രാജ്യത്തിന്റെ ഇതരഭാഗങ്ങളിലുള്ളവര്‍ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെന്നാല്‍ വികസനം നന്നേ കുറഞ്ഞ കലാ സാംസ്‌കാരിക വിഭവങ്ങള്‍ വിരളമായ ഒരു പ്രദേശമാണെന്നാണ് പൊതുവിലുള്ള ചിന്ത. എന്നാല്‍ ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ എത്തി മ്യൂസിയം സന്ദര്‍ശിക്കുന്നതോടെ ഈ ധാരണ തിരുത്തേണ്ടിവരും. രാജ്യത്തുള്ള ഏതൊരു മികച്ച മ്യൂസിയത്തോടും കിടപിടിക്കുന്നതാണ് ത്രിപുരയിലേത്. 

ത്രിപുരയുടെ തലസ്ഥാനത്ത് വിമാനമിറങ്ങിയത് തിങ്കളാഴ്ചയായതിനാല്‍ സന്ദര്‍ശനം സാധ്യമാവാതിരുന്ന മ്യൂസിയം കാണാനായിരുന്നു ഒരു പകലിലെ യാത്രാ പദ്ധതിയില്‍ ആദ്യ പരിഗണന. ഞാന്‍ താമസിച്ചിരുന്ന ലോഡ്ജില്‍നിന്നു വിളിപ്പാടകലമേയുള്ളൂ. വൈകുന്നേരം വരെ സമയം ലഭിക്കുമെന്നതിനാല്‍ മറ്റു ചില കാഴ്ചകളെല്ലാം കണ്ടശേഷമായിരുന്നു ഉച്ചക്ക് മ്യൂസിയത്തിലേക്ക് പുറപ്പെട്ടത്. ലോഡ്ജിന് സമീപമുള്ള കവലയില്‍നിന്നാല്‍ ദൂരെ തലയുയര്‍ത്തി നില്‍ക്കുന്ന മ്യൂസിയത്തിന്റെ എടുപ്പുകാണാം.

വടക്കുകിഴക്കന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന ആരും കണ്ടിരിക്കേണ്ട ഒന്നാണ് ഈ മ്യൂസിയം. രാവിലെ 11 മുതല്‍ അഞ്ചുമണിവരെയാണ് സന്ദര്‍ശന സമയം.
വൈകിട്ട് ആറരക്ക് സന്ദര്‍ശകരെയെല്ലാം പുറത്താക്കി മ്യൂസിയം അടക്കും. 15 രൂപയാണ് പ്രവേശന ഫീസ്. ബാഗ് ക്ലോക്ക്‌റൂമില്‍ ഏല്‍പ്പിച്ച് കവാടം കടന്നു. താജ്മഹലിലേക്ക് പ്രവേശിച്ച പ്രതീതി. ദൂരെയായി പൂന്തോട്ടത്തിന് പിന്നില്‍ വെണ്ണക്കല്ലില്‍ നിര്‍മിച്ച മനോഹരമായ കെട്ടിടം.

താഴത്തെ നിലയിലൂടെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. അകത്തു കടന്നപ്പോഴാണ് പേനയും കടലാസും എടുക്കാതിരുന്നത് അബദ്ധമായെന്ന് തോന്നിയത്. ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നതിനാല്‍ അത് വലിയ നഷ്ടമാണ് വരുത്തിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജീവിതം അപ്പാടെ പുനര്‍സൃഷ്ടിച്ചിരിക്കുന്നതാണ് ഈ മ്യൂസിയം. അവരുടെ ജീവിതം, സംസ്‌കാരം, തൊഴില്‍, സാമൂഹിക ഇടപെടലുകള്‍, ആഘോഷങ്ങള്‍... തുടങ്ങി ഇല്ലാത്തതായി ഒന്നുമില്ല. ജനങ്ങളുടെ ചരിത്രത്തിലേക്കും വിവിധ കാലത്ത് എത്തിച്ചേര്‍ന്നവരുടെ ജീവിതരീതികളും സാംസ്‌കാരിക ഔന്ന്യത്യവുമെല്ലാം തൊട്ടറിയാന്‍ ഇതിലൂടെ സാധിക്കും. കലാരൂപങ്ങള്‍, രംഗാവിഷ്‌കാരങ്ങള്‍, വിവിധ ഗോത്രങ്ങളുടെ തനത് ജീവിതക്കാഴ്ചകള്‍, വസ്ത്രധാരണം, നദകള്‍, മലകള്‍, പര്‍വതങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, പൗരാണികമായ ആരാധനാലയങ്ങള്‍...

agarthala museum

അസം, ത്രിപുര, മേഘാലയ, മിസോറാം, നാഗാലാന്റ്, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ എന്നീ ഏഴ് സഹോദരിമാരെ (സെവന്‍ സിസ്‌റ്റേഴ്‌സ്) ക്കുറിച്ച് അറിയേണ്ടതും കാണേണ്ടതുമെല്ലാം ഇവിടെയുണ്ട്. ആയുധങ്ങള്‍, ആചാരങ്ങള്‍, വിശേഷദിനങ്ങളിലെ അനുഷ്ഠാനങ്ങള്‍ എന്നിവയ്ക്കു പുറമെ ഇത്തരത്തിലുള്ള മറ്റൊരു മ്യൂസിയത്തിലും കാണാത്ത യുദ്ധരംഗവും ഇതിന്റെ ചുവരുകള്‍ക്കുള്ളിലുണ്ട്.

ഇന്തോ-പാക് യുദ്ധത്തിന് അവസാനം കുറിച്ച് പാകിസ്താൻ കീഴടങ്ങുന്നതിന്റെ ദൃശ്യാവിഷ്‌കാരം നേരിട്ടുകാണുന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ഇരു രാജ്യങ്ങളുടെയും പട്ടാള ജനറല്‍മാര്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടുന്ന രംഗം ആര്‍ക്കും മറക്കാനാവില്ല. ഇന്ത്യയോട് പരാജയപ്പെട്ടതിന്റെ കുണ്ഠിതം പാക് സൈനിക ഉദ്യോഗസ്ഥരുടെ മുഖങ്ങളില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. കീഴടങ്ങിയതായി അറിയിക്കുന്ന കടലാസില്‍ ഇന്ത്യന്‍ ലഫ്. ജന. ജഗജിത് സിങ്ങിന്റെ സാന്നിധ്യത്തില്‍ പാക് ലഫ്. ജന. ആമിര്‍ നിയാസി ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഒപ്പിടുമ്പോള്‍ ഇരുരാജ്യങ്ങളിലെയും പട്ടാള ഉദ്യോഗസ്ഥര്‍ ആ നിമിഷത്തിന് സാക്ഷിയാവുന്നതും ജീവന്‍തുടിക്കുന്ന രീതിയിലാണ് സാക്ഷാത്കരിച്ചിരിക്കുന്നത്.

ഏഴു സംസ്ഥാനങ്ങളുടെയും വേറിട്ട ഭൂപടങ്ങള്‍ക്കൊപ്പം മംഗ്ലോയിഡ് വംശത്തിന്റെ വേരുകള്‍ ആഴ്ന്നുകിടക്കുന്ന ചൈനയും ഇന്തോനേഷ്യയും മ്യാന്‍മറും വിയറ്റ്‌നാമുമെല്ലാം ഉള്‍പ്പെട്ട വിശാലമായ ഒരു ഭൂപ്രദേശത്തിന്റെ ഭൂപടങ്ങളും ഇവിടെ കാഴ്ചക്കാര്‍ക്ക് ആ ജനതയുടെ സമഗ്ര ചരിത്രം ബോധ്യപ്പെടാന്‍ ഉപകരിക്കുന്നതാണ്.ചൈനയിലെ യുവാങ് പ്രദേശത്തിന്റെ സൗന്ദര്യവും ഇവിടെ ചിത്രങ്ങളിലൂടെ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രദേശം ഭരിച്ച രാജവംശത്തിന്റെ ചരിത്രവും ഓരോ സംസ്ഥാനത്തിന്റെയും ഔദ്യോഗിക പക്ഷി, മൃഗം തുടങ്ങി എല്ലാം ഇവിടം സന്ദര്‍ശിക്കുന്നതിലൂടെ ചരിത്ര കുതുകികള്‍ക്കും സഞ്ചാരികള്‍ക്കും തൊട്ടറിയാനാവും.

agarthala museum
ഇന്ത്യയില്‍ ഈ പ്രദേശങ്ങളെക്കുറിച്ചും സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ചും ഇത്രത്തോളം വിശദമായ ഒരു ചരിത്രാഖ്യായിക മറ്റൊരിടത്തുനിന്നും ലഭിക്കുമോയെന്നു സംശയമാണ്. മ്യൂസിയത്തിന് മുന്നില്‍ പാറുന്ന ദേശീയപതാകയുടെ ഉയരവും ഗാംഭീര്യവുമെല്ലാം ഏതോരാളെയും അവിടെ കയറാന്‍ പ്രേരിപ്പിക്കുന്നതാണ്.
 
മ്യൂസിയമാക്കിയത് ഉജ്ജയന്ത പാലസ്

ത്രിപുര ഭരിച്ചിരുന്ന മഹാരാജ രാധ കിഷോര്‍ മാണിക്യനാണ് 1901-ല്‍ ഈ വെണ്ണക്കല്‍ നിര്‍മിതി പൂര്‍ത്തീകരിച്ചത്. 1899-ല്‍ നിര്‍മാണം തുടങ്ങിയ ഉജ്ജയന്ത പാലസ് ഇന്ന് ത്രിപുര സ്റ്റേറ്റ് മ്യൂസിയമാണ്. 1970 ജൂണ്‍ 22-നാണ് വടക്കു കിഴക്കന്‍ മേഖലയുടെ ബഹുമുഖ സംസ്‌കാരം പരിചയപ്പെടുത്താനായി മ്യൂസിയത്തിന് തുടക്കമിട്ടത്. 2013 സെപ്തംബര്‍ 26-നാണ് മ്യൂസിയം കൂടുതല്‍ സൗകര്യാര്‍ഥം ഉജ്ജയന്ത പാലസിലേക്ക് മാറ്റി പ്രതിഷ്ഠിച്ചത്. പ്രത്യേകമായി സജ്ജമാക്കിയ നാലു ഹാളുകള്‍, 22 പ്രദര്‍ശന ഗ്യാലറികള്‍ എന്നിവ ഈ മ്യൂസിയത്തിന്റെ പ്രത്യേകതയാണ്.അപൂര്‍വമായ പുരാവസ്തുക്കള്‍, ചരിത്രപ്രാധാന്യമുള്ള ശിലരേഖള്‍, പെയിന്റിങ്ങുകള്‍, ഗോത്രവര്‍ഗ സംസ്‌കാരം വിളിച്ചോതുന്ന ഈടുവയ്പ്പുകള്‍ ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു.

79 ശിലാലിഖിതങ്ങള്‍, 141 കളിമണ്‍ ഫലകങ്ങള്‍, സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയില്‍ നിര്‍മിച്ച 774 നാണയങ്ങള്‍, ചെമ്പുതകിടിലുള്ള 10 ലിഖിതങ്ങള്‍, ഒന്‍പത് ശിലാലിഖിതങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെ  1,406 എണ്ണമാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 58 എണ്ണഛായ ചിത്രങ്ങള്‍, 102 തുണിത്തരങ്ങള്‍, 63 സ്‌കെച്ചുകളും ഡ്രോയിങ്ങുകളും 197 ആഭരണങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ മ്യൂസിമാണിത്. 10 കോടി രൂപ ചെലവഴിച്ച് മ്യൂസിയത്തെ ഭൂകമ്പ പ്രതിരോധശേഷിയുളളതാക്കി മാറ്റിയിട്ടുണ്ട്.

ഒരു ചതുരശ്ര കിലോമീറ്റര്‍(250 ഏക്കര്‍) വിസ്തൃതിയിലാണ് അഗര്‍ത്തല നഗരമധ്യത്തില്‍ ഉജ്ജയന്ത പാലസ് മാണിക്യ രാജാവ് സാക്ഷാത്കരിച്ചത്. ഡര്‍ബാര്‍ ഹാള്‍, സിംഹാസന മുറി, ലൈബ്രറി, റിസപ്ഷന്‍ ഹാള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ നിര്‍മിതി മാര്‍ട്ടിന്‍ ബേണ്‍ കമ്പനിക്ക് കീഴില്‍ സാക്ഷാത്കരിച്ചത് ആര്‍കിടെക്ടായ സര്‍ അലക്‌സാണ്ടര്‍ മാര്‍ട്ടിനാണ്.

മ്യൂസിയത്തില്‍നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ ആറര ആവാറായിരുന്നു. ത്രിപുരയിലെ ദിനങ്ങള്‍ അവസാനിക്കുകയാണ്. അടുത്ത ലക്ഷ്യം മിസോറാമാണ്. എങ്ങനെയാണ് അങ്ങോട്ട് എത്താനാവുകയെന്ന് കാര്യമായ അറിവൊന്നുമുണ്ടായിരുന്നില്ല. പലരോടും അന്വേഷിച്ചു. മിസോറാം തലസ്ഥാനമായ ഐസ്വാളിലേക്ക് അഗര്‍ത്തലയില്‍നിന്ന് എത്താനാവില്ലെന്ന് ഉറപ്പായി. ട്രാന്‍സ്‌പോര്‍ട്ട് ബസ് കിട്ടുമെന്നും ടാറ്റാസുമോയില്‍ എത്തിച്ചേരാനാവുമെന്നും ചിലര്‍ പറഞ്ഞെങ്കിലും ആ നാട്ടുകാരില്‍ മിക്കവര്‍ക്കും ഐസ്വാളുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണങ്ങള്‍ക്കൊടുവില്‍ ബോധ്യപ്പെട്ടു.

ഐസ്വാളിലേക്കുള്ള തുമ്പു തേടി വീണ്ടും നാഗര്‍ജ്വാല ബസ് സ്റ്റാന്റിലേക്ക് ചെന്നു. ഇന്നത്തെ പകല്‍ മുഴുവന്‍ മൊബൈല്‍ പണിമുടക്കിലായിരുന്നു. റെയ്ഞ്ചിന് എന്തോ പ്രശ്‌നം. സ്റ്റാന്റിനു സമീപത്തുള്ള മൊബൈല്‍ കട നടത്തിപ്പുകാരനായ പോളായിരുന്നു പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയത്. ത്രിപുരയില്‍ എത്തിയത് മുതല്‍ മൊബൈല്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. അതിര്‍ത്തി സംസ്ഥാനമായതിനാല്‍ പുറത്തുനിന്നുളള സിമ്മുകള്‍ക്ക് നിയന്ത്രണമുള്ളതുകൊണ്ടായിരിക്കാമെന്നായിരുന്നു കരുതിയത്. എന്തായാലും പോള്‍ ആ പ്രശ്‌നത്തിന് താല്‍കാലിക പരിഹാരമുണ്ടാക്കിയത് ഉപകാരമായി.

agarthala museum


പോളിന്റെ കടയില്‍നിന്ന് ഇറങ്ങി. അഗര്‍ത്തല റെയില്‍വേ സ്‌റ്റേഷന്‍ അര കിലോമീറ്റര്‍ എന്ന ബോര്‍ഡ് കണ്ടു. ആ ദിശയില്‍ ഒരു കിലോമീറ്ററില്‍ അധികം നടന്നിട്ടും എത്താനായില്ല. നാളെ രാവിലെ നഗരത്തോട് യാത്ര പറയേണ്ടതിനാല്‍ റെയില്‍വേ സ്റ്റേഷന്‍ എവിടെയാണെന്ന്
അറിഞ്ഞിരിക്കാനായിരുന്നു ആ സാഹസം. വഴിയാത്രക്കാരില്‍ ഒന്നുരണ്ടു പേരോട് ചോദിച്ചതോടെയാണ് സ്‌റ്റേഷന്‍ മൂന്നു നാലു കിലോമീറ്റര്‍ അകലെയാണെന്ന് ബോധ്യമാവുന്നത്.

നാഗര്‍ജല ബസ് സ്റ്റാന്റിലേക്ക് തിരിച്ചെത്തി. ഐസ്വാളിലേക്ക് ബ്‌സുകള്‍ ഓടുന്നുണ്ടോയെന്ന് അറിയാനായി ഷെയറിങ് ഓട്ടോയില്‍ അഗര്‍ത്തലയിലെ പ്രധാന ബസ് സ്റ്റാന്റായ ചന്ദ്രാപൂരിലേക്ക് പുറപ്പെട്ടു. താമസിക്കുന്ന ലോഡ്ജ് സ്ഥിതിചെയ്യുന്ന വഴിയിലൂടെയാണ് മോട്ടോര്‍ സ്റ്റാന്റ് മേഖലക്ക് സമീപത്തെ ബസ് സ്റ്റാന്റിലേക്ക് എത്തിച്ചേര്‍ന്നത്. രാത്രി എട്ടര മണിയായിരിക്കുന്നു. ആ പ്രദേശം ഏറെക്കുറെ വിജനമായിരുന്നു. ഒരു കടപോലും തുറന്നിട്ടതായി കണ്ടില്ല. ബസ് സ്റ്റാന്റ് ടെര്‍മിനലിന്റെ മതില്‍ക്കെട്ടിനകത്തേക്ക് കടന്നു. ഒന്നോ, രണ്ടോ ബസുകള്‍ മാത്രം. എങ്ങോട്ടോ പോകേണ്ടവ. അവിടെ കണ്ട മൂന്നു നാലു പേരോട് ഐസ്വാളിനെക്കുറിച്ച് ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം കിട്ടിയില്ല. സില്‍ച്ചാറിലൂടെയാണ് പോകേണ്ടതെന്നതിനാല്‍ ആ നഗരത്തിലേക്ക് പുറപ്പെടുന്ന ബസിനെക്കുറിച്ചു ചോദിച്ചെങ്കിലും ത്രിപുര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ആ റൂട്ടിലൊന്നും സര്‍വിസ് നടത്തുന്നുണ്ടായിരുന്നില്ല. നിരാശനായി തിരിച്ചുപോന്നു.ബസ് സ്റ്റാന്റില്‍ കണ്ടുമുട്ടിയ ചിലരായിരുന്നു ത്രിപുര മ്യൂസിയത്തിന് അല്‍പം അകലെയായുളള രവീന്ദ്രനാഥ് ടാഗോര്‍ ഭവന് മുന്നില്‍നിന്ന് രാവിലെ ടാറ്റാസുമോകള്‍ പോകുമെന്ന് അറിയിച്ചത്. സൈക്കിള്‍റിക്ഷയില്‍ അങ്ങോട്ട് പുറപ്പെട്ടെങ്കിലും എത്തുപിടിയും കിട്ടിയില്ല.

ചുറ്റിക്കറങ്ങി രാവ് ഒരുപാടായിരിക്കുന്നു. താഴുവീണ കടകള്‍ നിറഞ്ഞ വിജനമായ വഴിയിലൂടെ നടന്നു. ഇന്നലെ രാത്രി സമൂസകഴിച്ച ആ കടയില്‍ ചെന്നു. നാടന്‍സോസൊഴിച്ച ആ സമൂസയുടെ രുചി കൊതിപ്പിക്കുന്നു. ഖരം... ഖരം... സമൂസ. ഇല്ല, അവിടെ കച്ചവടം അവസാനിച്ചിരിക്കുന്നു. ഏതാനും പേര്‍ മങ്ങിയ വെളിച്ചത്തില്‍ സമൂസ തിന്നുന്നത് കൊതിയോടെ നോക്കി മടങ്ങേണ്ടിവന്നു. ആ റോഡ് മുഖ്യപാതയില്‍ മുട്ടുന്നിടത്തായിരുന്നു പുഴുങ്ങിയ താറാവുമുട്ടയുമായി ഒരാള്‍ നിന്നത്. ഉപ്പിനൊപ്പം വലിയുള്ളിയും മുളകും അരിഞ്ഞിട്ട ആ താറാവുമുട്ടകള്‍ക്ക് നല്ല രുചി. കുറച്ചുകൂടി നടന്നപ്പോള്‍ ചനചോര്‍കൂടി ശാപ്പിട്ടതോടെ എരിച്ചിലിന് ആശ്വാസമായി. മുറിയില്‍ മടങ്ങിയെത്തി അഗര്‍ത്തലയിലെ അവസാനത്തെ രാത്രിയിലേക്ക് പ്രവേശിച്ചു.

നഗരഹൃദയത്തില്‍നിന്ന് അഞ്ചര കിലോമീറ്റര്‍ മാറിയാണ് അഗര്‍ത്തല റെയില്‍വേ സ്റ്റേഷന്‍. പടിഞ്ഞാറന്‍ ത്രിപുരയിലെ ബദര്‍ഘാട്ടിലാണ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. സമയം 5.45 ആയിരിക്കുന്നു. ഓട്ടോക്കാരോട് പേശാന്‍ നില്‍ക്കാതെ 80 രൂപ മുടക്കി പുറപ്പെട്ടു. ഒരാള്‍ നൂറും മറ്റൊരാള്‍ 150 ആവശ്യപ്പെട്ടിടത്ത് ആശ്വസിക്കാവുന്ന നിരക്ക്.

Content Highlights: Agarthala Museum travelogue, North East Travel, Tripura travel