വിനോദസഞ്ചാരം സൗകര്യങ്ങളൊരുക്കുന്നതിനു മുന്‍പ്
ഈ അചുംബിതസൗന്ദര്യം നുകരാം.
അസൗകര്യങ്ങളും സൗകര്യമായി കരുതുന്ന യാത്രികര്‍ക്കായി
മേഘമല കാത്തിരിക്കുന്നു.


പോവേണ്ടത് മേഘമലയിലേക്കാണ്. കോട്ടയത്ത് തീവണ്ടിയിറങ്ങുമ്പോള്‍ രാത്രി ഒരുമണി. കുമിളിയാണ് അടുത്ത ലക്ഷ്യം. പാതിരാത്രിയിലും കോട്ടയത്തുനിന്നു കുമിളിക്ക്് ബസുണ്ട്. കുമിളി തേക്കടിയിലേക്ക് മാത്രമല്ല കമ്പം തേനി വഴി തമിഴ്‌നാട്ടിലേക്കുമുള്ള കവാടമാണ്. മുല്ലപെരിയാര്‍ വിവാദജലം ഒഴുകുന്ന വഴിയും ഇതുതന്നെ. പുലര്‍ച്ചെ അഞ്ചുമണിക്കാണ് കുമിളിപട്ടണത്തിലെത്തുന്നത്. കട്ടന്‍കാപ്പിയിലലിയുന്ന ചെറിയകുളിര്. ചെക്‌പോസ്റ്റിനപ്പുറം തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ്സുകള്‍ കാത്തിരിപ്പുണ്ടായിരുന്നു. പക്ഷെ ഒന്നും പുറപ്പെടാറായിട്ടില്ല. അപ്പോഴാണൊരു കേരളാജീപ്പ് വരുന്നത്. തോട്ടംതൊഴിലാളികളെ കൊണ്ടുവരാനായി ഉത്തമപാളയത്തേക്ക് പോകുന്ന വണ്ടി. കൂടെ വന്നോളാന്‍ ഡ്രൈവര്‍ പറഞ്ഞപ്പോള്‍ സന്തോഷമായി. കമ്പത്തിറങ്ങാം.അവിടെ നിന്ന്് ചിന്നമണ്ണൂരിലേക്ക് പോകാം. ചിന്നമണ്ണൂരാണ് മേഘമലയിലേക്കുള്ള യാത്രയുടെ അടിവാരം.
കമ്പത്തിറങ്ങിയതും തമിഴ്‌നാടന്‍ ശകടം വന്നു. പുത്തന്‍ബസ്. രണ്ട് ടി.വി സ്‌ക്രീനിലായി വിജയകാന്ത് തിരശ്ശീല തകര്‍ക്കുന്നു. എഴുത്തുകാരന്‍ ജയമോഹന്റെ അനുഭവമാണ് ഓര്‍ത്തുപോയത്. തമിഴ് നാട്ടിലെ ബസ് യാത്രയില്‍ സഹിക്കാന്‍ വയ്യാത്തത് ടി.വിയിലെ സിനിമാപ്രദര്‍ശനങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. അതും കയറുന്ന ബസ്സിലെല്ലാം ചിമ്പു ചിത്രങ്ങള്‍. അങ്ങിനെ അദ്ദേഹത്തിന് 'മന്‍മഥന്‍' ഒമ്പതുപ്രാവശ്യം കാണേണ്ടിവന്നു. ശേഷം ഒരിക്കല്‍ ബസില്‍ ചിമ്പുവിന്റെ 'മന്‍മഥനാ'ണെന്നു കണ്ട് ഇറങ്ങി അടുത്ത ബസില്‍ പോകാമെന്നു വെച്ചു. ആ ബസ്സില്‍ കയറിയപ്പോഴുണ്ട് ചിമ്പുവിന്റെ 'കാള'. ഒടുക്കം കാശുപോയാലും വേണ്ടില്ലെന്ന് കരുതി കാറു വിളിച്ചുപോയി.
എതായാലും സിനിമ ഒരു തീര്‍പ്പിലെത്തുന്നതിനു മുന്‍പ് തന്നെ ഇറങ്ങാനിടമായി. ചിന്നമണ്ണൂര്‍-ഒരു നഗരസഭാടൗണ്‍. അതിരാവിലെയായതുകൊണ്ടാവാം നഗരം തിരക്കിലേക്കമര്‍ന്നിട്ടില്ല. മേഘമലയിലേക്കുള്ള ആദ്യബസ് നാലുമണിക്ക് പോയി. അടുത്തബസ് 7.30നും പത്തിനും ഇടയില്‍ എപ്പോ വേണമെങ്കിലും വരാം. പോകാം. ഒരുറപ്പുമില്ല ഒന്നിനും. കാരണം വഴി അങ്ങിനെയുള്ളതാണ്. ചുരമിറങ്ങി വന്നാലല്ലെ ബസ് തിരിച്ചുപോകൂ.
പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം ഞങ്ങളും ബസ്സ്റ്റാന്‍ഡിലെ കാത്തിരിപ്പുകാര്‍ക്കിടയിലൊരാളായി. ഒരോരുത്തരായി വന്നുകൊണ്ടിരിക്കുന്നു. ഒരു കുടുംബം വന്നിറങ്ങിയത് പെട്ടിഓട്ടോയില്‍. മുരിങ്ങാക്കാമുതല്‍ മണ്ണെണ്ണവരെ കൂടെയുണ്ട്. ബൈക്കിന്റെ ഇത്തിരിനീളത്തില്‍ ഒരു കുടുംബത്തെ മുഴുവന്‍ കൊള്ളിച്ച് മറ്റൊരാളെത്തി. കുടുംബത്തെ സ്റ്റാന്‍ഡിലിറക്കി ലഗേജ് കൊണ്ടുവരാനായി അയാള്‍ തിരിച്ചുപോയി. യാത്രക്കാരെല്ലാം പരസ്പരം പരിചിതര്‍. അവര്‍ക്ക്് വിശേഷങ്ങള്‍ കൈമാറാനുണ്ട്. അപരിചിതരായ ഞങ്ങളേയും കൂട്ടത്തില്‍ കൂട്ടി. മലയാളം കുറച്ചു കുറച്ചറിയുന്നവരും പാതി മലയാളികളും കൂട്ടത്തിലുണ്ട്. മിക്കവരുടെയും കയ്യില്‍ കോഴിമുട്ട മുതല്‍ പച്ചക്കറി വരെയുള്ള പലവ്യഞ്ജനങ്ങളെല്ലാമുണ്ട്. ആശ്വാസം, ശകടം മുടങ്ങിയാലും ശാപ്പാട് മുട്ടില്ലല്ലോ!
ഒമ്പതുമണിയായപ്പോഴുണ്ട് റിസര്‍വ്വേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥന്‍ തന്റെ ടി.വി.എസ് മോപ്പെഡില്‍ എത്തുന്നു. മോപ്പെഡിനെ സമ്മതിക്കണം. എന്തും താങ്ങിക്കൊള്ളും. ആളെ കണ്ടപ്പോഴേക്കും കൗണ്ടറിനുമുന്നില്‍ ക്യൂ രൂപപ്പെട്ടു കഴിഞ്ഞു. നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ വീട്ടിലെങ്ങാനും അടങ്ങിയിരുന്നാല്‍ പോരേ എന്ന മട്ടി—ലാണ് വില്ലന്‍ഭാവം സ്ഥായിയായി കൊണ്ടു നടക്കുന്ന ഈ സര്‍വ്വാധികാരി! 3 രൂപയാണ് റിസര്‍വ്വേഷന്. കൃത്യമായി ചില്ലറകൊടുത്താല്‍ നല്ലത്. അല്ലെങ്കില്‍ ബാക്കി കിട്ടിയില്ലെന്നു വരും. ഒരാട്ട് കിട്ടിയെന്നുമിരിക്കും. പത്തുരൂപകൊടുത്തിട്ട് ആറുരൂപ കഴിച്ച നാലുരൂപ ചോദിച്ചാല്‍ പോടേ പോടേ എന്നാണ് മറുപടി. ഇവിടെ ചോദിക്കാനും പറയാനൊന്നും ആരുമില്ലെന്നു തോന്നുന്നു. ചിലര്‍ വഴക്കിടുന്നുണ്ടെങ്കിലും ഞാനിതെത്ര കേട്ടിരിക്കുന്നു എന്ന ഭാവം. കോടികള്‍ കോഴ വാങ്ങുന്ന രാജമാര്‍ക്കിടയില്‍ ഒരു രണ്ടുരൂപ ഞാനുമുണ്ടാക്കട്ടെടേ എന്ന മട്ടില്‍ ഒരു ചിറികോട്ടലില്‍ അയാള്‍ എല്ലാവരേയും ഒതുക്കുന്നു.
++++++++++

പത്തുമണിയാവാറായപ്പോഴാണ് ബസ് വന്നത്. ഉപ്പുകര്‍പ്പൂരാദികളും സഞ്ചാരികളും ബസിലിടം പിടിച്ചു. കണ്ടക്ടര്‍ വിസിലടിച്ചു. ബസ് ചിന്നമണ്ണൂര്‍ നഗരത്തിലേക്ക്. അവിടെ നിന്ന് മേഘമലയിലേക്കുള്ള തപാലുകള്‍ കയറാനുണ്ട്. ആളില്ലാതെ ചിലസാധനങ്ങള്‍ മാത്രവും ബസിലെത്തുന്നുണ്ട്. മേഘമലയിലെ കടയിലേക്കും ബന്ധുക്കള്‍ക്കും കൊടുത്തു വിടുന്നവയാണിവ. എല്ലാം ഡ്രൈവര്‍ തന്നെ നേരിട്ട് വാങ്ങിവെക്കുന്നു. മലമുകളിലെ മേഘഗ്രാമത്തിലെ ദൂതര്‍ കൂടിയാണ് ഡ്രൈവറും കണ്ടക്ടറും...തമിഴില്‍ പറഞ്ഞാല്‍ ഓട്ടുണരും നടത്തുണരും. എല്ലാം അടുക്കിപെറുക്കി വെച്ചപ്പോഴേക്കും അടുത്ത വിസില്‍. ബസ് മുന്നോട്ട്.
ഇനി മലമ്പാതയാണ്. ചുരം തുടങ്ങുന്നിടത്തെ മുരുകന്‍ കോവിലില്‍ എത്തിയപ്പോഴേക്കും കണ്ടക്ടര്‍ക്ക് ഫോണ്‍ വന്നു. യാത്രക്കാരികളിലൊരാളെ ഇറക്കി തിരിച്ചയക്കണം. വീട്ടിലെന്തോ അത്യാവശ്യം വന്നപ്പോ ഭര്‍ത്താവ് കണ്ടക്ടറെ വിളിച്ചതാണ്. കുമാരി ബസ്സിറങ്ങി. തിരിച്ചുപോകാനായി എതിര്‍വശത്തേക്ക്് നടന്നു.
മുരുകന്‍ ക്ഷേത്രത്തിലെ പൂജാരിണി വന്ന് ബസ്സിനു ചുറ്റും ആരതി ഉഴിഞ്ഞു. മണിയടിച്ച് ചുറ്റും നടന്നു. യാത്രക്കാര്‍ക്ക് ഭസ്മം കൊടുത്ത് ദക്ഷിണ വാങ്ങി. കടന്നുപോകാനുള്ള ദുര്‍ഘടപാതയോര്‍ക്കുമ്പോള്‍ നാരായണവിചാരം നല്ലതു തന്നെ. വീതി കുറഞ്ഞ മലമ്പാത, പൊട്ടിപൊളിഞ്ഞ റോഡ്. എതിരെ വാഹനം വന്നാല്‍ റിവേഴ്‌സും ഫോര്‍വേഡു—മെടുത്ത് ഡ്രൈവര്‍മാര്‍ കുഴയും. വാഹനങ്ങള്‍ അധികമില്ലെന്നതൊരാശ്വാസം. പതിനെട്ടു മുടിപിന്‍ വളവുകളാണ് കയറാനുള്ളത്. ആദ്യവളവായി-പേര്-കുറിഞ്ഞിപൂവ്. ഹെയര്‍പിന്‍ വളവുകള്‍ക്ക് പേരോ?.. പാതയുടെ ലക്ഷണം കണ്ടാല്‍ കല്ലിന്റെയോ കള്ളിമുള്ളിന്റെയോ പേരാണിടേണ്ടെതെന്ന് തോന്നുമെങ്കിലും ഇട്ടിരിക്കുന്നത് പൂക്കളുടെ പേര്. തമിഴ്‌നാടന്‍ പൊതുമരാമത്ത്് വകുപ്പിന്റെ ഭാവനയ്ക്ക് നമോവാകം! മുല്ല, മരുത, വെച്ചി, വഞ്ചി, തുമ്പ, വാക, കാന്ത, മകാഴം, താഴംപൂ, പിച്ചി, കൂവളം, അണിച്ചം, ഇരുവാച്ചി, കൊണ്‍റൈ, വേങ്കൈ, മല്ലിക, താമരപ്പൂവളവുകള്‍ താണ്ടി, മണലാര്‍ഡാമും പിന്നിട്ട് മേഘമലയിലെത്തുമ്പോള്‍ ഉച്ച. ഞങ്ങള്‍ക്കിറങ്ങേണ്ടത് ഹൈവേവിസ് എന്ന അടുത്ത സ്‌റ്റോപ്പിലാണ്. അവിടെയാണ് പഞ്ചായത്താസ്ഥാനവും താമസസൗകര്യവും.
ഹൈവേവിസ് പഞ്ചായത്ത് ഓഫീസില്‍ തിരക്കായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലാണ് തമിഴകം. സ്ഥാനാര്‍ഥിമോഹികളാണ് ഓഫീസില്‍ നിറയെ. പത്ത് മുറികളുള്ള ഈ പഞ്ചായത്ത് അതിഥി മന്ദിരമാണ് ഇവിടെ താമസിക്കാനുള്ള ആശ്രയം. ദിവസം 750 രൂപ വാടക. തൊട്ടടുത്തുള്ള മുരുകന്റെയോ സെന്തിലിന്റെയോ കടയില്‍ മുന്‍കൂട്ടി പറഞ്ഞാല്‍ ഭക്ഷണം ഒരുക്കിതരും. അല്ലെങ്കില്‍ പിന്നെ എസ്റ്റേറ്റ് ബംഗഌവുകള്‍ നോക്കണം. കഌഡ്മൗണ്ടന്‍, റിവര്‍സൈഡ് എന്നിങ്ങനെ രണ്ട് എസ്‌റ്റേറ്റ് ബംഗഌവുകളാണ് ഇവിടെയുള്ളത്.. അതിന് 6000 രൂപയാവും. സാധാരണക്കാര്‍ക്ക് പഞ്ചായത്ത് തന്നെ ഗതി.
അന്ന് അതിഥികളായി ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മേഘമലയുടെ പ്രത്യേകതയും അതുതന്നെ. വിനോദസഞ്ചാരികള്‍ കുറവാണ്. എങ്ങും ശാന്തത, മൂന്നാറിലെ പോലെ കുളിരില്‍ മുങ്ങിയ കുന്നുകള്‍. കൊടിയ വേനലിലും കുളിരിളം കാറ്റ്, ചീറിപായുന്ന വാഹനങ്ങളോ ഓട്ടോറിക്ഷകളോ ഒന്നുമില്ല. തേയിലത്തോട്ടങ്ങളുടെ ഹരിതമലകള്‍ക്കു മീതെ മേഘം കൂടുകൂട്ടുന്ന സുന്ദരനിമിഷങ്ങള്‍ക്ക് സാക്ഷിയാവാം. പച്ചപ്പ് കൈക്കുടന്നയിലേന്തിയ നീലജലാശയത്തില്‍ മുഖം നോക്കാനെത്തുന്ന മഞ്ഞുമേഘങ്ങളുടെ സൗന്ദര്യം നുകരാം. വെറുതെ നടക്കാം. ചെറിയ വെള്ളച്ചാട്ടങ്ങളില്‍ കുളിക്കാം. ആനക്കൂട്ടത്തേയോ കാട്ടുപോത്തില്‍ കൂട്ടത്തേയോ കാണാം. പക്ഷികളുടെ പാട്ടും ശലഭങ്ങളുടെ നൃത്തവും അപൂര്‍വ്വയിനം പൂക്കളുടെ നിറവും മണവുമറിയാം. തേയിലത്തോട്ടങ്ങളിലെ തൊഴിലാളി ജീവിതം നേരില്‍ കാണാം.
പഞ്ചായത്ത് ഗസ്റ്റ് ഹൗസിലെ മുറിയില്‍ നിന്നു തന്നെ പുറംകാഴ്ച ചേതോഹരമാണ്. തേയിലത്തോട്ടത്തിനു നടുവിലെ ജലാശയം. പ്രഭാതത്തില്‍ മഞ്ഞിന്‍കണങ്ങളിലൂടെ അരിച്ചിറങ്ങുന്ന കിരണാവലികള്‍. ശാന്തമായി കിടക്കുന്ന ജലപ്പരപ്പില്‍ നിന്ന് പുകയായി പൊങ്ങുന്ന മഞ്ഞലകള്‍. ഉച്ചയാവുമ്പോള്‍ തടാകത്തില്‍ തേയിലമലകള്‍ തീര്‍ക്കുന്ന പച്ചപ്പിന്റെ കുഞ്ഞലകള്‍. മണ്ണില്‍ മലനിരകളുടെ നിമ്‌നോന്നതങ്ങള്‍ മേഘരൂപങ്ങള്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ വിണ്ണില്‍ മുകിലുകള്‍ മാമലകള്‍ തീര്‍ക്കുന്നു. ആരോ കണ്ടറിഞ്ഞിട്ട പേരുതന്നെ ഈ ദേശത്തിന്.
സാന്ധ്യസൂര്യശോഭയില്‍ തേയിലത്തളിരുകള്‍ കനകകാന്തി അണിയുന്നു. ചായേത്താട്ടത്തിലെ സായാഹ്ന സവാരിക്കിടയിലാണ് ദൂരെ കുന്നിന്‍മുകളില്‍ മേയുന്ന കാട്ടുപോത്തിന്‍ കൂട്ടത്തെ കണ്ടത്. അവയെ സൂം ചെയ്തടുപ്പിച്ച് ക്യാമറയിലാക്കി.
പിറ്റേന്നാണ് മഹാരാജമേട്ടിലേക്ക് പോയത്. തേയിലപച്ചയ്ക്കപ്പുറം മലകയറിയാല്‍ താഴെ ഗ്രാമങ്ങളുടെ ആകാശകാഴ്ച. താഴെ കമ്പം ചിന്നമണ്ണൂര്‍ ഗ്രാമവും മലകളും ചെറിയകാടുകളും തേക്കടി ജലാശയവും. ബൈനോക്കുലര്‍ ഉണ്ടെങ്കില്‍ മംഗളാദേവി ക്ഷേത്രവും കാണാന്‍ പറ്റും. മേഘം താണിറങ്ങി വരുന്ന നിമിഷങ്ങളില്‍ ചുറ്റും ഒരു പാല്‍ക്കടല്‍ അലയിളക്കിയെത്തും.
ഞങ്ങള്‍ അങ്ങോട്ട് കയറുമ്പോള്‍ ഒരാള്‍ ആരോടോ ഫോണില്‍ ചൂടായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ കേരളാടവറില്‍ നിന്നാണ് പേശുന്നതെന്നും അയാള്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ഇവിടെ റേഞ്ച് കുറവാണ്. തമിഴ്‌നാടും കേരളവും അതിര്‍ത്തി പങ്കുവെക്കുപോലെ തന്നെ മൊബൈല്‍ കമ്പനികളും റേഞ്ച് പങ്കുവെക്കുന്നു. കാറ്റിന്റെ ഗതിയില്‍ അവ നിമിഷങ്ങള്‍ കൊണ്ട് മാറിമറിയുന്നു.
മഹാരാജാമേട് എന്ന പേരുവന്നതിനു പിന്നില്‍ എന്തെങ്കിലും രാജബന്ധമുണ്ടോ എന്നന്വേഷിച്ചു. ഇല്ല. അതിനു മുകളിലൊരു മഹാരാജയമ്മന്‍ കോവിലുണ്ട്. മലമുകളില്‍, ആകാശം ശ്രീകോവിലാക്കിയൊരു പ്രതിഷ്ഠ. തൊട്ടടുത്തു തന്നെ തമിഴ്‌നാട് പോലീസ് വകുപ്പിന്റെ വയര്‍ലസ് റിപ്പീറ്റ് സ്റ്റേഷന്‍. ഇവിടെ നിന്നും അല്‍പ്പം മാറിയാണ് ഇരവങ്കലാര്‍ ഡാം. അവിടെ നിന്നാണ് വൈദ്യുതി ഉത്പാദിക്കുന്നത്. അതിനും മേലെ കേരളാ വനം വകുപ്പിന്റെ കാവല്‍ നിലയവും ഉണ്ട്. പെരിയാര്‍ കടുവാസംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമാണ് ഇവിടുത്തെ വനം. എല്ലാതരം മൃഗങ്ങളും ഈ കാട്ടിലുണ്ട്. അപ്പര്‍ മണലാറാണ് മറ്റൊരു ബ്യൂട്ടിസ്‌പോട്ട്. തേയിലത്തോട്ടങ്ങളും ജലാശയവും ചേര്‍ന്നൊരുക്കുന്ന സൗന്ദര്യം തന്നെ ഇവിടെയും. വെള്ളിമല കാടിനു നടുവില്‍ തുറന്നുകിടക്കുന്ന വിശാലമായൊരു പാറയാണ്. ഇവിടെയും മൃഗങ്ങളെ കാണാം. വൈഗൈനദി പിറക്കുന്നതും ഇവിടെ നിന്നാണ്.

++++++++++

മേഘമലയില്‍ നിന്ന് ഇരവങ്കലാറിലേക്കുളള യാത്രയാണ് കൂടുതല്‍ ദുഷ്‌കരം. റോഡിന്റെ സ്ഥിതി ദയനീയം. തേയിലകമ്പനികളുടെ സ്വന്തം റോഡായിരുന്നു ഇത്. ഈ അടുത്തകാലത്താണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അതും പൂര്‍ണമായിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാവുകയും റോഡ് നന്നാവുകയും സഞ്ചാരികള്‍ കൂട്ടത്തോടെ വരാന്‍ തുടങ്ങുകയും ചെയ്യുന്ന കാലം വിദൂരമായിരിക്കില്ല. കാരണം തേയിലകൊണ്ട് മാത്രം ജീവിക്കാനാവില്ലെന്നും വിനോദസഞ്ചാരം കൂടുതല്‍ പണം തരുമെന്നും കരുതുന്ന തലമുറ ഇവിടെ വളര്‍ന്നു തുടങ്ങിയിരിക്കുന്നു. എസ്റ്റേ്റ്റ്് ടൂറിസം തലപൊക്കിയിരിക്കുന്നു. ഈ അചുംബിത സൗന്ദര്യം അങ്ങിനെയെങ്കില്‍ പഴംകഥയാവും. മൃഗങ്ങള്‍ ചിലപ്പോള്‍ സ്ഥലം വിടും. പരിസ്ഥിതി സൗഹൃദത്തിലധിഷ്ഠിതമായ വിനോദസഞ്ചാരം വളര്‍ന്നു വന്നാല്‍ ഭാഗ്യം. ഇപ്പോള്‍ തന്നെ ഇവിടെ തേയിലയില്‍ തളിക്കുന്ന കീടനാശിനികള്‍ കണ്ടാല്‍ ജീവിതത്തില്‍ ചായയേ കുടിക്കേണ്ടെന്നു തോന്നി പോകും.
ഹൈവേവിസിനടുത്താണ് തൂവാനം ഡാം. താമസിക്കുന്ന അതിഥി മന്ദിരത്തിന്റെ പിന്നിലുള്ള കുന്നു കയറിയാല്‍ ഈ അതിശയകാഴ്ചയാണ്. തേയിലത്തോട്ടങ്ങളുടെ നടുവില്‍ നിറഞ്ഞു നില്‍ക്കുന്ന ജലാശയം. പച്ചപുതച്ച രണ്ട് കുന്നുകളെ ബന്ധിപ്പിക്കുന്ന ഡാം. ഡാമിനപ്പുറം വിശാലമായ താഴ്‌വരയും കൃഷിയിടങ്ങളും ഗ്രാമങ്ങളും-തൂവാനം പേരുപോലെ സുന്ദരമാണ്.
മേഘമലയിലേക്ക് മൂന്നു ബസ്സുകളാണുള്ളത്. ഒന്ന് രാവിലെ അഞ്ച് മണിക്ക് പോവും. രണ്ടാമത്തേത് എട്ടുമണിക്കും. മൂന്നാമത്തേത് ഉച്ചയ്ക്കും. തിരിച്ച് രാവിലെ ആറുമണി, ഉച്ചയ്‌ക്കൊരുമണി, മൂന്നുമണി. രണ്ടെണ്ണം സര്‍ക്കാര്‍ ബസ്സുകളും ഒരു സ്വകാര്യബസ്സും. സര്‍ക്കാര്‍ ബസുകള്‍ ഇരവങ്കലാറിലേക്കും സ്വകാര്യബസ് മഹാരാജമേട്ടിലേക്കുമാണ്. സമുദ്രനിരപ്പില്‍ നിന്ന് 1500 മുതല്‍ 5560 അടിവരെ ഉയരമുള്ള ഈ പ്രദേശത്ത് 6000 ഏക്കറിലായി തേയിലത്തോട്ടമുണ്ട്. വുഡ്ബ്രയര്‍ ഗ്രൂപ്പിന്റെ കയ്യിലാണ് തോട്ടം. കാപ്പി ഏലം തുടങ്ങിയ കൃഷികള്‍ വേറെയും.
തിരിച്ച് വരാന്‍ മൂന്നുമണിയുടെ ബസ്സാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്. അന്ന് ചൊവ്വാഴ്ചയായിരുന്നു. ചൊവ്വാഴ്ച ഈ ബസ്സ് മിക്കവാറും ലീവായിരിക്കുമെന്നും സെന്തില്‍ പറഞ്ഞു.''അയ്യോ പിന്നെ ഏത് ബസ്സിനു പോകും'' എന്നു ചോദിച്ചപ്പോള്‍ സെന്തില്‍ ഉടനെ കണ്ടക്ടറെ വിളിച്ചു. ''ഓ നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ഇന്നാ ബസ് വരുന്നുണ്ട്.'''' ഏതായാലും ഞങ്ങള്‍ ബസിനു കാത്തു നിന്നില്ല. നടക്കാന്‍ തുടങ്ങി. മേഘമലവരെ ഒരു ട്രക്കിങ്ങാവാം, വഴിക്ക് വല്ല ദൃശ്യവും കിട്ടിയാല്‍ ക്യാമറയിലുമാക്കാം. ബസ് വരുമ്പം കയറുകയും ചെയ്യാമല്ലോ എന്നു കരുതി. നടന്നു നടന്ന് മേഘമലയിലെത്തി.
റോഡില്‍ നിന്നു താഴോട്ട് നോക്കുമ്പോ കറുത്ത ദൃഢശരീരത്തില്‍ ചന്ദനമുണ്ടുടുത്തൊരു പ്രതിഷ്ഠാരൂപം. കയ്യിലൊരു വാളും കൂടെയൊരു പട്ടിയും. കറുപ്പാസ്വാമിയുടെ കോവിലാണത്. മേഘമലുടെ കാവല്‍ക്കാരനാണ് കറുപ്പാസ്വാമി. ഒരു ക്രിസ്ത്യന്‍ പള്ളിയും തേയിലത്തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സും പള്ളിക്കൂടവും തേയിലകമ്പനി വക കാന്റീനും ഒരു ദേവീക്ഷേത്രവുമായാല്‍ മേഘമലയുടെ ചിത്രം പൂര്‍ത്തിയാവും. ക്ഷേത്രത്തിന്റെ പടമെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ചിന്നംവിളി കേട്ടത്. ആന! മലമുകളില്‍ തട്ടിയത് പ്രതിധ്വനിച്ചു. മറുപടിയോ ഭയമോ എന്നറിയില്ല, എവിടെനിന്നൊക്കെയോ പട്ടികളും കുരയ്ക്കാന്‍ തുടങ്ങി. ''ഇന്നു രാത്രി എന്തായാലും ആനയിറങ്ങും. പേരയ്ക്കും വാഴപ്പഴവുമെല്ലാം അടിച്ചോണ്ട് പോവും. നാട്ടുകാരെ ആരേയും ഉപദ്രവിക്കാറില്ല.'' എസ്‌റ്റേറ്റിലെ തൊഴിലാളിയായ രാജഗോപാല്‍ പറഞ്ഞു. ''ഇതിനപ്പുറത്തെല്ലാം മലയാളത്താന്‍മാരുടെ എസ്റ്റേറ്റുകളാണ്. നിങ്ങളുടെ നാട്ടിലെ മന്ത്രിമാരുടെ ബിനാമി എസ്റ്റേറ്റുകളൊക്കെ ഇവിടെയുണ്ടെന്നു കേള്‍ക്കുന്നു.'' അയാള്‍ കൂട്ടിചേര്‍ത്തു.
ചിന്നംവിളിയും പട്ടികുരയും തീര്‍ത്ത അലയൊലികള്‍ക്കിടയില്‍ വളവുകള്‍ക്കപ്പുറത്തു നിന്ന് ബസ്സിന്റെ ഹോണും കേട്ടു തുടങ്ങി. ക്യാമറ ബാഗിലാക്കി ഞങ്ങള്‍ കാത്തിരുന്നു. നിറഞ്ഞാണ് ബസ് വന്നത്. പക്ഷെ ഡ്രൈവര്‍ ഞങ്ങള്‍ക്ക് പ്രത്യേക പരിഗണന തന്നു. എഞ്ചിന്‍ ബോക്‌സിലിരിക്കാനുള്ള അനുവാദം. ചിലപ്പോള്‍ ബസിനുമുകളിലും യാത്രക്കാര്‍ ഇരിക്കാറുണ്ട്. ബസ് മുന്നോട്ട് നീങ്ങിയപ്പോ അരികിലെ ക്ഷേത്രത്തിന്റെ സമീപത്തു നിന്നും ഒരു കേഴമാന്‍ കുഞ്ഞ്. ഡ്രൈവറാണ് കാണിച്ചു തന്നത്. ക്യാമറയെടുക്കുമ്പോഴേക്കും അത് ഓടിപോയിരുന്നു. ''ഛെ'', ഞങ്ങളെ പോലെ തന്നെ അയാള്‍ക്കും നിരാശ. ''ക്യാമറ കയ്യില്‍ തന്നെ വെച്ചോ. വഴിക്ക് വല്ലതും തടഞ്ഞാലോ.'' അയാള്‍ പറഞ്ഞു. ക്യാമറ കയ്യിലുണ്ടായിരുന്നതു കൊണ്ടോ എന്തോ പിന്നീട് മൃഗങ്ങളെയൊന്നും കണ്ടില്ല.
ചുരമിറങ്ങി വേങ്കൈവളവിലെത്തിയപ്പോഴുണ്ട് ഒരു ലോറി ബ്രേക്ക്ഡൗണായി കിടക്കുന്നു.എതിരെ മെറ്റലും കൊണ്ടൊരു ലോറിയും. കുടുങ്ങി. ലോറിക്ക് പിന്നില്‍ മരത്തടിവെച്ച് ഡ്രൈവറും കഌനറുമെല്ലാം ഇറങ്ങി. ബസ്‌ഡ്രൈവറും ഇറങ്ങി. മുന്നോട്ടെടുക്കണോ? പിന്നോട്ടെടുക്കണോ? ആരാദ്യമെടുക്കും? അല്‍പ്പനേരത്തെ ചര്‍ച്ചയ്ക്ക് ശേഷം ചുരത്തിന്റെ വീതിയും ഭൂമിശാസ്ത്രവുമെല്ലാം അറിയുന്ന ബസ്‌ഡ്രൈവര്‍ തന്നെ പിന്നോട്ടെടുക്കാന്‍ തീരുമാനിച്ചു. അല്ലെങ്കിലും ചുരത്തില്‍, കയറിവരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നതാണല്ലോ മര്യാദ. പിന്നോട്ടെടുക്കുന്നത് അല്‍പം സാഹസികമായിരുന്നു. കുറേ യാത്രക്കാര്‍ ഇറങ്ങി. പേടിതോന്നിയതുകൊണ്ടാവാം സജിയും ഇറങ്ങാന്‍ തുനിഞ്ഞു. ഞാന്‍തടഞ്ഞു. ഞങ്ങളുടെ സംസാരം കേട്ടപ്പോ സീറ്റിലിരുന്ന അയ്യപ്പന്‍ നല്ല ശുദ്ധമലയാളത്തില്‍ ഇങ്ങിനെ പറഞ്ഞു. ''സാര്‍ 57 വര്‍ഷമായി ഈ റോഡ് വന്നിട്ട് ഇതുവരെ ഒരപകടവും ഉണ്ടായിട്ടില്ല. അതുകൊണ്ട് പേടിക്കണ്ട.'' അയ്യപ്പന്‍ നെടുംകണ്ടംകാരനാണ്. എസ്റ്റേറ്റിലെ പാചകക്കാരന്‍. ചെറുപ്പത്തിലേ ചുരം കയറിയെത്തിയതാണ്. ഭാര്യയ്ക്കും എസ്റ്റേറ്റിലാണ് ജോലി. തുച്ഛമായ കൂലിയും താണജീവിതനിലവാരവുമാണെങ്കിലും ഈ സുഖശീതള കാലാവസ്ഥ ശീലിച്ചുപോയതുകൊണ്ടാണ് പിടിച്ചു നില്‍ക്കുന്നതെന്നും അയാള്‍ പറയുന്നു. സംസാരം തീരും മുമ്പെ ചുരത്തിന്റെ അവസാനപാദത്തിലെ ചായക്കടയായി. അവിടെ ഒരാശ്വാസ ചായകുടിയുണ്ട്. എല്ലാ ബസുകളും ഇത് പാലിക്കുന്നു.
ശിഥിലപാതയിലെ എല്ലാ പുഷ്പവളവുകളും ഇറങ്ങി മുരുകന്‍ കോവിലിനു മുന്നിലെത്തിയപ്പോള്‍ വീണ്ടുമൊരു വാഹനപൂജ പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. ചുരം കയറിയിറങ്ങുവോളം മതിയല്ലോ നാരായണ...!