ധാരാളം ചിത്രങ്ങളുള്ള ഒരു ആർട്ട് ഗ്യാലറിയിലേക്കാണ് ഈ യാത്ര. ഈ ഗ്യാലറിക്ക് ഒരു സവിശേഷതയുണ്ട്. മുപ്പതിനായിരം വർഷങ്ങൾ മുൻപുവരെ വരയ്ക്കപ്പെട്ട ചിത്രങ്ങളാണ് അവിടെയുള്ളത്. നമ്മുടെ അജ്ഞാതരായ മുതുമുത്തച്ഛൻമാരുടെ കലാസൃഷ്ടികൾ! മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 42 കിലോമീറ്റർ അകലെ കാടിനകത്ത് നിലകൊള്ളുന്ന ഈ ആർട്ട് ഗ്യാലറിയുടെ പേര് ഭീംബെട്ക.

പ്രാചീനശിലായുഗം തൊട്ടുള്ള മനുഷ്യരുടെ വാസസ്ഥലമായ ഭീംബെട്കയിലെ ഗുഹകളെ ആർട്ട് ഗ്യാലറിയെന്ന് ആരും വിശേഷിപ്പിക്കില്ല. മനുഷ്യസംസ്കൃതിയുടെ ചരിത്രത്തിൽ ഇടംപിടിച്ച ചരിത്രസ്മാരകമാണിത്. പക്ഷേ, ഞങ്ങളെ അങ്ങോട്ടു കൊണ്ടുപോയ ടാക്സിയുടെ ഡ്രൈവർ വിനായക് സാഹ അൽപ്പം നർമം കലർത്തി വിശേഷിപ്പിച്ചത് ആർട്ട് ഗ്യാലറിയെന്നാണ്. ഈ ഗുഹകളിലേക്ക് ഇങ്ങനെ ലോകത്തിന്റെ വിവിധഭാഗങ്ങ ളിൽനിന്നുള്ള സന്ദർശകർ എത്തുന്നതിന്റെ ഗുട്ടൻസ് സാഹയ്ക്ക് ഇതേവരെ പിടികിട്ടിയിട്ടില്ല. കാട്ടിലെ ഗുഹയ്ക്കകത്ത് എന്തു കാണാനാണ്?' പണ്ടെങ്ങോ ആരോ വരച്ചിട്ട ചിത്രങ്ങൾ. അത്രയ്ക്ക് ഭംഗിയൊന്നുമില്ല സുഹൃത്തേ.' - സാഹയുടെ മുന്നറിയിപ്പ്.

Bhimbetka 4
പ്രാചീനയു​ഗത്തിലെ വേട്ടക്കാർ

രതാപാനി വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട കാടിനുള്ളിലാണ് ഭീംബെട്ക. വിന്ധ്യപർവതത്തിന്റെ തെക്കൻ അടിവാരത്തിലാണ് ഇത്. റോഡരികിലുള്ള ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ കൗണ്ടറിൽനിന്ന് ടിക്കറ്റെടുത്തു വേണം കാട്ടിനകത്തുകൂടെ ഗുഹാകവാടത്തിലേക്ക് പ്രവേശിക്കാൻ. ഗുഹ ലക്ഷ്യമാക്കി നടക്കുമ്പോൾ ഒപ്പം കൂടിയ ഗൈഡ് ശർമാജി ചരിത്രപ്രാധാന്യ മുള്ള ഈ ഗുഹാസമുച്ചയം കണ്ടെത്തിയതിനു പിന്നിലെ കഥ പറയാൻ തുടങ്ങി. 1956-ൽ ഭോപ്പാലിൽ നിന്ന് ഇറ്റാർസിയിലേ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഡോ. വിഷ്ണു ശ്രീധർ വാക്കേങ്കർ എന്ന പുരാവസ്തുഗവേഷകൻ യാദൃച്ഛികമായാണ് ഇത് കണ്ടെത്തിയത്. ട്രെയിനിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്ന വാക്കേങ്കർ പച്ചപ്പിനുള്ളിൽ നിന്ന് തലയുയർത്തി നിൽക്കുന്ന പ്രത്യേക ആകൃതിയിലുള്ള പാറക്കൂട്ടങ്ങൾ കണ്ടു. ബുദ്ധമതവുമായി ബന്ധപ്പെട്ട ചില ശേഷിപ്പുകൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മേഖലയായിരുന്നു അത്. അങ്ങനെ വല്ലതും കണ്ടെത്തുമെന്ന വിശ്വാസത്തിൽ അടുത്ത സ്റ്റേഷനിൽ വണ്ടിയിറങ്ങി അദ്ദേഹം നേരത്തെ കണ്ട പാറക്കൂട്ടം ലക്ഷ്യമാക്കി തിരിച്ചു നടന്നു. അവിടെയെത്തിയപ്പോൾ കാട്ടിനുള്ളിൽ അടുത്തടുത്തായി നിൽക്കുന്ന ഗുഹകൾ കണ്ട് അദ്ദേഹം അവയ്ക്കകത്തുകയറി വിശദമായി പരിശോധിച്ചു. ഉൾഭിത്തികളിലും മേൽക്കൂരയിലും കണ്ട് ചിത്രങ്ങൾ ചിരപുരാതനമാണെന്ന് മനസ്സിലാക്കിയ വാക്കേങ്കർ തന്റെ ശിഷ്ടജീവിതം ആ ഗുഹയ്ക്കകത്ത് പര്യവേഷണത്തിനായി മാറ്റിവെച്ചു. ഓരോ ഘട്ടം കഴിയും തോറും തന്റെ കണ്ടെത്തൽ എത്രത്തോളം പ്രാധാന്യമേറിയതാണെന്ന് അദ്ദേഹം മനസ്സിലാക്കുകയായിരുന്നു. ഈ കണ്ടെത്തൽ മാനിച്ച് 1975-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ അവാർഡ് നൽകി ആദരിച്ചു. 1988-ൽ തന്റെ 68-ാം വയസ്സിലാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.

Bhimbetka Gate
ഭീംബെട്കയിലേക്കുള്ള കവാടം

ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഗുഹാചിത്രങ്ങളിൽ ഭീം ബെട്കയിലെ ചിത്രങ്ങൾ ഉൾപ്പെടുന്നു. ഇന്നേവരെ കണ്ടെത്തിയ നർത്തകരുടെ ചിത്രങ്ങളിൽ ഏറ്റവും പ്രാചീനമായത് ഭീംബെട്കയിലാണ്. കൈകൾ കോർത്ത് നൃത്തം ചെയ്യുന്ന സംഘങ്ങളും വാദ്യമേളക്കാരനും ഉൾപ്പെട്ട ചിത്രമാണ് ഇവിടെയുള്ളത്. മൃഗങ്ങളുടേയും വേട്ടക്കാരുടേയും യോദ്ധാക്കളുടേയും സ്ത്രീകളുടേയും ഒട്ടേറെ ചിത്രങ്ങൾ ഭീംബെട്കയിലെ ഗുഹകൾക്കുള്ളിലുണ്ട്. ത്രിശൂലം കൈയിലേന്തി നൃത്തം ചവിട്ടുന്ന ശിവന്റെ ചിത്രവും ഉണ്ട്.

Bhimbetka 2
ഭീംബെട്കയിലെ പ്രാചീന ​ഗുഹാചിത്രങ്ങളിൽ മനുഷ്യർ കൈകൾ കോർത്ത് നൃത്തം ചെയ്യുന്ന രേഖാചിത്രം. ലോകത്തെ ആദ്യത്തെ നൃത്തചിത്രീകരണമാണിത്.

ആദ്യഗുഹയ്ക്കകത്തേക്ക് പ്രവേശിച്ച് അൽപം മുന്നോട്ട് പോവുമ്പോൾ ഒരു പാറയുടെ ഉപരിതലത്തിൽ മനുഷ്യനിർമ്മിതമായ ചെറിയ കുഴികൾ കാണുന്നു. ഒരു ലക്ഷം വർഷങ്ങൾക്ക് മുമ്പുണ്ടാക്കിയവയാണ് ഈ കുഴികളെന്ന് കണക്കാക്കപ്പെട്ടിരുന്നു. അതായത് ലക്ഷം വർഷങ്ങൾക്ക് മുമ്പു തന്നെ ഭീംബെട്കയിൽ മനുഷ്യ സാന്നിധ്യമുണ്ടായിരുന്നുവെന്ന് അനുമാനിക്കാം. ആദിമ മനുഷ്യന്റെ അധിവാസത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച സുപ്രധാന തെളിവുകളിൽ ഒന്നാണിത്. ഒരു കാര്യം വ്യക്തമാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഏറ്റവും പ്രാചീനകാലത്തെ മനുഷ്യവാസത്തിന്റെ തെളിവുകൾ ലഭിച്ചത് ഇവിടെ നിന്നാണ്.

Rock Bhimbetka
ആമപ്പാറ

പിന്നീട് കാണുന്ന ഓരോ ഗുഹയുടേയും ചുവരിലും മേൽക്കൂരകളിലുമായി ശ്രദ്ധാപൂർവം വരച്ച, ഭിന്നശൈലിയിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ കാണാം. പച്ചിലകളുടേയും കായകളുടേയും പഴങ്ങളുടേയും നീരുകൊണ്ട് വരച്ച ചിത്രങ്ങളാണ് ഇവ. ഇതിൽ ഏറ്റവും പഴക്കമേറിയ ചിത്രങ്ങൾ പ്രാചീന ശിലായുഗത്തിൽ വരയ്ക്കപ്പെട്ടതാണെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. ഈ ചിത്രങ്ങൾക്ക് മുപ്പതിനായിരം വർഷങ്ങൾ വരെ പഴക്കമുണ്ടെന്നാണ് കണക്കുകൂട്ടൽ. കാട്ടുമൃഗങ്ങളുടെ രൂപങ്ങൾ ഇക്കൂട്ടത്തിൽ ഏറെയുണ്ട്. മുപ്പതിനായിരം വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ചിത്രങ്ങൾ ഇങ്ങനെ മങ്ങാതെ കിടക്കുന്നത് എന്തുകൊണ്ടാണെന്ന് സ്വാഭാവികമായും സംശയം തോന്നാം. കല്ലിൽ ആഴത്തിൽ താഴ്ന്നിറങ്ങുന്ന പ്രത്യേകതരം ചായം കൊണ്ട് വരച്ചതായതു കൊണ്ടാണിതെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. മരങ്ങളുടെ ഇലകളിലും കായകളിലും നിന്നുണ്ടാക്കിയവയാണ് ഈ ചായങ്ങളാണെന്നാണ് നിഗമനം. പക്ഷേ, ഏതുതരം മരങ്ങളിൽ നിന്നാവാം ഈ ചായങ്ങളെന്നത് ഒരു പ്രഹേളികയായി അവശേഷിക്കുന്നു. ഗുഹയുടെ ഉൾവശത്ത് മഴയോ വെയിലോ ഏൽക്കാത്ത ഇടങ്ങളിലാണ് ഈ ചിത്രങ്ങളെന്നതും അവ കാലത്തെ അതിജീവിച്ചതിന് കാരണമാവാം.

Bhimbetka 5
പാറയിൽ ആദിമമനുഷ്യർ​ ഉണ്ടാക്കിയ കുഴി

ക്രിസ്തുവിന് മുൻപ് പതിനായിരം വർഷങ്ങൾ തൊട്ടിങ്ങോട്ട് വിവിധ കാലഘട്ടങ്ങളിലായി ഈ ഗുഹകൾക്കകത്ത് അധിവസിച്ച മനുഷ്യർ വരച്ച ചിത്രങ്ങളാണിവന്ന് മിക്കവാറും ഉറപ്പിക്കാം. ഇതിൽ ഏറ്റവും പുതിയ ചിത്രങ്ങൾ ക്രിസ്തുവിന് ശേഷം അഞ്ചു മുതൽ പത്തുവരെ നൂറ്റാണ്ടുകളിൽ വരക്കപ്പെട്ടവയാണെന്നും കരുതുന്നു. ഒരു ഗുഹയിൽ നിന്ന് മറ്റൊരു ഗുഹയിലേക്കും വലിയ പാറക്കൂട്ടങ്ങളുടെ തണലിലേക്കും പ്രവേശിക്കുമ്പോൾ ഒരുപിടി അദ്ഭുതങ്ങൾ സന്ദർശകരെ കാത്തിരിക്കുന്നു. ആദ്യത്തെ ഗുഹ പിന്നിട്ട് മുന്നോട്ടു നടക്കുമ്പോൾ കുരങ്ങൻമാരുടെ വലിയൊരു സംഘം എതിരേ വന്നു. പൊതുവേ നല്ല വലുപ്പമുള്ള ഈ മർക്കടൻമാർ മുന്നോട്ടേക്കുള്ള വഴി തടസ്സപ്പെടുത്തി നിരന്നിരിക്കുന്നു. കൂട്ടത്തോടെ ആക്രമിച്ചാൽ നല്ല പരിക്കുപറ്റും. മുന്നോട്ടു പോവാൻ പേടി തോന്നി. തിരിച്ചു നടന്നു. ഗുഹയ്ക്കകത്തെ ചിത്രങ്ങൾ സന്ദർശകർ തൊട്ടുനോക്കിയും മറ്റും കേടുവ രുത്താതിരിക്കാൻ നിയോഗിക്കപ്പെട്ട ഒരു ഗാർഡിനോട് കാര്യം പറഞ്ഞു. “ഭയക്കേണ്ട മുന്നോട്ടു പോയ്ക്കോളൂ. മനുഷ്യരെ കണ്ട് പരിചയിച്ച കുരങ്ങുകളാണ്. ആക്രമിക്കില്ല.' അയാൾ തന്ന ധൈര്യത്തിൽ മുന്നോട്ടു നീങ്ങി. മുന്നിൽ അല്പം ചെരിഞ്ഞ് തലയുയർത്തി നിൽക്കുന്ന ഭീമൻപാറ, അതിന്റെ ഉൾവശം നിറയെ മൃഗങ്ങളുടേയും പക്ഷികളുടേയും ചിത്രങ്ങളാണ്. സൂ റോക്ക് എന്നാണ് ഇതറിയപ്പെടുന്നത്. ആന, കാട്ടു പോത്ത്, മയിൽ, മാൻ, പാമ്പുകൾ എല്ലാം ഇതിലുണ്ട്. വാളും പരിചയും അമ്പും വില്ലുമെല്ലാം കൈയിലേന്തിയ വേട്ടക്കാരേയും കൂട്ടത്തിൽ കാണുന്നു. ഈ ഗുഹകളിലെ ചിത്രങ്ങളിൽ ഏറ്റവും സമീപകാലത്ത് വരയ്ക്കപ്പെട്ടതാണ് ഈ ചിത്രങ്ങൾ എന്നുകരുതുന്നു. എ.ഡി. ആറാം നൂറ്റാണ്ടിന് ശേഷമാവണം ഈ ചിത്രങ്ങൾ രചിക്കപ്പെട്ടത്.

Zoo Rock
സൂ റോക്കിലെ ചിത്രങ്ങൾ

വിശാലമായ ഓഡിറ്റോറിയം പോലുള്ള ഗുഹയാണ് മുന്നിൽ. നൂറിലധികം പേർക്ക് സൗകര്യത്തോടെ ഇരിക്കാൻ ഇടമുണ്ട്. അവിടെനിന്ന് മുന്നോട്ടു പോവുമ്പോൾ ഉയർന്ന് നിൽക്കുന്ന പാറക്കെട്ടുകൾ. അതിന്റെ മുകളിൽ കയറി നിന്നാൽ കാടിന്റേയും ഗുഹകളുടേയും വിഹഗവീക്ഷണം സാധ്യമാണ്. അവിടെനിന്നു നോക്കുമ്പോൾ വലിയ ആമയുടെ ആകൃതിയിലുള്ള കൂറ്റൻ പാറക്കല്ല് കാണാം. കാട്ടിനകത്ത് നിറയെ ഗുഹകളുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് ഭൂകമ്പത്തിലോ മറ്റോ മുകളിൽനിന്ന് പാറക്കല്ലുകൾ വീണുണ്ടായ, സുരക്ഷിതമായ വാസസ്ഥലം പോലുള്ള ഇടങ്ങൾ ഏറെയുണ്ട്. കാട്ടിനകത്തുകൂടെയുള്ള യാത്രയിൽ വിശ്രമിക്കാൻ പറ്റിയ ഇടങ്ങളാണ് ഇത്. മിക്കതിനകത്തും മേൽക്കൂരയിൽ ശ്രദ്ധാപൂർവം വരച്ചിട്ട ചിത്രങ്ങളുണ്ട്. കുന്തവും അമ്പുകളും ഉപയോഗിച്ച് വേട്ടയാടുന്ന മനുഷ്യരുടെ കുഞ്ഞു ചിത്രങ്ങൾ ആകർഷകമാണ്. ക്രിസ്തുവിന് മുൻപ് അയ്യായിരത്തിനും പതിനായിരത്തിനും ഇടയ്ക്ക് വർഷങ്ങളിലാണ് ഈ ചിത്രങ്ങൾ വരച്ചതെന്ന് അനുമാനിക്കാം. സംഗീതോപകരണങ്ങൾ, വേട്ടയാടിക്കൊന്ന മൃഗങ്ങളുമായി നിൽക്കുന്ന പുരുഷൻമാർ, ഗർഭിണികൾ, അമ്മയും കുഞ്ഞും- ഇങ്ങനെ വൈവിധ്യമുള്ള ചിത്രങ്ങൾ ഈ കാലഘട്ടത്തിലേതായി കാണുന്നു. ക്രിസ്തുവിന് മുൻപ് നാല്, ആറ് നൂറ്റാണ്ടുകൾക്കിടയിൽ വരയ്ക്കപ്പെട്ട ചിത്രങ്ങൾ വെളുപ്പ്, ചുവപ്പ്, മഞ്ഞ ചായങ്ങൾ ഉപയോഗിച്ചുള്ളവയാണ്. ദൈവങ്ങളുടേയും യക്ഷൻമാരുടേയുമെല്ലാം ചിത്രങ്ങളാണ് ഇതിലധികവും.

Bhimbetka 6

കൂണിന്റെ ആകൃതിയിലുള്ള വലിയൊരു പാറയുടെ അടിവശത്ത് ചുവന്ന ചായത്തിൽ കാട്ടുപന്നിയുടെ ചിത്രമുണ്ട്. ശിലായുഗത്തിൽ വരച്ചതെന്ന് കരുതുന്ന ഈ ചിത്രത്തിന് ഇരുപത്തയ്യായിരത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. കൊമ്പുകളുള്ള ഈ പന്നിക്ക് മുന്നിൽ ഭയന്നോടുന്ന മനുഷ്യരൂപം ഉണ്ട്. പന്നിയുടെ പത്തിലൊന്ന് വലുപ്പം പോലും മനുഷ്യനില്ല. ഈ ചിത്രത്തിന്റെ പേരിലാണ് ഈ പാറ (ബോർ റോക്ക്) അറിയപ്പെടുന്നത്. ഗുഹകളും പാറകൾ കൊണ്ടുള്ള ഷെൽട്ടറുകളും ഉൾപ്പെടെ പ്രാചീന മനുഷ്യരുടെ പാർപ്പിടങ്ങളെന്ന് അനുമാനിക്കാവുന്ന 750 ഇടങ്ങൾ ഇവിടെയുണ്ട്. ഇതിൽ 500-ലും രേഖാചിത്രങ്ങളോ പെയ്ന്റിങ്ങുകളോ ഉണ്ട്. പച്ച, ചുവപ്പ്, വെള്ള, ഓക്കർ നിറങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

Bhimbetka 3
കാട്ടുപന്നിയും ഭയന്നോടുന്ന മനുഷ്യരും
Mushroom rock Bhimbetka
കൂൺപാറ

ഇതിനൊക്കെ പുറമെ ചെറിയ ബുദ്ധമത സ്തൂപങ്ങൾ, കല്ലുകൾ കൊണ്ട് നിർമ്മിച്ച വീടുകൾ, ഗുപ്ത കാലഘട്ടങ്ങളിലെ ശിലാലിഖിതങ്ങൾ, ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ എല്ലാം ഇവിടെയുണ്ട്.

ഭീംബെട്ക എന്നാണ് പരിസരവാസികൾ ഈ ഗുഹാസമുച്ചയത്തെ വിളിക്കുന്നത്. ഭീമസേനനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ നിന്നാണ് ഈ പേര് ലഭിക്കുന്നത്. ബകാസുരന് വേണ്ടി കാളവണ്ടിയിൽ ഭക്ഷണവുമായി പോയ ഭീമസേനൻ ബകനെ കാത്ത് ഇരുന്ന പാറക്കൂട്ടമാണ് ഇതെന്നാണ് ഐതിഹ്യം. ഭക്ഷണം കഴിക്കാനെത്തിയ ബകനെ മല്ലയുദ്ധത്തിൽ കീഴടക്കി ഭീമൻ കൊലപ്പെടുത്തിയെന്നും ഐതിഹ്യം പറയുന്നു.

YATHRA TRAVEL INFO

Bhimbetka

Best Season: July to March

Getting there 

By air: Bhopal airport (46 km). By train: Bhopal, on the Delhi-Chennai and Delhi Mumbai mainline is the more convenient railhead. By road: Bhimbetka, situated on the Bhopal-Hoshangabad National Highway No. 69, is well connected by bus. 45 km away from Bhopal. Entry time: 6.30 AM - 5.30 PM on all working days

Contact

  • Office of MP Tourism:  0755- 27667500
  • Government of India Tourism Office: 0755- 27468270
  • MP Tourism Information Counter: 0755- 2553006
Yathra Cover
യാത്ര വാങ്ങാം

Stay 

  • Highway Treat Hotel: 07480 2815580
  • Hotel Sonali Regency: 0755 42407970
  • Hotel Madhuram Palace: 098260608000
  • Hotel Rajhans Ritz: 0755 258 0025.

Sights around 

  1. Van Vihar National Park (5.5 km)
  2. Birla Museum (2.6 km)
  3. Gohar Mahal (4.4km)

(മാതൃഭൂമി യാത്ര 2018 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Bhimbetka, ancient cave art, Madhya Pradesh travel, artistic heritage of ancient troglodytes