മാശക്കാരനായ സെക്യൂരിറ്റി, അദ്ദേഹം ഒരു ഗൈഡ് കൂടിയാണ്. ഗൈഡെന്നുവച്ചാല്‍ ബംഗ്ലാവിലെ കാര്യങ്ങളൊക്കെ ഒരദ്ധ്യാപകന്‍ വിദ്ധ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞ് കൊടുക്കുന്ന കണക്ക് സരളമായി കാര്യകാരണസഹിതം സന്ദര്‍ശകര്‍ക്ക് വിവരിച്ച് കൊടുക്കുന്നയാള്‍ . പറയുന്നത് ഏത് ബംഗ്ലാവിനെ കുറിച്ചാണെന്ന് കരുതുന്നുണ്ടാവും? പതിനെട്ടാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് കാലത്ത് ഗോവയില്‍ പണികഴിപ്പിക്കപ്പെട്ട ഒരു രമ്യഹര്‍മ്യം. ഒരു ബംഗ്ലാവെന്നതിലുപരി Casa Araujo Alvarse ന് ഒരുപാട് പ്രത്യേകതകളുണ്ട്. Casa Araujo Alvarse എന്നത് അതിന്റെ പേരാണ്. ഇത് ഇന്നൊരു മ്യൂസിയമാണ്. ടിക്കറ്റെടുത്ത് ബംഗ്ലാവിനുള്ളിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകരെ പൂമുഖത്ത് സ്വീകരിക്കുന്നത് ആദ്യം പറഞ്ഞ ആ തമാശക്കാരനാണ്.  പൂമുഖത്തിനിരുവശങ്ങളിലുമായിട്ടുള്ള ചാരുപടികളില്‍ സന്ദര്‍ശകരെ ആനയിച്ചിരുത്തുന്നു. അദ്ദേഹം സംസാരിക്കുന്നത് ഹിന്ദിയിലാണ്. ടിക്കറ്റെടുക്കുന്നതിനനുസരിച്ച് ചെറിയ ചെറിയ ഗ്രൂപ്പുകളായിട്ടാണ് സന്ദര്‍ശകരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. അത് സന്ദര്‍ശകരെ കൈകാര്യം ചെയ്യുന്നതിലുള്ള എളുപ്പത്തിനായിരിക്കണം.

goa

ആദ്യം ഗൈഡും സന്ദര്‍ശകരും തമ്മിലൊരു പരിചയപ്പെടല്‍. നമ്മുടെ തമാശക്കാരന്റെ പേര് രാം സിംങ്ങ് എന്നാണ്. ഇവിടെ സന്ദര്‍ശകര്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി എന്നീ രണ്ടു ഭാഷകളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.  തിരഞ്ഞെടുക്കുന്ന ഭാഷയിലായിരിക്കും തമാശക്കാരന്റെ പിന്നീടുള്ള സംഭാഷണം. അദ്ദേഹം പറയുന്നതോടൊപ്പം ഓഡിയോ ക്ലിപ്പുകള്‍ കേള്‍പ്പിക്കുന്നതും തിരഞ്ഞെടുത്ത ഭാഷയില്‍ തന്നെയാവും.  ബംഗ്ലാവിനുള്ളില്‍ ഓരോ കാഴ്ചകള്‍ക്കടുത്തെത്തുമ്പോഴും സന്ദര്‍ശകര്‍ക്ക് അതിനെ പറ്റിയുള്ള വിവരണത്തിന്റെ ഒരു ചെറിയ രൂപം ഓഡിയോ ക്ലിപ്പുകളായി കേള്‍പ്പിച്ചു കൊടുക്കും.  ഇരുപത്തിരണ്ടു പേരടങ്ങിയ എന്റെ ഗ്രൂപ്പില്‍ ഞാനടക്കം ആറുപേരാണ് മലയാളികള്‍.  മററുള്ളവരൊക്കെ ഹിന്ദി സംസാരിക്കുന്നവരാണ്. ഞങ്ങള്‍ മലയാളികള്‍ ഭാഷ ഇംഗ്ലീഷ് വേണമെന്ന് പറഞ്ഞെങ്കിലും ഭൂരിപക്ഷ അഭിപ്രായം മാനിച്ച് ഹിന്ദിയില്‍ വിവരണം തരാമെന്ന് സെക്യൂരിറ്റി ചേട്ടന്‍ തെല്ലൊരാശ്വാസത്തോടെ വിളിച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ മുറിയന്‍ ഇംഗ്ലീഷ് കേട്ടപ്പോള്‍ ഹിന്ദി തന്നെയാണ് നല്ലതെന്ന് ഞങ്ങള്‍ക്കും തോന്നി. കാരണം ഞങ്ങള്‍ക്ക് ഹിന്ദി കേട്ട് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല, അദ്ദേഹത്തിന്റെ ഇംഗ്ലീഷാണ് അതിലും കടുപ്പം.

goa

ഭാഷയുടെ കാര്യത്തില്‍ തീരുമാനമായതോടെ തിരഞ്ഞെടുത്ത ഭാഷയില്‍ തന്നെ സെക്യൂരിറ്റി ചേട്ടന്‍ ബംഗ്ലാവിന്റെ ചരിത്രം പറഞ്ഞു തുടങ്ങി.  കണ്ണുരുട്ടിയും തലയാട്ടിയും പലതരം ആംഗ്യങ്ങള്‍ കാണിച്ചും ശബ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തിയമൊക്കെ അദ്ദേഹം സംസാരിച്ച് തുടങ്ങിയപ്പോള്‍ കേട്ടിരിക്കാന്‍ താല്‍പര്യം വര്‍ധിച്ചു. ഭാഷയൊന്നും അവിടെയൊരു പ്രശ്‌നമായതേയില്ല.  പൂമുഖത്ത് നിന്ന് കയറി ചെന്നത് സ്വീകരണമുറിയിലേക്കായിരുന്നു.  അവിടെ കണ്ട ഓരോ സാധനങ്ങളും കൊളോണിയല്‍ കാലഘട്ടത്തിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലുകളായിരുന്നു. സ്വീകരണമുറിയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന മുറിയിലേക്ക്, അതിന് ശേഷം പ്രാര്‍ത്ഥനാമുറിയിലേക്ക്, പിന്നീട് കിടപ്പുമുറികളിലേക്ക്, അവിടെ നിന്നും അടുക്കളയിലേക്ക്, പിന്നീട് സ്റ്റോര്‍ റൂം... അതു കഴിഞ്ഞ് പുറത്തു കൂടിയുള്ള ഒരു വഴിയിലൂടെ തിരികെ പൂമുഖത്ത്. ഇതായിരുന്നു ബംഗ്ലാവിനുള്ളിലൂടെയുള്ള സന്ദര്‍ശകരുടെ നടത്തത്തിന്റെ ക്രമീകരണം.  പക്ഷേ ഇപ്പറഞ്ഞതു പോലെ അത്ര എളുപ്പമല്ല അവിടെ കണ്ട കാഴ്ചകള്‍ വായനക്കാര്‍ക്ക് വിവരിച്ച് കൊടുക്കുക എന്നത്.  

goa

പഴയ കാലത്ത് ഉപയോഗിച്ച് വന്നിരുന്ന പല്ലക്ക്, റാന്തല്‍ വിളക്കുകള്‍, കളിപ്പാട്ടങ്ങള്‍, കസേരകള്‍ മറ്റ് മര ഉരുപ്പടികള്‍, മണ്‍പാത്രങ്ങള്‍, ഭരണികള്‍, വീഞ്ഞുണ്ടാക്കി സൂക്ഷിച്ചിരുന്ന വലിയ മരവീപ്പകള്‍, മണ്‍കൂജകള്‍, ഇരുമ്പ് പാത്രങ്ങള്‍,  വിവിധ രീതിയിലുള്ള കൊത്തുപണികളോട് കൂടിയ കട്ടിലുകള്‍... അങ്ങനെ പോകുന്നു ബംഗ്ലാവിനുള്ളിലെ കാഴ്ചകള്‍. ഓട് മേഞ്ഞ മേല്‍ക്കൂരയോട് കൂടിയ ബംഗ്ലാവിന് ചെടികള്‍ നട്ടു വളര്‍ത്തി പരിപാലിക്കപ്പെട്ട് പോരുന്ന ഒരു നടുമുറ്റവുമുണ്ട്.  ഇത് ബംഗ്ലാവിനുള്ളില്‍ ചൂട് കാലത്തും തണുത്ത അന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കുന്നു.  ബംഗ്ലാവിലെ കാഴ്ചകള്‍ പരിപൂര്‍ണ്ണമായി ആസ്വദിക്കാന്‍ നാലു ദിക്കിലും സൂക്ഷ്മമായി കണ്ണോടിച്ചാലേ സാധിക്കൂ.  ഒരിഞ്ചു സ്ഥലം പോലും വെറുതെ വിടാനില്ല.  ഓരോ മുറികളിലേയും ചുമരുകളില്‍ ബംഗ്ലാവിന്റേയും അവിടെ താമസ്സിച്ചവരുടേയും കഥ പറയുന്ന ചിത്രങ്ങള്‍ ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്.  ഈ കാഴ്ചകളെല്ലാം കണ്ട് സ്വയം മറന്ന് പോവുക സ്വാഭാവികം. പക്ഷേ അങ്ങനെ സ്വയം മറന്നാല്‍ ബംഗ്ലാവിനുള്ളില്‍ വഴി തെറ്റുമെന്ന് തീര്‍ച്ച.  വഴി തെറ്റാതിരിക്കാന്‍ നമ്മുടെ തമാശക്കാരന്റെ വാക്കുകള്‍ക്ക് കൃത്യമായി ചെവി കൊടുക്കണം.  എന്റെ ഗ്രൂപ്പിലുള്ളവരില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധയോടെ പിന്‍തുടരുന്നവരും, എഴുതിയെടുക്കാന്‍ ശ്രമിക്കുന്നവരും, അലസമായി നടക്കുന്നവരും, സെല്‍ഫിക്ക് പോസ് ചെയ്യുന്നവരുമൊക്കെയുണ്ട്.  ഇതിനെല്ലാം പുറമെ മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്.  അവരവിടുത്തെ നിയമങ്ങളൊക്കെ കാറ്റില്‍ പറത്തിക്കൊണ്ട് സാധനങ്ങളിലെല്ലാം കൈ വച്ച് ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടങ്ങനെ നടക്കുന്നു.  മറ്റുള്ളവര്‍ക്ക് അവരുടെ ഈ പ്രവൃത്തി കൊണ്ടുണ്ടാകുന്ന ക്ലേശമൊന്നും അവര്‍ കണക്കിലെടുക്കുന്നതേയില്ല.  എല്ലാവര്‍ക്കും പുറകെ വളരെ സാവധാനമാണ് അവരുടെ നടത്തം എന്നതാണ് ഏക ആശ്വാസം .  ബംഗ്ലാവില്‍ താമസ്സക്കാരുള്ള കാലത്തെങ്ങനെയോ അതേപടിയാണ് സാധനങ്ങളോരോയിടത്തും നിലനിര്‍ത്തിയിരിക്കുന്നത്.  അതില്‍ മാറ്റങ്ങള്‍ വരുത്തി അലങ്കോലപ്പെടുത്തുന്നത് ശരിയായ പ്രവൃത്തിയല്ലെന്നതാണ് എന്റെ പക്ഷം.  

goa

ഇരുന്നൂറ്റിയന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ട ഈ ബംഗ്ലാവിന്റെ ഉടമസ്ഥന്‍ Eufemiano Araujo Alvares ആയിരുന്നു.  ഇന്നിതൊരു പൈതൃക മ്യൂസിയമാണ്.  ഇവിടം സന്ദര്‍ശിക്കുന്നതിലൂടെ പോര്‍ച്ചുഗീസ് കൊളോണിയല്‍ കാലത്തെ ജീവിതരീതികള്‍ വളരെ വിപുലമായിത്തന്നെ മനസ്സിലാക്കാവുന്നതാണ്.  ആഴ്ചയിലേഴു ദിവസവും രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടെ പ്രവേശനം.  നൂറു രൂപയാണ് തലയൊന്നിന് പ്രവേശന ഫീസിനത്തില്‍ ഈടാക്കുന്നത്.  പണക്കാരനായിരുന്ന പോര്‍ച്ചുഗീസ് ഗോവന്‍ വക്കീലിന്റെ ഈ ബംഗ്ലാവ് ഒരു ചരിത്ര നിര്‍മ്മിതിയായി ഇന്നും സംരക്ഷിച്ച് വരുന്നതിനോടൊപ്പം തന്നെ അതിന്റെ ടൂറിസം സാധ്യതകളും കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്.  ഒരു ഗോവന്‍ യാത്രക്ക് ഭാഗ്യമുണ്ടായാല്‍ ഈ ബംഗ്ലാവിന്റെ  കാഴ്ചകളൊരിക്കലും നഷ്ടപ്പെടുത്തരുത്.  കാരണം ഗോവ ബീച്ചുകളുടെ മാത്രം നാടല്ല, മറിച്ച് ഇത്തരം നിര്‍മ്മിതികളുട നാടുകൂടിയാണ്..

content highlights: casa araujo alvares; A goan bungalow, travelogue