Waterscapes KTDC
ജീവിതത്തിലെ എല്ലാ തിരക്കുകളോടും, സമ്മര്‍ദങ്ങളോടും നോ പറഞ്ഞ് സര്‍വം മറന്ന് ഒരു ദിവസമെങ്കിലും പ്രകൃതിയിലേക്കൂളിയിടാന് ആഗ്രഹം തോന്നാത്തവരുണ്ടോ? കായലോരത്തെ തണുപ്പില്‍ അലിഞ്ഞ്, കരിമീന്‍ തിങ്ങുന്ന തോട്ടുവക്കത്ത് പ്രകൃതിയുടെ പച്ചപ്പില്‍ തലചായ്ച്ച് രാവന്തിയോളം പ്രിയപ്പെട്ടവരുമൊത്ത് സൊറ പറഞ്ഞൊരു ദിനം.... ഇതൊക്കെയാണ് ആഗ്രഹമെങ്കില്‍ നേരെ കുമരകത്തേക്ക് പോരാം. ഇവിടെ കേരള സര്‍ക്കാരിന്റെ സ്വന്തം കെടിഡിസി വാട്ടര്‍സ്കേപ്പ് റിസോര്‍ട്ട് നിങ്ങളെ കാത്തിരിപ്പുണ്ട്. താമസിക്കാന്‍ മനോഹരമായ കോട്ടേജുകള്‍, കഴിക്കാന്‍ വിഭവസമൃദ്ധമായ നാടന്‍വിഭവങ്ങള്‍, ഓളപ്പരപ്പില്‍ തെന്നിനീങ്ങുന്ന ഹൗസ്ബോട്ടുകള്‍... അതെ, വേമ്പനാട്ടു കായലോരത്ത് കാറ്റും കുളിരുമേറ്റ് ആ സായാഹ്നം മനോഹരമാക്കാം..
കുമരകം വശ്യം മനോഹരം
കായലും കരിമീനും ഹൗസ്ബോട്ടും ആമ്പല്‍ വസന്തവും നെല്പാടങ്ങളും, ഒപ്പം വായില്‍ കപ്പലോടുന്ന ഷാപ്പു രുചിയും, നാടന്‍ വിഭവങ്ങളും... കേരളത്തിന്റെ നെതര്‍ലൻഡ് എന്ന കുമരകം സഞ്ചാരികളുടെ പറുദീസയാണ്. സമുദ്രനിരപ്പിന് താഴെയായി സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഈ വിളിപ്പേര്. വേമ്പനാട് തീരത്തെ ചെറുദ്വീപുകളുടെ കൂട്ടമാണ് കുമരകം. കായല്‍ത്തീരത്തെ കറയറ്റ ഗ്രാമഭംഗി. കോട്ടയത്ത് നിന്നും 12 കിലോമീറ്റര്‍ മതി കുമരകത്തേക്ക്. നഗരത്തിരക്കുകള്‍ ലവലേശമില്ലാതെ കായലും നാട്ടുരുചിയും സമ്മേളിക്കുന്ന 'പെര്‍ഫെക്ട് പ്ലേസ്'. കുമരകമെന്നാല്‍ കായലും കരിമീനുമാണ് മലയാളിക്ക്.
കുമരകം ആസ്വദിക്കാന്‍ വാട്ടര്സ്കേപ്സ് റിസോര്‍ട്ട്
സ്വകാര്യ ആഡംബര റോസോര്ട്ടുകളെ വെല്ലുന്ന അത്യാധുനിക സൗകര്യങ്ങള്‍, പ്രകൃതിയോടിണങ്ങി നില്ക്കുന്ന നിര്‍മ്മിതികള്‍, പഴമ തോന്നിക്കുമെങ്കിലും അതിഗംഭീര ന്യൂജെന്‍ ഡിസൈന്‍... വാട്ടര്‍സ്കേപ്പ് റിസോര്‍ട്ട് നിങ്ങളുടെ ആ പറുദീസാ ദിനങ്ങളെ രാജകീയമാക്കും. കുമരകം പക്ഷിസങ്കേതമടക്കം 102 ഏക്കറിലാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്റെ വിശാലമായ ഈ വാട്ടര്സ്കേപ്സ് റിസോര്‍ട്ട്. അരക്കിലോമീറ്ററോളം നീളത്തിലുള്ള കായല്‍ വ്യൂ ആണ് റിസോര്‍ട്ടിനെ മറ്റ് റിസോര്‍ട്ടുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
.jpg?$p=2d0099b&f=1x1&w=284&q=0.8)
.jpg?$p=027cde9&f=1x1&w=284&q=0.8)



+10
അത്യാധുനിക സൗകര്യങ്ങളോട് കൂടി പൂര്‍ണമായി തടിയില്‍ തീര്‍ത്ത 40 കോട്ടേജുകള്‍, മള്‍ട്ടി കുസിന്‍ റെസ്റ്റോറന്റ്, കോണ്‍ഫറന്‍സ്ഹാള്‍, സ്വിമ്മിങ് പൂള് എന്നിവയടങ്ങിയതാണ് റിസോര്‍ട്ട്. സഞ്ചാരികള്‍ക്കായി റിസോര്ട്ടിനകം ചുറ്റിക്കാണാന്‍ ഇലക്ട്രിക് ബഗ്ഗി, കായല്കണ്ടാസ്വദിക്കാന് ബോട്ടിങ് സൗകര്യം, ഒപ്പം തേക്കടി, മൂന്നാര്‍,കോവളം, കൊച്ചി ടൂറിസം മേഖലകളെ ബന്ധിപ്പിച്ചുള്ള ടൂര്‍ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.
30000 ച.കി.മീ പരന്നുകിടക്കുന്ന പുല്കത്തകിടിയിലാണ് ആദ്യം കണ്ണുടക്കുക. ഇതിനോട ചേര്‍ന്ന് ഹാളും റെസിന്‍ഷ്യല്‍ ഏരിയയും. ചെറിയ വിവാഹങ്ങള്‍ക്കും, പാര്‍ട്ടികള്‍ക്കുമെല്ലാം ഏറെ യോജിച്ച ഇടം. കായല്‍ മനോഹാരിതയാണ് ചുറ്റിലും. ആ മനോഹാരിത ഓരോ മിനിറ്റിലും ആസ്വദിക്കാവുന്ന തരത്തിലാണ് റിസോര്‍ട്ടിലെ ഓരോ നിര്‍മ്മിതിയും. വാട്ടര്സ്കേപ്പിലെ ഒഴുകും റസ്റ്റോറന്റും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. നാവില്‍ കൊതിയൂറുന്ന രുചി മാത്രമല്ല, മനസില്‍ കുളിര്‍മ്മയും പ്രദാനം ചെയ്യുന്നതാണ് റെസ്റ്റോറന്റ് എക്സ്പീരിയന്‍സ്. വെള്ളത്തിന് മുകളില്‍ തൂണുകളിലാണ് ഫ്ളോട്ടിങ് റെസ്റ്റോറന്റ് നിര്‍മ്മിച്ചിരിക്കുന്നത്. കൈയിലൊരു കട്ടനുമായി ജാലകത്തിനപ്പുറത്തെ കായല്‍കാഴ്ച ആസ്വദിച്ച് റെസ്റ്റോറന്റിലെ ആ ഇരിപ്പുണ്ടല്ലോ.... ആഹാ അന്തസ്. റെസ്റ്റോറന്റിന് താഴെയായി സഞ്ചാരികള്‍ക്കായി പെഡല്‍ ബോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്.
2017ല്‍ നവീകരണത്തിനായി അടച്ച റിസോര്‍ട്ട് 2021ലാണ് പ്രൗഢിയോടെ തിരികെയെത്തിയത്. കേവലം കായലോരത്തെ താമസവും, നാടന്‍ വിഭവങ്ങളും മാത്രമല്ല ഇവിടുത്തെ പ്രത്യേകത. തനത് കേരളീയ സൗന്ദര്യത്തിന് കോട്ടം തട്ടാതെ അതിമനോഹരമായി രൂപകല്പന ചെയ്ത കെട്ടിടങ്ങളും, അതിനോട് കിടപിടിക്കുന്ന സൗകര്യങ്ങളും, ഉദ്യോഗസ്ഥരുടെ മാന്യമായ പെരുമാറ്റവും കൂടിയാണ്.
പോക്കറ്റ് കാലിയാകാതെ ലക്ഷ്വറി ആസ്വദിക്കാം
6000 മുതല്‍ 15000 രൂപവരെയുള്ള കോട്ടേജുകളും മുറികളുമാണ് റിസോര്‍ട്ടിലുള്ളത്. കായലിനഭിമുഖമായി നില്ക്കുന്ന കോട്ടേജുകള്ക്കെല്ലാം വിശാലമായ ബാല്‍ക്കണിയുണ്ട്. പൂര്‍ണമായി പരിസ്ഥിതി സൗഹൃദമായി പഴമയും പുതുമയും മനോഹരമായി കോര്ത്തിയിണക്കിയാണ് ഓരോ കോട്ടേജുകളുടെയും രൂപകല്പന. കോട്ടേജുകള്ക്കുള്ളിലേക്കും കായല്വ്യൂ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
വ്യൂ അനുസരിച്ച് സുപ്പീരിയര്‍ ലേക്ക് വ്യൂ, കനാല്‍ വ്യൂ, ഗാര്ഡന് വ്യൂ എന്നിങ്ങനെയാണ് കോട്ടേജുകള്‍. വേമ്പനാട്ടുകായലിന്റെ സൗന്ദര്യമത്രയും പ്രതിഫലിക്കുന്നതാണ് സുപ്പീരിയര്‍ ലേക്ക് വ്യൂ റിസോര്‍ട്ടുകള്‍. ഈ റിസോര്‍ട്ടുകള്‍ ഒന്പതെണ്ണമെണ്ണമാണുള്ളത്. പുറം കാഴ്ചകള്‍ക്ക് മാത്രമേ വ്യത്യാസമുള്ളൂ. അകക്കാഴ്ചകളും സൗകര്യങ്ങളും ഇന്റീരിയറുമെല്ലാം എല്ലാ കോട്ടേജുകളിലും ഒരുപോലെയാണ്. കോട്ടേജുകള്ക്കിടയിലായി ചെറുതോടുകളും കാണാം. റിസോര്‍ട്ടില്‍ ഹാളുകള്‍ക്ക് പുറമേ ഓപ്പണ്‍സ്റ്റേജും, ജിം യോഗാ സെന്ററും നല്കിയിരിക്കുന്നു. വലിയ സ്വിമ്മിങ് പൂളിനോട് ചേര്‍ന്നു തന്നെ കുട്ടികള്‍ക്കായി ബേബി പൂളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ പക്ഷി സങ്കേതത്തിലൂടെ ഒരു സവാരിയാകാം. അല്ലെങ്കില്‍ കായല്‍ കാറ്റേറ്റ, സൂര്യാസ്തമയം കണ്ട് ഒരു ബോട്ടിങ്. നിലാവില് കുളിച്ച് നി്ല്ക്കുന്ന റിസോര്‍ട്ടും കായലും മറ്റൊരനുഭവമാണ്. തിരികെപ്പോകുമ്പോള്‍ ആരും പറയും, 'ഒരിക്കല്‍കൂടി വരണം...'
Content Highlights: Waterscapes KTDC Backwater Resort kumarakom
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..