ഡാൻഡേലിയിൽനിന്ന് സാത്തോഡ് വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു. ഡാൻഡേലി ബൈക്കിലാണ് കറങ്ങിയത്.  ആ ക്ഷീണം കാരണം ബസിലിരുന്നു ഒന്നു മയങ്ങിപ്പോയി.  പുതിയ കാഴ്ചകളായിട്ടും കൺപോളകൾ അടഞ്ഞു. അതൊരു സ്വപ്നത്തിലേക്കുള്ള വാതിൽ തുറന്നു. ഒരാഫ്രിക്കൻ ഭൂമികയാണ് സ്വപ്നത്തിന്റെ തിരശ്ശീലയിലെത്തിയത്.  ചുറ്റുവട്ടം ശൂന്യമായ ഭൂമിക്കു നടുവിലൂടെ അനന്തമായൊരു മൺപാത. ആ വഴിയിൽ അമ്മയുടെ കൈപിടിച്ചൊരു നിഷ്കളങ്ക ബാല്യം. ചുരുണ്ടമുടിയും ഫ്രോക്കുമിട്ട് ഉല്ലാസവതിയായൊരു പെൺകുട്ടി. കുട്ടിയെ സ്കൂളിൽ കൊണ്ടുവിടുകയാണമ്മ.

 ബസ് എവിടെയോ നിന്നു. ബഹളം വെച്ച് കുട്ടികൾ ബസിലേക്ക് ഇടിച്ചുകയറാൻ തുടങ്ങി. എല്ലാം ആഫ്രിക്കൻ കുട്ടികൾ. സ്വപ്നത്തിന്റെ തുടർച്ച പോലെ. സ്പ്രിങ് പോലെ ചുരുണ്ട മുടിയുള്ള കുട്ടികളുടെ കറുപ്പിനഴകിൽ ചിരിയുടെ വെൺമ. മറുചിരിയും ചെറുചോദ്യങ്ങളുമായി ചങ്ങാത്തം കൂടാൻ നോക്കി. ഭാഷ ഒരു പ്രശ്നമായതുകൊണ്ട് ചിരിസൗഹൃദം തന്നെ തുണ.

യെല്ലാപ്പുരിൽ ബസിറങ്ങി. അവിടെയും നിറയെ ആഫ്രിക്കക്കാർ. വിദ്യാഭ്യാസമുള്ളവരെന്നു തോന്നിയ കോളേജുകുമാരിമാരോട് കാര്യം തിരക്കി. സിദ്ധി വംശജരായ കർണാടകയുടെ ആദിവാസികളാണ് ഇവർ. പണ്ടെങ്ങാണ്ട് പോർച്ചുഗീസുകാർ അടിമകളായി കൊണ്ടുവന്നവർ. രക്ഷപ്പെട്ടു കാട്ടിലഭയം പ്രാപിച്ചു. അവരുടെ പിൻമുറക്കാർ കർണാടകയിലും ഗുജറാത്തിലും ഇപ്പോഴും ഉണ്ട്. കർണാടകയിലെ യെല്ലാപ്പുർ അവരുടെ ഒരു ലോകമാണ്.

Sidhie 1

 

രാത്രി കിടക്കുന്നതിനു മുൻപ് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി സിദ്ധികളെപ്പറ്റി ഒന്നന്വേഷിച്ചേക്കാമെന്നു കരുതി. ഒരു വഴിക്കു പോകുന്നതല്ലേ ചില തെളിവുകൾ കിടന്നോട്ടെ. പോലീസ് സ്റ്റേഷനിൽ ചെന്നപ്പോഴുണ്ട് ആജാനുബാഹുവായ ഒരു സിദ്ധി കുന്തിച്ചിരിക്കുന്നു. ശത്രുപക്ഷത്തിലെന്നോണം കുഞ്ഞിനെയും ഒക്കത്തേന്തി ഒരു സ്ത്രീയും അവരുടെ അച്ഛനും അമ്മയും. ഫോട്ടോഗ്രാഫർ സജിക്ക് അൽപസ്വൽപം കന്നഡ അറിയാം. അറിയാവുന്ന കന്നഡയിൽ അവൻ സംസാരിച്ചപ്പോൾ കാര്യം പിടികിട്ടി. ഭർത്താവിന്റെ പീഡനം കാരണം പരാതി നൽകിയതാണ്. ഇരു കൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതാണ്.

 ഇതാണ്‌ ഇവന്മാരുടെ സ്വഭാവം. മിക്ക പുരുഷന്മാരും വെള്ളമടിച്ച് പ്രശ്നമുണ്ടാക്കുന്നവരാണ്. നിങ്ങൾക്കേതായാലും ഒരു ഊരിന്റെ തലവനെ പരിചയപ്പെടുത്തിത്തരാം. അങ്ങനെ അവരു തന്ന മൊബൈലിൽ ഞങ്ങൾ ഒരു സിദ്ധി ഊരിന്റെ നായകനെ പരിചയപ്പെട്ടു. നാളെ കാലത്ത് വന്നാൽ ഗ്രാമം കാണാം ഫോട്ടോയെടുക്കാം എന്നെല്ലാം അയാൾ സമ്മതിച്ചു.

 പിറ്റേന്ന് കാലത്ത് യെല്ലാപ്പുരിൽനിന്ന് അഞ്ചാറ് കിലോമീറ്റർ അകലെയുള്ള ഒരു സിദ്ധി ഗ്രാമത്തിൽ ഞങ്ങളെത്തി. ഒരു ബൈക്കിലായിരുന്നു യാത്ര. സജിയുടെ പരിചയത്തിൽപ്പെട്ട ഒരാളുടെ ബന്ധുവിന്റെ ബന്ധുവായ ഒരാളെയും ഇതിനകം തപ്പി പിടിച്ചിരുന്നു. അവന്റെ ബൈക്കിലായിരുന്നു യാത്ര. ഊരിന്റെ തലവന്റെ വീട്ടിൽ തന്നെ ആദ്യം പോയി. പക്ഷേ, അയാളവിടെ ഉണ്ടായിരുന്നില്ല. ആർക്കോ പരിക്കുപറ്റി ഹോസ്പിറ്റലിലായതു കാരണം അങ്ങോട്ട് പോയതാണ്. എന്നിരുന്നാലും ഞങ്ങളാ വീട്ടിൽ കയറി. മുറി കന്നഡയിൽ സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കുന്നതിനിടയിൽ കുറച്ചു ഫോട്ടോയുമെടുത്തു.

 വിവരമറിഞ്ഞ് ഊരിലെ മറ്റു വീടുകളും അങ്ങോട്ടെത്താൻ തുടങ്ങി. പത്രപ്രവർത്തകനാണെന്നറിഞ്ഞതും അവരുടെ മട്ടുംഭാവവും മാറാൻ തുടങ്ങി. അങ്ങിങ്ങായി അടക്കം പറച്ചിലുകൾ, ചീത്തപറച്ചിലുകൾ രംഗം മാറുന്നു എന്തോ പന്തികേടുകൾ മണക്കുന്നു. ‘‘ഹും നിങ്ങൾ പത്രപ്രവർത്തകരും സർക്കാരുമെല്ലാം ഞങ്ങളെ പറ്റിക്കുകയാണ്. അങ്ങനെയിപ്പോ പടമെടുത്ത് ഞങ്ങളെ വിറ്റ് കാശാക്കേണ്ട.’’ വീട്ടിനുള്ളിൽ അതുവരെ ചടഞ്ഞിരുന്ന യുവാവ് രംഗത്തെത്തി. വേഗം സ്ഥലം കാലിയാക്കിക്കോ ഈ പടമൊന്നും പത്രത്തിലിട്ടേക്കരുത്. അയാൾ താക്കീത് ചെയ്തതോടെ അതുവരെ ശാന്തരായിരുന്ന സ്ത്രീകളുടെ ശബ്ദവും ഉയരാൻ തുടങ്ങി. കൊടുവാളും അരിവാളുമെല്ലാം അടുത്തുണ്ട്. ഇനിയും നിന്നാൽ കിട്ടിയ പടവും ഒരു പക്ഷേ, ക്യാമറ തന്നെയും നഷ്ടമായേക്കും. തടി ഊരുന്നതു തന്നെ ബുദ്ധി.

 മോട്ടോർ സൈക്കിളിൽ മൂന്നുപേരും കൂടി അള്ളിപ്പിടിച്ചിരുന്ന് അവിടെനിന്ന് പറപറന്നു. പോകുന്ന വഴിക്കുണ്ട് സൈക്കിളിൽ ഒരു സിദ്ധി വിദ്യാർഥി. അവൻ സ്കൂളിലേക്കാണ്. സൈക്കിൾ ചവിട്ടുന്നത് ഏതോ ഉന്നതകുലജാതൻ. സിദ്ധി പയ്യൻ പിന്നിലിരിപ്പാണ്. ബൈക്കിലിരുന്ന് ക്യാമറയെടുത്തപ്പോൾ അവന് കാര്യം പിടികിട്ടി. ഞങ്ങളിൽ നിന്ന് അവന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു പിന്നെ. സൈക്കിൾ ആഞ്ഞുചവിട്ടാൻ തുടങ്ങി. മുഖം തിരിച്ച് ആ സിദ്ധിപയ്യനും. തന്റെ കൂട്ടുകാരനെ ഒരു കാഴ്ചവസ്തുവാക്കുന്നതിലുള്ള പത്രപ്രവർത്തകന്റെ കൗതുകത്തെ ആഞ്ഞുചവിട്ടി മറികടക്കാനുള്ള ആ സൗഹൃദശക്തിയെ മനസ്സുകൊണ്ട് നമിച്ചു പോയി.

 യെല്ലാപ്പുരിലെത്തി. ഒരു കോളനിയുടെ കൃത്യമായൊരു ചിത്രം കിട്ടാത്തതുകൊണ്ട് മനസ്സിന് അടങ്ങിയിരിക്കാനാവുന്നില്ല. മറ്റൊരു കോളനി ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടങ്ങി. അതും യെല്ലാപ്പുരിൽനിന്ന് ഒരഞ്ചു കിലോമീറ്റർ പരിധിയിൽ തന്നെയായിരുന്നു. ഇത്തവണ പത്രപ്രവർത്തകരുടെ ലേബലു മാറ്റിവെച്ചു. പകരം കേരളത്തിൽനിന്നുള്ള സിനിമാക്കാരാണെന്നു പറഞ്ഞ് പരിചയപ്പെടുത്തി. സിദ്ധികളുടെ ജീവിതപശ്ചാത്തലത്തിൽ ഒരു സിനിമയെടുക്കുന്നുണ്ട് അതുകൊണ്ട് കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി വന്നവരാണെന്നു പറഞ്ഞാണ് പരിചയപ്പെട്ടത്. സിനിമയെന്നു കേട്ടാൽ ഏതു വിപ്ലപകാരിയുമൊന്ന് അടങ്ങും.

Sidhie 3

അതേ അതുകൊണ്ട് തന്നെയാവാം ഞങ്ങൾക്കവിടെ ഗംഭീര സ്വീകരണമായിരുന്നു. വീടിനകത്ത് കയറ്റി പഴയ ഫോട്ടോകൾ കാട്ടിത്തന്നു. ഊരിന്റെ നേതാവിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. എല്ലാ ഊരിനും ഒരു നേതാവിനെ പോലീസുകാർ തന്നെ അംഗീകരിച്ചിട്ടുണ്ട്. അത്യാവശ്യ ക്രമസമാധാനപ്രശ്നമൊക്കെ അവരു തന്നെ കൈകാര്യം ചെയ്യും. അതിന്റെ അടയാളമായി പോലീസ് സ്റ്റേഷനിൽ നിന്ന് നൽകിയ സർട്ടിഫിക്കറ്റ് വീടിന്റെ ഉമ്മറത്ത് തൂക്കിയിട്ടിട്ടുണ്ട്. ഊര് മൂപ്പൻ പറഞ്ഞിട്ടും കേൾക്കാത്ത കേസാണെങ്കിലേ പോലീസിൽ പറയേണ്ടതുള്ളൂ. സിനിമാക്കാരാണെന്നു കേട്ടപ്പോൾ അയാൾക്കും വലിയ ബഹുമാനം. തന്റെ കലാപരമായ കഴിവുകൾ പുറത്തെടുത്ത് ഞങ്ങളെയൊന്ന് ഇംപ്രസ് ചെയ്യാനും  മറന്നില്ല. ആദിവാസി നൃത്തവുമായി ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ പോയതിന്റെ ഫോട്ടോകളും കാട്ടിത്തന്നു. സിദ്ധികളെപ്പറ്റി അറിവുള്ള കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചു.

 ആഫ്രിക്കൻ വംശജരായ സിദ്ധികളുടെ ഏതാണ്ട് 50000-ത്തോളം ആളുകൾ ഇന്ത്യയിലുണ്ട്. 400 വർഷങ്ങൾക്കപ്പുറത്ത് കർണാടക കാടുകളിൽ അഭയം പ്രാപിച്ചവരുടെ പിൻതലമുറ ഇന്ന് ഉത്തരകന്നഡയിലെ യെല്ലാപ്പുർ, ഹളിയാൽ, അങ്കോള, ജോയ്ഡ, മുണ്ടഗോഡ്, സിർസി, കാനാപുർ, ബെൽഗാം, കൽഗട്ടി, ദാർവാഡ് എന്നിവിടങ്ങളിലാണുള്ളത്. കുറേപേർ സ്വാതന്ത്ര്യാനന്തരം പാകിസ്താനിലെ കറാച്ചി, സിന്ധ് എന്നിവിടങ്ങളിൽ കുടിയേറി. സയ്യിദ് എന്ന അറബിവാക്കിൽ നിന്നാണ് സിദ്ദി എന്ന പദത്തിന്റെ ഉത്ഭവം. മാസ്റ്റർ എന്നാണ് അർഥം. ഉത്തര ആഫ്രിക്കയിൽ പരസ്പര ബഹുമാനാർഥം സിദ്ദി എന്ന് സംബോധന ചെയ്യാറുണ്ട്. ഇന്ത്യയിലെ ഈ ആഫ്രിക്കൻ വംശജരെ മുഴുവനായും സിദ്ദീസ് എന്നാണ് നാം വിളിക്കുന്നത്. ഇവിടെ വന്നവർ കൂടുതലായും കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ളവരാണ് പ്രത്യേകിച്ചും മൊസാംബിക്കിൽനിന്ന്‌ വന്നവർ. അടിമകളായി ഇവിടെയെത്തിവർ.

ഗോവൻവിചാരണവേളയിൽ മോചിപ്പിക്കപ്പെട്ടവരും രക്ഷപ്പെട്ടവരുമെല്ലാം കർണാടകൻ കാടുകളിൽ അഭയം പ്രാപിച്ചു. ഇപ്പോൾ റോമൻ കത്തോലിക്, ഹിന്ദു, ഇസ്‌ലാം, വിശ്വാസികൾ കൂട്ടത്തിലുണ്ട്. ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന വിശ്വാസം പരേതാത്മാക്കളിലുള്ള വിശ്വാസമാണ്. കന്നഡ കൊങ്ങിണി, മറാത്തിഭാഷകൾ സംസാരിക്കുന്നവരും കൂട്ടത്തിലുണ്ട്. കർണാടകയിൽ മാത്രമായി 3700 ഓളം സിദ്ധി കുടുംബങ്ങളുണ്ടെന്നാണ് കണക്ക്.

***    ***

ഇനി യെല്ലാപ്പുരിലെത്താനുള്ള വഴി കൂടെ പറഞ്ഞുതരാം. ഹൂബ്ലിയാണ് ഏറ്റവും അടുത്തുള്ള റെയിൽവേസ്റ്റേഷൻ. 71 കിലോമീറ്റർ. പക്ഷേ, കേരളത്തിൽ നിന്ന് പോവുമ്പോൾ കുംടയിലോ കാർവാറിലോ ഇറങ്ങിപ്പോവാം. 80-100 കിലോമീറ്റർ ദൂരം കാണും. മംഗലാപുരത്തുനിന്ന് 288 കിലോമീറ്ററാണ്. കാറിലാണ് പോവുന്നതെങ്കിൽ കോഴിക്കോടുനിന്ന് 518 കിലോമീറ്റർ ഡ്രൈവ് ചെയ്യണം. സാത്തോഡ് വെള്ളച്ചാട്ടവും മാഗോഡ് വെള്ളച്ചാട്ടവുമാണ് അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ.