ടൽത്തിരപോലെ ആർത്തലച്ചുവന്ന് പാറകളിൽ തലതല്ലി തുംഗഭദ്ര ഇന്നും കരയുകയാണ്. ലോകത്തിലെത്തന്നെ മഹത്തായ ഒരു സാമ്രാജ്യത്തി ന്റെ പതനത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നവളുടെ ദുരവസ്ഥ... ചരിത്രത്തിന്റെ സുവർണകാലത്തിന്റെ, യുദ്ധങ്ങളുടെ, ചതിയുടെ, സാമ്രാജ്യപതനത്തിന്റെ, ചോരക്കുരുതികളുടെ തുടങ്ങി, പറഞ്ഞുതീർക്കാനാവാത്ത ചരിത്രനിമിഷങ്ങൾക്ക് നിശബ്ദസാക്ഷിയായവളുടെ മനസ്സിലെ മുറിവ് ഇന്നും ഉണങ്ങിക്കാണില്ല.

ഹരിഹരനും ബുക്കനും കൂടി വിജയനഗര സാമ്രാജ്യം തീർത്തത് തുംഗഭദ്രാ തീരത്തായിരുന്നു. റോമൻ നാഗരികതയോട് കിടപിടിക്കുന്നതരത്തിൽ സാമ്രാജ്യം ഉയർന്നുവന്നു. എല്ലാ വഴികളും റോമിലേക്ക് എന്ന ചൊല്ലുപോലെ എല്ലാ വഴികളും ഹംപിയിലേക്ക് എന്നായിമാറി. മഹാറാണിയെപ്പോലെ തുംഗഭദ്രയെന്ന പേരും കേൾവികേട്ടു. ബെയ്ജിങ് കഴിഞ്ഞാൽ ഏറ്റവുമധികം ജനങ്ങൾ ജീവിച്ചിരുന്നത് അവളുടെ കരയിലുള്ള ആ മഹാസാമ്രാജ്യത്തിലായിരുന്നു. കൃഷ്ണദേവരായരുടെ ഭരണകാലത്ത് വിജയനഗര സാമ്രാജ്യത്തിന്റെ പേര് ലോകമെങ്ങും അറിയപ്പെട്ടു. പേർഷ്യ, ചൈന, മംഗോളിയ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുപോലും കച്ചവടക്കാർ രത്നവ്യാപാരത്തിനായി ഹംപിയിൽ എത്തിച്ചേർന്നു. അവസാനം ഡെക്കാൺ സുൽത്താൻമാരുടെ സംഘടിത ആക്രമണത്താലും ചതിയാലും വിജയനഗരം പരാജയപ്പെട്ടതോടെ ഒരു യുഗത്തിന്റെ അവസാനമായി. പിന്നീടു നടന്നത് ചോരക്കുരുതികളാണ്. ഇനിയൊരിക്കലും ഉയർന്നുവരാൻ കഴിയാത്തരീതിയിൽ അവർ സാമ്രാജ്യത്തെ തകർത്തു. കൊട്ടാരങ്ങൾ അഗ്നിക്കിരയാക്കി. ക്ഷേത്രങ്ങൾ നശിപ്പിച്ചു. അളവറ്റ രത്നങ്ങളും മറ്റു വിലപിടിച്ച വസ്തുക്കളും കൊള്ളയടിച്ചു. എല്ലാത്തിനും സാക്ഷിയായി തുംഗഭദ്രാനദിയും. മഹത്തായ ഒരു സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ കല്ലും മണ്ണും മൂടി ആരോരുമറിയാത്ത പാഴ്ഭൂമിയായിമാറി. ആർക്കിയോള ജിക്കൽ സർവേ നടത്തുന്ന ഉത്ഖനനത്തിലൂടെ ഹംപിയുടെ അവശേഷിപ്പുകൾ ഇന്ന് ലോകത്തിനുമുന്നിൽ അനാവൃതമായിരിക്കുകയാണ്.

Anegundi 6
പുതിയ മേച്ചിൽപ്പുറങ്ങൾ തേടി

ഹംപിയിലെ ഇടയജീവിതങ്ങളെക്കുറിച്ച് ആദ്യമായി അറിഞ്ഞത് സുഹൃത്ത് മിത്ര സതീഷിന്റെ യാത്രക്കുറിപ്പുകളിൽനിന്നാണ്. പ്രസവിക്കാൻ മാത്രം വീടുകളിൽ പോകുന്ന സ്ത്രീകൾ ഒരു അദ്ഭുതമായിരുന്നു. ഹംപിയിലെത്തിയാൽ ഇവരുമായി ഇടപഴകണമെന്ന് നേരത്തെ മനസ്സിൽ നിശ്ചയിച്ചുറപ്പിച്ചിരുന്നതാണ്. മഹത്തായ ഒരു സാമ്രാജ്യത്തിന്റെ തിരുശേഷിപ്പുകൾ തേടിയുള്ള സ്വപ്നയാത്ര ഉൾനാടൻ കർണാടകഗ്രാമങ്ങളിലൂടെ, ചോളപ്പാടങ്ങളുടെയും സൂര്യകാന്തിപ്പാടങ്ങളുടെയും ഇടയിലൂടെ ഹംപിയുടെ അടുത്തുള്ള ചെറുപട്ടണമായ ഹോസ്പേടെയിലെത്തുമ്പോൾ അർധരാത്രി പിന്നിട്ടിരുന്നു. പൗരാണിക ഹംപിയുടെ അവശേഷിപ്പുകൾ ഭൂരിഭാഗവും ചിതറിക്കിടക്കുന്ന കമലാപുർ എന്ന ചെറിയ ഗ്രാമത്തിൽ താമസസൗകര്യങ്ങൾ വളരെ കുറവായതിനാൽ ഭൂരിഭാഗം സഞ്ചാരികളും ഹോസ്പേടെയിലാണ് താമസമൊരുക്കുന്നത്. 

വിജയനഗര സാമ്രാജ്യത്തിന്റെ ആദ്യതലസ്ഥാനമായിരുന്ന ആനൈഗുന്തി എന്ന അനെഗുന്തി ഗ്രാമത്തിലേക്കാണ് ആദ്യയാത്ര. അനെഗുന്തിയിൽനിന്ന് പിന്നീട് തലസ്ഥാനം ഹംപിയിലേക്കു മാറ്റുകയായിരുന്നു. രണ്ടു സ്ഥലങ്ങളുടെയും ഇടയിലൂടെ തുംഗഭദ്ര ഒഴുകുന്നു. ഒരു പാലത്തിനാൽ ബന്ധിപ്പിച്ചാൽ പത്തുമിനിറ്റ് മാത്രം യാത്രാദൈർഘ്യം വരുന്ന ഇവയ്ക്കിടയിൽ പാലം പണിയാൻ കഴിഞ്ഞില്ല. പണി പൂർത്തിയാക്കും മുൻപേ തകർന്നുവീണ പാലത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും തുംഗഭദ്രയിൽ കാണാം. നിലവിൽ ഹംപിയിൽനിന്ന് ഇരുപതു കിലോമീറ്ററോളം വളഞ്ഞ് സഞ്ചരിച്ചാണ് അനെഗുന്തിയിലെത്തുന്നത്. ആ യാത്രയിലാണ് ഹംപിയുടെ ഇടയജീവിതങ്ങളെ ആദ്യമായി കണ്ടത്, എങ്ങും കല്ലുകൾ അടുക്കിവച്ച് ഉണ്ടാക്കിയതുപോലെ മലനിരകൾ. വാനരസേന രാമസേതു ഉണ്ടാക്കിയതിൽ ബാക്കിവന്നതാണ്. ബാലിയുടെയും സുഗ്രീവന്റെയും നാടായ കിഷ്കിന്ധയാണ് അനെഗുന്തിയെന്നാണ് പറയപ്പെടുന്നത്. കഥകളോർത്തിരിക്കേ വാഹനത്തിൽ ആരുടെയോ ഒരു ശബ്ദം. ആട്ടിൻപറ്റത്തെ മേയ്ച്ചുകൊണ്ട് കൈയിൽ നീളൻ വടിയുമായി കായാമ്പൂവർണമുള്ളാരു സുന്ദരനായ ഇടയബാലൻ. അവനെ അനുഗമിച്ച് ഇരുനൂറോളം ആടുകളുണ്ട്. “ലക്ഷാധിപതികളാണ് ഇങ്ങനെ നടക്കുന്നത്, ആരോ തമാശപറഞ്ഞു. ശരിയാണ്, പ്രത്യേക വിഭാഗത്തിലുള്ള ഇത്തരം ഒരാടിന്റെ വിലതന്നെ മുപ്പതിനായിരത്തോളം വരുമെന്ന് പിന്നീടറിഞ്ഞു. എന്നിട്ടും ആടുകളെ മേയ്ച്ചുള്ള നാടോടിജീവിതം നയിക്കുന്നവരാണ് അവർ.

Anegundi 2
തീരാത്ത അലച്ചിലുകൾ

തുംഗഭദ്രയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിനടുത്ത് വാഹനം നിർത്തി പുറത്തിറങ്ങി ഇടയയാത്ര നോക്കിനിന്നു. രണ്ട് നായകളും അക്കൂട്ടത്തിലുണ്ട്. ആടുകൾ കൂട്ടം തെറ്റാതെ നിയന്ത്രിക്കുന്നത് അവരുടെ ചുമതലയാണ്.

ഒരുതരം ചെമ്പൻ നിറമുള്ളതും കറുത്തതുമായ ആടുകളുടെ കൂട്ടമാണ്. ആണാടുകൾ ഇല്ലെന്നുതന്നെ പറയാം. എങ്കിലും അവസാനം രാജാവിനെപ്പോലെ നടന്നുവരുന്നു ഒരുവൻ. നീണ്ടുവളഞ്ഞ കൊമ്പുകളും വലിയ ശരീരവുമായി പ്രൗഢഭാവത്തോടെ ആരെയും വകവെയ്ക്കാതെ കൂട്ടത്തിന്റെ ഏറ്റവും പിറകിലായി തനിയെ നടക്കുന്ന മുട്ടനാട് രസകരമായ കാഴ്ചയായിരുന്നു. ആടുമേയ്ക്കൽ കുലത്തൊഴിലായി സ്വീകരിച്ച കുറുബസമുദായത്തിൽപ്പെടുന്നവരാണ് കർണാടകത്തിലെ ആട്ടിടയർ. ആട് കന്നടയിൽ കുരിയാണ്. കുരിയെ മേയ്ക്കുന്നവർ പിന്നീട് കുറുബർ എന്നറിയപ്പെട്ടു. പോരാളികൾ എന്ന മറ്റൊരർഥംകൂടി ഈ വാക്കിനുണ്ട്. മറാഠി എഴുത്തുകാരൻ രാമചന്ദ്രചിന്താമണി മേരേ തന്റെ പുസ്തകത്തിൽ സംഗമരാജവംശത്തിന്റെ മുൻഗാമികൾ കുറുബരാണെന്നു പറയുന്നുണ്ട്. ഈ സംഗമ രാജവംശമാണ് വിജയനഗരസാമ്രാജ്യത്തിന് അടിത്തറയിട്ടത്. ജനസംഖ്യകൊണ്ട് കർണാടകത്തിലെ മൂന്നാമത്തെ വലിയ സമുദായമാണ്.

Anegundi 3
വമ്പോടെ മുട്ടനാട്

പൊടുന്നനെയാണ് വർണ തോരണങ്ങൾകൊണ്ട് അലങ്കരിച്ച ഒരു പിക്കപ്പ് വാൻ മുന്നിൽ വന്നുനിന്നത്. വാനിന്റെ പിൻഭാഗം രണ്ട് തട്ടുകളായി തിരിച്ചിരിക്കുന്നു. മുകൾഭാഗത്ത് കടുംനിറത്തിലുള്ള സാരിയണിഞ്ഞ നാടോടിസ്ത്രീകളും കുട്ടികളും അവരുടെ സാമഗ്രികളുമാണ്. താഴെത്തട്ടിൽ നിറയെ ആടുകളും. പുതിയ മേച്ചിൽപ്പുറം തേടിപ്പോകുന്ന ഇടയകുടുംബമായിരുന്നു അത്. ഓടിച്ചെന്ന് സംസാരിക്കാൻ ശ്രമിച്ചെങ്കിലും പറയുന്നത് മനസ്സിലാവാതെ അവർ ചിരിച്ചു. നിരാശയോടെ ഞാനും ചിരിച്ചു. അല്പസമയത്തിനുള്ളിൽ വാഹനം മുന്നോട്ടുപോയി. കൈവീശി യാത്ര പറഞ്ഞ് തിരിഞ്ഞുനോക്കിയപ്പോൾ കണ്ട കാഴ്ച അദ്ഭുതപ്പെടുത്തുന്നതായിരുന്നു.

റോഡരികിലെ പാറക്കൂട്ടങ്ങൾക്കിടയിലെ പച്ചപ്പുതേടി ഒരുകൂട്ടം ആടുകൾ അവിടെ എത്തിച്ചേർന്നിരിക്കുന്നു. നേരേ ആട്ടിടയന്റെ അടുത്തെത്തി. കന്നഡയുടെ കൂടെ നമുക്കുവേണ്ടി അല്പം തമിഴും കൂട്ടിക്കലർത്തി സംസാരിക്കുന്ന ഇടയനെ കണ്ടപ്പോൾ സന്തോഷം. സിദ്ധപ്പയെന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് കൈയിൽ നീളൻ വടിയും ചുമലിലെ പ്രത്യേക ഭാണ്ഡവും നിഷ്കളങ്കമായ ചിരിയുമായി സിദ്ധപ്പ നിന്നു. ആശയവിനിമയത്തിൽ ഭാഷയ്ക്ക് വലിയ പ്രാധാന്യമില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. സിദ്ധപ്പയെ സഹായിക്കാൻ ബന്ധു ശിവയും കൂടെയുണ്ടായിരുന്നു.

ചെമ്പൻ നിറമുള്ള ഡെക്കാൺ ആടുകളെയാണ് അവർ മേയ്ക്കുന്നത്. ആടുവളർത്തൽ അവരുടെ കുലത്തൊഴിലാണ്. ആദ്യ കാലങ്ങളിൽ രോമത്തിനു വേണ്ടിയാണ് ആടുകളെ വളർത്തിയിരുന്നത്. കൃത്രിമനാരുകളുടെ കടന്നുവരവോടെ രോമത്തിന് ആവശ്യം കുറഞ്ഞുതുടങ്ങിയപ്പോൾ പാലിനുവേണ്ടിയും മാംസത്തിനുവേണ്ടിയും ഇവർ ആടുകളെ വളർത്തുന്നുണ്ട്. ചില വിഭാഗത്തിൽപ്പെട്ട മുതിർന്ന ഒരാടിന് മുപ്പതിനായിരം രൂപയിൽ കൂടുതൽ കിട്ടുമെന്ന് സിദ്ധപ്പയാണ് പറഞ്ഞുതന്നത്. സ്ഥിരമായ താമസസ്ഥലമില്ലാത്ത ഇവർ ആടുകളെ മേയ്ച്ചുകൊണ്ട് ദേശങ്ങളിൽനിന്നു ദേശങ്ങളിലേക്ക് കിലോമീറ്ററുകളോളം സഞ്ചരിക്കുമത്. പുതിയ സ്ഥലങ്ങളിലേക്ക് താമസം മാറുമ്പോൾ പിക്കപ്പ് വാനുകളിൽ സ്ത്രീകളെയും കുട്ടിക ളെയും കുഞ്ഞാടുകളെയും പുതിയ സ്ഥലത്തെത്തിക്കുന്നു. ഇതിനായി മാത്രം രൂപാന്തരം വരുത്തിയ വാനുകൾ ഇടയ്ക്കിടെ വഴിയിൽക്കൂടി കടന്നുപോകുന്നുണ്ടായിരുന്നു.

പെട്ടെന്ന് അപ്പുറം കടക്കാൻ ഒരുകൂട്ടം ആടുകൾ റോഡിലേക്കിറങ്ങി. വാഹനങ്ങളുടെ തിരക്കുണ്ട്. കൈയിൽ വടിയുമായി ഓടിയ സിദ്ധപ്പ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി. എവിടെ നിന്നാണെന്നറിയില്ല. രണ്ട് കാവൽനായകൾ ഓടിച്ചെന്ന് ആടുകൾ ചിതറിയോടാതെ കൂട്ടമായി നിർത്തുന്നതുകണ്ട് തോന്നി. ജടപിടിച്ച രോമങ്ങളുള്ള നായകളെ ഒറ്റനോട്ടത്തിൽ ആടുകളാണെന്ന് തെറ്റിദ്ധരിച്ചുപോകും. കൂർത്ത ആണികൾ പൊന്തി നിൽക്കുന്ന ബെൽറ്റുകളാണ് സാധാരണ നായകളുടെ കഴുത്തിലിടുക. വന്യമൃഗങ്ങളിൽനിന്നുള്ള രക്ഷാവലയമാണ് കഴുത്തിലെ ബെൽറ്റുകൾ. വന്യമൃഗങ്ങൾ ഇരയുടെ കഴുത്തിലാണ് ആദ്യം കടിക്കുക. ആണി തറച്ച ബെൽറ്റുകൾ നായകൾക്ക് സംരക്ഷണം നൽകുന്നു.

Anegundi 4

വിശാലമായ കൃഷിയിടങ്ങൾ കന്നഡ ഗ്രാമങ്ങളുടെ സവിശേഷതയാണ്. ഒരിടത്തും ഭൂമി തരിശായിട്ടിരിക്കുന്നത് കാണാൻ കഴിയില്ല. ഇത്തരം കൃഷിഭൂമികൾ ഒരുക്കുന്നതിന്റെ ഭാഗമായി ഉടമസ്ഥർ കൃഷിഭൂമിയിൽ ആടുകളുമായി താമസിക്കുന്നതിന് ഇടയരെ അനുവദിക്കാറുണ്ട്. വിശാലമായ ഭൂമിയിൽ ടെന്റു കെട്ടി ഇടയകുടുംബങ്ങൾ താമസിക്കുന്നു. ആടിന്റെ കാഷ്ഠവും മൂത്രവും മണ്ണിന് വളമാകുന്നു. ആടുകൾക്കുള്ള ഭക്ഷണവും ഇടയർക്ക് ജീവിക്കാനാവശ്യമായ വസ്തുക്കളും ഉടമസ്ഥരിൽ നിന്നു ലഭിക്കുമായിരുന്നത്. കാലക്രമേണ രാസവളത്തിന്റെ രംഗപ്രവേശത്തിനുശേഷം താമസത്തിനുള്ള ഇത്തരം ഭൂമികളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. എങ്കിലും കുലത്തൊഴിൽ ഉപേക്ഷിക്കുന്നത് വലിയ അപരാധമായി കാണുന്നതുകൊണ്ട് റോഡരികിലും പാറകളിലും ടെന്റടിച്ചു താമസിച്ച് ഇവർ ആടുവളർത്തൽ തുടരുന്നു. രണ്ടുമൂന്നു മാസത്തോളം ഒരു സ്ഥലത്ത് തുടർന്ന് ചുറ്റുമുള്ള സ്ഥലങ്ങളിൽ ആടിനെ മേയ്ക്കും. ഭക്ഷണലഭ്യത കുറയുമ്പോൾ അടുത്ത സ്ഥലങ്ങളിലേക്ക് ചേക്കേറും. പലപ്പോഴും ഒന്നി ലധികം കുടുംബങ്ങൾ ഒരുമിച്ചു താമസിച്ചാണ് നാടോടി ഇടയജീവിതം നയിക്കുന്നത്. കുറച്ചുമാറി പാറപ്പുറത്ത് ഇടയരുടെ ടെന്റ് കണ്ടു. ഫോ ട്ടോയെടുക്കാൻ ചെന്നപ്പോൾ മജന്തയും മഞ്ഞയും കലർന്ന സാരിയുടുത്ത ഇടയപ്പെൺകുട്ടി നാണത്തോടെ ടെന്റിന്റെ മറയിൽ ഒളിച്ചു. മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. ഒളിഞ്ഞുനോക്കി പുഞ്ചിരിക്കുന്നതല്ലാതെ ക്യാമറയുടെ മുന്നിലേക്കു വരാൻ അവൾ മടികാണിച്ചു. പിന്നെ നിർബ ന്ധിച്ചില്ല, തിരികെ നടന്നു. സിദ്ധപ്പയും ആടിനെ മേയ്ച്ച് കുറേദൂരം മുന്നോട്ടുപോയിരിക്കുന്നു.

അനെഗുന്തി ഗ്രാമവും കണ്ട് ബാലിസുഗ്രീവകഥകളും കേട്ട് അഞ്ജനാദ്രിബേട്ടയിലെത്തി. അവിടെയാണ് ഹനുമാന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കുന്നു. വലിയ മലയുടെ മുകളിൽ ഹനുമാന്റെ അമ്മ അഞ്ജനാദേവിയുടെ ആശ്രമമുണ്ട്. 575 പടികൾ കയറി വേണം മുകൾഭാഗ ത്തെത്തിച്ചേരാൻ. കോവിഡ് മഹാവ്യാധി കാരണം മുകൾ ഭാഗത്തേക്കു പ്രവേശനം അനുവദിക്കുന്നുണ്ടായിരുന്നില്ല. ആയതിനാൽ മലയടി വാരത്ത് വെറുതെ നടക്കാൻ തുടങ്ങി. തൊട്ടപ്പുറത്തെ ഒഴിഞ്ഞൊരു പറമ്പിൽ, ആദ്യം കണ്ട, വർണതോരണങ്ങളാൽ അലങ്കരിച്ച ഇടയവണ്ടി വിശ്രമിക്കുന്നു. അവരുടെ അടുത്തേക്കു നടന്നു. പുരുഷൻമാർ ആടുകളെ വണ്ടിയിൽനിന്നിറക്കി മേയ്ക്കാൻ കൊണ്ടുപോയിരുന്നു. വർണ ചേലകളണിഞ്ഞ മൂന്നുനാലു സ്ത്രീകളും കൗമാരക്കാരായ രണ്ട് കുട്ടികളുമുണ്ട്. പുതിയ സ്ഥലത്ത് ടെന്റുണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. വലിയൊരു കൂടംകൊണ്ട് തറയിൽ ടെന്റിനായുള്ള കുറ്റിയടിക്കുന്ന സ്ത്രീയെ അല്പം ബഹുമാനത്തോടെ നോക്കിനിന്നുപോയി. നദിക്കരയിൽ മുൻപ് കണ്ടതി നാലാവണം, പരിചിതഭാവത്തിൽ ചിരിച്ചു. കന്നഡയും തമിഴും മലയാളവും ആംഗ്യഭാഷയും കൂടിച്ചേർന്ന് പുതിയ ഭാഷ ഞങ്ങൾക്കിടയിലുണ്ടായി.

Anegundi 5
ടെന്റിലെ തണലിൽ പാചകം ചെയ്യുന്ന നാടോടി സ്ത്രീ

വിവാഹത്തിനുശേഷമാണ് ഇവരെല്ലാം നാടോടികളായത്. നാടെന്നു പറയുന്നത് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ഏതോ ഗ്രാമമാണ്. കുട്ടികൾ നാട്ടിൽ ളിൽ പോകുന്നുണ്ട്. വായിച്ചറിഞ്ഞിരുന്നതു പോലെ പ്രസവിക്കാൻ വേണ്ടി മാത്രമാണ് മിക്കവരും നാട്ടിലേക്കു പോവുക. പ്രായമാ യവരും നാട്ടിലാണ്. പഠനത്തിൽ താ ത്പര്യമില്ലാത്ത കുട്ടികളെ ആടുമേയ്ക്കാൻ കൂടെ ചേർക്കും. കൂടെനിന്ന് ഫോട്ടോയെടുക്കാൻ അവർക്കും ഉത്സാഹം.

യാത്രയിൽ പിന്നീടും ഇടയക്കൂട്ടങ്ങളെ കണ്ടു. പിറ്റേദിവസം ബദാമിയിലേക്കുള്ള യാത്രയ്ക്കിടയിൽ സൂര്യകാന്തിപ്പാടങ്ങളുടെ ഭംഗി ഫ്രെയിമിലാക്കാൻ ഇറങ്ങിയതാണ്. രണ്ട് ഇടയകുടുംബങ്ങളെ വീണ്ടും കണ്ടുമുട്ടി. അവരവിടെ താമസം തുടങ്ങിയിട്ട് ഒരുമാസമായിരിക്കുന്നു. പ്രഭാതഭക്ഷണത്തിനായി ചെറിയൊരു കലത്തിൽ കഞ്ഞി തിളച്ചുകൊണ്ടിരിക്കുന്നു. വെള്ളം കൊണ്ടുവരാൻ പുരുഷൻമാരും സഹായിക്കുന്നുണ്ട്. പാലിനായി പശുവിനെയും വളർത്തുന്നുണ്ട്. പകൽ കഞ്ഞിയും രാത്രി റൊട്ടിയുമാണവരുടെ പ്രധാന ഭക്ഷണം. ആടുകളുടെ പാൽ മുഖ്യമായും ആട്ടിൻകുട്ടികൾക്കുതന്നെയാണ് കൊടുക്കുന്നത്. കമ്പുകൾ കുത്തി വലകെട്ടിയുണ്ടാക്കിയ കൂടിനുള്ളിൽ ആടുകൾ വിശ്രമിക്കുന്നു. ഫോട്ടോയെടു ക്കുമ്പോൾ ചെറുപ്പക്കാരായ ആൺകുട്ടികൾ ക്യാമറയിൽ ഉറ്റുനോക്കി ഓരോരോ സംശയങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. കൈയിൽ മൊബൈൽഫോണൊക്കെയുള്ള ഫ്രീക്കൻമാരായ ന്യൂജെൻ ഇടയൻമാർ. കാലം മാറുകയാണ്... വാഹനം മുന്നോട്ടു നീങ്ങി. പെട്ടെന്ന് വഴിയിൽ ഒരാൾ പരിചിതഭാവത്തിൽ കൈകാണിക്കുന്നു. സിദ്ധപ്പയാണ്. അതേ രൂപം, അതേ ഭാവം. ഇത്രദൂരം നടന്ന് അവിടെയെത്തിയിരിക്കുന്നു. നൂറുകണക്കിന് ആടുകൾക്കു നടുവിൽ വിശുദ്ധനായ ഇടയനെപ്പോലെ അയാൾ നിഷ്കളങ്കമായി പുഞ്ചിരിച്ചു നിന്നു.

YATHRA TRAVEL INFO

Anegundi or the cradle city of Vijayanagara was initially the capital of The Vijayanagara empire but later on time, Hampi came into the position. The glorious River of Tungabhadra flows between the two. Popular myth revolves around that Anegundi was the kingdom of Kishkindha, The empire of Bali and Sughreeva. In addition to the elegant architecture and historic remains, the presence of nomadic shepherds and their lifestyle is an impressive exhibit to Anegundi.

Getting there

Visiting Anegundi along with Hampi: It is best reached through a boat ride across the river near Vijaya Vittala temple from Hampi. Road access is possible but will be 20 kms by road from Hampi. Hosapete is the nearest railway station (15 kms from Hampi). Anegundi can also be reached directly by road via Koppala city. Trains are available till Koppala city (45 kms from Anegundi).

Sites around

►Anjanadri Hill

Gagan Mahal, Hampi

►Anegundi Fort, Pampa Sarovar

Stay 

Several hotels and resorts are available in Hampi, Hosapete, Koppala and Anegundi area.

Useful links: www.karnatakatourism.org/tour-item/ anegundi/

(മാതൃഭൂമി യാത്ര 2021 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Anegundi, Karnataka village tour, hampi, anjanadri hill, anegundi fort