കോടതിയില്‍ ഒരു കേസ് പരാജയപ്പെട്ടാല്‍ പിന്നെ എന്തു ചെയ്യും? ഹിമാലയത്തോട് ചേര്‍ന്നു കിടക്കുന്ന കുമയൂണ്‍ താഴ്​വരയില്‍ അതിനുള്ള പ്രതിവിധി ഉണ്ട്. അവിടെയുള്ള ഗോലു ദേവന്റെ ദേവാലയത്തില്‍ സമര്‍പ്പിക്കപ്പെട്ട മുദ്രപത്രങ്ങളിലുള്ള പരാതികള്‍ അത്തരത്തിലുള്ളവയാണ്. അവ നാനാഭാഷകളിലായി നിഷേധിക്കപ്പെട്ട നീതി കാത്ത് ക്ഷേത്രത്തിനു ചുറ്റും തൂങ്ങിക്കിടക്കുന്നു. ഉത്തരാഖണ്ഡ് സംസ്ഥാനത്തുള്ള അല്‍മോറക്കടുത്താണ് ഈ ദേവാലയം.

നൈനിറ്റാളിലെ കറക്കങ്ങള്‍ക്കിടയിലാണ് പ്രദേശവാസിയായ ഡോ. അശുതോഷ് പാണ്ഡെ, അല്‍മോറക്ക് അടുത്തുള്ള ചിത്തായ് ഗോലു ദേവതാ ദേവാലയത്തെപ്പറ്റി സൂചിപ്പിക്കുന്നത്. മുന്‍പ് നൈനിറ്റാളിലെ ഏറ്റവും സ്വാദുള്ള പ്രാദേശിക ഭക്ഷണം വാങ്ങിത്തരാം എന്ന് പറഞ്ഞ് കിലോമീറ്ററുകള്‍ നടത്തി, തൈരിലിട്ട ജിലേബി വാങ്ങിച്ചുതന്ന് പണിതന്ന ആളാണ് അശുതോഷ് എങ്കിലും യാത്ര മുടക്കിയില്ല.

goli 4

ഗോലു ദേവന്റെ നിരവധി ആരാധനാലയങ്ങള്‍ അല്‍മോറ, ചമോലി, പിത്തോറഗഡ് തുടങ്ങിയ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നുണ്ട്. എന്നാല്‍ അല്‍മോറക്ക് സമീപത്തുള്ള ചിത്തായ് ദേവാലയത്തിന് നിരവധി സവിശേഷതകളുണ്ട്. സാമാന്യം ഉയരത്തിലാണ് ക്ഷേത്രം. അതിന്റെ മുക്കിലും മൂലയിലുമായി പല വലുപ്പത്തിലുള്ള ആയിരക്കണക്കിന് ഓട്ടുമണികള്‍ തൂങ്ങിക്കിടക്കുന്നു. അവയ്ക്കിടയില്‍ അമ്പതിന്റെയും നൂറിന്റെയും അഞ്ഞൂറിന്റെയും ഒക്കെയായി നിരവധി സ്റ്റാമ്പ്‌പേപ്പറുകള്‍ കോര്‍ത്തിട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ കോടതിവ്യവഹാരങ്ങളില്‍ ഉപയോഗിക്കുന്നവ തന്നെ. അവയില്‍ എല്ലാം പരാതികളാണ്, വിശദമായ ഭാഷയില്‍ പൂര്‍ണമായ പേരും വിലാസവും ഫോണ്‍ നമ്പറും എല്ലാം വ്യക്തമായി രേഖപ്പെടുത്തി നിയമഭാഷയില്‍ തന്നെ എഴുതി ഉണ്ടാക്കിയ പരാതികള്‍.

goli 3

ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ബംഗാളി, ഒഡിയ തുടങ്ങി നിരവധി ഭാഷകളില്‍, സ്ഥലപരിമിതിമൂലം തിങ്ങി ഞെരുങ്ങുന്നവ. വിശ്വാസപ്രകാരം പരാതികളില്‍ തീര്‍പ്പുണ്ടായാല്‍, പരാതിക്കാരന്‍ തിരിച്ച് അമ്പലത്തിലെത്തി പരാതി തിരിച്ചെടുക്കുകയും നന്ദി സൂചകമായി ഒരു ഓട്ടുമണി ക്ഷേത്രത്തില്‍ കെട്ടുകയും വേണം. നാനാ വലുപ്പത്തിലുള്ള ആയിരക്കണക്കിന് മണികള്‍ വിശ്വാസത്തിന്റെ സാക്ഷ്യപത്രങ്ങളായി ദേവാലയത്തിനു ചുറ്റും കാറ്റില്‍ ഇളകിയാടുന്നുണ്ട്.

പരാതികള്‍ പലവിധത്തിലുള്ളവയുണ്ട്. കോടതികളില്‍ നിന്ന് നീതി ലഭിക്കാത്തവയാണ് ഏറിയ പങ്കും. ചിലര്‍ കേസ് വേഗത്തില്‍ തീര്‍പ്പാക്കി നീതി ലഭിക്കുന്നതിനായിരിക്കും ഹര്‍ജി സമര്‍പ്പിക്കുക. അസുഖങ്ങള്‍ സുഖപ്പെടാന്‍, ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താന്‍, ആഗ്രഹിച്ച പ്രണയിനിയെ സ്വന്തമാക്കാന്‍ തുടങ്ങി സിവില്‍-ക്രിമിനല്‍-ഭരണഘടനാപരമായ പരാതികള്‍വരെ കൂട്ടത്തിലുണ്ട്. അടുത്തിടെ, സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കാനായി ഒരു ജഡ്ജി പരാതി സമര്‍പ്പിച്ചു. കാര്യസാധ്യത്തിന്റെ ഉപകാരസ്മരണയ്ക്കായി പിന്നീട് ഒരു മണിയും ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്രെ! ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ കിലോമീറ്ററുകള്‍ താണ്ടി നീതിക്കായി ഇവിടെ എത്തിച്ചേരുന്നു.

ഗോലു ദേവന്‍ നീതിയുടെ ദേവനായിട്ടാണ് കുമയൂണ്‍ താഴ്​വരയില്‍ കണക്കാക്കപ്പെടുന്നത്. ഉദ്ഭവത്തെപ്പറ്റി പ്രാദേശികമായി നിരവധി മിത്തുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ശിവന്റെ അവതാരമായാണ് പൊതുവെ കണക്കാക്കുന്നത്. മുദ്രപത്രത്തില്‍ സമര്‍പ്പിക്കുന്ന പരാതികള്‍ക്ക് പുറമെ കുതിരപ്പുറത്തിരിക്കുന്ന രൂപത്തിലുള്ള പ്രതിഷ്ഠക്കു മുന്‍പില്‍ ഭക്തര്‍ പ്രധാനമായും സമര്‍പ്പിക്കുന്നത് പൂരി, ഹല്‍വ, തൈര് തുടങ്ങിയ ഭക്ഷണസാധനങ്ങളാണ്. ഓട്ടുമണികള്‍ ക്ഷേത്രത്തിനു ചുറ്റും തൂങ്ങിക്കിടക്കുന്നുണ്ടെങ്കിലും ക്ഷേത്രത്തിലെ മണി അടിക്കുന്നത് വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു യന്ത്രമാണെന്നുള്ളതാണ് കൗതുകം.

goli 2

കേരളത്തിലെ അമ്പലങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഹിമാലയന്‍ ദേവാലയങ്ങളുടെ പൊതു സ്ഥിതി. വിഗ്രഹത്തിന് അടുത്തുവരെ കടന്നുചെല്ലാനും തൊട്ടു വന്ദിക്കാനും ഇനി അല്‍പം കനത്തില്‍ ദക്ഷിണ കൊടുത്താല്‍ സെല്‍ഫിയെടുക്കാന്‍വരെ അനുവാദം തരുന്ന മേല്‍നോട്ടക്കാരുണ്ടവിടെ. 

കേരളത്തില്‍ നിന്ന് ഒരിക്കല്‍ പരിശീലനത്തിനായി വന്ന ഒരു കോളേജ് അധ്യാപകന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മണി കെട്ടാന്‍ മാത്രമായി തിരിച്ച് ഉത്തരാഖണ്ഡിലെത്തിയ കഥ, കുമയൂണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ബി.എല്‍. ഷാ സാക്ഷ്യപ്പെടുത്തി. അപ്പോള്‍ ഒന്നേ ഓര്‍മയില്‍ വന്നുള്ളൂ, വിശ്വാസം അതല്ലേ എല്ലാം.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content HIghlights: Golu temple in Kumayun Nainital