വയനാടന്‍ കാടുചുറ്റാം, കാഴ്ച കാണാം.. കെ.എസ്.ആര്‍.ടി.സി ജംഗിള്‍ സഫാരി ഹിറ്റ്


കെപി ഷൗക്കത്തലി

ഫോട്ടോ: എം.വി. സിനോജ്‌

വാഹനത്തിന്റെ വെളിച്ചത്തിൽ, മരങ്ങൾക്കിടയിൽനിന്ന് തെളിഞ്ഞുകാണുന്ന മാൻകൂട്ടങ്ങൾ, ഒറ്റയാനായി നിൽപ്പാണെങ്കിലും എന്നെ കണ്ടുപോയ്‌ക്കോളൂ എന്ന ഗമയോടെ നിൽപ്പുണ്ടായിരുന്നു വടക്കനാടും ഇരുളത്തുമൊക്കെ കൊമ്പന്മാർ. ഇടയ്ക്ക് പതുക്കെയെത്തുന്ന കാറ്റ് കാട്ടിന്റെ അവകാശികൾക്ക് അലോസരമുണ്ടാക്കാത്ത രീതിയിൽ മെല്ലെമെല്ല നീങ്ങുന്ന ബസിന്റെ ചില്ലിനിടയിലൂടെ വന്നുതൊട്ട് കുളിരണിയിക്കുന്നുണ്ട്‌. കാടുകയറി നാലുമണിക്കൂർ കടന്നതുപോയതേ അറിഞ്ഞില്ല. ഓരോ നിമിഷവും അത്രമേൽ ആസ്വദിച്ചു. വൈകീട്ട് ആറരയോടെ സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്നാണ് കെ.എസ്.ആർ.ടി.സി.യുടെ ജംഗിൾ സഫാരി തുടങ്ങിയത്. നായ്ക്കട്ടിയും കല്ലൂരുമൊക്കെ പിന്നിട്ടതോടെതന്നെ ഞങ്ങൾ കാടറിഞ്ഞുതുടങ്ങിയിരുന്നു. ഇടയ്ക്ക് വരുന്ന ചെക്പോസ്റ്റുകളിലെ ആൾത്തിരക്കൊഴികെ ബാക്കിയെല്ലാം നിശ്ശബ്ദം. ഓരോയിടത്തെത്തുമ്പോഴും ബജറ്റ് ടൂറിസത്തിന്റെ ജില്ലാ കോ-ഓർഡിനേറ്ററായ സി.ഡി. വർഗീസ് അവിടത്തെ പ്രത്യേകതകളെപ്പറ്റി വിവരിക്കും. ജനവാസകേന്ദ്രം പിന്നിട്ട് കാട്ടിലേക്ക് കടക്കുമ്പോൾ ഇതാ നമ്മൾ വനത്തിലേക്ക് കടക്കുകയാണെന്ന അടുത്ത അനൗൺസ്‌മെന്റ്. അതോടെ മൃഗങ്ങളെ കാണാനായി എല്ലാവരും ജാഗരൂകരാവും. എവിടെയെങ്കിലും ഒരു മാനിന്റെയോ ആനയുടെയൊക്കെ അനക്കംകണ്ടാൽ സഫാരിയുടെ സാരഥിയായ കെ.ടി. വിനോദ്കുമാർ വാഹനം നിർത്തി അതാ മാൻകൂട്ടം, ആന എന്ന് ആവേശത്തോടെ വിളിച്ചുപറയും. അപ്പോഴേക്കും ബസിന്റെ ചില്ലുനീക്കി കഴുത്തിടും. ‘കാടാണ്, ബഹളമുണ്ടാക്കരു’തെന്ന് ബസിൽ കയറുന്നതിനു മുമ്പുതന്നെ നിർദേശം നൽകിയതിനാൽ തികഞ്ഞ അച്ചടക്കം. ഡ്രൈവറും കോ-ഓർഡിനേറ്ററും മാത്രമാണ് വയനാട്ടുകാർ. ബാക്കിയുള്ളവരെല്ലാം പുലിയും കടുവയും ആനയുമൊന്നും ഇറങ്ങിനടക്കുന്ന നാട്ടിൽനിന്നുള്ളവരല്ലാത്തതിനാൽ കൗതുകവും ആവേശവുംകൊണ്ടങ്ങ് ആകാശം തൊട്ടിരുന്നു.

ഫോട്ടോ: എം.വി സിനോജ്

ടൂറിസ്റ്റ് ഗൈഡിനെപ്പോലെ ഓരോ പ്രദേശത്തിന്റെ ചരിത്രവും പുരാണവും സവിശേഷതകളുമൊക്കെ പറഞ്ഞുതരുന്നതിനിടെ പൊൻകുഴിയെത്താറായപ്പോൾ ഇതാണ് മുത്തങ്ങ ഭൂസമരം നടന്ന സ്ഥലമെന്ന് വർഗീസ് യാത്രക്കാർക്ക് പരിചയപ്പെടുത്തിത്തന്നു. അന്ന് വെടിവെപ്പിൽ കൊല്ലപ്പെട്ട ജോഗിയുടെ സ്തൂപവും കാണിച്ചുതന്നു. ഓർമകളിൽ മുത്തങ്ങയിരമ്പിവന്നു. വെടിവെപ്പിന്റെയും സമരഭൂമിയിലെ കുടിലുകൾ കത്തുന്നതിന്റെയുമൊക്കെ 19 വർഷം മുമ്പുള്ള കാഴ്ചകൾ തെളിഞ്ഞുവന്നു. കർണാടക അതിർത്തിയോടടുത്തെത്താറായപ്പോൾ കാടിനുനടുവിൽ രാമൻ സീതാദേവിയോടൊപ്പം വന്ന് താമസിച്ചെന്നുകരുതുന്ന സ്ഥലത്തെത്തി. അവിടെ ഒരുഭാഗത്ത് ശ്രീരാമസ്വാമിക്ഷേത്രവും മറുഭാഗത്ത് സീതാദേവി, ഹനുമാൻ ക്ഷേത്രവുമുണ്ട്. ബലിതർപ്പണകാലത്ത് ഏറ്റവും പ്രധാന കേന്ദ്രമാണ് ഐതിഹ്യം ഉറങ്ങുന്ന ആ പ്രദേശം.ഫോട്ടോ: എം.വി സിനോജ്

അതിനിടയിൽ ആനയും പുലിയുമൊക്കെ ഇറങ്ങുന്ന സ്ഥലത്ത് ഒരു കുട്ടിയും സ്ത്രീയുമടക്കം മൂന്നുനാലുപേർ എന്തോ കവറിലാക്കി ഉയർത്തിപ്പിടിക്കുന്നുണ്ട്. വാഹനത്തിന്റെ വെളിച്ചമല്ലാതെ മറ്റൊന്നുമില്ല. കോ-ഓർഡിനേറ്ററാണ് പറഞ്ഞത്, അത് കാട്ടുനെല്ലിക്കയുമായി യാത്രക്കാരെ പ്രതീക്ഷിച്ചുനിൽക്കുന്നു കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടവരാണെന്ന്. കടന്നുപോകുന്ന വാഹനങ്ങൾക്കുനേരെ അവർ കൈവീശുന്നുമുണ്ട്. കർണാടക-കേരള അതിർത്തിയിൽ ചെക്പോസ്റ്റുവരെ ഞങ്ങളെത്തി. പിന്നീട് പോയത് വള്ളുവാടി, വടക്കനാട്, കരിപ്പൂർ വനമേഖലയിലേക്കാണ്. കുറച്ചുദൂരം ജനവാസമേഖല പിന്നിട്ടാണ് വള്ളുവാടിയിലെത്തിയത്. വനത്തിലേക്ക് കടന്നപ്പോൾത്തന്നെ എതിരേവന്ന വാഹനത്തിന്റെ ഡ്രൈവർ പറഞ്ഞു, ‘അപ്പുറത്ത് ആനയുണ്ട്, കാണാതെ പോവരു’തെന്ന്. പിന്നെ എവിടെ എവിടെയെന്ന ആവേശമായി. ഡ്രൈവറും ഞങ്ങളുടെ ആവേശത്തിനൊപ്പം ചേർന്നു. നാനൂറുമീറ്ററോളം കടന്നുപോയപ്പോൾ ഒരു കൊമ്പൻ റോഡിനോട് ചേർന്നുള്ള സ്ഥലത്തായി തലകുലുക്കിനിൽക്കുന്നത് കണ്ടു. എല്ലാവരും ആനയെക്കണ്ടെന്ന് ഉറപ്പുവരുത്തിയതോടെ പിന്നെ പതുക്കെ ബസ് നീങ്ങി. ആനയും എന്നെ കണ്ടുതീർന്നല്ലോ എന്ന മട്ടിൽ കാട്ടിലേക്ക് വലിഞ്ഞു. ഓടപ്പള്ളത്തെത്തിയപ്പോൾ വീണ്ടും ആന. അപ്പോൾ വീണ്ടും ആവേശം. ഇടയ്ക്ക് ജനവാസമേഖലയിലൂടെ കടന്നുപോകുമ്പോൾ രാത്രിയിൽ വലിയ ഫെക്സ്‌ബോർഡുമേന്തി പോവുന്ന പോർച്ചുഗൽ ആരാധകരെയും കണ്ടു.

മുത്തങ്ങയിൽ ദേശീയപാതയിലൂടെയായിരുന്നു യാത്ര. പക്ഷേ, വള്ളുവാടിയിലെയും വടക്കനാട്ടെയും കാടിനുനടുവിലൂടെയുള്ള ഇടുങ്ങിയ റോഡിലൂടെയും തുടർന്ന് ബത്തേരിയിൽനിന്ന് ഇരുളത്തേക്കുമുള്ള യാത്ര കൂടുതൽ രസകരമായിരുന്നു. പലയിടത്തുവെച്ചും ഒറ്റയാനെയും മാൻകൂട്ടത്തെയുമെല്ലാം കണ്ടുമുട്ടി. മുത്തങ്ങവരെയുള്ള യാത്രയിൽ കാര്യമായി വന്യമൃഗങ്ങളെ കാണാത്തതിന്റെ നിരാശ വള്ളുവാടിയിലും വടക്കനാടും ഇരുളത്തുമെല്ലാം തീർത്തു. കണ്ടിട്ട് കൊതിതീരാത്തതിനാൽ ‘എലിഫന്റ് ക്രോസിങ് ഏരിയ’ എന്ന് ബോർഡ് വെച്ചിടത്തൊക്കെ കണ്ണുകൂർപ്പിച്ചുനോക്കുന്നുണ്ട് എല്ലാവരും.

ഫോട്ടോ: എം.വി സിനോജ്

സുൽത്താൻബത്തേരിമുതൽ ഇരുളംവരെയുള്ള ഭാഗത്ത് 20 കിലാമീറ്ററോളമാണ് വനത്തിലൂടെ യാത്രചെയ്തത്. അതും നല്ല മനോഹരമായ നിബിഢവനം. മുത്തങ്ങയിലേതുപോലെ മറ്റ് വാഹനങ്ങളുടെ ശല്യവും അധികമില്ലാത്തതിനാൽ ശരിക്കും ശാന്തമായ യാത്ര. ചിലയിടങ്ങളിൽ മൃഗങ്ങൾ കൃഷി നശിപ്പിക്കാതിരിക്കാൻ തീകാഞ്ഞ് കാവലിരിക്കുന്നുണ്ട്. ആറരയ്ക്ക് പുറപ്പെട്ട് തിരികെ സുൽത്താൻബത്തേരിയിലെത്തുമ്പോൾ പതിനൊന്നു മണിയോടടുത്തിരുന്നു. അപ്പോൾ ബസിൽനിന്ന് ഇറങ്ങേണ്ടിവരുമല്ലോ എന്ന് ഓർത്തുള്ള നിരാശയായിരുന്നു എല്ലാവരിലും. കുറച്ചു മണിക്കൂറുകൾകൂടി ഈ യാത്ര തുടർന്നെങ്കിൽ എന്ന് കൊതിച്ചുപോയി. ഇറങ്ങിയപ്പോഴാണ് ഇനി പുലർച്ചെ ഒരു യാത്രകൂടിയുണ്ട് അതിനുംകൂടി പോരുന്നോ എന്ന വർഗീസേട്ടന്റെ ചോദ്യം. രാവിലെ കരടിയെ ഉൾപ്പെടെ കാണാറുണ്ടെന്നുപറഞ്ഞപ്പോൾ മഞ്ഞിലിറങ്ങിവരുന്ന മൃഗങ്ങളെ കാണാനുള്ള ആഗ്രഹം മനസ്സിൽവെച്ച് ബത്തേരിയിൽനിന്ന് തിരിച്ചു.

മാനന്തവാടിയിലും തുടങ്ങുന്നു

മാനന്തവാടിയിൽനിന്ന് രാവിലെ അഞ്ചരയ്ക്ക് പുറപ്പെടുന്ന ജംഗിൾ സഫാരി ഉടൻ തുടങ്ങുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ പറഞ്ഞു. കാട്ടിക്കുളം, തിരുനെല്ലി, അപ്പപ്പാറ, തോൽപ്പെട്ടി, ബാവലി തുടങ്ങിയ വനമേഖലയിലൂടെയാണ് യാത്ര. ഉത്തരവ് ലഭിച്ചാലുടൻ തുടങ്ങും.

ബുക്കിങ് നമ്പറുകള്‍

മാനന്തവാടി

  • 9497863785
  • 7560855189
സുല്‍ത്താന്‍ ബത്തേരി

  • 7907305828
  • 9447518598

Content Highlights: wayanad ksrtc jungle safari


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented