പച്ചപ്പിനുള്ളിലൂടെ വളഞ്ഞും പുളഞ്ഞും മലകയറിപ്പോകുന്ന പാതകള്‍ താമരശ്ശേരിയില്‍നിന്നുതന്നെ കാണാം. അങ്ങകലെ മേഘമുടിക്കെട്ടിലേക്കു കയറിപ്പോകുന്ന തീപ്പെട്ടിക്കൂടുകള്‍പോലെയുള്ള വാഹനങ്ങള്‍. വയനാടന്‍ ചുരം എന്നുമൊരു വിസ്മയമാണ്. നീലഗിരി പര്‍വതത്തോടു ചേര്‍ന്നുകിടക്കുന്ന പശ്ചിമഘട്ടത്തിന്റെ വശ്യതകള്‍ ചേതോഹരമാണ്. ഇലപൊഴിക്കാത്ത നിത്യഹരിതവനങ്ങള്‍. ഫോറസ്റ്റ് ഫ്‌ളെയിം എന്ന് ബ്രിട്ടീഷുകാര്‍ പേരിട്ടു വിളിച്ച സപുഷ്പികളായ മരങ്ങള്‍. വഴിവക്കില്‍ സഞ്ചാരികളെ സ്വാഗതംചെയ്യുന്ന വാനരക്കൂട്ടങ്ങള്‍. പാറ പിളര്‍ന്നൊഴുകുന്ന ഉറവച്ചാലുകള്‍. ഇവയെല്ലാം ചുരംവഴികളില്‍ സഞ്ചാരികള്‍ക്ക് കൂട്ടിനുണ്ടാകും. എട്ട് ചുരംവളവുകള്‍ പിന്നിട്ട് ഒന്‍പതാം വളവിലേക്ക് പാത പിന്നിടുമ്പോള്‍ ഏറ്റവും മുകളില്‍നിന്നുള്ള കാഴ്ചയായി. ഇടവേളകളില്ലാതെ ചുരം സഞ്ചാരികളെയും വരവേല്‍ക്കുകയാണ്. ചുരം വ്യൂപോയിന്റ് പുതിയൊരു ഡെസ്റ്റിനേഷനായി.

To advertise here,

ദുരന്തത്തില്‍ ഉലഞ്ഞുപോയ വയനാട് പ്രതീക്ഷകളോടെ മറ്റൊരു ടൂറിസം സീസണെ വരവേല്‍ക്കുകയാണ്. മഞ്ഞണിഞ്ഞ വയനാടിന്റെ ഭംഗിയാസ്വദിക്കാന്‍ ദീപാവലി അവധിയില്‍ തുടങ്ങി ജനുവരിവരെ സഞ്ചാരികളെത്തും.

placeholder
Photo: special arrangement
പൂക്കോട് തടാകം | Photo: special arrangement

പൂക്കോട് തടാകം വിളിക്കുന്നു

ചുരം യാത്രകഴിഞ്ഞ് ചങ്ങല ഗേറ്റ് കടന്ന് അരക്കിലോമീറ്ററോളം ദേശീയപാതയിലൂടെ മുന്നോട്ടുപോയാല്‍ തളിപ്പുഴ, അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞുപോകുന്ന റോഡിലൂടെ നേരേ പോയാല്‍ പൂക്കോട് തടാകമായി. വയനാട്ടില്‍ ഏതുസമയത്തും ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വരുന്ന വിനോദസഞ്ചാരകേന്ദ്രമാണിത്. മൂന്ന് കുന്നുകള്‍ക്കിടയില്‍ ഒരിക്കലും വറ്റാതെ നിറഞ്ഞുനില്‍ക്കുകയാണ് തെളിനീരുമാത്രമുള്ള നീലാമ്പല്‍ നിറഞ്ഞ ശുദ്ധജലതടാകം. മഴയൊഴിയാത്ത ലക്കിടിയുടെ കുന്നുകള്‍ക്കിടയില്‍ നാല്പതടിയോളം താഴ്ചയുള്ള തടാകത്തില്‍ ബോട്ടുയാത്രയും ആകര്‍ഷകമാണ്. രാവിലെ ഒന്‍പതുമുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്.

placeholder
Photo: special arrangement
ബാണാസുരസാഗര്‍ | Photo: special arrangement

മലനിരകള്‍ മുഖംനോക്കുന്ന ബാണാസുരസാഗര്‍

വയനാട്ടിലെ ഏക ഹൈഡല്‍ വിനോദകേന്ദ്രമാണ് ബാണാസുരസാഗര്‍. മാനം തൊട്ടുനില്‍ക്കുന്ന മലനിരകള്‍ക്ക് അഭിമുഖമായി കടല്‍പോലെ പരന്നുകിടക്കുകയാണ് ഈ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങള്‍. പതിനായിരത്തിലധികം സഞ്ചാരികളാണ് ഇവിടം പ്രതിദിനം സന്ദര്‍ശിച്ചുമടങ്ങുന്നത്. ഓളപ്പരപ്പുകളും ചെറുദ്വീപുകളും അതിനെ തൊട്ടുരുമ്മിനില്‍ക്കുന്ന ബാണാസുരമലയും സഞ്ചാരികളുടെ മനംകവരുന്നു.

കല്‍പ്പറ്റയില്‍നിന്ന് ഇരുപത് കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പൂക്കോട് തടാകക്കരയില്‍നിന്ന് ഇതിലും എളുപ്പത്തില്‍ തിരക്കൊഴിഞ്ഞ പാതയുമുണ്ട് ഇവിടെയെത്താന്‍. ഏതു സീസണിലും ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്.

placeholder
Photo: special arrangement
മീന്‍മുട്ടി | Photo: special arrangement

മീന്‍മുട്ടി കുളിരണിയുന്നു

കൂറ്റന്‍ പാറക്കെട്ടുകളിലൂടെ നൂറടിയോളം താഴ്ചയിലേക്കു പതഞ്ഞൊഴുകി പോകുന്ന കാട്ടരുവിയുടെ ഇരമ്പമാണ് മലയോരങ്ങളില്‍ ആര്‍ത്തലയ്ക്കുന്നത്. ഇവിടെനിന്നുള്ള കുന്നുകളുടെയും ബാണാസുരസാഗറിന്റെയും വിദൂരക്കാഴ്ചകള്‍ ആരുടെയും മനംകവരും. മറ്റു വെള്ളച്ചാട്ടങ്ങളൊക്കെ അടുത്ത് കാണാന്‍ കിലോമീറ്റര്‍ യാത്രചെയ്യണമെങ്കില്‍ ബാണാസുരസാഗര്‍ അണക്കെട്ടില്‍നിന്ന് വിളിപ്പാടകലെമാത്രമാണ് ഈ ഇക്കോ ടൂറിസം കേന്ദ്രം. വയനാട്ടിലെ മറ്റു ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ്രതികൂലമായ കാലാവസ്ഥയില്‍ അടച്ചിടേണ്ടിവരുമ്പോഴും ഈ ബാണാസുര മീന്‍മുട്ടിക്ക് ഏതു മഴയത്തും പ്രവര്‍ത്തിക്കാനുള്ള ഭൗമഘടനയാണുള്ളത്.

എടയ്ക്കല്‍ ഗുഹയിലെ കാലത്തിന്റെ കൈയെഴുത്തുകള്‍

ആകാശം തൊട്ടുനില്‍ക്കുകയാണ് അമ്പുകുത്തി മലനിരകള്‍. കോടമഞ്ഞുപുതഞ്ഞ് പാഞ്ഞെത്തുന്ന തണുപ്പിലേക്ക് എടയ്ക്കല്‍ ഗുഹാമുഖം തുറന്നിട്ടിരിക്കുന്നു. അമ്പുകുത്തിമലയിലെ പാറക്കെട്ടുകള്‍ താണ്ടി ചരിത്രലിഖിതങ്ങളെ അടുത്തറിയാന്‍ ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. ആറായിരം വര്‍ഷംമുന്‍പ് നവീനശിലായുഗത്തില്‍ ജീവിച്ചിരുന്നവര്‍ എടയ്ക്കല്‍ ഗുഹയെ വീടാക്കിമാറ്റിയതായും ചരിത്രരേഖകള്‍ പറയുന്നു. ഇക്കാലത്താണ് ഇവിടെ ശിലാലിഖിതങ്ങള്‍ രേഖപ്പെടുത്തിയതെന്നും പറയുന്നു.

ലോക പൈതൃകപട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്ത കേരളത്തിലെ ഏക ശിലാഗുഹയാണിത്. സമുദ്രനിരപ്പില്‍നിന്ന് നാലായിരം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഗുഹയിലെ ചിത്രങ്ങളും എഴുത്തുകളും നരവംശപഠനത്തില്‍ വന്‍പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

placeholder
Photo: special arrangement
മുത്തങ്ങളിലെ നെൽപ്പാടത്തോടു ചേർന്നുള്ള ഏറുമാടം | Photo: special arrangement

മുത്തങ്ങയില്‍ കാട്ടാനകളെ കാണാം

ജില്ലാ ആസ്ഥാനമായ കല്പറ്റയില്‍നിന്ന് 41 കിലോമീറ്റര്‍ ദൂരം കോഴിക്കോട്-മൈസൂരു ദേശീയപാതയിലൂടെ സഞ്ചരിച്ചാല്‍ മുത്തങ്ങയിലെത്താം. വനത്തെയും വന്യജീവികളെയും അടുത്തറിയാനുള്ള യാത്രകള്‍. രാവിലെ ഏഴുമുതല്‍ ഒന്‍പതുവരെയും വൈകീട്ട് മൂന്നരമുതല്‍ അഞ്ചുവരെയുമാണ് ഇവിടേക്കുള്ള പ്രവേശനം. ജീപ്പുകളില്‍ സഞ്ചാരികളെ കാടിനുള്ളില്‍ ചുറ്റിക്കറക്കി തിരികെയെത്തിക്കും. മുത്തങ്ങയിലൂടെ കടന്നുപോകുന്ന കോഴിക്കോട്-മൈസൂരു ദേശീയപാതയോരത്തുപോലും വന്യമൃഗങ്ങളെ അടുത്തുകാണാം.

തിരുനെല്ലി - തീര്‍ഥാടകരുടെ പുണ്യഭൂമി

തിരുനെല്ലിയുടെ പാദപത്മങ്ങളില്‍ മോക്ഷത്തിന്റെ പുണ്യം തളംകെട്ടിനില്‍ക്കുന്നു. ശരീരംകൊണ്ടുമാത്രം പിരിഞ്ഞുപോയ പ്രിയപ്പെട്ടവര്‍ക്ക് ബലിയര്‍പ്പിക്കാന്‍ പൗരാണികതയുടെ മടിത്തട്ടില്‍ കുടുംബസമേതം എത്തിയവരാണ് കൂടുതലും. പെരുമാള്‍ കാഴ്ചശീവേലിയില്‍ എഴുന്നള്ളുമ്പോള്‍ അങ്ങകലെനിന്ന് ഗോത്രഗ്രാമങ്ങള്‍ ഒരു ഉച്ചനേരത്തിന്റെ തിരക്കിലാവുന്നു.

ഇവിടത്തെ ഉത്സവവുമായി ചേര്‍ത്താണ് കാര്‍ഷിക കലണ്ടര്‍പോലും. ചേകാടിയില്‍ ചെട്ടിമാരുടെ ഗന്ധകശാല പാടങ്ങള്‍തൊട്ട് ബേഗൂരിലെ ആദിവാസികളുടെ മുത്താറി പാടങ്ങള്‍വരെ തിരുനെല്ലിയുടെ ഉത്സവങ്ങള്‍ക്ക് കാതോര്‍ത്തുനില്‍ക്കുന്നു. ഗ്രാമീണതയുടെ കുലീനമായ കാഴ്ചകള്‍ ഇന്നും തിരുനെല്ലിയില്‍നിന്ന് അടര്‍ന്നുമാറിയിട്ടില്ല.

placeholder
Photo: special arrangement
കുറുവ ദ്വീപ് | ഫോട്ടോ: ശ്രീജിത്ത് പി. രാജ്

കുറുവ - അദ്ഭുതങ്ങളുടെ ദ്വീപ്

ഇന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏകദ്വീപാണ് കുറുവ. പ്രകൃത്യാ രൂപപ്പെട്ട അനേകം തടാകങ്ങള്‍ ഈ ദ്വീപിന്റെ മനോഹാരിത കൂട്ടുന്നു. അപൂര്‍വ സസ്യജാലങ്ങളുടെയും ദേശാടനപ്പക്ഷിയുടെയും സ്വന്തം ദ്വീപാണിത്. 900 ഏക്കര്‍ വിസ്തൃതിയിലേക്ക് കൈകള്‍ നീട്ടി കബനിയെ പിളര്‍ന്ന് നിലകൊള്ളുന്ന പച്ചത്തുരുത്തുകള്‍. മുളങ്കാടുകളും സപുഷ്പികളായ കുള്ളന്‍മരങ്ങളും കാട്ടുചെടികളും ധാരാളമുണ്ടിവിടെ. ഇടയ്ക്കിടക്ക് വന്യമൃഗങ്ങളും ദ്വീപിലേക്ക് നീന്തിക്കയറും. മഴക്കാലത്ത് ചുറ്റിലും പുഴ നിറഞ്ഞുനില്‍ക്കുന്നതിനാല്‍ ആര്‍ക്കും ഈ ദ്വീപിലേക്ക് പ്രവേശിക്കാനാവില്ല. മഴ ശമിക്കുമ്പോള്‍ കെട്ടുചങ്ങാടങ്ങളിലൂടെ ഈ ദ്വീപിലേക്ക് സഞ്ചാരികളുടെ പ്രവാഹമായി.

placeholder
Photo: special arrangement
വയനാട് ചേകാടിയിലെ പാടശേഖരം | Photo: special arrangement

ഏറുമാടങ്ങളും മുളകൊണ്ടുള്ള പാലങ്ങളും ചെറിയ വിശ്രമകേന്ദ്രങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഡി.ടി.പി.സി. ബോട്ടുകളിലൂടെയാണ് ദ്വീപിനുള്ളിലേക്ക് സഞ്ചാരികളെ കടത്തിവിടുക. മാനന്തവാടി കാട്ടിക്കുളം വഴിയും കൊയിലേരി പയ്യമ്പള്ളി വഴിയും പുല്‍പ്പള്ളി ചേകാടി വഴിയും കുറുവയിലെത്താം.

കാഴ്ചകളുടെ ഭൂമികകള്‍

കേരളത്തിലെ ഗോത്രജനതയുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയും പാരമ്പര്യവിജ്ഞാനീയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച വേറിട്ടതും സ്ഥിരതയുള്ളതും വരുമാനദായകവുമായ സംരംഭമാണ് എന്‍ ഊര് ഗോത്രപൈതൃകഗ്രാമം. ഗോത്രജനതുടെ വൈവിധ്യങ്ങളെ ഇവിടെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നു. ഗോത്രജനതയുടെ സമഗ്രമായ ജീവിതചാരുതകള്‍, അനുഷ്ഠാന പാരമ്പര്യകലകളുടെ സംരക്ഷണം, വംശീയ ഭക്ഷണവൈവിധ്യം, നാടോടിവിജ്ഞാനീയം എന്നിവയെല്ലാം പുതിയ തലമുറകള്‍ക്ക് എന്‍ ഊരില്‍ പരിചയപ്പെടുത്തുന്നു.

placeholder
Photo: special arrangement
എന്‍ ഊര് ഗോത്രപൈതൃകഗ്രാമം | Photo: special arrangement

തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്തിലെ കുഞ്ഞോം ഗ്രാമത്തിലെ വനാതിര്‍ത്തിയിലാണ് കുങ്കിച്ചിറ. വടക്കന്‍പാട്ടിലെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടാണ് കുങ്കിച്ചിറ. കോട്ട കാലപ്പഴക്കത്തില്‍ നശിച്ചു. ചിറ കേരള മ്യൂസിയം വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുന്നു. ചിറയുടെ തീരത്തായി മ്യൂസിയം വകുപ്പ് ജൈവ-സാംസ്‌കാരിക-പൈതൃക മ്യൂസിയം നിര്‍മിച്ചിട്ടുണ്ട്.

വയനാട് ജില്ലയില്‍ ജലസേചനത്തിനായി നിര്‍മിച്ച അണക്കെട്ടാണ് കാരാപ്പുഴ. കനാല്‍വഴി കാര്‍ഷിക ജലസേചനത്തിനും കുടിവെള്ളവിതരണത്തിനുമായി പദ്ധതി ലക്ഷ്യമിടുന്നു. ഗിരിനിരകളുടെ വിദൂരക്കാഴ്ചകളാല്‍ സമ്പന്നമായ ഇവിടം ഇന്ന് അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രംകൂടിയാണ്. ഉദ്യാനങ്ങളും അമ്യൂസ്മെന്റ് പാര്‍ക്കുകളും ഒരുക്കി കാരാപ്പുഴ സഞ്ചാരികളെ വരവേല്‍ക്കുന്നു.

പ്രകൃതിദത്ത തടാകമാണ് കര്‍ളാട്. വേനലിലും വറ്റാത്ത ഈ തടാകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രമാണ്. ചെരിഞ്ഞ കുന്നുകളുടെ താഴ്വാരത്തുള്ള തടാകത്തില്‍ ബോട്ട് സര്‍വീസ് നടത്തുന്നുണ്ട്. ഇതിനുപുറമേ ജില്ലാ അഡ്വഞ്ചര്‍ ക്യാമ്പ് എന്ന നിലയിലും കര്‍ളാട് ശ്രദ്ധേയമാണ്. കയാക്കിങ്, സിപ് ലൈന്‍ എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ചീങ്ങേരിമലയും സാഹസിക വിനോദസഞ്ചാരികളെ കാത്തിരിക്കുകയാണ്.