടായിരുന്നു. ഞാന്‍ ഹോംസ്റ്റേ എടുത്തപ്പോള്‍ ക്യാഷ് കൊടുത്തു കഴിഞ്ഞതില്‍ പിന്നെ എന്റെ കയ്യില്‍ കാര്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്ങനെ ആ പൈസ കൊടുക്കും എന്നു ആലോചിക്കുമ്പോള്‍ ആണ് അവര്‍ തന്നെ വഴി പറഞ്ഞു തന്നത് അതും ഒരു ഡിജിറ്റല്‍ ഐഡിയ ആയിരുന്നു 'പേടിഎം'. എന്റെ ഭാഗ്യത്തിന് എന്റെ പേടിഎമ്മും പണി തന്നു. വേറെ ഒരു വഴിയും ഇല്ലാഞ്ഞപ്പോള്‍ ഞാന്‍ അവിടുന്ന് ഒരു ആക്ടിവയും റെന്റിനെടുത്ത് എ.ടി.എം തിരഞ്ഞിറങ്ങി. ഒരു 14 കിലോമീറ്റര്‍ കഴിഞ്ഞതും എ.ടി.എം കണ്ടുകിട്ടി. എന്നാല്‍ അവിടെയും എന്നെ ഭാഗ്യദേവത തുണച്ചു. പൈസ ഇല്ലായിരുന്നു. പിന്നെയും കുറച്ചു ദൂരം കൂടി പോയാല്‍ വേറൊരു എ.ടി.എം ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ പോകാന്‍ തന്നെ തീരുമാനിച്ച എന്റെ മുന്നില്‍ വിജനമായ ഒരു കാനന പാതയായിരുന്നു തെളിഞ്ഞു വന്നത്. പണ്ടേ പേടി പുറത്ത് കാണിക്കാത്തത് കൊണ്ടു ഞാന്‍ ഒരുവിധത്തില്‍ എ.ടി.എം എത്തിപ്പെട്ടു. അവിടെയാണേല്‍ 100 രൂപയുടെ നോട്ടുകള്‍ മാത്രം. അതും 2000 രൂപയില്‍ കൂടുതല്‍ കിട്ടുകയുമില്ല. അവസാനം ആ ഉദ്യമം ഉപേക്ഷിച്ചു കിട്ടിയ 2000 രൂപയും കൊണ്ടു ഹോംസ്റ്റേയില്‍ വന്നു രാത്രി ഭക്ഷണവും കഴിച്ചു. എങ്ങും ട്രാന്‍സ് നിറഞ്ഞു നില്‍ക്കുന്ന ആ ഒരു അറ്റ്‌മോസ്ഫേയിറില്‍ കുറച്ചു നേരം ഇങ്ങനെ ഓര്‍മകളെ തലോടി ഇങ്ങനെ ഇരുന്നു.

അവരുടെ ബില്‍ എമൗണ്ട് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു ഞാന്‍ സേഫ് ആയി (എന്നും ട്യൂബിലൈറ്റ് പതുക്കയല്ലേ തെളിയൂ). പിറ്റേന്ന് തന്നെ രാവിലെ മാതങ്ക ഹില്‍സിലെ സൂര്യോദയം കാണാന്‍ ആയിരുന്നു ആഗ്രഹം. എന്നാല്‍ ഭാഗ്യദേവത തുണക്കാത്ത എന്നെ ഉറക്കത്തിന്റെ ആള് നന്നായി തുണച്ചു ഉറക്കം കുറച്ചു കൂടിപ്പോയി. 7 മണി ആയി എണീക്കുമ്പോള്‍. നമ്മുടെ സൂര്യന്‍ പിന്നെ എന്നെ കാത്തുനില്‍ക്കാത്തത് കൊണ്ടു തന്നെ എന്റെ സൂര്യോദയം ഗുധാ ഹവാ ആയി. അപ്പോള്‍ എന്തായാലും ബാക്കി കാര്യങ്ങള്‍ എങ്കിലും നടത്താം എന്നു കരുതി വേഗം കുളിച്ചു റെഡി ആയി ചെക്ക്ഔട്ട് ചെയ്തു ബാഗെല്ലാം അവിടെ തന്നെ വച്ചു. തിരിച്ചു വന്നെടുക്കാം എന്ന വിശ്വാസത്തില്‍ തലേന്ന് റെന്റിനെടുത്ത അതേ ആക്ടിവയില്‍ ആഞ്ജനേയ ഹില്‍സ് കാണാന്‍ ഇറങ്ങി. ആഞ്ജനേയ ഹില്‍സിനും ഒരു ചരിത്രം പറയാനുണ്ടായിരുന്നു. ഹനുമാന്‍ ജനിച്ചു വളര്‍ന്ന സ്ഥലം ആണത്. അതിനു മുകളിലെ ക്ഷേത്രത്തില്‍ 25 കിലോ ഭാരം വരുന്ന കല്ല് ഒരു വലിയ അക്വേറിയത്തില്‍ ഇട്ടു വച്ചിട്ടുണ്ട്. അതു രാമസേതു പണിത്തപ്പോള്‍ അവിടുന്നു കൊണ്ടു വന്നതാണ് എന്നാണ് കരുതപ്പെടുന്നത്. അതു കൊണ്ടു തന്നെ അത് വെള്ളത്തിനു മുകളില്‍ പൊങ്ങിയാണ് കിടക്കുന്നുണ്ടായിരുന്നത്.

Hampi 5

Hampi 10പിന്നെ നിറയെ കുരങ്ങന്മാരും ഉണ്ടായിരുന്നു അവരെല്ലാം കൂടി എന്റെ ബാഗ് തട്ടിപ്പറിക്കാന്‍ ഒരു വിഫലശ്രമം നടത്തി. ഞാനുണ്ടോ എന്റെ മര്‍ക്കട മുഷ്ടി വിടുന്നു. അങ്ങനെ എന്റെ ബാഗ് കിട്ടാതായപ്പോള്‍ അവിടെ കണ്ട മറ്റുള്ളവരുടെ തക്കാളി നിറച്ച കുട്ടകളിലേക്ക് ആയി പിന്നെ പരാക്രമം. മാതങ്കി ഹില്‍സ് ഒരു 700 പടവുകള്‍ കയറാന്‍ ഉണ്ടായിരുന്നു താഴേക്കാണേല്‍ ഉരുണ്ടു പോകാമായിരുന്നു. ഇതു മുകളിലേക്കു ആണല്ലോ. അതുകൊണ്ടു കഷ്ടപ്പെട്ടു കയറി ഞാന്‍ മേലെ എത്തി മനോഹരമായ കാഴ്ചകള്‍ കണ്ടു മുകളിലുള്ള ഹനുമാന്റെ ക്ഷേത്രത്തില്‍ കയറി തൊഴുതു. തിരിച്ചു ഉരുണ്ടു ഇറങ്ങി വണ്ടിയും എടുത്ത് തിരികെ വന്ന് ബാഗ്  എടുത്തു ഹംപിയിലേക്ക്. അപ്പോളാണ് തലേന്ന് മുതല്‍ ട്യൂണ്‍ ചെയ്തുകൊണ്ടിരുന്ന കന്നട പയ്യന്‍  അവന്റെ വിസിറ്റിംഗ് കാര്‍ഡുമായി കേറി കൊത്തിയത്, ആ കോഴിയെയും നൈസായി ഒഴിവാക്കി (സൗന്ദര്യം ഒരു ശാപമല്ലല്ലോ അല്ലേ).  നേരെ ചെന്നു തുങ്കഭദ്രയില്‍ നദിക്കരയില്‍ തിരികെ ആരംഭിച്ച ബോട്ട് സര്‍വിസും കാത്തിരുന്നു....  ബോട്ട് വൈകിയപ്പോള്‍ അവിടെ കണ്ട വലിയ പാറപ്പുറത്ത് ഒരു അനന്ത ശയനം എല്ലാം നടത്തി. അവസാനം ബോട്ട് വന്നപ്പോള്‍ കൊള്ളാത്ത ലൈഫ് ജാക്കറ്റില്‍ എന്നെയും തിരുകിക്കയറ്റി  ഞാന്‍ ഹംപിയിലേക്ക് തിരിച്ചു പോകുകയാണ് സൂര്‍ത്തുക്കേളേ തിരിച്ചു പോകുകയാണ്. 

ഹംപിയില്‍ നിന്നു ഹോസ്പെട്ട് ബസ് സ്റ്റേഷനിലേക്ക് നമ്മുടെ രഘുവിന്റെ വണ്ടിയില്‍. അവിടുന്നു അവരുടെ കര്‍ണാടക ആര്‍.ടിസി യുടെ ബസില്‍ ഏതാണ്ട് എട്ട് മണി ആയപ്പോള്‍ക്കും നമ്മുടെ പഴയ തട്ടകം ആയ ബാംഗ്ലൂരിലേക്കും. ഒരു ദിവസം ഷോപ്പിങും സൗഹൃദങ്ങളും ഒക്കെ ആയി ബാംഗ്ലൂരിന്റെ മായ കാഴ്ചകള്‍  ആസ്വദിച്ചു വൈകുന്നേരത്തെ വണ്ടിക്ക്  തിരികെ നാട്ടിലേക്കും.

കുറച്ചു ചരിത്രത്തിലേക്ക്:

1336-ലാണ് ഹംപി നഗരം സ്ഥാപിക്കപ്പെടുന്നത്. ചരിത്രാവശിഷ്ടങ്ങളുടെ പഠനത്തില്‍ നിന്നും ഹംപി, കോട്ട കെട്ടി ഭദ്രമാക്കിയ ഒരു നഗരമായിരുന്നു Hampi 11എന്നു മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കോട്ടമതിലുകളിലെ കല്ലുകളെ യോജിപ്പിക്കുന്നതിന് ഒരു തരത്തിലുള്ള ചുണ്ണാമ്പുകൂട്ടുകളും ഉപയോഗിച്ചിരുന്നില്ല. പകരം പൂളുകള്‍ ഉപയോഗിച്ചാണ് കല്ലുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നത്. മറ്റു നഗരങ്ങളുടേതു പോലെയല്ല ഈ കോട്ടമതിലുകളെന്നും ലോകത്തിലെ വളരെക്കുറച്ചിടങ്ങളിലേ ഇത്തരം ഉന്നതനിലവാരത്തിലുള്ള കല്പ്പണി കണ്ടിട്ടുള്ളുവെന്നും പോര്‍ട്ടുഗീസ് സഞ്ചാരി ഗോമിങ്ങോ പയസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരന്ന മേല്‍ക്കൂരകളോടു കൂടിയ മനോഹരമായ കെട്ടിടങ്ങള്‍ കോട്ടക്കുള്ളില്‍ കെട്ടിയിരുന്നു.

കൊട്ടാരസമുച്ചയത്തില്‍ നിരവധി കമാനങ്ങളും താഴികക്കുടങ്ങളും തൂണുകളില്‍ താങ്ങി നിര്‍ത്തിയ മണ്ഡപങ്ങളും ഉണ്ടായിരുന്നു. രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച പഴത്തോട്ടങ്ങളും പൂന്തോട്ടങ്ങളും ഹംപിയിലുണ്ടായിരുന്നു. അതിന്റെ പ്രതാപകാലങ്ങളില്‍ ഹംപി വ്യാപാര സാംസ്‌കാരികപ്രവര്‍ത്തനങ്ങളാല്‍ മുഖരിതമായിരുന്നു. ചെട്ടികള്‍, മൂറുകള്‍ എന്ന മുസ്ലീം കച്ചവടക്കാര്‍, പോര്‍ച്ചുഗീസുകാരെപ്പോലെയുള്ള യുറോപ്യന്‍ കച്ചവടപ്രതിനിധികള്‍ തുടങ്ങിയവര്‍ ഹംപിയിലെ ചന്തകളില്‍ വ്യാപാരം നടത്തിയിരുന്നു. സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഹംപിയിലെ ക്ഷേത്രങ്ങള്‍. ദേവദാസികള്‍ വീരൂപക്ഷ ക്ഷേത്രത്തിലെ മണ്ഡപങ്ങളില്‍ രാജാക്കന്മാര്‍ക്കും ജനങ്ങള്‍ക്കും മുന്‍പാകെ നൃത്തങ്ങള്‍ നടത്തി.

ഹംപിയില്‍ ആഘോഷിക്കപ്പെട്ടിരുന്ന ഏറ്റവും പ്രധാന ഉല്‍സവമായിരുന്നു മഹാനവമി. രാജാവ് അതിഥികളെ സ്വീകരിക്കുകയും സാമന്തരില്‍ നിന്നും കപ്പം സ്വീകരിക്കുകയും ചെയ്യുന്നതിനായി നിലകൊണ്ടിരുന്ന മഹാനവമി പീഠം ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയിരുന്നു കൊണ്ടായിരുന്നു രാജാവ് നൃത്തവും സംഗീതപരിപാടികളും ഗുസ്തിമത്സരങ്ങളും വീക്ഷിച്ചിരുന്നത്. 1565-ല്‍ ഗോള്‍കൊണ്ട, ബീജാപൂര്‍, അഹ്മദനഗര്‍, ബെരാര്‍, ബിദാര്‍ എന്നിവരുടെ ഭരണകര്‍ത്താക്കളായിരുന്ന ഡെക്കാന്‍ സുല്‍ത്താന്‍മാര്‍ വിജയനഗരത്തെ പരാജയപ്പെടുത്തിയതോടെ ഹംപിയുടെ പ്രതാപകാലവും അവസാനിച്ചു.

Hampi 6

 

കാണാനുള്ള സ്ഥലങ്ങള്‍:

വിരൂപാക്ഷ ക്ഷേത്രം, മന്മഥ തീര്‍ത്ഥക്കുളം, ഹേമകൂടാദ്രി, ശ്രീകൃഷ്ണ ക്ഷേത്രം, ഉഗ്രനരസിംഹമൂര്‍ത്തി, ബാദവ ലിംഗം,ചണ്ഡികേശ്വര ക്ഷേത്രം,വീരഭദ്ര പ്രതിമ,ഭൂഗര്‍ഭ ശിവക്ഷേത്രം, ഹസാര രാമക്ഷേത്രം, പാന്‍ സുപാരി ബസാര്‍, രാജ്ഞിയുടെ കൊട്ടാരം, ലോട്ടസ് മഹല്‍, ആനപന്തി,വിട്ടലക്ഷേത്രം, ഗരുഡ രഥം, തുലഭാരം നടത്തിയിരുന്ന ത്രാസ്.

  

കുറച്ചു ഫ്രീ അഡൈ്വസസ്:

  • സൈക്കിള്‍ ഓടിക്കാന്‍ ഉള്ള ത്രാണിയുള്ളവര്‍ മാത്രം സൈക്കിള്‍ എടുക്കുക.
  • കയ്യില്‍ ആവശ്യത്തിന് പൈസ കരുതുക ഒരിടത്തും കാര്‍ഡ് പേയ്‌മെന്റ് നടക്കില്ല.
  • ഹിപ്പി ഐലന്‍ഡ് എന്തായാലും പോയി കാണണം. ഒരിക്കലും നിങ്ങള്‍ നിരാശപ്പെടില്ല.
  • ഓട്ടോ മുതലാളി രഘു നല്ലൊരു കൂട്ടുകാരനെപ്പോലെ കൂടെ ഉണ്ടാകും. ആവശ്യമെങ്കില്‍ അവനെ വിളിക്കാം പുള്ളിക്ക് നന്നായി ഇംഗ്ലീഷ് അറിയാം.

Content Highlights: Hampi Travel, Anjaneya Hills, Hippi Isnald