കൂടെയുള്ളത് ഒരു സൈക്കിള്‍ മാത്രമാണ് ഉള്ളിലുള്ളതാവട്ടെ കത്തിജ്വലിക്കുന്ന ഒരു സ്വപ്നവും. ഒരു റോഡ് മൂവി കാണും പോലെ അടിപൊളിയാണ് പെരുമ്പാവൂര്‍ സ്വദേശി ഐശ്വര്യയുടെ സോളോ സൈക്കിള്‍ യാത്രയുടെ കഥ. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സൈക്കിളില്‍ സഞ്ചരിക്കാനുള്ള പദ്ധതി അപ്രതീക്ഷിതമായി വഴിമാറി മൂന്ന് രാജ്യങ്ങളിലേക്ക് കൂടിയെത്തിയ ഡ്രീം റൈഡ് സ്റ്റോറിയാണ് ഐശ്വര്യയ്ക്ക് പറയാനുള്ളത്. കേരളത്തിലെ തന്നെ ചുരുക്കം വനിതാ മോട്ടോര്‍ക്രോസ് റൈഡര്‍ കൂടിയായ ഐശ്വര്യ നാഗേശ്വരന്‍ എന്ന 23 വയസ്സുകാരി തന്റെ സൈക്കിള്‍ യാത്രയെക്കുറിച്ച് പറയുന്നു.
നാല് രാജ്യങ്ങളില്‍ സൈക്കിള്‍ യാത്ര- അപ്രതീക്ഷിതമായ പ്ലാന്‍
ട്രെയിനില്‍ ജമ്മുവിലെത്തി അവിടെ നിന്ന് സൈക്കിളില്‍ കന്യാകുമാരിയിലേക്ക് സൈക്കിള്‍ യാത്ര ഇതായിരുന്നു എന്റെ പ്ലാന്‍. ഈ യാത്രയ്ക്ക് വേണ്ടി ഞാന്‍ എട്ട് മാസത്തോളം ശാരീരികമായും മാനസികമായും റെഡി ആവുകയായിരുന്നു. അങ്ങനെ 2019 നവംബര്‍ നാലിനാണ് കോഴിക്കോട് നിന്നും യാത്ര തുടങ്ങിയത്. സ്‌പോണ്‍സര്‍ ചെയ്ത ടാന്‍ഡം സൈക്കിളുമായാണ് യാത്ര.
ജമ്മുവിലെത്തി അവിടെ നിന്നും കന്യാകുമാരിയിലേക്കുള്ള യാത്ര തുടങ്ങി. എന്നാല്‍ അന്ന് പൗരത്വബില്ലിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ രൂക്ഷമായ സമയമായതിനാലും മഞ്ഞുവീഴ്ചയുടെ പ്രശ്‌നമുള്ളതിനാലും എനിക്ക് യാത്ര തുടരാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് പ്ലാന്‍ ആകെ മാറിയത്. പിന്നെ അവിടുന്ന് കറങ്ങിത്തിരിഞ്ഞ് പത്താന്‍കോട്ട്-മണാലി-ഛണ്ഡീഗഢ്- ഡല്‍ഹി-ഉത്തര്‍പ്രദേശ്-ബിഹാര്‍-പശ്ചിമബംഗാള്‍ വരെ സൈക്കിളില്‍ കറങ്ങി. അവിടുന്നങ്ങോട്ട് മേച്ചിനഗറിലൂടെ നേപ്പാളിലേക്ക് കയറി. അവിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒരാഴ്ചയോളം തങ്ങി. ഒപ്പം നേപ്പാളിലെ ചില പ്രദേശങ്ങളും കണ്ടു. സുഹൃത്താണ് ഭൂട്ടാനിലേക്കും ബംഗ്ലാദേശിലേക്കുമുള്ള യാത്രയെക്കുറിച്ച് പറഞ്ഞത്.
എന്തായാലും നേപ്പാളിലെത്തി, എന്നാല്‍ ഭൂട്ടാനിലേക്ക് കൂടി സൈക്കിളില്‍ പോവാമെന്ന് അവിടുന്നാണ് തീരുമാനിച്ചത്. പിന്നെ നേരെ ബംഗാളിലെ സിലിഗുരിയിലൂടെ ജയ്ഗാവ് വഴി ഭൂട്ടാനിലേക്ക്. ബംഗ്ലാദേശ് അതിര്‍ത്തി ആയിരുന്നു അടുത്ത ലക്ഷ്യം. അതിര്‍ത്തി കടക്കാന്‍ വിലക്കുണ്ടായിരുന്നുവെങ്കിലും തിരുവനന്തപുരത്ത് നിന്നുള്ള ഒരു സൈനികന്റെ ഗസ്റ്റ് ആയി അതിര്‍ത്തിയും കടന്നു. വേഗം തിരിച്ചിറങ്ങി.
തിരിച്ച് നാട്ടിലേക്ക് സൈക്കിളില്‍ യാത്രചെയ്യുക എന്നതായിരുന്നു എന്റെ യഥാര്‍ഥ ഉദ്ദേശമെങ്കിലും സിഎഎ പ്രക്ഷോഭം ശക്തമായതിനാല്‍ റോഡുകള്‍ പലതും ബ്ലോക്ക് ചെയ്തിരുന്നു. അതിനാല്‍ സിലിഗുരിയില്‍ നിന്നും വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി. നാട്ടിലേക്ക് മടങ്ങാന്‍ അപ്പോഴും അനുകൂല സാഹചര്യമല്ലായിരുന്നു, അതുകൊണ്ട് നേരെ ഹിമാചലിലെ കസോളിലേക്ക് പോയി, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലേക്ക് തിരിച്ചുവന്നു. പിന്നെ സൈക്കിളില്‍ ഗോവ-ബെംഗളൂരു വഴി കന്യാകുമാരിയിലേക്ക്. കന്യാകുമാരിയില്‍ നിന്നും ട്രെയിനില്‍ എറണാകുളത്തേക്ക്. ഇതായിരുന്നു യാത്രയുടെ ഏകദേശ രൂപം.
301 രൂപയുമായി തുടങ്ങിയ യാത്ര, രണ്ട് മാസം പിന്നിടുമ്പോള്‍
യാത്ര തുടങ്ങുമ്പോള്‍ എന്റെ ബാങ്ക് അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്നത് ഒരു രൂപയും 36 പൈസയുമാണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എന്ന യാത്രയാക്കാന്‍ വന്ന സുഹൃത്ത് തന്ന 300 രൂപയും കയ്യിലുണ്ട്. ഇതായിരുന്നു ആകെയുള്ള സമ്പാദ്യം. പാര്‍ട്ട് ടൈം ആയും അല്ലാതേയും ജോലി ചെയ്ത് സൈക്കിള്‍ വാങ്ങാനും യാത്രയ്ക്കും വേണ്ടിയുള്ള പണമെല്ലാം സ്വരുക്കൂട്ടിയിരുന്നു. എന്നാല്‍ ഇതിനിടയ്ക്ക് അനിയത്തിയുടെ വിവാഹം നടന്നു. പണമെല്ലാം വിവാഹച്ചെലവുകള്‍ക്കായി നല്‍കി. നവംബര്‍ മൂന്നിനായിരുന്നു കല്ല്യാണം, അടുത്ത ദിവസത്തേക്കാണ് ജമ്മുവിലേക്ക് ടിക്കറ്റ് എടുത്തിരിക്കുന്നത്. പണമില്ലെന്ന് കരുതി ആ സ്വപ്നം ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന അവസ്ഥയുമെത്തി. അപ്പോ പിന്നെ രണ്ടും കല്‍പിച്ച് യാത്ര തുടങ്ങുകയായിരുന്നു. കയ്യില്‍ പണമില്ലാതെയാണ് ഈ യാത്ര എന്നൊക്കെ പറഞ്ഞ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു. പണമില്ലാതെ എങ്ങനെ യാത്ര ചെയ്തുവെന്ന് ഒരാള്‍ കമന്റ് ചെയ്തിരുന്നു. അയാള്‍ക്കുള്ള മറുപടിയായി ബാങ്ക് അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു. ഇതുകണ്ട് നിരവധി പേര്‍ അക്കൗണ്ടിലേക്ക് പണം ഇട്ടുതന്നു. യാത്രയ്ക്കിടെ കണ്ട മലയാളികളും പണം തന്ന് സഹായിച്ചിട്ടുണ്ട്.
ബ്രഡ്ഡും ജാമും ഓംലെറ്റും ഭക്ഷണം, വഴിയില്‍ ടെന്റ് കെട്ടി ഉറക്കം
വലിയ പ്രശ്‌നങ്ങളൊന്നും യാത്രയ്ക്കിടയില്‍ ഉണ്ടായിട്ടില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായാലും കൈകാര്യം ചെയ്യാന്‍ പറ്റുമെന്ന വിശ്വാസം ഉണ്ടായിരുന്നു. ഹിന്ദിയും ഇംഗ്ലീഷും തമിഴും നന്നായി വഴങ്ങുന്നതുകൊണ്ട് ആളുകളുമായി സംസാരിക്കുന്നതിനോ വഴി ചോദിക്കുന്നതിനോ ബുദ്ധിമുട്ടുണ്ടായില്ല.
യാത്രയ്ക്കിടയില്‍ വഴിയോരത്തും പെട്രോള്‍ പമ്പിലുമൊക്കെ ടെന്റ് കെട്ടിയാണ് പലപ്പോഴും കിടന്നുറങ്ങിയത്. ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കിടന്നിട്ടുണ്ട്. പീരിയഡ്‌സ് നാളുകളില്‍ മാത്രം റൂം എടുക്കേണ്ടി വന്നു. ബജറ്റ് യാത്ര ആയതുകൊണ്ട് മിക്കപ്പോഴും ബ്രഡ്ഡും ജാമും ഓംലറ്റുമൊക്കെ ആയിരുന്നു ഭക്ഷണം. വഴിയില്‍ പരിചയപ്പെട്ട പലരും ഭക്ഷണം വാങ്ങിത്തന്നിട്ടുണ്ട്. പലര്‍ക്കും വാങ്ങിക്കൊടുത്തിട്ടുമുണ്ട്.
ഞാന്‍ എന്താണെന്ന് മനസ്സിലാക്കിയ യാത്ര
നവംബര്‍ നാലിന് തുടങ്ങിയ യാത്രയാണ്. എഴുപതോളം ദിവസങ്ങള്‍ക്ക് ശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. അത്രയും നാള്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഞാന്‍ സ്വയം എന്താണെന്നും എനിക്കെത്ര മനക്കരുത്തുണ്ടെന്നും എന്റെ ജീവിതത്തിന്റെ തന്നെ ഉദ്ദേശമെന്താണെന്നും തിരിച്ചറിയാന്‍ സഹായിച്ചത് ഈ യാത്രയാണെന്ന് ഞാന്‍ ഉറപ്പിച്ചുപറയും. ഒരു യാത്ര കൊണ്ട് എനിക്ക് കിട്ടിയത് നല്ല കുറച്ച അനുഭവങ്ങള്‍ മാത്രമല്ല, കുറേധികം ജീവിതപാഠങ്ങള്‍ കൂടിയാണ്.
ജോലി ചെയ്ത പണം കൊണ്ട് 17-ാം വയസ്സില്‍ ആദ്യയാത്ര
17 വയസ്സ് മുതല്‍ ചെറിയ ജോലികള്‍ ചെയ്ത് പണമുണ്ടാക്കി ജീവിക്കുന്ന ആളാണ് ഞാന്‍. കൂടെ നിക്കാന്‍ രക്ഷിതാക്കളില്ലെന്നതു തന്നെ കാരണം. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ അമ്മയ്ക്കും അനിയത്തിക്കും കൂടെ വാടകവീട്ടിലായിരുന്നു ജീവിതം. ഇടയ്ക്ക് അമ്മ വിദേശത്തേക്ക് പോയി. എത്രനാള്‍ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയും. അതുകൊണ്ട് കോളേജ് ഹോസ്റ്റലിലേക്ക് മാറി. കൂടെ ചെറിയ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്ത് വരുമാനമുണ്ടാക്കി. പഠനവും കൂടെ നടന്നു. പക്ഷെ വിഷാദരോഗം പതിയെ മനസ്സിനെ തകര്‍ത്തുതുടങ്ങിയതോടെ അതിനെ അതിജീവിക്കാനായാണ് സൈക്ലിങിലേക്കും മോട്ടോര്‍ക്രോസ് റേസിങ്ങിലേക്കും എത്തിയത്.
പതിനേഴാം വയസ്സിലാണ് ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്തത്. ചിന്നാറിലേക്കായിരുന്നു ആ ഒരു ദിവസത്തെ യാത്ര. അന്ന് കിട്ടിയ ഊര്‍ജത്തില്‍ പിന്നെ നിരവധി യാത്രകള്‍ നടത്തി.
റൈഡര്‍ ലേഡി
സുഹൃത്താണ് ആദ്യമായി മോട്ടോര്‍ക്രോസ് റേസിങ്ങിനെക്കുറിച്ച് പറഞ്ഞത്. ആവേശത്തില്‍ റേസിങ്ങിന് റെഡി ആവുകയായിരുന്നു. എന്താണ് എങ്ങനെയാണ് എന്നൊന്നും അറിയില്ല. കൊച്ചിയില്‍ വച്ച് പരിശീലനം നേടി. ഹോണ്ട ഡിയോ, ആര്‍എക്സ് 100, അപ്പാച്ചെ തുടങ്ങിയവയാണ് ആദ്യകാലത്തെ ബൈക്കുകള്‍. 2016ലാണ് ആദ്യമായി റേസിങില്‍ പങ്കെടുത്തത്. അപ്രതീക്ഷിതമായി പങ്കെടുത്തതിനാല്‍ തന്നെ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ മത്സരം കംപ്ലീറ്റ് ചെയ്തു. പക്ഷെ അന്ന് കളിയാക്കലും കൂവലുമായിരുന്നു കാണികള്‍ എനിക്ക് തന്നത്. പൊക്കമില്ലെന്ന് പറഞ്ഞായിരുന്നു കളിയാക്കല്‍. പിന്നെ പൊക്കം ഒരു പ്രശ്നമല്ലെന്ന് തെളിയിക്കാനുള്ള വാശി.
റേസിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്പോണ്‍സറെ കിട്ടാത്തതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇത് കണ്ട് തൃശൂര്‍ ചാവക്കാട് നിന്നുള്ള ടീം ടോര്‍ക്ക് റൈഡേഴ്സിലെ അഫ്സലും കൊച്ചിയില്‍ നിന്നുള്ള സാന്‍സാറിക്കയും പരിശീലനത്തിനായി ക്ഷണിച്ചു. അവര്‍ തന്ന ഹീറോ ഇംപള്‍സ് ബൈക്കിലാണ് പ്രൊഫഷണല്‍ പരിശീലനം ആരംഭിച്ചത്. പൊക്കമൊന്നും ഒരു പ്രശ്നമല്ലെന്ന് കാണിച്ചുകൊടുക്കാനായത് അവര്‍ക്കൊപ്പമുള്ള പരിശീലനത്തില്‍ നിന്നാണ്. 2019ല്‍ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്. ടീ ടോര്‍ക്ക് റൈഡേഴ്സാണ് എനിക്കുള്ള സ്പോണ്‍സര്‍ഷിപ്പ് തന്നത്.
മത്സരങ്ങള്‍ക്കു വരുമ്പോള്‍ പലരും കളിയാക്കിയിട്ടുണ്ട്. 4.9 അടി ഉയരമാണ് എനിക്കുള്ളത്. അതുകൊണ്ട് തന്നെ റേസിങിനെക്കുറിച്ച് പറയുമ്പോള്‍ അയ്യേ നിനക്ക് പൊക്കമില്ലെന്ന് പലരും കളിയാക്കി. പക്ഷെ അതുകൊണ്ടൊന്നും തളര്‍ന്നില്ല.
സൈക്കിള്‍ യാത്ര, പൊക്കമില്ലെന്ന് കളിയാക്കിയവര്‍ക്കുള്ള മറുപടി
കളിയാക്കിയവര്‍ക്കുള്ള എന്റെ മറുപടി തന്നെയാണ് എന്റെ ഈ സൈക്കിള്‍ യാത്ര. ശരിക്കും പറഞ്ഞാല്‍ ബൈക്ക് റൈഡിനേക്കാള്‍ ശാരീരികക്ഷമത വേണ്ടത് സൈക്കിള്‍ റൈഡിനാണ്. കഠിനമായ വ്യായാമത്തിലൂടെ എട്ട് മാസത്തോളം ഞാന്‍ എന്റെ ശരീരത്തെ ഒരുക്കിയത് ആ യാത്രയ്ക്ക് വേണ്ടിയാണ്. എനിക്കത് സാധിക്കുമെന്ന് തെളിയിക്കേണ്ടത് ആവശ്യമായിരുന്നു.
സൈക്കിള്‍ റൈഡ്, ബൈക്ക് റൈഡിങ്ങ് എന്നിങ്ങനെയൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നില്ല. വളര്‍ന്ന സാഹചര്യം കൊണ്ട് ഈ മേഖലയോട് താല്‍പര്യമുണ്ടായതാണ്. കുറേ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. എന്നാലും അതിനെയെല്ലാം അതിജീവിച്ചാണ് ഞാന്‍ റേസിങ്ങും സൈക്ലിങ്ങുമെല്ലാം ചെയ്തത്.
റേസ് ചെയ്യും, പക്ഷെ സ്വന്തമായി ബൈക്ക് ഇല്ല
റേസിങ് ചെയ്യുമെങ്കിലും ഒരു ബൈക്ക് വാങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തുടക്കം മുതല്‍ ഇന്നുവരെയുളള പ്രശ്നം ഒരു സ്പോണ്‍സറെ കിട്ടാത്തത് തന്നെയാണ്. പലരുടെ കയ്യില്‍ നിന്നും ബൈക്കും ഗാര്‍ഡും അടക്കമുള്ളവ കടം വാങ്ങിയാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ബൈക്ക് വാങ്ങണമെന്നൊന്നും ഇപ്പോള്‍ ആഗ്രഹമില്ല. എന്നാല്‍ റേസിങിന് പോവുമമ്പോള്‍ ഉപയോഗിക്കാന്‍ ഫോക്‌സിന്റെ ഒരു ഹെല്‍മെറ്റ് വാങ്ങണം എന്നാഗ്രഹമുണ്ട്. നാഷണല്‍ റാലി മത്സരത്തില്‍ പങ്കെടുത്ത് ട്രോഫി അടിക്കലാണ് ഇനിയുള്ള ആഗ്രഹം. അതിനുള്ള സ്‌പോണ്‍സര്‍ഷിപ്പിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍. കൃത്യമായ പരിശീലനത്തിലൂടെ സ്വപ്‌നം കാണുന്ന ചാംപ്യന്‍ഷിപ്പ് നാട്ടിലേക്ക് കൊണ്ടുവരാന്‍ പറ്റുമെന്ന് ഉറപ്പുണ്ട്.