ഐആര്‍സിടിസി ഭാരത് ദര്ശന് യാത്രയുടെ അവസാനദിവസം വൈകുന്നേര സമയമാണ് കൊണാര്ക്കിലെത്തുന്നത്. പഠിക്കുന്ന കാലത്ത് സാമൂഹിക പാഠപുസ്തകത്തിലൂടെയാണ് കൊണാര്‍ക്കിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. കടല്‍ക്കാറ്റേറ്റും പ്രകൃതിക്ഷോഭത്താലും നാമാവശേഷമാവുന്ന ആ അത്ഭുത സൃഷ്ടിയെ മുഴുവനായി തകര്ന്നില്ലാതാകുന്നതിന് മുമ്പ് ഒരു തവണയെങ്കിലും കാണാന്‍ പോകണമെന്നാണ് ടീച്ചര്‍ ക്ലാസ്സവസാനിക്കുമ്പോൾ പറഞ്ഞത്
അന്നത്തെ സാമൂഹ്യപാഠം ക്ലാസ്സിലിരുന്ന കുട്ടിയുടെ മനസ്സോടെ 'അനന്തരം ഞാനത് കണ്ടു' എന്ന ഭാവമായിരുന്നു കണ്ടമാത്രയില്‍ ആദ്യം ഉള്ളിലേക്കത്തെിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ മഹാ സൃഷ്ടി തകര്‍ന്നടിയാതിരിക്കാന്‍ ഇന്ന് ഇരുമ്പുകമ്പികള്‍ കൊണ്ട് താങ്ങിനിര്‍ത്തിയിരിക്കുകയാണ്. കേട്ടകഥകളിലെ കൊണാര്ക്കല്ല ഇന്ന് അവശേഷിച്ച കൊണാര്‍ക്ക്. ക്ഷേത്രശ്രീകോവിലും മറ്റ് അനുബന്ധ കെട്ടിടങ്ങളുമെല്ലാം തകര്‍ന്ന് ആര്‍ക്കിയോളജിസ്റ്റുകളുടെ ഇടപെടലോടെ ഇരുമ്പ് കമ്പികളുടെ താങ്ങലില്‍ തകരാതെ നില്ക്കുന്ന ഒരു രൂപം മാത്രമാണിന്നത്. പക്ഷെ ആ അവശേഷിക്കുന്ന രൂപവും നമ്മില്‍ ഉണര്‍ത്തുന്ന അത്ഭുത ഭാവം ചെറുതല്ല. കാറ്റും അസ്തമയ സൂര്യന്റെ ചെറു പ്രകാശവും ചെറിയ തണുപ്പും എല്ലാം ചേര്‍ന്ന് കൊണാര്‍ക്കിനെ കാണുക മാത്രമായിരുന്നില്ല അനുഭവിക്കുകയായിരുന്നു ഞങ്ങളൊന്നാകെ.
40 രൂപയാണ് പ്രവേശന ഫീസ്. രാവിലെ ആറ് മുതല്‍ 8 മണിവരെയാണ് പ്രവേശന സമയം. പുരിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായാണ് സൂര്യദേവന് ആരാധനാ മൂര്‍ത്തിയായ കൊണാര്‍ക്ക് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പുരിയില്‍ നിന്ന് ബസ് കയറി ഒരുമണിക്കൂറിനകം കൊണാര്ക്കിലെത്തിച്ചേരാം. കൊണാര്‍ക്ക് സൂര്യക്ഷേത്രത്തില് നിന്ന് ആറ് മിനുട്ട് ദൂരം മാത്രമേ കൊണാര്‍ക്ക് ബസ്സ്റ്റാന്ഡിലേക്കുള്ളൂ.
12 വര്‍ഷം കൊണ്ട് 1200 ശില്പികള് ചേര്‍ന്ന് കരിങ്കല്ലില്‍ തീര്‍ത്ത അത്ഭുതമാണ് ഒറീസ്സയിലെ പുരിയില്‍ സ്ഥിതി ചെയ്യുന്നതെന്ന് ഓര്‍മ്മ വെച്ച വേണം ആ മനോഹര സൃഷ്ടിയെ അനുഭവിച്ചറിയാന്‍. ഏഴുകുതിരകള്‍ വലിക്കുന്ന രഥത്തിന്റെ മാതൃകയിലാണ് കൊണാര്‍ക്ക് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിനു മുന്നിലായി കവാടത്തിന്റെ ഇരുവശത്തുമായി ആനയുടെ പുറത്ത് കയറി നില്ക്കുന്ന സിംഹങ്ങളുടെ ശില്പങ്ങളുമുണ്ട്. ഇരുവശങ്ങളിലുമായി മൂന്ന് മീറ്റര്‍ വ്യാസത്തിലുള്ള 24 ചക്രങ്ങളാണുള്ളത്. എല്ലാം കല്ലില്‍ കൊത്തിയെടുത്തത്. രഥചക്രങ്ങള്‍ സൂര്യഘടികാരത്തെ കൂടി സൂചിപ്പിക്കുന്നു. ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴല്‍ നോക്കി സമയം ഗണിക്കാനാകുമെന്ന് കൂടെക്കൂടിയ ഗൈഡ് പറഞ്ഞു. ക്ഷേത്രത്തിന്റെ ചുമരില്‍ 2000 ആനകളെ കൊത്തിവെച്ചിട്ടുണ്ട്.
1238ഉം 1264നും ഇടയില്‍ കിഴക്കന്‍ ഗംഗാ പ്രദേശത്തിന്റെ രാജാവായിരുന്ന നരസിംഹദേവനാണ് ക്ഷേത്രം പണിതതെന്ന് പറയപ്പെടുന്നു. രാജ നരസിംഹദേവന്‍ തന്റെ രാജ്യത്തിന്റെ പന്ത്രണ്ടു വര്‍ഷക്കാലത്തെ വരുമാനം ഇതിനായി ചെലവഴിച്ചു. കിഴക്ക് ദര്‍ശനമായാണ് ക്ഷേത്രം നിലനില്‍ക്കുന്നത്. ഉദയ സൂര്യന്റെ പ്രകാശ രശ്മികള്‍ പ്രധാന വിഗ്രഹത്തിന്റെ മൂര്‍ധാവില്‍ പതിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിര്‍മ്മാണം. സൂര്യദേവന്റെ ഉദയം, മധ്യാഹ്നം, അസ്തമയം എന്ന മൂന്നു ഭാവങ്ങള്‍ പ്രധാന ക്ഷേത്രത്തിന്റെ മൂന്നു ഭാഗങ്ങളിലായി നിര്‍മിച്ചിരിക്കുന്നു. കല്ലുകള്‍ തമ്മില്‍ യോജിപ്പിക്കാന്‍ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്. ഓരോ കല്ലും പ്രത്യേക രീതിയില്‍ കൂട്ടിയിണക്കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്നും ഗൈഡ് ഞങ്ങളോട് പങ്കുവെച്ചു.
മുന്നോട്ടു പോവുമ്പോള്‍ ദീര്‍ഘചതുരാകൃതിയിലുള്ള പ്രദേശത്തിന്റെ പല ഭാഗങ്ങളിലായി പല നിര്‍മ്മിതികളുടെയും അവശിഷ്ടങ്ങള്‍ അങ്ങിങ്ങായി കാണാം. പ്രവേശന ഫീസെടുത്ത് കടക്കുമ്പോള്‍ ആദ്യം കണ്ണില്‍ പതിയുന്നത് മേല്‍ക്കൂര പോയ നടനമണ്ഡപത്തിനിടയിലൂടെയുള്ള കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ കാഴ്ചയാണ്. സൂര്യാരാധനയുടെ ഭാഗമായി കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് നടനമണ്ഡപം പണിതിരിക്കുന്നത്. ഇന്നാ നടന മന്ദിരത്തിന് മേല്‍ക്കൂരയില്ലാത്ത നിലയിലാണ്. പ്രധാനക്ഷേത്രവും അതിന്റെ ഭാഗമായ ശ്രീകോവിലും പൂര്‍ണ്ണമായും തകര്‍ന്നു. ഇതിന്റെ മേല്‍ക്കൂര 19ാം നൂറ്റാണ്ടിലാണ് നശിപ്പിക്കപ്പെടുന്നത്. ശ്രീകോവില്‍ നിലനിന്ന ഭാഗത്ത നിന്നു കിട്ടിയ പലതരത്തിലുള്ള വിഗ്രഹങ്ങള്‍, ജ്യാമിതീയ രൂപങ്ങള്‍, എന്നിവ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയില്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ശ്രീകോവിന്റെ മുന്നിലുള്ള ജഗമോഹന ഹാളാണ് ഇന്നു നാം കാണുന്ന കൊണാര്‍ക്ക് ചിത്രങ്ങളില്‍ അവശേഷിക്കുന്ന രൂപം. ഇതും ഭാഗികമായി തകര്‍ന്ന നിലയിലാണ്. ഇവ ഇടിഞ്ഞു വീഴാതിരിക്കാനായി ഉള്‍ഭാഗം കല്ലും മണ്ണും നിറച്ച് അടച്ചിരിക്കുകയാണ്. കൂടാതെ ക്ഷേത്രം ഇപ്പോള്‍ ഇരുമ്പ് പൈപ്പുകളാല്‍ താങ്ങി നിര്‍ത്തിയിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ പ്രധാന പ്രതിഷ്ഠ പുരി ജഗന്നാഥന്റെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയെന്ന് പറയപ്പെടുന്നു. പ്രധാന ക്ഷേത്രത്തിന് ചുറ്റും ഇരുപത്തി രണ്ട് ഉപക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വൈഷ്ണവ ക്ഷേത്രവും മായാ ദേവീ ക്ഷേത്രവും മാത്രമേ അവശേഷിക്കുന്നുള്ളൂ. നടന മണ്ഡപം, ഭോഗ മണ്ഡപം, ജഗന്മോഹന് മണ്ഡപം എന്നിവയാണ് പൂർണ്ണമായും തകരാതെ അവശേഷിച്ചവ.
1901ലാണ് ക്ഷേത്രം പുരാവസ്തുവകുപ്പ് ഏറ്റെടുക്കുന്നത്. കല്ലുകള്‍ വൃത്തിയാക്കുക, അതിലെ ഉപ്പിന്റെ അംശം പ്രത്യേക തരത്തിലുള്ള പേപ്പറുകള്‍ കൊണ്ട് ഒപ്പിയെടുക്കുക, പൂപ്പലിനെ പ്രതിരോധിക്കുക തുടങ്ങീ ഒട്ടേറെ സംരക്ഷണ പ്രവൃത്തികളാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. യുനെസ്കോ പൈതൃകപട്ടികയില്‍ ഇടം നേടിയ സ്മാരകത്തിന്റെ നിയന്ത്രണവും സംരക്ഷണവുമെല്ലാം പുരാവസ്തുവകുപ്പിന്റെയും സർക്കാരിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്. ക്ഷേത്രത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ പലവിധ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുമുണ്ട്.
ഗൈഡ് പറഞ്ഞത്
ക്ഷേത്രത്തിന്റെ പണിപൂര്‍ത്തിയാവാതെ ആരെയും പോകാന്‍ രാജാവനുവദിച്ചില്ലെന്ന തൊഴിലാളികളുടെ കഥന കഥ കൂടി നാമാസ്വദിക്കുന്ന ക്ഷേത്രത്തിന്റെ മനോഹാരിതയ്ക്ക് പിന്നിലുണ്ട്. ബിസു മോഹരാണയായിരുന്നു ക്ഷേത്ര ശില്പി. അദ്ദേഹത്തിന്റെ മകനും പിന്നീട് ക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളിയായി. ക്ഷേത്രഗോപുരത്തിന്റെ മുകളില്‍ മകുടം വെക്കാന്‍ കഴിയാതെ വിഷമിച്ചു നിന്ന് ബിശു മഹാരാണയ്ക്കും 1200 ശില്പികള്ക്കും ഗോപുരത്തിന്റെ മുകളില്‍ കയറി ജീവന് ത്യജിച്ചു കൊണ്ടാണ് പ്രശ്നത്തിനുള്ള പരിഹാരം ബിസുവിന്റെ മകൻ കണ്ടെത്തിയതെന്നുമുള്ള കഥകള്‍ കൊണാര്ക്കുമായി ബന്ധപ്പെട്ട് പറയപ്പെടുന്നു.
വായിച്ചറിഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ വിവരണമാണ് ഗൈഡ് ഞങ്ങൾക്ക് പറഞഞു തന്നത്. അവയെല്ലാം സ്ഥിരീകരണമില്ലാത്ത എന്നാല്‍ കേൾക്കാന്‍ രസമുള്ള കഥകളായിരുന്നു. ക്ഷേത്ര ശ്രീകോവിലിനു മുകളില്‍ സ്ഥിതി ചെയ്തിരുന്ന ഒരു കല്ലിന് കാന്തിക ശക്തിയുണ്ടായിരുന്നത്രെ. ഈ കല്ല് വായുവില്‍ ഉയര്‍ന്നു എങ്ങും തൊടാതെ നില്‍ക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. ഈ കാന്തിക ശക്തിയുടെ ബലത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവത്രേ ക്ഷേത്രം നിര്‍മിച്ചത് . കൊണാര്‍ക്കിൽ നിന്ന് ഏതാനും വാരം അകലെ മാത്രമാണ് കടൽ. ഈ കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കും മറ്റും കാന്തം മൂലം അനേകം അപകടങ്ങള്‍ ഉണ്ടായി. ദിശ കാണിക്കാനായി കപ്പലുകളില്‍ സൂക്ഷിക്കാറുള്ള കോമ്പസ്സുകള്‍ ഈ കാന്തിക പ്രഭാവം മൂലം തെറ്റായി ദിശ കാണിച്ചതാണ് കാരണമെന്നുള്ള കഥകളും കൊണാര്‍ക്കിനെ ചുറ്റിപ്പറ്റിയുണ്ട്.. ക്ഷേത്രത്തിലെ ഈ കല്ലാണ് തങ്ങളുടെ കപ്പലുകളുടെ ദിശ തെറ്റാന്‍ കാരണമെന്ന് മനസ്സിലാക്കിയ പോര്‍ച്ചുഗീസുകാര്‍ ക്ഷേത്രത്തിന് മുകളില്‍ കയറി ഈ കല്ലെടുത്ത് മാറ്റുകയും തന്മൂലം പരസ്പരം കാന്തികമായി ബന്ധപെട്ടു കിടന്ന കല്ലുകള്‍ക്ക് സ്ഥാന ഭ്രംശം സംഭവിച്ച് ക്ഷേത്രം ക്രമേണ നശിച്ചു എന്നുമുള്ള കഥകളുമുണ്ട്.
എളുപ്പം പൊടിയുന്ന കല്ല് നിര്‍മ്മാണത്തിനുപയോഗിച്ചത് മനപ്പൂര്‍വ്വമോ
കടലില്‍ നിന്നടിക്കുന്ന ഉപ്പുകാറ്റിന്റെ നശീകരണ സ്വഭാവത്തെ കുറിച്ച് ഇതിന്റെ ശില്പികള് അറിയാതെ പോയതെന്തേ, മണല്‍ കാറ്റും അന്തരീക്ഷത്തിലെ ഈര്‍പ്പവും ഈ മനോഹര സൃഷ്ടിയെ ബാധിക്കുമെന്ന് ഇവരറിയാതെ പോയോ, ഇത്രയധികം വര്‍ഷമെടുത്ത് ഇത്രയധികം ആളുകളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ശില്പ ചാരുതയില്‍ പണിത ഈ ശില്പം കാലാതിവര്‍ത്തിയായി നിലനില്ക്കരുതെന്ന് പണിതവര്‍ ആഗ്രഹിച്ചുപോയോ. കോണ്ഡോലൈറ്റ് കല്ലുകള്‍ ഉപ്പുകാറ്റേറ്റാല് എളുപ്പം ദ്രവിക്കുമെന്ന് അവരറിഞ്ഞിരുന്നില്ലേ. എന്ത്കൊണ്ടാണ് കാഠിന്യമേറിയ കല്ല് ഉപയോഗിച്ചില്ല. പ്രത്യേകിച്ച് പ്രധാന കവാടത്തിലെ കട്ടിളയും സൂര്യദേവന്റെ പ്രതിമയും നിർമ്മിക്കാൻ തുടങ്ങീ ഒട്ടേറെ ചോദ്യങ്ങളവശേഷിക്കുന്നുണ്ട്.
കൊണാര്‍ക്ക് ക്ഷേത്രത്തെക്കുറിച്ച് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞത് ഇപ്രകാരമാണ് : ' ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്നു'.ഇനിയെത്രനാള്‍ ഇത് അവശേഷിക്കും എന്നറിയില്ല.അതു കൊണ്ട് ഇതുവരെ കാണാത്തവര്‍ ഒരിക്കലെങ്കിലും കാണണം. അത്രയ്ക്ക പഴക്കമേറിയ ചരിത്രശേഷിപ്പ് ജീവിതത്തില്‍ കണ്ടും സ്പര്‍ശിച്ചുമുള്ള അനുഭവം വേറെ തന്നെയാണ്.
content highlights: Fetures of Konark Temple, Trip to Konark,Orissa Puri Full history features and current status