കടലിനടിയില്‍ ഒരു സ്വപ്നലോകത്താണ് ഞങ്ങള്‍. ഞാനും നിനയും. കൈകാലുകളിളക്കി സ്വര്‍ണമുടിയിഴകള്‍ പറത്തി നീങ്ങുമ്പോള്‍ അവള്‍ മനോഹരിയായ ഒരു മത്സ്യകന്യകയെപ്പോലെ തോന്നി. അതോ പിടിച്ചു നീന്തുന്ന പൊന്മീനോ! അനന്തമായ ജലരാശിയുടെ മഹാമൗനത്തിലൂടെയുള്ള സഞ്ചാരം.
മനുഷ്യനെ പേടിച്ച് പ്രകൃതി ഒളിപ്പിച്ചുവെച്ചതു പോലെയുണ്ട് ഈ ലോകം. കുന്നുകളും സമതലങ്ങളും പുല്‍മേടുകളും പൊന്തക്കാടുകളുമെല്ലാമുണ്ട്. പല നിറങ്ങളിലുള്ള പവിഴപ്പുറ്റുകളുടെയും ജലസസ്യങ്ങളുടെയും ഇടയിലൂടെ നീങ്ങുമ്പാള്‍ നമ്മെ തൊട്ട് പാഞ്ഞു പോവുന്ന എന്തെല്ലാം തരം മത്സ്യങ്ങള്‍! ചിലതിന് പെയിന്റിങ്ങുകളെ തോല്‍പ്പിക്കുന്ന വര്‍ണശോഭ. അല്ലെങ്കിലും പ്രകൃതിതന്നെയല്ലേ ഏറ്റവും വലിയ ചിത്രകാരി. ഈ ബംഗാരം ഉള്‍പ്പെടുന്ന ലക്ഷ്വദ്വീപുകള്‍ തന്നെ തെളിവ്. 4200 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ലഗൂണുകളിലെ ജൈവസമ്പത്ത് ലോകത്തില്‍ തന്നെ അത്യപൂര്‍വമാണ്.
സത്യത്തില്‍ ജീവിത ബഹളങ്ങളില്‍ നിന്ന് കുതറിമാറി ഞങ്ങള്‍ ബംഗാരത്തേക്ക് ഒന്നു മുങ്ങുകയായിരുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ ആന്റിക് ബിസിനസ്സാണ് എനിക്ക്. നൂറായിരം കാര്യങ്ങള്‍, നിരന്തര യാത്രകള്‍. ചൈന, തായ് ലാന്റ്, മലേഷ്യ, വിയറ്റ്‌നാം, മ്യാന്‍മാര്‍, മംഗോളിയ... തിരക്കുകള്‍ വരിഞ്ഞുമുറുക്കിക്കളയും. പക്ഷേ, പണം കായ്ക്കുന്ന മരങ്ങളായി എപ്പോഴും കഴിയാനാവുമോ? യാത്രകള്‍ എന്നെ ഒരുപാട് മോഹിപ്പിക്കുന്നത് അതുകൊണ്ടാണ്.
ബംഗാരം റിസോര്‍ട്ടില്‍ കോട്ടേജ് ബുക്കു ചെയ്യുമ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചതല്ല. മുമ്പ് തങ്ങിയിട്ടുള്ള ആഡംബരം നിറഞ്ഞ ഉല്ലാസകേന്ദ്രങ്ങള്‍ പോലെയല്ല ഇത്. എയര്‍ കണ്ടീഷണറില്ല. നൂറുകണക്കിന് ചാനലുകള്‍ തിക്കിത്തിരക്കുന്ന ടി.വിയില്ല. പത്രമില്ല. ടാപ്പ് തുറന്നാല്‍ ഏതു നേരവും ചുടുവെള്ളമില്ല. (ഇടവിടാതെ ചിലയ്ക്കുന്ന നശിച്ച മൂന്നു മൊബൈല്‍ ഫോണുകള്‍ ഞാന്‍ നേരത്തെ ഓഫാക്കിയിരുന്നു.)
എന്തൊരു സ്വൈര്യം. കണ്ണെത്താദൂരം വരെ കടല്‍. കടല്‍ മാത്രം. പിന്നെ വെള്ളിമേഘങ്ങളുടെ അനന്താകാശം. കൊച്ചിയില്‍ നിന്ന് കിങ്ഫിഷര്‍ വിമാനത്തില്‍ അഗത്തിവരെയുള്ള യാത്രതന്നെ ഞങ്ങളെ ഹരം കൊള്ളിച്ചു. മേഘക്കീറുകള്‍ വഴിമാറുമ്പോള്‍ അങ്ങുതാഴെ കടല്‍പ്പരപ്പില്‍ ചെറുതുരുത്തുകള്‍, സ്വര്‍ഗത്തില്‍ നിന്ന് ചിതറി വീണ മരതകക്കല്ലുകള്‍ പോലെ. അവയ്ക്ക് അതിരിട്ട് വെള്ളമണല്‍പ്പരപ്പ്. ചുറ്റും തിരനുരയുന്ന ഇളംനീല ലഗൂണുകള്‍. ഇവിടെ ഓലമേഞ്ഞ കോട്ടേജുകള്‍ മുക്കുവക്കുടിലുകളുടെ പരിഷ്‌കൃത രൂപമാണ്. കാവി പൂശിയ തറയോടുകള്‍ വിരിച്ച നിലം, മച്ച്. ലൈറ്റുകള്‍, ഫാന്‍, രണ്ട് കട്ടിലുകള്‍, കിടക്ക, തലയിണ, കസേരകള്‍, കുളിമുറി... സൗകര്യങ്ങള്‍ വളരെ ലളിതം. പക്ഷേ, നല്ല വൃത്തിയും വെടിപ്പും. ആഡംബരമായി പറയാമെങ്കില്‍ ഒരു മിനിഫ്രിഡ്ജുമുണ്ട്. ഉമ്മറത്ത് ചൂരല്‍ക്കസേരയില്‍ ചാരിക്കിടന്നാല്‍ വെയിലിന്റെയും കടലിന്റെയും കയറ്റിറക്കങ്ങള്‍ കാണാം.
പെട്ടെന്ന് ഞാന്‍ ഷാങ്ഹായിയും ഹോങ്കോങ്ങും ഓര്‍ത്തു. ആഘോഷങ്ങള്‍ ഒടുങ്ങാത്ത ആ മഹാനഗരങ്ങള്‍ എത്ര അകലെയാണ്. ശരിക്കും പ്രകൃതിയിലേക്കുള്ള മടക്കമാണിത്.
തെങ്ങിന്‍തോപ്പുകള്‍ നിറഞ്ഞ 120 ഏക്കറാണ് ബംഗാരം. അലസമായി ചുറ്റിനടന്നുകാണാന്‍ രണ്ടുമണിക്കൂര്‍ മതി. ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ നടക്കാനിറങ്ങിയതാണിപ്പോള്‍. ഇളംകാറ്റ് തെങ്ങോലകളില്‍ കൂടുവെക്കുമ്പോള്‍ ഇതൊരു രസമാണ്. ചൊരിമണലില്‍ നിന നടക്കുന്നതുപോലും നൃത്തംവയ്ക്കും പോലെയാണ്. ഇവിടെ കുത്തിനോവിക്കുന്ന തുറിച്ചു നോട്ടങ്ങളില്ല. ബംഗാരത്ത് സഞ്ചാരികളും റിസോര്‍ട്ട് ജീവനക്കാരും മാത്രമേയുള്ളൂ. വെയില്‍ ചായുമ്പോള്‍ ദ്വീപിനു നടുവിലെ തടാകത്തിന്റെ കരയില്‍ പക്ഷിക്കൂട്ടങ്ങള്‍ പറന്നിറങ്ങും. അവയെപ്പറ്റിയുള്ള ഒരു പുസ്തകം ഇവിടുത്തെ ലൈബ്രറിയിലാണ് ഞാന്‍ കണ്ടത്. അത് എഴുതിയ പക്ഷിശ്ശാസ്ത്രജ്ഞന്‍ ഗ്രിസ് ജെന്റ് ബംഗാരത്ത് മുടങ്ങാതെ എത്തുന്ന സഞ്ചാരിയാണ്. ഇവിടത്തെ ടൂറിസ്റ്റുകളില്‍ പതിവുകാരാണ് ഏറെ.
വെയില്‍ ഒന്നുകൂടി തെളിഞ്ഞതോടെ തീരത്താണ് എല്ലാവരും. സൂര്യസ്‌നാനം പോലെ ഞങ്ങള്‍ക്ക് പ്രിയപ്പെട്ട മറ്റൊന്നില്ല. വലിയ ഓലക്കുടകള്‍ക്കു താഴെ കടല്‍ നോക്കിയിങ്ങനെ കിടക്കുമ്പോള്‍ കാറ്റിന്റെ നിശ്വാസം മുഖത്തുതട്ടുന്നു. തൊട്ടപ്പുറത്ത് നിന ചെറുമയക്കത്തിലാണ്. കവിളിലെ നനവുള്ള മണല്‍ത്തരികള്‍ തട്ടിക്കളഞ്ഞപ്പോള്‍ അവള്‍ ഉറക്കത്തില്‍ പുഞ്ചിരിക്കുന്നു. ഏതു സ്വപ്നത്തിലാണോ അവള്‍!
എല്ലാവരും സ്വന്തം ലോകങ്ങളിലാണ്. പുസ്തകങ്ങള്‍ വായിച്ചും ഇയര്‍ഫോണില്‍ സംഗീതം കേട്ടും.... ഈ കുടക്കീഴില്‍ ഉദയാസ്തമയങ്ങള്‍ കണ്ട് ഞങ്ങള്‍ കിടന്നിട്ടുണ്ട്. ഇന്നലെ രാവേറെയാവുംവരെ കടലിന്റെ സംഗീതം കേട്ട് ഇവിടെയായിരുന്നു. പ്രകൃതിക്ക് ഓരോ നേരത്തും ഓരോ ഭാവമാണ്.
സുഖകരമായ ഒരു മയക്കം മുറിച്ചത് നിനയുടെ ശബ്ദമാണ്. കുളിക്കാനുള്ള ഒരുക്കമാണ്. ഇത്ര ശാന്തമായ കടല്‍ അധികം രാജ്യങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ല. കുഞ്ഞോളങ്ങളില്‍ കാല്‍തൊട്ട് പതിയെപ്പതിയെ കടലിന്റെ ചെറുതണുപ്പില്‍.... പരസ്പരം വെള്ളം തെറിപ്പിച്ചും കെട്ടിപ്പുണര്‍ന്നും.... ഇത്ര സന്തോഷവതിയായി നിനയെ ഞാന്‍ കണ്ടിട്ടില്ല. എല്ലാംകൊണ്ടും ഇത് മധുവിധുവിന്റെ ഒരു ദ്വീപാണ്. പ്രണയം ജ്വലിക്കുന്ന ഒരു കന്യാവനം.
സന്ധ്യ. അന്തിവെട്ടത്തില്‍ നിറങ്ങള്‍ പടര്‍ന്ന ഒരു ജലച്ചായചിത്രം പോലെ ആകാശം. ബീച്ച് ബാര്‍ ഉണര്‍ന്നുകഴിഞ്ഞു. കാറ്റില്‍ ഇളകിയാടുന്ന ചെറുവിളക്കുകള്‍ക്കു താഴെ ഊഷ്മളമായ സല്ലാപങ്ങള്‍. ലണ്ടനില്‍ നിന്നും പാരീസില്‍ നിന്നുമൊക്കെ എത്തിയവരാണ് ചുറ്റും. സൗഹൃദഭാഷണങ്ങള്‍ കാഴ്ചയുടെ ഓരോ ജാലകങ്ങള്‍ തട്ടിത്തുറക്കുന്നു. ദേശപ്പഴമകള്‍. ചരിത്രകൗതുകങ്ങള്‍, അപൂര്‍വമായ യാത്രാനുഭവങ്ങള്‍, അതു കേള്‍ക്കുമ്പോള്‍ നിന എന്നെ നോക്കും. അടുത്ത വര്‍ഷം അങ്ങോട്ടാക്കിയാലോ?
ഓര്‍ത്താല്‍ എല്ലാം വിസ്മയം. അറിയാത്ത ഒരു ദേശം. അതിന്റ ചരിത്രവും കഥകളും. പണ്ടുകാലത്ത് കേരളം വാണിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മെക്കയ്ക്ക് പോയി അപ്രത്യക്ഷനായി എന്നും അദ്ദേഹത്തെ തിരഞ്ഞ് പുറപ്പെട്ട നാവികരില്‍ ഒരാള്‍ ബംഗാരം കണ്ടെത്തിയെന്നുമാണ് കഥ. കാറും കോളും നിറഞ്ഞ ഒരു രാത്രിയില്‍ കപ്പല്‍ച്ചേതം വന്ന് അദ്ദേഹം ഇവിടെ എത്തിയത്രെ.
യാത്രാസ്മൃതികള്‍ മായാതെ നില്‍ക്കുക മനസ്സിലും നാവിലുമാണെന്ന് പറയാറുള്ളത് വളരെ ശരിയാണ്, ദാ... ഇവിടെ അത്താഴത്തിനുള്ള ഒരുക്കമാണ്. തീരത്ത് നിരത്തിയിട്ട. മരത്തിന്റെ തീന്‍മേശകളും കസേരകളും. ചിമ്മിനി വിളക്കുകളുടെ പ്രകാശത്തില്‍ ചിരിക്കുന്ന മുഖങ്ങള്‍. മുന്നിലെ തളിക കളില്‍ പലതരം ഡിഷുകള്‍. കൊ തിയൂറുന്ന കടല്‍മീന്‍ വിഭവങ്ങള്‍. മലബാറി മട്ടന്‍കറി, ചിക്കന്‍ ഫ്രൈ. നെയ്‌ച്ചോറ്, പഴങ്ങള്‍... സ്വാദ് പിടിച്ചതിനാല്‍ അഞ്ചുദിവസം കൊണ്ട് ഞാന്‍ ഒന്നു തടിച്ചിട്ടുണ്ട്.
ഈ രാത്രിയും മനോഹരമാണ്. ആയുര്‍വേദ സെന്ററിലെ ഉഴിച്ചിലും പിഴിച്ചിലുമായതോടെ നല്ല ഉറക്കം. ഇത്ര നന്നായി ഉണ്ടുറങ്ങി ഉല്ലസിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടില്ല.
സമയം രാവിലെ 11. ഓളങ്ങളില്‍ ഉലഞ്ഞ് ബോട്ട് മുന്നോട്ടു നീങ്ങുമ്പോള്‍ ഞങ്ങള്‍ വീണ്ടും വീണ്ടും ഫോട്ടോകളെടുക്കുന്നു. അഗത്തിയിലേക്കുള്ള ഈ ഒരു മണിക്കൂര്‍ യാത്രപോലും ചിലപ്പോള്‍ മറക്കാനാവാത്ത ചിത്രങ്ങള്‍ തരും. തീരത്തോടടുക്കുമ്പോഴാണ് ഞങ്ങള്‍ കണ്ടത്, മണല്‍പ്പരപ്പില്‍ പായുന്ന വലിയ കടലാമകള്‍.
ഇവിടെ ഒരു രാത്രി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് അറിയാതെ മോഹിച്ചുപോയി. നാളെയാണ് പൗര്‍ണമി. നിറനിലാവില്‍ കടലാമകള്‍ കൂട്ടമായ് മുട്ടയിടാന്‍ എത്തുന്ന ദിവസം. ബംഗാരത്തിനടുത്തുള്ള ദ്വീപിലേക്ക് ആ കാഴ്ച കാണാന്‍ സഞ്ചാരികള്‍ പോവും. നാളെ ആ സമയത്ത് ഹാംബര്‍ഗിലേക്കുള്ള വിമാനത്തില്‍ ഞങ്ങള്‍ നല്ല ഉറക്കമായിരിക്കും. പക്ഷേ, ഞങ്ങളുടെ സ്വപ്നത്തില്‍ ബംഗാരമുണ്ട്. അടുത്ത വേനലവധിക്ക് ഞങ്ങള്‍ ഇപ്പോഴേ കാത്തുതുടങ്ങിയിരിക്കുന്നു.
Bangaram
Location: One of 36 Islands in Lakshadweep.459 km from Kochi. A land of 120 acres of lush coco-nut grooves, surrounded by shallow lagoon endlosed by coral reef. The resort: CGH Earth experience hotel, 20 cottages & 4 Bungalows. No A/C TV, Phone, 24 hour running hot water and room service. But utmost privacy and unpolluted comfort. Favourite destination of late Rajiv Gandhi & Sonia Gandhi
Getting there
Air : Indian Airlines and King-fisher Airlines have flights to Agatti. From there one hour boat journey. flight fares: (Starts from) IA-Rs.5950, KF-Rs.5650 (both one way) Ship :MV Aminidivi, MV Minicoy, MV Bharat Seema. Tourist Class A/C seating & A/C delux dass with two berth cabin available fare:Rs.2000 approx.
Activities
Scuba diving, snorkelling, deep sea fishing, kayaking etc. A well equipped professionally manned school for scuba diving. Fecility for one day outing to the nearest uninhabited islands Tinna kara & Parali. .

Please note
No shops & ATM Counters except a small one in resort. Carry your swim suit, sunglass, cap and medicines Cif required). During monsoon helicopter service available from Agatti to Bangaram.
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Bangaram Travel, Lakshadweep, Bangaram Tourism, Mathrubhumi Yathra