ഭരത്പൂരിലെ പക്ഷിപ്പാതകളില്‍ സഞ്ചാരികള്‍ പെരുകുന്നു, പക്ഷികള്‍ വിരുന്നുവരുന്നത് ഇല്ലാതാവുന്നു. സഞ്ചാരികള്‍ ഇപ്പോള്‍ രണ്ടുലക്ഷമായി. പക്ഷികള്‍ രണ്ടായിരത്തി അഞ്ഞൂറായി ചുരുങ്ങിമൂന്നാമത്തെ തവണ ഭരത്പൂര്‍ കേവല്‍ദേവ ഖാന പാര്‍ക്കിലെത്തുമ്പോള്‍ എന്നെ സ്വാഗതം ചെയ്തത് ഒരു കാക്കയാണ്- കറുത്ത് തടിച്ച ഒരു ബലിക്കാക്ക. അതു ശാന്തനായിരുന്നു. തല ചെരിച്ചു നോക്കിയ ശേഷം, അതു തിടുക്കമൊന്നുമില്ലാതെ പറന്നു പോയി. മനസ് പിന്നിലേക്ക് പറന്നു. ഏതെങ്കിലും പിതൃക്കളുടെ പ്രതിനിധിയായിരിക്കുമോ? കാടുകള്‍ ഇഷ്ടപ്പെട്ടിരുന്ന ചന്ദ്രമാമന്‍?

പക്ഷികളുടെ വീട്ടിലെത്തുമ്പോള്‍ കാക്ക ശുഭ ലക്ഷണമല്ല. അത് തകര്‍ച്ചയുടെ സൂചനകള്‍ നല്‍കും. കാക്കകള്‍ കാക്കത്തൊള്ളായിരമാവുമ്പോള്‍ മറ്റു പക്ഷികള്‍ തിരിച്ചു വരാത്തവിധം കൂടു വിട്ടു പോകും.

ഇരുപതു കൊല്ലം മുമ്പ് ഇവിടെയെത്തുമ്പോള്‍ കദംകുഞ്ജിലെ മരങ്ങളുടെ താഴെ ഇത്രയധികം പ്രണയാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. ഇത്രയധികം സഞ്ചാരികള്‍ മുമ്പവിടെ കണ്ടിട്ടേയില്ല.


പുറമേ കേവല്‍ദേവ് പാര്‍ക്ക് അതിന്റെ പ്രശാന്തമായ മേലങ്കികള്‍ ഊരിയെറിഞ്ഞ പോലെ തോന്നും. പക്ഷികളുടെ പ്രണായാര്‍ഥികള്‍ മാത്രമല്ല ഇപ്പോള്‍ അവിടെ വരുന്നത്. വലിയ കുടുംബങ്ങളും പാക്കേജ് ടൂറിലെത്തുന്ന വിനോദസഞ്ചാരികളുടെ വലിയ കൂട്ടങ്ങളും. എങ്കിലും നാം ഏതെങ്കിലും ചെറിയ നടപ്പാതയിലൂടെ ഒന്നോ രണ്ടോ ഫര്‍ലോങ് നടന്നു കഴിയുമ്പോള്‍ കേള്‍ക്കുന്നത് പക്ഷികളുടെ സംഗീതം മാത്രം. പിന്നെയും നീങ്ങുമ്പോള്‍ മരക്കൂട്ടങ്ങളില്‍ ധ്യാനത്തിലമര്‍ന്നിരിക്കുന്ന പക്ഷിക്കൂട്ടങ്ങളെയോ ചെറുതടാകങ്ങളില്‍ പൂക്കള്‍ വിതറിയപോലെ പരന്നു കാണുന്ന പക്ഷികളുടെ ലോകമോ കാണാതിരിക്കില്ല. അതു സാന്ത്വനവും നഷ്ടപ്പെടാത്ത നൈസര്‍ഗികതയും നാട്ടു നന്‍മകളും പകരുന്നു. തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും ഭരത്പൂരിന് നീക്കി വെച്ച ഡോക്ടര്‍ സാലിം അലി പറഞ്ഞ വാക്കുകള്‍ ഓര്‍മ്മ വന്നു. 'യമുനാനദിയുടെ തീരത്ത് താജ്മഹല്‍ വീണ്ടും പണിതുയര്‍ത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഭരത്പൂര്‍ വീണ്ടും സൃഷ്ടിക്കാനാവില്ല'. 2008 ല്‍ ജര്‍മ്മന്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഹംഫ്രികോണ്‍മാനൊപ്പം ഒരേയൊരു പകലിനായി ദില്ലിയില്‍ നിന്നെത്തുമ്പോള്‍ ഭരത്പൂര്‍ എന്തുകൊണ്ടാണ് ലോകം മുഴുവന്‍ കൊണ്ടാടുന്നതെന്ന് വ്യക്തമായി. 160 തരം ദേശാടനക്കിളികള്‍ വന്നു പോകുന്ന 220 നാട്ടുപക്ഷികുലങ്ങള്‍ വാഴുന്ന ഈ ചതുപ്പില്‍ നമുക്ക് എത്രയോ പാഠങ്ങള്‍ പഠിക്കാനുണ്ട്.

പൂതക്കൊക്കുകള്‍ കൂട്ടം കൂടിയിരിക്കുന്ന ബാബൂല്‍ മരങ്ങളുടെ മുമ്പില്‍ മാവിന്‍ ചുവടിനു താഴെയിരിക്കുന്ന, സായിപ്പ് വായിക്കുന്ന പുസ്തകം ഒരു കൗതുകത്തിന് ഒളിഞ്ഞ് നോക്കി, ഇടയ്ക്കിടെ പക്ഷികളെ നോക്കി കൊണ്ടായിരുന്നു വായന. പി യെപോലെ കവിയായിരിക്കുമോ? നിളയുടെ മഹാകവി എഴുതിയത് ഓര്‍മ്മ വന്നു-അമുറ്റത്തെ പൂമരത്തില്‍ മഞ്ഞക്കിളി പറന്നിരുന്നു. സ്വന്തം ഭാഷയില്‍ എന്തോ പറഞ്ഞു. നീ കവിയാവും വലിയ കവിയാവും. ലോകം പുതിയ വെളിച്ചത്തില്‍ മുങ്ങി.

ഇരുപതു കൊല്ലം മുമ്പ് സുഹൃത്തുക്കളോടൊപ്പം പക്ഷിപ്പാര്‍ക്കിലെത്തുമ്പോള്‍ സൈക്കിളുകളിലും ടോങ്കയിലും വന്നവര്‍ ആരേയും ശ്രദ്ധിച്ചിരുന്നില്ല. അവര്‍ അവരുടെ ലോകങ്ങളിലായിരുന്നു. അവര്‍ ബൈനോക്കുലറുകളിലും ക്യാമറകളിലും കണ്ടത് പ്രകൃതിയുടെ അനേകം പേജുകള്‍, ദൃശ്യങ്ങള്‍, സൂക്ഷ്മ യാഥാര്‍ഥ്യങ്ങള്‍...

ഭരത്പൂരിലെ പക്ഷിപാതകളിലൂടെ യാത്രകള്‍ ശാന്തികൂടീരത്തില്‍ നിന്നാണ് തുടങ്ങുന്നത്. ശാന്തികുടീരില്‍ നിന്ന് ബോട്ടുകളില്‍ കയറി നിങ്ങള്‍ക്ക് പക്ഷിക്കൂട്ടങ്ങളെ കാണാം. വേണമെങ്കില്‍ സൈക്കിളും റിക്ഷകളും വാടകയ്ക്ക് കിട്ടും. യാത്രയ്ക്കിടയില്‍ മരങ്ങളുടെ തണലിലിരിക്കാം. ബാബൂല്‍ മരങ്ങളില്‍ പറവക്കൂട്ടങ്ങളുണ്ടാവും.

ബാബുല്‍ ഒരു വിസ്മയ വൃക്ഷമാണ്. അത്രയധികം വളരാത്ത ചെറു വൃക്ഷങ്ങളാണവ. പൂതക്കൊക്കുകള്‍ ഒരിക്കല്‍ ജീവിച്ച ബാബുലിനെ ഉപേക്ഷിക്കുകയില്ല. ദേഹത്തെ ദേഹിയെന്ന പോലെ അവര്‍ സ്വന്തം ബാബുലിനെ പിരിയാതിരിക്കുന്നു. വീണ്ടും വീണ്ടും തിരിച്ചു വരുന്ന വീടുകളെ പോലെയാണ് ബാബുല്‍ മരങ്ങള്‍. മലയാളികളും തമിഴരും അതിനെ കരുവേലം എന്ന് വിളിക്കും. അക്ക്വേഷ്യ അറബിക എന്നാണ് ശാസ്ത്രനാമം. ശിഖരങ്ങള്‍ ഒടിയില്ല. ചെറുപുളിയും മധുരവും കലര്‍ന്ന പഴങ്ങള്‍ പക്ഷികള്‍ക്ക് പ്രിയംകരമാണ്. മാര്‍ച്ച് മാസമാകുമ്പോള്‍ ബാബുലിന്റെ തൊലി വിണ്ടുകീറും പശ ഒലിക്കാന്‍ തുടങ്ങും ഉത്തരേന്ത്യയിലെ നാട്ടു വൈദ്യന്‍മാര്‍ ആ പശ പാത്രത്തില്‍ സൂക്ഷിക്കും. മുറിവ് ഉണങ്ങാന്‍ ഉത്തമമാണത്രെ.
++++++++++പാര്‍ക്കില്‍ എത്തുന്നവര്‍ക്കൊക്കെയും ദേശാടനക്കിളികളെ കാണാനാണ് താല്‍പര്യം. ഒക്ടോബറിലാണ് കൂടുതല്‍ ദേശാടനക്കിളികള്‍ പറന്നെത്തുക. പലതരം കൊറ്റികള്‍ ഞാറകള്‍ (പെലിക്കണ്‍) അരയന്നങ്ങള്‍, ടീലുകള്‍ (എരണ്ടകള്‍)... ഭരത്പ്പൂരിന്റെ സുവര്‍ണകാഴ്ച്ചകള്‍. ലാവ്വിങ്ങുകള്‍ക്ക് (കുരുവികള്‍) എന്തൊരു വേഗതയാണ്. പറക്കാന്‍ തുടങ്ങിയാല്‍ അവ ഒരു മണിക്കൂറിനകം 300 കിലോമീറ്ററുകള്‍ താണ്ടും. താമരക്കോഴികള്‍ ഭരത്പൂര്‍ തടാകങ്ങളിലെ ഒഴുകുന്ന ചെടിപ്പടര്‍പ്പുകളില്‍ മുട്ടയിടും. മുട്ട അവ ആണുങ്ങള്‍ക്ക് കൈമാറും. വേറെ ആണിനെ തേടിപ്പോവുകയും ചെയ്യും.

ഭരത്പൂരിന്റെ പ്രശസ്തി ലേകമെമ്പാടും എത്തിച്ചത് മറ്റൊരു സന്ദര്‍ശകരായിരുന്നു. സൈബീരിയന്‍ സാരസങ്ങള്‍ എന്ന സൈബീരിയന്‍ കൊക്കുകള്‍. കോമണ്‍ക്രെയിനുകളും ഡെമോയ്‌സല്ലെ ക്രെയിനുകളും കറുത്ത കഴുത്തുള്ള ക്രെയിനുകളും സാരസ് ക്രെയിനുകളും ഭരത്പൂരിലുണ്ട്. പക്ഷെ ഒരു പക്ഷിപ്രേമി ആദ്യം ചോദിക്കുക സൈബീരിയന്‍ സാരസങ്ങളെ കുറിച്ചാവും. സൈബീരിയന്‍ സാരസങ്ങളുടെ മഹിമയും ആത്മീയത കലര്‍ന്ന അഗാധ സൗന്ദര്യവും മുഗള്‍ ഭരണാധികാരിയായ ജഹാംഗീറിന്റെ കാലത്തു പോലും പ്രസിദ്ധമായിരുന്നു. അക്കാലത്തെ വിഖ്യാത ചിത്രകാരനായിരുന്ന ഉസ്താദ് മന്‍സൂര്‍ വരച്ച സൈബീരിയന്‍ ക്രെയിനിന്റെ ചിത്രം പ്രശസ്തമാണ്.

ലോകമാകെ ഇപ്പോള്‍ 2500 ക്രെയിനുകളെ ഉള്ളു. (ഗ്രസ് ലൂക്കിയോ ജെറാനസ്) 2002ലെ തണുപ്പ് കാലത്താണ് അവ അവസാനം ഭരത്പ്പൂരിലെത്തിയത്. പ്രകാശം പരത്തുന്ന മഞ്ഞ കണ്ണുകളും, നെറ്റിയിലെ ചുവപ്പ് രാശികലര്‍ന്ന ചര്‍മ്മവും, ശുഭ്രമായ തൂവലുകളുമായി അവ ഒരിക്കല്‍ ഭരത്പ്പൂരിലെ ചെറുതടാകങ്ങളുടെ കരയില്‍ സുന്ദരനും സുന്ദരിയുമായി നിന്നു. അവരുടെ അനുരാഗപൂര്‍ണമായ വിളികള്‍ ലോകത്തിന് വിസ്മയം നല്‍കി. അവരുടെ നൃത്തങ്ങള്‍, ലോകത്തിലെ ഏത് നര്‍ത്തകികളേക്കാളും ലാസ്യവും ജതിസമ്പുഷ്ടവുമായിരുന്നു. മുതിര്‍ന്ന സാരസത്തിന് അഞ്ചടിവരെ ഉയരം കാണും. ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍ വിഷമമാണ്. ആണിന് വലിപ്പം കൂടുമെന്ന് മാത്രം.

ഭരത്പ്പൂര്‍ തടാകങ്ങളിലെ സൈപ്പേരസ് റോട്ടുണ്ടസിന്റെ മാംസളമായ ട്യൂബറുകള്‍ അവയുടെ പ്രിയപ്പെട്ട ആഹാരമായിരുന്നു. എഴുപതുകളില്‍ 29,000 പക്ഷികളുണ്ടായിരുന്നെങ്കില്‍ ഇന്നത് വെറും രണ്ടായിരത്തി അഞ്ഞൂറായി ചുരുങ്ങി.

സൈബീരിയന്‍ സാരസങ്ങളുടെ ശീതകാലയാത്രകള്‍, മനുഷ്യവംശത്തിന്റെ പുറപ്പാടുകളേക്കാള്‍ ദീര്‍ഘിച്ചവയാണ്. ഇടത്താവളം തേടിയുള്ള യാത്രയ്ക്കിടയില്‍ ഇറാനിലും പാകിസ്ഥാനിലും അവ, വേട്ടക്കാരുടെ ഇരകളായി. സിന്ധ് പ്രവിശ്യയില്‍. സാരസങ്ങളെ വെടിവെച്ചിടുന്നത് ആഢ്യത്വത്തിന്റെയും അധികാരത്തിന്റെയും ചിഹ്നമായി...കിഴക്കന്‍ സൈബീരിയയിലെ യൂറാല്‍ പര്‍വ്വതനിരകളുടെ താഴ്‌വാരമായ യാക്കുടിയയില്‍ നിന്നാണ് അവ പതിനാല് ദിവസം പറന്ന് ഭരത്പ്പൂരിലെത്തുക. മറ്റൊരു കൂട്ടം വടക്കുകിഴക്കന്‍ സൈബീരിയല്‍ നിന്ന് യാങ് ടിസ് നദിയുടെ കുറുകെ കടന്ന് പൊയാങ് തടാകത്തിന്റെ കരയിലെത്തും.

ഭരത്പ്പൂരിലേക്ക് പറക്കുന്നവ ചിലപ്പോള്‍ കാസ്പിയന്‍ തടാകം കടന്ന് ഇറാനിലെ എസ്ബാരന്‍ ഫ്രോണ്ടൂര്‍ കെനാറിലേക്ക് പോകും. അവിടെ വേട്ടക്കാര്‍ അവരെ കാത്തുനിന്നു. നൂറ് കണക്കിന് കൊക്കുകള്‍ വെടിയുണ്ടകള്‍ക്കിരയായി. ചിലപ്പോഴവ കസാഖിസ്ഥാനിലെ ലേക്ക് ടെഗ്‌സിസില്‍ എത്തും. റഷ്യയുടെ അസ്ട്രാഖാനിലും അവയ്ക്ക് ഒരിടത്താവളമുണ്ട്.

സാധാരണയായി അവ, ലേക്ക് ടെഗ്‌സിസും, ഉസ്‌ബെക്കിസ്ഥാനും കടന്ന് അഫ്ഘാനിസ്ഥാനിലൂടെ പറന്ന് പാകിസ്ഥാന്‍ മുറിച്ചുകടന്ന് ഭരത്പ്പൂരിലെത്തുകയാണ് പതിവ്. 1984ല്‍ ഇരുന്നൂറെണ്ണം എത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായിട്ടും ഭരത്പ്പൂരില്‍ അവ തിരിച്ചുവന്നിട്ടില്ല. മറ്റേതെങ്കിലും താവളത്തിലേക്ക് അവ പോയിട്ടുണ്ടാകുമെന്ന് ലോക ക്രെയിന്‍ ഫൗണ്ടേഷന്‍ കരുതുന്നുണ്ട്. 2005ല്‍ ആറെണ്ണം വന്നതായി സൂചനയുണ്ട്. 6400 കിലോമീറ്റര്‍ നീണ്ട ഈ യാത്ര ഡിസംബറില്‍ തുടങ്ങും. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ അവ ഭരത്പ്പൂരില്‍ കഴിയാറുണ്ടായിരുന്നു. സൈബീരിയയില്‍ ശീതകാഠിന്യം കുറയുമ്പോള്‍ അവ മടക്കയാത്ര തുടങ്ങും.

പാര്‍ക്കിലെ ഏറ്റവും സജീവമായ പക്ഷിക്കൂട്ടങ്ങള്‍ പൂതകൊക്കുകളാണ്. ആയിരക്കണക്കിന് പൂതകൊക്കുകള്‍ കൂട്ടത്തോടെ, ബാബുല്‍ മരങ്ങളുടെ ശിഖരങ്ങളുടെ മുകളിരിക്കുന്ന കാഴ്ച്ച ആനന്ദപൂര്‍ണമാണ്. ബോട്ടുകളില്‍ പോകുമ്പോള്‍ നമുക്കത് കാണാം. ബോട്ടയാത്ര ഒരുമണിക്കൂറെടുക്കും. പക്ഷികൂടുകളുടെയും പക്ഷിശീലങ്ങളുടേയും ഒട്ടേറെ കാഴ്ച്ചകള്‍ നിങ്ങള്‍ക്കുകാണാം. ചതുപ്പുകളിലൂടെയുള്ള പക്ഷിനടത്തവും കാണാം. സൈക്കിളിലോ, ടോങ്കയിലോ, നടന്നോ പോകുമ്പോഴും നാം കാണുന്നത് പക്ഷികളെ മാത്രം. നടന്നുപോകുമ്പോള്‍ പലതരം റൂട്ടുകള്‍ നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം. അതിലൊന്ന് രാംബണ്ട് റൂട്ടാണ്. അത് ഫോറസ്റ്റ് റെസ്റ്റ് ഹൗസിലാണ് അവസാനിക്കുക. ആ യാത്രയില്‍ പക്ഷികള്‍ക്കു പുറമേ കാട്ടുപന്നികളേയും മാനിനേയും കാണാം. ബ്രിജേന്ദ്ര ബണ്ട് വഴി പോയാല്‍ കേവല്‍ദേവ് ക്ഷേത്രത്തിലെത്തും. ഈ വഴിയിലൂടെയാണ് ഞാന്‍ സഞ്ചരിച്ചത്. കദംകുഞ്ജ് പെരുമ്പാമ്പ് കേന്ദ്രം കൊമറോ എന്നിവ കടന്ന് പോകുമ്പോള്‍ സാരസങ്ങളേയും ബ്രാഹ്മിണി താറാവുകളേയും കാട്ടുകോഴികളേയും താമരകോഴികളേയും നീര്‍കാക്കകളേയും എരണ്ടകളേയും ഞാറപ്പക്ഷികളേയും കൊറ്റികളേയും വെള്ളരികൊക്കുകളേയും ഭംഗിയുള്ള നീലക്കാളകളേയും കാണാം. നീലക്കാളകളും മ്ലാവുകളും പുള്ളിമാനുകളും കൃഷ്ണമാനുകളും ചിലപ്പോള്‍ മുള്ളന്‍ പന്നികളേയും മുലാറ്റമക്കാക്കെകളേയും (ചുവന്ന കുരങ്ങന്‍) കാണാം.
++++++++++


എട്ട് കിലോമീറ്റര്‍ നീണ്ട സവന്‍മോറി യാത്ര, 9 കിലോമീറ്റര്‍ നീണ്ട ജതോളി ബെയ്‌സ യാത്ര, മൂന്നരകിലോമീറ്റര്‍ മാത്രമുള്ള സദര്‍ബീറ്റ് ട്രെയില്‍, 11 കിലോമീറ്റര്‍ നീളമുള്ള ചീത്തള്‍വാന്‍ഡ്രൈ ട്രെയില്‍ എന്നിവയില്‍ ഏതെങ്കിലും ട്രെക്കിങ് റൂട്ട് തിരഞ്ഞെടുക്കാം. ലോകത്തെ എല്ലാം സുന്ദരന്‍മാരും സുന്ദരികളും അവിടെയുണ്ട്. ഒട്ടും കരുതാതിരുന്ന ഫ്ലമിങ്ങോസ് അവിടെയുണ്ടായിരുന്നു. അതുപോലെയാണ് സാരസ പക്ഷികളും. ഹംസങ്ങളെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഹംസങ്ങള്‍ ഒരു സൗന്ദര്യമത്സരത്തിലെ പരേഡ് പോലെ നിരന്നു നിന്നു. റോസി പെലിക്കണുകള്‍, അഡ്ജൂര്‍ട്ടന്റ് സ്്‌റ്റോര്‍ക്കുകള്‍ (വയല്‍ നായ്ക്കന്‍), റൂബി ത്രോട്ട്, ഗ്രെ വാഗ് ടെയില്‍, ഡസ്‌കി വാര്‍ബഌ എന്നിവയും ഭരത്പ്പൂരിന്റെ ധന്യതകളാണ്.

അതുപോലെത്തന്നെയാണ് മൃഗങ്ങളുടെയും പാമ്പുകളുടെയും കാര്യവും. അല്‍വാറില്‍ നിന്നു വന്ന വിഷ്ണു ശ്രീവാസ്തവ പറഞ്ഞത് അവിടെ രാജവെമ്പാലയും മറ്റു വെമ്പാലകളും ഉണ്ടെന്ന് തന്നെയാണ്.

ഭരത്പ്പൂരിനെക്കുറിച്ച് ഏറ്റവും സര്‍ഗ്ഗാത്മകമായ ചിത്രം നല്‍കിയത് പീറ്റര്‍ മത്തിയേസനാണ്. മത്തിയേസിന്റെ സ്വര്‍ഗ്ഗത്തിലെ പക്ഷികള്‍ ഒരു വഴിയും വഴികാട്ടിയുമായി. എല്ലാ സാരസങ്ങളുടെയും ജീവിതയാത്രകളെപ്പറ്റി മത്തിയേസന്‍ എഴുതി. മത്തിയേസന്റെ പുസ്തകം, വൈദ്യുതിയില്‍ തൊട്ടാലെന്നപോലെ ആകര്‍ഷണീയവും സ്‌തോഭപൂര്‍ണവുമായിരുന്നു.

ഭരത്പ്പൂരില്‍ നിന്നും തിരിച്ചുവന്ന ശേഷം, ചിത്രങ്ങള്‍ കാണുന്നതിനിടയിലാണ് ഞാന്‍ വീണ്ടും ആ പുസ്തകത്തെക്കുറിച്ചോര്‍ത്തത്. ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് ദുസ്സഹമായ വേദനയില്‍ നിന്ന് എന്നേന്നേക്കുമായി മോചനം തേടാന്‍, മറ്റൊരാള്‍ സഹായിക്കുന്നതിനെക്കുറിച്ചായിരുന്നു പുസ്തകം!

പുസ്തകമെഴുതിയ ഡെറിക് ഹംപ്രിയോട് കാന്‍സര്‍ ബാധിച്ച്, വേദനയുടെ നിലയില്ലാ കയത്തില്‍ കിടന്നു പിടയുന്ന ഭാര്യ ജീന്‍ പറയുന്നു. 'എനിക്ക് നിങ്ങളുടെ മടിയില്‍ കിടന്നു മരിക്കണം. എന്റെ വേദനയില്‍ നിന്ന് ഒരു നിമിഷത്തേക്കെങ്കിലും ആനന്ദം തരുമോ'? ജീനിന് മരുന്നിന്റെ ഓവര്‍ ഡോസ് നല്‍കി ഡെറിക്് ആ കൃത്യം നിര്‍വ്വഹിച്ചുകഴിഞ്ഞപ്പോള്‍ മയക്കത്തിലേക്ക് വീണുപോയ ജീന്‍ പറഞ്ഞു 'എനിക്ക് സന്തോഷം തോന്നുന്നു.' ഡെറിക് ആ വാക്കുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. കഠിനമായ ഭാരം കൊണ്ട് അയാളുടെ ഹൃദയം ജഡതുല്യമായിരുന്നു... ഭരത്പ്പൂരിലെ പക്ഷിക്കൂട്ടങ്ങളുടെ നടുവിലിരുന്ന് ഒരു പകല്‍ മുഴുവന്‍ ആ മനുഷ്യന്‍ എന്തിനാണ് ഇത്രയും വായിച്ചത്. പക്ഷികളെ നമുക്കറിയാം അവയുടെ ജീവിതം എത്ര തെളിമയുള്ളതാണ്. പക്ഷേ ഈ മനുഷ്യരുടെ കാര്യമോ..?

Travel Info

Bharathpur

Keoladeo National Park, Bharatpur formerly known as the Bharatpur Bird Sanctuary, is a world famous avifauna sanctuary. Bharatpur is known as 'Eastern Gateway to Rajasthan', was founded by Maharaja Suraj Mal in 1733 AD, it was once an impregnable well fortified city, carved out of the region formerly known as Mewat. It is bound on the north by 'Gurgaon' district of Haryana, on the east by Mathura and Agra districts of Uttar Pradesh, on the south by Dholpur and Karauli, on the southern west by Jaipur and on the west by Alwar, all in Rajasthan.

Location: Bharatpur, Rajasthan
Total Area : 232sq.km
Established : 1956 as a bird sanctuary, 1981 as a national park.

How to reach
By Air:
Agra (55 km), Jaipur (185 km).
By rail: Bharatpur, which is well connected to Delhi, Bombay, Ahmedabad, Jaipur and many other parts of India.
By road: Bharatpur is on the Agra-Jaipur highway, just a two-hour journey by bus from Agra (55 km) and an hour from Fatehpur Sikri, 4 hours from Delhi, 4 hours from Jaipur.

Time to Visit :
Park is open throughout the year. Best months are August-November for resident breeding birds and November-March for migrant birds.
Entry fee: -25 foreigners--200
Guide fee:-75 per hr
Video camera:-200
Bycycle hire:-30
Cycle rickshaw:-50-75.

Contact (STD code : 05644)
National Park : Ph:222777

Website: http://bharatpur.nic.in/
http://www.bharatpursanctury.com/
http://www.rajasthantourism.gov.in/Destinations/Bharatpur/AboutBharatpur.aspx

Rajasthan Tourism Approved Travel Agents
Nature Bureau, Ph: 05644-231946
Rajasthali Tours, Ph: 224123, 224173

Stay
Laxmi Vilas Palace, Ph: 223523
The Bagh Resort, Ph: 228333
Hotel Chandra Mahal Haveli, Ph: 05643-264336
Bharatpur Forest Lodge, Ph:222760
The Birders Inn, Ph:227346
Kadamb Kunj Resort, Ph:220122
Hotel sunbird, Ph:225701
Hotel Saras, Ph:223700
Shanti kutir, Ph:222777