പോര്‍ട്ട് ബ്ലെയറില്‍ എത്തുന്ന മിക്ക സഞ്ചാരികളും ആദ്യം സന്ദര്‍ശിക്കുക സെല്ലുലാര്‍ ജയില്‍ ആയിരിക്കും. ഏകാന്ത തടവുമുറികള്‍ എന്ന ആശയത്തില്‍നിന്നും 'സെല്ലുലാര്‍' എന്ന് പേരു കിട്ടിയ പീഡനത്തടവറ. ക്ലോക്ക് ടവറില്‍നിന്ന് നടക്കാവുന്ന ദൂരം മാത്രമായതിനാല്‍ ആ പതിവ് ഞാനും തെറ്റിച്ചില്ല.  ഓരോ അറകളിലും ക്രൂരതയുടെ ഓര്‍മകള്‍ അടച്ചിട്ടിരിക്കുന്ന ജയില്‍കെട്ടിടങ്ങള്‍. കാലാപാനി എന്ന സിനിമയിലൂടെ നമുക്ക് പരിചിതമായ ഇടനാഴികളും അഴികള്‍ക്കപ്പുറത്തെ കാഴ്ചകളും. അകലം നമ്മെ എത്ര അസ്വസ്ഥമാക്കുന്നു എന്ന് ഗോവര്‍ധനെ കാത്തിരിക്കുന്ന പാര്‍വതിയുടെ മുഖം മനസ്സില്‍ തെളിഞ്ഞ് ഓര്‍മിപ്പിക്കുന്നു. പ്രിയരോടുള്ള നിരന്തരമായ സമ്പര്‍ക്കങ്ങള്‍ക്ക് ഇത്തിരിനേരത്തെ ഇന്റര്‍നെറ്റ് തടസ്സംപോലും സൃഷ്ടിക്കുന്ന നൈരാശ്യം പറഞ്ഞുതരും ഇവിടുത്തെ തടവുകാര്‍ അനുഭവിച്ച പീഡനത്തിന്റെ പാരമ്യത. 

Andaman and Nicobar Islands

നൂറ്റാണ്ട് മുന്നെ ബൂട്ടുകള്‍ക്കടിയില്‍ മണ്ണിലമര്‍ന്ന കരച്ചിലുകള്‍ ഇപ്പോഴും ഓരോ മഴയിലും വീണ്ടും വീണ്ടും സ്വതന്ത്രരായി പിറന്ന്, തൂക്കുകയറുകള്‍ക്ക് സമീപത്തെ പ്രാര്‍ഥനാശിലയില്‍ കണ്ണീരഞ്ജലികള്‍ അര്‍പ്പിക്കുന്നു. എല്ലാ വൈകുന്നേരങ്ങളിലും ജയിലിന്റെ ചരിത്രം ഇവിടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആയി പുനരവതരിക്കപ്പെടുന്നുണ്ട്. കാലാപാനി സിനിമ കണ്ടവര്‍ക്ക് ഈ ഷോ വിരസതയാണ്. ജയിലിനു മുന്നിലെ പാര്‍ക്കില്‍ ചായയും കുടിച്ച് പ്രാവുകളോടൊപ്പം ഇത്തിരിനേരം ഇരുന്നു. അബര്‍ദിന്‍ ജെട്ടിയിലെ കടലിലേക്ക് നീണ്ടുനില്‍ക്കുന്ന പിയറുകളില്‍ വിളക്കുകള്‍ തെളിഞ്ഞു.

സമീപത്തെ ഭക്ഷണശാലകളും ബംഗാളി തട്ടുകടകളും സജീവമാകുന്നു. 'ന്യൂ ലൈറ്റ്ഹൗസ് റെസ്റ്റോറന്റില്‍' ഭക്ഷണപ്രേമികള്‍ക്കായി ഒരുക്കിയ വിവിധതരം ഞണ്ടുകളും മത്സ്യങ്ങളും തിരഞ്ഞെടുത്ത് ഇഷ്ടമുള്ള വിഭവങ്ങളാക്കാന്‍ പറയാം. ഭക്ഷണത്തിന് ഏര്‍പ്പാടാക്കി മറീന പാര്‍ക്കില്‍ വെറുതെ കടല്‍ നോക്കിയിരുന്നു. കുട്ടികളും കുടുംബങ്ങളും കൂട്ടുകാരും വ്യായാമങ്ങളിലും കളികളിലും ഏര്‍പ്പെട്ടിരിക്കുന്നു. ചിലര്‍ കടലിലേക്ക് നോക്കി വര്‍ത്തമാനം പറഞ്ഞും അല്ലാതെയും ഇരിക്കുന്നു. നാട്ടിലെ കടല്‍ത്തീരങ്ങളില്‍ അക്കരെയെന്തായിരിക്കും എന്നാലോചിച്ച് ഇരുന്നിട്ടുണ്ട് ഒരുപാട് പണ്ട്. അങ്ങനെയൊരു അക്കരെയില്‍ ഇരുന്നു ഞാന്‍ ഇപ്പോള്‍ വീണ്ടും അക്കരെ എന്തായിരിക്കും എന്നാലോചിക്കുന്നു. തിരികെ മടങ്ങുന്നവരെയും തീരം തേടുന്നവരെയും പ്രതീക്ഷിച്ച്, ഇടയ്ക്കിടെ വെട്ടം തെളിച്ചുനോക്കുന്നുണ്ട് നോര്‍ത്ത് ബേ കുന്നിലെ വിളക്കു മുത്തശ്ശി. ഈ സ്ഥലം തരുന്ന അനുഭൂതി പോര്‍ട്ട് ബ്ലെയറില്‍ താമസിക്കുന്ന ഓരോ രാത്രികളിലും നിങ്ങളെ ഇങ്ങോട്ട് ആകര്‍ഷിച്ചുകൊണ്ടിരിക്കും, തീര്‍ച്ച. 

Andaman and Nicobar Islands

സൂര്യന്‍ കത്തിത്തെളിഞ്ഞു നില്‍ക്കുന്നത് കണ്ട് എഴുന്നേല്‍ക്കാന്‍ ഒരു പാട് വൈകിയല്ലോ എന്ന് കരുതി സമയം നോക്കുമ്പോള്‍ വെറും ആറോ ഏഴോ മണിയേ ആയിക്കാണുകയുള്ളൂ. അതാണിവിടത്തെ സമയത്തിന്റെ പ്രശ്‌നവും. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ഇവിടെയും സൂര്യന്‍ ഇത്തിരി നേരത്തെ എത്തും, ഏതാണ്ട് ഒരു നാലരമണി ആകുമ്പോഴേക്കും.

അതുകൊണ്ടുതന്നെ കടകളും ഓഫീസുകളും നേരത്തെ സജീവമാകും; ഹോട്ടലില്‍ ഭക്ഷണവും. മിതമായ നിരക്കില്‍ നല്ല തമിഴ്രുചിയില്‍ പ്രാതല്‍ കിട്ടുന്ന ചെറിയ കടകള്‍ ഇവിടുണ്ട്. ഇഡലി, വട, ദോശ, പൊങ്കല്‍, പൂരി ഒക്കെ തന്നെയാണ് കാലത്ത് കൂടുതലും കിട്ടുന്നത്. വിദേശരുചികള്‍ വേണ്ടവര്‍ക്ക് വലിയ ഹോട്ടലുകളിലേക്ക് പോകാം. മാര്‍ക്കറ്റ് കേന്ദ്രമായതിനാല്‍ അബര്‍ദിന്‍ ബസാറില്‍ ആണ് ഇത്തിരിയെങ്കിലും റോഡില്‍ മാലിന്യം കിടക്കുന്നത് കണ്ടത്. പക്ഷേ, കാലത്തുതന്നെ വൃത്തിയാക്കാന്‍ ജീവനക്കാരെത്തി. നഗരം പതിയെ തിരക്കിനെ പുണരുമ്പോള്‍ സജീവമാകുന്നത് ബോട്ട് ജെട്ടികളും കൂടിയാണ്. ആന്‍ഡമാനിന്റെ പല ഭാഗങ്ങളില്‍നിന്നും ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ബോട്ടുകളും ജങ്കാറുകളും കയറി പോര്‍ട്ട് ബ്ലെയറില്‍ എത്തുന്ന നിരവധി സ്വദേശികള്‍. മറ്റു സഞ്ചാരകേന്ദ്രങ്ങളിലേക്കും ദ്വീപുകളിലേക്കും ഒഴുകാന്‍ തയ്യാറായി ടൂറിസ്റ്റുകളും. 

റോസ്, നോര്‍ത്ത് ബേ, വൈപര്‍ തുടങ്ങിയ ഐലന്‍ഡുകളിലേക്ക് ബോട്ട് സര്‍വീസുകള്‍ നടത്തുന്ന അബര്‍ദിന്‍ ജെട്ടിയില്‍ നിങ്ങളെ വരവേല്‍ക്കുക ടൂറിസ്റ്റ് ഗൈഡുകളാണ്. കൈയില്‍ ഇരുപത് രൂപ നോട്ടുമായാണ് മിക്കവരുടെയും അവതരണം തുടങ്ങുന്നത്. ജെട്ടിയില്‍നിന്ന് അകലെ നോര്‍ത്ത് ബേ തീരത്തിന് നേരെ ഇരുപതു രൂപ നോട്ട് നീട്ടിപ്പിടിച്ചു. ദൂരെ കാണുന്ന കുന്നിന്‍ചെരിവും ലൈറ്റ് ഹൗസും നോട്ടിലേക്ക് കുടിയേറിയതിന്റെ കഥകള്‍ തുടങ്ങും. പിന്നെ വിവിധ പാക്കേജുകളുടെ വിവരണങ്ങള്‍.

തന്ത്രപൂര്‍വം ഇവരില്‍നിന്ന് രക്ഷപ്പെടുക എന്നതാണ് നിങ്ങളുടെ പ്രധാന ജോലി. ഗേറ്റിനു സമീപത്തുള്ള ടിക്കറ്റ് കൗണ്ടറില്‍നിന്നും നിങ്ങള്‍ക്ക് പോകാന്‍  താത്പര്യമുള്ള ദ്വീപുകളിലേക്ക് ബോട്ട് ടിക്കറ്റ് എടുക്കാം. ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നിയന്ത്രണത്തില്‍ നടത്തപ്പെടുന്ന, ടൂറിസ്റ്റുകള്‍ മാത്രം ഉപയോഗിക്കുന്ന ഈ സര്‍വീസുകള്‍ക്ക് നിരക്ക് ഇത്തിരി കൂടുതലാണ്. സ്വദേശികള്‍ക്കായി സര്‍ക്കാര്‍ ബോട്ട് സര്‍വീസ് നടത്തുന്ന മറ്റു പല റൂട്ടുകളിലും തുച്ഛമായ ചെലവില്‍ യാത്ര ചെയ്യാം. ബോട്ട് സര്‍വീസുകള്‍ക്ക് പുറമേ നിരവധി സാഹസിക ജലവിനോദങ്ങളും ഇവിടെയുള്ള രാജീവ് ഗാന്ധി വാട്ടര്‍സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ദ്വീപിലെ ബ്രിട്ടീഷ് സാന്നിധ്യത്തിന്റെ ചരിത്രം തേടുന്നവര്‍ക്ക് റോസ് ഐലന്‍ഡിലേക്ക് പോകാം; രാജകീയതയുടെ പ്രൗഢി വിളിച്ചോതുന്ന പഴയ ബ്രിട്ടീഷ് കോളനിയുടെ അവശിഷ്ടങ്ങളില്‍ നിര്‍മാണ വൈദഗ്ധ്യത്തിന്റെയും കോളനി പ്രതാപത്തിന്റെയും നിധിശേഖരം തിരയാന്‍. അധീനതയിലുള്ള കാലം മുഴുവന്‍, പോര്‍ട്ട് ബ്ലെയറില്‍നിന്നും വെറും രണ്ടു കിലോമീറ്റര്‍ ദൂരം കിഴക്കുമാറിയുള്ള ഈ ചെറിയ ദ്വീപായിരുന്നു ബ്രിട്ടീഷുകാരുടെ ഭരണകേന്ദ്രം.

തടവുകാരുമായി ദ്വീപിലെത്തിയ ആദ്യത്തെ ബ്രിട്ടീഷ് സംഘം കുടിവെള്ളത്തിനുള്ള സൗകര്യം കണക്കിലെടുത്ത് റോസ് ഐലന്‍ഡ് കേന്ദ്രമായി തിരഞ്ഞെടുക്കുകയായിരുന്നു. സ്വയം നിര്‍മിച്ച തടവറകളിലേക്ക് പിന്നീട് മാറ്റപ്പെടുന്നതുവരെ തടവുകാര്‍ റോസ് ഐലന്‍ഡില്‍ ബ്രിട്ടീഷ് മേധാവികള്‍ക്കും അവരുടെ ജീവനക്കാര്‍ക്കും വേണ്ടി വീടുകളും താവളങ്ങളും കെട്ടിടങ്ങളും പണിതു. തടവുകാരെപോലെ ഏകാന്തതയില്‍ സൗഭാഗ്യങ്ങളില്‍ നിന്നകന്നു ജീവിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് താത്പര്യം കാണില്ല എന്ന് ഉറപ്പാണല്ലോ. 

ബംഗ്ലാവുകള്‍, ബേക്കറി, കടകള്‍, ജലശുദ്ധീകരണ പ്ലാന്റ്, ചര്‍ച്ച്, ക്ലബ്ബ്, ഡാന്‍സ് ബാര്‍, തിയേറ്റര്‍, നീന്തല്‍കുളം, ടെന്നീസ് കോര്‍ട്ട്, ആശുപത്രി, സെമിത്തേരി അങ്ങനെ മറ്റേതൊരു ആധുനികനഗരത്തോടും കിടപിടിക്കുന്ന, ആ നൂറ്റാണ്ടില്‍ സാധ്യമായ, എല്ലാ അവശ്യ ആഡംബര സംവിധാനങ്ങളും ഇവിടെ അവര്‍ ഒരുക്കി. ദീപ്തമായ വെളിച്ചങ്ങളും നൃത്തശാലയില്‍ നിന്നും ഒഴുകിയെത്തുന്ന പാശ്ചാത്യസംഗീതവും ലഹരിനുരകളും ഇവിടുത്തെ രാവുകളെ രാജകീയമാക്കി. മനുഷ്യന്റെ കടന്നുകയറ്റങ്ങളെ തിരിച്ചെടുക്കാനുള്ള പ്രകൃതിയുടെ ഇടപെടല്‍ എന്നോണം ഇന്നീ കെട്ടിടങ്ങളുടെ അവശേഷിപ്പുകളെ വന്മരങ്ങളുടെ വേരുകള്‍ കീഴടക്കിയിരിക്കുന്നു. 

മനസ്സില്‍ ഒരിക്കലും മായാത്ത മുദ്രകള്‍ പതിപ്പിക്കുന്ന ഈ ദ്വീപിന്റെ മാന്ത്രികത എന്നെ കാലങ്ങള്‍ പുറകിലേക്ക് കൊണ്ടുപോയി. പട്ടാളമേധാവികളെ വഹിച്ചുകൊണ്ട് വാഹനങ്ങള്‍ ഓടിക്കാന്‍ നിര്‍മിച്ച കല്‍പാതയിലൂടെ, ഇരുവശത്തും പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളെ എന്റെ ഭാവനയാല്‍ പുനര്‍നിര്‍മിച്ച് ഒരു സൈന്യാധിപനെന്നു സ്വയം സങ്കല്‍പ്പിച്ച് ഞാന്‍ നടന്നു. സൈന്യാധിപന്റെ ഗമയെ ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തിലേക്ക് ഉണര്‍ത്തിയത് വഴിയരികില്‍ കലപില കൂട്ടുന്ന ഒരുപറ്റം മയിലുകള്‍ ആയിരുന്നു. മയിലുകള്‍ എന്റെ ഭാവനയിലാണോ എന്ന് ഞാന്‍ സംശയിച്ചു തീരുന്നതിനു മുന്‍പേ കാണുന്നത് എന്നെ ചേര്‍ന്ന് നടക്കുന്ന ചന്തമുള്ള പുള്ളിമാനുകള്‍. മനുഷ്യരോട് ഇണങ്ങി ഇടപഴകുന്ന മാനുകള്‍ ഇവിടുത്തെ ഒരു കൗതുകമാണ്. മാനുകളും മയിലുകളും മുയലുകളും ഒക്കെയായി ഒരു ഈസോപ്പ് കഥ മെനഞ്ഞു തുടങ്ങുമ്പോഴേക്കും  തിരിച്ചുപോകാറായി എന്നറിയിച്ചുകൊണ്ട് ബോട്ടിന്റെ സൈറണ്‍ മുഴങ്ങി.

നിഴല്‍തട്ടംകൊണ്ട് ഇത്തിരി മുഖം മറച്ച് ഒരു മണവാട്ടിയെ പോലെയാണ് നിലാവുണര്‍ന്നത്. നാളെ പതിന്നാല് തികയുന്നതിന്റെ നാണം മുഖത്ത്. അലങ്കാരദീപങ്ങള്‍ മിന്നുന്ന ആകാശത്തിന് ഒരു മൈലാഞ്ചിരാവിന്റെ മൊഞ്ച്. താഴെ സ്വര്‍ണക്കാച്ചിയുടുത്ത ഓളങ്ങളുടെ ഒപ്പന. കടലിന്റെ ഹൃദയമിടിപ്പ് ഒരു വേലിയേറ്റമായി മാറുന്നു. നഗരവീഥികളില്‍ വിളക്കുകള്‍ അണഞ്ഞു തുടങ്ങി. ഫ്‌ലോട്ടിങ് റെസ്റ്റോറന്റില്‍ നിന്നുയരുന്ന സംഗീതം കാറ്റില്‍ മുറിഞ്ഞ് തഴുകുമ്പോള്‍ ഒരു ഗ്രാമഫോണിലൂടെ കേള്‍ക്കുന്ന മാധുര്യം. കരയടുക്കാറായ ഒരു കപ്പലില്‍നിന്നെന്നപോലെ എനിക്ക് കടലും തീരവും ഒരൊറ്റ ഫ്രെയിമില്‍ കാണാം. വിജനമായ ചാത്തം തുരുത്തിലിരുന്ന് നോക്കുമ്പോള്‍ കാഴ്ചകള്‍ക്ക് അസാധാരണമായ ഒരു പുതിയ മാനമുണ്ട്. 'ഹാഡോ' തുറമുഖത്ത് നങ്കൂരമിട്ട വലിയ കപ്പലുകളില്‍നിന്നും ഇപ്പോഴും ആകാശത്തേക്ക് പുകച്ചുരുളുകള്‍ ഉയരുന്നു. തുറമുഖത്തിന് പിറകില്‍ കുന്നിന്‍മുകളിലെ വളഞ്ഞുപുളഞ്ഞ വഴികള്‍ വെളിച്ചംകൊണ്ട് അടയാളപ്പെടുത്തി ഒന്നുരണ്ടു വാഹങ്ങള്‍ ചെരിവിലേക്ക് മറഞ്ഞു. 

തുരുത്തിനെ കരയുമായി ബന്ധിപ്പിക്കുന്ന പാലത്തില്‍ ഇരുന്ന് കുറച്ചുപേര്‍ മീന്‍ പിടിക്കുന്നുണ്ട്. മീനും വാങ്ങി, ചാത്തം ജെട്ടിയില്‍നിന്ന് ബാംബൂ ഫ്‌ലാറ്റിലേക്കുള്ള അവസാന ഫെറിയിലേക്ക് ഓടിക്കയറുന്നവരില്‍ ചിലര്‍ എന്നെ നോക്കി പുഞ്ചിരിച്ചു. അപരിചിതമായ ദേശങ്ങളില്‍, യാത്രകളില്‍ നമുക്ക് എന്നും പരിചയമുള്ളവരായി ആകാശവും നിലാവും നക്ഷത്രങ്ങളും പിന്നെ ഇനി ഒരിക്കലും കണ്ടുമുട്ടാത്തവരുടെ ഹൃദയംതുറന്ന പുഞ്ചിരികളും മാത്രം. ഇന്നത്തെ ദിവസവും ഓര്‍മപ്പുസ്തകത്തിലെ ഒരു കഥയായി മാറിയിരിക്കുന്നു. നാളെ പ്രഭാതത്തില്‍ 'ഹാവ്‌ലോക്കി'ലേക്ക് യാത്ര പുറപ്പെടാന്‍ തയ്യാറായി ഫീനിക്‌സ് ജെട്ടിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കപ്പലിലേക്ക് എന്റെ മനസ്സ് ഇപ്പോഴേ കയറിക്കഴിഞ്ഞു. ഇന്നത്തെ സ്വപ്നങ്ങള്‍ക്ക് ഓളങ്ങളുടെ താരാട്ടുണ്ടാകും, തീര്‍ച്ച.