വൈഡൂര്യത്തിന്റെ നിറമുള്ള വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശം എന്നതായിരുന്നു ഇന്തോനേഷ്യയിലെ ഗിലി ത്രവാങ്കന്‍ ദ്വീപുകളിലേക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നത്. ഭക്ഷണശാലകളും മണല്‍ നിറഞ്ഞ ബീച്ചും വൈവിധ്യമാര്‍ന്ന സമുദ്രജീവികളുമെല്ലാം സഞ്ചാരികള്‍ക്ക് വിരുന്നേകി. പക്ഷേ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ് ഇപ്പോള്‍. കോവിഡ് വ്യാപനം കാരണം ദ്വീപിലെ റിസോര്‍ട്ടുകളെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. ഒരു പ്രേതനഗരം പോലെ ആയിരിക്കുകയാണ് ഈ മനോഹരഭൂപ്രദേശം.

Gili 2

ട്രവാംഗന്‍, മെനോ, എയര്‍ എന്നിവയാണ് മൂന്ന് ഗിലി ദ്വീപുകള്‍. ബാലിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ട്രവാംഗനില്‍ കോവിഡിന് മുമ്പ് പ്രതിദിനം ഏകദേശം 1500 വിദേശ സഞ്ചാരികളാണ് സന്ദര്‍ശിച്ചിരുന്നത്. എന്നാല്‍ കോവിഡ് എല്ലാം തകര്‍ത്തു. 800 ഹോട്ടലുകളിലായി 700 മുറികളുണ്ടായിരുന്നു. പക്ഷേ 20-നു 30-നുമിടയില്‍ ഹോട്ടലുകളേ തുറന്ന് പ്രവര്‍ത്തിച്ചിരുന്നുള്ളൂ എന്ന് ഗിലി ഹോട്ടല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ലാലു കുസ്‌നവന്‍ പറഞ്ഞു. ഷോപ്പുകള്‍, ബാറുകള്‍, കഫേകള്‍, ഭക്ഷണശാലകള്‍ തുടങ്ങി എല്ലാം അടഞ്ഞുകിടക്കുകയാണ്. ചിലതാകട്ടെ വില്പനയ്ക്ക് വെച്ചിരിക്കുകയുമാണ്. ഇവയിലെല്ലാം ചിലന്തികള്‍ വലകെട്ടിയിരിക്കുകയാണ്.

Gili 3

ഒരിക്കല്‍ അവിടെ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ ഉപജീവനത്തിനായി മത്സ്യബന്ധനമടക്കമുള്ള മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരായി. സഞ്ചാരികളെ കയറ്റി കാഴ്ചകള്‍ കാണാന്‍ ഉപയോഗിച്ചിരുന്ന ബോട്ടുകള്‍ മാസങ്ങളായി ട്രവാംഗന്‍ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്.

Gili 4

രാജ്യാതിര്‍ത്തികള്‍ ഒക്ടോബറില്‍ തുറന്നിരുന്നെങ്കിലും ബാലിയിലേക്ക് നേരിട്ടുള്ള അന്താരാഷ്ട്ര വിമാനങ്ങള്‍ ഇനിയും സര്‍വീസ് തുടങ്ങിയിട്ടില്ല. ശക്തമായ വിസ നടപടികളും ക്വാറന്റീന്‍ വേണ്ടിവരും എന്നുള്ളതും സഞ്ചാരികളെ ഇന്തോനേഷ്യയില്‍ നിന്നും മുഖം തിരിപ്പിക്കുന്നു. ഒമിക്രോണ്‍ ഭീതിയുള്ളതിനാല്‍ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് ക്വാറന്റീനില്‍ കഴിയേണ്ട കാലാവധി പത്ത് ദിവസമാക്കി നീട്ടിയിട്ടുണ്ട്.

Gili 5

രക്തം ചിന്താന്‍ ഇനി ബാക്കിയില്ലെന്നും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ തങ്ങള്‍ മോശം അവസ്ഥയിലായിരുന്നെന്നും കുസ്‌നവന്‍ പറഞ്ഞു. പിടിച്ചുനില്‍ക്കാന്‍ കയ്യിലുള്ളതെല്ലാം വിറ്റെന്നും ജീവനക്കാരുടെ എണ്ണം പകുതിയാക്കിയെന്നും ബോട്ടുടമ അബ്ദിയന്‍ സപുത്ര പറഞ്ഞു.

Gili 6

വളരെ അപൂര്‍വമായേ യാത്രികരെ കാണാറുള്ളൂ. തങ്ങള്‍ നിര്‍ത്തിയാല്‍ ഹോട്ടലുകളടക്കമുള്ള വ്യവസായങ്ങള്‍ നിന്നുപോകും. അതുകൊണ്ട പരസ്പരം സഹായിച്ച് ജീവിക്കുകയാണ്. കാര്യങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ തന്റെ ജോലി അടുത്ത ജനുവരിയാവുമ്പോഴേക്കും അന്ത്യശ്വാസം വലിക്കുമെന്നും സപുത്ര ആശങ്കപ്പെടുന്നു.

Content Highlights: Gili Trawangan Islands, abandoned resorts ​in Indonesia, Omicron