ചെന്നൈയില്‍ നിന്നും ഒന്നരമണിക്കൂര്‍ നേരത്തെ പറക്കലിനു ശേഷം ലാന്‍ഡിങ്ങിനായി വട്ടമിട്ടു നിന്നപ്പോള്‍ താഴെ നീലക്കടലിനു നടുവില്‍ പച്ചപ്പൊട്ടു പോലെ ഒരു ദൂരക്കാഴ്ച. ബഌ ലഗൂണ്‍. കടലിനു മധ്യേ ഹരിതാഭയാര്‍ന്ന നിറങ്ങള്‍ അങ്ങിങ്ങായി വാരിവിതറിയിട്ടതുപോലെ. കൊടും വനങ്ങളും പാറക്കെട്ടുകളും നിറഞ്ഞ 572 ദ്വീപുകള്‍. മുകളില്‍ നിന്നു നോക്കിയാല്‍ ശോ.. എന്തൊരു ഒടുക്കത്തെ ചാരുത. ഞങ്ങള്‍ കാത്തിരുന്ന ആന്‍ഡമാന്‍, നീലിമയാര്‍ന്ന നടുക്കടലിനു മധ്യേ വസന്തപൂരിതമായ അനുഗ്രഹ സമ്പന്നത, ഇതാ കണ്‍മുന്നില്‍.

മലബാര്‍ ലഹളയ്ക്ക് ശേഷം ബ്രിട്ടീഷുകാര്‍ മാപ്പിളമാരെ കയറ്റിവിട്ട സ്ഥലമായതിനാല്‍ അന്നു മുതല്‍ കേരളവുമായി അഭേദ്യബന്ധം പുലര്‍ത്തിയിരുന്ന, ചരിത്രകുതുകികള്‍ക്ക് എന്നും പഠനവിഷയവുമായ, ആന്‍ഡമാന്‍ പക്ഷെ ഇന്ന് ടൂറിസ്റ്റ് പറുദീസ എന്ന നിലയിലാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. സെല്ലുലാര്‍ ജയില്‍ മുതല്‍ ഓരോ മണ്ണിനും പറയാനുണ്ട് ഇവിടെ ഓരോ കഥകള്‍. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇന്നും കൊടുംവനങ്ങളില്‍ കാട്ടുമനുഷ്യര്‍ നഗ്നരായി കഴിയുമ്പോള്‍ മറ്റൊരു ഭാഗത്ത് ആഡംബരജീവിതം നയിക്കുന്നവര്‍. ഇതെന്ത് അന്തരമെന്നു തോന്നിപ്പോവും. 

 

ആന്‍ഡമാന്‍


 
ഇന്ത്യയ്ക്ക് വരദാനമായി എങ്ങിനെ കിട്ടി ഈ ദ്വീപുകള്‍ എന്നതൊക്കെ ചരിത്രത്തിലെ ഏടുകള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു വാലുപോലെ സ്ഥിതി ചെയ്യുന്ന പ്രശാന്തസുന്ദരമായ ഈ ദ്വീപുകള്‍ ബ്രിട്ടീഷുകാരുടെ ആഗമനത്തോടെയാണ് പുറംലോകമറിയുന്നത്. രണ്ടാംലോക മഹായുദ്ധകാലത്ത് ഇംഗഌഷ് പട്ടാളക്കാരെ കൊന്നൊടുക്കി കുറച്ചുകാലം ജപ്പാന്‍കാര്‍ ഇതു കയ്യടക്കി വെച്ചു. അവരെ തുരത്തി ബ്രിട്ടീഷ് പട അവകാശം തിരിച്ചുപിടിച്ചത് മറ്റൊരധ്യായം. ഒടുവില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയതോടെ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ ഇന്ത്യയുടെ വരുതിയിലായി. തന്ത്രപ്രധാനമായ ഈ കേന്ദ്രഭരണ പ്രദേശം അങ്ങിനെ സഞ്ചാരികളുടെ പറുദീസയായി. പത്തുവര്‍ഷത്തിനിടെ ദ്വീപുകള്‍ ഒരുപാട് മാറി.

ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നായി നിത്യേന പത്ത് വിമാനങ്ങള്‍ സഞ്ചാരികളുമായി ആന്‍ഡമാന്റെ ആസ്ഥാനമായ പോര്‍ട്ട്ബ്‌ളെയറില്‍ ഇറങ്ങും. ഇതു കൂടാതെ കപ്പലില്‍ വരുന്നവര്‍ വേറെ. അവര്‍ ദ്വീപസമൂഹങ്ങളിലൂടെ യാത്ര ചെയ്ത് മനം കവരുന്ന കാഴ്ചകള്‍ കണ്ട് അമ്പരക്കുന്നു. ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കൃത്യം ഒന്നരമണിക്കൂറുകൊണ്ട് പോര്‍ട്ട്ബ്‌ളെയറിലെത്താം. ഹൈദരാബാദില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും ഏതാണ്ട് ഇതേ സമയം. ഇതു കൂടാതെയാണ് കപ്പല്‍ സര്‍വ്വീസ്. ആഡംബരകപ്പല്‍ ആഴ്ചയിലൊരു ദിവസമാണുള്ളത്. മൂന്നു ദിവസമെടുക്കുമെങ്കിലും യാത്ര നീലജലാശയത്തിലൂടെ ആനന്ദകരമാക്കാം. യാത്രാചെലവു കുറയും. 1500 രൂപമുതലാണ് കപ്പല്‍ ടിക്കറ്റ് നിരക്ക്. ചെന്നൈയില്‍ നിന്നും കപ്പല്‍ സര്‍വ്വീസുണ്ട്. വിമാനത്തിനാണെങ്കില്‍ 8000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. എല്ലാ പ്രമുഖ വിമാനകമ്പനികളും ഭാവിയിലെ സാധ്യത മുന്നില്‍കണ്ട് പോര്‍ട്ട്ബ്‌ളെയര്‍ സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. വിമാന സര്‍വ്വീസുകള്‍ എല്ലാം രാവിലെയാണ്. പോര്‍ട്ട്ബ്‌ളെയറില്‍ ഇറങ്ങിയാല്‍ അന്ന് അവിടെ താമസിച്ച് വിവിധ ദ്വീപുകളിലേക്ക് പോകാന്‍ ബോട്ട്‌സര്‍വ്വീസുകള്‍ നിരവധി. ദ്വീപുകള്‍ക്കുള്ളില്‍ ടാക്‌സി സര്‍വ്വീസുകളും സുലഭം.


 
ആന്‍ഡമാന്‍

 

ഞങ്ങള്‍ പോര്‍ട്ട്ബ്‌ളെയറിലെ വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ കോഴിക്കോട്ടുകാരന്‍ മൊയ്തീന്‍ കാറുമായി കാത്തു നിന്നിരുന്നു. താമസിക്കാന്‍ ഏര്‍പ്പാടു ചെയ്തിരുന്ന പ്രോത്തപ്പോറിലെ പാംഗ്രൂവ് കോട്ടേജിലേക്കൊരു ചെറുയാത്ര. കടലിനു തൊട്ടുരുമ്മിയുള്ള റോഡിലൂടെ പോകുമ്പോള്‍ താമസസ്ഥലത്തെത്തിയതേ അറിഞ്ഞില്ല. മൊത്തത്തില്‍  കേരളം പോലൊരു സ്ഥലം. കടലിന്നടിയിലെ പവിഴപ്പുറ്റുകള്‍ മുകളില്‍ നിന്നു നോക്കിയാല്‍ കാണാം. അത്രയ്ക്ക് തെളിഞ്ഞതാണ് ഇവിടുത്തെ കടല്‍തീരങ്ങള്‍. ഇവ അനന്തമായി നീണ്ടു കിടക്കുന്നു. ആന്‍ഡമാനെ അനശ്വരമാക്കുന്നതും ഇതു തന്നെ.
 
ഇന്ന് വിനോദസഞ്ചാരമാണ് ആന്‍ഡമാനിലെ പ്രധാന വരുമാനം. ദ്വീപിലെങ്ങും സഞ്ചാരികളെ കാത്ത് കോട്ടേജുകള്‍. ഹോട്ടലുകളെ അപേക്ഷിച്ച് കോട്ടേജുകളില്‍ നിരക്ക് കുറയും. പലതരം അപൂര്‍വ്വ മീന്‍കറികള്‍ ഇവിടുത്തേത് മാത്രം. വലിയ ചെമ്മീനുകളും ഞണ്ടുകളും ആന്‍ഡമാന്‍ സ്‌പെഷലുകള്‍.

 

ആന്‍ഡമാന്‍

 

അപൂര്‍വ്വങ്ങളായ ഔഷധവീര്യമുള്ള സസ്യലതാദികളും പറവകളും ഇഴജന്തുക്കളുമുള്ള ഈ ദ്വീപിലെ മൊത്തം വിസ്തൃതിയുടെ 87 ശതമാനവും വനപ്രദേശങ്ങളാണ്. ഇവിടെ, ആരോടും ചോദിക്കാനും പറയാനുമില്ലെന്ന മട്ടിലാണ് മഴയുടെ വരവ്. നേരിയ സൂചന പോലും കാണില്ല. 8240 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ചിന്നിച്ചിതറി കിടക്കുന്ന ചെറുതും വലുതുമായ 572 ദ്വീപുകളില്‍ 38 ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളു. ആന്‍ഡമാന്‍-നിക്കോബാര്‍ എന്നിങ്ങനെ രണ്ടുഭാഗങ്ങളിലായാണ് ദ്വീപസമൂഹം കിടക്കുന്നത്. ബാരടാംങ്, ഹാവ്‌ലോക്, ജോണ്‍ലോറന്‍സ്, ഹെന്‍ട്രിലോറന്‍സ്, റോസ് എന്നിവ ആന്‍ഡമാനിലെ മനോഹരമായ ദ്വീപുകളാണ്. 

കാര്‍ നിക്കോബാര്‍ മുതല്‍ ഗ്രേറ്റ് നിക്കോബാര്‍ വരെയുള്ള ദ്വീപുകളാണ് നിക്കോബാറിലുള്ളത്. ഇന്ത്യയിലെ ഏക അഗ്നിപര്‍വ്വതം ബാരന്‍ ദ്വീപിലാണുള്ളത്. സദാസമയവും ജ്വലിച്ചുകൊണ്ടിരിക്കുന്ന ഈ അഗ്നിപര്‍വ്വതം അതിശയിപ്പിക്കുന്ന കാഴ്്ചയാണ്. ഇവിടുത്തെ പഡാക് മരം ലോകത്തെങ്ങും പ്രശസ്തമാണ്. ഇവിടുത്തെ മരമ്യൂസിയം തന്നെ അതിന്റെ സമ്പന്നത വെളിപ്പെടുത്തുന്നുണ്ട്.

 

ആന്‍ഡമാന്‍

 

കടല്‍ സമ്പത്തുകൊണ്ടും ദ്വീപുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. അപൂര്‍വ്വയിനം മത്സ്യങ്ങള്‍, കടല്‍ചിപ്പികള്‍, കടല്‍വെള്ളരിക്ക, പവിഴപ്പുറ്റുകള്‍ എന്നിവ കാണാം. ദ്വീപുകള്‍ക്കിടയിലൂടെ ചീറിപ്പായുന്ന ബോട്ടുകളിലൂടെ യാത്ര ടൂറിസ്റ്റുകള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്ര അനന്തമാണ് ഇവിടുത്തെ ദ്വീപുകളും വനങ്ങളും ജൈവസമ്പന്നമായ പ്രകൃതിയും. പഌസ്റ്റിക്കിന് കനത്ത നിയന്ത്രണമായതിനാല്‍ ഒരിടത്തും ഇതു തള്ളിയതായി കാണുന്നില്ല. അക്കാര്യത്തി ല്‍ ദ്വീപുകാര്‍ ഭാഗ്യവാന്‍മാരാണ്. 
 
പുരാതനമായി ഇവിടുത്തെ കാടുകളില്‍ കഴിയുന്ന ആദിവാസികളാണ് ഇതിന്റെ യഥാര്‍ഥ അവകാശികളാണെന്നു പറയാം. ഇന്നും കാട്ടിനുള്ളില്‍ ശാന്തരായി കഴിയുന്ന ആദിവാസികള്‍. പ്രധാനമായും ആറുതരത്തിലുള്ള ആദിവാസികളാണ് ഇവിടെയുള്ളത്. ആന്‍ഡമാന്‍ ദ്വീപില്‍ നാലുതരക്കാരും നിക്കോബാറില്‍ രണ്ടുകൂട്ടരും. ഗ്രേറ്റ് ആന്‍ഡമാനില്‍ കഴിയുന്നവര്‍ ജറവ, ഒംഗി, സെന്റിനലി എന്നീ വിഭാഗങ്ങളാണ്. നിക്കോബാറികളും ഷോംപെനുകളും നിക്കോബാര്‍ ദ്വീപില്‍ കഴിയുന്നു. നിക്കോബാറികള്‍ മുഖ്യധാരയിലെത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ ഇന്നും കാടുകളില്‍ തന്നെ കഴിയുന്നു. ദ്വീപിലൂടെ യാത്ര ചെയ്താല്‍ ഉടുതുണികളില്ലാതെ അമ്പും വില്ലുമായി നടക്കുന്നവരെ കാണാം. ചില യാത്രക്കാര്‍ ഇവര്‍ക്ക് വാഹനത്തില്‍ നിന്നു ഭക്ഷണം എറിഞ്ഞു കൊടുക്കുമ്പോള്‍ കൂട്ടത്തോടെ വന്ന് എടുത്ത് കൊണ്ടു പോകും. ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും തുടരുന്നുണ്ട്. ഈ ആദിവാസികളുടെ ജനസംഖ്യ കുറയുന്നതും ഭാവിയില്‍ ഇല്ലാതായി പോകുമോ എന്ന ആശങ്ക ഉണര്‍ത്തുന്നുണ്ട്.

ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ ടൂറിസ്റ്റുകളുടെ ആകര്‍ഷണകേന്ദ്രമാണ്. ദുരന്തങ്ങളുടെ സാക്ഷിയായ ഈ ജയില്‍ ഇപ്പോള്‍ ഒരു ദേശീയസ്മാരകമാണ്. ഇവിടുത്തെ തൂക്കുകയര്‍, ചങ്ങലയിട്ട് അടിക്കാനുള്ള സംവിധാനം ഇതൊക്കെ സ്വാതന്ത്രസമരത്തിന്റെ ഏടുകള്‍ കൂടിയാണ്.

 

ആന്‍ഡമാന്‍


 
പെട്ടെന്നു പോയി കറങ്ങിവരാനുള്ള സ്ഥലമല്ല ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍. 20 ദിവസത്തെ പ്ലാനെങ്കിലും വേണ്ടിവരും എല്ലാം കണ്ടുപഠിക്കാന്‍. ഇതൊരു ചരിത്ര നിയോഗം പോലെയുള്ള യാത്രയാകും. പ്രകൃതിയെ അറിയുക. ഈ മനോഹരതീരം പോലൊരു പ്രദേശം ഇന്ത്യയില്‍ വേറെയുണ്ടാവില്ല. നീലക്കടലില്‍ കുളിച്ചു തിമിര്‍ക്കാം. കടല്‍മത്്‌സ്യങ്ങളെ ഭക്ഷിക്കാം. കാടിന്റെ മടിത്തട്ടില്‍ കുടിലിലെ സുഖനിദ്രകള്‍. ആന്‍ഡമാന്‍ നിങ്ങളെ മാടിവിളിക്കുന്നു. 

മലബാര്‍ ലഹള കാലത്ത് നാടുകടത്തിയവരുടെ പിന്‍തലമുറക്കാര്‍ അവിടെ സസുഖം കഴിയുകയാണ്. അവര്‍ അവരുടെ ഗ്രാമങ്ങള്‍ക്ക് കലിക്കറ്റ്, മഞ്ചേരി, എന്നിങ്ങനെ പേരിട്ട് പ്രത്യേക കേരളം തന്നെയുണ്ടാക്കി. അവരാരും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ല. ദ്വീപിന്റെ ശാന്തതയില്‍ അവര്‍ അത്രയ്ക്ക് അലിഞ്ഞു ചേര്‍ന്നു.