കാട്ടാനകളും കടുവയും വിഹരിക്കുന്ന കാടിനുള്ളില്‍ ഇവര്‍ക്ക് ജീവിക്കാന്‍ ഭയമില്ല. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയും കണ്‍മുന്നില്‍ കാട്ടുകൊമ്പനെയും കടുവയെയും കണ്ടാല്‍ അമ്പരക്കുന്നുമില്ല. ഈ വന്യമൃഗങ്ങള്‍ക്കിടയില്‍ ഒരു നൂറ്റാണ്ടിലേറെയായി രാപാര്‍ക്കുന്ന കഥയാണ് കര്‍ണ്ണാടക വന്യജീവി സങ്കേതത്തിന് നടുവിലെ ഗുണ്ടറ ഗ്രാമത്തിന് പറയാനുള്ളത്. വൈകുന്നരേമാകുന്നതോടെ വീട്ടുമുറ്റത്ത് വന്യമൃഗങ്ങളെത്തും. ഇവയെ തടയുന്നതിന് ഒരു കിടങ്ങോ കമ്പിവേലിയോ ഒന്നുമില്ല. മുളകൊണ്ട് ഇവര്‍ തന്നെ നിര്‍മ്മിച്ച വേലികള്‍ മാത്രമാണ് ഇവര്‍ക്ക് ആശ്രയം. ഇതെല്ലാം പിഴുതെറിഞ്ഞ് വീടിന്റെ മേല്‍ക്കൂര വരെയും തകര്‍ത്ത് പലപ്പോഴും കാട്ടാനകള്‍ പോകും. ഇതെല്ലാം ഗ്രാമീണര്‍ക്ക് വര്‍ഷങ്ങളായി കണ്ടുപഴകിയ ശീലങ്ങളാണ്.  കന്നുകാലികളെ പോലും വളര്‍ത്താന്‍ ഇവര്‍ക്ക് വലിയ വെല്ലുവിളികളുണ്ട്. രാത്രിയാകുന്നതോടെ ഇവയെയെല്ലാം വലിയ കൂട്ടിനകത്ത് പരിപാലിക്കണം. ഇല്ലെങ്കില്‍ ഇവ കടുവകള്‍ക്ക് ഭക്ഷണമാകും.

Gundara 1

ഹാന്‍ഡ് പോസ്റ്റ്  മച്ചൂര്‍ വഴിയാണ് ഗുണ്ടറയിലേക്കുള്ള വഴി. വന്യജീവി സങ്കേതത്തിനകത്തുകൂടി ഇവിടെ നിന്നും ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഗ്രാമീണര്‍ക്ക് ഇവിടെയെത്താന്‍. മച്ചൂരില്‍ കര്‍ണ്ണാടക വനം വകുപ്പ് ഈ ഗ്രാമത്തിലേക്കുള്ള പുറമെ നിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ഇവിടെയുള്ള ചെക്ക്‌പോസ്റ്റില്‍ വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമാണ് ഗുണ്ടറയിലേക്കുള്ള പ്രവേശനാനുമതി പോലും ലഭിക്കുക. ബന്ദിപ്പൂരിന്റെയും രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെയും കോര്‍ ഏരിയകള്‍ ഉള്‍പ്പെടുന്ന വനമേഖലയില്‍ വേട്ടക്കാരെയും  മറ്റും തടയുന്നതിനാണ് ഈ മുന്‍കരുതലുകളെല്ലാം.

പുറമെ നിന്നും എത്തുന്നവര്‍ ഗുണ്ടറയില്‍ തങ്ങി നായാട്ട് നടത്താറുണ്ട് എന്ന കാരണം പറഞ്ഞാണ് വനംവകുപ്പ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.  മണ്‍റോഡായിനാല്‍ മഴക്കാലം മുഴുവന്‍ ചെളിയില്‍ പുതയും. പിന്നീട് ഇവിടേക്ക് കാല്‍നട യാത്രപോലും ദുഷ്‌കരമാണ്. നെല്ലും മറ്റും കൃഷി ചെയ്താല്‍ പോലും ഇവയെല്ലാം കാട്ടാനകളും മാന്‍കൂട്ടങ്ങളുമെല്ലാം നശിപ്പിക്കുന്നതിനാല്‍ ഇതില്‍ നിന്നും കിട്ടുന്ന ശേഷിക്കുന്ന ധാന്യങ്ങള്‍ മാത്രമാണ് ഇവരുടെ വിശപ്പടക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യങ്ങള്‍ പോലും വിദൂരത്താണ്. ഇക്കാരണത്താല്‍ മൈസൂരിലും മറ്റുമുള്ള സ്‌കൂളുകളിലെ ഹോസ്റ്റലില്‍ താമസിപ്പിച്ചാണ് പല കുട്ടികളും പഠിക്കുന്നത്. ഇതിന് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ കാടിനുള്ളിലെ ഈ ഗ്രാമത്തില്‍ തന്നെ ഒതുങ്ങുന്നു. ജേനു കുറുബ വിഭാഗത്തിലുള്ളവരും ഗൗഡ വിഭാഗത്തിലുമുള്ളവരാണ് ഇവിടെയുള്ള താമസക്കാര്‍.

Gundara 2

കാടിനുള്ളില്‍ ജീവിതപാഠം

വനാന്തരത്തിലൂടെ കബനി ബന്ദിപ്പൂരിനെയും രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിനെയും വിഭജിച്ചുകൊണ്ടാണ് ഒഴുകുന്നത്. ഇതിന്റെ തീരത്ത് തന്നെയാണ് ഗുണ്ടറ ഗ്രാമം. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന നദി വേനല്‍ക്കാലത്ത് വറ്റിവരണ്ട നിലയിലാകും. ഇതോടെ ഇവരുടെ കുടിവെള്ളത്തിനായുള്ള അലച്ചിലിനും ദൈര്‍ഘ്യം കൂടും. കൊടും വേനലെത്തുമ്പോള്‍ കാട്ടുതീയും ഇവര്‍ക്ക് ഭീഷണിയായുണ്ട്. ഇത്തവണ ബന്ദിപ്പൂര്‍ ഉള്‍വനത്തില്‍ കനത്ത തീപടര്‍ന്ന് കയറിയതിന് ഈ ഗ്രാമവും സാക്ഷിയായി. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗുണ്ടറ വനത്തിലേക്കും തീപടര്‍ന്നു. ഇതിന് നടുവില്‍ ദിവസങ്ങളോളം തീ തിന്നു കഴിയുകയായിരുന്നു  ഈ ഗ്രാമവും. തീ പടര്‍ന്നതിനുള്ള മുഴുവന്‍ കാരണങ്ങളും ഇവര്‍ക്ക് മേല്‍ കെട്ടിവെച്ച് അധികൃതരും എത്താന്‍ തുടങ്ങുന്നതോടെ ഇവിടെയുള്ള ജീവിതവും കൂടുതല്‍ ആശങ്കയിലാകാറുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു.

Gundara 3

കാടിനോട് മാത്രം പൊരുത്തപ്പെട്ടതാണ് ഇവരുടെ ജീവിതം. കാടിന് തീയിടുന്നതിനും വന്യമൃഗങ്ങളെ വേട്ടയാടുന്നതും ഇവരുടെ ശീലമല്ല. കാടില്ലെങ്കില്‍ ഇതിനുള്ളില്‍ ജീവിതവുമില്ല എന്നാണ് ഇവര്‍ പറയുന്നത്. കാട്ടുതീയേ പോലും നേരിടാന്‍ വനംവകുപ്പിനൊപ്പം ഇവരും അക്ഷീണം വിയര്‍പ്പൊഴുക്കാറുണ്ട്. എന്നാല്‍ ശേഷിക്കുന്നത് കുറ്റപ്പെടുത്തല്‍ മാത്രമാകും. കാടിനുള്ളില്‍ തീറ്റ കുറയുമ്പോള്‍ വിശന്ന് വലയുന്ന കടുവകളടക്കം ഈ ഗ്രാമത്തിന്റെ മുന്നില്‍ വന്ന് നില്‍ക്കുന്നത് പലപ്പോഴും ഇവര്‍ കണ്ടിട്ടുണ്ട്. ജീവിതത്തോട് പൊരുതി ഇരുപതിലേറെ കുടുംബങ്ങള്‍ കാലം കഴിക്കുന്നു. കര്‍ണ്ണാടകയിലെ രാജീവ് ഗാന്ധി ദേശീയോദ്യാനത്തിനുള്ളിലെ  ഗുണ്ടറ മനുഷ്യ സങ്കേതത്തിന് ഇന്നും പറയനാനുള്ളത് വന്യജീവികളോട് ഏറ്റുമുട്ടിയുള്ള പോരാട്ടങ്ങളുടെ കഥയാണ്. വേനല്‍കൂടി കനത്തതോടെ എക്കാലത്തേക്കാളും ചുട്ടുപൊള്ളുകയാണ് ഇവരുടെ ജീവിതവും. മുന്‍തലമുറയിലെ കുടുംബങ്ങള്‍ കൈവശം വെച്ചിരുന്ന ഭൂമിയില്‍ ഇപ്പോഴും കൃഷി നടക്കുന്നു. ഭൂമിക്ക് പട്ടയം നല്‍കാന്‍ കര്‍ണ്ണാടക സര്‍ക്കാരും തയ്യാറാകാത്തതിനാല്‍ അനിശ്ചിതത്ത്വം തന്നെയാണ് ഇവരെയും പിന്തുടരുന്നത്.

Gundara 5

കന്നുകാലികള്‍ക്കിന്നും നാട്ടുവൈദ്യം

സമീപത്തെ മച്ചൂര്‍ ഗ്രാമത്തില്‍ നൂറോളം കുടംബങ്ങള്‍ക്ക് ആയിരത്തോളം കന്നുകാലികളുണ്ട്. എല്ലാം ഏതുകാലാവസ്ഥയോടും ഇണങ്ങുന്ന നാടന്‍ ഇനങ്ങള്‍. ഈ കന്നുകാലിക്കൂട്ടങ്ങള്‍ക്കെല്ലാം ഒരേ ഒരു വൈദ്യനുമാണ് ഗുണ്ടറ ഗ്രാമത്തില്‍ താമസിക്കുന്ന നാഗരാജ്. പച്ചമരുന്നുകള്‍ കൊണ്ട് കന്നുകാലികളുടെ ഏതു രോഗവും മാറ്റുന്ന വൈദ്യകുടുംബത്തിലെ ഏറ്റവും അവസാനത്തെ കണ്ണി. പശുക്കളുടെയും കിടാരിയുടെയുമെല്ലാം അസുഖത്തിന് പച്ചമരുന്നുകള്‍ വാങ്ങാന്‍ കാടിനുനടുവിലെ ഗുണ്ടറ ഗ്രാമത്തിലെ നാഗരാജിന്റെ വീട്ടിലേക്ക് കബനികടന്ന് അനേകം മലയാളികളും എത്താറുണ്ട്. അച്ഛന്‍ ദേവശ്ശേ ഗൗഡറാണ് മൃഗവൈദ്യത്തിലേക്ക് ഈ ഗ്രാമത്തെ പതിറ്റാണ്ടുകള്‍ മുമ്പേ വഴികാട്ടിയത്. ആറുമാസങ്ങള്‍ക്ക് മുമ്പ് ദേവശ്ശേ വൈദ്യര്‍ മരിച്ചതോടെ മൃഗ ചികിത്സ മകന്‍ നാഗരാജ് ഏറ്റെടുത്തു. വൈദ്യര്‍ മരിച്ചതറിയാതെ ദൂരെ ദിക്കില്‍ നിന്നും പച്ചമരുന്നുകള്‍ തേടി വീട്ടില്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെയാണ്  അച്ഛനില്‍ നിന്നും പകര്‍ന്ന് കിട്ടിയ  ചികിത്സ മകനും ഏറ്റെടുത്തത്. കാടിനുള്ളില്‍ നിന്നും കണ്ടെത്തിയ അനേകം പച്ചമരുന്നുകളുടെ കൂട്ടുകളാണ് ഓരോ രോഗത്തിനും പ്രത്യേകം നല്‍കുന്നത്. മുറിവുണങ്ങുന്നതിനു മുതല്‍ എരണ്ടകെട്ടലിനും കുളമ്പുരോഗത്തിനും വരെ നാട്ടുവൈദ്യത്തില്‍ ഉത്തമ മരുന്നുണ്ടെന്നാണ് നാഗരാജ് പറയുന്നത്.

Gundara 4

വന്യജീവി സങ്കേതത്തിനകത്തുള്ള ഗ്രാമമെന്ന നിലയില്‍ കടുവയുടെയും മറ്റും ആക്രമണത്തില്‍ നിന്നും മുറിവേല്‍ക്കുന്ന കന്നുകാലികളെ ചികിത്സിക്കാനുള്ള ഉത്തരവാദിത്തമാണ് കൂടുതലായുള്ളത്. വഴിവക്കിലും കാട്ടിലും വീണുപോകുന്ന കന്നുകാലികളെ അവിടെ നിന്നു തന്നെ പച്ചമരുന്നുകള്‍ വെച്ചുകെട്ടി സുഖപ്പെടുത്തി തിരികെ എത്തിക്കാനും പോകേണ്ടി വരാറുണ്ട്. കാടിനുള്ളില്‍ നിന്നും ശേഖരിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരുന്നുകളും ഗുണ്ടറയിലെ വീട്ടില്‍ ഉണക്കി സൂക്ഷിച്ചിട്ടുണ്ട്. ഇവയെല്ലാം ഓരോ കാലത്തും ആവശ്യത്തിന് വിഹിതമെടുത്ത് മറ്റു പച്ചമരുന്നുകളുമായി ചേര്‍ത്താണ് നല്‍കാറുള്ളത്. ഓരോ രോഗത്തിനനുസരിച്ചും ചികിത്സാവിധികള്‍ എഴുതിവെച്ചതുപോലെയായിരുന്നു ദേവശ്ശേ വൈദ്യര്‍ക്ക് മനഃപാഠം. അത്രയധികം മൃഗചികിത്സാ നൈപുണ്യമുള്ള വൈദ്യര്‍ ഏറെ വൈകാതെ നാട്ടിലെ മൃഗഡോക്ടറുമായി. അഞ്ചുപതിറ്റാണ്ടിലേറെക്കാലം മച്ചൂരിലെയും ഗുണ്ടറയിലുമെല്ലാം ഗ്രാമീണര്‍ക്ക് ഈ വൈദ്യര്‍ നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ല. പരമ്പരാഗതമായി കൈമാറി കിട്ടിയ ഈ അറിവുകളെ നാഗരാജ് ഏറ്റെടുക്കുകയായിരുന്നു. കന്നുകാലി സമ്പത്ത് ധാരാളമുണ്ടെങ്കിലും ഇപ്പോഴും മൃഗാസ്പത്രിയൊന്നും ഈ കന്നഡ ഗ്രാമത്തില്‍ എത്തിയിട്ടില്ല.

Gundara 4

കന്നുകാലികളുടെ അസുഖത്തിനെല്ലാം നാട്ടുവൈദ്യം മാത്രമാണ് ഇന്നും ആശ്രയം. ഇതോടെ നാഗരാജിന്റെ ഉത്തരവാദിത്തവും ഇരട്ടിച്ചു. പ്രാഥമിക തലത്തില്‍ മാത്രം വിദ്യാഭ്യാസമുള്ള നാഗരാജ് ഈ ചികിത്സാ പാരമ്പര്യത്തെ നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഏറ്റെടുത്ത് നടത്താനുള്ള തീരുമാനത്തിലുമെത്തുകയായിരുന്നു. സങ്കരയിനം കന്നുകാലികളെക്കുറിച്ചും ആധുനിക മരുന്നുകളെക്കുറിച്ചും പ്രതിരോധ ശേഷിയെക്കുറിച്ചുമെല്ലാം മറ്റു ഗ്രാമങ്ങള്‍ പറയുമ്പോള്‍ നാട്ടുവൈദ്യത്തെക്കുറിച്ചും നാടന്‍ കന്നുകാലികളെക്കുറിച്ചും മാത്രമാണ് ഈ ഗ്രാമത്തിന് അറിവുള്ളത്. കൃഷിയും കന്നുകാലികളുമായി മുന്നോട്ടു കൊണ്ടുപോകുന്ന തനിനാടന്‍ ജീവിതരീതികളില്‍ വൈദ്യം ഏറ്റെടുത്ത് നടത്തുന്നതിനും കുടംബപരമായി അവകാശമുണ്ട്. പുതിയ തലമുറകള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിതവും തേടി മൈസൂര്‍ തുടങ്ങിയ നഗരസമീപ ഗ്രാമങ്ങളിലേക്ക് കുടിയേറുമ്പോള്‍ കാലം എല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെ മുറുകെ പിടിച്ച് കാടിനുള്ളിലെ ഗ്രാമ്ത്തില്‍ തന്നെ കഴിയാനാണ് നാഗരാജിന്റെയും തീരുമാനം. ഭാര്യും അമ്മയുമെല്ലാം നാഗരാജ് പിന്തുടരുന്ന നാട്ടുവൈദ്യത്തെ പിന്തുണയ്ക്കുന്നു.

Gundara 6

പുനരധിവാസം സ്വപ്നം മാത്രം
 
മുന്‍തലമുറകള്‍ക്കെല്ലാം നല്ലൊരു ജീവിതം നഷ്ടമായി. ഇനിയുള്ള പുതിയ തലമുറയെങ്കിലും രക്ഷപ്പെടണം. ഇതാണ് ഇവിടെ നിന്നും പുറത്ത് പോകാനുള്ള ആഗ്രഹങ്ങളുമായി അറുപത് വയസ്സ് പ്രായമുള്ള നാഗമ്മ പറയുന്നത്. നാഗര്‍ഹോള വനത്തിനകത്ത് മാത്രം 1300 ഓളം വനവാസികളാണ് ഇപ്പോഴും പുനരധിവാസം കാത്ത് കഴിയുന്നത്. പലതരത്തിലുള്ള പാക്കേജുകള്‍ കൊണ്ടുവന്നെങ്കിലും ആദിവാസികളുടെ ജീവിത പുനരുദ്ധാരണത്തിന് ഇവയൊന്നും പര്യാപ്തമല്ല എന്നകാരണത്താല്‍ ഇതെല്ലാം വഴിമാറിപോകുന്നു. കേരള അതിര്‍ത്തിയിലെ മച്ചൂരാണ് ഇവയില്‍ ഏറ്റവും വലിയ സങ്കേതം. ഒരുഭാഗം കബനി അതിരിടുന്നതിനാല്‍ ഈ ഗ്രാമത്തിന് കൂടുതല്‍ വേവലാതികളില്ല.

Gundara 7

നെല്ല് വിളയുന്ന നല്ല കൃഷിയിടങ്ങള്‍ ധാരാളമുള്ള ഇവിടങ്ങളില്‍ തരക്കേടില്ലാത്ത ജീവിത നിലവാരവും ഇവിടെയുണ്ട്. ഇവിടെ നിന്നും പുറത്തേക്ക് പോകാന്‍ ഇവര്‍ക്ക് താല്‍പ്പര്യവുമില്ല. എന്നാല്‍ വനത്തിനുള്ളിലെ ഗുണ്ടറ പോലുള്ള മനുഷ്യ സങ്കേതത്തിന് മുന്നോട്ടുപോകാന്‍ ഒട്ടനവധി വെല്ലുവിളികളുമുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം 233 കുടുംബങ്ങളിലായി 1003 പേരാണ് മച്ചൂരില്‍ താമസിക്കുന്നത്. 507 പുരുഷന്‍മാരും 496 സ്ത്രീകളുമുള്ള ഈ ഗ്രാമത്തില്‍ 59 ശതമാനമാണ് സാക്ഷരതാ നിരക്കും.  ഭൂരിഭാഗം പേരും കൃഷിയെ ആശ്രയിച്ചാണ് ഇവിടെ ജീവിക്കുന്നത്. യു.പി തലം വരെ പഠിക്കാനുള്ള ഒരു വിദ്യാലയവും ഇവിടെയുണ്ട്.അതിലപ്പുറം ഒന്നുമില്ലാത്ത ഇവര്‍ക്ക് പുറം ലോകം കാഴ്ചകളുടെ വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്.

Content Highlights: Gundara Village, Karnataka Village Gundara Travelogue, Karnataka Tourism, Nagarhole Tiger Reserve