
-
ആമസോണ്‍ മഴക്കാടുകള്‍- ഭൂമിയുടെ കുട. നോക്കെത്താത്ത ദൂരത്തിലും ഉയരത്തിലുമുള്ള പച്ച കുട. സമുദ്രം പോലുള്ള കുട. സൂര്യപ്രകാശം കടന്നുവരാന്‍ മടിക്കുന്ന കോണുകള്‍ വനത്തില്‍ ഇപ്പോഴുമുണ്ട്. മഴ പെയ്താലോ? ജലത്തുള്ളികള്‍ മണ്ണില്‍ പതിയാന്‍ സമയമേറെയെടുക്കും.തെക്കേ അമേരിക്കയിലെ ഈ വിസ്മയിപ്പിക്കുന്ന മഴക്കാടുകള്‍പോലെ ആരെയും ഭ്രമിപ്പിക്കുന്നതാണ് പന്തനാല്‍ തണ്ണീര്‍തടങ്ങള്‍. 1.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുണ്ട് ഈ ജൈവമേഖലയ്ക്ക്. ശുദ്ധജലവും അതോടൊപ്പം വൈവിധ്യമാര്‍ന്ന സസ്യ-ജീവജാലങ്ങളും ഇവിടെയുണ്ട്. കേരളത്തിന്റെ നാലിരട്ടിയാണ് വലുപ്പം. പോര്‍ച്ചുഗീസ് ഭാഷയില്‍ പന്തനാല്‍ എന്നാല്‍ ചതുപ്പുനിലം എന്നര്‍ത്ഥം.

ബ്രസീലിന്റെ 60 ശതമാനം വ്യാപിച്ചുകിടക്കുന്നതാണ് ആമസോണ്‍ വനപ്രദേശവും ജലമേഖലയും. ആമസോണ്‍ നദി മനസ്സിനെ ഇളക്കിമറിക്കുമെങ്കില് മഴക്കാടുകള്‍ മനസ്സിനെ വശീകരണവലയത്തില് ആഴ്ത്തുന്നു. ബ്രസീലിന്റെ വടക്ക് പടിഞ്ഞാറാണ് പന്തനാല്‍. പരാഗ്വയും ബൊളീവിയയും അതിര്‍ത്തികള്‍. ആന്‍ഡീസ് പര്‍വതനിരകളും അതിനോട് തൊട്ടുചേര്‍ന്നിരിക്കുന്ന തടാകങ്ങളും നദിയും പോഷക നദികളും പന്തനാലിന്റെ ഊടും പാവുമാണ്. ശൈത്യകാലത്ത് - ഡിസംബര്‍ മുതല്‍ ജൂണ്‍ ആദ്യംവരെ പന്തനാലിന്റെ പലയിടങ്ങളും സമൃദ്ധിയോടെ ജലം നിറഞ്ഞുനില്ക്കും. വൈവിധ്യമാര്‍ന്ന സസ്യങ്ങളും മിന്നുന്ന വന്യജീവികളും പന്തനാലിലുണ്ട്.
പന്തനാല്‍ സന്ദര്‍ശിക്കുക എന്നത് എന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. പലപ്പോഴും മുന്‍കൂട്ടി ആസൂത്രണംചെയ്ത യാത്ര നീട്ടിവെക്കേണ്ടിവന്നു. ഒടുവില്‍ രണ്ടുമാസം മുമ്പ് ഞാന്‍ പന്തനാലിന്റെ മണ്ണില്‍ കാലുകുത്തി. ബ്രസീലിന്റെ മോട്ടോ ഗ്രാസോ സംസ്ഥാനത്താണ് പന്തനാല്‍. അവിടെനിന്നും പോകോം നഗരത്തില്‍ എത്തണം. അതാണ് പന്തനാലിന്റെ കവാടം. യാത്ര ഇനിയുമുണ്ട്. ചെമ്മണ്ണ് വിരിച്ച പാതയിലൂടെ വാഹനം ഓടിക്കണം. പഴയ കാലത്തെ ഓര്‍മിപ്പിക്കുന്ന മരപ്പാലങ്ങള്‍ കാണാം. ഒടുവില്‍ ക്വയ്ബാ നദിയുടെ സമീപം യാത്ര അവസാനിക്കും. തുടര്‍ന്ന് പോര്‍ട്ടോ ജഫ്രിയിലേക്ക് ബോട്ടിലാണ് യാത്ര. ബോട്ടില്‍ നിന്നിറങ്ങി വീണ്ടും റോഡ് യാത്ര. ഇരുവശത്തും നോക്കെത്താത്ത കൃഷിനിലങ്ങള്‍. ചില കൃഷിനിലങ്ങള്‍ ടൂറിസ്റ്റ് സങ്കേതങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഈ സങ്കേതങ്ങള്‍ക്ക് ചുറ്റും വന്യജീവികളെയും ആകര്‍ഷകമായ പക്ഷികളെയും കാണാം.

നദിയിലൂടെയുള്ള ബോട്ട് യാത്രയാണ് പന്തനാലിന്റെ പ്രധാന ആകര്‍ഷണം. രാത്രി ഉറക്കം വന്നില്ല. നേരം വെളുത്തുകിട്ടിയിരുന്നെങ്കില് എന്നാഗ്രഹിച്ചു. ബോട്ടില്‍ കയറിയപ്പോള്‍ പലതവണ ഫോട്ടോ എടുക്കാന്‍ ബോട്ട് നിര്‍ത്തേണ്ടിവന്നു. അത്രയ്ക്ക് ഹൃദയഹാരിയാണ് ചുറ്റുപാടുകള്‍. ജഗ്വാറിനെ കാണുകയായിരുന്നു എന്റെ ലക്ഷ്യം. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന മോഹം. കടുവയെപ്പോലെ ശക്തിയുള്ള മൃഗമാണ് ജാഗ്വാര്‍. തീക്ഷ്ണമായ നോട്ടം. ദേഹത്ത് ആകര്‍ഷകമായ പുള്ളികള്‍.
നദിയില്‍ പലപ്പോഴും കലക്കവെള്ളമാണ്. തീരങ്ങളില്‍ ചെളിവെള്ളവുമുണ്ട്. ബോട്ട് യാത്രയില്‍ ജഗ്വാറിനെ ആസ്വദിക്കാന്‍ കഴിയുമെന്ന് സുഹൃത്തുക്കള്‍ പലരും പറഞ്ഞിട്ടുണ്ട്. അതിനാല്‍ ക്യാമറ എപ്പോഴും കൈയില്‍ കരുതി സൂക്ഷ്മമായി നോക്കിയിരുന്നു.

കടുവയേക്കാള്‍ അല്‍പ്പം ചെറുതാണെങ്കിലും പുള്ളിപ്പുലിയേക്കാള്‍ വലുപ്പം ജഗ്വാറിനുണ്ട്. ആദ്യമായി കാണുന്നവരാകട്ടെ ജഗ്വാറിനെ പുള്ളിപ്പുലിയായി തെറ്റിദ്ധരിച്ചേക്കാം. ബ്രസീലിലും മെക്സിക്കോയിലും അര്‍ജന്റീനയിലും ജാഗ്വാറിനെ കാണാം. നദിയുമായി ചേര്‍ന്നു ജീവിക്കുന്ന ഒരു ജീവിയാണ് ജഗ്വാര്‍. നീന്തലില്‍ അതീവ തത്പരന്‍. ഇരയെ പിടിച്ചാല്‍ തലച്ചോര്‍ കടിച്ച് പൊളിക്കുന്നതില്‍ ജഗ്വാര്‍ വ്യഗ്രത കാണിക്കും. മുതലയെപ്പോലുള്ള ഒരു ജീവിയെ ജഗ്വാര്‍ കടിച്ചുമുറിക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.

കടുവ, പുള്ളിപ്പുലി, വേട്ടപ്പുലി, സിംഹം എന്നിവയെപ്പോലെ ജഗ്വാറിനെ വനത്തില്‍ കാണാന്‍ കഴിയുക അത്ര എളുപ്പമല്ല. അടുത്തകാലംവരെ വനത്തില്‍ നിന്ന് ജഗ്വാറിന്റെ ചിത്രം കിട്ടിയിട്ടില്ല. ടൂറിസം വികസിച്ചതോടെ ബോട്ടുയാത്രകള്‍ ജഗ്വാറിനെ അലോസരപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും ജഗ്വാര്‍ കാട്ടില്‍ അപ്രത്യക്ഷമായിരുന്നു. എന്നാല്‍ എന്റെ അനുഭവം നേരെ മറിച്ചായിരുന്നു. ഒരാഴ്ച ഞാന്‍ പന്തനാലില്‍ ചെലവഴിച്ചപ്പോള്‍ പത്ത് പ്രാവശ്യം ജഗ്വാറിനെ നേരില്‍കണ്ടു. ക്യാമറയിലേക്ക് പകര്‍ത്തി.

അന്തരീക്ഷം അല്‍പ്പം ചൂടായിവരുന്ന സമയത്തായിരുന്നു ജഗ്വാര്‍ എനിക്ക് ദര്‍ശനം നല്‍കിയത്. രണ്ടുതവണ വൈകീട്ടും കണ്ടു. ചൂടുള്ള അന്തരീക്ഷത്തില്‍ തണല്‍മരങ്ങള്‍ക്ക് കീഴെ ജഗ്വാര്‍ ശാന്തനായി കിടന്ന് ഞങ്ങളെ നോക്കി.
ഒരു ദിവസം നട്ടുച്ചയ്ക്കാണ് ഒരു ജഗ്വാര്‍ രാക്ഷസിയെ കണ്ടത്. അല്‍പ്പം പ്രായമുണ്ടായിരുന്നു. അനാരോഗ്യം കാരണം കിടക്കുകയായിരുന്നു. മറ്റൊരു രാക്ഷസിയുമായി പോരാടിയശേഷമായിരുന്നു വിശ്രമം. ദേഹത്ത് മുറിവുകള്‍ കാണാമായിരുന്നു.

ദിവസങ്ങളായി ഇരതേടിയിട്ടില്ലായിരുന്നു. വയര്‍ ഒഴിഞ്ഞതായിരുന്നു. വാരിയെല്ലുകള്‍ എഴുന്നുനിന്നു. വിശ്രമത്തിനുശേഷം നീന്താന്‍ തുടങ്ങി. അല്പനേരം ബോട്ട് ജഗ്വാറിനെ പിന്തുടര്ന്നു. എന്നാല്‍ പെട്ടെന്നവള്‍ കരയിലേക്ക് കയറി അപ്രത്യക്ഷമായി. അല്പനേരത്തിനുശേഷം ജഗ്വാറിനെ നദിയില്‍ കണ്ടു. മുതലയെപ്പോലുള്ള ഒരു ജീവിയെ പിടിച്ചുകഴിഞ്ഞു. മരണവെപ്രാളത്തിനിടയില്‍ ജഗ്വാറിന്റെ പിടിയില്‍നിന്ന് കുതറി ആ ജീവി മിന്നല്‍വേഗത്തില്‍ നീന്തി രക്ഷപ്പെട്ടു. പന്തനാല്‍ യാത്ര അങ്ങനെ കാഴ്ചകള്‍ കൊണ്ട് സമൃദ്ധമായിരുന്നു
Content Highlights: World's largest tropical wetland Pantanal Brazil
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..