ര്‍ണ്ണാടകയിലെ ഘോരവനത്തിലുള്ളിലെ ഗുണ്ടറയെന്ന തീര്‍ത്ഥാടന കേന്ദ്രത്തെ കുറിച്ച് വളരെ പരിമിതമായ അറിവ് മാത്രമാണ് പുറം ലോകത്തിനുള്ളത്. വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള പ്രവേശനപാതയായ ബാവലിയുടെ സമീപപ്രദേശമായ മച്ചൂരാണ് ഗുണ്ടറയിലേക്കുള്ള കവാടം.

വര്‍ഷത്തില്‍ ഒരിക്കല്‍ അവിടെ ആണ്ടുനേര്‍ച്ച നടക്കുമെന്നും അന്നുമാത്രം വന്യജീവി സങ്കേതത്തിലൂടെ കാല്‍ നടയായി പ്രവേശനാനുമതി ലഭിക്കുമെന്നും സുഹൃത്ത് വഴിയാണറിഞ്ഞത്. അന്നുമുതല്‍ ഗുണ്ടറ വനത്തിനുള്ളിലെ ഈ ദര്‍ഗ്ഗയെ മനസ്സില്‍ പ്രതിഷ്ഠിച്ചു. പലതവണ ഇതിനായി ഒരുങ്ങിയപ്പോഴും ദിവസത്തെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിക്കാത്തതിനാല്‍ യാത്ര വഴിമാറിപ്പോയി. ഇത്തവണ പതിവില്ലാതെ ഗുണ്ടറ നേര്‍ച്ചയെക്കുറിച്ച് ബാവലിയിലെ ഒരു സുഹൃത്ത് നേരിട്ട് വിളിച്ചു പറഞ്ഞു. കലണ്ടര്‍ താളിലേക്ക് നോക്കിയപ്പോള്‍ ഈസ്റ്റര്‍ ദിനം. ഞായറാഴ്ചയും ഈസ്റ്ററും ഒരുമിച്ച്. എന്തു ചെയ്യണമെന്ന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. 

ഗുണ്ടറ കാടുകളിലേക്ക് പോകാന്‍ തന്നെയായി തീരുമാനം. രണ്ടാഴ്ച മുമ്പേ വിവരം ലഭിച്ചതിനാല്‍ ഈ ദിവസത്തേക്കുള്ള എല്ലാ പരിപാടികളും മാറ്റി വെച്ചു. തിരുപ്പിറവി ആഘോഷിക്കേണ്ട ഫോട്ടോഗ്രാഫറായ ചാക്കോ ചേട്ടനും എന്റെ ഈ ഉദ്യമത്തിലേക്ക് എല്ലാം മാറ്റിവെച്ച് കൂടെയിറങ്ങി. കൂട്ടമായി മാത്രമേ കാടിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടാകൂ എന്നറിഞ്ഞതിനാല്‍ സമയ ക്ലിപ്തത ഉറപ്പിച്ചു. രാവിലെ ഏഴിന് മാനന്തവാടിയില്‍ നിന്നും ബൈക്കില്‍ യാത്ര തുടങ്ങി. ഒമ്പത് മണിയാകുമ്പോഴേക്കും വനാതിര്‍ത്തിയിലെത്തണം. അവധി ദിവസമായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവ്. കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ ബാവലി ചെക്ക് പോസ്റ്റിനരികിലെ തട്ടകടയക്ക് സമാനമായ ചായക്കടയാണ് ആദ്യ ലക്ഷ്യം. മുപ്പത് കിലോമീറ്ററലധികം ദൂരമുണ്ട് ഈ ലക്ഷ്യ സ്ഥാനത്തേക്ക് എത്താന്‍ പോലും. 

മഞ്ഞിനെയും ഗട്ടറുകളെയും  വകവെക്കാതെ കാട്ടിക്കുളം വരെ പരമാവധി പോകാന്‍ പറ്റുന്ന വേഗതയില്‍ ആക്‌സിലേറ്ററില്‍ കൈകൊടുത്തു. ഇതനിടയില്‍ മലപ്പുറം വടകര കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള അനവധി കാറുകളും ജീപ്പുകളുമെല്ലാം കണ്ണില്‍പ്പെട്ടു. അതിനുള്ളില്‍ നിറയെ വെള്ള തലപ്പാവണിഞ്ഞും മറ്റുമുള്ള നിരവധി  ചെറുപ്പാക്കാരുമുണ്ട്. ഇത് കണ്ടപ്പോള്‍ പിറകിലിരുന്ന ചാക്കോ ചേട്ടന്‍ പറഞ്ഞു ഇവരെല്ലാം അങ്ങോട്ടുള്ളതാ..ചെറിയൊരു ഊഹം വെച്ച് പറഞ്ഞതാണെങ്കിലും പിന്നീട് കുറച്ച് കൂടി മുന്നോട്ടെത്തിയപ്പോള്‍ കാര്യങ്ങള്‍ ഉറപ്പിച്ചു. ഗുണ്ടറ സിയാറത്ത് എന്ന ബാനര്‍ കെട്ടിയ ബസ്സ് കാടിനുള്ളിലെ പാതയില്‍ക്കൂടി കിതച്ചു കുതിച്ചു പായുന്നു. അതിനെയും മറികടന്ന് തേക്കിന്‍തോട്ടങ്ങളെയും ആനക്കാടുകളെയും പിന്നിട്ട് ബാവലിയിലെത്തുമ്പോള്‍ സമയം എട്ടായി. അതുവരെയും വലിയ ആള്‍ത്തിരക്കില്ലാതിരുന്ന ചെറിയ അങ്ങാടി ജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആകെയുള്ള രണ്ടു ചായക്കടയില്‍ ഒരേസമയം ചായകുടിക്കാന്‍ നൂറിലധികം പേര്‍ കാത്തിരിക്കുന്നു. അരമണിക്കൂറോളം ഇതിനായി തന്നെ ഇവിടെ ഊഴം കാത്തിരുന്നു. രക്ഷയില്ല തിരക്കില്‍പ്പെട്ട് ചായക്കടക്കാരുടെയും കണക്കുതെറ്റിതോടെ കിട്ടിയവന് കിട്ടി ഇല്ലാത്തവന് ഇല്ല എന്നതായി സ്ഥിതി. 

മച്ചൂരിലെ  വനഗ്രാമം 

കണക്കുകൂട്ടിയതുപോലെ പ്രാതലുമില്ല ചായയുമില്ല. ഇനി ലക്ഷ്യം മച്ചൂരിലെ ചായക്കട. അവിടെയും ഇതുപോലെ തന്നെയുള്ള തിരക്ക് മുന്നില്‍ക്കണ്ട് ഒരു കുപ്പിവെള്ളവും ഒരു പായ്ക്ക് ബിസ്‌ക്കറ്റും മുന്‍കൂര്‍വാങ്ങി ബാഗിലിട്ടു. ടിപ്പുസുല്‍ത്താന്‍ പടയോട്ട കാലത്ത് കേരളത്തിലേക്കുള്ള  പാതയില്‍ ബാവലിപ്പുഴയക്ക് കുറുകെ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് പാലത്തെ മറികടന്നു. രാജീവ്ഗാന്ധി നാഷല്‍ പാര്‍ക്ക് എന്നെഴുതിയ കൂറ്റന്‍ കമാനത്തിനുള്ളിലൂടെ കന്നഡ മണ്ണിലേക്ക്. കന്നഡയിലും ഇംഗ്ലീഷിലും മാറി മാറിയെഴുതിയ സൂചക ബോര്‍ഡുകളും മുന്നറിയിപ്പുകളുമെല്ലാം ധാരാളാമായി സ്ഥാപിച്ചിട്ടുണ്ട്.  ഈയടുത്ത് ബാവലി മൈസൂര്‍ റോഡ് പുതുക്കിയതിനാല്‍ കുണ്ടും കുഴിയുമില്ലാതെ സ്മൂത്ത് യാത്ര. റോഡ് വീതി കുറവായതിനാല്‍ എതിരെ നിന്നും ബസ്സ് പോലുള്ള വാഹനങ്ങള്‍ വന്നാല്‍ റോഡരികിലേക്ക് ഇറങ്ങിമറേണ്ടിവരുമെന്ന പേടി ഉള്ളതിനാല്‍ ബൈക്കിന്റെ വേഗത ഒന്നുകൂടി കൂട്ടി. ഇടക്കിടെ ഇടിവെട്ടുപോലെ കുറ്റന്‍ ഹമ്പുകളുടെ നിര. ഇതിനു മുകളിലൂടെ ചാടിയും തെറിച്ചും ഒന്നരകിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും മച്ചൂരിലേക്ക് തിരിയേണ്ട സ്ഥലമായി.  

Gundara Forest

ഒരു ചായക്കട ഇവിടെ പേരിനുണ്ട്. മലയാളിയായ ഹൈദരിക്കയാണ് കച്ചവടക്കാരന്‍. പക്ഷേ എല്ലാര്‍ക്കും ചായ തരാന്‍ പാലൂല്ല പഞ്ചാരയുമില്ല. കടുപ്പത്തിലൊരു ചിരി പുറത്തിട്ട് ഹൈദരിക്ക പറഞ്ഞു. ഇതോടെ ഒരു കാര്യം ഉറപ്പായി. ഗുണ്ടറ കാടിനകത്ത് ഇന്ന് വിശപ്പിന്റെ വിലയറിയും. തനി നാടന്‍ കര്‍ണ്ണാടക സ്റ്റൈലിലേക്ക് റോഡ് ചുരുങ്ങി. കന്നുകാലി കൂട്ടങ്ങള്‍ക്കിടയിലൂടെ കുണ്ടും കുഴിയും മാത്രമുള്ള പാതയിലൂടെയായി മുന്നോട്ടുള്ള പ്രയാണം. മുന്നില്‍ വരി വരിയായി ബസ്സും കാറും ഉള്‍പ്പെടെ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ മുട്ടി മുട്ടി നീങ്ങുന്നു. അങ്ങകലെ മച്ചൂരിലെ വയലിലെ പാര്‍ക്കിങ്ങ് ഏരിയ കണ്‍മുന്നില്‍ വന്നെങ്കിലും അവിടെ എത്തണമെങ്കില്‍ മണിക്കുറെടുക്കും. വീതികുറഞ്ഞ റോഡില്‍ എതിര്‍ദിശയില്‍ നിന്നും ചെറിയൊരു വാഹനം വന്നപ്പോഴേക്കും ആകെ ബ്ലോക്കായി മാറി. 

Gundara Forest

ഇതിന്റെ കുരുക്കഴിക്കാന്‍ പിന്നെ മിനുറ്റുകള്‍ നീണ്ട പരിശ്രമവും. ഒടുവില്‍ പണിപ്പെട്ടെങ്കിലും പാര്‍ക്കിങ്ങ് ഏരിയയില്‍ വണ്ടിയൊതുക്കി. അപ്പോഴേക്കും ചുട്ടുപൊള്ളിക്കുന്ന ചൂടുമായി കര്‍ണ്ണാടകയുടെ പ്രഭാതം തുടങ്ങിക്കഴിഞ്ഞിരുന്നു. മുന്‍ വര്‍ഷത്തേക്കാളെല്ലാം പത്തിരട്ടിയാളുകള്‍ കാടിനുള്ളിലെ  നേര്‍ച്ചയ്ക്കായി ഈ ഗ്രാമത്തില്‍ വന്നിറങ്ങിയത് വിശ്വസിക്കാനാവാതെ അമ്പരന്ന് നോക്കി നില്‍ക്കുകയായിരുന്നു ഗ്രാമവാസികളെല്ലാം. ഇവിടെ നിന്നും ഏഴുകിലോമീറ്ററോലം ദൂരമുണ്ട് ഇനി ലക്ഷ്യ സ്ഥാനത്തേക്ക്. ആദ്യമായി ഈ യാത്രയ്ക്ക് വന്നവര്‍ക്ക് വേണ്ടിപാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ മൈക്കിലൂടെ പള്ളിക്കമ്മറ്റിക്കാര്‍ ഇടതടവില്ലാതെ വിളിച്ചുപറയുന്നുണ്ടായിരുന്നു. അതിലേറെയും വനത്തിനുള്ളില്‍  ഒരോ യാത്രികരും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ളതായിരുന്നു. 

Gundara Forest

കാട്ടാനകളുടെ താവളം

രാജ്യത്തെ അതീവ പ്രാധാന്യമുള്ള ദേശീയ ഉദ്യാനമാണിത്. കടുവയും പുലിയും കാട്ടാനയും  അടക്കമുള്ള വന്യജീവി ആവാസത്തിന്റെ വലിയ ഭൂപടം. ഇതിനുള്ളിലേക്കാണ് നേര്‍ച്ചയുടെ പേരില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആളുകളെ വനംവകുപ്പ് കടത്തിവിടുന്നത്. സഞ്ചാരി എന്ന നിലയില്‍ ഇതൊരു അപൂര്‍വ്വ അവസരമായാണ് ഞങ്ങള്‍ ഇതിനെ കണ്ടത്. ആകാംക്ഷകള്‍ നിറഞ്ഞ യാത്രക്ക് തുടക്കത്തില്‍ തന്നെ ആവേശം നിറഞ്ഞു. മുന്നിലും പിന്നിലുമായി അനേകം പേരുണ്ട്. മച്ചൂരിലെ ചെക്ക് പോസ്റ്റ് കടക്കുന്നതുവരെയും റോഡെല്ലാം തിങ്ങിനിറഞ്ഞ് നിരവധിയാളുകള്‍. 

പിന്നീടങ്ങോട്ട് പച്ചപുതച്ച നെല്‍പ്പാടങ്ങളിലെ വരമ്പുകളിലൂടെ വഴിപിരിഞ്ഞും ചേര്‍ന്നും നടത്തം തുടങ്ങി. തൂവെള്ള തലപ്പാവും വസ്ത്രവുമണിഞ്ഞ മുസ്ല്യാര്‍മാരുടെ വരിവരിയായുള്ള യാത്ര ഒരേ സമയം ആകര്‍ഷകവും വിസ്മയവുമായി. കൈയ്യില്‍ കരുതാന്‍ കുപ്പിവെള്ളം സൗജന്യമായി നല്‍കുന്ന സംഘത്തെയും ഇതിനിടയില്‍ കണ്ടെത്തി. നെല്‍പ്പാടങ്ങളുടെ ഒരതിര്‍ത്തി കഴിഞ്ഞതോടെ നോക്കെത്താ ദൂരത്തോളം ചുട്ടുപൊള്ളിയ പാടങ്ങളാണ് മുന്നില്‍ തെളിഞ്ഞത്. 

ഒരുഭാഗത്ത് കാടിനോട് ചേര്‍ന്ന് വനവാസികളായ ബേടഗൗഡരുടെ വീടുകള്‍ കാണാം. ഇവരുടേതാണ് ഈ കൃഷിയിടങ്ങള്‍. ഇതിന്റെ ഒരതിര്‍ത്തിയിലുള്ള കബനി നദിയില്‍ വെള്ളം നിറയുന്നതോടെയാണ് ഈ കൃഷിയിടങ്ങളെല്ലാം വീണ്ടും പച്ചപ്പണിയുക. വയനാട്ടില്‍ പെയ്തു വീഴുന്ന മഴയുടെ അളവിനെ ആശ്രയിച്ച് മാത്രമാണ് ഇവരുടെയും നല്ലാകാലവും കഷ്ടകാലവും. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയിലെ ചിത്ര ദുര്‍ഗ്ഗയില്‍ നിന്നും പലായനം ചെയ്ത് വന്ന് ഈ കാടിനുള്ളില്‍ അഭയം തേടിയതാണ് ഇവരുടെ മുന്‍തലുമുറകള്‍. 

Gundara Forest

രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് പെയ്ത വേനല്‍മഴ ഈ മണ്ണിനെയും ഗ്രാമത്തിന്റെ മനസ്സിനെയും ഒന്നു തണുപ്പിച്ചിട്ടുണ്ട്. അതിനുശേഷമുള്ള പകലിലാകട്ടെ വറചട്ടിയിലെന്നപോലെ ചൂടും കനത്തുവന്നു. അടുത്ത കൃഷിക്കായി കൃഷിയിടങ്ങള്‍ പരമ്പരാഗതമായ രീതിയില്‍ ഉഴവുകാളകളെ കൊണ്ട് ഉഴുതുമുറിച്ചിടുന്ന കര്‍ഷകരെയും ഇവിടേക്കാണാം. ഒരു ചാലുപോലെ നീണ്ടുനിവര്‍ന്നു കിടക്കുന്ന ഈ വയലിനെ മുറിച്ചുകടക്കാന്‍ തന്നെ ഒന്നരമണിക്കൂറെങ്കിലും സമയം വേണ്ടി വന്നു. ഒട്ടനവധിയാളുകള്‍ കൂട്ടമായി നടക്കുന്നതിനാല്‍ കന്നിയാത്രികരില്‍ പലരും മറ്റുള്ളവരോട് ഇനിയെത്രയുണ്ട് എന്ന ചോദ്യം ആവര്‍ത്തിച്ചു. ഇതൊന്നുമായില്ല. കാടിനുള്ളിലാണ് ഇതിനേക്കാള്‍ ഏറെ നടക്കാനുള്ളത് എന്ന മറുപടി ഒരേ പോലെ ആകാംക്ഷയും വെല്ലുവിളിയുമായി തോന്നി. 

കൈയ്യില്‍ കരുതിയ വെള്ളക്കുപ്പി പകുതിയിലേറെയും തീര്‍ന്നിരിക്കുന്നു. ഇനി മുന്നോട്ട് ദാഹവും സഹനവും കൂട്ടിനുണ്ടാകും. കൃഷിയിടങ്ങളുടെ അവസാന വേലിയും കടന്നതോടെ കാട് മുന്നിലെത്തി. വന്യജീവി സങ്കേതത്തിലേക്കുള്ള കാല്‍വെപ്പുകള്‍ തന്നെ കാട്ടാനപിണ്ടത്തില്‍ ചവിട്ടിയായി. വനംവകുപ്പിന്റെ ഇരട്ടക്കുഴല്‍ തോക്കേന്തിയ വാച്ചര്‍മാര്‍ വെയിലിനെ പ്രതിരോധിക്കാന്‍ പച്ചിലകൊണ്ട് പന്തലൊരുക്കി അതിനുള്ളില്‍ കാവലിരിക്കുന്നു. 

Gundara Forest

കാട്ടാനക്കൂട്ടമുള്ളതിനാല്‍ ഉച്ചത്തില്‍ സംസാരിക്കാതെ കൂട്ടം കൂട്ടമായി വരിതെറ്റാതെ ഇനി മുന്നോട്ടു പോകണമെന്ന് കന്നഡയും മലയാളവും ഇടകലര്‍ന്ന ഭാഷയില്‍ ഇവര്‍ പറയുന്നുണ്ടായിരുന്നു. ഉണങ്ങിവരണ്ട് ചെറിയകാടുകള്‍ കടന്നതോടെ കാടിനുള്ളിലൂടെയുള്ള കബനിയുടെ വരണ്ട കാഴ്ചകള്‍ കണ്‍മുന്നില്‍ തെളിഞ്ഞു. അത്ഭുതകരമായിരുന്നു ആ കാഴ്ച. വര്‍ഷത്തില്‍ 800 ടി.എം.സിയിലധികം വെള്ളത്തെ വഹിച്ചുകൊണ്ടുപോകുന്ന ഈ നദിയില്‍ ഇപ്പോള്‍ കാല്‍ നനയാന്‍ മാത്രം വെള്ളം. കുഴികളില്‍ കെട്ടിക്കിടക്കുന്ന ഈ ജലാശയങ്ങളിലാണ് ഈ വനാതിര്‍ത്തിയില്‍ മാത്രമുള്ള മൂവായിരത്തോളം കാട്ടാനകളും അസംഖ്യം മാനുകളും കടുവകളുമെല്ലാം ദാഹതീര്‍ക്കാനെത്തുന്നത്. പതിവായി ഇവ നടന്നുതിര്‍ന്നുവന്ന വഴികളും അടയാളങ്ങളുമാണ് പുഴയോരത്ത് ധാരാളമായുള്ളത്. കൂട്ടംകൂട്ടമായി ഈ വഴികളിലൂടെ പതിവില്ലാതെ ആളുകളെത്താന്‍ തുടങ്ങിയതോടെ വന്യമൃഗങ്ങള്‍ തൊട്ടരികിലെ കാടിനുള്ളിലേക്ക് മാറിയതാണെന്ന് ഇവിടെ നിലയുറപ്പിച്ച തോക്ക് ധാരികളായ വനപാലകര്‍ പറഞ്ഞു. വരണ്ട് വിണ്ടുകീറിയ കബനിയുടെ അടിത്തട്ടിലിറങ്ങി പാറക്കെട്ടുകള്‍ ചാടി വെള്ളത്തില്‍ കാലുകള്‍ മുക്കി. മറുകരയിലേക്ക് നീങ്ങണമെങ്കില്‍ ചെറിയ പാറക്കെട്ടുകള്‍ മറികടക്കണം. 

Gundara Forest

ഇവിടെ പരസ്പരം കൈകള്‍ കോര്‍ത്ത് ഏവരും നീങ്ങി. പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയുമെല്ലാം സഹായിക്കാന്‍ ചിലരും ഇവിടെ നിലയുറപ്പിച്ചിരുന്നു. ഇത് കബനിയുടെ ഇതുവരെയും മറ്റാരും കാണാത്ത മുഖമാണ്. ഇത് പറഞ്ഞ് ആവേശത്തോടെ സഞ്ചിയില്‍ നിന്നും ക്യാമറയെടുത്ത് സൂം ചെയ്യാനൊരുങ്ങിയ ചാക്കോചേട്ടന് നേരെ ഫോട്ടോയെടുക്കരുത് എന്നുപറഞ്ഞ് അക്രോശത്തോടെയാണ് ചിലര്‍ ചാടിവീണത്. 

ഇവിടെ ക്യാമറ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ടെന്ന മുന്നറിയിപ്പാണ് ഇവര്‍ തന്നത്. കബനികടന്ന് ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിന്റെ തീരത്ത് കൂടിയായി മുന്നോട്ടുള്ള യാത്ര. ഇപ്പോള്‍ യാത്ര തുടങ്ങി നാലുമണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. നിറയെ വന്യജീവികള്‍ മേയുന്ന ഒരു മരത്തിന്റെ തണലുപോലുമില്ലാത്ത നായാള എന്ന സ്ഥലമാണ് മുന്നിലുള്ളത്. ഇതിന്റെ ഏറ്റവും വിദൂരമായി കാണാന്‍ കഴിയുന്ന കാഴ്ചയിലും തീര്‍ത്ഥാടകര്‍ നടന്നു നീങ്ങുന്നത് പൊട്ട് പോലെ കാണാം. 

Gundara Forest

ഇത്രയും ദൈര്‍ഘ്യമേറിയ ഒരു മൈതാനത്തിന്റെ കാഴ്ചയും കാടിനുള്ളില്‍  അമ്പരിപ്പിക്കുന്നതായി. തോള്‍ സഞ്ചിയില്‍ ഒളിപ്പിച്ചുവെച്ച ക്യാമറ എടുക്കാതിരിക്കാനായില്ല. മിന്നായം പോലെ കുറെ സ്‌നാപ്പുകള്‍. ടൗവലില്‍ പൊതിഞ്ഞ സൈബര്‍ ഷോട്ട് ക്യാമറകൊണ്ടും കുറച്ചെല്ലാം ചിത്രങ്ങള്‍ പകര്‍ത്തി. അതിരാവിലെ കാടിനുള്ളിലെ ദര്‍ഗ്ഗയിലേക്ക് പോയ ആദ്യസംഘം ഞങ്ങള്‍ക്കെതിരെ മടങ്ങിവരുന്നു. ക്ഷീണിച്ച് അവശരായി വളരെ പതിയെയാണ് ഇവരുടെ ചുടവുകള്‍. ഇനി എത്രദൂരം നടക്കണമെന്ന് ആരോ ഇവരോട് ചോദിച്ചതിന് മറുപടിയായി ഇനി ഒരു മൂന്ന് കിലോമീറ്റര്‍ മാത്രം എന്ന ഉത്തരം. തലയക്ക് ഒത്ത മുകളില്‍ സൂര്യന്‍ കത്തി നില്‍ക്കുമ്പോള്‍ ഇതിനെ വകവെക്കാതെ ഒരേ മനസ്സോടെ കാടിനെ ലക്ഷ്യം വെച്ചുപോകുന്ന തീര്‍ഥാടകര്‍ ഞങ്ങള്‍ക്കും ആവേശം പകര്‍ന്നു. ചിലര്‍ കൂട്ടമായി പ്രാര്‍ത്ഥിച്ചു നീങ്ങുമ്പോള്‍ മറ്റു ചിലര്‍ ഷാളുകൊണ്ട് നാലു മൂലയും ഉയര്‍ത്തിപ്പിടിച്ച് പന്തിലിട്ട് അതിനുള്ളില്‍ വിശ്രമിച്ചും യാത്ര തുടങ്ങുന്നു. പൊള്ളുന്ന വെയിലിനോടും മത്സരിച്ചുള്ള യാത്ര. 

Gundara Forest

തീവിഴുങ്ങിയ ബന്ദിപ്പൂരിന്റ മറുഭാഗത്തേക്കാണ് യാത്ര. ഇവിടെയും വേനലിന്റെ ചുടുകാറ്റ് കാടിനെയാകെ ഉണക്കികളഞ്ഞിട്ടുണ്ട്. വലിയ മരങ്ങള്‍ പോലും ഇലയെല്ലാം പൊഴിച്ച് ആകാശത്തേക്ക് ശിഖരം നീട്ടി നില്‍ക്കുന്നു.ഒരു തീപ്പൊരി വീണാല്‍ ചാമ്പലായി പോയേക്കാവുന്ന ഹെക്ടര്‍ കണക്കിന് വനങ്ങളുടെ അതിശയകരമായ കാഴ്ചയായിരുന്നു ഇവിടെയുള്ളത്. വന്യമൃഗങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍ കഴിഞ്ഞ് ഒരുവിധം കാടിനുള്ളിലേക്ക് നടന്നെത്തുമ്പോള്‍ വഴികള്‍ ചുരുങ്ങി. അതുവരെയും ചിതറി നടന്നിരുന്നവര്‍ ഈ വഴിയില്‍ തിങ്ങിയും തിരക്കിയുമായി മുന്നോട്ടുള്ള പോക്ക്. ദര്‍ഗ്ഗയുടെ സാമിപ്യമറിയിച്ചുകൊണ്ട് ചന്ദത്തിരിയുടെ ഗന്ധം പ്രദേശമാകെ പരന്നിരിക്കുന്നു. 

കനത്ത വെയിലില്‍ നിന്നുമുള്ള മോചനത്തിനായി ഇത്തിരി തണലിന്റെ അരിക് തേടി പലരും വിശ്രമിക്കുന്നുണ്ട്. ദഫ് താളം അടുത്ത് വരുന്നതോടെ മരത്തിനിടയില്‍ ചെമ്പട്ട് പുതച്ച ദര്‍ഗ്ഗ കണ്‍മുന്നില്‍ തെളിഞ്ഞു വന്നു. നേര്‍ച്ചയായി സയ്യിദ് അബ്ദുള്‍ബാരി തങ്ങളുടെ മക്ബറയുടെ മുകളില്‍ പട്ടിടുന്നവരുടെയും മക്ബറ വണങ്ങുന്നവരുടെയും വന്‍തിരക്കുണ്ട്. ഇതിനോട് ചേര്‍ന്ന് തന്നെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ആദിവാസിയായ സഹയാത്രികന്റെ ശവകൂടീരവുമുണ്ട്. വലിയ കല്ലുകള്‍ നീളത്തില്‍ ചേര്‍ത്തുവെച്ച ഈ കുടീരത്തില്‍ തേങ്ങയും ശര്‍ക്കരയും വഴിപാടായി നല്‍കിയത് കൂടിക്കിടക്കുന്നുണ്ട്. ഇതിനു മുന്നിലും പ്രാര്‍ത്ഥിച്ചു നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ നട്ടുച്ച വെയിലിനെയും തോല്‍പ്പിക്കുന്നു. കര്‍ണ്ണാടകയിലെ അന്തര്‍സന്ത വഴി കാടിനുള്ളിലൂടെ എത്തിയ പട്ടാണികളും കൂടി ചേര്‍ന്നതോടെ ഘോരവനത്തിലെ ദര്‍ഗ്ഗ ജനനിബിഢമായി. ചെറിയ കുട്ടികളടക്കം കാടിനുള്ളിലെ നിസ്‌കാര തണലില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. കാടിന്റെ തണലില്‍ വേറിട്ടെ#ാരു തീര്‍ഥാടനത്തിന്റെ ആത്മീയധ്യാനത്തിലായിരുന്നു പലരും.

ഗുണ്ടറയുടെ ഐതീഹ്യം

മതപ്രബോധനത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയിലെ ഈ വനം കടന്നാണ് കേരളത്തില്‍ അറബ് സഞ്ചാരിയായ സയ്യിദ് അബ്ദുള്‍ബാരി തങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. ഒരിക്കല്‍ ഒരു മഴക്കാലത്ത് ഇതുവഴി വന്ന തങ്ങള്‍  വനപാലകരുടെ സമ്മതത്തോടെ ഫോറസ്റ്റ് സ്റ്റേഷനില്‍ നിസ്‌കാരത്തില്‍ മുഴുകി. ഇതേ സമയം ഇവിടെയെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ഇതുകണ്ട് അരിശം മൂത്ത് ആരാണ് ഇയാള്‍ക്ക് ഇവിടെ നിസ്‌കരിക്കാന്‍ അനുവാദം കൊടുത്തതെന്ന് അക്രോശിച്ചു. തങ്ങളുടെ ദിവ്യശക്തിയില്‍ എന്തോ ഭയാനകമായ കാഴ്ച അവിടെ ദൃശ്യമാകുകയും ഇത് കണ്ട ഉദ്യോഗസ്ഥന്‍ ഞെട്ടിനില്‍ക്കുകയും ചെയ്തു. അലര്‍ച്ചകേട്ട് ഓടിക്കൂടിയവര്‍ക്കാകട്ടെ പ്രത്യേകിച്ച് ഒന്നും കാണാനുമായില്ല. 

പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയ തങ്ങള്‍ തോരാതെ പെയ്യുന്ന മഴയിലുടെ കബനിയുടെ കരയിലെത്തി. കാടുനിറഞ്ഞ മറുകരയിലേക്ക് വഞ്ചിയിറിക്കാന്‍  ആദിവാസിയായ ഗ്രാമീണനോട് ആവശ്യപ്പെട്ടു. വെള്ളം നിറഞ്ഞ് കൂലംകുത്തിയൊഴുകുന്ന കബനികടക്കുകയെന്നത് അസാധ്യമാണെന്ന് പറഞ്ഞെങ്കിലും അക്കരെ പോകണമെന്ന നിര്‍ബന്ധത്തിലായിരുന്നു തങ്ങള്‍. രണ്ട് വാഴയിലെ വെട്ടിക്കൊണ്ടുവരാനായി അടുത്ത കല്‍പ്പന. ഒഴുക്കിലിട്ട വാഴയിലയില്‍ ചവിട്ടി നിന്നും തങ്ങളും ആദിവാസിയായ സഹയാത്രികനും ഓളപ്പരപ്പിലൂടെ മറുകര താണ്ടി കാടിനുള്ളിലേക്ക് മറയുകയായിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും മടങ്ങി വരാത്ത ഇവരെ അന്വേഷിച്ച് മഴകുറഞ്ഞപ്പോള്‍ ഗ്രാമീണര്‍ മറുകരയിലെ കാട്ടില്‍ പോയപ്പോള്‍ കണ്ട കാഴ്ച ഇരുവരുടെയും ശവകൂടീരങ്ങളായിരുന്നു. അവിടെ നിന്നും ഇങ്ങോട്ട് തുടങ്ങുന്നു ഗുണ്ടറയുടെ ചരിത്രം. 

സഹയാത്രികനായി ഒരു ആദിവാസിയെ ഒപ്പം കൂട്ടിയ തങ്ങളും അവര്‍ പങ്കിടുന്ന ഐതീഹ്യങ്ങളും കാടിനുള്ളില്‍ നിന്നു പുറത്തേക്ക് പ്രചരിച്ചു. കൊടും കാടിനെയും വന്യജീവികളെയുമെല്ലാം അതിജീവിച്ച് ഇവിടെ വന്ന് മക്ബറ വണങ്ങുകയെന്നത് പിന്നീട് ഒരു പുണ്യാചാരമായി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഇവിടേക്ക് വിശ്വാസികളെ കടത്തിവിടാനുള്ള സൗകര്യം വനംവകുപ്പ് നല്‍കിത്തുടങ്ങി. കബനിയിലെ വെള്ളത്തിന്റെ ഏറ്റക്കുറച്ചിലും കാലാവസ്ഥയും വനപാലകരുടെയും പോലീസിന്റെയുമെല്ലാം ജോലിപരമായ സൗകര്യവും മറ്റും നോക്കിയാണ് ഗുണ്ടറ നേര്‍ച്ചയ്ക്കുള്ള ദിവസം തീരുമാനിക്കുക. ഏപ്രില്‍ മെയ് മാസങ്ങളിലാണ് സിയാറത്തിന് അനുകൂലമായ ഒരു ദിനം കണ്ടെത്തുക. പതിനഞ്ച് ദിവസം മുമ്പ് ഇതുസംബന്ധിച്ച അറിയിപ്പ് മച്ചൂര്‍ പള്ളിയില്‍ നിന്നും ലഭിച്ചു തുടങ്ങും. 

Gundara Forest

സൂഫി ജീവിതത്തിന്റെ ഏടുകളെ ഓര്‍മ്മിപ്പിക്കും വിധം ദര്‍ഗ്ഗയുടെ സമീപത്ത് തന്നെ രണ്ടിലധികം സംഘങ്ങള്‍ ദഫ് കൊട്ടി ഉറക്കെ പാടുന്നുണ്ട്. ഉത്തരേന്ത്യന്‍ മുസ്ലീം ജീവിത ശൈലിയില്‍ കണ്ടു പതിഞ്ഞ ഈ താളത്തിന്റെ ഭ്രമത്തില്‍ ഇവര്‍ക്ക് ചുറ്റും കൂടി നില്‍ക്കുകയാണ് ഒട്ടേറെ മലയാളികളായ തീര്‍ഥാടകരും. കത്തുന്ന വിശപ്പിന്റെ ശമനത്തിന് തിക്കിയും തിരക്കിയും നിന്നതിനാല്‍ ഒരു പഴം അമൃതായി കിട്ടി. കാടിനുളളിളെ ദര്‍ഗ്ഗകാണാന്‍ കൂടുതല്‍ പേര്‍ എത്തിതുടങ്ങിയാതോടെ ഇവിടെ നില്‍ക്കാന്‍ സ്ഥലമില്ലാതായി. ഇതോടെ മടക്കയാത്രയായി. പോയതിനേക്കാള്‍ വേഗത പതിന്‍മടങ്ങ് കുറഞ്ഞു. ഇടയ്ക്കിടെ പൊരിവെയിലിലാണെങ്കിലും ഇരുന്നു. വെയിലുകൊണ്ട് തളര്‍ന്ന ചിലരെല്ലാം കുറ്റിക്കാടുകള്‍ക്കിടയിലെ ചെറിയ തണല്‍തേടിയും അലഞ്ഞു. കബനിയുടെ തീരത്ത് വന്നപ്പോള്‍ വെള്ളം കണ്ടതിന്റെ ആശ്വാസം ചെറുതായിരുന്നില്ല. തിരികെ മടങ്ങുമ്പോള്‍ ഗ്രാമവാസികളുടെ കുടിലില്‍ കയറി അല്‍പ്പനേരം വിശ്രമിച്ചു. 

പിന്നെ മച്ചൂരിലെ കൃഷിയിടങ്ങള്‍ക്ക് നടുവിലൂടെ ഏറെ ദൂരം മടക്കയാത്ര. വഴിവക്കില്‍ കുട്ടികള്‍ മുളക് തേച്ച പച്ചമാങ്ങ വില്‍ക്കാന്‍ പിന്നാലെ ഓടിവരുന്ന കാഴ്ച. ഇരുപത് രൂപ വിലയിട്ട് വെച്ച ഈ പച്ചമാങ്ങ അനുഗ്രഹം പോലെ തോന്നി. തിരികെ മച്ചൂരിലെത്തുമ്പോള്‍ സൂര്യന്‍ പടിഞ്ഞാറന്‍ ചെരുവിലേക്ക് മായുന്ന കാഴ്ച. അപ്പോഴേക്കും വരിവരിയായി വാഹനങ്ങള്‍ വനഗ്രാമത്തിന്റെ ഉള്ളറകളില്‍ നിന്നും ഓരോന്നായി പുറത്തേക്ക് പോയി തുടങ്ങിയിരുന്നു. ബാവലിയിലെ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് അടയ്ക്കാന്‍ ഇനി അരമണിക്കൂര്‍ മാത്രം ബാക്കി. ഇതിനുള്ളില്‍ അതിര്‍ത്തി കടക്കണം. ക്ഷീണം വകവെക്കാതെ ഒരു ദിനത്തിന്റെ പൂര്‍ണ്ണതയും വേറിട്ട യാത്രാനുഭവവുമായി തേക്കിന്‍കാടുകള്‍ കടന്ന് തിരകെയെത്തുമ്പോള്‍ ഇരട്ടുപരന്നുതുടങ്ങിയിരുന്നു. കൊടുംകാട്ടിനുള്ളിലെ ദര്‍ഗ്ഗ അപ്പോഴും ഒരു വിസ്മയമായി കണ്‍മുന്നില്‍ മായാതെ നില്‍ക്കുകയായിരുന്നു.