എല്ലോറയിലെ ശില്പ ശിലാവിസ്മയങ്ങള്‍. ഒരു മലയ്ക്കുള്ളില്‍ മഹാശില്പങ്ങള്‍ ഭാവന ചെയ്ത മനസ്സുകള്‍ക്ക് നമോവാകംഞങ്ങളുടെ വീടിനു പിന്നിലെ കുന്നിന്റെ മറുഭാഗത്ത് ഒരു കരിങ്കല്‍ ക്വാറിയുണ്ട്. കുട്ടിക്കാലത്ത് അതിനടുത്തു പോകുന്നതു തന്നെ ഭയമായിരുന്നു. മറുവശത്ത് പക്ഷേ, ഒരു കുട്ടിയുടെ കൗതുകത്തെ തൊട്ടുവിളിക്കുന്ന സംഗീതമുണ്ടായിരുന്നു. കരിങ്കല്ലില്‍ ഉളികള്‍ കൊത്തുന്ന സംഗീതം. കുഞ്ഞു കുഞ്ഞ് ഓലപ്പന്തലുകള്‍ക്കു ചുവട്ടില്‍ കരിങ്കല്ലുകള്‍ അമ്മികളായും ഉരലുകളായും രൂപമെടുക്കുന്ന കൗതുകക്കാഴ്ച. ഒരു കരിങ്കല്‍ കഷ്ണത്തിനുള്ളില്‍ അമ്മിയും ആട്ടുകല്ലും ഉരലുമൊക്കെ കണ്ടെത്താന്‍ കഴിയുന്ന ഭാവനയെക്കുറിച്ചോര്‍ത്ത് ആ പ്രായത്തില്‍ അത്ഭുതം കൂറിയിരുന്നു.

എല്ലോറയിലെ ഗുഹാക്ഷേത്രങ്ങള്‍ക്കു മുന്നില്‍ നിന്നപ്പോള്‍, ഒരു മലയ്ക്കുള്ളില്‍ മഹാശില്പങ്ങള്‍ ഭാവന ചെയ്ത മനസ്സുകള്‍ക്കു മുന്നില്‍ നമ്രമനസ്‌കനായി.


വ്യാവസായിക നഗരമായ പുണെയില്‍ നിന്നും ലോകത്തെ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഔറംഗബാദ് വഴിയാണ് എല്ലോറയിലേക്കു വന്നത്. എല്ലോറ എന്നല്ല വേരൂള്‍ എന്നു വേണം പറയാന്‍. എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പേരാണ് വേരൂള്‍. എല്ലോറ അവിടുത്തുകാര്‍ക്ക് 'വേരൂള്‍ ലേനി'യാണ്.

പുത്തന്‍ നഗരക്ഷേത്രങ്ങളില്‍ നിന്ന് ഗുഹാക്ഷേത്രങ്ങളിലേക്കുള്ള യാത്ര. മണിസൗധങ്ങള്‍ പണിയാന്‍ മലകള്‍ വെടിമരുന്നു വച്ചു തകര്‍ക്കുന്ന ഒരു കാലത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സഞ്ചാരം. ഒരു സംസ്‌കാരത്തില്‍ നിന്ന് മറ്റൊന്നിലേക്ക്.

എല്ലോറയിലെ ഗുഹാക്ഷേത്രങ്ങളിലും വ്യത്യസ്ത സംസ്‌കാരങ്ങളുടെ മുദ്രകള്‍ കാണാനാവും. മൂന്ന് സംസ്‌കാരങ്ങളുടെ, ഹിന്ദു-ബുദ്ധ-ജൈന മതങ്ങളുടെ, സമന്വയം.

കാറിന്റെ ചില്ലിലൂടെ നോക്കുമ്പോള്‍, പൊതുവെ വെളുപ്പു നിറമാണ് ഔറംഗബാദ് നഗരത്തിന്. എങ്കിലും സായാഹ്ന വെയിലിന്റെ നിറം കണക്ക് ചരിത്രം ഉറങ്ങാതിരിക്കുന്ന കെട്ടിടങ്ങളും തെരുവുകളും പാതകളും സുലഭം. പഴയ സാമൂഹ്യപാഠം പുസ്തകങ്ങളില്‍ നിന്നും ഔറംഗസീബും അദ്ദേഹത്തിന്റെ ഭരണപരിഷ്‌കാരങ്ങളും ഓര്‍മ്മയിലേക്ക് ഓടിക്കയറി വന്നു. ചാലിസ്‌ഗോണിലേക്കു പോകുന്ന ദേശീയപാത 211-ലൂടെ മുന്നേറുമ്പോള്‍, ഇരുവശത്തും ഏപ്രിലിലെ വരണ്ട ഭൂമി. നഗരത്തില്‍ നിന്നും പതിനഞ്ചോളം കിലോമീറ്റര്‍ ചെന്നപ്പോള്‍, വിദൂരസ്ഥമായ ഏതോ കാലത്തിലെ അഗ്നിപര്‍വ്വത സ്മരണകളില്‍ ചെമ്പന്‍ പുതച്ചു മയങ്ങുന്ന ഡക്കാന്‍ മലനിരകള്‍ പ്രത്യക്ഷമാകാന്‍ തുടങ്ങി. അതിന്റെ തുടക്കത്തില്‍, 'തുഗ്ലക്ക്' പരിഷ്‌കാരങ്ങളിലൂടെ മന:പാഠമായ ദൗളത്താബാദ് കോട്ട. റോഡിന്റെ ഇടതു വശത്ത് ഒറ്റയ്ക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു കുന്നും കോട്ടയും.

ഔറംഗസീബിന്റെ ശവകുടീരത്തിലേക്ക് മൂന്നു കിലോമീറ്റര്‍ എന്ന് എഴുതിവച്ച ബോര്‍ഡിനെ അവഗണിച്ച്, ഇടത്തോട്ടു തിരിഞ്ഞു. എല്ലോറയിലെത്താന്‍ ഇനി ഏതാനും മിനുട്ടു മാത്രം. ആകാംക്ഷയോടെ നോക്കിയെങ്കിലും പുറംകാഴ്ചകളിലൊന്നും ഒരു മഹാസംസ്‌കാരത്തിന്റെ സൂചനകള്‍ വെളിപ്പെട്ടില്ല.

കാര്‍ ചെറിയൊരു കവലയിലെത്തിയപ്പോഴേക്കും ഇറങ്ങേണ്ട സ്ഥലമായെന്നു മനസ്സിലായി. അകത്തെ യാത്രയ്ക്ക് ഓട്ടോകള്‍ ലഭ്യമാണ് എന്നു പറഞ്ഞ് ഞങ്ങളുടെ ഡ്രൈവര്‍ കാര്‍ പാര്‍ക്കു ചെയ്യാന്‍ പോയി.

ഇടതു വശത്തു ടിക്കറ്റ് കൗണ്ടര്‍. 10 രൂപ ടിക്കറ്റ്. മുന്നോട്ടു നടക്കുമ്പോള്‍, ടൂറിസം വകുപ്പിന്റെ ഓഫീസ്. കൂറ്റന്‍ വൃക്ഷങ്ങള്‍ തണല്‍ വിരിക്കുന്ന പാര്‍ക്കിങ് ഏരിയ. അതിനിടയിലൂടെ വിശാലമായ പുല്‍ത്തകിടി. അതിനപ്പുറത്താണ് കാലത്തിന്റെ കൊത്തുപണികള്‍.

ചരണാദ്രി മലനിരകള്‍. അതിന്റെ പടിഞ്ഞാറേച്ചെരുവിലാണ് ഗുഹകള്‍. രണ്ട് കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ 34 എണ്ണം. യാത്രാരംഭത്തില്‍ തന്നെ മനസ്സിലാക്കി വച്ചിരുന്നു, നിര്‍മ്മാണ കാലം വച്ച് തെക്കു നിന്ന് വടക്കോട്ടു വേണം ഇവ സന്ദര്‍ശിക്കാന്‍. പക്ഷേ, 40 ഡിഗ്രി ചൂടില്‍ രണ്ടു കിലോമീറ്റര്‍ നടക്കാന്‍ ഒന്നു മടിച്ചു. 120 രൂപ തന്നാല്‍ എല്ലാ ഗുഹകള്‍ക്കു മുന്നിലും കൊണ്ടു വിടാം എന്ന വാഗ്ദാനവുമായി ഓട്ടോക്കാരന്‍ പിന്നാലെ വന്നപ്പോള്‍ അതില്‍ വീണു പോയി. (ഒട്ടോക്കാര്‍ക്കാണ് അകത്തെ യാത്രയുടെ കുത്തകാവകാശം). പിന്നീടാണ് അബദ്ധം മനസ്സിലായത്. ഓട്ടോ ആദ്യം പോയത് വടക്കേ അറ്റത്തേക്കാണ്. അതായത് അവസാനത്തെ ഗുഹകളുടെ മുന്നിലേക്ക്.


++++++++++34 മുതല്‍ 23 വരെ അവിടെ. അടുത്ത യാത്ര 22-17. ഒടുവില്‍ പുറപ്പെട്ടിടത്ത്, 16-ാം നമ്പര്‍ ഗുഹയുടെ മുന്നില്‍. 'ഒന്നു മുതല്‍ 15 വരെയുള്ളവ അത്ര കാര്യമില്ല, വേണമെങ്കില്‍ നടന്നു കാണാം' എന്നു പറഞ്ഞ് ഓട്ടോക്കാരന്‍ സ്ഥലം വിടുകയും ചെയ്തു.

കാഴ്ചകള്‍ ഒന്നില്‍ നിന്നും 34-ലേക്ക് ക്രമീകരിക്കുമ്പോള്‍, ആദ്യത്തെ 12 എണ്ണം ബൗദ്ധ സംസ്‌കാരത്തിന്റെ മുദ്രകള്‍ പേറുന്നവയാണ്. തുടര്‍ന്നുള്ള 16 എണ്ണം ബ്രാഹ്മണഗുഹകളും 30 മുതലുള്ളവ ജൈനഗുഹകളുമാണെന്നാണ് പുരാവസ്തു ഗവേഷകര്‍ തിട്ടപ്പെടുത്തിയിട്ടുള്ളത്.

ഏ. ഡി. 500-നും 700-നും ഇടയില്‍ മഹായാന വിഭാഗം ഇൗ പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ച കാലത്താണ് ബൗദ്ധഗുഹകളുടെ നിര്‍മ്മാണം. ഒന്നാമത്തെ ഗുഹ, ഒരു ബുദ്ധ വിഹാരമാണ്. ചെറിയ മുറി. ഇരുവശങ്ങളിലുമായുള്ള എട്ട് അറകള്‍ മാത്രമാണ് ഇതിനകത്തെ അലങ്കാരം. രണ്ടാമത്തേത് ഒരു പ്രാ ര്‍ത്ഥനാലയമാണ്. കൂറ്റന്‍ തൂണുകളും ഇരിക്കുന്ന ബുദ്ധന്റെ ശില്പവുമാണ് ഇതിലെ ആകര്‍ഷണം.

ഇത്തരത്തിലുള്ള വിഹാരങ്ങളോ പ്രാര്‍ത്ഥനാലയങ്ങളോ (ചൈത്യഗൃഹം) ആണ് ഇവിടുത്തെ മിക്ക ഗുഹകളും. പലതും പണി പൂര്‍ത്തിയാകാത്തവ. കാലപ്പഴക്കത്താലും ഗുഹയ്ക്കകത്തെ വെളിച്ചക്കുറവിനാലും അകത്തെ ശില്പങ്ങളും കൊത്തുപണികളും തിരിച്ചറിയാന്‍ പ്രയാസമുണ്ട്. എങ്കിലും ധര്‍മ്മപ്രചാരകനായ ഗൗതമബുദ്ധന്റെ രൂപമാണ് പൊതുവായി എല്ലാറ്റിലും കാണാവുന്നത്.

പത്താം നമ്പര്‍ ഗുഹയിലേക്കു ചെല്ലുമ്പോള്‍, പുറത്ത് അഴിച്ചു വച്ച പാദരക്ഷകള്‍. അകത്ത് പ്രാര്‍ത്ഥന നടക്കുകയാണ്. ഗൈഡിനെപ്പോലെ തോന്നിച്ച ഒരാള്‍ ബുദ്ധസ്തുതി ചൊല്ലിക്കൊടുക്കുന്നു. വിദേശീയര്‍ ഉള്‍പ്പെട്ട സംഘം അതേറ്റു ചൊല്ലുന്നു. എല്ലോറയിലെ ഏറ്റവും മനോഹരമായ ചൈത്യഗൃഹമാണ് ഇത്. വിശ്വകര്‍മ്മാവിന്റെ ഗുഹ എന്ന പേരില്‍ ഇത് വിളിക്കപ്പെടുന്നതിനു കാരണം ഇതിന്റെ ശില്പപൂര്‍ണ്ണത തന്നെയാണ്. 81 അടി നീളവും 43 അടി വീതിയും 34 അടി ഉയരവുമുണ്ടിതിന്. ഒറ്റനോട്ടത്തില്‍ മരത്തില്‍ പണിതതെന്നു തോന്നിക്കുന്ന, അര്‍ദ്ധവൃത്താകൃതിയിലുള്ള മച്ച്. അതിന്റെ ഇരുവശങ്ങളിലും മനോഹരമായ ശില്പങ്ങള്‍. വലിയൊരു സ്തൂപത്തിനു മുന്നില്‍ 'ധര്‍മ്മചക്ര പ്രവര്‍ത്തനമുദ്ര'യില്‍ ഇരിക്കുന്ന ബുദ്ധന്‍.

എല്ലോറയിലെത്തുന്നതു വരെ, ചമ്രംപടിഞ്ഞ് ധ്യാനാവസ്ഥയില്‍ അല്ലെങ്കില്‍ അനുഗ്രഹാവസ്ഥയില്‍ ഇരിക്കുന്ന ശ്രീബുദ്ധനെ മാത്രമായിരുന്നു പരിചയം. എല്ലോറയിലും ആദ്യം കണ്ട ബുദ്ധശില്പങ്ങള്‍ അങ്ങനെ തന്നെയായിരുന്നു. ഇവിടെയിതാ, ഒരു സാധാരണക്കാരന്റെ മട്ടില്‍ കാലുകള്‍ താഴ്ത്തിയിട്ടിരിക്കുകയാണദ്ദേഹം! തലയ്ക്കു ചുറ്റും പ്രകാശവലയമില്ല. മുഖത്ത് താന്‍ ദൈവമാണെന്ന ഭാവവുമില്ല. ഒരു ഗുരുവിന്റെ, ജ്ഞാനിയുടെ ശ്രദ്ധയും കരുണയും മാത്രം.

ഗുരുവില്‍ നിന്ന് ദൈവത്തിലേക്കുള്ള ദൂരം ഏതാനും ചുവടുകള്‍ മാത്രമാണെന്നു പറയേണ്ടി വരും, എല്ലോറ സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക്. ഗുരുവും ധര്‍മ്മപ്രചാരകനുമായ ബുദ്ധന്‍ ദൈവമായി പരിവര്‍ത്തനപ്പെടുന്നത്, തെക്കു നിന്നും വടക്കോട്ട് ഗുഹകളിലൂടെ കയറിയിറങ്ങുമ്പോള്‍ വ്യക്തമാകും.

ബുദ്ധനില്‍ നിന്നും ഹൈന്ദവ ദൈവങ്ങളിലേക്ക്, പ്രത്യേകിച്ച് ശിവനിലേക്കുള്ള മാറ്റമാണ് തുടര്‍ന്നുള്ള ഗുഹകളില്‍ പ്രകടമാവുക. രാഷ്ട്രകൂട രാജാക്കന്മാരുടെ ഭരണകാലത്താണ് ഇവയുടെ നിര്‍മ്മാണം. വ്യത്യസ്ത മതവിശ്വാസങ്ങളെ ഒരേ ചുമരില്‍ ആലേഖനം ചെയ്യാനുള്ള ഹൃദയൈക്യം അന്നത്തെ സമൂഹത്തിനുണ്ടായിരുന്നു എന്നു വ്യക്തം.

14-ാമത്തെ ഗുഹയിലാണ് ആദ്യമായി ശിവലിംഗ പ്രതിഷ്ഠ കാണാനാവുക. മഹിഷാസുര മര്‍ദ്ദിനി, നടരാജന്‍, ഗജസംഹാരമൂര്‍ത്തി, ദുര്‍ഗ്ഗ, വരാഹമൂര്‍ത്തി, വിഷ്ണു, ലക്ഷ്മി തുടങ്ങിയവരുടെ ശില്പങ്ങളും ഇവിടെ കാണാം. തൊട്ടടുത്ത ഗുഹയുടെ താഴത്തെ നിലയിലെ ശില്പങ്ങള്‍ ഹൈന്ദവമാണെങ്കില്‍, മുകള്‍ നിലയിലുള്ളവ ബുദ്ധമതവുമായി ബന്ധപ്പെട്ടവയാണ്.


++++++++++

എല്ലോറയിലെ ഏറ്റവും വലിയ ശില്പവിസ്മയമാണ് 16-ാമത്തെ ഗുഹ. കലയും കണക്കും കരവിരുതും ചേര്‍ന്നു രചിച്ച കവിത! ഇന്ത്യയിലെ, ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏകശിലാശില്പമാണിത്. കൂറ്റന്‍ മലമ്പാറ താഴേക്ക് വെട്ടിയിറക്കി നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രശില്പം. 276 അടി നീളവും 154 അടി വീതിയുമുണ്ട് കൈലാസനാഥ ക്ഷേത്രത്തിന്. ഉയരം 107 അടി. രണ്ടു നിലകളുള്ള പ്രവേശന ഗോപുരം കടന്ന് വിശാലമായ ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിക്കുമ്പോള്‍, ഇരുവശങ്ങളിലായി നില്‍ക്കുന്ന ഗജവീരന്മാരും കൂറ്റന്‍ സ്തൂപങ്ങളുമാണ് എതിരേല്ക്കുക. കാലപ്പഴക്കത്താലാവണം ഗജരാജശില്പങ്ങള്‍ക്ക് അംഗഭംഗം സംഭവിച്ചിട്ടുണ്ട്്. രണ്ടു നിലയുള്ള മുഖമണ്ഡപത്തിനു പിന്നിലാണ് ക്ഷേത്രം. ചെറുതും വലുതുമായ ശില്പങ്ങളാല്‍ അലങ്കൃതമാണിവ. ചുറ്റും മൂന്നുനില മട്ടുപ്പാവ്. അജന്തയെ അപേക്ഷിച്ച് ചുമര്‍ചിത്രങ്ങള്‍ തീരെ കുറവാണ് എല്ലോറയില്‍. ഉണ്ടായിരുന്നതു തന്നെ മിക്കതും നശിച്ചു പോയി.

ബ്രാഹ്മണഗുഹകളില്‍ കൈലാസക്ഷേത്രം കഴിഞ്ഞാല്‍ പരാമര്‍ശിക്കേണ്ടവ 21-ഉം 29-ഉം ആണ്. ജൈനഗുഹകളില്‍ ഇന്ദ്രസഭയെന്നു വിളിക്കുന്ന 32-ാമത്തെ ഗുഹയുടെ മുകള്‍ നില കൊത്തുപണികളാല്‍ സമൃദ്ധമാണ്. ശിവന്റെ തിരുമുടിയില്‍ നിന്ന് ഗംഗ ഉത്ഭവിക്കുന്നതു പോലെ, 29-ാമത്തെ ഗുഹയുടെ സമീപത്തായി മലയുടെ മുകളില്‍ നിന്നും താഴേക്ക് ജലം പ്രവഹിക്കുന്നു. മഴക്കാലത്ത് ഈ ജലപ്രവാഹം അതിഗംഭീരമായൊരു കാഴ്ച തന്നെയാണ്.

പുറത്ത് ശരീരം വാട്ടുന്ന ചൂടാണെങ്കിലും ഗുഹകള്‍ക്കുള്ളില്‍ സുഖമായൊന്നു കിടന്നുറങ്ങാന്‍ കൊതിപ്പിക്കുന്ന ഇളംതണുപ്പ്. മിക്ക ഗുഹകളിലും വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന കുഴികള്‍.

മടക്കയാത്രയ്ക്കായി കാറിനടുത്തേക്കു നടക്കുമ്പോള്‍, ഞാന്‍ ഞാനെന്ന സകല ഭാരങ്ങളുമൊഴിഞ്ഞ് മനസ്സിന് വല്ലാത്തൊരു സുഖം, ലാഘവത്വം. ഗുഹകളും അവയുടെ പശ്ചാത്തലവുമടങ്ങുന്ന പ്രകൃതിയുടെ സമഗ്രമായൊരു കാഴ്ച സാദ്ധ്യമായില്ലല്ലോ എന്ന ഖേദം മാത്രം ബാക്കി. കാറിലിരുന്ന് കണ്ണടച്ചപ്പോള്‍, ബോധനിലാവ് തെളിയുന്നു. ബുദ്ധന്റെ കരുണ വഴിയുന്ന മൃദുമന്ദഹാസം. പതിഞ്ഞ താളത്തില്‍, കരിങ്കല്ലില്‍ ഉളികള്‍ കൊത്തുന്ന സംഗീതം ഉയരാന്‍ തുടങ്ങി...

Travel Info

Ellora

Built in the period between 5th century and 10th century AD, these caves were declared as one of the World Heritage Sites by UNESCO. The total number of caves at Ellora is 34 and they represent the three different religions of the world - Hinduism, Buddhism and Jainism. Ellora, with its uninterrupted sequence of monuments, brings the civilization of ancient India to life. Not only is the Ellora complex a unique artistic creation and a technological exploit and it illustrates the spirit of tolerance that was characteristic of ancient India.
Location: State-Maharashtra. City- Aurangabad. Village-Sinne
How to Reach
By Air:
Aurangabad (38 kms). Daily Flights from Mumbai and Delhi.
By Rail: Aurangabad (30 kms).
By Road: from Mumbai via Nashik (356 kms), Pune (259 kms).
Useful Info
Cave timing: 6 a.m. to 6 p.m. Cave remains closed on Tuesday.
Cave charges: Indians above 15 yrs: Rs 10 per head. Below 15 yrs: free of charge. Foreigners 10 US dollar.
Contact
Maharashtra Tourism Development Corporation Regional Office: Holiday Resort, Station Road, Aurangabad-431 001.
Tel: (0240) 2343169
Telefax: 2331198, 2334259
Tol Free: 1800-233-5050
Stay at Aurangabad (29 km).
Hotel Rama Internatonal,
Hotel President Park, 6603030. 0240-6634141.
Hotel Adithi 0240-2482953

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ഒന്നും 34-ഉം ഗുഹകള്‍ തമ്മില്‍ രണ്ടു കിലോ മീറ്റര്‍ ദൂരമേയുള്ളൂ. കാഴ്ചകള്‍ കണ്ട് ഒന്നില്‍ നിന്നും അടുത്തതിലേക്ക് സുന്ദരമായി നടന്നു പോകാവുന്നതേയുള്ളൂ. അതുകൊണ്ട്, ആരോഗ്യം അനുവദിക്കുമെങ്കില്‍ ഓട്ടോക്കാരെ ആശ്രയിക്കാതിരിക്കുക. വെയില്‍ കൊള്ളാന്‍ വിഷമമുണ്ടെങ്കില്‍ ഒരു കുട കരുതിക്കോളൂ. വെള്ളം, ടോര്‍ച്ച് എന്നിവയും അഭികാമ്യം. യാത്ര മാര്‍ച്ചിനു മുമ്പാകുന്നതാണു നല്ലത്.

Map