• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Travel
More
Hero Hero
  • News
  • Features
  • Galleries
  • Pilgrimage
  • Travel Blog
  • Yathra
  • Columns
  • Kerala
  • India
  • World
  • Local Route

ഒരു ഗ്രാമം തന്നെ നിശ്ചലമാകുന്ന ആ ദിവസത്തെ കാഴ്ചകള്‍ തേടി ഭീതിയുണര്‍ത്തുന്ന പാതകളിലൂടെ...

Aug 12, 2020, 07:23 PM IST
A A A

കടുത്ത മഞ്ഞുവീഴ്ചയ്ക്ക് മുന്‍പായി ഒരു കെടാവിളക്ക് കത്തിച്ചുവെച്ച് വരുന്ന ആറുമാസക്കാലം ഭഗവാന് ദേവകള്‍ പൂജചെയ്യും എന്ന വിശ്വാസത്തില്‍ അമ്പലമടച്ച് ഒരു ഗ്രാമം മുഴുവന്‍ ഒഴിഞ്ഞുപോകുന്ന സ്ഥലമാണ് ബദ്രിനാഥ്.

# എഴുത്തും ചിത്രങ്ങളും: ബിനോയ് മാരിക്കല്‍
Badrinath
X

തികച്ചും യാദൃച്ഛികമായാണ് ബദ്രിനാഥ് ക്ലോസിങ് സെറിമണിയില്‍ പങ്കെടുക്കുന്നതിനുള്ള ഒരു പോസ്റ്റ് ശ്രദ്ധയില്‍പ്പെടുന്നത്. അപ്പോള്‍ തോന്നിയ ഉള്‍വിളിയില്‍ ആ യാത്രയില്‍ പങ്കെടുക്കണമെന്ന് മനസ്സ് പറഞ്ഞു. കടുത്ത മഞ്ഞുവീഴ്ചയ്ക്ക് മുന്‍പായി ഒരു കെടാവിളക്ക് കത്തിച്ചുവെച്ച് വരുന്ന ആറുമാസക്കാലം ഭഗവാന് ദേവകള്‍ പൂജചെയ്യും എന്ന വിശ്വാസത്തില്‍ അമ്പലമടച്ച് ഒരു ഗ്രാമം മുഴുവന്‍ ഒഴിഞ്ഞുപോകുന്ന സ്ഥലമാണ് ബദ്രിനാഥ്. 2019 നവംബര്‍ പതിനേഴാം തീയതിയായിരുന്നു അമ്പലം അടയ്ക്കുന്ന ചടങ്ങ്. ആ ചടങ്ങിന് സാക്ഷ്യംവഹിക്കാനുള്ള അവസരം ലഭിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായാണ്.

ബദ്രിനാഥ് ക്ഷേത്രം

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഹിമാലയന്‍ മലനിരകളില്‍ ഗംഭീരങ്ങളായ നര്‍, നാരായണ പര്‍വതങ്ങള്‍ക്കിടയില്‍ ബദ്രിനാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നു. നീലകണ്ഠ് കൊടുമുടിക്ക് താഴെ 10850 അടി ഉയരത്തില്‍ അളകനന്ദ നദിക്കരയില്‍ തപ്തകുണ്ഠ എന്ന ചൂടുള്ള നീരുറവയ്ക്ക് മുകളില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ് ഈ പുണ്യക്ഷേത്രം. വിഷ്ണുവിന്റെ ആരാധനാലയങ്ങളില്‍ മുന്‍നിരയിലുള്ള പഞ്ചബദ്രി ക്ഷേത്രങ്ങളിലൊന്നായ ബദ്രിനാഥ് വൈഷ്ണവരുടെ 108 ദിവ്യദേശങ്ങളില്‍ ഒന്നുമാണ്. ഇന്ത്യയുടെ നാല് കോണുകളിലായി സ്ഥിതിചെയ്യുന്ന ചാര്‍ധാം എന്നറിയപ്പെടുന്ന നാല് ദിവ്യദേശങ്ങളില്‍ ഒന്നാണ് ആദിനാഥ് ക്ഷേത്രം (വടക്ക് ബദ്രിനാഥ്, കിഴക്ക് പുരി ജഗന്നാഥ ക്ഷേത്രം, പടിഞ്ഞാറ് ദ്വാരകയിലെ വാരകാധീശ ക്ഷേത്രം, തെക്ക് രാമേശ്വരം). ഹിമാലയത്തിലെ ചോട്ട ചാര്‍ധാം എന്നറിയപ്പെടുന്ന നാല് തീര്‍ഥാടനകേന്ദ്രങ്ങളിലും പ്രധാനപ്പെട്ട സ്ഥാനം ബദ്രിനാഥിനുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ ബദ്രിനാഥ് സന്ദര്‍ശിക്കുന്ന വ്യക്തി ആത്മീയതയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനം കൈവരിക്കുമെന്നാണ് വിശ്വാസം.

Badrinath 1

വെളുപ്പിന് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക്, അവിടെനിന്ന് ഹരിദ്വാറിലേക്ക് അഞ്ചുമണിക്കൂര്‍ ബസ് യാത്ര. ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ഹരിദ്വാറില്‍ എത്തി. കേരളത്തിലെ പല സ്ഥലങ്ങളില്‍നിന്നുള്ള 12 പേരാണ് ബദ്രിനാഥിലേക്കുള്ള സഹയാത്രികര്‍. എല്ലാവരും എത്തു ന്നതേയുള്ളൂ. ഒന്ന് ഫ്രഷായി ചെറിയൊരു വിശ്രമം. പിന്നീട് ഞങ്ങള്‍ ഹരിദ്വാറിന്റെ വഴികളിലൂടെ നടക്കാന്‍ ഇറങ്ങി. ആറു മണിയോടെ ഗംഗ ആരതി നടക്കുന്ന 'ഹര്‍ കി പുരി'യിലെത്തി. കുറച്ചു മിനിറ്റുകള്‍ക്കുശേഷം തിരക്ക് കൂടിവന്നു. വളണ്ടിയേഴ്‌സ് എല്ലാവരെയും ഗംഗയുടെ പടവുകളിലേക്ക് ഇരുത്തി കൂട്ടത്തില്‍ സംഭാവനയും വഴിപാടും ഒക്കെ രസീതാക്കുന്നു. ഭക്തിസാന്ദ്രമായ ആരതി തൊഴുത് കുറച്ചു നേരം ഗംഗാതീരത്ത് അലഞ്ഞു തിരിഞ്ഞ് ഭക്ഷണവും കഴിച്ച് തിരികെ റൂമിലെത്തി. നാളെ അതിരാവിലെ യാത്ര തുടങ്ങേണ്ടതുണ്ട്.

പിറ്റേന്ന് വെളുപ്പിന് മൂന്നു മണിയോടെ ഓരോരുത്തരായി എഴുന്നേറ്റ് ഒരുക്കങ്ങള്‍ തുടങ്ങി. ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തില്‍ തൊഴുത് അഞ്ചുമണിയോടെ ബദ്രിനാഥിലേക്കുള്ള യാത്ര തുടങ്ങി. ഹരിദ്വാറില്‍നിന്ന് ബദ്രിനാഥിലേക്കുള്ള 320 കിലോമീറ്ററോളം ദൂരം താണ്ടാന്‍ ഏകദേശം 15 മണിക്കുറില്‍ കൂടുതല്‍ എടുക്കും. ടെമ്പോട്രാവലറിന്റെ മുന്‍സീറ്റില്‍ തന്നെ ഇടംപിടിച്ചു. ഹരിദ്വാറില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ പിന്നിട്ട് ഋഷികേശില്‍ എത്തി. വെളുപ്പിനുള്ള മഞ്ഞില്‍ മുങ്ങി നില്‍ക്കുന്ന രാം ഝൂലെയും ലക്ഷ്മണ്‍ ഝൂലെയും കടന്ന് മുന്നോട്ടു പോകുന്തോറും വഴി യില്‍ തിരക്ക് കുറഞ്ഞുതുടങ്ങി. ഒരു മലയില്‍നിന്ന് അടുത്ത മലയിലേക്ക്, പിന്നെ മറ്റൊന്നിലേക്ക്, അങ്ങനെ വളഞ്ഞുപുളഞ്ഞ് പോകുന്ന വഴികള്‍. കൂട്ടായി ഗംഗാനദിയും. ചിലപ്പോള്‍ അടുത്ത്, ചിലപ്പോള്‍ വളരെ അടിയില്‍, ചിലപ്പോള്‍ അങ്ങകലെ മലകള്‍ക്ക് വലംവെച്ച് കടുംപച്ച നിറത്തില്‍ ഒഴുകുന്നു. പ്രഭാതഭക്ഷണത്തിനുശേഷം ശിവപുരിയില്‍ സപ്തര്‍ഷികളില്‍ ഒരാളായ വസിഷ്ഠമുനി ധ്യാനിച്ചിരുന്ന വസിഷ്ഠഗുഹ കാണാനിറങ്ങി. റോഡില്‍നിന്ന് ചെറിയ വഴിയിലൂടെ താഴേക്കിറങ്ങി ഇടതുവശത്തായി കുറച്ച് പശുക്കളും അവയ്ക്കുള്ള ഷെഡുകളും അവിടത്തെ അന്തേവാസികള്‍ക്ക് താമസിക്കാനുള്ള വീടുകളും ഉണ്ട്. കുറച്ചുകൂടി മുന്നോട്ട് നടന്നാല്‍ ഗുഹാകവാടത്തില്‍ എത്താം. കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്ക് കീഴെ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന അത്തിമരത്തിന് ചുവട്ടിലായി ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ചെറിയ ഒരു മണ്ഡപം.  മണ്ഡപത്തിന്റെ ഉള്ളിലേക്ക് കടന്നാല്‍ ഒരു ഭാഗം ഗ്രില്‍ ഇട്ട് അടച്ചിരിക്കുന്നു, ചെറിയൊരു വാതിലും കാണാം. ഉച്ചവരെയേ ഗുഹയിലേക്ക് പ്രവേശനമുള്ളൂ. വാതിലിലൂടെ അകത്തേക്ക് കയറിയാല്‍ മുന്നില്‍ ഇരുട്ടു മാത്രം. മുന്നോട്ട് സൂക്ഷിച്ച് നടന്നില്ലെങ്കില്‍ തല മുകളില്‍ ഇടിക്കും. അകത്തേക്ക് കടന്നാല്‍ ഇരുട്ടിന്റെ അറ്റത്ത് എണ്ണവിളക്കിന്റെ പ്രകാശത്തില്‍ ശിവലിംഗം കാണാം. എണ്ണയുടെയും പുഷ്പങ്ങളുടെയും നേര്‍ത്ത സുഗന്ധം പരക്കുന്ന ശാന്തമായ അന്തരീക്ഷം നമ്മുടെ മനസ്സിനെയും ശരീരത്തേയും വിവരണാതീതമായ അനുഭൂതിയില്‍ എത്തിക്കും. 

തിരക്കില്ലെങ്കില്‍ സന്ദര്‍ശകര്‍ക്ക് കുറച്ചുനേരം ഗുഹയിലിരുന്ന് ധ്യാനിക്കാം. ശിവലിംഗത്തിന് പുറകില്‍ ഗുഹയ്ക്ക് ഇനിയും നീളമുണ്ടെന്ന് പറയ പ്പെടുന്നു. ഗുഹയില്‍നിന്ന് പുറത്തിറങ്ങി ഗംഗാതീരത്തേക്ക് നടക്കാം. ഉരുളന്‍കല്ലുകള്‍ നിറഞ്ഞ തീരത്ത് കൂടെ നടന്ന് അരുന്ധതി ഗുഹയും കണ്ട് ഞങ്ങള്‍ ഗംഗയിലേക്ക് ഇറങ്ങി. അകലെനിന്ന് നോക്കുമ്പോള്‍ പച്ചനിറമാണെങ്കിലും അടുത്തെത്തിയപ്പോള്‍ നല്ല തെളിഞ്ഞവെള്ളം. ആ തണുപ്പിലും ഒന്ന് മുങ്ങിക്കുളിക്കാതിരിക്കാന്‍ ആ തെളിനീര്‍ അനുവദിച്ചില്ല. തിരിച്ചുകയറി യാത്ര തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ വണ്ടികള്‍ നിരനിരയായി കിടക്കുന്നു. റോഡ് ബ്ലോക്ക് ആണ്. 

ഹരിദ്വാര്‍-ബദ്രിനാഥ് റൂട്ടില്‍ ഉടനീളം പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എകദേശം 30 മിനിറ്റോളം അവിടെ കാത്തു കിടന്നു. പിന്നീടങ്ങോട്ട് പല സ്ഥലങ്ങളിലും ഇതുപോലെ ബ്ലോക്കുണ്ടായിരുന്നു. ഹിറ്റാച്ചികളും ജെ.സി.ബി.കളും ഉപയോഗിച്ച് മലയിടിച്ച് റോഡിന് വീതി കൂട്ടുന്ന പണിയാണ് എങ്ങും. ചിതറിക്കിടക്കുന്ന പാറകളും തകര്‍ന്ന റോഡും രൂക്ഷമായ പൊടിയും തുടര്‍ന്നുള്ള യാത്രയുടെ വേഗം കുറച്ചു. പിന്നീട് എത്തിയത് ദേവപ്രയാഗിലാണ്. രണ്ട് പുഴകള്‍ സംഗമിക്കുന്ന സ്ഥലമാണ് പ്രയാഗ് എന്നറിയപ്പെടുന്നത്. ബ്രദിനാഥ് യാത്രയില്‍ അത്തരം അഞ്ച് പ്രധാനപ്പെട്ട പ്രയാഗുകള്‍ കാണാം. ഇവ പഞ്ചപ്രയാഗ് എന്നറിയപ്പെടുന്നു. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കര്‍ണപ്രയാഗ്, നന്ദപ്രയാഗ്, വിഷ്ണുപ്രയാഗ്, എന്നിവയാണവ. ദേവപ്രയാഗില്‍വെച്ചാണ് അളകനന്ദയും ഭഗീരഥിയും ഒന്നിച്ച് ഗംഗയായി ഒഴുകിത്തുടങ്ങുന്നത്. റോഡരികില്‍ നിന്ന് ദേവപ്രയാഗിന്റെ ഏരിയല്‍ വ്യൂ കാണാന്‍ സാധിക്കുന്ന ഒരു വ്യൂ പോയിന്റ് ഉണ്ട്. റോഡില്‍ നിന്ന് അല്പം താഴോട്ടിറങ്ങി അളകനന്ദയ്ക്ക് കുറുകെയുള്ള തൂക്കുപാലത്തിലൂടെ മറുകര കടന്ന് വീണ്ടും താഴേക്കിറങ്ങി നദീസംഗമസ്ഥാനത്തെത്തി ദേഹശുദ്ധി വരുത്തി. അവിടത്തെ കല്‍പ്പടവുകളില്‍ തണുത്ത കാറ്റേറ്റ് അല്പനേരം ഇരുന്നു. മുകളിലേക്കുള്ള പടവുകള്‍ കയറിയാല്‍ രഘുനാഥ്ജി ക്ഷേത്രമാണ്. ആദിശങ്കരനാണ് ഈ ക്ഷേത്രവും നിര്‍മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. 

മുന്നോട്ടു പോകുന്തോറും യാത്ര കൂടുതല്‍ ദുഷ്‌കരമാവുകയായിരുന്നു. ബ്ലോക്കുകളും റോഡിന്റെ അവസ്ഥയും യാത്രയുടെ ദൈര്‍ഘ്യം കൂട്ടിക്കൊണ്ടിരുന്നു ബദ്രിനാഥ് റൂട്ടിലുള്ള നല്ലൊരു പട്ടണമായ ശ്രീനഗറും കടന്ന് വൈകീട്ടോടെ രുദ്രപ്രയാഗില്‍ എത്തി. കോട്ടേശ്വര്‍ മഹാദേവക്ഷേത്രത്തില്‍ തൊഴുത് കുറച്ചുനേരം അളകനന്ദയുടെ തീരത്ത് വിശ്രമിക്കാം. ഹരിദ്വാറില്‍നിന്ന് 170 കിലോമീറ്ററാണ് അന്ന് യാത്ര ചെയ്തത്. രാത്രിയാകും തോറും തണുപ്പ് കൂടിവരുന്നു. 

രാവിലെ കമ്പിളിക്കുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ അല്‍പ്പമൊന്ന് മടിച്ചു. ചൂടുചായയും ചൂടുവെള്ളത്തിലെ കുളിയും മടിമാറ്റിത്തന്നു. 120 കിലോമീറ്റര്‍ അപ്പുറമുള്ള ജോഷിമഠ് ആണ് അടുത്ത ലക്ഷ്യം. മലകള്‍ക്ക് അരഞ്ഞാണമിട്ടപോലെ തോന്നിക്കുന്ന വഴികളിലൂടെ ഒന്നും മിണ്ടാതെ നേരെ മാത്രം നോക്കി വണ്ടിയോടിക്കുകയാണ് ഡ്രൈവര്‍. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കുലുങ്ങിയോടുന്ന വണ്ടിയില്‍ ക്യാമറ നേരെ പിടി ക്കാന്‍ പാടുപെട്ടു. വണ്ടി ഒന്നു പതുക്കെ വിട്ടു എന്ന് പറയാനുള്ള മടികൊണ്ട് പല നല്ല ഫ്രെയിമുകളും ക്യാമറയിലാക്കാന്‍ സാധിച്ചില്ല. കഷ്ടപ്പെട്ടെടുത്ത പല ഫ്രെയിമുകളും ഷെയ്ക്ക് കാരണം ഉപയോഗശൂന്യവുമായി. ചിലയിടത്ത് ഇടിഞ്ഞുപോയ റോഡുകള്‍ താഴെനിന്ന് കെട്ടിവരുന്നു. ഉച്ചയോടെ ജോഷിമഠിലെത്തി. 

ബദ്രിനാഥ് സന്ദര്‍ശിക്കുന്നവരുടെ പ്രധാന ഇടത്താവളമാണ് ജോഷിമഠ്. സാമാന്യം നല്ലൊരു ടൗണ്‍ഷിപ്പ്. ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങള്‍ ആദി ജഗദ്ഗുരു ശങ്കരാചാര്യര്‍ സ്ഥാപിച്ച നാല് മഠങ്ങളില്‍ ഒന്നായ ജ്യോതിര്‍മഠം കാണാനിറങ്ങി. മഠത്തിനുള്ളിലേക്ക് കയറുമ്പോള്‍ ലക്ഷ്മി നാരായണ ക്ഷേത്രം കാണാം. ബദ്രി നാരായണന്റെയും രാജരാജേശ്വരി ദേവിയുടെയും മനോഹരമായ വിഗ്രഹങ്ങള്‍ ദര്‍ശിച്ചുകൊണ്ട് അകത്തേക്ക് കടക്കാം. വിശാലമായ ഒരു ഹാളിനകത്ത് ദേവിയുടെ വിവിധ ഭാവങ്ങളിലുള്ള ചെറിയ വിഗ്രഹങ്ങള്‍ നിരനിരയായി പ്രതിഷ്ഠിച്ചിരിക്കുന്നു. ഹാളിന് പുറകിലൂടെ ഇടുങ്ങിയ പടികള്‍ കയറിയെത്തുന്നത് വിശാലമായ ഒരു ഗുഹയിലേക്കാണ്. ഇവിടെ ആദിശങ്കരന്‍ പ്രതിഷ്ഠിച്ച സ്ഫടികവിഗ്രഹങ്ങള്‍ കാണാം.

Badrinath 2
വസിഷ്ഠ ഗുഹയ്ക്ക് താഴെ ഗംഗ

ശങ്കരാചാര്യരുടെ വലിയൊരു പ്രതിമയും ഇവിടെ സ്ഥാപിച്ചിരിക്കുന്നു. പിന്നെയും മുകളിലേക്ക് കയറിയാല്‍ ചെറിയൊരു അമ്പലം. അവിടെനിന്നും ചുറ്റുമുള്ള മലനിരകളുടെ കാഴ്ച മനോഹരമായിരുന്നു. വീണ്ടും താഴേക്കിറങ്ങി ജ്യോതിര്‍മഠത്തിന് പുറത്തെത്തി. റോഡിലൂടെ അല്പംകൂടി മുകളിലേക്ക് കയറിയാല്‍ 1200 വര്‍ഷം പഴക്കമുള്ള 21 മീറ്റര്‍ ചുറ്റളവുള്ള കല്പതരു എന്നറിയപ്പെടുന്ന ഭീമന്‍ മള്‍ബറി വൃക്ഷത്തിന്റെ അടുത്തെത്താം. ഈ മഹാവൃക്ഷത്തിനു കീഴിലിരുന്ന് ജഗദ്ഗുരു മഹാശിവനെ ആരാധിച്ചിരുന്നതായി പറയുന്നു. ആചാര്യന്‍ സ്ഥാപിച്ചിരുന്ന ശിവലിംഗം ഇപ്പോള്‍ മൂടിപ്പോയിരിക്കുന്നു. കല്‍പ്പവൃക്ഷത്തിനോട് ചേര്‍ന്ന് ചെറിയൊരു മഹാദേവക്ഷേത്രം. പടര്‍ന്നു പന്തലിച്ച മഹാവൃക്ഷത്തിന്റെ തണലും ആത്മീയത നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷത്തില്‍ ചെറിയൊരു അമ്പലവും പ്രാര്‍ഥിക്കാന്‍ എത്തുന്ന ഗ്രാമീണരും എല്ലാംകൂടി സ്വച്ഛന്ദമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു.

ജോഷിമഠിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായ ഓലി റോപ്പ് വേയിലേക്കായിരുന്നു അടുത്ത യാത്ര. ഏഷ്യയിലെ തന്നെ രണ്ടാമത്തെ ഉയര്‍ന്നതും ദൈര്‍ഘ്യമേറിയതുമായ കേബിള്‍ കാര്‍ യാത്രയാണത്. ഗ്രീന്‍, സില്‍വര്‍, ഗോള്‍ഡന്‍ ഓക്കുമരങ്ങള്‍ നിറഞ്ഞ മനോഹരമായ മലകള്‍ക്ക് മുകളിലൂടെയാണ് നമ്മുടെ യാത്ര. ഹിമാലയന്‍ മലനിരകളുടെ ഗംഭീരമായ ഒരു കാഴ്ച ഇവിടെനിന്ന് നമുക്ക് ലഭിക്കുന്നു.

ഉയര്‍ന്നുനില്‍ക്കുന്ന വി വിധ മലനിരകളെ ചൂണ്ടിക്കാട്ടി ഓരോ മലകളുടെ പേരുക ളും പ്രത്യേകതകളും അവര്‍ പറഞ്ഞുതന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ മഞ്ഞുമൂടിക്കിടക്കുന്ന നന്ദാദേവി പീക്ക് തന്നെയാണ് അതില്‍ ഏറ്റവും ആകര്‍ഷണീയം. വേണമെന്നുള്ളവര്‍ക്ക് ഓലിയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തേക്ക് കാഴ്ചകള്‍ കണ്ട് ഒരു കുതിര സവാരിയും നടത്താം. ഓലിയിലേക്കുള്ള കേബിള്‍ കാര്‍ യാത്രയ്ക്ക് ആയിരം രൂപയാണ് ഈടാക്കുന്നത്. മഞ്ഞുവീണു തുടങ്ങിയാല്‍ വിവിധയിനം മഞ്ഞുകാല വിനോദങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ട്. തിരികെ ടൗണില്‍ എത്തിയപ്പോഴേക്കും ഇരുട്ട് വീണുതുടങ്ങിയിരുന്നു. തണുപ്പ് ഏറിവന്നു. അത്താഴം കഴിഞ്ഞ് ഹോട്ടലിലെ ബ്ലാങ്കറ്റിന്റെ ചൂടില്‍ നല്ലൊരു ഉറക്കം. 

അടുത്ത ദിവസം വെളുപ്പിന് അഞ്ചുമണിക്ക് ബദ്രിനാഥിലേക്ക് പുറപ്പെട്ടു. ഏകദേശം 45 കിലോമീറ്ററോളം ദൂരമുണ്ട്. മല മടക്കുകളില്‍ പലയിടങ്ങളിലും രാതിയിലും പണി നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഹൈമാസ്റ്റ് വിളക്കുകളുടെ വെളിച്ചത്തില്‍ മലയിടുക്കുകള്‍ തിളങ്ങിനില്‍ ക്കുന്നു. അടിവശം കാണാന്‍ കഴിയാത്ത കൊക്കയാണ് ഒരു വശത്ത്.

മുകള്‍വശം കാണാനാവാതെ ഉയര്‍ന്നു നില്‍ക്കുന്ന മല മറുവശത്തും. മലയില്‍ നിന്ന് മലയിലേക്ക് പകര്‍ന്നുപോകുന്ന വഴികള്‍ ചില വളവുകള്‍ കഴിഞ്ഞ് പിന്‍തിരിഞ്ഞുനോക്കുമ്പോഴാണ് വന്ന വഴിയുടെ ഭീകരത മനസ്സിലാവുക. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ വിന്‍ഡോയിലൂടെ തലയിട്ട് പുറത്തേക്ക് നോക്കി, വണ്ടിയുടെ താഴെ റോഡില്ല. അഗാധമായ കൊക്കയിലേക്കാണ് കണ്ണെത്തുക. റോഡിന്റെ ഏറ്റ വും അരികിലാണ് വണ്ടിയുടെ ടയര്‍. ആരായാലും അറിയാതെ കണ്ണുകളടച്ച് തല അകത്തേക്ക് വലിച്ചുപോകും. നമ്മില്‍ എത്രമാത്രം ഭീതി പകരുന്നുവോ അതിന്റെ പതിന്മടങ്ങ് സൗന്ദര്യവും മലമടക്കുകളിലൂടെയുള്ള വഴികള്‍ സമ്മാനിക്കുന്നുണ്ട്.

Badrinath 3

ബദ്രിനാഥ് അടുക്കുന്തോറും തണുപ്പിന്റെ കാഠിന്യവും കൂടിക്കൊണ്ടിരുന്നു വെളിച്ചം വീണു തുടങ്ങിയപ്പോഴേക്കും ഞങ്ങള്‍ ആദിനാഥില്‍ എത്തി. മഞ്ഞുമൂടിയ നീലകണ്ഠ പര്‍വതവും താഴ്വരയും മങ്ങിയ വെളിച്ചത്തില്‍ പകര്‍ത്തുന്നതിനിടെ ചെറിയൊരു കടയില്‍നിന്ന് കിട്ടിയ കുട്ടിഗ്ലാസിലെ ചൂടുചായ രണ്ടെണ്ണം കുടിച്ചിട്ടും തണുപ്പിനെ ഒരു തരിപോലും അകറ്റാന്‍ സാധിച്ചില്ല. വണ്ടിയില്‍ നിന്നിറങ്ങി ഞങ്ങള്‍ അമ്പലം ലക്ഷ്യമാക്കി നടന്നു. ചെറിയ വഴികളില്‍ ചിലയിടത്ത് തീക്കുട്ടി ചുറ്റുമിരുന്ന് തീ കായുന്നവര്‍. വഴിയരികില്‍ ചെറിയ ചെറിയ കടകള്‍, ഒരു വളവു തിരിഞ്ഞപ്പോള്‍ അമ്പലം ദൃശ്യമായി. ശാന്തമായൊഴുകുന്ന അളകനന്ദയില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടുകള്‍ക്ക് മേലെ അടുക്കിവെച്ച പോലെ ചെറിയ ചെറിയ ബില്‍ഡിങ്ങുകള്‍. അതിന് നടുവിലായി തലയെടുപ്പോടെ നില്‍ക്കുന്ന ബദ്രിനാഥ് ക്ഷേത്രം. അളകനന്ദയ്ക്ക് കുറുകെയുള്ള ഇരുമ്പുപാലം കടന്ന് വലത്തോട്ട് താഴേക്ക് ഇറങ്ങിയാല്‍ തപ്ത്കുണ്ഠില്‍ എത്താം. മെനസിലേക്ക് താഴുന്ന തണുപ്പിലും നീരാവി ഉയരുന്ന ചൂടുവെള്ളം. ദിവ്യമായ ഔഷധഗുണമുണ്ടെന്ന് വിശ്വസിക്കുന്ന ചൂടുവെള്ളത്തില്‍ വിശ്വാസത്തോടെ പ്രാര്‍ഥിച്ച് കുളിച്ചുകയറുന്ന ഭക്തന്മാര്‍. വീണ്ടും പടികള്‍ കയറി സഭാമണ്ഡപം എന്നുപറയുന്ന അമ്പലത്തിലെ തിരുമുറ്റത്ത് എത്തി. ഉത്തരേന്ത്യന്‍ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം. വര്‍ണാഭമായ നിറങ്ങളാല്‍ അലംകൃതമാണ് ക്ഷേത്രം. മുന്‍വശത്തും ജാലകങ്ങളിലും വാതിലുകളിലും നിരവധി കൊത്തുപണികള്‍, കോണാകൃതിയിലുള്ള ക്ഷേത്രത്തിന്റെ മേല്‍ക്കൂര സ്വര്‍ണംപൂശിയിരിക്കുന്നു. ക്ഷേത്രത്തിന്റെ മുന്‍വശം മുഴുവനുമായി പുഷ്പങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. ഇരുവശങ്ങളില്‍ കൂടിയുള്ള പടികളിലൂടെ ദര്‍ശന്‍ മണ്ഡപത്തിലേക്ക് കയറാം. വാതിലിനു മുന്നില്‍ കുറച്ച് ഉയരത്തില്‍ വലിയൊരു മണി തൂക്കിയിട്ടിരിക്കുന്നു. നല്ല പൊക്കമുള്ളവര്‍ക്ക് മാത്രം അടിക്കാന്‍ പാകത്തിലാണ് മണി സ്ഥാപിച്ചിരിക്കുന്നത്. പലരും ചാടി മണിയടിക്കാന്‍ ശ്രമിക്കുന്നു.

ജയ് ജയ് ബദ്രി വിശാല്‍ വിളികളാല്‍ മുഖരിതമായ അന്തരീക്ഷം ഒപ്പം മണിയടിനാദവും. ശ്രീകോവിലിനു മുന്നില്‍ നല്ല തിരക്കാണ്. തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനം ഒന്നുമില്ല. ശ്രീകോവിലിന് മുന്നില്‍ നില്‍ക്കുന്ന രണ്ട് പൂജാരിമാര്‍ ഭക്തരെ മാറ്റിവിടാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. ക്ഷേത്രം തുറന്നിരിക്കുന്ന ആറ് മാസക്കാലയളവില്‍ പത്തുലക്ഷത്തോളം പേര്‍ ബദ്രിനാഥ് സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്. ശ്രീകോവിലിനുള്ളില്‍ ഒരടിയോളം ഉയരമുള്ള സാള ഗ്രാമത്തില്‍ തീര്‍ത്ത വിഗ്രഹം. പദ്മാസനത്തിലിരിക്കുന്ന ആദി നാരായണന്‍. തിരക്കിനിടയിലും നന്നായി തൊഴുതു. ശ്രീകോവിലിന് പുറത്തെത്തി വലം വെച്ച് തൊഴുത് പുറത്തിറങ്ങി റാവല്‍ജിയുടെ മുറിയിലെത്തി. ശങ്കരാചാര്യരുടെ നിര്‍ദേശപ്രകാരം ബദ്രിനാഥിലെ മുഖ്യപുരോഹിതനാവാനുള്ള അവകാശം കേരളത്തില്‍നിന്നുള്ള നമ്പൂതിരി കുടുംബത്തിനാണ്. കണ്ണൂര്‍ പിലാത്തറ വടക്കേചന്ദ്രമന ഇല്ലത്തെ ഈശ്വര പ്രസാദ് നമ്പൂതിരിയാണ് ഇപ്പോഴത്തെ റാവല്‍ജി. അദ്ദേഹത്തെ കണ്ട് വണങ്ങി പ്രസാദവും അനുഗ്രഹവും വാങ്ങി.

അമ്പലത്തിന് പുറത്തേക്കിറങ്ങിയ ഞങ്ങള്‍ മന ഗ്രാമത്തിലേക്ക് യാത്രതിരിച്ചു. ഇന്ത്യയുടെ അവസാന ഗ്രാമം എന്ന് വിളിപ്പേരുള്ള ഗ്രാമം. 250 ഓളം കുടുംബങ്ങളിലായി ആയിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നു. ഗ്രാമമൊന്നാകെ യാത്രയ്ക്കുള്ള തിരക്കിലാണ്. വൈകീട്ട് ആദിനാഥ് ക്ഷേത്രം അടയ്ക്കുന്നതിനു മുന്‍പായി മന ഗ്രാമമൊന്നാകെ അവിടെനിന്ന് താമസം താഴെ ഗോപികേശ്വര്‍ എന്ന സ്ഥലത്തേക്ക് മാറും. ചെറിയ വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന പിക്കപ്പുകളിലും മറ്റു വണ്ടികളിലുമായി വീടുകളിലുള്ള സാധനസാമഗ്രികളും കയറ്റി യാത്ര പുറപ്പെടാനുള്ള തിരക്കിലാണ് അവര്‍. അവിടെ നിന്നും അല്പം മുകളിലേക്ക് കയറിയാല്‍ വ്യാസഗുഹ കാണാം ഇവിടെ ഇരുന്നാണ് വ്യാസമഹര്‍ഷി മഹാഭാരതം രചിച്ചത്. അടുത്തുതന്നെ ഗണപതി ഗുഹയും കാണാം അവിടെയിരുന്നുകൊണ്ടാവാം ഗണപതി മഹാഭാരതം താളിയോലകളിലേക്ക് പകര്‍ത്തിയത്. നീണ്ട വഴിത്താരയിലൂടെ താഴേക്കിറങ്ങി. അളകനന്ദയും സരസ്വതിയും ഒന്നിക്കുന്ന കേശവപ്രയാഗ് ഇവിടെയാണ്.

Badrinath 4

അല്പദൂരം മാത്രമാണ് ഇവിടെ സരസ്വതി നദി ഒഴുകുന്നത്. വലിയ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് താഴേക്ക് പതിക്കുന്ന സരസ്വതി നദിക്ക് കുറുകെ പുരാണത്തിലെ ഭീമസേനന്‍ എടുത്തുവെച്ചു എന്നുപറയുന്ന വലിയ കരിങ്കല്ല് 'ഭീം ശില' കാണാം. അതിലൂടെ നദി മുറിച്ചുകടന്നാല്‍ അവിടന്നങ്ങോട്ട് ട്രക്കിങ് റൂട്ട് ആരംഭിക്കുന്നു. വസുധാര വെള്ളച്ചാട്ടത്തിലേക്ക്, സതോപന്ദ് തടാകത്തിലേക്ക്, ബ്രഹ്മകമലം പൂക്കുന്ന താഴ്‌വര കളിലേക്ക്. ഞങ്ങള്‍ കുറച്ച് മുന്നോട്ട് നടന്നു. ഐതിഹ്യത്തിലെ പഞ്ചപാണ്ഡവരുമായി ബന്ധപ്പെട്ട് ഒരുപാട് സ്ഥലങ്ങളുണ്ട് ഇവിടെ. സമയപരിമിതിമൂലം വസുധാരയിലേക്കുള്ള ട്രെക്കിങ് വേണ്ടെന്നുവെച്ച് ഞങ്ങള്‍ തിരികെ അമ്പലത്തിലേക്ക് യാത്രയായി. രാവിലെ കുടിച്ച ചായയല്ലാതെ അന്ന് മറ്റൊന്നും കഴിച്ചിട്ട് ഉണ്ടായിരുന്നില്ല. ഹോട്ടലുകളെല്ലാം അടച്ചിരിക്കുന്നു, എല്ലാവരും ഒഴിഞ്ഞുപോകുന്നതിന്റെ തിരക്കിലാണ്. ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ ഏതോ ഒരു ഭക്തസംഘടന നടത്തുന്ന അന്നദാനം, നല്ല ചൂടുള്ള പൂരിയും നല്ല എരിവുള്ള സബ്ജിയും. വിശന്നുവലഞ്ഞ തീര്‍ഥാടകര്‍ക്ക് കിട്ടിയ അമൃതായിരുന്നു ആ അന്നദാനം.

മൂന്നുമണിയോടെ അമ്പലത്തിന്റെ അകത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഇന്ത്യന്‍ ആര്‍മിയുടെ ബാന്‍ഡ് ടീം തിരുമുറ്റത്ത് നിരന്നു. ആര്‍മിയുടെ ബാന്‍ഡ് വാദ്യത്തോടെയാണ് അമ്പലം അടയ്ക്കല്‍ ചടങ്ങ് നടക്കുന്നത്. ബാന്‍ഡ് മേളവും ചുറ്റും മുഴങ്ങുന്ന ജയ് ആദി വിശാല്‍ വിളികളും മണിനാദവും എല്ലാംകൂടി ഭക്തിയുടെ ഉന്മാദമായ ഒരന്തരീക്ഷമായി മാറി അവിടെ. ശ്രീകോവിലിനുള്ളില്‍ നടക്കുന്ന ചടങ്ങുകള്‍ കാണാ നാകില്ല. ശ്രീകോവിലില്‍ മന ഗ്രാമവാസികള്‍ പ്രത്യേകം തയ്യാറാക്കുന്ന വിശേഷപ്പെട്ട് എണ്ണക്കുട്ടില്‍ ഒരു കെടാവിളക്ക് 'അഖണ്ഡജ്യോതി' കത്തിച്ചുവെച്ചാണ് നടയടയ്ക്കുന്നത്. ഒരു വലിയ ദണ്ഡം പൂക്കൂടയില്‍ തിടമ്പുമായി പുറത്തേക്കുവരുന്ന പൂജാരിമാര്‍ക്ക് പുറകില്‍ അമ്പലത്തിലെ വാതിലുകള്‍ അടഞ്ഞു.

Badrinath 5

ഇനി ആറുമാസക്കാലം ബദ്രി നാരായണന് ദേവകള്‍ പൂജ ചെയ്യുമെന്നാണ് വിശ്വാസം. കനത്ത മഞ്ഞുവീഴ്ച്ചയില്‍ ഇന്ത്യന്‍ സൈന്യം മാത്രമാണ് ബ്രദിനാഥന് കൂട്ടായി ഇനി അവിടെയുണ്ടാവുക.

Badrinath

Sandwiched between Nar and Narayan mountain ranges, Badri nath in the Chamoli district of Uttarakhand is one among the most osught after pilgrim centers in the Indian subcontinent. Badrinath is beautifully set in the backdrop of the Neelkanth mountain peak. The term Badrinath is a derivative of badri, which means the place where beries grow abundantly. The place holds os many myths and legends. The popular belief is that Badarinath was the domain of Lord Shiva, and Lord Vishnu managed to unseat Shiva from here to Kedarnath. Another belief is that when Ganga made her descend to earth she split up in to twelve streams and one among the channels, Alakananda felt on Kedarnath which gives Badrinath it's majestic look. Badrinath alos offers the aweosme beauty of the nosw clad mountain peaks and the surging landscapes of the Garhwal region. 

Getting there 

Yathra August 2020 Cover
യാത്ര വാങ്ങാം

By Air : Jolly Grant Airport is the nearest Airport to Badrinath situated at a distance of 314kms. Jolly Grant Airport is well connected to Delhi with daily flights. By Air: The nearest railway station to Badrinath is Rishikesh (295 kms before Badrinath on NH58). Rishikesh is well connected by railway networks with major destinations of India. By Road: Badrinath is well connected by motorable roads with major destinations of Uttarakhand state. Buses to Haridwar, Rishikesh and Srinagar are available from ISBT Kashmiri Gate. Buses and Taxis to Badrinath are easily available from major destinations like Dehradun, Haridwar, Rishikesh, Pauri Rudraprayag, Karnaprayag. Ukhimath, Srinagar, Chamoli etc. Badrinath is connected with Ghaziabad by National Highway 58. 

Sights Around: Taptkund. Brahma Kapal - Neelkanth • Charanpaduka Panch Dharas & Panch Shilas • Sheshnetre • Bheem Pul • Mana. Narad Kund. 

Contact: Uttarakhand Tourism Development Board, Dehradun, Ph: 91-135-2559898, 2559987

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Badrinath Travel, Badrinath Trekking, Spiritual Travel, Incredible India, Mathrubhumi Yathra

PRINT
EMAIL
COMMENT
Next Story

എങ്ങും ആഘോഷമയം, കോവിഡും മാസ്‌ക്കും മറന്ന് ഹാപ്പി ക്രിസ്മസ് ചൊല്ലി ഗോവ

ക്രിസ്തുമസ് രാവുകളിലേക്ക് പ്രവേശിക്കുകയാണ് ഇന്ത്യയുടെ ആഘോഷനഗരി. എങ്ങും പ്രകാശമയമാക്കി .. 

Read More
 

Related Articles

നവ എഞ്ചിനീയറിങ്ങിനെ അതിശയിപ്പിക്കുന്ന, ജീവിക്കുന്ന സ്മാരകം | അമ്മാനിലെ റോമൻ തിയേറ്റർ
Travel |
Travel |
കൊടൈക്കനാലിൽ സഞ്ചാരികളുടെ തിരക്ക്, പല ഭാഗങ്ങളിലും വാഹനക്കുരുക്ക്
Travel |
കാറിൽ ഉലകം ചുറ്റി വ്ളോഗർ ദമ്പതിമാർ; ടിൻപിൻ സ്റ്റോറീസ് ഉണ്ടായ കഥ
Travel |
ദേഹത്ത് പാമ്പുകൾ ഇഴഞ്ഞുനടക്കും; ഈ മസാജ് അസാമാന്യ ധൈര്യശാലികൾക്ക് മാത്രം
 
  • Tags :
    • Badrinath Temple
    • Mathrubhumi Yathra
More from this section
Goa
എങ്ങും ആഘോഷമയം, കോവിഡും മാസ്‌ക്കും മറന്ന് ഹാപ്പി ക്രിസ്മസ് ചൊല്ലി ഗോവ
Thalakkad
കുഴിച്ചെടുത്തത് മഹാക്ഷേത്രങ്ങൾ; ചരിത്രത്തിലേക്ക് വാതിൽ തുറന്ന് തലക്കാട്
Suchindram
ശുചീന്ദ്രം; ത്രിമൂര്‍ത്തികള്‍ ഒരുമിച്ച് സാന്നിധ്യമരുളുന്ന പുണ്യഭൂമി
Rhinos
​ഈ പാവത്തിനെപ്പറ്റിയാണോ ഗ്രാമവാസികളും വനപാലകരും എന്നോടു പേടിപ്പിക്കുന്ന കഥകൾ പറഞ്ഞത്?
Bandipur
വന്യമൃഗങ്ങളുടെ ഇഷ്ടവിഹാരമേഖല; ബന്ദിപ്പുർ കടുവസങ്കേതത്തിന് 47 വയസ്സ്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.