ലോകയാത്രയ്ക്കുള്ള ബൈക്കുമായി ജോസ് | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
192 രാജ്യങ്ങൾ, മൂന്നുലക്ഷം കിലോമീറ്റർ, ഏഴുവർഷം- യാത്രയുടെ ലഹരി തലയ്ക്കുപിടിച്ച ചെമ്പുക്കാവ് എടക്കളത്തൂർ അഞ്ജനം വീട്ടിൽ ജോസ് ലോകയാത്രയ്ക്കൊരുങ്ങുകയാണ്. അതും സാഹസികവിഭാഗത്തിൽപ്പെടുന്ന കെ.ടി.എം. 390 ബൈക്കിൽ. ബൈക്കിലെ ഭാരതപര്യടനമുൾപ്പെടെ നിരവധി യാത്രകൾ പൂർത്തിയാക്കിയശേഷമാണ് അമേരിക്കയിലെ ഐ.ടി. പ്രൊഫഷണലായിരുന്ന ജോസ് ലോകയാത്രയ്ക്കൊരുങ്ങുന്നത്.
‘ആയിരം തടാകങ്ങളുടെ നാട്... ഫിൻലൻഡ്’ ചേട്ടന്റെ പി.എസ്.സി. പഠനത്തിന് ചോദ്യങ്ങൾ ചോദിച്ച് സഹായിക്കുമ്പോഴാണ് ആറാംക്ലാസുകാരൻ ജോസിന്റെ മനസ്സിലേക്ക് ഭൂമിശാസ്ത്രം അടിച്ചുകയറുന്നത്. കുളങ്ങൾമാത്രം കണ്ട മനസ്സ് തടാകങ്ങളുടെ നാട് സങ്കല്പിക്കാൻ പാടുപെട്ടു. ഈ ചിന്തയാണ് യാത്രകളിലേക്ക് ജോസിനെ വലിച്ചിട്ടത്. പ്രായം കൂടുംതോറും ഈ മോഹങ്ങളും വളർന്നു. ഒടുവിൽ ഒറ്റയ്ക്കു പറക്കാറായപ്പോൾ അതിരുകളെ അവഗണിച്ചുകൊണ്ട് യാത്ര ആസ്വദിക്കുകയും ചെയ്തു. ഇപ്പോൾ അറുപതാംവയസ്സിലെത്തുമ്പോൾ ഒരു ലോകസഞ്ചാരത്തിന് തയ്യാറെടുക്കുന്നു.
തൃശ്ശൂർ എൻജിനീയറിങ് കോളേജിലെ പൂർവവിദ്യാർഥിയായ ഇദ്ദേഹം 2017-ൽ 43 ദിവസം നീണ്ട ഭാരതപര്യടനം പൂർത്തിയാക്കി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മനസ്സുതൊട്ടുകൊണ്ടുള്ള യാത്രയായിരുന്നു അത്. ഇതിനുമുമ്പും ശേഷവും നിരവധി യാത്രകൾ ചെയ്തു. 2019-ൽ തുടങ്ങാനിരുന്നതാണ് ഈ ലോകയാത്ര. കൊറോണ ഈ മോഹത്തിന് താത്കാലികമായി ചുവപ്പുകൊടി കാണിച്ചു. രാജ്യാതിർത്തികൾ ഏറക്കുറെ തുറന്നുവെന്നു മനസ്സിലായപ്പോഴാണ് ദീർഘയാത്രയ്ക്ക് ഒരുങ്ങുന്നത്.
ഫെബ്രുവരി അവസാനം തൃശ്ശൂരിലാണ് ഫ്ളാഗ് ഓഫ്. സ്പെയിനിലെ വലൻസിയയിൽ നിന്നാരംഭിക്കുന്ന യാത്ര പോർച്ചുഗൽ, ഫ്രാൻസ്, ബെൽജിയം, ഹോളണ്ട്... ഇങ്ങനെ മുന്നേറും. ലോകം ചുറ്റി ഒടുവിലാണ് ഇന്ത്യയെ തൊടുക.
Content Highlights: world trip in bike, thrissur to portugal and holland, adventure travel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..