110 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന കടല്‍ത്തീരമുള്ള ഗോവ അവിടുത്തുകാരുടെ ദൈനംദിന ജീവിതം മുന്നോട്ട് നടത്തുന്നത് കടലിനെ ആശ്രയിച്ച് തന്നെയാണ്.  വിവിധ തരം ജലവിനോദങ്ങള്‍ സജീവമായി നടക്കുന്ന ബീച്ചുകളാണ് ഗോവ സന്ദര്‍ശകര്‍ക്ക് മുന്നിലേക്ക് വയ്ക്കുന്നത്.  

Goa 1

ബിയര്‍ ലഹരിയില്‍ കടലിലെ കളികളും, കരയിലെ സൂര്യസ്‌നാനവുമൊക്കെ ആവോളമാസ്വദിക്കുന്നത് വിദേശീയരായ വിനോദസഞ്ചാരികളുടെ ഇഷ്ടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ നമ്മുടെ നാട്ടുകാരും ഇക്കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുന്നത് ഗോവന്‍ ടൂറിസം മേഖലയ്ക്ക് ഗുണകരമായിട്ടുണ്ട്.  പല കാര്യങ്ങളിലുമുള്ള ഭരണകൂടത്തിന്റെ നിരോധനങ്ങളും നിയന്ത്രണങ്ങളുമെല്ലാം ഒരു വശത്ത് നടക്കുന്നുണ്ട്. 

Gooa 2

എന്നിരുന്നാലും ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കില്‍ വലിയ കുറവൊന്നും വന്നിട്ടില്ല.  ഇത് ടൂറിസം മേKലയെ ചുറ്റിപ്പറ്റി ജീവിതം നെയ്‌തെടുക്കുന്നവര്‍ക്ക് ആശ്വസിക്കാവുന്ന കാര്യവുമാണ്. ഇന്നും ഗോവ പഴയ ഗോവ തന്നെയാണ്. പഴയ കാലത്തേതു പോലെ ഇന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒരുപാട് കാര്യങ്ങള്‍ അവിടെയുണ്ട്. അവയിലൊന്നിനെ പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്.

Goa 3

സ്ഫടിക സമാനമായ ഓളപ്പരപ്പുകളില്‍ സന്ദര്‍ശകര്‍ക്കായി നൃത്തം വയ്ക്കുന്ന ഒരു കൂട്ടരുണ്ട് ഗോവയില്‍; ഡോള്‍ഫിനുകള്‍ ......  അവരെ അടുത്ത് കാണാനും അവരുടെ നൃത്തം കണ്ട് ആസ്വദിക്കാനുമൊക്കെയായിരുന്നു  ഇത്തവണത്തെ ഗോവന്‍ യാത്ര. ഗോവയിലെ Calangute, Palolem, Agonda, Miramar, Aguada Bay, Dona Paula ബീച്ചുകളെ കേന്ത്രീകരിച്ചാണ് പ്രധാനമായും ടൂര്‍ ഓപ്പറേറ്റര്‍മ്മാര്‍ 'ഡോള്‍ഫിന്‍ ട്രിപ്പ്' സംഘടിപ്പിക്കുന്നത്.

 Goa 4

ഇവരുടെ ടൂറുകളില്‍ വലിപ്പച്ചെറുപ്പമുണ്ട്. അധികം പണം മുടക്കാന്‍ കഴിയുന്നവര്‍ക്കായി വലിയ വലിയ മോട്ടോര്‍ ബോട്ടുകളില്‍ എല്ലാ സൗകര്യങ്ങളോടും കൂടി ദൈര്‍ഘ്യമേറിയ ടൂറുകളും കുറച്ച് പണം മുടക്കി അല്‍പം ചെറിയ രീതിയില്‍ പോകുന്നവര്‍ക്കായി പരിമിതമായ സൗകര്യത്തില്‍ പത്തോ പന്ത്രണ്ടോ പേര്‍ക്കിരിക്കാവുന്ന ചെറിയ ബോട്ടുകളിലുള്ള യാത്രയും ഇതില്‍പ്പെടുന്നു. വര്‍ഷത്തില്‍ എല്ലാ സമയത്തും ഈ ടൂറുകളുണ്ട് എന്നിരുന്നാലും ഒക്ടോബര്‍ മാസം മുതല്‍ മെയ് മാസം വരെയാണ് സീസണ്‍.

Goa 5

ഇത്തവണത്തെ എന്റെ യാത്ര പണം അധികമൊന്നും പണം മുടക്കാതെ ആയതിനാല്‍ പത്തുപേര്‍ക്ക് കയറാവുന്ന ചെറിയ ഒരു ബോട്ടിലായിരുന്നു. സൗകര്യങ്ങള്‍ നന്നേ കുറവാണ്. ഓളപ്പരപ്പുകള്‍ക്ക് മുകളിലൂടെ ആടിയുലഞ്ഞുള്ള യാത്ര തെല്ലൊന്ന് സാഹസികമാണ്.  മറ്റൊന്ന് സുരക്ഷയുടെ കാര്യം; സുരക്ഷ എന്നത് പലപ്പോഴും പലരും ഇട്ടു പഴകിയ ഒരു ലൈഫ് ജാക്കറ്റില്‍ ഒതുങ്ങും. ചുരുക്കത്തില്‍ പൈസ കുറച്ച് നല്‍കുന്നതിനനുസരിച്ചുള്ള ബുദ്ധിമുട്ടും ഉണ്ടാകും എന്ന് സാരം.  പക്ഷേ സാഹസികത കൈമുതലാക്കിയവര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമേ ആവില്ല.

Goa 6

ബോട്ടിന്റെ നിയന്ത്രണവും ഗൈഡിന്റെ പണിയുമെല്ലാം ഒരാള്‍ തന്നെയാണ് എടുക്കുന്നത്.  ഓളങ്ങളെ കീറിമുറിച്ച് ബോട്ടിനെ മുന്നോട്ട് പായിക്കുമ്പോഴും വളരെ ദൂരത്തായി തീരത്ത് കാണുന്ന കാഴ്ചകള്‍ വിവരിച്ച് തരാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.  കടലിലൂടെ സഞ്ചരിച്ച് കുറച്ച് ദൂരം ചെല്ലുമ്പോള്‍ അകലെയായി ഓളപ്പരപ്പില്‍ ഡോള്‍ഫിനുകള്‍ മിന്നിമറയുന്നത് കാണാം.  സന്ദര്‍ശകരുടെ ഭാഗ്യം പോലെയാണ് അവയെ അടുത്ത് കാണുന്നതും അല്ലാത്തതുമൊക്കെ.

Goa 7

ഡോള്‍ഫിനുകളുടെ സാന്നിധ്യം മനസ്സിലായാല്‍ ബോട്ടുകള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് അല്‍പ നേരം അവിടെ വിശ്രമിക്കും. ഭാഗ്യമുള്ളവര്‍ക്ക് ഡോള്‍ഫിനുകളെ അടുത്ത് കാണാം, ഫോട്ടോയെടുക്കാം. ഭാഗ്യം തുണച്ചതിനാല്‍ എനിക്കും എന്റെ സഹയാത്രികര്‍ക്കും നന്നായി തന്നെ അവയെ സാമാന്യം അടുത്ത് കാണാന്‍ കഴിഞ്ഞു.

Goa 8

യാത്ര ലക്ഷ്യം കണ്ടാല്‍-ഡോള്‍ഫിനുകളെ കണ്ടാല്‍ പിന്നെ എത്രയും പെട്ടെന്ന് കരക്കെത്താനുള്ള തിടുക്കമാണ് ബോട്ട് ഡ്രൈവര്‍മാർക്ക്. അടുത്ത സംഘം അവരേ കാത്ത് കരയില്‍ നില്‍പ്പുണ്ടാകും.

Content Highlights: Dolphins in Goa, Goa Trip, What to See in Goa, Goa Tourism