ചിത്രകഥാപുസ്തകം പോലൊരു കാടകാടറിവിന്റെ ആദിമവെളിച്ചം ഉള്ളില്‍ നിറയുന്നത് ചിത്രകഥാപുസ്തകത്തിലെ വര്‍ണത്താളുകളിലൂടെയാണ്. മോഹിപ്പിക്കുന്ന കാനനചാരുതയ്‌ക്കൊപ്പം കാടിന്റെ മക്കളുടെ പാരസ്പര്യവും രാഗദ്വേഷങ്ങളും നിഷ്‌കളങ്കസൗന്ദര്യവും ആ ചിത്രത്താളുകളിലൂടെ സംവദിച്ചു. ഷേര്‍ഖാനും ബബ്ലുക്കരടിയും ഹാത്തിയും എല്ലാം സ്വപ്‌നങ്ങളില്‍ തളിര്‍ത്തകാലം!

5

പില്‍ക്കാലത്ത് കാടുകയറ്റം ഒരു നിയോഗംപോലെ നെഞ്ചേറ്റി, കാടിനെ ആത്മശുദ്ധീകരണത്തിനുള്ള ശമനൗഷധമായിക്കണ്ട്, ഒരു തീര്‍ഥയാത്രയുടെ വ്രതനിഷ്ഠയോടെ കാടകം പ്രാപിക്കുമ്പോഴെല്ലാം, ആ കുളിര്‍മാറിലെ ഇത്തിരിപ്പച്ചപ്പില്‍ പഴയ ഗൃഹപാഠസ്മൃതികളിലെ തരളഭാവങ്ങളും ചൈതന്യവുമായിരുന്നു തിരഞ്ഞത്. കാടിന്റെ താളംതേടിയുള്ള ഓരോ യാത്രയും അങ്ങനെ കുതൂഹലതരളമായ ശൈശവസ്മൃതികള്‍ വീണ്ടെടുക്കാനുള്ള യാത്ര കൂടിയായി.

നെല്ലിയാമ്പതിയും മുത്തങ്ങയും ബന്ദിപ്പൂരും മുതുമലയും നാഗര്‍ഹോളയും ഉള്‍പ്പെടുന്ന പശ്ചിമഘട്ട കാടുകളില്‍ നടത്തിയ യാത്രകളില്‍ പകര്‍ത്തിയ ചിത്രകഥാപുസ്തകത്തിലെ പോലുള്ള കാടോര്‍മകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

നാഗര്‍ഹോളയിലെ ഒരു പ്രഭാതം. മഞ്ഞണിഞ്ഞ പ്രാതസുതാര്യത! മഴപ്പച്ച ചൂടിയ കാടകം മിഴിതുറക്കുന്നതേയുള്ളു. പുല്‍നാമ്പുകളിലും ഇലയരികുകളിലും വീണ മഞ്ഞിന്‍കണങ്ങള്‍ സൂര്യകിരണങ്ങളേറ്റ് മുത്തുമണികള്‍പോല്‍ തിളങ്ങുന്നു. വനനൈര്‍മല്യത്തെ വകഞ്ഞുമാറ്റി മുന്നോട്ട് നീങ്ങവേ, ആദ്യം കണ്ണിലുടക്കിയത് ചിത്രത്തിലെഴുതിയതുപോലൊരു കാഴ്ചയാണ്. പ്രഭാതനീലിമയില്‍ മഞ്ഞിന്റെ തിരശ്ശീലയ്ക്കഭിമുഖമായി ഒരു കൂറ്റന്‍ കാട്ടുപോത്ത്, അതിനുചുറ്റും മേയുന്ന ഒരുപറ്റം മാന്‍പേടകള്‍. കാട്ടുപച്ചയില്‍ ചാലിച്ചെഴുതിയ വര്‍ണക്കാഴ്ചകള്‍. ചിലപ്പോള്‍ കാടങ്ങനെയാണ്. ഫ്രെയിമില്‍ കടുവയും പുലിയുമൊന്നും തലനീട്ടാനില്ലെങ്കിലും സൗന്ദര്യം വഴിയുന്ന ചിത്രങ്ങള്‍ സമ്മാനിക്കും.

10

വനപ്രകൃതിയില്‍ മുന്നോട്ട് നീങ്ങവേ നേരെ മുന്നിലായി ഒരു കാട്ടുപോത്തിന്‍ കൂട്ടം. മഴയുടെ മഹാനുഗ്രഹം പോലെ തഴച്ചുവളര്‍ന്ന പുതുപ്പൊടിപ്പുകളെ ആവോളം ആസ്വദിച്ചും ആഹരിച്ചും നീങ്ങുകയാണവ. കൂട്ടത്തിലെ രണ്ട് കരുത്തന്മാര്‍ പ്രേമപൂര്‍വം കൊമ്പുകോര്‍ക്കുന്നു. 'ഗോര്‍ ഫൈറ്റ്' എന്ന് സാരഥി മന്ത്രിക്കുന്നത് കേട്ട് ക്യാമറ കൈയിലെടുക്കുമ്പോഴേക്കും അവര്‍ പ്രണയകലഹം മതിയാക്കി സൗഹൃദത്തിലായി, തൊട്ടടുത്ത ജലാശയത്തിലേക്ക് വെള്ളം കുടിക്കാനിറങ്ങിയിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഞങ്ങളെ നോക്കി ചെവികൂര്‍പ്പിച്ച് നില്‍പ്പായി. കൂട്ടത്തില്‍ കരുത്തനായവന്‍ തലയെടുപ്പിന്റെ താന്‍പോരിമയോടെ ഒറ്റയ്ക്ക് മാറിനിന്ന് ക്യാമറയ്ക്ക് പോസ് ചെയ്തു. കാട്ടുപോത്തുകളിലുമുണ്ട് ഒറ്റയാന്മാര്‍!.

8

എവിടെ തിരിഞ്ഞാലും ഹരിതലാവണ്യം വഴിയുന്ന കാടകം ചുറ്റി യാത്ര കബനീതീരത്തെത്തിയപ്പോള്‍ ഉഷ്ണകാലത്ത് ഒരു കണ്ണീര്‍ച്ചാലായിത്തീരുന്ന നീര്‍ത്തടം 'കാറ്റിനാല്‍ കുന്തളം ചീകിച്ചിരിച്ചങ്ങ് കാട്ടിലെ സുന്ദരി പാഞ്ഞുപോയാള്‍' എന്ന മട്ടില്‍ ദ്രുതഗാമിയായിരിക്കുന്നു. ഈ പച്ചപ്പില്‍ കാടിനെ തഴുകിവരുന്ന ശുദ്ധവായുവേറ്റ് വെറുതെ... വെറുതെയങ്ങനെ നില്‍ക്കാന്‍ മനസ്സ് കൊതിക്കും.

7

മിഴിയെത്തുന്നിടത്തെല്ലാം കാടിന്റെ അധിപരായി മേയുന്ന ആനക്കൂട്ടങ്ങള്‍. അവയ്ക്കിടയില്‍ വര്‍ണങ്ങള്‍ വാരിവിതറിയതുപോലെ യഥേഷ്ടം ചരിക്കുന്ന മാന്‍പേടകളും. അവ ഹരിതതടത്തില്‍ സ്വയംമറന്ന് കുതിച്ചോടുകയും പ്രണയഭാവത്തില്‍ കൊമ്പുകോര്‍ക്കുകയും ചെയ്യുന്നു. ഇടയ്ക്ക് ചില ആണ്‍മാനുകള്‍ പരുക്കന്‍ ശബ്ദത്തില്‍ കേഴുന്നുണ്ട്. ഇതുകേട്ട് കൂട്ടത്തിലാരോ 'Alarm call' എന്ന് മന്ത്രിച്ചപ്പോള്‍ വനപാലകന്‍ തിരുത്തി, 'Mating call'. കുറച്ചകലെയായി രണ്ട് പെണ്‍മാനുകള്‍ വായുവിലുയര്‍ന്ന് മല്‍പ്പിടിത്തം നടത്തുന്നു.

ദൂരെ മേയുന്ന മ്ലാവിണകള്‍ വാഹനത്തിന്റെ ഇരമ്പം കേട്ടതുകൊണ്ടാവാം തലയുയര്‍ത്തി ചിത്രമെടുക്കാന്‍ മുഖം നല്‍കി നില്‍പ്പായി. ആനയും മ്ലാവും കാട്ടുപന്നിയും മയിലുകളും മാനും ചിലപ്പോഴെല്ലാം കടുവയും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്ന കാടിന്റെ പരിച്ഛേദമായ ഈ പുല്‍പ്പരപ്പ് ഒരുപക്ഷേ, കബനീതീരത്ത് മാത്രം കാണാനാവുന്ന കാനനകാന്തിയാണ്.

6

എല്ലാ വനപ്രേമികളും കബനിയില്‍ തേടുന്നത് കടുവയെയോ പുള്ളിപ്പുലിയെയോ കരിമ്പുലിയെയോ ആയിരിക്കും. ഒരു കടുവ കാടിറങ്ങി വരുന്ന കാഴ്ച വാക്കുകള്‍ക്കതീതമായ ആഹ്ലാദത്തിന്റെ നിമിഷങ്ങളാണ്. തലച്ചോറിലെ ന്യൂറോണുകള്‍ ഒന്നായി നൃത്തം ചെയ്യുന്ന ഒരുതരം അനുഭവസാകല്യം. കബനിയിലെ ജലസംഭരണിക്ക് സമീപത്തെ സുദീര്‍ഘമായ കാത്തിരിപ്പിനൊടുവിലാണ് ഒരു കടുവാകുടുംബം പ്രത്യക്ഷപ്പെട്ടത്. അവര്‍ മൂന്നുപേരായിരുന്നു. അമ്മയും രണ്ട് മക്കളും.'

മക്കള്‍ വളര്‍ന്നാലും 'തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്' എന്ന ഭാവമാണ് അമ്മയ്ക്ക്, മക്കള്‍ വെള്ളക്കെട്ടിലിറങ്ങി കളിച്ച് ദാഹമകറ്റി കരകയറുന്നതുവരെ അമ്മ കാവലാളായി നിന്നു. പഴങ്കഥയിലെ ഷേര്‍ഖാന്റെ ക്രൗര്യത്തിനുപകരം സ്‌നേഹാര്‍ദ്രമായ മാതൃസാന്നിധ്യം. കാടനുഗ്രഹിച്ച ആ പ്രഭാതത്തില്‍ അമ്മയും കുഞ്ഞുങ്ങളും ചേര്‍ന്ന ഒരുപാട് ചിത്രങ്ങള്‍ പകര്‍ത്തിയായിരുന്നു മടക്കം.

കാട് കാഴ്ചകളാല്‍ അനുഗ്രഹിച്ചാലും ഒരു വനചാരിയുടെ തൃഷ്ണയ്ക്ക് ശമനമാകില്ല. കാണാക്കാഴ്ചകളാണ് മധുരതരമെന്ന ആര്‍ത്തിയോടെ മനസ്സും കണ്ണും കാടകം തേടും. അങ്ങനെയൊരു തേടലിന്റെ അവസാനമാണ് പുള്ളിപ്പുലിയുടെ സാന്നിധ്യം. ദൂരെയൊരു മരത്തിന്റെ ചാഞ്ഞ ചില്ലകളില്‍ ഇരതേടലിന്റെ ആലസ്യത്തില്‍ വിശ്രമിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് പുറംതിരിഞ്ഞ്. പിന്‍ഭാഗ ദര്‍ശനവും അഴകാര്‍ന്നതുതന്നെ. ഒരു വനചാരിക്കുവേണ്ട പ്രഥമികഗുണം കാത്തിരിക്കാനുള്ള ക്ഷമയാവണം. കാട് ക്ഷമാശീലത്തിന്റെ ഉരകല്ലാണ്, ചിലപ്പോഴെങ്കിലും.

കാത്തിരിപ്പിന്റെ സഫലതയില്‍ പുലിച്ചങ്ങാതി ഒന്ന് തിരിഞ്ഞുകിടന്ന് ഞങ്ങള്‍ക്ക് മുഖം നല്‍കിയശേഷം വീണ്ടും മയക്കമായി. ഒടുവില്‍ ആലസ്യം വിട്ടെഴുന്നേറ്റ് വൃക്ഷച്ചില്ലയിലൊന്നമര്‍ന്നിരുന്നശേഷം താഴെയിറങ്ങിമറഞ്ഞു. അങ്ങനെ മനസ്സിലെ ചിത്രകഥാപുസ്തകത്തിന് ഒരു പുലിയഴകിന്റെ ധന്യതകൂടി!

കേരളത്തിന്റെ മുത്തങ്ങ, കര്‍ണാടകയുടെ ബന്ദിപ്പൂര്‍, തമിഴകത്തിന്റെ മുതുമല കാടുകള്‍ പരസ്പരബന്ധിതമാണ്. ബന്ദിപ്പൂര്‍ കാടുകള്‍ പൊതുവേ തലപ്പൊക്കമുള്ള ആനകളുടെ കേളീഗൃഹമാണ്. കാട്ടിലേക്കുള്ള ആദ്യ ചുവടില്‍ത്തന്നെ സ്വാഗതം ചെയ്തത് ഗംഭീരാകാരനായ ഒരു കൊമ്പനാണ്. ഒറ്റയാന്‍. ''മലയുടെ മക്കളിലെല്ലാം കൊണ്ടും നീയേ കേമന്‍'' എന്ന് ഉള്ളിലോര്‍ത്തു. ഞങ്ങളെ കണ്ടതും അവന്‍ ചെവിവട്ടംപിടിച്ച് ഒരു നിമിഷം നിശ്ചേഷ്ഠനായി. ''ചെറ്റു മനങ്ങാതെന്തൊരു പൊക്കം''. പിന്നെ താളാത്മകമായി തീറ്റയെടുക്കാന്‍ തുടങ്ങി.

തികഞ്ഞ ആനച്ചന്തം തുടിക്കുന്ന ദൃശ്യവിരുന്ന് യാത്ര പുരോഗമിക്കവേ ഉള്‍ക്കാട്ടില്‍നിന്നും ഒരാനക്കുടുംബം തുറസ്സിലേക്കിറങ്ങി വന്നു. ഇളം കുഞ്ഞിനെ തങ്ങളുടെ പെരുത്ത ശരീരംകൊണ്ട് സംരക്ഷിച്ച് തുമ്പിക്കൈ ഉയര്‍ത്തി രക്ഷാകവചം തീര്‍ത്ത് പതുക്കെ നീങ്ങിവരുന്ന അവര്‍ ഞങ്ങളെ കണ്ടതും അതീവ ശ്രദ്ധാലുക്കളായി, ചെറു ചിന്നംവിളിയോടെ സുരക്ഷിതത്വമുറപ്പാക്കി.

4

തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുവന്നവര്‍ കുഴപ്പക്കാരല്ലെന്ന് തോന്നിയാവാം പിന്നീട് സ്വാഭാവികതാളം വീണ്ടെടുത്ത് കാടുകയറി. നിബിഢമായ ഹരിതതിരശ്ശീല വകഞ്ഞുമാറ്റി ഞങ്ങള്‍ക്കായി കാടൊരുക്കിത്തന്ന കാഴ്ചാനുഭവത്തില്‍ ഉള്ളം നിറഞ്ഞു.

വനവൃക്ഷങ്ങളിലൊന്നില്‍ പീലിയഴക് മുഴുവന്‍ പ്രദര്‍ശിപ്പിച്ച് വിശ്രമിക്കുന്ന ആണ്‍മയിലും പുല്‍പ്പരപ്പില്‍ കുഞ്ഞുങ്ങളൊപ്പം നീങ്ങുന്ന പെണ്‍മയിലും, ചുട്ടിപ്പരുന്തും (Crested Serpent Eagle), മീന്‍കൂമനും (Brown Fish Owl), പനംകാക്കയും (Indian Roller), കാട്ടുതത്തയും (Ring-Necked Parakeet), പൊന്നി മരംകൊത്തിയും (Greater Flameback), കാട്ടുവൃക്ഷത്തിലെ പോടിനകത്ത് ഒളിച്ചിരുന്ന് ചുറ്റുപാടും വീക്ഷിക്കുന്ന പുള്ളിനത്തും (Spotted Owlet), ചിത്രകഥയിലെ കഥാപാത്രങ്ങളായി ഒപ്പം കൂടി.

3

വഴിക്ക് കുറുകെ കടന്നെത്തിയ ഒരു കാട്ടുപന്നിയും കുഞ്ഞുങ്ങളും, കുഞ്ഞുങ്ങളുടെ കുസൃതിയും ഓമനത്തവുംകൊണ്ട് മനംകവര്‍ന്നു. വഴിയോരത്ത് ഒറ്റയ്ക്ക് വള്ളിപ്പടര്‍പ്പുകള്‍ കടിച്ചെടുത്ത് ഭക്ഷിക്കുന്ന കുഞ്ഞാന. അനാഥബാല്യത്തിന്റെ ഓര്‍മച്ചിത്രമായോ? കാടിറങ്ങിവരുന്ന ഒരു കടുവയുടെ ചന്തംകൂടി പകര്‍ത്തിയാണ് ബന്ദിപ്പൂരിനോട് വിടപറഞ്ഞത്. ബന്ദിപ്പൂര്‍ കാടുകയറ്റവും അനുഭവധന്യം.

വനചാരികളുടെ ആധിക്യംകൊണ്ട് ക്ഷതമേല്‍ക്കാത്ത കാടിടമാണ് മസനഗുഡി ഉള്‍പ്പെടുന്ന തമിഴകത്തെ മുതുമല. ഈ വനഭാഗം ഞങ്ങള്‍ക്കായി കരുതിവെച്ചത് ഒരുപറ്റം കാട്ടുനായ്ക്കളുടെ (Dhol) കേളീമുഹൂര്‍ത്തമായിരുന്നു. കാട്ടുനായ്ക്കള്‍ കരുത്തരും ശൂരന്മാരുമായ വേട്ടക്കാരാണ്. പത്തും പതിനഞ്ചും പേരടങ്ങുന്ന സംഘമാണ് വേട്ടയ്ക്കിറങ്ങുക.

തികച്ചും 'ബ്രൂട്ടല്‍' എന്ന് പറയാവുന്ന രീതിയിലാണ് അവ ഇരയെ സമീപിക്കുക. സംഘത്തിന്റെ, ചുറ്റും നിന്നുള്ള ആക്രമണത്തില്‍ മാനുകളും കൂറ്റന്‍ മ്ലാവുകളുമെല്ലാം അടിയറവുപറയുന്നു. ക്ഷണനേരംകൊണ്ട് സംഘംചേര്‍ന്ന് ഇരയെ തിന്നുതീര്‍ക്കും.

തലേദിവസം വേട്ടയാടിക്കൊന്ന ഒരു മാനിന്റെ അവശേഷിക്കുന്ന ശരീരഭാഗങ്ങള്‍ ഭക്ഷിക്കുന്ന തിരക്കിലായിരുന്നു കാട്ടുനായ്ക്കള്‍. തീറ്റ കഴിഞ്ഞ് പ്രണയലീലകള്‍. പരസ്പരം കെട്ടിമറിഞ്ഞും ആലിംഗനം ചെയ്തും സ്‌നേഹം പങ്കുവയ്ക്കുന്ന രണ്ട് കാട്ടുനായിണകള്‍ക്ക് കാവലായി അഞ്ചാമതൊരാള്‍. അങ്ങനെയൊരാഹ്ലാദനിമിഷം മുതുമലയില്‍നിന്നും ചിത്രപ്പെടുത്താനായി. കൊന്നും തിന്നും വാഴുന്ന കാട്ടുനീതിക്കൊപ്പം കാട്ടിലുറവപൊട്ടുന്ന പ്രേമാര്‍ദ്രതയുടെ, മുതുമല സാക്ഷ്യം. വഴിയോരങ്ങളില്‍ ഹനുമാന്‍ കുരങ്ങുകള്‍ ചങ്ങാത്തം കൂടാനെന്നോണം അടുത്തുകൂടി.

എപ്പോഴും കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച് സംഘങ്ങളായാണ് ഇവയെ കാണുക. കുടുംബം എന്ന സങ്കല്പത്തിന്റെ നാനാര്‍ഥങ്ങള്‍ക്ക് അടിവരയിടുന്ന സാന്നിധ്യം.

സിംഹവാലന്‍ കുരങ്ങുകളെയും (Lion Tailed Macaque), മലമുഴക്കി വേഴാമ്പലുകളെയും (Great Hornbill) തേടി നെല്ലിയാമ്പതിയില്‍. കുന്ദംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ലതീഷ് ആര്‍. നാഥും സ്ഥിരം സഹയാത്രികരായ സുജേഷ് ചോളംവയലും ബാലു പുതുപ്പാടിയുമൊത്തായിരുന്നു യാത്ര. നെല്ലിയാമ്പതിക്കാടുകള്‍ കരിങ്കുരങ്ങിന്റെയും മലമുഴക്കിയുടെയും ആരവങ്ങളോടെയാണ് സ്വാഗതം ചെയ്യുക.

കാടിന്റെ സഹജസംഗീതത്തെ മറികടക്കുന്ന മുഴക്കങ്ങള്‍. വനത്തിന്റെ ഒരു ദിശയില്‍നിന്നും എതിര്‍ദിശയിലേക്ക് തുടിച്ചുപറക്കുന്ന വേഴാമ്പല്‍ച്ചിറകിന്റെ മലമുഴക്കുന്ന ശബ്ദവീചികള്‍ക്കൊപ്പം, കാടിളക്കി മറിച്ചുള്ള കരിങ്കുരങ്ങുകളുടെ ശബ്ദവും. വലിയ കൂട്ടങ്ങളായി ജീവിക്കുന്ന കരിങ്കുരങ്ങുകള്‍ അപരിചിതരെ കാണുമ്പോള്‍ വൃക്ഷച്ചില്ലകളാകെയുലച്ച് ഉച്ചസ്ഥായിയിലുള്ള ശബ്ദം പുറപ്പെടുവിച്ച് തികഞ്ഞ മെയ്വഴക്കത്തോടെ കാടുകുലുക്കി അകലങ്ങളിലേക്ക് ചാടിമറയും.

2

വനരാജന്റെ നാട്യവും ശരീരഭാഷയും ആകാരസാദൃശ്യവും വാലിന്റെ ഘടനയും കടമെടുത്ത് വാഴുന്ന സിംഹവാലന്മാര്‍ പേരിലൊരു 'സിംഹം' ഉണ്ടെങ്കിലും നിരുപദ്രവകാരികളാണ്. വംശനാശഭീഷണി നേരിടുന്ന, ചെമ്പട്ടികയില്‍പെടുത്തി സംരക്ഷിക്കപ്പെടുന്ന വാനരവര്‍ഗമാണിവ. കാട്ടുകായ്കള്‍ പഴുക്കുമ്പോള്‍ ഇവ ഉള്‍ക്കാടുവിട്ട് പുറത്തേക്ക് വരുന്നു. പഴുത്തുനില്‍ക്കുന്ന ചക്കകളോടുകൂടിയ പ്ലാവുകളിലാണ് ഇവയെ കൂട്ടമായി കാണാനായത്.

സഞ്ചാരികളുടെ സാന്നിധ്യം സുപരിചിതമായതിനാല്‍ ഞങ്ങളെ അവഗണിച്ച മട്ടില്‍ ഭക്ഷണം കഴിക്കുന്നതില്‍ വ്യാപൃതരായവ ഇടയ്ക്ക് കുഞ്ഞുങ്ങളെ ഊട്ടുന്നതും കണ്ടണ്ടു. തടിമിടുക്കുള്ളവര്‍ ബലഹീനരെ ശണ്ഠകൂടിയകറ്റുന്നതും, അമ്മമാര്‍ അതിസൂക്ഷ്മതയോടെ വാനരസഹജമായ കരുതലോടെ മക്കളെ ചേര്‍ത്തുപിടിച്ച് മരം ചാടുന്നതും കാണാം. കാട്ടിലെ കൂട്ടുജീവിതത്തിന്റെ അഴകും ഐക്യവും ഊഷ്മളതയും വിളിച്ചോതുന്നതായിരുന്നു അവയുടെ ചേഷ്ടകള്‍.

കാടിന്റെ വശ്യമനോഹരമായ കരവലയത്തിലൊതുങ്ങിയും പ്രവചനാതീതമാംവിധം മുന്നില്‍ തെളിയുന്ന കാഴ്ചയുടെ ധാരാളിത്തത്തില്‍ സ്വയം അലിഞ്ഞും പാകപ്പെടുത്തിയ ഈ ഹരിതജീവിതസാക്ഷ്യം, ശൈശവത്തില്‍ മോഹിപ്പിച്ച ചിത്രകഥാപുസ്തകത്തിന്റെ ഓര്‍മത്താളുകളോട് ആഹ്ലാദപൂര്‍വം ചേര്‍ത്തുവയ്ക്കുന്നു.

Content Highlights: wildlife day special story western ghats