രു ഗ്രാമത്തിന്റെ രാജ്യസ്നേഹം വിളംബരംചെയ്ത് കർണാടത്തിൽ ഒരു ക്ഷേത്രം. കർഷകഗ്രാമത്തിലെ ജനങ്ങൾ ഒത്തുചേർന്ന്‌ നിർമിച്ച ഭാരതാംബാക്ഷേത്രത്തിൽ പൂജിക്കുന്നത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മുതൽ രാജ്യത്തിന് പേരും പെരുമയും നൽകിയ മഹാന്മാരെ. ഗോപുരത്തിൽ ത്രിവർണപതാകയേന്തി ഗ്രാമത്തെ അനുഗ്രഹിച്ചുനിൽക്കുന്ന ഭാരതാംബയുടെ രൂപം. ഇരുവശത്തും രാജ്യത്തെ കാത്തുരക്ഷിക്കുന്ന സൈനികനും ജനങ്ങളുടെ അന്നദാതാവായ കർഷകനും. ജയ് ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യവും.

മണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലുള്ള ഉപ്പിനകെരെ ഗ്രാമത്തിലാണ് രാജ്യസ്നേഹത്തിന്റെ ഈ ആരാധനാലയം. ഗാന്ധിജിയുടേതിനൊപ്പം സ്വാമി വിവേകാനന്ദൻ, സർ എം. വിശ്വേശ്വരയ്യ, കർണാടകത്തിന്റെ ദേശീയ കവി കുവെംപു, നാൽവാഡി കൃഷ്ണരാജ വൊഡയാർ, നാഡപ്രഭു കെംപഗൗഡ, ബാലഗംഗാധരനാഥ സ്വാമി എന്നിവരുടെയും അർധകായ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവരുടെ ജയന്തിദിനങ്ങളിലും സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമാണ് ഇവിടത്തെ ആരാധന. ഗ്രാമത്തിലെ കൃഷി സഹകരണസംഘം പ്രവർത്തകരുടെ നേതൃത്വത്തിലാണ് ക്ഷേത്രം നിർമിച്ചത്. ഗ്രാമവാസികൾ പത്തുലക്ഷത്തോളം രൂപ സമാഹരിച്ചായിരുന്നു നിർമാണം. 

2500 രൂപ മുതൽ രണ്ടുലക്ഷംരൂപവരെ ഇവർ സംഭാവനനൽകി. മുന്നൂറോളം കർഷകകുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. രാജ്യത്തെയും രാജ്യത്തെ സൃഷ്ടിച്ചവരെയും ആരാധിക്കുന്നതിലൂടെ മാതൃഭൂമിയോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കാനും വരുംതലമുറയ്ക്ക് കൈമാറാനും ലക്ഷ്യമിട്ടാണ് ക്ഷേത്രം നിർമിച്ചതെന്ന് സംഘം പ്രസിഡന്റ് എം. ശിവലംഗ ഗൗഡ ‘മാതൃഭൂമി’യോട് പറഞ്ഞു.

Content Highlights: Bharathamba Temple, Historical temples in Karnataka, Karnataka tourism News