
ഔറംഗാബാദില്‍നിന്ന് നൂറുകിലോമീറ്ററാണ് അജന്തയിലേക്കുള്ള ദൂരം. ഇന്ത്യന്‍ സംസ്കാരത്തിന്റെയും സുകുമാരകലയുടെയും നേര്‍ക്കുപിടിച്ച കണ്ണാടികള്‍പോലെ നിലകൊള്ളുന്ന അജന്തയിലേക്കും എല്ലോറയിലേക്കുമുള്ള യാത്രികര്‍ രാത്രിവാസത്തിന് തിരഞ്ഞെടുക്കുന്ന നഗരം ഔറംഗാബാദാണ്. മധ്യപ്രദേശിലേക്കുള്ള തിരക്കേറിയ ഹൈവേയിലൂടെയാണ് യാത്ര. അതുകൊണ്ടുതന്നെ മൂന്നുമണിക്കൂറോളം വേണ്ടിവരും അജന്തയിലെത്താനെന്നും രാവിലെ ഏഴുമണിക്ക് പുറപ്പെടണമെന്നും ടാക്സി ബുക്കുചെയ്യുമ്പോള്തന്നെ ഉപദേശം ലഭിച്ചിരുന്നു. ഇത്തരം നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുക എന്നതാണ് യാത്ര സുഖകരമാക്കാന്‍ പ്രാഥമികമായി ചെയ്യേണ്ടത്.
ഏഴുമണിക്ക് അഞ്ചുമിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഞങ്ങളുടെ ടാക്സി ഹോട്ടലിനുമുന്നിലൂടെയുള്ള ഊടുവഴി പിന്നിട്ട് ഹൈവേയിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു. കൊയ്ത്തുകഴിഞ്ഞ ബജ്റ (കമ്പം) പാടങ്ങള്‍ക്കു നടുവിലൂടെയാണ് യാത്ര. ക്രിസ്തുവിന് 2000 വര്‍ഷം മുന്‍പേ ബജ്റ മഹാരാഷ്ട്രയിലും ഗുജറാത്തിലുമെല്ലാം കൃഷിചെയ്തിരുന്നുവെന്ന് ചരിത്രരേഖകളില്‍ കാണുന്നു. കൂടുതല്‍ വെള്ളമോ വളമോ ഇല്ലാതെതന്നെ തഴച്ചുവളരുന്ന ബജ്റയില്നിന്നുണ്ടാക്കുന്ന ബക്രി എന്ന് പേരുള്ള റോട്ടി മഹാരാഷ്ട്രയിലെ ഗ്രാമീണരുടെ ദൈനംദിന മെനുവില്‍ ഉള്‍പ്പെടുന്നു. പരുത്തിപ്പാടങ്ങളും ഇവിടെ ധാരാളമായി ഉണ്ട്. സ്വര്‍ണനിറമുള്ള പഴുത്ത റോബസ്റ്റ് പഴങ്ങള്‍ വഴിയരികില്‍ വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്നു. നല്ല മധുരമുള്ള ഈ പഴങ്ങള്‍ക്ക് ചെറിയ വിലയേയുള്ളൂ. ഒരു ഡസന്‍ നാല്പ്പതുരൂപ. പാടത്തിനപ്പുറം പച്ചപ്പുള്ള മലനിരകള്‍. ഇവിടെ തരക്കേടില്ലാത്ത മഴ ലഭിക്കുന്നുണ്ടെന്ന് സ്പഷ്ടം. ഇഷ്ടികകള്‍കൊണ്ടുണ്ടാക്കിയ ചുമരിനുമേല്‍ ആസ്ബസ്റ്റോസോ വൈക്കോലോ കൊണ്ട് മേഞ്ഞതാണ് കര്‍ഷകരുടെ വീടുകള്‍. മിക്ക വീടുകള്‍ക്ക് മുന്നിലും മോട്ടോര്‍ ബൈക്കുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. പക്ഷേ, കാളവണ്ടികള്‍ അവര്‍ ഉപേക്ഷിച്ചിട്ടില്ല. ധാന്യവും വൈക്കോലും വിറകും കൊണ്ടുപോവുന്നതിനും സവാരിക്കും കാളവണ്ടികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
തിരക്കേറിയ ഹൈവേയിലൂടെ അല്പം അപകടകരമായ രീതിയിലാണ് ഞങ്ങളുടെ ഡ്രൈവര്‍ റഷീദ് തന്റെ ടൊയോട്ട കാര്‍ ഡ്രൈവ്ചെയ്യുന്നത്. ഒന്നുരണ്ടുതവണ മറ്റുവാഹനങ്ങളെ മറികടക്കുന്നതിനിടെ എതിരേ വന്ന ട്രക്കും ബസ്സും ഇടിച്ചെന്ന് തോന്നി. സ്പീഡ് അല്‍പ്പം കുറച്ചൂകൂടേ എന്ന ചോദ്യത്തിന് ഒരു ചെറുചിരി മാത്രമായിരുന്നു അയാളുടെ മറുപടി. രണ്ടുമണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷം കാര്‍ ഹൈവേയില്‍നിന്ന് വലത്തോട്ട് തിരിഞ്ഞു. അല്‍പ്പസമയംകൊണ്ട് മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ റിസെപ്ഷന് കൗണ്ടറിന് മുന്നിലെത്തി. അവിടെയിറങ്ങി 30 രൂപയുടെ ടിക്കറ്റെടുത്തശേഷം പ്രത്യേക ഷട്ടില്‍ ബസില്‍ വേണം ഗുഹകള്ക്കുസമീപത്തേക്ക് പോവാന്‍.
ആദ്യത്തെ ഗുഹയുടെ കവാടത്തിലേക്ക് ചെല്ലുമ്പോള്‍തന്നെ ഗുഹാസമുച്ചയത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും. അര്‍ധവൃത്താകൃതിയില്‍ നിലകൊള്ളുന്ന മലയുടെ അടിവാരത്തില്‍ നിരനിരയായി തുരന്നുണ്ടാക്കിയ ഗുഹകളാണിവ. ഓരോ ഗുഹയുടെയും കവാടങ്ങളിലേക്ക് പോവാന്‍ ഇടയ്ക്കിടെ പടവുകള്‍ കയറുകയും ഇറങ്ങുകയും വേണം. മലയടിവാരത്തിലെ പാറകള്‍ തുരന്നാണ് ഗുഹകള്‍ നിര്‍മിച്ചിരിക്കുന്നത്. ശില്പങ്ങളും ചുവര്‍ച്ചിത്രങ്ങളും ഇവയ്ക്ക് ചാരുത നല്കുന്നു. അതീവവൈദഗ്ധ്യത്തോടെ രചിക്കപ്പെട്ട മനോഹരമായ ചുവര്‍ച്ചിത്രങ്ങളുടെ പേരിലാണ് അജന്ത പുറംലോകത്ത് അറിയപ്പെടുന്നത്. ബുദ്ധമതം ഇന്ത്യയില്‍ വലിയ പ്രചാരം നേടിയ കാലത്ത് നിര്‍മിക്കപ്പെട്ട ചൈത്യഗൃഹങ്ങളും വിഹാരങ്ങളുമാണ് ഈ ഗുഹകള്‍. നാല് ചൈത്യഗൃഹവും ബാക്കി വിഹാരങ്ങളും. പ്രാര്‍ഥനയ്ക്കായി നിര്‍മിക്കപ്പെട്ടവയാണ് ചൈത്യഗൃഹങ്ങള്‍. ബുദ്ധസന്ന്യാസിമാര്ക്ക് താമസിക്കുന്നതിനായി പണിതവയാണ് വിഹാരങ്ങള്‍. ക്രിസ്തുവിനുമുന്‍പ് രണ്ടാംനൂറ്റാണ്ടുതൊട്ട് ക്രിസ്തുവിനുശേഷം ഏഴാംനൂറ്റാണ്ടുവരെ ഏകദേശം ആയിരംവര്ഷങ്ങള്കൊണ്ടാണ് ഇവ പണിതതെന്നുവേണം കരുതാന്‍. ചൈത്യഗൃഹങ്ങളില്‍ ബുദ്ധപ്രതിമയുണ്ട്. ചിലതില്‍ സ്തൂപങ്ങളും കാണുന്നു. വിഹാരങ്ങള്‍ക്ക് തളവും അതിനുചുറ്റും മുറികളുമാണുള്ളത്. ഓരോ വിഹാരത്തോട് ചേര്‍ന്നും പ്രാര്ഥനാലയങ്ങള് ഉണ്ട്. ഗുഹകള്‍ക്കകത്ത് മേല്‍ക്കൂരയ്ക്ക് ബലംനല്കുന്നതിനായി കല്‍ത്തൂണുകള്‍ കൊത്തിയിരിക്കുന്നു. നീണ്ട ഇടനാഴികളും ചില ഗുഹകളിലുണ്ട്. അകത്തേക്ക് വെളിച്ചവും കാറ്റും ലഭിക്കുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്.
ഒന്നുമുതല്‍ 29 വരെ ഗുഹകള്‍ക്ക് പുരാവസ്തുവകുപ്പ് നമ്പര്‍ നല്കിയിരിക്കുന്നു. ഈ ഗുഹകള്‍ നിര്‍മിക്കപ്പെട്ട ക്രമത്തിലല്ല ഈ നമ്പറുകള്‍ നല്‍കിയിരിക്കുന്നത്. കിഴക്കുനിന്ന് പടിഞ്ഞാറേക്ക് എന്ന ക്രമത്തിലാണിത്. ഈ നമ്പറുകള്‍ നല്കിയതിനുശേഷം 15,16 ഗുഹകള്‍ക്കിടയില്‍ മറ്റൊരു ഗുഹ കണ്ടെത്തി. മറ്റുഗുഹകളുടെ പേരുകള്‍ മാറ്റാതെ പുതിയ ഗുഹയ്ക്ക് 15എ എന്ന് പേരിടുകയായിരുന്നു. അങ്ങനെ മൊത്തം 30 ഗുഹാനിര്മ്മിതികളാണ് അജന്തയിലുള്ളത്. ക്രിസ്തുവിനുമുന്‍പ് രണ്ടാംനൂറ്റാണ്ടിലാണ് അജന്തയിലെ ആദ്യഗുഹയുടെ നിര്‍മാണം ആരംഭിച്ചത് എന്നുവേണം കരുതാന്‍. പത്താമത്തെ ഗുഹയാണ് ആദ്യം നിര്‍മിക്കപ്പെട്ടതെന്നും ലഭ്യമായ തെളിവുകളില്‍നിന്ന് അനുമാനിക്കാം. ക്രിസ്തുവിനുശേഷം ഒന്നാംനൂറ്റാണ്ടുവരെ ആദ്യഘട്ട നിര്‍മാണങ്ങള്‍ നീണ്ടുനിന്നു. ഇക്കാലത്താണ് 9, 12, 13, 15എ എന്നീ ഗുഹകളും നിര്‍മിക്കപ്പെട്ടത്. ബുദ്ധമതത്തിലെ ഹീനയാനപാരമ്പര്യത്തിന് ഇണങ്ങുന്ന രീതിയില്‍ നിര്‍മിക്കപ്പെട്ടവയാണ് ഈ കാലത്ത് നിര്‍മിക്കപ്പെട്ട ഗുഹകളെല്ലാം. ഡെക്കാന്മേഖലയില് അക്കാലത്ത് അധികാരം കൈയാളിയിരുന്ന ശതവാഹനരാജാക്കന്മാരുടെ പിന്തുണയോടെയാണ് ബുദ്ധസന്ന്യാസിമാര്‍ ഈ ഗുഹകള്‍ നിര്‍മിച്ചത്. പിന്നീട് നാലുനൂറ്റാണ്ടുകള്ക്കുശേഷം കൂടുതല്‍ വിഹാരങ്ങളും ചൈത്യഗൃഹങ്ങളും നിര്‍മിക്കുകയായിരുന്നു.
മഹാരാഷ്ടയിലെ ഇന്നത്തെ അകോല ജില്ലയില്‍ വാത്സഗുല്മ എന്നപേരില്‍ തലസ്ഥാനം സ്ഥാപിച്ച് ഡെക്കാണ് മേഖലയില്‍ ഭരണം നടത്തിയ വകാടക രാജവംശത്തിന്റെ കാലത്തായിരുന്നു ഈ രണ്ടാംഘട്ട നിര്‍മാണങ്ങള്‍. അതേ കാലഘട്ടത്തില്‍ ഉത്തരേന്ത്യയില്‍ അധികാരം കൈയാളിയിരുന്ന ഗുപ്തരാജാക്കന്മാരുമായി വിവാഹങ്ങള്‍ വഴിയും മറ്റും സ്ഥാപിച്ചിരുന്ന വകാടകന്മാര് സമ്പത്തുകൊണ്ടും സൈനികബലംകൊണ്ടും കരുത്തരായിരുന്നു. വകാടകന്മാരുടെ ഉദ്യോഗസ്ഥരും പ്രഭുക്കന്മാരും ഗുഹകളുടെ നിര്‍മാണത്തില്‍ കൈയഴിഞ്ഞ് സഹായിച്ചിരുന്നു. വകാടക രാജാവായിരുന്ന ഹരിസേനയുടെ മന്ത്രി വരാഹദേവയാണ് പതിനാറാമത്തെ ഗുഹ നിര്മിച്ചുകൊടുത്തതെന്ന് ചരിത്രരേഖകളില്‍ കാണുന്നു. ഏഴാംനൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്ന ചൈനീസ് സഞ്ചാരി ഹുയാങ് സാങ്ങിന്റെ കുറിപ്പുകളില്‍ അജന്താ ഗുഹകളെക്കുറിച്ച് വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. 26-ാം ഗുഹയില്‍നിന്ന് എ.ഡി. 450-നും 525-നും ഇടയ്ക്ക് എഴുതപ്പെട്ടതാണെന്ന് കരുതുന്ന ഒരു ശിലാലിഖിതം ലഭിച്ചിട്ടുണ്ട്. ഗുരുവിന് (ബുദ്ധന്) പാര്‍ക്കാനായി പണിതിരുന്ന ഒരു ശിലാഭവനത്തെക്കുറിച്ചാണ് ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഒരുകാര്യം ഉറപ്പിക്കാം. അഞ്ചാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ധവും ആറാംനൂറ്റാണ്ടിന്റെ പൂര്‍വാര്‍ധവും ഉള്‍പ്പെട്ട കാലഘട്ടത്തിലാണ് കലാപരമായും സാങ്കേതികമായും ഏറ്റവും മികച്ച നിര്‍മിതികള്‍ അജന്തയില്‍ നടന്നത്.
ചുവര്‍ചിത്രങ്ങള്‍
ശില്പനിര്മാണത്തിലും ചുവര്ച്ചിത്രരചനയിലും പ്രാചീനഭാരതത്തിലെ കലാകാരന്മാര് പുലര്‍ത്തിയിരുന്ന മികവിന് നിദര്‍ശനമാണ് അജന്താ ഗുഹകള്‍. അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ടതാണ് ക്ലാസിക്കല്‍ സൗന്ദര്യമുള്ള ഇവിടത്തെ ശില്പങ്ങളിലധികവും. ചുവര്‍ച്ചിത്രങ്ങള്‍ പ്രധാനമായും രണ്ടുകാലഘട്ടങ്ങളിലെതാണ്. ഒന്പതാമത്തെയും പത്താമത്തെയും ഗുഹകളില്‍ അവ്യക്തമായി കാണപ്പെടുന്ന ചിത്രങ്ങള്‍ ക്രിസ്തുവിനുമുന്‍പ് ഒന്ന്, രണ്ട് നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ടതാണ്. ബഹുവര്‍ണത്തില്‍ വരയ്ക്കപ്പെട്ട മനുഷ്യരൂപങ്ങളുടെ ശിരോലങ്കാരങ്ങളും ആഭരണങ്ങളും ഉടയാടകളുമെല്ലാം മനോഹരങ്ങളാണ്. നിരന്തര പരിശീലനത്തിലൂടെ വൈദഗ്ധ്യം നേടിയ കലാകാരന്മാരുടെ സൃഷ്ടികളാണ് ഇവയെന്ന് വ്യക്തം. അക്കാലത്തെ ഇന്ത്യന്‍ ചിത്രകലയുടെ അവശേഷിപ്പുകള്‍ ഏറെ വിരളമാണെന്നതും അജന്തയിലെ ചുവര്‍ച്ചിത്രങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. പിന്നെയുള്ള ചിത്രങ്ങള്‍ നാല്, അഞ്ച് നൂറ്റാണ്ടുകളില്‍ വരയ്ക്കപ്പെട്ടതാണെന്നുവേണം കരുതാന്‍. ഒന്ന്, രണ്ട്, 16, 17 ഗുഹകളില്‍ അക്കാലത്തെ ചിത്രങ്ങള്‍ കാണപ്പെടുന്നു. ഈ ഗുഹകളിലെ മേല്‍ക്കൂരയുടെ അടിവശത്തും ചുവരുകളിലും നിറയെ ചിത്രങ്ങളുണ്ട്. വിവിധ കലാകാരന്മാരുടെ സൃഷ്ടികളായതിനാല് നിലവാരത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും പൊതുവേ ഈ ചിത്രങ്ങള്‍ നിറങ്ങളുടെ തിരഞ്ഞെടുപ്പിലും ചേര്‍ച്ചയിലും വരകളുടെ കണിശതയിലും മികവുപുലര്‍ത്തുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഇന്നോളം കണ്ടെത്തിയ ഗുഹാചിത്രങ്ങളില്‍ കലാപരമായ ഔന്നത്യം പുലര്‍ത്തുന്ന സൃഷ്ടികളാണ് അജന്തയിലെത് എന്ന് ഉറപ്പിച്ചുപറയാനാവും. ബുദ്ധന്റെയും ബോധിസത്വന്മാരുടെയും ജീവിതത്തെയും ജാതകകഥകളെയുമാണ് മിക്കചിത്രങ്ങളും വിഷയമാക്കിയിരിക്കുന്നത്. അതേസമയം ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടകാലത്തെ ജനങ്ങളുടെ ജീവിതരീതികള്‍ വ്യക്തമാക്കപ്പെടുന്ന സൃഷ്ടികളും ഏറെയുണ്ട്. അക്കാലത്തെ കൊട്ടാരസദസ്സുകള്‍, കോടതികള്‍, വ്യാപാരകേന്ദ്രങ്ങള്‍, ജനങ്ങളുടെ വസ്ത്രധാരണ രീതികള്‍, ആഭരണങ്ങള്‍ - ഇവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണ നല്കുന്നവയാണ് ഈ ചുവര്‍ച്ചിത്രങ്ങള്‍. മേല്ക്കൂരകള്ക്കുതാഴെ വരയ്ക്കപ്പെട്ട ചിത്രങ്ങള്‍ മിക്കതും ആവര്‍ത്തിക്കുന്ന പാറ്റേണുകളിലാണ്. മരങ്ങളും ചെടികളും പൂക്കളും പഴങ്ങളും മൃഗങ്ങളും പക്ഷികളുമെല്ലാം ഈ പാറ്റേണുകളില്‍ ഉള്ളടങ്ങിയിരിക്കുന്നു. മണ്ണും പാറപ്പൊടിയും സസ്യങ്ങളുടെ നാരും എല്ലാം ചേര്‍ന്ന മിശ്രിതങ്ങള്‍ തേച്ചുപറ്റിച്ച പരുക്കന്പ്രതലത്തിലാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ആദ്യം രൂപങ്ങള്‍ കോറിയശേഷം വിവിധ ഷെയ്ഡുകളിലുള്ള നിറങ്ങള്‍ പുരട്ടുകയായിരുന്നു. പൂക്കളും ഇലയും തോലുമായി സസ്യങ്ങളുടെ വിവിധ ഭാഗങ്ങള്കൊണ്ടുണ്ടാക്കിയെടുത്ത നിറങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെ ഉണ്ടാക്കിയെടുത്ത നിറങ്ങള്‍ ഇന്നും തെളിഞ്ഞുകാണുന്നുവെന്നത് വിസ്മയമായി അവശേഷിക്കുന്നു.
സര്‍വം ബുദ്ധമയം
ഒന്നാമത്തെ ഗുഹയിലേക്ക് നടക്കുമ്പോള്‍തന്നെ പരിചയസമ്പന്നനായ ഗൈഡിനെ ലഭിച്ചു. അജന്തയുടെ ചരിത്രവും ഐതിഹ്യങ്ങളും ഇടകലര്‍ത്തി ലളിതമായ ഹിന്ദിയില്‍ സരസമായി സംസാരിക്കാന്‍ കെല്‍പ്പുള്ള മിശ്രാജി. എല്ലാ ഗുഹകളിലും കയറിയിറങ്ങണം. പക്ഷേ, കൂടുതല്‍ സമയം ചെലവഴിച്ച് വിശദമായി കാണേണ്ടത് ഏഴുഗുഹകളാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്ന്, രണ്ട്, ഒന്‍പത്, പത്ത്, 16, 17, 26 എന്നീ ഗുഹകളാണത്രേ അത്.
ആദ്യഗുഹയിലേക്ക് പ്രവേശിക്കുമ്പോള്‍ കാണുന്നത് ആറ് തൂണുകളുള്ള ഒരു വരാന്തയാണ്. ഉരുളന്‍ തൂണുകളുടെ അടിവശം ചതുരാകൃതിയിലാണ്. അവയ്ക്കുമേല്‍ കൊത്തുപണികളുമുണ്ട്. വരാന്തയില്‍നിന്ന് അകത്തേക്ക് മൂന്ന് വാതിലുകള്‍. നടുക്കുള്ള വാതിലിലൂടെയാണ് സന്ദര്‍ശകരെ അകത്തേക്ക് കടത്തിവിടുന്നത്. അകത്ത് ചെന്നാല്‍ ഇരുട്ട് കാരണം ദൃശ്യങ്ങള്‍ വ്യക്തമായി കാണാനാവില്ല. ഹാളിന്റെ ചുമരിലെ ചിത്രങ്ങള്‍ പ്രകാശമടിച്ച് മങ്ങിപ്പോവാമെന്നതുകൊണ്ട് അകത്ത് ഇലക്ട്രിക് ലൈറ്റുകള്‍ ഒഴിവാക്കിയിരിക്കുന്നു. കാലപ്പഴക്കംകൊണ്ട് മങ്ങിപ്പോയെങ്കിലും മനോഹരമായ ചുവര്‍ച്ചിത്രങ്ങളാണ് നിറയെ. മേല്‍ക്കൂരയിലും ഒരിഞ്ചുപോലും വിടാതെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. കൈയില്‍ താമരയുമായി നില്ക്കുന്ന ബോധിസത്വന്റെ ചിത്രം ഏറെ ശ്രദ്ധേയമാണ്. അജന്താ ഗുഹകളെ പരാമര്‍ശിക്കുന്ന പുസ്തകങ്ങളിലും ടെലിവിഷന്‍ പ്രോഗ്രാമുകളിലും സിനിമകള്ക്കുമുന്പ് കാണിച്ചിരുന്ന ന്യൂസ്റീലുകളിലുമെല്ലാം ചെറുപ്പംമുതലേ കണ്ട് മനസ്സില്‍ പതിഞ്ഞുപോയ ചിത്രമാണിത്. മേല്‍ക്കൂരയില്‍ കാണുന്ന യുദ്ധസന്നദ്ധനായ ആനയുടെ ചിത്രവും സവിശേഷശ്രദ്ധ അര്‍ഹിക്കുന്നു. ജാതകകഥകളുടെ ദൃശ്യങ്ങളും മൃഗങ്ങളും മനുഷ്യരൂപങ്ങളുമായി മിഴിവാര്‍ന്ന ഒട്ടേറെ ബഹുവര്‍ണചിത്രങ്ങള്‍. ഗൈഡ് കൈയിലുള്ള ടോര്ച്ചില്നിന്ന് വെളിച്ചമടിച്ച് ഓരോ ചിത്രങ്ങളും വിശദീകരിച്ചുതന്നു. ഹാളുകളിലെ തൂണുകളില്‍ ലോഭമില്ലാതെ ശില്പങ്ങള് കൊത്തിവെച്ചിരിക്കുന്നു. ഹാളില്‍നിന്ന് അകത്തേക്ക് പ്രവേശിക്കാന്‍ ഉതകുംവിധം ചുറ്റുമായി ചെറിയ മുറികളുമുണ്ട്. ഒത്ത നടുവില്‍ വിരലുകള്‍കൊണ്ട് മുദ്രകാണിച്ച് ധ്യാനനിമഗ്നനായി ഇരിക്കുന്ന ബുദ്ധന്റെ വലിയ ശില്പം. മഹാരാഷ്ടയില്നിന്നുമാത്രമുള്ളവരല്ല ഈ ശില്പങ്ങളും ചിത്രങ്ങളും സൃഷ്ടിച്ച കലാകാരന്മാരെന്നും അക്കാലത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവര്‍ ഇതില്‍ പങ്കാളികളായിട്ടുണ്ടാവാമെന്നും മിശ്രാജി പറഞ്ഞു. കാരണം ഒരേ ശൈലിയിലുള്ളവയല്ല ഈ ഗുഹകളിലെ കലാസൃഷ്ടികള്‍ എന്നതുതന്നെ. ഓരോ ഗുഹയും പാറ തുരന്ന് അതിനുള്ളില്‍ കൊത്തുപണികള്‍ നടത്തി ഉണ്ടാക്കിയതാണെന്നറിയുമ്പോള് അതിന്റെ സ്രഷ്ടാക്കളോട് ബഹുമാനവും ആദരവും തോന്നിപ്പോവും. ഒരുമണിക്കൂറോളം ചെലവഴിച്ചശേഷമാണ് ഒന്നാംഗുഹയില്നിന്ന് പുറത്തിറങ്ങിയത്. അജന്തയിലെ ഏറ്റവും മനോഹരമായ ചൈത്യഗൃഹം ഇതാണെന്ന് ഓരോ ഗുഹയിലെയും ചുവര്‍ചിത്രങ്ങളും ശില്പങ്ങളും അനവധിതവണ കണ്ട കണ്ണുകള്‍ക്കുടമയായ മിശ്രാജിയുടെ സാക്ഷ്യം.

രണ്ടാമത്തെ ഗുഹ ഒന്നാംഗുഹയുടെ മാതൃകയില്‍തന്നെയാണ്. പക്ഷേ, താരതമ്യേന ചെറുതാണ്. മേല്‍ക്കൂരയിലെ ചിത്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. പഴങ്ങളും പക്ഷികളും ഉള്‍പ്പെട്ട ആകര്‍ഷകമായ ഒട്ടേറെ പാറ്റേണുകള്‍ ഇതിലുണ്ട്. ഒന്നാമത്തെ ഗുഹയില്‍നിന്ന് വ്യത്യസ്തമായ പാറ്റേണുകളും ചിത്രങ്ങളുമാണിവ. അജന്തയിലെ ചിത്രങ്ങളില്‍ ഏറ്റവും ഉത്കൃഷ്ടമായവയില് ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുന്നു. ഏറെ സമയമെടുത്ത് വിശദമായിത്തന്നെ ആസ്വദിക്കേണ്ടവയാണ് ഇവ. കലാപരമായി തികഞ്ഞ ഔന്നത്യം പ്രകടമാക്കുന്നവയാണ്. ഈ ഗുഹയിലും ചുവരിന്റെ ഒത്ത നടുവില്‍ ബുദ്ധന്റെ ശില്പം കൊത്തിവെച്ചിരിക്കുന്നു. ഇരുവശത്തും ചാമരം വീശുന്നവരുടെ ശില്പവുമുണ്ട്. ബുദ്ധന്റെ വിവിധ ഭാവത്തിലുള്ള ഒട്ടേറെ മനോഹരചിത്രങ്ങളും ഉണ്ട്. ചുവരുകളിലെ ചിത്രങ്ങള്‍ സന്ദര്‍ശകര്‍ തൊട്ടുനോക്കി കേടുവരുത്തുന്നത് തടയാന്‍ മരത്തടികൊണ്ട് വേലികെട്ടി സംരക്ഷിച്ചിരിക്കുന്നു.
മൂന്നാമത്തെ ഗുഹ അപൂര്‍ണമായ ബുദ്ധവിഹാരമാണ്. വരാന്ത കൊത്തിയുണ്ടാക്കി, പ്രധാന ഹാളിലേക്കുള്ള കവാടവും ഉണ്ടാക്കിയശേഷം ഉപേക്ഷിച്ച മട്ടിലാണിത്. നാലാമത്തെ ഗുഹ അജന്തയിലെ ഏറ്റവും വലിയ ബുദ്ധവിഹാരമാണ്. ചുവര്ച്ചിത്രങ്ങളില്ല. ശില്പങ്ങളും കുറവാണ്. പക്ഷേ, വലിയൊരു ബുദ്ധശില്പമുണ്ട്. വിശാലമായൊരു വിഹാരം നിര്‍മിക്കാന്‍ പദ്ധതിയിട്ടശേഷം പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയതാണെന്നുവേണം കരുതാന്‍. അഞ്ചാമത്തെ ഗുഹയും പൂര്‍ത്തിയാവാത്തതാണ്. ആറാമത്തെത് ഇരുനിലകളുള്ള വിഹാരമാണ്. അകത്തെ ചുവരുകളില്‍ ബുദ്ധന്റെ ചിത്രങ്ങളുണ്ടായിരുന്നെങ്കിലും മാഞ്ഞുപോയിരിക്കുന്നു. ഏഴാമത്തെ ഗുഹ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമായ പ്ലാനിലുള്ള വിഹാരമാണ്. വലിയ ഹാളിനുപകരം രണ്ട് ചെറിയ അറകളാണ് ഇതിലുള്ളത്. എട്ടാമത്തെത് മലയിടിച്ചിലില്‍ മിക്കവാറും തകര്‍ന്നുപോയ വിഹാരവുമാണ്.
ഒന്‍പതാമത്തെ ഗുഹ ശില്പപരമായി ഏറെ പ്രാധാന്യമുള്ളതാണ്. മനോഹരമായി രൂപകല്പനചെയ്ത മട്ടുപ്പാവോടുകൂടിയ ചൈത്യഗൃഹമാണിത്. ഉള്ളില്‍ ഇടനാഴിയും മധ്യഭാഗവും ഉണ്ട്. മധ്യഭാഗത്ത് ഗോളാകൃതിയിലുള്ള ചെറിയ സ്തൂപമുണ്ട്. ക്രിസ്തുവിനുമുന്‍പ് ഒന്നാംനൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതാണ് ഇത്. പക്ഷേ, ചുവരുകളിലെ ബുദ്ധരൂപങ്ങള്‍ പില്ക്കാലത്ത് കൊത്തിയവയാണെന്ന് ചരിത്രകാരന്മാര് പറയുന്നു. ശില്പങ്ങളിലെ ആഭരണങ്ങളും ഉടയാടകളും സാഞ്ചിസ്തൂപത്തിലെ കൊത്തുപണികള്‍ക്ക് സമാനമാണ്. ക്രിസ്തുവിനുമുന്‍പ് രണ്ടാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മിക്കപ്പെട്ട പത്താമത്തെ ഗുഹ അജന്തയിലെ ഏറ്റവും പ്രാചീനമായ ചൈത്യഗൃഹമാണ്. വലിയൊരു സ്തൂപം ഇതിനകത്തുണ്ട്. അജന്തയിലെ ഏറ്റവും പ്രാചീനമായ ചുവര്ച്ചിത്രങ്ങളുള്ളതും ഈ ചൈത്യഗൃഹത്തില്തന്നെ. രാജാവ് തന്റെ പരിവാരങ്ങളോടും സൈനികരോടുമൊപ്പം ബോധിവൃക്ഷത്തിനുമുന്നില് പ്രാര്ഥിക്കാനെത്തുന്നതും മറ്റുമാണ് ഈ ചിത്രങ്ങള്‍ക്ക് വിഷയമാക്കിയിരിക്കുന്നത്. കാലപ്പഴക്കംകൊണ്ടും മറ്റും മങ്ങിപ്പോയതെങ്കിലും കലാപരമായി ഒന്നത്യം പുലര്‍ത്തുന്ന പ്രാചീനചിത്രങ്ങളാണിവ.
പതിനാറാമത്തെ ഗുഹ അജന്തയിലെ ഏറ്റവും മനോഹരമായ വിഹാരങ്ങളില്‍ ഒന്നാണ്. ശില്പവൈദഗ്ധ്യവും കുലീനതയും പ്രകടമായ ഈ വിഹാരം എ.ഡി. 475-നും 500-നും ഇടയ്ക്ക് നിര്‍മിക്കപ്പെട്ടതാണെന്ന് ഇവിടെയുള്ള ശിലാലിഖിതത്തില്നിന്ന് വ്യക്തമാണ്. മനോഹരമായ വാതിലുകളും ജനലുകളും ചിത്രങ്ങളും ശില്പങ്ങളുമെല്ലാം ഇതിന് ചാരുതയേകുന്നു. പക്ഷേ, ചിത്രങ്ങളില്‍ ഏറെയും കാലപ്പഴക്കംകൊണ്ട് മാഞ്ഞുപോയി. ഇരിക്കുന്ന ബുദ്ധന്റെ കൂറ്റന്ശില്പം ഇതിലുണ്ട്. പതിനേഴാമത്തെ ഗുഹയും ശില്പഭംഗികൊണ്ട് ശ്രദ്ധേയമായ വിഹാരമാണ്. വലിയൊരു ബുദ്ധശില്പവും മാഞ്ഞുപോവാതെ അവശേഷിക്കുന്ന മനോഹരമായ ചുവര്‍ച്ചിത്രങ്ങളും ഇതിലുമുണ്ട്. പത്തൊന്‍പതാമത്തെ ഗുഹ താരതമ്യേന ചെറുതാണെങ്കിലും മികച്ച നിര്‍മിതിയാണ്. പുറംചുമരില്‍ വലിയ ശില്പങ്ങളും കൊത്തുപണികളുമുണ്ട്. എ.ഡി. അഞ്ചാംനൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഈ ചൈത്യഗൃഹം അക്കാലത്തെ വാസ്തുശില്പികളുടെ വൈദഗ്ധ്യത്തിന് ഉത്തമ നിദര്‍ശനമാണ്. ബുദ്ധരൂപം കൊത്തിയ സ്തൂപവും മനോഹരമായ ശില്പങ്ങളും അകത്തുണ്ട്. ഈ ശില്പങ്ങളില് യക്ഷനും നാഗദമ്പതികളും നില്ക്കുന്ന ബുദ്ധരൂപവുമെല്ലാം ശ്രദ്ധേയമാണ്. 26-ാമത്തെ ഗുഹ താരതമ്യേന വലുതാണ്. ഉള്ളിലെ വലിയ ബുദ്ധശില്പങ്ങള് ആകര്‍ഷകമാണ്. കട്ടിലില്‍ ചാരിക്കിടക്കുന്ന വലിയ ബുദ്ധന്റെ ശില്പം അപൂര്വതയുള്ളതാണ്. ഏഴുമീറ്ററോളം നീളമുണ്ട് ഇതിന്.
ഇരുളടഞ്ഞ നൂറ്റാണ്ടുകള്‍
ജനവാസകേന്ദ്രങ്ങളില്‍നിന്ന് മാറി മലയടിവാരത്തില്‍ നിര്‍മിക്കപ്പെട്ട ചൈത്യഗൃഹങ്ങളില്‍ പൊതുവേ മഴക്കാലത്തായിരുന്നു ബുദ്ധസന്ന്യാസിമാര്‍ താമസിക്കാനെത്തിയിരുന്നത്. മതപ്രചാരണത്തിനായി ലോകം ചുറ്റിയിരുന്ന സന്ന്യാസിമാര്‍ മഴക്കാലത്ത് ഇവിടെ വന്ന് താമസിക്കുകയായിരുന്നുവത്രേ പതിവ്. പക്ഷേ, ഏഴാംനൂറ്റാണ്ടിനുശേഷം ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ പ്രതാപകാലം അവസാനിച്ചതോടെ സന്ന്യാസിമാരുടെയും വിശ്വാസികളുടെയും വരവ് ക്രമേണ നിലച്ചു. ജനവാസകേന്ദങ്ങളില്നിന്ന് മാറിയുള്ള ഇടമായതിനാല്‍ പുറത്തുള്ളവരുടെ ശ്രദ്ധയും ഇങ്ങോട്ട് തിരിഞ്ഞില്ല. വിജനമായ ഈ പ്രദേശം കാടുകയറി ഉപേക്ഷിക്കപ്പെട്ടു. അങ്ങനെ ഭാരതീയ ശില്പ, ചിത്ര കലാവൈദഗ്ധ്യത്തിന്റെ പ്രതിഫലനമായ അജന്താശില്പങ്ങള് നൂറ്റാണ്ടുകളോളം ഇരുളടഞ്ഞുകിടന്നു. വിലമതിക്കാനാവാത്ത കലാസൃഷ്ടികളില്‍ പലതും ഒളിമങ്ങിപ്പോവുകയോ പൂര്‍ണമായി നശിക്കുകയോ ചെയ്തു.
പിന്നീട് നൂറ്റാണ്ടുകള്‍ക്കുശേഷം കാട്ടില്‍ കടുവയെ വേട്ടയാടാനെത്തിയ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന് ക്യാപ്റ്റന്‍ ജോണ്‍ സ്മിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഗുഹകള്‍ വീണ്ടും കണ്ടെത്തിയത്. 1819-ല്‍ ഔറംഗാബാദിനുസമീപമുള്ള കാട്ടില്‍ വേട്ടയ്ക്കെത്തിയതായിരുന്നു സ്മിത്തും സംഘവും. സ്മിത്ത് പിന്തുടര്ന്നിരുന്ന കടുവ കാടിനുള്ളിലൂടെ പാറക്കെട്ടുകള്ക്കുള്ളിലേക്ക് കയറി. കടുവയുടെ കാല്പാടുകള് പിന്തുടര്‍ന്ന നായാട്ടുസംഘം ഒരു ഗുഹയ്ക്കുള്ളിലേക്കാണെത്തിയത്. ഇരുള്പിടിച്ചുകിടന്ന ഗുഹ പ്രകൃതിദത്തമായതല്ലെന്നും മനുഷ്യനിര്‍മിതമാണെന്നും വ്യക്തമായിരുന്നു. കാടിനുള്ളിലെ പാറക്കെട്ടില്‍ ശില്പികള് കൊത്തിയുണ്ടാക്കിയ തൂണുകളും വരാന്തയും കണ്ടപ്പോള്‍ ക്യാപ്റ്റന്‍ അമ്പരന്നുപോയി. ഉണങ്ങിയ കാട്ടുപുല്ലുകള്‍ പറിച്ച് ചൂട്ടുകെട്ടിയുണ്ടാക്കി കത്തിച്ച് വരാന്തയും കടന്ന് മുന്നോട്ടുപോയപ്പോള്‍ അമ്പരപ്പ് വിസ്മയമായി മാറി. മനോഹരമായ ബുദ്ധസ്തൂപം, ചുവരുകളില്‍ ബഹുവര്‍ണചിത്രങ്ങള്‍, കൊത്തുപണികള്‍... ഇടയ്ക്ക് താഴെ കിടക്കുന്ന ഒരു അസ്ഥികൂടവും കണ്ടു. വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന തന്റെ കത്തി പുറത്തെടുത്ത് ഗുഹയുടെ ചുവരില്‍ സ്മിത്ത് ഇങ്ങനെ എഴുതിവെച്ചു. 'ജോണ്‍ സ്മിത്ത് 28 കാവല്‍റി 28 ഏപ്രില്‍ 1819' ഇന്ന് പത്ത് എന്ന നമ്പര്‍ നല്‍കിയിരിക്കുന്ന ഗുഹയിലേക്കായിരുന്നു സ്മിത്ത് അന്ന് ചെന്നുകയറിയത്.
പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കാട്ടിനുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന മനുഷ്യനിര്‍മിതമായ അദ്ഭുതഗുഹകളെക്കുറിച്ച് കേട്ടറിഞ്ഞ് ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും അങ്ങോട്ടേക്കെത്തിത്തുടങ്ങിയത്. പ്രാചീനമനുഷ്യരുടെ ഏറ്റവും വിസ്മയകരമായ സൃഷ്ടികളിലൊന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇന്ത്യന്‍ ചിത്രകലയുടെ കൈമോശംവന്നുപോയ സുവര്‍ണകാലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. 1920-ല്‍ ഹൈദരാബാദ് നൈസാം അക്കാലത്തെ പ്രസിദ്ധ കലാചരിത്രകാരനായ ഗുലാം യെസ്ദാനിയെ അജന്തയിലെ ചുവര്‍ച്ചിത്രങ്ങളെക്കുറിച്ച് പഠിക്കാന്‍ അങ്ങോട്ടയച്ചു. ഒന്‍പത്, പത്ത് ഗുഹകളിലെ ചിത്രങ്ങള്‍ മിക്കവാറും അപ്പോഴേക്ക് നശിച്ചുകഴിഞ്ഞിരുന്നു. അത് മനസ്സിലാക്കിയ നിസാം ഇറ്റലിക്കാരായ രണ്ട് ഗവേഷകരെ ആ ചിത്രങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള ദൗത്യമേല്‍പ്പിച്ചു. മങ്ങിപ്പോയ ചുവര്‍ച്ചിത്രങ്ങള്‍ക്ക് മിഴുവുണ്ടാക്കാന് അവര്‍ നടത്തിയ പരിശ്രമങ്ങള്‍ പക്ഷേ, അവയ്ക്ക് കൂടുതല്‍ നാശംവരുത്തുകയാണ് ചെയ്തത്. ആ ചിത്രങ്ങള്‍ ഇറ്റാലിയന്‍ ഗവേഷകര്‍ ഉപയോഗിച്ചിരുന്ന രാസമിശ്രിതം പതിച്ച് തീരെ കാണാന്‍കഴിയാത്ത അവസ്ഥയിലായി. ഏറെക്കാലം അതങ്ങനെതന്നെ കിടന്നു. പിന്നീട് 1999-ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഗവേഷണവിഭാഗം തലവനായിരുന്ന രാജ്ദേവ് സിങ് ഈ ചിത്രങ്ങള്‍ വീണ്ടെടുക്കാനുള്ള പരിശ്രമം തുടങ്ങി. ജപ്പാനീസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വര്‍ഷങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായി ഒന്‍പത്, പത്ത് ഗുഹകളിലെ ചിത്രങ്ങളെ മറച്ചിരുന്ന രാസമിശ്രിതത്തിന്റെ 75 ശതമാനവും നീക്കംചെയ്യാന്കഴിഞ്ഞു. രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ വീണ്ടും വെളിച്ചംകണ്ടു.

ഇന്ന് ശരാശരി അയ്യായിരത്തോളം സന്ദര്‍ശകര്‍ ദിനംപ്രതി അജന്ത സന്ദര്‍ശിക്കാനെത്തുന്നുണ്ട്. പടവുകള്‍ കയറിയും ഇറങ്ങിയും വേണം ഓരോ ഗുഹയുടെയും കവാടങ്ങളിലേക്കെത്താന്. ഒരുദിവസം മുഴുവന്‍ വേണ്ടിവരും ഗുഹകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താന്‍തന്നെ. കലാസൃഷ്ടികള്‍ വിശദമായി ആസ്വദിക്കണമെങ്കില്‍ ചുരുങ്ങിയത് മൂന്നുപകലുകളെങ്കിലും ചെലവഴിക്കണം. ഒരിക്കല്‍ കണ്ടുമടങ്ങിയാലും ആ ഗുഹകള്‍, ചുവര്‍ചിത്രങ്ങള്‍, ശില്പങ്ങള് നിങ്ങളെ തിരിച്ചുവിളിച്ചുകൊണ്ടിരിക്കും. നൂറ്റാണ്ടുകള്‍ അതിജീവിച്ച പ്രാചീനസംസ്കൃതിയുടെ സുകുമാരകലാരൂപങ്ങളുടെ കേദാരമാണ് അജന്താ ശില്പങ്ങള്. എത്ര ആസ്വദിച്ചാലും മതിവരാത്ത സൗന്ദര്യപൂരം...
YATHRA TRAVEL INFO

Ajanta
The renowned rock-cut caves of Ajanta. It illustrate the degree of skill and artistry that Indian craftsmen had achieved several hundred years ago. Since 1983, the Ajanta Caves have been a UNESCO World Heritage Site. Ajanta caves consist of 30 Caves including unfinished ones, dating back from 200 BC to 250 AD.
Getting there: By Air: Nearest airport is Aurangabad (108 km). There are daily flights from Mumbai and Delhi. By train: Jalgaon (Aurangabad) is the nearest station (58 km). By Road: Mumbai-Ajanta, via Jalgaon (491 kms), via Pune (100 kms). State transport and luxury buses run from Aurangabad and Jalgaon to Ajanta.
Entry time: 9.00 AM to 5.00 PM. Cave remains closed on Monday
Entry ticket: Indians above 15 years - ` 30, 15 years or under 15 - Free
Contact: Maharashtra Tourism Development Corporation Regional Office, Aurangabad ✆ 0240 2343169
Sights around: Ellora caves (98 km)Ghrishneshwar Jyotirlinga Shiva Temple (99 km)Bibi Ka Maqbara (96 km)Buddha Caves (98 km)Daulatabad (105 km)
Stay: Hotel Padmapani Park ✆ 02438 244 280Agrawals restaurant and lodging ✆ 099756 44484MTDC Ajanta T Junction ✆ 8422822054MTDC Tourist Resort ✆ 1800 22 9930
Content Highlights: Ajantha Caves, Cave Temples of Ajantha, UNESCO world heritage site, Mathrubhumi Yathra