സ്കൂളിൽ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് എന്നോ കിട്ടിയ അറിവായിരുന്നു ഇന്ത്യയിൽ സിംഹങ്ങളുള്ളത് ഗുജറാത്തിലെ ഗിർ വനത്തിൽ ആണ് എന്ന്. അന്ന് എന്നോ മനസ്സിൽ കുറിച്ചു വെച്ചിരുന്നു. എന്നെങ്കിലും അവിടെ പോകണം, സിംഹത്തെ കാണണം എന്നൊക്കെ. കാലക്രമേണ അതൊക്ക മറന്നുപോയതിനാലാകണം ഇത്തവണ കോഴിക്കോട് നിന്നും അഹമ്മദാബാദിലേക്ക് വണ്ടി കയറുമ്പോൾ അങ്ങനെയൊരു ചിന്തയൊന്നും മനസ്സിൽ വരാഞ്ഞത്.

Gir

മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിമാത്രം ആയിരുന്നു യാത്ര. പക്ഷെ അവിടെ എത്തി ഏകദേശം കാഴ്ചകളൊക്കേ കണ്ടുകഴിഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന പലരുടെയും മനസ്സ് മാറി ഇതുവരെ വന്ന സ്ഥിതിക്ക് ഗിർ കൂടെ കണ്ട് മടങ്ങാം എന്നായി. പിന്നെ ഗിർ വന സന്ദർശനത്തിനുള്ള  അന്വേഷണങ്ങളായി, ചർച്ചകളായി.

Gir 3

കേരളം പോലെയല്ല ഗുജറാത്ത് വലിയ സംസ്ഥാനം ആണ്. ഒരു ജില്ലയിൽ നിന്ന് അടുത്ത ജില്ലയിലേക്ക് സഞ്ചരിക്കാൻ ഒരുപാട് സമയമെടുക്കും തുടങ്ങിയ കാര്യങ്ങളും ചർച്ചക്കിടയിൽ വന്നു. പിന്നെ നേരെ ജുനഗഡ് ലക്ഷ്യമാക്കി ഒരു പോക്കായിരുന്നു. ഗിർ കൂടാതെ കാണാനുള്ള സ്ഥലങ്ങളും യാത്രാമാർഗങ്ങളും സംവിധാനവും എല്ലാം ഏറെക്കുറെ റെഡിയാക്കി. ജുനഗഡ് നിന്നും ഗിറിലേക്ക് 2.30 മണിക്കൂർ യാത്ര ഉണ്ട്. എട്ടുപേർ അടങ്ങുന്നാതായിരുന്നു ഞങ്ങളുടേ സംഘം. അതുകൊണ്ട് തന്നെ ഒമിനി വാനിൽ ആയിരുന്നു അങ്ങോട്ടുള്ള യാത്ര. വളരെ രസകരവും കൗതുകം നിറഞ്ഞതുമായിരുന്നു ആ യാത്ര.

Gir 4

നമ്മുടെ നാട്ടിലേ പോലെയല്ല, അവിടെ ഒമിനി വാനിൽ യാത്രകാർക്ക് ഇരിക്കാനുള്ള സംവിധാനം. വാഹനത്തിന്റെ പുറകുവശം തുറന്ന് വച്ച് അവിടെയും ആളുകൾക്ക് ഇരിക്കാൻ ഉള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. പട്ടണത്തിൽ നിന്നും ഏതാനും സമയം യാത്ര ചെയ്താൽ പിന്നെ ദേശീയപാതയിലേക്ക് കടക്കും. ഇരുവശത്തും പച്ച വിരിച്ചു കിടക്കുന്ന വയലുകൾ. അവിടെ പലവിധം കൃഷികൾ.  നെല്ല്, പയറുവർഗങ്ങൾ, പരുത്തി അങ്ങനെ പലതും കൂടാതെ സ്വൈര്യവിഹാരം നടത്തുന്ന ഗോക്കൾ. കാലികളെ മേയ്ക്കുന്നവർ ഇടയ്ക്കിടയ്ക്ക് എത്തുന്ന ചെറിയ ഗ്രാമങ്ങൾ.  അവിടത്തെ ഗ്രാമീണർ, അവരുടെ ജീവിതം എല്ലാം കണ്ടുകൊണ്ടുള്ള യാത്ര വളരെ രസകരമാണ്. യാത്ര പകൽ സമയത്തായതുകൊണ്ട് തന്നെ വെയിലിന്റെ ചൂട് അസഹനീയമായിരുന്നു.

Gir 5

ഏകദേശം മൂന്നുമണിയോടുകൂടിയാണ് അവിടെ എത്തിയത്. നേരെ അടുത്തുള്ള ധാബയിൽ കയറി നല്ല നാടൻ ഗുജറത്തി താലി കഴിച്ചു. അതിന്റെ ഹാങ്ങോവറിൽ ആണ് ​ഗിർ നാഷണൽ പാർക്കിന്റെ കവാടം കടന്നത്. രണ്ട് തരം സഫാരികൾ ആണ് അവിടെ ഉള്ളത്. ഒന്ന്‌ ആറുപേർ അടങ്ങുന്ന ജിപ്സി വാനിന് 4500 രൂപയാണ് ചാർജ്. പിന്നെ മുപ്പത് പേര് അടങ്ങുന്ന ബസ് സഫാരി. ഞങ്ങൾ തിരഞ്ഞെടുടുത്തത് അതായിരുന്നു ഒരാൾക്ക് 200 രൂപയാണ് ചാർജ്. ടിക്കറ്റ് എടുത്ത് കുറച്ച് സമയം കാത്തിരുന്നപ്പോൾത്തന്നെ ഞങ്ങൾക്കുള്ള ബസ് എത്തി. നല്ല വൃത്തിയിൽ ഒരുക്കിയ സഫാരി ബസിൽ ഓരോരുത്തർക്കും സീറ്റ് നമ്പർ നൽകിയിരുന്നു. പക്ഷേ ഞങളുടെ ബസിൽ അധികം ആളുകളില്ലാതിരുന്നതിനാൽ പലർക്കും തോന്നിയപോലെ ഇരിക്കാൻ അവസരം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മുമ്പിലെ സീറ്റിൽ ഞാൻ ചാടിക്കയറി ഇരുന്നു.

Gir 6

സഫാരി തുടങ്ങുന്നതിന് ഒരു കവാടം കടക്കേണ്ടതുണ്ട്. അതുകടന്ന് ചെല്ലുന്നത് ഗിർ വനത്തിന്റെ ഉള്ളിലേക്കാണ്. പടിഞ്ഞാറൻ ഇന്ത്യയിലെ ഏറ്റവും വലിയ ഉണങ്ങിയ ഇലപൊഴിയും വനമാണിത്. 1412 ചതുരശ്ര കിലോമീറ്റർ കിലോ മീറ്റർ വിസ്തീർണമുണ്ട്. വിശാലമായ പുൽമേടുകൾ അവിടവിടെയായുണ്ട്. ചെറിയമരങ്ങളും വെള്ളക്കെട്ടുകളും കൂടാതെ ചാറ്റൽ മഴയും. സിംഹം ആണ് ലക്ഷ്യം എങ്കിലും കാട്ടിലെ രാജാവിന്റെ ദർശനം എപ്പോളും കിട്ടാൻ സാധ്യത വളരെ കുറവ് ആണ്. ബസ്സിൽ കയറിയപ്പോൾ തന്നെ ഡ്രൈവറോട് ആദ്യം ചോദിച്ചത് നമുക്ക് സിംഹത്തെ കാണാൻ പറ്റുമോ എന്നായിരുന്നു. തീർച്ചയായും കാണാം എന്നു മറുപടി. പക്ഷേ ചെറിയ തോതിൽ മഴ പെയ്യാൻ തുടങ്ങിയപ്പോൾ കാണാൻ പറ്റുമോ എന്ന് ആൾക്കും ചെറിയ സംശയം . മഴ പെയ്യ്താൽ സിംഹങ്ങൾ ഉൾവനത്തിലേക്ക് മാറും എന്നതിനാലായിരുന്നു അത്.

Gir 7

2017 ലെ സെൻസസ് പ്രകാരം 650 ഏഷ്യൻ സിംഹങ്ങൾ ഈ മേഖലയിൽ ഉണ്ട്. പക്ഷേ മഴ കനത്താൽ ഒന്നിനെയും കാണാൻ പറ്റില്ല. ചെറിയ മഴയുടെ സാന്നിധ്യത്തിൽ തന്നെ യാത്ര തുടർന്നു. കാടിന്റെ ഭീകരത വിളിച്ചുപറയുന്നതായിരുന്നു ആദ്യം കണ്ട കാഴ്ച. വലിയ ഒരു മ്ലാവിന്റെ ജീർണിച്ച ശവശരീരം. സിംഹവും പുലിയും കടുവയും വാഴുന്ന കാട്ടിൽ അത്തരം ഒരു കാഴ്ച കാണുന്നതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. പെട്ടെന്നാണ് ഡ്രൈവർ വണ്ടി നിർത്തിയത്. ചുറ്റും ഒന്നു കണ്ണോടിച്ചപ്പോൾ നമ്മുടെ കഥാനായകനുണ്ട് ഒരു മരച്ചുവട്ടിൽ മഴയിൽ നിന്നും രക്ഷ നേടാനെന്നോണം കിടക്കുന്നു. പുറകിൽ ചെറിയ ഒരു തടാകവുമുണ്ട്.  തടാകത്തിന്റെ കരയിൽ ശിരസ്  ഉയർത്തി ഗമയിലുള്ള സിംഹരാജാവിന്റെ ഇരുത്തം കാണേണ്ട കാഴ്ച തന്നെയാണ്.

Gir 8

മഴ കനത്തു വരുന്നത് കൊണ്ട്  അധികം അവനെ നോക്കിയിരിക്കാൻ കഴിഞ്ഞില്ല. ഡ്രൈവർ വണ്ടി എടുത്തു. പക്ഷേ ഈയൊരു കാഴ്ചകൊണ്ടു തന്നെ എല്ലാരുടെയും മനസ്സ് നിറഞ്ഞു. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കാടിന് നടുവിലൂടെയുള്ള വിജനമായ ഒറ്റവഴി. ഇരുവശത്തും ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന കാട്ടുചെടികൾ. ഇടക്കിടക്ക് വന്ന് പോകുന്ന മാൻകൂട്ടം... എല്ലാം കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചയാണ്. പുലി, കടുവ എന്നിവയെല്ലാം ഓരോ സമയത്ത് ദർശനം തന്നു. പെട്ടന്നാണ് ബസ്സിന്‌ തൊട്ടരികിൽ  രണ്ട് സിംഹങ്ങൾ ഇരിക്കുന്നത് കണ്ണിൽപ്പെട്ടത്. അവയെ ഇത്രയടുത്ത് കിട്ടിയപ്പോൾ തോന്നിയ സന്തോഷം ചെറുതല്ല. പിന്നെ ഒന്നും നോക്കിയില്ല, ക്യാമറ എടുത്ത് തുരുതുരാ ചിത്രങ്ങളെടുത്തു.

Gir 9

കാടിറങ്ങുമ്പോൾ മനസും ക്യാമറയിലെ മെമ്മറി കാർഡും ഒരുപോലെ നിറഞ്ഞു. എന്നോ മനസ്സിൽ  കുറിച്ചിട്ട ഒരു ആഗ്രഹം പൂർത്തിയാക്കിയ സന്തോഷത്തിലാണ് അവിടെനിന്നും മടങ്ങിയത്.  

Content Highlights: gir national park safari, gujarat tourism, lions in gir forest, wildlife in india