ശിവസൗന്ദര്യത്തിന്റെ ശിലാശൈലത്തില്‍
G S R Nair
യാത്രകളുടെ പാരമ്യമായ കൈലാസയാത്രയുടെ സമയം. ആത്മീയതയും സാഹസികതയും ഇഴചേരുന്ന മഹായാത്രയ്ക്ക് തയ്യാറെടുക്കാം. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കൈലാസ് മാനസ് സരോവര്‍ യാത്ര- 2011 ന് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. 18 -70 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പതിനാറു ബാച്ചുകളെയാണ് അയക്കുക. ഓരോ ബാച്ചിലും അറുപതു പേരുണ്ടാവും. മെയ് 29 മുതല്‍ തുടങ്ങുന്ന യാത്ര സപ്തംബര്‍ വരെ നീളും. അതിദുര്‍ഘടമായ യാത്രയായതിനാല്‍ പൂര്‍ണ്ണമായ ശാരീരിക മാനസിക ആരോഗ്യമുള്ളവരെ മാത്രമെ പരിഗണിക്കാറുള്ളൂ. ഏകദേശം ഒരു ലക്ഷത്തോളം രൂപ ചെലവു വരും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 11. വിശദാംശങ്ങള്‍ക്ക് www.mea.gov.in സന്ദര്‍ശിക്കുക
അതിര്‍ത്തി കടന്ന് ടിബറ്റിലെ കൈലാസത്തിലേക്ക് ഏറെ മാര്‍ഗ്ഗങ്ങളില്ല. ബദരിനാഥിനടുത്തുള്ള മാനാ ചുരം വഴിയാണ്് പഞ്ചപാണ്ഡവര്‍ കൈലാസത്തിലേക്കുള്ള മഹാപ്രസ്ഥാനം നടത്തിയതെന്നു വിശ്വസിക്കപ്പെടുന്നു. ഉത്തരാഞ്ചലിലെ തന്നെ ലിപുലേഖ്ചുരം വഴിയുള്ള പ്രാചീന മാര്‍ഗ്ഗത്തെ പറ്റിയും പരാമര്‍ശങ്ങളുണ്ട്.
ഉത്തരാഖണ്ഡിലെ കുമയൂണ്‍ ഭാഗത്തെ ദുഷ്‌കരമായ മലമ്പാതകളിലൂടെ നടന്നും കൂതിരപ്പുറത്തു കയറിയും യാത്ര ചെയ്താല്‍ ഏഴു ദിവസം കൊണ്ട് ലിപുലേഖ് ചുരത്തിലെത്താം. തുടര്‍ന്ന് ടിബറ്റിലെത്തുന്ന യാത്രക്കാര്‍ 6 ദിവസം കൊണ്ട് കൈലാസ മാനസസരോവര ദര്‍ശനവും പരിക്രമണവും നടത്തിയ ശേഷം അതിര്‍ത്തിയില്‍ തിരിച്ചെത്തി ചുരം കടക്കുന്നു. വീണ്ടും 7 ദിവസത്തെ മലയാത്രകള്‍. ശേഷം ഉത്തരാഖണ്ഡിലെത്തി വാഹനമാര്‍ഗ്ഗം ഡല്‍ഹിയില്‍. ഇതാണ് കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കൈലാസയാത്ര.
കാല്‍ നടയായി നടത്തിയ കൈലാസതീര്‍ഥാടനത്തിന്റെ ഒരു രേഖാചിത്രമാണിത്. 2009 ആഗസ്ത്, സംപ്തംബര്‍ മാസങ്ങളില്‍ യാത്ര ചെയ്യു ന്ന പതിനാലാം ബാച്ചിലാണ് എനിക്ക് സെലക്ഷന്‍ ലഭിച്ചത്. ഡല്‍ഹി സര്‍ക്കാറിന്റെ തീര്‍ഥയാത്ര വികാസ് സമിതി, കൈലാസ മാനസസരോവര്‍ സേവാസമിതി എന്നിവര്‍ നടത്തിയ യാത്രക്കു മുന്നോടിയായുള്ള ക്ലാസുകളില്‍ ആദ്യം പങ്കെടുത്തു. പിന്നീട് ഹാര്‍ട്ട് ആന്റ് ലങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടിലും അടുത്ത ദിവസം കഠആജ ബേസ് ഹോസ്പിറ്റലിലും വിശദമായ പരിശോധന. യാത്രക്കാരുടെ അവസാന ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ ഗ്രൂപ്പിലെ ഏക മലയാളി ഞാന്‍. സന്നിഹിതരായ 30 പേരില്‍ നിന്ന് ലെയ്‌സണ്‍ ഓഫീസറടക്കം 29 പേരെ തിരഞ്ഞെടുത്തു. മധ്യവയസ്‌കരായ അഞ്ചു ദമ്പതിമാരും എഴുപതിനു മുകളിലുള്ള രണ്ടു പേരും ഗ്രൂപ്പിലുണ്ടായിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ യാത്രാ വിശദീകരണം, ഡല്‍ഹി സര്‍ക്കാറിന്റെ യാത്രയയപ്പ് യോഗം, വിരുന്നു സല്‍ക്കാരം എന്നിവക്കു ശേഷം ഉത്തരാഖണ്ഡിലെ അല്‍മോറ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ആറ് കാറുകളിലായിരുന്നു യാത്ര. കുമയൂണ്‍ മല നിരകളിലെ പട്ടണമായ കാത്തഗോഡം പിന്നിട്ട് വൈകുന്നേരം അല്‍മോറയിലെത്തി. സുഖവാസകേന്ദ്രമായ അല്‍മോറയിലെ ഗങഢച ഗസ്റ്റ് ഹൗസില്‍ രാത്രി താമസം.
ധാര്‍ച്ചൂലയിലേക്കായിരുന്നു പിന്നീടുളള യാത്ര. അവിടെ വെച്ച്് ഞങ്ങള്‍ നാലു പേര്‍ നടക്കാനും, ബാക്കിയുള്ളവര്‍ കുതിരപ്പുറത്തു യാത്ര ചെയ്യാനും തീരുമാനിച്ചു. ധാര്‍ച്ചൂല മുതല്‍ ഇന്ത്യയേയും നേപ്പാളിനേയും വേര്‍തിരിക്കുന്ന കാളീ നദീ തീരത്തു കൂടിയായിരുന്നു യാത്ര. മൂന്നാം ദിനം തവാഗട്ടിലേക്കുള്ള യാത്രാമധ്യേ ചേതല്‍കോട്ടിലുണ്ടായ ഭീമമായ മലയിടിച്ചില്‍ കാരണം ഏഴു കിലോമീററര്‍ ദൂരം കുത്തനേയുള്ള കയറ്റം കയറാന്‍ നിര്‍ബന്ധിതമായി. അപ്രതീക്ഷിതമായ ഈ റൂട്ടു മാറ്റം ഒരു സഹയാത്രികന്റെ മരണത്തിന് ഇടയാക്കി. 67 വയസ്സുള്ള ഡല്‍ഹി സ്വദേശി മല കയറുന്നതിനിടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. പ്രായമേറിയവരില്‍ ഇത് ഭീതി പടര്‍ത്തി.
നാലാം ദിവസം ഗാലയിലെത്തി. അഞ്ചാം ദിവസം ഗാലയില്‍ നിന്ന് ബുധിയിലേക്കുള്ള 18 കിലോമീറ്റര്‍ ട്രക്കിങ്. ലഖന്‍പൂര്‍ വരെയുള്ള ആദ്യ 18 കിലോമീറ്റര്‍ കാളിനദീ തീരത്തുകൂടി പര്‍വതങ്ങളില്‍ നിര്‍മ്മിച്ച 4400 ഓളം കരിങ്കല്‍ പടവുകള്‍ ഇറങ്ങി മണിക്കൂറുകള്‍ക്കു ശേഷമാണ് അവസാനിച്ചത്. യാത്രയുടെ അവസാനം ഞങ്ങളെത്തിയത് കൈലാസയാത്രയിലെ എറ്റവും വലിയ ദുരന്തത്തിനു സാക്ഷ്യം വഹിച്ച മാല്‍പയിലാണ്. ഇവിടെ 1998 ലെ മലയിടിച്ചിലില്‍ 300 ഓളം പേരാണ് മരിച്ചത്. പ്രശസ്ത നര്‍ത്തകി പ്രൊതിമ ബേഡിയും അക്കൂട്ടത്തിലുണ്ടായിരുന്നു.
ബുധിയയിലെത്താന്‍ പത്തു മണിക്കൂര്‍ വീണ്ടും കഠിനമായ ട്രെക്കിങ്ങ്. 20 കി. മീ. അപ്പുറത്തുള്ള ഗുന്‍ജിയില്‍ വീണ്ടും വൈദ്യ പരിശോധനയുണ്ട്. 10,000 അടിക്ക് മുകളിലേക്ക് യാത്രക്ക് യോഗ്യരാണോ എന്നു നിശ്ചയിക്കാന്‍. അയോഗ്യരെ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ബാച്ചിനോടൊപ്പം തിരിച്ചയക്കും.
ഗുന്‍ജിയിലേക്ക് ആദ്യത്തെ 5 കി. മീ. കുത്തനെയുള്ള കയറ്റമാണ്. പ്രകൃതി രമണീയമായ ഒരു താഴ്‌വരയിലാണ് നാം ചെന്നെത്തുക. ഛായാലേഖ് എന്നറിയപ്പെടുന്ന ഈ താഴ്‌വര ഒരു പുഷ്‌പോദ്യാനമാണ്. നശിച്ചു കൊണ്ടിരിക്കുന്ന ഗ്രാമം എന്നറിയപ്പെടുന്ന ഗാര്‍ബിയാങ്ങ് ആണ് അടുത്ത താവളം. സ്ഥിരമായുള്ള മലയിടിച്ചില്‍ ഗ്രാമത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു.
വൈദ്യപരിശോധനയില്‍ എല്ലാവരേയും യോഗ്യരായി പ്രഖ്യാപിച്ചു. ചിലരോട് യാത്ര കുതിരപ്പുറത്താക്കാന്‍ ഉപദേശിച്ചു. ഞാനുള്‍പ്പടെ നാലു നടത്തക്കാരും തുടര്‍ന്നും 'നടരാജ'രാവാന്‍ തീരുമാനിച്ചു. എട്ടാം ദിവസം 11,800 അടി മേലെയുള്ള കാലാപാനിയിലേക്ക്. ഉച്ചക്കു പോലും നല്ല തണുപ്പ്. ഭൂപ്രകൃതിയും മാറി. കാലാപാനിയില്‍ ഞങ്ങള്‍ വ്യാസ ഗുഹ സന്ദര്‍ശിച്ചു. അവിടേയുളള ശിവപര്‍വതത്തില്‍ നിന്നാണ് കാളീനദിയുടെ ഉത്ഭവം. ഒമ്പതാം ദിനം നവിധാങ്ങിലേക്ക്. ഓം പര്‍വതത്തിന്റെ ദര്‍ശനത്തിനായി അവിടെ കാത്തു നിന്നെങ്കിലും കാര്‍മേഘവും മൂടല്‍ മഞ്ഞും കാരണം സാധ്യമായില്ല. അടുത്ത യാത്രാ ഘട്ടം പ്രധാനമാണ്. 19,500 അടി ഉയരത്തിലുള്ള ലിപുലേഖ് ചുരത്തിലൂടെ ഇന്തോ-ടിബറ്റ് അതിര്‍ത്തി മുറിച്ചു കടക്കണം. നാല് അടുക്ക് വസ്ത്രങ്ങള്‍, കോട്ടണും കമ്പിളിയും ഇടകലര്‍ത്തി, ധരിച്ചു. ജാക്കറ്റിനു മുകളില്‍ റെയിന്‍കോട്ടും. മഴയും മഞ്ഞും ഇരുട്ടും വിഴുങ്ങിയ മലമ്പാതകളിലേക്ക് ഞങ്ങള്‍ കുറച്ചു മനുഷ്യ ജീവികള്‍ നടന്നു നീങ്ങി. ഓക്‌സിജന്‍ കുറവുമൂലം ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി. നാലരമണിക്കൂര്‍ പിന്നിട്ട് അതിര്‍ത്തിയിലെത്തി. പാസ്‌പോര്‍ട്ട് പരിശോധനക്കു ശേഷം ചൈനീസ് പട്ടാളക്കാര്‍ ഞങ്ങളെ ടിബറ്റിലേക്ക് സ്വാഗതം ചെയ്തു.
തക്ലാക്കോട്ടിലേക്കായിരുന്നു യാത്ര. അവിടെ ഒരു ദിവസം താമസിച്ച ്പരിക്രമണത്തിനായി ഞങ്ങള്‍ ദര്‍ച്ചനിലേക്കു തിരിച്ചു. അടുത്ത ദിനം യമദ്വാര്‍ വരെ ചെന്ന ശേഷം, ദെറാഫുക്ക് എന്ന പരിക്രമണ പാതയിലെ ആദ്യ ക്യാമ്പിലേക്ക് ട്രക്കിങ് തുടങ്ങി. വിജനമായ പരിക്രമണ പാത. കുതിരക്കാരായും പോര്‍ട്ടര്‍മാരായും 15 വയസ്സുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും. ദെറാപുകിലെത്തിയ ശേഷം ഞങ്ങള്‍ നാലു പേര്‍ ജാംബിയാങ്ങ് കൊടുമുടി കയറി. കൈലാസ്ചരണിലേക്ക് യാത്ര ആരംഭിച്ചു. കൈലാസത്തിന്റെ അടിഭാഗം കാണാനുള്ള ആ യാത്രയെ ചരണ്‍ സ്പര്‍ശ് എന്നു വിശേഷിപ്പിക്കും. കുത്തനെയുള്ള കയറ്റവും. മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങളും, അരുവികളും. പ്രതികൂലമായ കാലാവസ്ഥയും സമയക്കുറവും കാരണം ഞങ്ങള്‍ക്ക് ആ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു.
അതിദുര്‍ഘടമായ ഡോല്‍മാചുരമായിരുന്നു അടുത്ത വൈതരണി. യമ രാജധാനിയായ ശിവതാല്‍ കഴിഞ്ഞാല്‍ കയറ്റമായി. ശ്വാസം ലഭിക്കാത്ത ഉയരങ്ങള്‍. കയറിയാലും കയറിയാലും എത്താത്ത ദൂരങ്ങള്‍. യാത്രക്കിടെ താരാദേവിക്ക് ഞങ്ങള്‍ പൂജനടത്തി. മരതകപച്ചയാര്‍ന്ന ഗൗരികുണ്ഡ് തടാകം താഴെ കാണാം. യാത്ര ഒടുവില്‍ ഡോങ്‌സെര്‍ബുവില്‍ അവസാനിക്കുന്നു.
പരിക്രമണത്തിന്റെ അവസാന ദിനം, മൂന്നാം ദിവസം, താരതമ്യേന കാഠിന്യം കുറവാണ്. പരിക്രമണം കാല്‍നടയായി പൂര്‍ത്തിയാക്കിയതിന്റെ നിര്‍വൃതിയാലായിരുന്നു ഞാന്‍. ദര്‍ച്ചനില്‍ എത്തിയ ശേഷം കൈലാസത്തിന്റെ ദക്ഷിണ ഭാഗമായ അഷ്ടപദ് ഞങ്ങള്‍ സന്ദര്‍ശിച്ചു. ദര്‍ച്ചനില്‍ ഒരു ദിനം കൂടി നിന്ന ശേഷം പതിനെട്ടാം ദിവസം വാഹനത്തില്‍ മാനസസരോവര പരിക്രമണം ആരംഭിച്ചു. ക്യൂഗുവില്‍ നിന്നാണ് പരിക്രമണാരംഭം. അവിടെ രണ്ടു രാത്രി തങ്ങി സരോവരത്തില്‍ സ്‌നാനം നടത്തി. ഒരു മിനിറ്റിലധികം ആ തണുത്ത ജലത്തില്‍ സ്‌നാനം അസാധ്യമത്രെ. ചെറു തിരമാലകളോടെ നീല നിറത്തില്‍ പരന്നു കിടക്കുന്ന മനോജ്ഞമായ തടാകം. അങ്ങകലെ മറുകരക്കുമപ്പുറം കൈലാസ ശിഖരം. തീര്‍ഥാടനത്തിന്റെ പരമമായ പുണ്യലക്ഷ്യം.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ജനവരി ആദ്യവാരം ഭാരത സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയം കൈലാസമാനസസരോവര്‍ യാത്രക്കുള്ള അപേക്ഷ ക്ഷണിക്കും. (www.mea.gov.in). അപേക്ഷകര്‍ പാസ്‌പോര്‍ട്ടുള്ള 18 വയസ്സ് തികഞ്ഞ ഇന്ത്യന്‍ പൗരന്‍മാര്‍ ആയിരിക്കണം.
മെയ് ആദ്യവാരം സെലക്ഷന്‍ ടെലിഗ്രാം- യാത്രക്കാരുടെ ഉറപ്പിനായുള്ള രേഖ, 5000 രൂപയുടെ കുമയൂണ്‍ വികാസ് നിഗം ലിമിറ്റഡ് (KMVN) ന്റെ പേരില്‍ ഡല്‍ഹിയില്‍ മാറാവുന്ന ഡിഡി എന്നിവ വിദേശകാര്യ മന്ത്രാലയത്തിന് അയക്കണം. മെയ് മൂന്നാം വാരം വരെ സമയം ലഭിക്കും.
യാത്രാ പീരിയഡ്- മെയ് അവസാനം മുതല്‍ സപ്തംബര്‍ അവസാനം
യാത്രാ ദൈര്‍ഘ്യം- ഏകദേശം 27 ദിവസം. യാത്രയക്ക് മൂന്ന് ദിവസം മുന്‍പായി ഡല്‍ഹിയില്‍ എത്തണം. ഗുജറാത്തി സമാജത്തില്‍ താമസം (AC Dormetory), ഭക്ഷണം.
ആദ്യദിവസം: ആദ്യ വൈദ്യ പരിശോധന (ഹാര്‍ട്ട് ആന്റ് ലങ് ഇന്‍സ്റ്റിറ്റിയൂട്ട് ന്യൂ ഡല്‍ഹി.) രക്തം, മൂത്രം സാമ്പിള്‍ പരിശോധന, ബി.പി, ഇ.സി.ജി ട്രെഡ് മില്‍ ടെസ്റ്റ്, പള്‍മിനറി ഫംഗ്ഷന്‍ നെഞ്ചിന്റെ എക്‌സറേ തുടങ്ങിയ പരിശോധനകള്‍.
രണ്ടാം ദിവസം: രണ്ടാമത്തെ വൈദ്യപരിശോധന, ആദ്യ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം. ഐ.ടി.ബി.പി ബേസ് ഹോസ്പിറ്റല്‍ ന്യൂ ഡല്‍ഹി.
മൂന്നാം ദിവസം: രാവിലെ വൈദ്യപരിശോധനാ ഫലം, യാത്രക്കാരുടെ സെലക്ഷന്‍ ലിസ്റ്റ് ഐ.ടി.ബി.പി ബേസ് ഹോസ്പിറ്റല്‍. ഉച്ചയ്ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ യാത്രാ വിശദീകരണം, 15000 രൂപയുടെ ഡി.ഡി (KMVN അധികൃതര്‍ക്ക്), സമ്മതപത്രങ്ങള്‍, യാത്രക്കു വേണ്ട സാധന സാമഗ്രികളുടെ പര്‍ച്ചേസ്.
അവസാനഘട്ട ഒരുക്കങ്ങള്‍: നാലാം ദിവസം രാവിലെ ഗുജറാത്തി സമാജം, കൈലാസ മാനസസരോവര്‍ സേവാസമിതി പ്രവര്‍ത്തകരുടെ സഹായത്തോടെ. വൈകുന്നേരം ഡല്‍ഹിയില്‍ തീര്‍ത്ഥയാത്രാ സമിതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് യോഗം, വിരുന്നു സല്‍ക്കാരം. രാത്രി ലഗേജ് പാക്കിങ്. അഞ്ചാം ദിവസം രാവിലെ സേവാസമിതി പ്രവര്‍ത്തകര്‍ ലഗേജുകള്‍ വാഹനത്തില്‍ കയറ്റുന്നു. ആറ് മണി. ഡല്‍ഹിയില്‍ നിന്ന് യാത്ര ആരംഭിക്കുന്നു ഉത്തരാഖണ്ഡിലേക്ക്.
സമര്‍പ്പിക്കേണ്ട രേഖകള്‍: ബയോഡാറ്റ, ഇന്‍ഡെമ്‌നിറ്റി ബോണ്ട ്(യാത്ര സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യുകയാണെന്നുള്ള നോട്ടറി അറ്റസ്റ്റ് ചെയ്ത സമ്മത പത്രം), യാത്രാ മധ്യേ അടിയന്തിരമായി ഹെലികോപ്റ്റര്‍ ഉപയോഗിക്കേണ്ടി വന്നാല്‍ ചെലവാകുന്ന തുക വഹിക്കാമെന്നുളള സമ്മതപത്രം, ചൈന ഭാഗത്ത് വെച്ച് മരണം സംഭവിച്ചാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടുവരാതെ അവിടെ തന്നെ സംസ്‌ക്കരിക്കാനുള്ള സമ്മതപത്രം.
അടയ്‌ക്കേണ്ട തുക:15000 രൂപ ക്യാഷ് ആയോ ഡി.ഡിയായോ KMVN് കൊടുക്കണം, 700 അമേരിക്കന്‍ ഡോളര്‍ വിനിമയ നിരക്കിനനുസരിച്ചുള്ള ഇന്ത്യന്‍ രൂപ കൊടുത്തു വാങ്ങണം.
കുറഞ്ഞത് 150 അമേരിക്കന്‍ ഡോളര്‍ (തിബത്തിലെ ആവശ്യങ്ങള്‍ക്ക്) കരുതണം, വിദേശനാണ്യം ലഭ്യമാകുന്നതിനുള്ള സഹായം KMVN ചെയ്യും.
യാത്രാ ചെലവ്: (കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക്)ഒരു ലക്ഷത്തോളം രൂപ ആകെ ചെലവ് വരും. ഇതില്‍ താഴെപ്പറയുന്ന ചെലവുകള്‍ ഉള്‍പ്പെടും KMVN ല്‍ അടയ്ക്കുന്ന തുക, ചൈനാ സര്‍ക്കാരിനുള്ള തുക, ഇന്ത്യന്‍ ഭാഗത്തും ടിബറ്റിലും കുതിര, പോര്‍ട്ടര്‍ എന്നിവയുടെ ചെലവുകള്‍.
മറ്റ് ചെലവുകള്‍: സാധനസാമഗ്രികളുടെ ചെലവ്മ ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള യാത്രാകൂലിമ വൈദ്യപരിശോധനയ്ക്കുള്ള ചെലവ്.
മുന്നൊരുക്കങ്ങള്‍: യാത്രയ്ക്ക് മുന്‍പ് മൂന്ന് മാസമെങ്കിലും ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍, രാവിലെ ഒന്നരമണിക്കൂര്‍ നടത്തം, ലഘുവ്യായമമുറകള്‍ അല്ലെങ്കില്‍ യോഗാഭ്യാസം, പ്രാണായാമം തുടങ്ങിയവ ചെയ്യണംമ ലഹരി സാധനങ്ങള്‍/മാംസാഹാരം തുടങ്ങിയവ വര്‍ജ്ജിക്കുക.
സവിശേഷതകള്‍: കൈലാസ യാത്ര, ഇന്ത്യന്‍ മൗണ്ടനീ യറിംഗ് ഫൗണ്ടേഷന്‍ (ഐ.എം.എഫ്) അംഗീകരിച്ച ട്രെക്കിങ് ആണ്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സാഹസിക യാത്ര ഏറ്റവും വലിയ അനുഭവമായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'മിനിസ്ട്രി ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിങ്' ന്റെ നിയമപ്രകാരം ഈ യാത്രാ കാലയളവില്‍ (കൂടിയത്) 30 ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് ലഭിക്കും.
യാത്രാ സാമഗ്രികള്‍: വാട്ടര്‍പ്രൂഫ് ജാക്കറ്റ്, വൂളന്‍ സ്വെറ്റര്‍-ഹാഫ്, ഫുള്‍-2 വീതം, വൂളന്‍ കയ്യുറകള്‍- 2 ജോടി, വൂളന്‍ മങ്കിക്യാപ്പ്, വൂളന്‍ ഷാള്‍, ട്രെക്കിങ് ഷൂസ്- 2 ജോടി (ഗ്രിപ്പുള്ളത്), വൂളന്‍ സോക്‌സ്- 6 ജോടി, കോട്ടണ്‍ സോക്‌സ്- 6 ജോടി റബ്ബര്‍ പാദരക്ഷകള്‍- 1 ജോടി, റെയിന്‍ കോട്ട് 1 ജോടി, കുട, വിസ്താരമുള്ള തൊപ്പി, കറുത്ത കണ്ണട, വാട്ടര്‍ ബോട്ടില്‍, സണ്‍സ്‌ക്രീന്‍ ലോഷന്‍, ടോര്‍ച്ച്, തീപ്പെട്ടി, മെഴുകുതിരി, ടീ-ഷര്‍ട്ട് (കോട്ടണ്‍), പാന്‍റ്‌സ്(കോട്ടണ്‍), ജീന്‍സ്.
കൈലാസ് മനസസരോവര്‍ സേവാസമിതി സൗജന്യമായി തരുന്നവ: റെയിന്‍ കോട്ട്, ട്രാക്ക് സ്യൂട്ട്, ടോര്‍ച്ച്, യാത്രാ ബാഗ്, ക്യാമറ തുടങ്ങിയവ സൂക്ഷിക്കുന്നതിനുള്ള ബെല്‍റ്റ് പൗച്ച്, തൊപ്പി, ലൈറ്റര്‍, വാസ്‌ലിന്‍ ക്രീം, മരുന്നുകള്‍, ബിസ്‌ക്കറ്റുകള്‍, തിബത്തിലെ അവശ്യത്തിന് വേണ്ട ധാന്യങ്ങള്‍, എണ്ണ, പലവ്യഞ്ജനങ്ങള്‍, പഞ്ചസാര തുടങ്ങിയവ. വാക്കിങ് സ്റ്റിക്- kmvn നല്‍കും. (ഡല്‍ഹിയില്‍ എത്തുമ്പോള്‍ സാധന സാമഗ്രികള്‍ കൂടെ കൊണ്ടുവരണം. ഡല്‍ഹിയില്‍ സെലക്ഷന് ശേഷം വാങ്ങാന്‍ സമയം കിട്ടില്ല.)
കയ്യില്‍ സൂക്ഷിക്കേണ്ടവ: മരുന്നുകള്‍- സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് പുറമേ പനി, ജലദോഷം, ചുമ, ഛര്‍ദ്ദി, വയറിളക്കം, മസില്‍ വേദന, മുറിവുണങ്ങാനുള്ള ഓയിന്റ്‌മെയിന്റ്, ബാന്‍ഡേജ്, വൈറ്റമിന്‍ സി (തണുപ്പിനെ പ്രതിരോധിക്കാന്‍) ഇലക്ട്രാള്‍ പാക്കറ്റുകള്‍, ഗ്ലൂക്കോസ് തുടങ്ങിയവ കൈയില്‍ കരുതണം. ഭക്ഷണ സാധനങ്ങള്‍ - ബിസ്‌ക്കറ്റുകള്‍ (മധുരം, ഉപ്പ് അടങ്ങിയവ), മിഠായി (നാരങ്ങ സത്ത് അടങ്ങിയത്) ചോക്ലേറ്റ്, ച്യൂയിംഗം ഉണക്കിയ പഴവര്‍ഗ്ഗങ്ങള്‍ സൂപ്പ് പൗഡര്‍ പഴസത്ത് (പായ്ക്കറ്റ്/ കുപ്പികളില്‍ കിട്ടുന്നവ), ചീസ് കഷ്ണങ്ങള്‍ (ട്രെക്കിങ് വേളയില്‍ ഉപയോഗിക്കുന്നതിന്്).
നേപ്പാള്‍ വഴിയുള്ള യാത്രയുടെ വിവരണം തുടര്‍ന്നുള്ള പേജുകളില്‍
++++++++++
കൈലാസ്-മാനസസരോവര്‍ യാത്ര
K.Venugopal
കാഴ്ച്ചയുടെ പാരമ്യമാണ് കൈലാസം, തീര്‍ത്ഥാടനത്തിന്റെയും അനുഭവങ്ങളുടേയും പൂര്‍ണതയാണ് കൈലാസമാനസ യാത്ര. ഉത്തരാഖണ്ഡിലൂടെയുള്ള യാത്രയാണ് കൈലാസദര്‍ശനത്തിനായുള്ള പരമ്പരാഗതമാര്‍ഗ്ഗം. മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെട്ട മഹാപ്രസ്ഥാനത്തിന്റെ പാതകള്‍, കാഴ്ച്ചകളിലെ അത്ഭുതക്കാഴ്ച്ച, യാത്രകളിലെ മഹായാത്ര, കൈലാസ് മനസസരോവര്‍ യാത്രയുടെ സമ്പൂര്‍ണ വിവരണം ഇവിടെ തുടങ്ങുന്നു

മാനസ സരസിനെപറ്റി ആദ്യമറിയുന്നത് അധ്യാപികയായിരുന്ന അമ്മയില്‍ നിന്നാണ്. നാലാം ക്ലാസില്‍ അരയന്നങ്ങളെപ്പറ്റി പഠിക്കുമ്പോള്‍, അവ മാനസ സരസിലെ ഉള്ളൂ എന്ന് അമ്മ പറഞ്ഞു. ഒരിക്കലെങ്കിലും ദേവഭൂമി സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം അന്നേ മനസ്സിലൂറി നിന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ഗുജറാത്തില്‍ നിന്നും ഒരു സുഹൃത്തിന്റെ ക്ഷണം വന്നപ്പോഴാണ് നേപ്പാള്‍ വഴി വാഹനത്തില്‍ തന്നെ കൈലാസ പരിസരത്ത് എത്താമെന്നറിഞ്ഞത്. ഡല്‍ഹിയില്‍ നിന്നും നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക്. അവിടെ നിന്ന്
ലാന്‍ഡ് ക്രൂസറില്‍ നേപ്പാളിലൂടെയും ശൂന്യമായ തിബത്തന്‍ പീഠഭൂമിയിലൂടെയും യാത്ര, ആദ്യം മാനസസരസും പിന്നീട് കൈലാസവും. 2004-ലായിരുന്നു അത്. പിന്നീട് നാലു തവണകൂടി വീണ്ടും പോയി!
സുമേരുവെന്നും വിശേഷിപ്പിക്കപ്പെടുന്ന കൈലാസ പര്‍വ്വതം പ്രപഞ്ചത്തിന്റെ ചൈതന്യ കേന്ദ്രമാണെന്നും അത് ഭൂമിയുടെ അച്ചുതണ്ടാണെന്നും പറയുന്നു. മഹാദേവനായ ശിവന്റെ ആവാസ സ്ഥാനമാണ് കൈലാസമെന്ന് സങ്കല്‍പ്പം. സിന്ധു, സത്‌ലജ്, ബ്രഹ്മപുത്ര, കര്‍ണാലി എന്നീ നദികള്‍ കൈലാസത്തിന്റെ പാര്‍ശ്വങ്ങളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. 14950 അടി ഉയരത്തില്‍, 87 കി.മീ ചുറ്റളവില്‍, 300 അടിവരെ ആഴമുള്ള മാനസസരസ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശുദ്ധജല തടാകങ്ങളില്‍ ഒന്നാണ്. സൃഷ്ടി സങ്കല്‍പ്പത്തില്‍ ബ്രഹ്മാവിന്റെ മനസ്സില്‍ നിന്നും ഉത്ഭവിച്ചതിനാല്‍ മാനസസരസ് എന്ന പേര് വന്നു. പൗര്‍ണ്ണമി ദിനത്തില്‍ ശ്രീപാര്‍വ്വതി അപ്‌സരുകളോടൊപ്പം ഇവിടെ നീരാടാനെത്തുമത്രെ.

കാഠ്മണ്ഡുവില്‍ നിന്ന് 120 കി.മീ. സഞ്ചരിച്ചാല്‍ ടിബറ്റ് അതിര്‍ത്തിയായ കോദാരിയായി. സങ്കോശി, പഞ്ചകോശി എന്നീ നദീ തീരങ്ങളിലൂടെയാണ് യാത്ര. വഴിയിലെങ്ങും ഇടത്തോ, വലത്തോ, ഒരു നദിയുണ്ടാകും. പലയിടത്തും വഴി ഇടുങ്ങുന്നു. വശങ്ങളില്‍ അഗാധമായ കൊക്കകള്‍. നാലഞ്ചു മണിക്കൂര്‍ കൊണ്ട് അതിര്‍ത്തി ഗ്രാമമായ 'കോദാരി' യിലെത്തും. ഇവിടെ 'ബോട്ടകോശി' നദി നേപ്പാളിനെയും ടിബറ്റിനെയും വേര്‍തിരിക്കുന്നു. ഔദ്യോഗികമായി ഇത് ചൈനയാണ്. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ചൈനയുടെ സൗഹൃദപാലം ഉണ്ട്. അത് കടന്നാല്‍ ടിബറ്റ്.
സൗഹൃദ പാലം കഴിഞ്ഞയുടന്‍ ചൈനീസ് അധികൃതരുടെ പരിശോധന. തുടര്‍യാത്രയ്ക്കുള്ള ലാന്‍ഡ് ക്രൂസര്‍ അവിടെ കാത്ത് കിടക്കും. അതിര്‍ത്തിയില്‍ ഇന്ത്യന്‍ രൂപ ചൈനയുടെ യുവാന്‍ ആക്കി മാറ്റണം. 5 കി.മീ. ചെന്നാല്‍ സംഗ്മു എന്ന ടിബറ്റ് ടൗണ്‍ ആയി. ഇവിടെയാണ് ചൈനയുടെ വിശദമായ കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധന. ചൈനീസ് സമയം ഇന്ത്യയുടേതിനേക്കാള്‍ മുമ്പിലാണ്. അതിര്‍ത്തി കഴിഞ്ഞാല്‍ നമ്മുടെ വാച്ചും മുന്‍പോട്ട് തിരിക്കണം.

ന്യാലത്തു നിന്ന് 230 കി.മി ദൂരമുള്ള 'സാഗ'യിലേക്കാണ് മൂന്നാം ദിവസത്തെ പ്രയാണം. ബ്രഹ്മപുത്രയുടെ കരയിലുള്ള ഒരു കൊച്ചു പട്ടണമാണ് 14550 അടി ഉയരത്തിലുള്ള സാഗ. ഇതൊരു സൈനിക കേന്ദ്രം കൂടിയാണ്. എട്ടു മണിക്കൂറോളം എടുക്കും സാഗയിലെത്താന്‍.
പര്യംഗിലേക്കാണ് അടുത്തദിവസത്തെ യാത്ര. ഏഴെട്ടു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. ഭക്ഷണം ഉണ്ടാക്കി കൂടെയുള്ള ട്രക്കില്‍ കൊണ്ടുവരും. പാചകക്കാരേയും ഷേര്‍പ്പകളേയും കാഠ്മണ്ഡുവില്‍ നിന്നു കൊണ്ടുപോകണം. അതുമായി ഒരു ലോറി അനുഗമിക്കും. പര്യംഗില്‍ താമസം ഗസ്റ്റ് ഹൗസിലാണ്. കല്ലും മണ്ണും കുഴച്ച് കെട്ടിയുണ്ടാക്കുന്ന മുറികള്‍. അകത്ത് കട്ടിലും മെത്തയും രജായിമൊക്കെയായി നല്ല സൗകര്യങ്ങളുണ്ട്. ടോയിലറ്റ് ആധുനികമല്ല. പര്യംഗ് ഒരു വലിയ ടിബറ്റന്‍ ഗ്രാമമാണ്. ധാരാളം കടകളും റസ്റ്റോറന്റുകളും. മദ്യശാലകള്‍ക്ക് കുറവില്ല. നേപ്പാളിലും ടിബറ്റിലും മദ്യം എവിടേയും കിട്ടും. ഏതു ചായക്കടയിലും!

++++++++++

ഈ ദേവതീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്യ്താല്‍ സഞ്ചിതപാപങ്ങളെല്ലാം നശിക്കും. ടിബറ്റുകാര്‍ പക്ഷേ തടാകം അശുദ്ധമാകുമെന്നതിനാല്‍ ഇതില്‍ കുളിക്കാറില്ല. മാനസതീര്‍ത്ഥത്തിന് ഔഷധഗുണമുണ്ടത്രേ. മേഘസന്ദേശത്തില്‍ കാളിദാസന്‍ വര്‍ണ്ണിക്കുന്ന പൂങ്കാവനങ്ങളൊന്നും ഇന്നിവിടെ കാണാനില്ല. അവ കാലഗതിയില്‍ ഇല്ലാതായതോ കവിഭാവനയോ? അര്‍ജ്ജുനന്‍ സരസ് സന്ദര്‍ശിച്ചതായി മഹാഭാരതത്തിലും അരുന്ധതിദേവിക്കും വസിഷ്ഠനും ഇവിടെ വച്ച് സിദ്ധി ലഭിച്ചതായി ഭാഗവതത്തിലും പറയുന്നുണ്ട്. ഐരാവതവും ഗന്ധര്‍വ്വന്മാരും വന്നിറങ്ങുന്ന തടാകമായിട്ടാണ് പുരാണങ്ങളില്‍ മാനസസരസിനെ വിശേഷിപ്പിക്കുന്നത്. മാനസസരസില്‍ നിന്ന് സരയൂ നദി ഉത്ഭവിക്കുന്നതായി രാമായണത്തിലും പറയുന്നു. സരസിനു മുകളില്‍ വെള്ളയും ചാരവും നിറമുള്ള പക്ഷികള്‍ ആയിരക്കണക്കിനു പറന്നുകൊണ്ടിരിക്കും. ചില കാലങ്ങളില്‍ ബ്രാഹ്മണി വര്‍ഗ്ഗത്തില്‍പെട്ട താറാവുകളും തിത്തിരി വര്‍ഗ്ഗത്തില്‍ പെട്ട പക്ഷികളും ഇവിടെ വന്നെത്തും. മുട്ടകള്‍ സംഭരിച്ച് വില്‍ക്കുന്നത് ഗ്രാമീണരുടെ ഒരു വരുമാനമാര്‍ഗ്ഗമാണ്.
ജനവരി-ഫിബ്രവരി മാസങ്ങളില്‍ മാനസസരസ് ഉറഞ്ഞ് മഞ്ഞാകും. അതിന്റെ മുകളില്‍ കൂടി നടക്കാം. മഞ്ഞുകാലത്ത് ഗ്രാമീണരെല്ലാം സരസിന്റെ തീരത്തു തമ്പടിക്കും. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ചു വരെയുള്ള ആറ് മാസത്തെ ഈ കൂടാരവാസം അതീവ ദുഷ്‌ക്കരമാണ്. ഭക്ഷണസാധനങ്ങളും വിറകും സൂക്ഷിക്കണം. വെള്ളത്തിന് സരസിലെ മഞ്ഞുപൊട്ടിക്കണം.
ഞങ്ങള്‍ മാനസസരസില്‍ മുങ്ങിക്കുളിച്ചു. മൂന്നോ നാലോ മുങ്ങലേ പറ്റൂ. അത്രക്കു തണുപ്പാണ്. കുളിക്കുശേഷം മൃത്യുഞ്ജയഹോമം. എല്ലാവരും അവിടെ നിന്ന് തീര്‍ത്ഥജലവും ഭംഗിയുള്ള പാറക്കഷണങ്ങളും ശേഖരിച്ചു. തീരത്തെ ഒരു കുന്നിന്റെ പള്ളയിലുള്ള ബുദ്ധവിഹാരവും സന്ദര്‍ശിച്ചു. പ്രദക്ഷിണം ലാന്‍ഡ്ക്രൂസറില്‍ ആയിരുന്നു. വാഹനത്തില്‍ പരിക്രമണത്തിന് പകുതി ദിവസം വേണം. സമീപത്തായി ഒരു ഉഷ്ണജല പ്രവാഹമുണ്ട്. ഒരു ചെറിയ അരുവി. മുഴുവന്‍ ചൂടുവെള്ളം. ഗ്രാമീണര്‍ അത് തീര്‍ത്ഥാടകര്‍ക്ക് കുളിക്കാന്‍ പാകത്തില്‍ പൈപ്പിട്ട് 'ബാത്ത് ടബില്‍' എത്തിക്കുന്നു. ഒരു കുളിക്ക് 20 യുവാന്‍ (140 രൂപ) കൊടുക്കണം.

അടുത്ത ദിവസം രാവിലെ മാനസസരസിനെ വലംവെച്ച് ദര്‍ച്ചനിലേക്ക്. അവിടെ നിന്നാണ് കൈലാസപരിക്രമണം ആരംഭിക്കുന്നത്. അന്നുതന്നെ അഷ്ടപഥിലേക്കു യാത്ര തുടങ്ങി. കൈലാസ പര്‍വതത്തിന്റെ ദക്ഷിണമുഖമാണ് അഷ്ടപഥ്്. അവിടെയും ഒരു ബുദ്ധവിഹാരമുണ്ട്. ജൈനന്മാര്‍ക്ക് അഷ്ടപഥം എന്നാല്‍ കൈലാസം തന്നെ. മഞ്ഞുറഞ്ഞു കിടക്കുന്ന ബ്രഹ്മപുത്ര കടന്നുവേണം പോകാന്‍. നദി കടന്ന് മല കയറി ചെന്നെത്തുന്നത് കൈലാസ സവിധത്തിലേക്കാണ്. ദക്ഷിണാമൂര്‍ത്തി ദര്‍ശനം എന്നാണിവിടെ നിന്നുള്ള ദര്‍ശനത്തിനു പറയുക. ഇവിടെനിന്നു നോക്കുമ്പോള്‍ കൈലാസത്തിന്റെ ഒരു വശത്തായി 'ഓം' എന്ന് അവ്യക്തമായി കാണാം. താഴെ ഒരു സ്വസ്തിക അടയാളവും. ഹംസത്തിന്റെ ചിത്രമാണിതെന്നു ബുദ്ധമതക്കാര്‍ കരുതുന്നു. തൊട്ടടുത്തുതന്നെ ഋഷഭ(നന്ദി) പര്‍വതവും.

കൈലാസാഭിമുഖമായി സ്ഥിതി ചെയ്യുന്ന അടിവാര പ്രദേശമാണ് ദര്‍ച്ചന്‍. ചൈനീസ് പട്ടാളക്യാമ്പുകളും ചെറിയൊരു ടൗണ്‍ഷിപ്പും ഈ കൈലാസ് ബേസ് ക്യാമ്പിലുണ്ട്. പിറ്റേന്ന് ദര്‍ച്ചനില്‍ നിന്നും യമദ്വാറിലെത്തി (5 കി.മീ). വാഹനഗതാഗതം ഇവിടെ അവസാനിക്കുന്നു. കീഴ്ക്കാംതൂക്കായ മലനിരകളും ഒറ്റയടിപ്പാതകളും പാറക്കൂട്ടങ്ങളും കുതിച്ചൊഴുകുന്ന അരുവികളുമാണ്് അതിനപ്പുറം. യമന്റെ രാജ്യമാണ് ഇതെന്നാണു വിശ്വാസം. 'സംയമിനി' എന്നാണ് പുരാണങ്ങളില്‍ ഇതറിയപ്പെട്ടിരുന്നത്. അതിനു കിഴക്ക്, അകലെ ഇന്ദ്രപുരിയായ 'അമരാവതി'. വടക്കുപടിഞ്ഞാറു ഭാഗത്ത് കുബേരരാജധാനിയായ 'അളകാപുരി'. പുരാണപ്രകൃഷ്ടമായ 'ദേവലോകം'. പക്ഷെ അതു പഴയ കഥ. പണ്ടെങ്ങോ നിര്‍മ്മിച്ച പൊട്ടിപ്പൊളിഞ്ഞ വഴിയമ്പലം പോലുള്ള ഒരു കവാടമാണ് ഇന്നവിടെയുള്ളത്. അതിനു പുരാണകാലത്തോളം പഴക്കം തോന്നുകയുമില്ല. യമധര്‍മ്മന്റെ രാജധാനിയിലേക്കുള്ള വാതിലാണത്രേ അത്. പണ്ട് നചികേതസ്സ് ജീവരഹസ്യം തേടി യമധര്‍മ്മനെ കാത്തുനിന്നത് ഇവിടെയായിരിക്കാം. ഇവിടെ നിന്ന് ആവശ്യമുള്ളവര്‍ക്ക് കുതിരകളും യാക്കുകളും വാടകയ്ക്കു ലഭിക്കും. ബാഗുകളും മറ്റും ചുമക്കാന്‍ സഹായികളേയും ലഭിക്കും.
++++++++++

കൈലാസപ്രദക്ഷിണം
യമദ്വാറില്‍ നിന്നാണ് കൈലാസപ്രദക്ഷിണം ആരംഭിക്കുന്നത്. കുതിരപ്പുറത്തും കാല്‍നടയായും തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്നു. യാക്കിനെ യും ആശ്രയിക്കാം. പലര്‍ക്കും സഹായികളുണ്ട്. ചില ബുദ്ധമത വിശ്വാസികള്‍ കൈലാസത്തിനു ചുറ്റും വീണു നമസ്‌ക്കരിച്ചുകൊണ്ട് സഞ്ചരിക്കാറുണ്ട്. ദണ്ഡനമസ്‌കാര പ്രദക്ഷിണം (കോറ) ചെയ്യുന്ന ഏതാനും പേരെ ഞങ്ങളുടെ സഞ്ചാരവേളയിലും കണ്ടു. അവര്‍ നിന്നുകൊണ്ട് കൈകള്‍ മുകളിലേക്കുയര്‍ത്തുകയും തൊഴുതുകൊ ണ്ടു കുനിയുകയും തൊഴുകൈ നീട്ടിപ്പിടിച്ചു നിലത്തു കമിഴ്ന്നുകിടക്കുകയും ചെയ്യുന്നു. വീണ്ടും എഴുന്നേറ്റ് തൊഴുകൈ തൊട്ടഭാഗത്തേക്ക് നീങ്ങി നില്‍ക്കുന്നു. 52 കി.മീ.വരുന്ന കൈലാസത്തെ ഇങ്ങനെ പ്രദക്ഷിണം ചെയ്യുന്നു. സ്ത്രീകളും കുട്ടികളും ഗൃഹനാഥനോടൊപ്പം നമസ്‌കാരപ്രദക്ഷിണം ചെയ്യുന്നത് സാധാരണ കാഴ്ചയാണ്. നടന്നോ കുതിരപ്പുറത്തോ സഞ്ചരിക്കുന്നതുപോലും അതീവ ക്ലിഷ്ടമാണെന്നിരിക്കെ നമസ്‌കാര പ്രദക്ഷിണം സാധാരണക്കാരെക്കൊണ്ട് എങ്ങനെ സാധ്യമാകും? ടിബറ്റിലെ സാമ്പത്തിക ശേഷിയുള്ളവര്‍ തങ്ങളുടെ പൂര്‍വ്വീകരുടെ ആത്മാവിനു ശാന്തിലഭിക്കുന്നതിനായി പാവപ്പെട്ടവര്‍ക്കു പ്രതിഫലം കൊടുത്ത് ദണ്ഡനമസ്‌കാര പ്രദക്ഷിണം ചെയ്യിക്കാറുണ്ടത്രേ.
കൈലാസ പരിക്രമണം മൂന്നു ദിവസമാണ്. ഒന്നാം ദിവസം 15 കി.മീറ്ററും രണ്ടാം ദിവസം 25 കി.മീറ്ററും മൂന്നാം ദിവസം 12 കി.മീറ്ററും സഞ്ചരിക്കണം. നദീതീരത്തിലൂടെയാണ് യാത്ര. ചെറിയ ചുമല്‍ സഞ്ചിയും ബലമുള്ള വടിയും. സഞ്ചിയില്‍ വെള്ളവും ആഹാരവും. കൈലാസത്തിന്റെ പശ്ചിമ ഭാഗത്തു കൂടിയാണ് പോകുന്നത്. വഴിയില്‍ സഹായികള്‍ക്കും കുതിരക്കാര്‍ക്കും ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഒരു താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യമലോകത്തുകൂടെ ആധ്യാത്മികതലത്തില്‍ സഞ്ചരിച്ചു കൊണ്ട് ചിത്രഗുപ്തനെ വണങ്ങി കണക്കു നോക്കാതെ ഞാന്‍ നീങ്ങി. കുടുംബസമാഹൃതമായ പാപം/പുണ്യം ഡിലീറ്റു ചെയ്ത് വടക്കുന്നാഥന്റെ ദിവ്യദര്‍ശനം സാധ്യമാകുന്ന അത്ഭുതാവസ്ഥയിലേക്ക്. വിശ്വ പ്രകൃതിയുടെ അനുപമമായ അത്ഭുതതേജോമയദൃശ്യത്തെ ഈശ്വര സാക്ഷാത്ക്കാരമായല്ലാതെ എങ്ങനെയാണ് വിലയിരുത്തുക?
വൈകുന്നേരമായപ്പോള്‍ 15 കി.മീ. പിന്നിട്ട് ക്യാമ്പായ ദിറാഫുക്കിലെത്തി. കൈലാസത്തിന്റെ ഉത്തരമുഖം അടുത്തു കാണുവാന്‍ ഉയരത്തിലുള്ള ജാംബിയാങ് കൊടുമുടി കയറണം. ''പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ അവനെ കാണാകും ശിവശംഭോ'' എന്ന ഈരടികള്‍ മനസ്സിലെത്തി. മഞ്ഞു മൂടിക്കിടക്കുന്ന ജാംബിയാങ് പര്‍വതം കയറിയിറങ്ങുക കഠിനമാണ്. ഒരു മണിക്കൂര്‍ കയറണം. സിന്ധു നദി ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്. ഇടക്ക് നദിയില്‍ കൂടി നടക്കണം. നിറയെ മഞ്ഞും വഴുക്കുള്ള പാറയും. ഒരു ഹിമാലയന്‍ പട്ടി കൂട്ടിനെത്തി. വളരെ കഷ്ടപ്പെട്ട്, തെന്നിയും വീണും കൈലാസനാഥന്റെ കാല്‍പ്പാദത്തിലെത്തി. അവിടെ ശ്രീകോവില്‍ പോലെ ചെറിയ ഒരു മഞ്ഞുമല. ഇതിനെ ശിവചരണ്‍ എന്നു വിളിക്കുന്നു. ഭഗവാന്റെ കാല്‍പ്പാദം വെയ്ക്കുന്നത് ഇവിടെയാണ്! കൈലാസത്തിന്റെ തൊട്ടടുത്തെത്തിയെന്നതും അതിനെ തൊടാന്‍ കഴിഞ്ഞെന്നതും എന്നെ കോരിത്തരിപ്പിച്ചു. അസ്തമയകിരണങ്ങള്‍ തട്ടി കൈലാസം സ്വര്‍ണ്ണവര്‍ണ്ണമായി ജ്വലിക്കുന്നു. വിശ്വപ്രകൃതിയാകെ അവിടെ കൈകൂപ്പി നിന്നു.
അതികഠിനമാണ് രണ്ടാം ദിവസത്തെ യാത്ര. 18600 അടി ഉയരത്തിലുള്ള ഡോള്‍മാ പാസ് (താരാദേവി കൊടുമുടി) കയറി ഇറങ്ങണം. കുതിരപ്പുറത്തു കയറിയവര്‍ നേരത്തെ കടന്നുപോയി. കാല്‍നടക്കാര്‍ സാവധാനം നടന്നു. ആകാശം മുട്ടി നില്‍ക്കുന്ന പര്‍വതത്തെ മുറിച്ചു കടക്കുന്നതിന് പ്രകൃതിയൊരുക്കിയിരിക്കുന്ന ഒരു ഇടനാഴിയാണ് ഡോള്‍മാ ചുരം. കൈലാസപരിക്രമണത്തില്‍ കടന്നുപോകാന്‍ ഏറ്റവും പ്രയാസമുള്ള ഭാഗം. ഏറ്റവും കൂടിയ ഉയരം. കുത്തനെയുള്ള കയറ്റം. നിലത്ത് മഞ്ഞുറഞ്ഞ് സ്ലേറ്റ് പോലെ മൂടിക്കിടക്കുന്നു. പര്‍വതങ്ങള്‍ മഞ്ഞു പുതച്ചു നില്‍ക്കുന്നു. സൂര്യപ്രകാശം മലകളിലും നിലത്തുറഞ്ഞ മഞ്ഞിലും തട്ടി പ്രതിഫലിച്ച് വിഭ്രാന്തിയുടെ ഒരു മായിക ലോകം സൃഷ്ടിക്കും. നിലത്ത് ഇടവിട്ട് ഉയര്‍ന്നു നില്‍ക്കുന്ന പാറകളാണ് അവിടെ നിലമുണ്ടെന്ന തോന്നല്‍ തന്നെ ഉളവാക്കുന്നത്. ഡോള്‍മാ ചുരത്തിലെത്തിയാല്‍ എത്രയും പെട്ടെന്ന് അവിടം കടക്കണം. അല്ലെങ്കില്‍ ശരീരം തണുത്തു വിറങ്ങലിക്കും. അള്‍ട്രാവയലറ്റ് പ്രൊട്ടക്ഷന്‍ ഉള്ള കണ്ണടകള്‍ അത്യാവശ്യം. മില്‍ക്ക് ക്രീമോ ചുക്ക് കരുപ്പട്ടിയോ തേനും ചുക്കും ചേര്‍ത്തതോ കഴിക്കാം. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ബാഗില്‍ കരുതിയിരിക്കണം. വെള്ളം ധാരാളം കുടിക്കണം.
ഡോള്‍മാ ചുരത്തിന്റെ മുകളറ്റത്താണ് താരാദേവിയുടെ ആസ്ഥാനം. ക്ഷേത്രമൊന്നുമില്ല. പാറയില്‍ ഒരു രൂപം. അത്രമാത്രം. എല്ലാവരും അവിടെ നമസ്‌ക്കരിക്കും. കര്‍പ്പൂരം കത്തിക്കും. ഈ ഭാഗത്തു യാത്രികര്‍ അധികം പേരും ഒരു മാന്ത്രിക മയക്കത്തിലാകും. പിന്നെ സഞ്ചാരം വെറും യാന്ത്രികമാണ്. കയറ്റത്തെക്കാള്‍ കഠിനമാണ് കുത്തനെയുള്ള ഇറക്കം. അതു കഴിഞ്ഞാല്‍ കുബേരന്റെ അളകാപുരിയായി. വളരെ വലിയ കല്ലുകള്‍ ആരോ കൊണ്ടിട്ടതുപോലെ. തകര്‍ന്ന കൊട്ടാരക്കെട്ടുകളുടെ പ്രതീതി.
ഡോള്‍മയില്‍ നിന്ന് താഴേക്ക് ഇറങ്ങിക്കഴിഞ്ഞാല്‍ ഗൗരീകുണ്ഡ് തടാകമായി. പാര്‍വതിക്കു കുളിക്കാന്‍ പരമേശ്വന്‍ നിര്‍മ്മിച്ച പൊയ്ക. അവിടെ നിന്നു തീര്‍ത്ഥം എടുക്കാം. ഗൗരീകുണ്ഡില്‍ നിന്ന് 15 കി.മീ. ദൂരമുണ്ട് അടുത്ത ക്യാമ്പിലേക്ക്. സുത്തുള്‍പുക്കിലാണ് ക്യാമ്പ്. ഇവിടെയും ഒരു ബുദ്ധവിഹാരമുണ്ട്. നേരം വെളുത്തപ്പോള്‍ തുടങ്ങിയ യാത്രയാണ്. ക്യാമ്പിലെത്തി യത് രാത്രിയോടെ.
മൂന്നാം ദിനം രാവിലെ എല്ലാവരും വലിയ ഉത്സാഹത്തിലായിരുന്നു. ഒരു 12 കി.മീ. കൂടി പിന്നിട്ടാല്‍ പരിക്രമണം അവസാനിക്കും. സരയൂനദി തീരത്തിലൂടെയാണു യാത്ര. മിതമായ കയറ്റം.പക്ഷേ ചില സ്ഥലങ്ങളില്‍ അഗാധമായ കൊക്ക, രണ്ട്-രണ്ടര മണിക്കൂര്‍ കൊണ്ട് ബോര്‍ക്കയില്‍ എത്തും. പരിക്രമണം ചെയ്യാതെ ദര്‍ച്ചനില്‍ താമസിച്ചിരുന്നവര്‍ രാവിലെ പരിക്രമണം നടത്തിയവരെ സ്വീകരിക്കുന്നതിനായി ലാന്‍ഡ് ക്രൂസറില്‍ ബോര്‍ക്കയില്‍ എത്തിയിരുന്നു.
രാത്രി മാനസസരോവറില്‍ താമസിച്ചു. അന്ന് പൗര്‍ണ്ണമിയായിരുന്നു. ചന്ദ്രന്‍ പതുക്കെ പതുക്കെ പൊങ്ങി വിടര്‍ന്നു. നിലാവില്‍ മുങ്ങിക്കുളിച്ച മാനസസരസ്. പൂര്‍ണ്ണ നിലാവില്‍ വിരിയുന്ന സരസ്സിന്റെ കാഴ്ച. ദേവതകള്‍ നീരാടാനിറങ്ങുന്നുണ്ടോ? രാജഹംസങ്ങള്‍ താണുപറക്കുന്നുണ്ടോ? നിലാവില്‍ അകലെ കൈലാസം പ്രണവമായി തിളങ്ങി.
Travel Info
Kailash
By Air: Nearest Air port Kathmandu
By Rail: Nearest station Gorakhpur
By Road: Taxi to India - Nepal boarder, Sonali. Luxury Coach to Kathmandu (350 kms).
Location: Western Tibet (1000 kms from Kathmandu)
Best Season: May to September
Climate: Day temp -4* to 20*C, Night temp - 4 to 10*C
Altitude: 18,600ft
Festivals and Events: Sagadawa (Budha) Festival in June ( Boudha Pournami)
Mount kailash
Elevation: 21,778 ft.
Range: Gangdise Range (which lies between Brahmaputra and Tibetan High Platue, Chang Tang). Trans-Himalaya.
Location: Tibet, China. Kang Rin Po-che
Alternative Names: Gangs Rin-po-che(ie, Precious Jewel of Snows), Tise (Tibetan local name), Ashtapadha (Jain version), Sumeru (Hindu texts)
Shape: Peculiar pyramid shape with four faces.
Manasa sarovar
Surface area: 120 sq mile
Elevation: 14950 ft.
Location: Tibet, china, Trans-Himalaya
Classification: Fresh water lake (frozen through out winter)
Depth: 300 ft (max.)
Shape: Relatively round
Alternate Names: Maplam Yatso. Anotatta (Pali), Anavatapta (Sanskrit)
Originating Rivers: Brahmputhra, Indus, Sutlej
Notable Structures aound: Chiu Gompa Monastery
LAKE RAKSHASTAL
Surface area: 27 sq mile
Elevation: 15,590 ft
Location: Tibet, China
Alternative Names: La'nga Co
Classification: Salty
Originating Rivers: Sutlej( from north west tip)
Travel Advice
Altitude sickness: Himalaya is a high altitude cold desert with a low level of atmospheric oxygen. It is, absolutely necessary that visitors from the plains give themselves sufficient time for acclimatization before engaging in any physical activity. The atmosphere may cause high altitude ailments like Acute Mountain Sickness, necessitating instant evacuation of visitors who are unable to get acclimatized. Anyone travelling to altitudes above 10,000 ft (2,700 m) is liable to suffer from Acute Mountain Sickness (AMS) unless properly acclimatized. The most common symptoms of AMS are headache, disturbed sleep, loss of appetite, nausea, coughing, irregular breathing, breathlessness, lassitude and lack of concentration. If you are travelling by air, it is important to take complete rest for the first 24 hours after arrival. Any kind of physical exertion is to be avoided. Smoking and drinking should also be avoided till you are fully acclimatized. The symptoms of AMS generally develop during the first 36 hours, and not immediately upon arrival. Your body should get used to the lower oxygen level after 2-3 days if you have taken complete rest for the first 24 hours and as much rest as possible during the next 12 hours. High Altitude Pulmonary Oedema (HAPO) and High Altitude Cerebral Oedema (HACO) are very serious forms of AMS. These are life-threatening ailments and warrant immediate medical attention. As a preventive measure, tablet Dismox 250 mg should be taken at the rate of 1 tablet twice a day for 3 days, atleast 2 days before coming to Himalaya or any high altitude area.
Kailas Darshan Tours Operating From Kerala
School of Bhagavad Gita
Duration: 18 days approx.
Time of travel: End June, July or early August, since this is the best time climate wise – comparatively less cold with good sunshine
When to register : registration starts by mid March.
Contact details: 0471- 2736474, 6456474, website www.sobg.org
Cost: Rs. 1. 25 lakhs approx, all inclusive (May Vary)
Highlights: Guidance of a spiritual leader. Journey arranged under the personal supervision with attention to detail by Swami Sandeep Chaitanya.
Vivekananda Travels, Calicut
Duration: 21 days approx
Time of travel: Starts on Early June and July (May Vary)
Contact details: 0495- 2727800, 2727100
Cost: Rs. 90,000 approx - Rs. 1,05,000 approx.
Kailas Darshan, Kochi
Duration: 20 days approx.
Time of travel: Starts on May (May Vary)
Contact details: 0484- 2558304, 9446508304, 9895362251
E-mail: kailasdarshan@gmail.com
Cost: Rs. 87,500 approx
Panickers Travels, Kochi
Duration: 17 days
Time of travel: Starts by mid June
Contact details: 0484- 2397077, 2397075
Cost: Rs. 80,000+ approx
Kailash Via Nepal
Medical Bag:
കൈലാസ, മാനസസരസ്സ് പരിക്രമണ വേളയില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ പലപ്പോഴും ലഭ്യമാവില്ല. അതിനാല്‍ താഴെ പറയുന്ന പ്രഥമശുശ്രൂഷാ കിറ്റും മരുന്നുകളും കൂടെ കരുതുന്നത് നന്നായിരിക്കും.
വാസ്ലിന്‍ പെട്രോളിയം ജെല്ലി, മള്‍ട്ടി വിറ്റാമിന്‍ ഗുളികകള്‍, ഡൈജീന്‍ ടാബ്ലറ്റ്‌സ്, ബാന്‍ഡേജ്, കോട്ടന്‍, അയോഡക്‌സ്, മൂവ്, ബെറ്റാഡൈന്‍ ഓയിന്‍മെന്റുകള്‍, ഡെറ്റോള്‍, ക്രോസിന്‍, ഡിസ്പിരിന്‍, ഫ്ലക്‌സോണ്‍ ഗുളികകള്‍, ആന്റി ഡയേറിയ ടാബ്ലറ്റ്‌സ്, ഗ്ലൂക്കോസ്, വിക്‌സ്, സ്ട്രപ്‌സില്‍സ്.
ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ആസ്ത്മ, പ്രമേഹം, അപസ്മാരം എന്നിവ ഉള്ളവരെ യാത്രക്ക് അനുവദിക്കില്ല. ഡല്‍ഹിയില്‍വെച്ചും, ഗുന്‍ജിയില്‍ വെച്ചും രണ്ട് മെഡിക്കല്‍ പരിശോധനയുണ്ടാവും.
Travel Bag:
തല മൂടാവുന്ന വിന്‍ഡ് പ്രൂഫ് ജാക്കറ്റ്മരണ്ട് ഫുള്‍സ്ലീവ് സ്വറ്ററും, ഒരു ഹാഫ് സ്ലീവ് സ്വറ്ററും, മങ്കിക്യാപ്പ്, വൂളന്‍ കയ്യുറകള്‍ ഓരോന്നുവീതം, രണ്ട് വൂളന്‍ അഥവാ കോട്ടന്‍ ലോങ്ങ്‌ജോണ്‍സ് (ശരീരത്തോടു ചേര്‍ന്ന് ഒട്ടികിടക്കുന്ന അടിവസ്ത്രം)നാലു വീതം വുളന്‍ സോക്‌സുകള്‍, നാലു വീതം കോട്ടന്‍ സോക്‌സുകള്‍, ജീന്‍സ് പാന്റ് മൂന്നെണ്ണം, രണ്ട് ഷോട്ട്‌സ്, ആറ് ഷര്‍ട്ട്, ടീ ഷര്‍ട്ട്, നിലവാരമുള്ള സണ്‍ഗ്ലാസ്, രണ്ട് മികച്ച ട്രക്കിങ്ങ് ഷൂകള്‍, തൊപ്പി, വലിയ വാട്ടര്‍ ബോട്ടില്‍, ടോര്‍ച്ച്, അധിക ബാറ്ററികളും, ബള്‍ബും, വലിയ റെയിന്‍ കോട്ട്, ബെല്‍റ്റ് പൗച്ച്, ലഗ്ഗേജ് പൊതിയാനുള്ള വലിയ പ്ലാസ്റ്റിക് ഷീറ്റ്, പ്ലേറ്റ്, മഗ്ഗ്, സ്പൂണ്‍ ഒരു സെറ്റു വീതം, ടോയ്‌ലറ്റ് പേപ്പര്‍, സണ്‍സ്‌ക്രീന്‍ ലോഷന്‍, മെഴുകുതിരികള്‍, ലൈറ്റര്‍, തീപ്പെട്ടി, ഒരു റബ്ബര്‍ ചെരുപ്പ്, ചൈനീസ് കത്തി.
യാത്രയില്‍ സ്യൂട്ട്‌കെയിസ് അനുവദിക്കില്ല, സാധനങ്ങള്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞ് ക്യാന്‍വാസ് ബാഗിലാക്കി വീണ്ടും പോളിത്തീന്‍ ഷീറ്റുകൊണ്ട് പൊതിയുക, ഭാരം 25 കിലോയില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക, ദിവസേന 100 രൂപ വാടകയ്ക്ക് പോര്‍ട്ടര്‍മാരെയും 200 രൂപക്ക് പോണികളും ഇന്ത്യന്‍ അതിര്‍ത്തി വരെ കിട്ടും.
Food Kit:
പരിക്രമണ വേളയില്‍ പാകം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യയില്‍ നിന്നേ കരുതണംമആട്ട, അരി, പരിപ്പ്, ന്യൂഡില്‍ പാക്കുകള്‍, സൂജി, ഉപ്പുമാ പാക്കറ്റുകള്‍, ഉപ്പ്, മുളക്, ടിന്നിലടച്ച പച്ചക്കറികള്‍, പാല്‍പൊടി, പാല്‍ക്കട്ടി, പഞ്ചസാര, കോണ്‍ഫ്ലേക്കസ്, ഓട്‌സ്, കാപ്പി, ബോണ്‍വിറ്റ, നെയ്യ് മറ്റ് പൂജാസാമഗ്രികള്‍ എന്നിവയാണ് പ്രധാനംമയാത്രയില്‍ ബിസ്‌കറ്റുകള്‍, ഡ്രൈഫ്രൂട്ട്‌സ്, നാരങ്ങാനീര്, ചോക്ലേറ്റുകള്‍, സൂപ്പ്പൗഡര്‍ പാക്കറ്റുകള്‍, ചീസ് പാക്കറ്റുകള്‍, ച്യൂയിങ്ങ്ഗം, ജ്യൂസ് പാക്കറ്റുകള്‍ എന്നിവയും കരുതുന്നത് നന്നായിരിക്കും മഗവണ്‍മെന്റ് നടത്തുന്ന ഉത്തരാഖണ്ഡ് വഴിയുള്ള യാത്രയില്‍ ഇന്ത്യന്‍ അതിര്‍ത്തി വരെ കുമയൂണ്‍ മണ്ഡല്‍ വികാസ് നിഗം ലിമിറ്റഡാണ് ഭക്ഷണം ഏര്‍പ്പാടു ചെയ്യുന്നത്മഅതിര്‍ത്തി വിട്ടാല്‍ ഭക്ഷണം പാകം ചെയ്യേണ്ടിവരും. സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന നേപ്പാള്‍ വഴിയുള്ള യാത്രയില്‍ ഭക്ഷണം അവര്‍ തന്നെ ഏര്‍പ്പാടാക്കാറുണ്ട്.