കർണാടകത്തിൽ വന്യമൃഗങ്ങളുടെ ഇഷ്ടവിഹാരമേഖലയായ ബന്ദിപ്പുർ കടുവസങ്കേതത്തിന് 47 വയസ്സ്. കടുവകളും ആനകളുമുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിന് ആവാസവ്യവസ്ഥയൊരുക്കി ഈ വന്യജീവിസങ്കേതം അരനൂറ്റാണ്ടിനോടടുക്കുകയാണ്. ഇന്ത്യയിലെത്തന്നെ വലിയ കടുവസങ്കേതങ്ങളിലൊന്നാണ് ഇപ്പോൾ ബന്ദിപ്പുർ.
കർണാടകത്തിൽ ഡി. ദേവരാജ് അരശ് മുഖ്യമന്ത്രിയായിരുന്നകാലത്ത് ബന്ദിപ്പുർ ടൈഗർ പ്രോജക്ട് ആയാണ് ഈ വന്യജീവിസങ്കേതത്തിന് തുടക്കംകുറിച്ചത്. അന്ന് കേന്ദ്രം ഭരിച്ചിരുന്ന ഇന്ദിരാഗാന്ധിസർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായിരുന്നു ഇത്. 1973-ലാണ് ഈ വനമേഖലയെ ടൈഗർ പ്രോജക്ടിലുൾപ്പെടുത്തി അന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കടുവകളുടെ സംരക്ഷണമായിരുന്നു ലക്ഷ്യം. പിന്നീട് കടുവസങ്കേതത്തിന്റെ രൂപവും ഭാവവും മാറി. 1985-ൽ ബന്ദിപ്പുർ കടുവസങ്കേതത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.
പതിറ്റാണ്ടുകൾ പിന്നിട്ടതോടെ ഈ വനമേഖലയിൽ കടുവകളുടെ എണ്ണവും പെരുകി. കാട്ടാനകളുടെ വിഹാരരംഗംകൂടിയാണ് ഇപ്പോൾ ബന്ദിപ്പുർ. 1,500-ഓളം ആനകൾ ഇവിടെയുണ്ടെന്നാണ് ഏകദേശകണക്ക്. കടുവകളുടെയും ആനകളുടെയും എണ്ണം ഓരോ കൊല്ലവും കൂടിവരുകയാണ്. വനാതിർത്തികളിലേക്ക് ഇവ ഇറങ്ങിവരുന്നത് അടുത്തകാലത്തായി ആവർത്തിക്കുകയാണ്. വനാതിർത്തിയിലെ ജനവാസമേഖലകളിലേക്കും ചിലപ്പോൾ വന്യജീവികളെത്തുന്നു. ഇത് ജനങ്ങൾക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നുമുണ്ട്.
കർണാടകത്തിലെ ഏറ്റവുംവലിയ കടുവസങ്കേതമായ നാഗർഹോളെ വനമേഖലയോടുചേർന്നാണ് ബന്ദിപ്പുർ ദേശീയോദ്യാനത്തിന്റെ കിടപ്പ്. കടുവകളുടെ എണ്ണത്തിൽ രാജ്യത്തെ ഏറ്റവുംവലിയ സങ്കേതമാണ് നാഗർഹോളെ. വയനാട് വന്യജീവിസങ്കേതം ബന്ദിപ്പുരിന്റെ അതിർത്തിപങ്കിടുന്നതാണ്. തമിഴ്നാട്ടിലെ മുതുമലൈ വന്യജീവിസങ്കേതമാണ് ബന്ദിപ്പുരിന്റെ മറ്റൊരു അതിര്. കാടിനെയും കാട്ടുമൃഗങ്ങളെയും അടുത്തറിയാനായി എത്തുന്ന സഞ്ചാരികളുടെ ഇഷ്ടസങ്കേതംകൂടിയാണിത്. കടുവകളെ കണ്ട് കാട്ടിലൂടെ യാത്രതരപ്പെടുന്ന ടൈഗർ സഫാരിയും ഇവിടെ വനംവകുപ്പ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
ബന്ദിപ്പുർ കടുവസങ്കേതം
- കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഗൂഡല്ലൂർ താലൂക്കിൽ
- ടൈഗർ പ്രോജക്ടായി തുടക്കമിട്ടത്: 1973 നവംബർ 16-ന്
- അന്നത്തെ കടുവകളുടെ എണ്ണം: 13
- ദേശീയോദ്യാനമായി മാറിയത്: 1985-ൽ
- ഇപ്പോൾ കടുവകളുടെ ഏകദേശ എണ്ണം: 167
- വിസ്തീർണം: 912.04 ചതുരശ്ര കിലോമീറ്റർ
Content Highlights: Bandipur Tiger Reserve, Bandipur Safari, Karnataka Tourism, Mathrubhumi Yathra