ല്ലാവര്‍ഷവും ഓഗസ്റ്റ് 19 നാണ് ലോക ഫോട്ടോഗ്രഫി ദിനമായി ആഘോഷിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ഈ ദിനം അവരുടെ കഴിവിന്റെയും വൈദഗ്ധ്യത്തിന്റെയും ദിനമായി ആഘോഷിക്കും. ആയിരം വാക്കുകള്‍ക്ക് തുല്യമാണ് ഒരു ചിത്രം. ഇന്ന് എല്ലാവരും ഫോട്ടോഗ്രാഫര്‍മാരാണ്. മൊബൈല്‍ഫോണ്‍ ആഗോള അടിസ്ഥാനത്തില്‍ അവിഭാജ്യ ഘടകമായതോടെ ക്യാമറകള്‍ എല്ലാവരുടെയും വിരല്‍ത്തുമ്പിലേക്കെത്തി. 

ഇത്രയും ജനകീയമാകുന്നതിന് മുന്‍പ് ഫോട്ടോഗ്രാഫി കടന്നുവന്ന ചില ചരിത്ര മുഹൂര്‍ത്തങ്ങളുണ്ട്. ലൂയി ടെഗ്വെരെ എന്ന ഫ്രഞ്ചുകാരനെയാണ് ഫോട്ടോഗ്രാഫിയുടെ പിതാവായി കാണുന്നത്. എന്നാല്‍ അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടില്‍ ഈ വിദ്യയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടത്രേ. ലോകത്തിലെ ആദ്യത്തെ പിന്‍ഹോള്‍ ക്യാമറയായ ക്യാമറ ഒബ്‌സ്‌ക്യൂറയുടെ പിറവിയ്ക്ക് പിന്നിലും അരിസ്‌റ്റോട്ടിലിലിന്റെ തത്വമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ഇരുട്ടുമുറിയിലേക്ക് ചെറിയൊരു ദ്വാരത്തിലൂടെ കടത്തിവിടുന്ന പ്രകാശകിരണങ്ങള്‍ മുറിയുടെ പ്രതലത്തില്‍ തലകീഴായി ചിത്രങ്ങള്‍ ഉണ്ടാക്കുന്നു എന്ന തത്വമാണ് അരിസ്റ്റോട്ടില്‍ ലോകത്തോട് വിളിച്ചുപറഞ്ഞത്. 

1800-കളിലാണ് ഫോട്ടോഗ്രഫിയുടെ വളര്‍ച്ച ലോകം കണ്ടത്. ലോകചരിത്രത്തിലാദ്യമായി ഫോട്ടോഗ്രഫി എന്ന വാക്ക് ഉപയോഗിച്ചത് 1830 കളിലാണ്. എന്തുകൊണ്ടാണ് ഓഗസ്റ്റ് 19 ലോകഫോട്ടോഗ്രാഫി ദിനമായി മാറിയത് എന്ന സംശയം പലര്‍ക്കും ഉണ്ടായേക്കാം. ഫോട്ടോഗ്രഫിയുടെ ആദിമരൂപമായ ഡൈഗ്രോടൈപ്പ് എന്ന ഉപകരണം ഫ്രഞ്ച് സര്‍ക്കാര്‍ ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചത് 1839 ഓഗസ്റ്റ് 19 നാണ്. അതുകൊണ്ടാണ് ലോകഫോട്ടോഗ്രഫി ദിനം ഓഗസ്റ്റ് 19 ന് ആഘോഷിക്കുന്നത്. ഫോട്ടോഗ്രഫി മേഖലയ്ക്ക് വലിയൊരു കുതിപ്പാണ് അന്ന് ഫ്രാന്‍സ് സമ്മാനിച്ചത്. ഫ്രഞ്ച് കലാകാരനായ ലൂയി ഡൈഗ്രോയാണ് ഡൈഗ്രോടൈപ്പ് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്. ഫോട്ടോഗ്രഫിയുടെ സ്ഥാപകരിലൊരാളായാണ് ലൂയിയെ ലോകം കണക്കാക്കുന്നത്. 

ലോകത്തിലാദ്യമായി ക്യാമറയിലൂടെ ഒരു ചിത്രമെടുത്തത് ഫ്രഞ്ചുകാരനായ ജോസഫ് നീസിഫോര്‍ നെയ്പ്‌സ് ആണ്. 1826-ല്‍ ഫ്രാന്‍സിലെ ബര്‍ഗണ്ടിയില്‍ വെച്ച് തന്റെ വീടിന്റെ മുകള്‍ഭാഗത്തുനിന്നുമാണ് അദ്ദേഹം ലോകത്തിലെ ആദ്യ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. ഹീലിയോഗ്രഫി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇദ്ദേഹം ലോകത്തിനുമുന്നില്‍ അദ്ഭുതം കാണിച്ചത്. 

ലോകത്തിലെ ആദ്യ കളര്‍ചിത്രം പിറന്നത് 1861-ലാണ്. അന്ന് ഗണിതശാസ്ത്രജ്ഞനായ ക്ലാര്‍ക്ക് മാക്‌സ്‌വെല്ലാണ് ആദ്യമായി കളര്‍ചിത്രം പകര്‍ത്തിയത്. ആദ്യ ഡിജിറ്റല്‍ ഫോട്ടോയുടെ ജനനം 20-ാം നൂറ്റാണ്ടിലാണ്. 1957-ലാണ് ആദ്യമായി ലോകത്ത് ഡിജിറ്റല്‍ ഫോട്ടോ പിറവിയെടുക്കുന്നത്. പക്ഷേ അതും കഴിഞ്ഞ് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡിജിറ്റല്‍ ക്യാമറ ലോകത്തിന് മുന്നില്‍ അവതരിക്കുന്നത്. സ്റ്റീഫന്‍ സാസെണാണ് ഡിജിറ്റല്‍ ക്യാമറ കണ്ടുപിടിച്ചത്.

പിന്നീട് നിരവധി ക്യാമറകള്‍ മനുഷ്യന് കൂട്ടായി കണ്ടുപിടിക്കപ്പെട്ടു. ക്യാമറെപ്പോലെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കണ്ടുപിടിത്തം ലോകത്ത് വളരെ കുറവാണ്. എത്രയോ പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഗ്രഹങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്ന തലത്തിലേക്ക് ഫോട്ടോഗ്രാഫി മേഖല വളര്‍ന്നു. മൊബൈല്‍ ഫോണുള്ള ആര്‍ക്കും ഫോട്ടോയെടുക്കാന്‍ കഴിയുന്ന തരത്തിലേക്ക് ഫോട്ടോഗ്രഫി ലോകമെങ്ങും പ്രചരിച്ചു. ഇനിയും ആ വളര്‍ച്ച തുടര്‍ന്നുകൊണ്ടേയിരിക്കും. 

Content Highlights: World Photography day August 19, history of photography