ക്രിസ്തുമസ് രാവുകളിലേക്ക് പ്രവേശിക്കുകയാണ് ഇന്ത്യയുടെ ആഘോഷനഗരി. എങ്ങും പ്രകാശമയമാക്കി നക്ഷത്ര വിളക്കുകള്‍ മിഴി ചിമ്മുന്നു. തെരുവോരത്ത് ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടികളും നക്ഷത്ര വിളക്കുകളുമൊക്കെയായി കച്ചവടം പൊടിപൊടിക്കുകയാണ്.

Goa 1

ഗോവയുടെ തലസ്ഥാനമായ പഞ്ചിമിലെ ക്രിസ്മസ് രാവുകളാണ് ഏറെ ആകര്‍ഷകം. ഇത്തവണത്തെ ക്രിസ്മസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 450 വര്‍ഷത്തെ പോര്‍ച്ചുഗീസ് വൈദേശികാധിപത്യത്തില്‍ നിന്ന് ഗോവന്‍ ജനത വിമോചനം നേടി സ്വാതന്ത്രത്തിലേക്ക് നടന്നു കയറിയതിന്റെ 60-ാമത് വാര്‍ഷികം. നഗരവീഥികളിലെല്ലാം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ആശംസാവചനങ്ങളുമായി പോസ്റ്ററുകളും ബാനറുകളുമാണ് നിങ്ങളെ പഞ്ചിം നഗരത്തില്‍ സ്വീകരിക്കുക.

Goa 2

റോഡിനിരുവശവും മിന്നാപ്പുകള്‍ നിറഞ്ഞിരിക്കുന്നു. വിവിധ വര്‍ണങ്ങളില്‍  ക്രിസ്തുമസ് നക്ഷത്രങ്ങള്‍. എം.ജി റോഡിന്റെ കടലിനോട് ചേര്‍ന്ന ഓരം നിറയെ വര്‍ണ ബള്‍ബുകളാല്‍ അലങ്കരിച്ചിരിക്കുന്നു. ഗോവന്‍ ജനത കോവിഡ് മഹാമാരിയെ അക്ഷരാര്‍ത്ഥത്തില്‍ മറവിയിലേക്ക് വിട്ടെന്ന് പറയാം. മാസ്‌ക്കുകളൊന്നും ധരിക്കാതെ യുവത ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ധനാഢ്യര്‍ ക്രിസ്മസ് ആഘോഷത്തിനായി തെരഞ്ഞെടുക്കുന്നത് ഗോവയിലെ കാസിനോവകളുടെ ആഡംബരത്തെയാണ്. പതിനായിരങ്ങളില്‍ നിന്നും ലക്ഷത്തിലേക്കും പതിയെ കോടികളിലേക്കുമെത്തുന്ന ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിയുന്ന ചൂതാട്ടം. ആഢംഭര നൗകകള്‍ ബിഗ് ഡാഡിയും, കാസിനോ പ്രയ്ഡും, ഡെല്റ്റിന്‍ റോയലും രാവേറെ ചെന്നിട്ടും അതിഥികളെ ആവോളം പരിചരിക്കാന്‍ മത്സരിച്ചു.

Goa Ships

ഗോവയുടെ ക്രിസ്മസ് മധുരം നുണയാന്‍ മിസ്റ്റര്‍ ബേക്കര്‍ 1922 ല്‍ തന്നെ പോകണം. തലമുറകളായി കൈമാറി കിട്ടിയ ബേക്കിംഗ് കൈപ്പുണ്യവുമായി നെനെറ്റ് കാത്തിരിപ്പുണ്ടവിടെ. രുചിക്കൂട്ടിന്റെ സ്വാദൂറും തനി ഗോവന്‍ മധുരപലഹാരമായ ബെവിന്‍കയ്ക്ക് ആവശ്യക്കാരേറെ. മൈദയും കോഴിമുട്ടയും നാളികേരപ്പാലും ചേര്‍ത്താല്‍ നാവില്‍ കൊതിയൂറും ഗോവന്‍ ബെവിന്‍കയായി. അരകിലോയ്ക്ക് 400/ രൂപയാണ് വില. നെനെറ്റയുടെ മമ്മി ഡെലിയയുടെ ഡാഡിയുടെ കാലം മുതലേ അന്ന് പനാജി എന്നു വിളിച്ചിരുന്ന പിന്നീട് പഞ്ചിമെന്ന പേരിലേക്ക് മാറിയ ഈ പഴയ പോര്‍ച്ചുഗീസ് നഗരത്തില്‍ മിസ്റ്റര്‍ ബേക്കര്‍ 1922 അത്രമേല്‍ പ്രശസ്തമാണ്.

Mr Baker Goa

നിങ്ങളുടെ കാലിക്കറ്റ് ഹല്‍വ പോലൊരു കേക്കാണിതെന്നും പലവട്ടം കേരളം സന്ദര്‍ശിച്ചിട്ടുളള കാര്യവും നെനെറ്റ് മൊഴിഞ്ഞു. ഹോംലി ബേക്കേഴാസാണിവരുടേത്. ഏറെ നേരമെടുത്ത് വിവിധ പാളികളായാണ് ബെവിന്‍ക തയ്യാറാക്കിയെടുക്കുന്നത്. നമ്മുടെ അച്ചപ്പത്തിന്റെ മാതൃകയില്‍ നക്ഷത്രാകൃതിയിലുള്ള പലഹാരങ്ങളും ഇടം പിടിച്ചിരിക്കുന്നു. കടമുഴുവന്‍ ക്രിസ്തുമസ് തോരണങ്ങളാല്‍ നിറഞ്ഞിട്ടുണ്ട്.

Mr Baker Goa 2

സൈക്ലിങ് ഗോവ കൂട്ടായ്മയുടെ സാന്ത പരേഡ് ആരംഭിക്കുന്നത് മിസ്റ്റര്‍ ബേക്കര്‍ 1922ന്റെ മുറ്റത്തു നിന്നാണ്. കൃത്യമായി പറഞ്ഞാല്‍ എതിര്‍വശത്തെ Gracia da orta ഗാര്‍ഡനില്‍ നിന്നും. ബാന്റ്  വാദ്യത്തിന്റെ അകമ്പടിയോടെ ക്രിസ്തുമസ് സാന്തകളായി കുട്ടിക്കൂട്ടം നഗരം ചുറ്റി. ഒപ്പം മുതിര്‍ന്നവരും.

LET THE CHRISTMAS SPIRIT BEGIN- SPIN WITH SANTA- 

പഞ്ചിമിന്റെ രാത്രികാല ട്രാഫിക്കിനെയൊന്ന് ചുറ്റിച്ച മട്ടില്‍ കരോള്‍ സംഘം സൈക്കിളോടിച്ച് കടന്ന് പോയി. നേരത്തെ മിസ്റ്റര്‍ ബേക്കര്‍ 1922 വില്‍ നിന്നും വാങ്ങി കൈയില്‍ കരുതിയ ഷോര്‍ട്ട് ബ്രഡ് ജാമീസ് നാവില്‍ അലിഞ്ഞില്ലാതായി.

Goa Christmas

തെരുവുവിളക്കുകള്‍ വിശക്കുന്നവന് വഴികാട്ടിയാകും എന്ന് പറയുന്നത് എത്ര ശരിയാണ്. ചെന്നെത്തിയത് CAFE RITZ റസ്റ്റോറന്റിലേക്ക്. പഞ്ചിമിലെ ഏറ്റവും മികച്ച ഫിഷ് താളികളിലൊന്ന് വിളമ്പുന്ന ഇടം. ഡ്യൂര്‍ട്ടോ പച്ചീക്യോ റോഡിലെ റസ്റ്റോറന്റില്‍ സാമാന്യം വലിയ ആള്‍ക്കൂട്ടം. ഒടുവിലൊരു സീറ്റ് തരപ്പെട്ടു. ചോറിനൊപ്പം 4 തരം മീന്‍ വിഭവങ്ങള്‍. കൂട്ടത്തില്‍ എമണ്ടന്‍ കിങ് ഫിഷ് വറുത്തതടക്കം ഭക്ഷണം ചൂടോടെ എത്തി. മീന്‍ കറികളുടെ ഈണം ആവോളം ആസ്വാദിക്കണമെന്നുളളവര്‍ക്ക് ഒരല്‍പം ബീയറും ഗോവന്‍ പോര്‍ട്ട് വൈനുമൊക്കെ നുകരാം. റവയില്‍ മുക്കിയെടുത്താണ് മീന്‍ വറത്തിരിക്കുന്നത്. നമ്മുടെ അയിലയും ചെമ്മീനും ഒക്കെയുണ്ട് കൂട്ടിന്. കക്ക തോടോടു കൂടി തേങ്ങ അരച്ചു ചേര്‍ത്ത കറിക്ക് ഉഗ്രന്‍ സ്വാദ്. മീന്‍ മുക്കി കഴിക്കാന്‍ പച്ചമുളക് നനുങ്ങനെ അരിഞ്ഞിട്ട് തയ്യാറാക്കിയ പുളി വെള്ളം. കേവലം 180 രൂപയ്ക്ക് അറബികടലിന്റെ രുചിവൈവിധ്യം മുഴുവനും നിങ്ങളുടെ നാവിലെത്തുന്നു. ദോഷം പറയരുതല്ലോ, റസ്റ്റോറന്റുകളും കടകളും ബീച്ചുകളുമെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പോര്‍ച്ചുഗീസുക്കാരെ കെട്ടു കെട്ടിച്ചതിന്റെ വാര്‍ഷികം ആഘോഷിക്കുന്ന ആവേശത്തില്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന ഗോവന്‍ നിവാസികളുണ്ടോ ഇത് വല്ലതും വകവയ്ക്കുന്നു? കൂട്ടത്തിലെത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകളിലെ മിക്കവരും മാസ്‌ക്ക് കാറ്റില്‍ പറത്തി പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങുന്നു.

Goa Food

പതിവില്‍ നിന്നും വിപരീതമായി ഇത്തവണ ഗോവയില്‍ ക്രിസ്മസിന് തിരക്ക് അല്‍പം കുറവുണ്ട്. കുടുംബമായും കൂട്ടുകാരുമൊത്തും ഇനി ഒറ്റയ്ക്കും ഗോവന്‍ പര്യടനം നടത്താന്‍ പറ്റിയ സമയമാണ്. ഓള്‍ഡ് ഗോവയില്‍ ബോം ജീസസ് ബസിലിക്കയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. അഞ്ജുന, കല്ലംകട്ട്, പാംപോലെം, ബാഗ, വാഗേറ്റര്‍  ബീച്ചുകളും അഗൂഡകോട്ട ഉള്‍പ്പെടെയുളള പുരാവസ്തുവകുപ്പിന്റെ മ്യൂസിയങ്ങളുമൊക്കെ തുറന്നിട്ടുണ്ട്. ഓണ്‍ലൈനില്‍ ടിക്കറ്റ് എടുക്കണം.വാട്ടര്‍ സ്‌പോര്‍ട്ട്‌സ്, പാരാ ഗ്ലൈഡിങ് എന്നിവയൊക്കെ സജീവം. താമസം മാത്രം നേരത്തെ ബുക്ക് ചെയ്ത് യാത്ര ആരംഭിക്കുക.

Goa

ഫെലിസ് നാറ്റാല്‍... ഹാപ്പി ക്രിസ്മസ് എന്ന് പോര്‍ച്ചുഗീസില്‍ നിങ്ങളുടെ അമിഗോസിനൊക്കെയും ആശംസകള്‍ നേര്‍ന്ന് മടങ്ങി വരിക.

Content Highlights: Goa Travel, Goa Tourism, Goa Christmas, Christmas Destinations in India, Incredible India