മുംബൈയില്‍ ജോലിചെയ്യുന്ന സുഹൃത്ത് ചോര്‍ ബസാറിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ഭുതമാണ് തോന്നിയത്. കള്ളന്‍മാരുടെ അങ്ങാടിയോ! പേരിനോടുള്ള ആ ആകര്‍ഷണം കൊണ്ട് അങ്ങാടിവരെയൊന്ന് പോകാമെന്ന് കരുതി.
ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍നിന്ന് നാലഞ്ച് കിലോമീറ്ററേ ഉള്ളുവെങ്കിലും അവിടെയെത്താന്‍ ഒരു മണിക്കൂറോളമെടുത്തു. മുംബൈ യിലെ പതിവ് തിരക്കിനും ചൂടിനുമൊപ്പം ലോക്കല്‍ ടാക്‌സിയിലെ തട്ടു പൊളിപ്പന്‍ മറാഠിഗാനം കൂടിയായപ്പോള്‍ ആ ഒരു മണിക്കൂര്‍ ഒരു ദിവസം പോലെ തോന്നി. ടാക്‌സിയില്‍നിന്നിറങ്ങുമ്പോള്‍ പോക്കറ്റ് ശ്രദ്ധിക്കണമെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ ചെറിയൊരു പേടി തോന്നാതിരുന്നില്ല. അല്‍പംമുമ്പ് എ.ടി.എമ്മില്‍ നിന്നെടുത്ത പണവും കാര്‍ഡും ഫോണുമെല്ലാം ഇടയ്ക്കിടെ തൊട്ടുനോക്കിയാണ് ചോര്‍ ബസാറിലേക്ക് പ്രവേശിച്ചത്.
ചോര്‍ ബസാര്‍ മുമ്പ് അറിയപ്പെട്ടിരുന്നത് ഷോര്‍ ബസാറെന്നായിരുന്നു. ശബ്ദമുഖരിതമായ അങ്ങാടിയെന്ന അര്‍ഥത്തിലാണ് ഷോര്‍ ബസാറെന്ന പേര് വന്നത്. ബ്രിട്ടീഷുകാര്‍ക്ക് ഷോര്‍ എന്നുപറയാന്‍ പ്രയാസമായിരുന്നു. അവരുടെ ഉച്ചാരണപ്പിശകാണ് ഷോറിനെ ചോറാക്കിയത്. അക്കാലത്ത് മോഷണവസ്തുക്കള്‍ വില്‍ക്കാന്‍ കള്ളന്‍മാര്‍ ഈ ബസാറിനെ ആശ്രയിച്ചതും പുതിയ പേരുവരാന്‍ കാരണമായി. മുംബൈയില്‍ എന്തു കാണാതായാലും അത് ചോര്‍ ബസാറിലെത്തി നോക്കിയാല്‍ കിട്ടുമെന്ന ചൊല്ല് മുംബൈക്കാര്‍ക്കിടയിലുണ്ട്. സുഹൃത്തും ടാക്‌സിഡ്രൈവറും തന്ന ബില്‍ഡ് അപ്പ് കൊണ്ടാകാം ആശങ്കയോടെയാണ് തെരുവിലേക്ക് കയറിയത്. മട്ടണ്‍ സ്ട്രീറ്റ് എന്ന പേര് കൗതുകത്തോടെ നോക്കി. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കൂറ്റന്‍ ആടുകളും കുറേ ഇറച്ചിപ്പീടികകളും കണ്ടപ്പോള്‍ പേരിന് പിന്നിലെ സംഗതി അതാകാമെന്ന് ഉറപ്പിച്ചു.
മോഷണവസ്തുക്കള്‍ എത്തുന്ന അങ്ങാടിയെന്നതിനേക്കാള്‍ ഇന്ന് മുംബെയിലെ ഏറ്റവും വലിയ സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റാണ് ചോര്‍ ബസാര്‍ എന്നുപറയുന്നതാണ് ശരി. ഒന്നുകറങ്ങിയപ്പോള്‍ മനസ്സിലായി, ഇവിടെ കിട്ടാത്തതായൊന്നുമില്ല. കരകൗശലവസ്തുക്കള്‍, പുരാതനവസ്തുക്കള്‍, ഓട്ടോമൊബൈല്‍ പാര്‍ട്സ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍... അങ്ങനെ നിങ്ങള്‍ക്കെന്ത് വേണോ, അതെല്ലാം ഇവിടെയുണ്ട്. പുരാതനവസ്തുക്കളുടെ ശേഖരമാണ് സഞ്ചാരികളെ ആകര്‍ഷിക്കുക. പഴയ ക്ലോക്കുകളും പ്രതിമകളും വിളക്കുകളും ഗ്രാമഫോണുകളുമൊക്കെയുള്ള കടകള്‍ നമ്മെ വിസ്മയിപ്പിക്കും. ഓട് കൊണ്ടുണ്ടാക്കിയവയാണ് മിക്കതും. ഇലക്ട്രോണിക് സാധനങ്ങളില്‍ മൊബൈലുകള്‍ക്കാണ് ആവശ്യക്കാരേറെ. 3000 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വരെ ലഭിക്കും. എന്നാല്‍ ഗ്യാരന്റിയോ വാറന്റിയോ ഒന്നും കിട്ടില്ല. മോഷ്ടിച്ച സാധനമാണോ നിങ്ങള്‍ തിരഞ്ഞെടുത്തതെന്നും പറയാനാകില്ല. അതൊന്നും കാര്യമാക്കുന്നില്ലെങ്കില്‍ അത്തരക്കാര്‍ക്കുള്ള മികച്ച അങ്ങാടിയാണ് ചോര്‍ ബസാര്‍.
ചോര്‍ ബസാറിലെ ഏറ്റവും വലിയ കൗതുകം സിനിമാ പോസ്റ്ററുകള്‍ വില്‍ക്കുന്ന കടകളാണ്. പഴയ ഹിന്ദി സിനിമ പോസ്റ്ററുകളുടെ യഥാര്‍ഥ പ്രിന്റുകളും അവയുടെ കോപ്പികളും ഹാജി അബുവിന്റെ കടയില്‍നിന്ന് കിട്ടും. സിനിമയേതെന്നനുസരിച്ചാണ് പോസ്റ്ററുകളുടെ വില. ഇംഗ്ലീഷ് സിനിമകളുടെ പോസ്റ്ററുകള്‍ ലഭിക്കുന്ന ഒന്നുരണ്ട് കടകളും ഇവിടെയുണ്ട്. ജയിംസ് ബോണ്ട് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ തിരഞ്ഞാണ് കൂടുതല്‍ പേരുമെത്തുന്നത്.

ചോര്‍ ബസാറില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നെങ്കില്‍ വിലപേശാനുള്ള കഴിവ് വേണം. ഇല്ലെങ്കില്‍ പറ്റിക്കപ്പെടും. 100 രൂപ പറയുന്ന സാധനത്തിന് 10 രൂപയില്‍നിന്ന് വിലപേശി തുടങ്ങണം. എങ്കില്‍ 40 രൂപയ്ക്ക് സാധനം വാങ്ങാം. അതാണ് ചോര്‍ ബസാറിലെ ഒരു രീതി. ഇവിടത്തെ കച്ചവടക്കാരെല്ലാം ഇംഗ്ലീഷ് അത്യാവശ്യം പറഞ്ഞൊപ്പിക്കുമെങ്കിലും മുംബൈ ഹിന്ദിയിലോ മറാഠിയിലോ അല്ല നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ പറ്റിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഓടില്‍ തീര്‍ത്ത ബുദ്ധന്റെ ചെറിയ പ്രതിമയുടെ വില ചോദിക്കുന്ന വിദേശിയെ അങ്ങാടിയില്‍ കണ്ടു. 10,000 രൂപയാണ് കച്ചവടക്കാരന്‍ വില പറഞ്ഞത്. വിദേശി ഇതൊക്കെ കുറേ കണ്ടമട്ടാണ്. അവസാനം വില 5000 വരെയെത്തി. എന്നാല്‍ വിദേശി പ്രതിമ വാങ്ങാന്‍ കൂട്ടാക്കാതെ വേഗം സ്ഥലം കാലിയാക്കി.
അങ്ങാടിയിലെ കടകള്‍ കാണാനാണ് താത്പര്യമെങ്കില്‍ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പോകുന്നതാണ് നല്ലത്. വെള്ളിയാഴ്ച ഇവിടെ വഴിവാണിഭക്കാരുടെ ദിവസമാണ്. നിന്നുതിരിയാന്‍ ഇടമില്ലാത്തത്ര തിരക്കാണുണ്ടാകുക.
Chor Bazar
Chor Bazar is located on Mutton Street, in the busy market area between S.V. Patel and Moulana Shaukat Ali Roads and is near to Mohammad Ali Road in South Mumbai.
Getting there
By Road: It is 3.5 km away from Chtarapati Shivaji Maharaj Terminus (CST). You will get a local taxi from CST.
By Train: The nearest local railway station is Grant Road (1.5 km)
By Air: Chtarapati Sivaji International Airport (19 km)
Sights around: Haji Ali Dargah (4 km)Gateway of India (7 km)
(യാത്ര മാസികയില്‍ 2018 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Chor Bazar Travel, Mumbai Travel, India Trip