ശീതകാലമെത്താന്‍ ആഴ്ചകള്‍ ശേഷിക്കേ അപൂര്‍വമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ജോധ്പുരിലെ ഝാല്‍ തടാകം. ഇവിടേക്ക് ഒരുപറ്റം ഫ്‌ളെമിംഗോ പക്ഷികള്‍ ദേശാടനത്തിനായി എത്തിയിരിക്കുകയാണ്.
നേരത്തെ എത്തിയതുകൊണ്ടും പുതിയ ഇടമാണ് ദേശാടനത്തിനായി തിരഞ്ഞെടുത്തത് എന്നതിനാലും ഇതൊരു അസാധാരണ സംഭവമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
'താപനില ഇപ്പോഴും വളരെ ഉയര്‍ന്നതാണ്. ശീതകാലം ഇനിയും ഏതാനും ആഴ്ചകള്‍ അകലെയാണ്. പക്ഷേ വിദൂര ദേശങ്ങളില്‍ നിന്നുള്ള പക്ഷികള്‍ ഇതിനകം യാത്ര ആരംഭിച്ചിരിക്കുന്നു. കോവിഡ് -19 ന് നന്ദി പറയുന്നു. പാരിസ്ഥിതിക അവസ്ഥയിലെ പുരോഗതിയും സമീപകാലത്തെ മികച്ച പരിപാലന ശ്രമങ്ങളും ഇതിന് കാരണമായിരിക്കാം.' പക്ഷി വിദഗ്ധന്‍ കെ.പി. സിംഗ് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് പറഞ്ഞു.
മറ്റ് ചിറകുള്ള സന്ദര്‍ശകര്‍ക്കൊപ്പം രണ്ട് ജനുസ്സില്‍പ്പെട്ട അരയന്നങ്ങളെയും കണ്ടതായി സിംഗ് പറഞ്ഞു. 125 ഓളം വ്യത്യസ്ത ഇനം പക്ഷികളാണ് ജോധ്പൂര്‍ ഝാല്‍ പ്രദേശത്തുള്ളത്. ഈ ദേശാടന പക്ഷികള്‍ സാധാരണയായി ഭരത്പൂര്‍ ജില്ലയിലെ പ്രശസ്തമായ കിയോലാഡിയോ ദേശീയ ഉദ്യാനത്തിലോ യമുനയിലെ ആഗ്രയിലെ സൂര്‍ സരോവര്‍ പക്ഷിസങ്കേതത്തിലോ ആണ് ഇറങ്ങാറുള്ളത്.
ഝാല്‍ പ്രദേശത്ത് ഇതാദ്യമായാണ് അരയന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ദേശാടന പക്ഷികളെ കാണുന്നത് എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ തണ്ണീര്‍ത്തടം ഭരത്പൂരിനും ആഗ്ര സങ്കേതത്തിനും ഇടയിലുള്ള ഒരു പാതയാണ്.
നല്ല മഴ കാരണം ധാരാളം ശുദ്ധജലവും സമ്പന്നമായ തീറ്റയും പക്ഷികളെ ആകര്‍ഷിച്ചെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ദേവാശിഷ് ഭട്ടാചാര്യ പറഞ്ഞു. സോര്‍ സരോവര്‍ വെള്ളത്തില്‍ വ്യാവസായിക മാലിന്യങ്ങളും വിഷവസ്തുക്കളും നിറഞ്ഞിരിക്കുന്നു. ഓഖ്ലയില്‍ നിന്ന് തുടങ്ങി വ്യവസായ ക്ലസ്റ്ററുകളായ ഫരീദാബാദ്, ബല്ലഭ്ഗഡ്, പല്‍വാള്‍ എന്നിവിടങ്ങള്‍ കടന്ന് ഇത് ആഗ്ര കനാലിലെത്തുന്നു. മലിനജലം ജലജീവികള്‍ക്ക് ഭീഷണിയാണ്. കെയ്തം തടാകം ഈ വര്‍ഷം ദേശാടന പക്ഷികളെ ആകര്‍ഷിക്കാത്തതിന്റെ കാരണം ഇതാണെന്നും ഭട്ടാചാര്യ പറഞ്ഞു.
Content Highlights: Flamingos in Agra, Jhal Lake Jodhpur, Bharatpur Birds, Soor Sarovar Bird Sanctuary