രു വേനല്‍ക്കാലം കൂടിയെത്തി. എല്ലാവര്‍ഷവും എന്നപോലെ ഇത്തവണയും കണ്ടുതുടങ്ങിയിരിക്കുന്നു പ്രകൃതിയെ ചുട്ടുചാമ്പലാക്കുന്ന കാട്ടുതീയുടെ ചുടുനാളങ്ങള്‍. തൃശ്ശൂര്‍ പള്ളം കൊറ്റമ്പത്തൂരിലെ കാട്ടുതീയും അത് തടയാന്‍ ശ്രമിക്കവേ മൂന്ന് വാച്ചര്‍മാര്‍ വെന്തുമരിച്ചതുമാണ് ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ട് ചെയ്ത സംഭവം. കോട്ടയം ജില്ലയിലെ കയ്യൂരിലും തലനാട്ടിലുമായി 105 ഏക്കറിലെ കൃഷിയാണ് നാമാവശേഷമായത്. സത്യത്തില്‍ എന്താണ് തുടരുന്ന ഈ അഗ്നിബാധകള്‍ക്കുള്ള കാരണം?

തീയുണ്ടാവാന്‍ അന്തരീക്ഷത്തിലെ ചൂടാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും അതിന് പുറത്തുനിന്നൊരു സഹായം ആവശ്യമാണ്. അതായത് മനുഷ്യന്റെ കരങ്ങള്‍ തന്നെ. 70 ശതമാനം കേസുകളും കത്തിക്കോട്ടെ എന്ന് വിചാരിച്ച് മനഃപൂര്‍വം ചെയ്യുന്നത് തന്നെയാണെന്നും ബാക്കി 25 ശതമാനമേ അബദ്ധത്തില്‍ സംഭവിക്കുന്നുള്ളുവെന്നും പറയുന്നു കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോഷില്‍.എം. വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ അറിയാതെ തീപ്പൊരി വീണ് കാട് കത്തുന്നതൊക്കെ പോയിന്റ് ഒരു ശതമാനമേ ഉള്ളൂവെന്നും അദ്ദേഹം പറയുന്നു.

നിയമവിരുദ്ധമായ രീതിയില്‍ ട്രെക്കിങ് നടത്താതിരിക്കുക എന്നതാണ് സഞ്ചാരികള്‍ ചെയ്യേണ്ടത്. പിന്നെ ചെയ്യാവുന്ന ഒരു കാര്യം തീയുണ്ടാക്കുന്ന വസ്തുക്കള്‍ യാത്രയില്‍ സൂക്ഷിക്കാതിരിക്കുക എന്നതാണ്. സിഗരറ്റ് വലിക്കാതിരിക്കുക. റിസര്‍വ് ഫോറസ്റ്റിന്റെ ഭാഗമല്ലെങ്കിലും ചില ഉള്‍നാടന്‍ പ്രദേശങ്ങളിലെ മനോഹരമായ സ്ഥലങ്ങള്‍ കാണാന്‍ പോകുന്നവരുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യുമ്പോള്‍ അവിടെ ഭക്ഷണം പാകം ചെയ്യാനോ ക്യാമ്പ് ഫയര്‍ നടത്താനോ പാടില്ലെന്നും വനംവകുപ്പ് നിര്‍ദേശിക്കുന്നു. കാരണം അബദ്ധവശാല്‍ ഒരു അഗ്നിബാധയുണ്ടായാല്‍ അവര്‍ക്ക് പുറത്തേക്ക് രക്ഷപ്പെടാനുള്ള വഴികൂടിയാണ് അടയുന്നത്.

'വനത്തില്‍ ട്രെക്കിങ് നടത്താന്‍ പാടില്ലാത്ത പോയിന്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ ആ ഭാഗങ്ങളില്‍ വനംവകുപ്പ് പട്രോളിങ് നടത്താറുണ്ട്. ഉള്‍വനങ്ങളില്‍ ഇക്കോ ടൂറിസം അനുവദിക്കാത്ത ഭാഗങ്ങളില്‍ യാത്രപോയി ഇന്‍സ്റ്റഗ്രാമിലും മറ്റും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും അതുകണ്ട് കൂടുതല്‍പേര്‍ അവിടേക്കും വരികയും ചെയ്യുന്ന പ്രവണതയുണ്ട്. വൈകുന്നേരങ്ങളിലും പൊതു അവധി ദിവസങ്ങളിലും വെക്കേഷന്‍ സമയത്തുമൊക്കെയാണിത് നടക്കാറുള്ളത്. ഇതിനെതിരെ സ്ഥിരം പരിശോധനാ കേന്ദ്രങ്ങള്‍ വെയ്ക്കാറുണ്ട്.' ജോഷില്‍ പറഞ്ഞു.

ഒന്നു ശ്രദ്ധിച്ചാല്‍ ഫെബ്രുവരി പകുതിയോടെയാണ് എല്ലാ വര്‍ഷവും കാട്ടുതീയുണ്ടാകുന്നതെന്ന് മനസിലാക്കാം. അതായത് കേരളത്തില്‍ തുടര്‍ച്ചയായി 60-70 ദിവസങ്ങളോളം മഴ വിട്ടുനില്‍ക്കുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. മാര്‍ച്ചില്‍ വേനല്‍മഴയെത്തും. കത്തിക്കുന്നവരെല്ലാം അവസരം കാത്തിരിക്കുന്നത് ഫെബ്രുവരി പകുതി അല്ലെങ്കില്‍ അവസാന ദിവസങ്ങളായിരിക്കുമെന്ന് സാരം. ഇക്കാരണത്താല്‍ അഗ്‌നിബാധയുണ്ടായാല്‍ സഹായിക്കാന്‍ ഒരാളെ പോലും കിട്ടാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തനിയേ തീ അണയ്‌ക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്.

എന്തെങ്കിലും അപകടം സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനമൊക്കെ വനംവകുപ്പിന്റെ പണിയാണെന്നും എല്ലാം അവര്‍ ചെയ്‌തോളും എന്നുള്ള ധാരണയാണ് ആദ്യം മാറേണ്ടത്. നമ്മുടേതാണ് ഇക്കാണുന്ന പ്രകൃതി. അതിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും നമ്മളോരോരുത്തര്‍ക്കുമുണ്ട്.

Content Highlights: Wildfire Kerala, Wildfire in Kottambathur, Wildfire Deaths in Kerala