സമുദ്രനിരപ്പില്‍ നിന്ന് 7380 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് ഗ്രൗണ്ടിലൂടെയാണ് ഹിമാചല്‍പ്രദേശിലെ ചൈല്‍ പ്രശസ്തമാകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് പിച്ച് ഇന്ത്യയിലെ ഈ കൊച്ചുമലമ്പ്രദേശത്തിന് സ്വന്തം.

1893-ല്‍ പട്യാല മഹാരാജാ ഭുപീന്ദര്‍ സിങ്ങാണ് ഇവിടെ ക്രിക്കറ്റ് മൈതാനം നിര്‍മിക്കുന്നത്. ബ്രിട്ടീഷ് സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളിക്കാനായിരുന്നു ഇത്. കുന്നിന്‍പുറം നിരപ്പാക്കിയുള്ള നിര്‍മാണം ഏറെ നാളെ ശ്രമത്തിന്റെ ഫലമായാണ് പൂര്‍ത്തിയായത്. ഇന്നിവിടം ചൈല്‍ സൈനിക സ്‌കൂളിന്റെ മൈതാനമാണ്. സ്‌കൂള്‍ അവധിക്കാലത്ത് പോളോ ഗ്രൗണ്ടായും ഉപയോഗിക്കുന്നു. 

Chail Cricket Ground

മൈതാനത്തിനുള്ളിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. വേലിക്കിപ്പുറം നിന്ന് മൈതാനം കാണാം. എന്നാല്‍ പൈന്‍ മരങ്ങളാലും ദേവദാരു വൃക്ഷങ്ങളാലും ചുറ്റപ്പെട്ട പ്രദേശം മനോഹരമായ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് പകരുന്നത്. സത്‌ലജ്, ഷിംല, കസോളി തുടങ്ങിയ മനോഹരമായ പ്രദേശങ്ങളും ഹിമാലയന്‍ മലനിരകളും ഇവിടെ നിന്നാല്‍ കാണാം. മൈതാനത്തിന് സമീപം സൈനിക സ്‌കൂളിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ട്രീ ഹൗസും മറ്റൊരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ്.