ഉത്തരാഖണ്ഡ് യാത്രയിലെത്തിപ്പെട്ട മോഷ്ടാക്കളുടെ ഗ്രാമം


രമ്യ.എസ്.ആനന്ദ്‌

മധ്യാഹ്നമായപ്പോഴേക്കും ഞങ്ങള്‍ ദേവഭൂമിയിലേക്കെത്തി. ഹരിദ്വാരിലേക്ക് പ്രവേശിക്കുന്നത് പരമശിവന്റെ ബ്രഹ്മാണ്ഡപ്രതിമ കണ്ടാണ്.

Photo-Mathrubhumi Yathra

ന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഉത്തരാഖണ്ഡ് യാത്രയാണ് ഓര്‍മയിലേക്കെത്തുന്നത്. അന്നു ഹരിയാനയിലെ കര്‍ണാലില്‍ ഒരു ജാപ്പനീസ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി നോക്കിയിരുന്ന മൂത്തസഹോദരന്‍ ഉദാരമായി ക്ഷണിച്ചപ്പോള്‍ അമ്മയും രണ്ടാമത്തെ സഹോദരനും ഞാനും രണ്ടു വയസ്സുകാരി മകളുമടങ്ങുന്ന സംഘം കേട്ടപാതി അങ്ങോട്ടേക്ക് യാത്ര തിരിക്കുകയായിരുന്നു. ഇന്ത്യക്കു പുറത്തു ഉപരിപഠനാര്‍ത്ഥം ഭര്‍ത്താവ് പോയത് കൊണ്ട് നിരാശഭരിതവും ഏകാന്തവുമായ ഒരു കാലവുമായിരുന്നു എനിക്കത്.

നാട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഏറ്റവും സന്തോഷം, ഒരേ മനസ്സുള്ള, യാത്രയെ ജീവനായി കാണുന്ന രണ്ടു സഹോദരങ്ങളുടെയും ഒപ്പം യാത്ര ചെയ്യാമെന്നത് തന്നെയായിരുന്നു. ജീവിതവും ഉത്തരവാദിത്തങ്ങളും ഞങ്ങളെ മൂവരെയും അതിനോടകം ഇന്ത്യയുടെ, പലപ്പോഴും ലോകത്തിന്റ തന്നെ അപരിചിത ഭൂമികകളില്‍ ഭസ്മ ധൂളികള്‍ പോലെ ചിതറിച്ചിരുന്നു.

ജനുവരിയുടെ അവസാന ദിനങ്ങള്‍ ആയതുകൊണ്ട് തന്നെ ഉത്തരേന്ത്യ മഞ്ഞില്‍ പുതഞ്ഞു നിന്നു. പച്ചനിറമുള്ള ഗോതമ്പു വയലുകള്‍ കഴിഞ്ഞു വന്ന അംബാല സ്റ്റേഷനില്‍ ബ്രദറും ഭാഭിയും ഞങ്ങളെ ആലിംഗനം ചെയ്തു സ്വീകരിച്ചു. അവര്‍ ഹരിയാനയിലെ കര്‍ണാലിലാണ് താമസിക്കുന്നത്. കുടുംബത്തിലേക്ക് വന്ന ആദ്യ മരുമകളും യാത്രാപ്രിയ ആയതില്‍ അമ്മയ്ക്കും ആകെയൊരു സന്തോഷമായിരുന്നു.നിറയെ ക്രീപറുകള്‍ പടര്‍ന്ന റസിഡന്‍ഷ്യല്‍ ഏരിയയിലെ വില്ലകളിലൊന്നിലേക്ക് ഞങ്ങള്‍ ആഹ്ലാദത്തോടെ ചെന്നു കയറി.

കുറെ നാളുകളിലെ വിശേഷങ്ങളും കഥപറച്ചിലുകളും കഴിഞ്ഞു ഞങ്ങള്‍ യാത്രയുടെ ഷെഡ്യൂളുകള്‍ തയാറാക്കി. ഹരിയാനയിലെ കുരുക്ഷേത്ര തന്നെയായിരുന്നു ആദ്യ ഡെസ്റ്റിനേഷന്‍.

ഭാരതീയരുടെ ചിന്താധാരകളില്‍ എന്നും കുട്ടിക്കാലം മുതല്‍ക്കെ ഇഴ ചേര്‍ന്ന് നില്‍ക്കുന്ന മഹാഭാരതഭൂമി. ഹാരപ്പന്‍ സംസ്‌കൃതിയ്ക്കും മുന്‍പേ പിറവി കൊണ്ടത്. യുദ്ധവും മരണവും വിരഹവും പരിത്യാഗങ്ങളും നിറഞ്ഞ കുരുക്ഷേത്രയില്‍ ഏറ്റവും അധികം ആകര്‍ഷിച്ചത് ബ്രഹ്മസരോവര്‍ തന്നെ ആയിരുന്നു. മനുഷ്യനിര്‍മ്മിതമാണിത്. അപ്‌സരസ്സുകളുടെ സ്നാനഘട്ടങ്ങള്‍ . സോമാവതി അമാവാസി നാളില്‍ പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി നിവരാനായി ഇവിടെ ആയിരങ്ങളെത്താറുണ്ട്. സൂര്യഗ്രഹണ സമയത്തു ഈ തടാകത്തില്‍ മുങ്ങിയാല്‍ അശ്വമേധ യാഗം ചെയ്ത ഫലം കിട്ടും എന്നും പറയപ്പെടുന്നു. യുദ്ധത്തിന്റെ അവസാന നാളുകളില്‍ ദുര്യോധനന്‍ ഇവിടെ ഒളിച്ചു താമസിച്ചു എന്നും ഐതിഹ്യം.. യുധിഷ്ഠിരന്‍ സ്ഥാപിച്ചുവെന്നു പറയുന്ന ഒരു വിജയസ്തംഭവും ഈ തടാകത്തിനു നടുവിലുണ്ട്.

മഹാഭാരതത്തിന്റെയും ഗീതോപനിഷത്തിന്റെയും നാടാണിത്. ഭഗവദ്ഗീത ജനിച്ച സ്ഥലമെന്നറിയപ്പെടുന്ന ജ്യോതിസര്‍ ഇവിടെയാണ്. തന്റെ ഗുരുഭൂതന്മാരുടെ മുന്നില്‍ അസ്ത്രം തൊടുക്കുവാനാകാതെ പകച്ചു നിന്ന അര്‍ജുനന്റെ ചെവിയില്‍ കര്‍മ്മത്തെ പറ്റി ഉപദേശിച്ച ശ്രീകൃഷ്ണന്‍. ആ ഓര്‍മ ഉളവാക്കുന്ന ഒരുഗ്രന്‍ സ്‌കള്‍പ്ചര്‍ ഇവിടെയുണ്ട്. ആദിശങ്കരന്‍ ആണിത് ഒന്‍പതാം നൂറ്റാണ്ടില്‍ കണ്ടെത്തിയത് എന്നു ചരിത്രം. ജ്യോതിസറിലെ പഴയ ആല്‍മരത്തെ ഗീതോപദേശത്തിനു സാക്ഷി എന്നാണ് വിശേഷിപ്പിക്കുന്നത്.

യുദ്ധത്തിന്റെയും നാടിന്റെയും പുരാണമറിയാന്‍ കുരുക്ഷേത്ര പനോരമ ആന്‍ഡ് സയന്‍സ് സെന്ററും ഇവിടെയുണ്ട്. അമ്മ പേരക്കുട്ടിയുമായി വിസ്മയം നിറഞ്ഞ കണ്ണുകളുമായി എല്ലാം ചുറ്റി നടന്നു കാണുന്നുണ്ടായിരുന്നു.

യുദ്ധത്തിന്റെ പത്താമത്തെ ദിനം, ശരശയ്യയില്‍ കിടന്ന് ദാഹാര്‍ത്തനായി ജലമാവശ്യപ്പെട്ട ഭീഷ്മ പിതാമഹന് കൗരവര്‍ ജലം പകര്‍ന്ന് കൊടുത്തപ്പോള്‍ അദ്ദേഹമത് നിരസിച്ചുവെന്നും അത് കണ്ടുവന്ന അര്‍ജുനന്‍ തന്റെ പാര്‍ജെനായസ്ത്രം തൊടുത്തു ഭൂമി പിളര്‍ന്നു ഗംഗാജലത്തെ ഭീഷ്മരുടെ ചുണ്ടില്‍ ഇറ്റിച്ചുവെന്നും പുരാണം.

യുദ്ധത്തില്‍ മുറിവേറ്റ വീര യോദ്ധാവിന് ചേരുന്ന ജലാഞ്ജലി. പുരാണത്തില്‍ ഗംഗയുടെ പുത്രനുമാണല്ലോ ഭീഷ്മര്‍. ഭീഷ്മ കുണ്ഡിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ വായിച്ച പുസ്തകങ്ങളിലെയും ഞായറാഴ്ചകളിലെ ടെലിവിഷനിലെയും മഹാഭാരത സ്മരണകള്‍ ഇരമ്പിവന്നു.

കുറ്റബോധത്തോടെ ഭീഷ്മരെ നോക്കി നില്‍ക്കുന്ന അര്‍ജുനന്റെ പ്രതിമ ഒരു നല്ല കാഴ്ചയാണ്. വൈകുന്നേരത്തെ ചാഞ്ഞു ചുവന്ന രശ്മികളില്‍ കുളിച്ചു നില്‍ക്കുന്ന കുരുക്ഷേത്ര ഭൂമി മറക്കാനാത്ത കാഴ്ചയാണ്. തിരികെ പോരുന്നത് നിറഞ്ഞ ഹൃദയവുമായാണ്.

utharakhand

മണികള്‍ മുഴങ്ങുന്ന ഹരിദ്വാര്‍..

രണ്ടാം ദിനം ഹരിദ്വാറും ഋഷികേശും ആയിരുന്നു ലക്ഷ്യം. ഡല്‍ഹിയില്‍ നിന്നും ഷംലി, മുസാഫിര്‍ നഗര്‍, റൂര്‍ക്കി വഴി ഹരിദ്വാറിലേക്ക്. കാര്‍ നിറയെ ചെറുതും വലുതുമായ യാത്ര പ്രേമികള്‍. മധ്യാഹ്നമായപ്പോഴേക്കും ഞങ്ങള്‍ ദേവഭൂമിയിലേക്കെത്തി. ഹരിദ്വാരിലേക്ക് പ്രവേശിക്കുന്നത് പരമശിവന്റെ ബ്രഹ്മാണ്ഡപ്രതിമ കണ്ടാണ്. യാത്രയില്‍ പലപ്പോഴും കൂടെ ഗംഗയുണ്ടയിരുന്നു.

'ദക്ഷ പ്രജാപതീ ഞാന്‍ എത്തി..മനസാദേവി ഇതാ ഞാന്‍ എത്തി. '

ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രം നമുക്ക് എം മുകുന്ദന്‍ കഥകളിലൂടെ സുപരിചിതമാണ് . നവരാത്രി ആഘോഷങ്ങള്‍ക്ക് ഏറെ പ്രസിദ്ധമായ ഇവിടെ ആരാധിക്കുന്നത് മാനസ ദേവിയെയാണ്.ആത്മാഹുതി ചെയ്ത സതീ ദേവിയുടെ മൃതദ്ദേഹവുമായി പ്രചണ്ഡ താണ്ഡവമാടിയ നീലകണ്ഠന്റെ കോപം ശമിപ്പിക്കാനായി സുദര്‍ശന ചക്രത്താല്‍ മഹാവിഷ്ണു ദേഹത്തെ 64 കഷണങ്ങളായി ഛേദിച്ചുവെന്നും ഹൃദയം വീണത് ഇവിടെയെന്നും ഐതിഹ്യം. സതിയുടെ മനസ്സ് പതിച്ച മനസാദേവി.ഇന്ത്യയിലെ 51 ശക്തിപീഠങ്ങളില്‍ ഒന്ന്.

ശിവാലിക് മലനിരകളിലെ ബില്‍വാ പര്‍വ്വതത്തിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ട്രക്ക് ചെയ്‌തോ അല്ലെങ്കില്‍ റോപ് വേ വഴിയോ മാത്രമേ എത്തിച്ചേരുവാനാകൂ. കശ്യപ മുനിയുടെ മനസ്സില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് ഇത്. ആദ്യം തന്നെ ശിവാലിക്കുന്നുകളുടെ മുകളിലെ മാനസാദേവി ക്ഷേത്രത്തിലേക്ക് കേബിള്‍ കാറിലേറി യാത്രയായി. യാതൊരു സുരക്ഷയും ഇല്ലാത്ത കേബിള്‍ കാറുകള്‍ എന്നു തോന്നി പോകും . ഇവിടെ നിന്നും താഴെ കാണുന്ന ഹരിദ്വാര്‍നഗരത്തിന്റെ സുന്ദരദൃശ്യം വര്‍ണനാതീതം.

ഉള്ളിലെത്തുമ്പോള്‍ ചുവന്ന നിറമുള്ള ഒരു വൃക്ഷം നിങ്ങളെ സ്വാഗതം ചെയ്യും. ഭക്തര്‍ കെട്ടിയ ചുവന്ന നൂല് നിറഞ്ഞ, ഭക്തരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്ന വൃക്ഷരാജന്‍. ശിവാലിക്കുന്നുകളുടെ എതിര്‍വശം മറ്റൊരു കുന്നുണ്ട് നീലകണ്ഠപര്‍വതം . ഇവിടുത്തെ പ്രതിഷ്ഠയാണ് ചണ്ഡികാ ദേവി. ദുര്‍ഗാദേവി തന്റെ കോശകലകളില്‍ നിന്നും സൃഷ്ടിച്ച അവതാരം.

ചണ്ഡീദേവി ക്ഷേത്രത്തിന്റെ പ്രതിഷ്ഠ സ്ഥാപിച്ചത് ആദിശങ്കരനാണ് എന്നാണ് ഐതിഹ്യം. പല പ്രയാഗുകള്‍ താണ്ടി ഹരിദ്വാരിലെത്തുന്ന ഗംഗ ഏഴു കൈവഴികളിലായി പിരിഞ്ഞ് ഒഴുകുന്നു. തപസ്സിരിക്കുന്ന സപ്തര്‍ഷികള്‍ക്കുള്ള ജലനിബിഢമായ അനുഗ്രഹാശിസുകള്‍ പോലെ.

ഹരിദ്വാറിന്റെ ഗലികളും തിരക്കും ഇടുങ്ങിയ വഴിയിലൂടെ കിതച്ചു നീങ്ങുന്ന സൈക്കിള്‍ റിക്ഷകളുമൊക്ക ഏതോ പുരാതന നഗരമെന്ന് തോന്നിപ്പിക്കും. ആലൂപൂരിയും കച്ചോരിയും എണ്ണയില്‍ പൊരിയുന്ന തെരുവുകള്‍. മണ്‍കുടത്തിലെ ലസ്സി കുടിക്കുന്നതോടെ മനുഷ്യനും ശാന്തനാകുന്നു.

ഗംഗ ഒരുപാടുപേര്‍ക്ക് അന്നദായിനിയാണിവിടെ. നദിയിലെക്കെറിയുന്ന നാണയങ്ങള്‍ തണുപ്പിനെ വകവെയ്ക്കാതെ ചാടി കൈക്കലാക്കുന്ന കുഞ്ഞുങ്ങള്‍, കാന്തം കൊണ്ട് നാണയം പിടിച്ചെടുക്കുന്നവര്‍, നിമജ്ജനം ചെയ്യുന്ന വേളയില്‍ ഏതെങ്കിലും വിലയേറിയ ലോഹം അതിലുണ്ടോ എന്നു പരിശോധിക്കുന്നവര്‍..

ഇവിടെ മരണവും പുനര്‍ജന്മവും പുണ്യവും പാപവുമെല്ലാം വില്‍പ്പനചരക്കാണ്. ജീവിതമാണ് ഏറ്റവും വലിയ സത്യമെന്നു ശരിക്കും തോന്നിപോകും. കഷായനിറമുള്ള തെരുവുകള്‍. ഭാംഗും കഞ്ചാവും അഘോരികളും നാഗസന്യാസികളും നീലപുകയിലൂടെ അവര്‍ നേടുന്ന നിര്‍വാണവും നിറഞ്ഞ ഭൂമിയിലെ വ്യത്യസ്തമായ ഒരിടം.

ഉത്തര ഖണ്ഡിലേക്കുള്ള എല്ലാ യാത്രകളുടെയും പ്രവേശനകവാടമാണിവിടം. സദാ മണികള്‍ മുഴങ്ങുന്ന ഹരിദ്വാര്‍.

ഹരിദ്വാറും ഋഷികേശും ശരിക്കും വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ പെട്ടതാണ്. കൂമ്പാരമായി കിടക്കുന്ന മാലിന്യങ്ങള്‍ നമ്മുടെ മനസ് മടുപ്പിക്കും. മണ്‍സൂണില്‍ കര കവിഞ്ഞൊഴുകുന്ന ഗംഗ അക്കാലം അവിടമെല്ലാം ശുദ്ധിയാക്കും. വീണ്ടും ചക്രം ആരംഭിക്കുന്നു.

ഹരിദ്വാറിലെ പ്രധാന സ്‌നാനഘട്ടമായ ഹര്‍ കി പൗരി ( ഹരിപാദം ) യിലെ ഗംഗമയിക്കുള്ള പൂജ സമയംഞാനൊരിക്കലും മറക്കാത്ത വൈകുന്നേരമാണ്. കത്തുന്ന മണ്‍ ചിരാതുകളും ഇലയില്‍ നിവേദ്യങ്ങളും ചിരാതിന്റെ വെളിച്ചത്തില്‍ തിളങ്ങുന്ന സിന്ദൂരമണിഞ്ഞ മുഖങ്ങളും വളകള്‍ നിറഞ്ഞ സുന്ദരമായ കൈകളും ഒക്കെ ചേര്‍ന്ന് ഒരു റിച് ഫ്രെയിം.

ഗംഗാ ആരതിയുടെ സമയമടുത്തിരുന്നു. ഒരേപോലെ വസ്ത്രം ധരിച്ച പുരോഹിതന്മാര്‍ ഗംഗയെ സ്തുതിച്ചു ശിവപഞ്ചാക്ഷരി ഉരുവിട്ട് പ്രാര്‍ത്ഥന തുടങ്ങി. പഞ്ചേന്ദ്രിയങ്ങളെയും കീഴടക്കുന്ന സുഗന്ധ ധൂപങ്ങളുടെ ഗന്ധം അവിടമാകെ പരക്കാന്‍ തുടങ്ങി. 'ഹര ഹര മഹാദേവ്' എന്ന് ജപിച്ചുകൊണ്ടു ജനം ഒരു ട്രാന്‍സിലെന്നപോലെ ഭക്തിയുടെയും നിലവിളിയുടെയും ഇടയിലുള്ള ഒരു അവസ്ഥയിലായി. ഭജനുകള്‍ ഉച്ചത്തിലായി . ഡോലക്കുകളുടെ മുഴങ്ങുന്ന ശബ്ദം. അതിലേറെ ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയം.

ഗംഗാതീരത്തെ ഈ ആരതി സമയം ലോക പ്രശസ്തമാണ്. തങ്ങളുടെ ആഗ്രഹങ്ങളുടെ ചിരാതുകള്‍ ഗംഗയുടെ ഓളങ്ങളിലും കാറ്റിലും അണയാതെ യാത്ര ചെയ്യുന്നത് കണ്ട് നിര്‍ന്നിമേഷരായി ജനലക്ഷങ്ങള്‍. അസ്തമയ സൂര്യന്റെ തിളങ്ങുന്ന രശ്മികളില്‍ കുഞ്ഞു തോണികള്‍ നിറഞ്ഞ ഓളങ്ങള്‍ ചാഞ്ചാടുന്നു.

ഹരി കി പൗരിയിലെ സ്‌നാനഘട്ടങ്ങളുടെ ചുവരില്‍ മഹാവിഷ്ണുവിന്റെ കാലടിപ്പാടുകള്‍ ഉണ്ടെന്നും സങ്കല്‍പ്പം. അമൃതിന്റെ തുള്ളിവീണ ബ്രഹ്മകുണ്ഠില്‍ കുളിക്കാന്‍ അവസരം പാര്‍ത്തു നില്‍ക്കുന്ന ഭക്തര്‍.

രാത്രിയില്‍ ...

നിറങ്ങളില്‍ കുളിച്ച ഗംഗാനദി കണ്ടു, ഓളങ്ങളുടെ സംഗീതം കേട്ടു ശാന്തമായി ഉറങ്ങി.അതിരാവിലെ വീണ്ടും ഗംഗാതീരം. സ്വര്‍ഗത്തിലേക്കുള്ള കവാടം എന്നാണ് ഹരിദ്വാറിന്റെ അര്‍ത്ഥം തന്നെ. ഗംഗോത്രിയിലെ ഗോമുഖില്‍ നിന്ന് യാത്ര തുടങ്ങുന്ന ഗംഗയുടെ സമതല യാത്ര തുടങ്ങുന്നത് ഹരിദ്വാറിലാണ് അംബറിലെ രാജാവായിരുന്ന രാജാ മാന്‍സിംഗ് ആണ് ഇന്ന് കാണുന്ന ഹരിദ്വാര്‍ നഗരത്തിന്റെ ശില്പി.

ചങ്ങലകളിട്ട് സുരക്ഷിതമാക്കിയ കുളിക്കടവുകള്‍. കല്‍പ്പടവില്‍ നിറയെ പലതരം കച്ചവടക്കാര്‍. മനോഹരമായ മുത്തുമാലകള്‍, കല്ലുകള്‍ ഇതിനെല്ലാം ഇടയില്‍ കൂടയില്‍ നിന്നും ഫണം വിരിക്കുന്ന സര്‍പ്പങ്ങള്‍. പെരുംപാമ്പുമായി വന്ന കച്ചവടക്കാരന്‍ രണ്ടാമത്തെ സഹോദരന് തോളില്‍ കിടന്ന പാമ്പിനെ സമ്മാനിച്ചു. കൂട്ടത്തിലെ ധൈര്യശാലിയായ അദ്ദേഹം കുറെ നേരം പാമ്പിനെ തോളിലിട്ട് ചിത്രങ്ങള്‍ എടുത്തു. പാമ്പ് ബ്രേക് ഫാസ്റ്റ് കഴിച്ചിട്ടുണ്ടാവില്ല എന്ന ഞങ്ങളുടെ മുന്നറിയിപ്പ് പ്രമാണിച്ചു അദ്ദേഹം പാമ്പിനെ തിരികെക്കൊടുത്തു.

ഭക്തിയുടെ ഭ്രാന്തമായ പ്രകടനങ്ങളാണ് ഇവിടെയെങ്ങും. ശൂലം കവിളില്‍ തറച്ചവര്‍, ദേഹം മുഴുവനും ഭസ്മം ധരിച്ചവര്‍, ജടാധാരികള്‍. പുകയൂതി അനന്തതയിലേക്ക് നോക്കിയിരിക്കുന്നവര്‍. തീരങ്ങളില്‍ എരിയുന്ന ചിതകള്‍. പകുതി എരിഞ്ഞു തീര്‍ന്നവയ്ക്കു മീതെ വീണ്ടും ഊഴം കാത്തു കിടക്കുന്ന ദേഹങ്ങള്‍. ഇതിന്റെ ഇടയില്‍ വെള്ളത്തില്‍ ഹാന്‍ഡ്ബാള്‍ കളിക്കുന്ന കുട്ടിക്കൂട്ടം. ഹരിദ്വാറില്‍ മരണം ഒരു ആഘോഷമാണ്. സ്വര്‍ഗ്ഗത്തിലേക്കു പോകാനുള്ള ടോക്കണ്‍ ആണ്.

ഹരിദ്വാറില്‍ നിന്ന് ഹൃഷികേശിലേക്ക്

യോഗയുടെ ആസ്ഥാനമാണ് ഹൃഷികേശ്. അതുപോലെ ഹിമാലയന്‍ ട്രക്കിങ്ങിന്റെ കവാടവും. അതുകൊണ്ട് തന്നെ വിദേശികളുടെ തിരക്കാണിവിടം നിറയെ. ഗലിയുടെ പൊടിമണ്ണിലൂടെ ഒരു വിദേശ വനിതയുടെ കുഞ്ഞ് മുട്ടിലിഴഞ്ഞു നടക്കുന്നത് കണ്ട് ഞാന്‍ ഞെട്ടി. ആ ഗലിയില്‍ എനിക്കൊരിക്കലും കുഞ്ഞിനെ അങ്ങനെ വിടാന്‍ ധൈര്യം വരില്ല.

ഇവിടെക്കണ്ടു മുട്ടിയ ഗൈഡ് ഞങ്ങളെ ബാബ കാല കംളിവാല ആശ്രമം, രുദ്രാക്ഷം കായ്ക്കുന്ന മരം, തുടങ്ങി അദ്ദേഹത്തിന്റെ സ്ഥിരം ഡെസ്റ്റിനേഷനുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. പതിവ് പോലെ അവരുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങളില്‍ ഞങ്ങള്‍ വീഴുന്നതായി ഭാവിച്ചു. ദേഷ്യം കുറയ്ക്കുന്ന സ്ഫടികമാല ഒരെണ്ണം മൂത്ത സഹോദരനെ അദ്ദേഹം അടിച്ചേല്‍പ്പിച്ചു. ഇരിയ്ക്കട്ടെ എന്ന അര്‍ത്ഥത്തില്‍ ഭാഭിയും സമ്മതം മൂളിയതോടെ ഗൈഡ് സന്തോഷവാനായി. പക്ഷെ പിറ്റേന്ന് രാവിലെ മാല കഴുത്തിലിട്ടു തന്നെ അദ്ദേഹം ചൂടാകുന്നത് കണ്ടു ഞങ്ങള്‍ ഞെട്ടി.

രാമന്‍ തപസ്സിരുന്ന സ്ഥലത്തിന് കുറുകെ നിര്‍മ്മിച്ച രാം ജൂലയും ലക്ഷ്മണന്‍ തപമിരുന്ന ഇടത്തിനു കുറുകെ നിര്‍മ്മിച്ച ലക്ഷ്മണ്‍ ജൂലയുമാണിവിടുത്തെ പ്രത്യേകതകള്‍. ഹൃഷികേശിന്റെ ലാന്‍ഡ്മാര്‍ക്ക് ആണ് ലക്ഷ്മണ്‍ ജൂല. ഗംഗയുടെ ഇരു കരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണിത്. ജനത്തിരക്കു വകവെക്കാതെ യാതൊരു ശ്രദ്ധയുമില്ലാതെ പാലത്തില്‍ കൂടി പായുന്ന ഇരുചക്ര വാഹനങ്ങള്‍. ലക്ഷ്മണന്‍ ഈ വഴിയിലൂടെ ആണത്രേ ഗംഗ മുറിച്ചു കടന്നത്.പശ്ചാത്തലത്തില്‍ പതിമൂന്ന് നിലയുള്ള ത്രയംബകേശ്വര അമ്പലവും കാണാം.

ഇവിടെയാണ് പ്രശസ്തമായ ബീറ്റില്‍ ആശ്രമം. ബീറ്റില്‍ മ്യൂസിക് ഗ്രൂപ്പ് ഇവിടെ താമസിച്ചു ആല്‍ബങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട് . ഭക്തിയും ലഹരിയും ഇടകലര്‍ന്ന വഴികള്‍. ഹരിദ്വാറില്‍ നിന്നും ഏതാണ്ട് 80 കിലോമീറ്റര്‍ അകലെയാണ് മസോറി. മൂന്നര മണിക്കൂര്‍ യാത്ര. ഹൃഷികേശില്‍ നിന്ന് മസോറിയിലേക്ക് പോയാലോ എന്ന പ്ലാന്‍ എത്തിയത് വളരെ പെട്ടെന്നായിരുന്നു. മസോറി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യമെത്തുന്നത് സിവില്‍ സര്‍വീസ് അക്കാദമി ആണ്.

മൂവി ഭാഷയില്‍ പറഞ്ഞാല്‍ വര്‍ഷാവര്‍ഷം അടവച്ചു വിരിയിക്കുന്ന ഐ.എ.എസ് കുഞ്ഞുങ്ങളുടെ കൂട്, ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ഡിസ്ട്രിക്റ്റിലാണ് മുസ്സൂറി . ഗര്‍വാള്‍ ഹിമാലയന്‍ മടിത്തട്ടിലെ ഹില്‍ സ്റ്റേഷനുകളുടെ രാജ്ഞി . മേഘങ്ങളുടെ താഴ്‌വരയില്‍ എത്തിയ പോലെ തോന്നുമെന്നു വായിച്ചതോര്‍മ്മ വന്നു . ഋഷികേശില്‍ നിന്ന് മസ്സൂറി എത്താന്‍ ഏതാണ്ട് മൂന്ന് മണിക്കൂറുകള്‍ വേണം. പോകും വഴിയെല്ലാം സാല്‍മരങ്ങള്‍, റെഡ് സിഡാര്‍, ഫിര്‍ തുടങ്ങിയ മരങ്ങള്‍ നിറഞ്ഞ മലനിരകള്‍... ആഴമേറിയ താഴ്‌വരകള്‍. ഘാട്ട് റോഡിന്റെ സ്ഥിരം കാഴ്ചകള്‍. താഴ്‌വരയിലേക്ക് ഇറങ്ങി നില്‍ക്കുന്ന പല വ്യൂ പോയിന്റുകളും ബോളിവുഡ് മൂവികളില്‍ കണ്ടു മറന്നത്.

ഹരിദ്വാരിലെ സസ്യാഹാര പരമ്പര യാത്രികരെ മടുപ്പിച്ചു തുടങ്ങിയിരുന്നു. ഘാട്ട് റോഡുകളിലൊന്നും ഒരു കടയുടെ പൊടിപോലുമില്ല. ഒരു പ്രത്യേക ഭൂപ്രദേശം ആണിത്. ചെറുപുല്ലുകളും ദേവതാരു മരങ്ങളും നിറഞ്ഞ് കേരളത്തിലെ പച്ചപ്പുള്ള കാടുകളില്‍ നിന്നും വ്യത്യസ്തം.

അങ്ങനെ കുറെ ദൂരം പോയിക്കഴിഞ്ഞപ്പോള്‍ ഒരു കുഞ്ഞന്‍ ധാബ കണ്ണില്‍പ്പെട്ടു. കട അടച്ചു കടക്കാരന്‍ പോകാന്‍ പോവുകയാണ്. മുക്കാലും അടഞ്ഞുകഴിഞ്ഞ കട. കാര്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി. ചേട്ടാ അടയ്ക്കരുതേ എന്ന് പറഞ്ഞു ഞങ്ങള്‍ പാഞ്ഞു ചെന്നു. പാവം പഹാഡി ഞെട്ടി. പക്ഷെ വിശപ്പിന്റെ കാഠിന്യമറിഞ്ഞപ്പോള്‍ അദ്ദേഹം തിരക്കുകളെല്ലാം മാറ്റിവച്ചു. ദൂരെയൊരു മല ചൂണ്ടി തനിക്കവിടെ വരെ പോകേണ്ട ആളാണെന്നു ഒരു മുന്നറിയിപ്പ് നല്‍കി. അങ്ങ് ദൂരെ മലമുകളില്‍ തീപ്പെട്ടിക്കൂടുകള്‍ പോലെയുള്ള ഒരു വീട്ടില്‍ ഭാര്യയും രണ്ടു പഹാഡി കുഞ്ഞുങ്ങളും താഴ്‌വര കയറി വരുന്ന ഒരു ടോര്‍ച് വെളിച്ചം നോക്കിയിരിക്കുന്നത് ഞങ്ങള്‍ മനക്കണ്ണില്‍ കണ്ടു .

ധാബയില്‍ ഞാനും ഭാഭിയും അപ്രന്റീസുകളായി കയറിപ്പറ്റി. പിന്നീട് ഒരു പാചക മത്സരമായിരുന്നു. ഹോ .... ഓംലറ്റിനൊക്കെ ഇത്ര ടേസ്റ്റുണ്ടോ .... ?ദൂരെ ഹിമാലയന്‍ മലനിരകള്‍. തണുത്ത വൈകുന്നേരം. ദൂരെ മലമുകളിലെ കുഞ്ഞു വീടുകളില്‍ നിന്നും പ്രത്യാശയുടെ വെളിച്ചം പോലെ പ്രകാശശകലങ്ങള്‍. ഞങ്ങള്‍ക്കുവേണ്ടി, വീട്ടിലെത്താനുള്ള ദൂരം കൂടി മറന്ന് ആഹാരം പാചകം ചെയ്യുന്ന പഹാഡി. രാജ്യത്തിന്റെ ഏതാണ്ട് ഇങ്ങേയറ്റത്തിരുന്ന് ഡൂണ്‍ വാലികളെയും പാര്‍വതനിരകളെയും നോക്കി ഒരു മനോഹര സായന്തനം.

ഗ്രേറ്റര്‍ ഹിമാലയത്തിന്റെ പര്‍വത നിരകളാല്‍ അനുഗ്രഹീതമായ ഡെറാഡൂണിനെ ലോകശ്രദ്ധയിലേക്കെത്തിച്ചത് ബ്രിട്ടീഷുകാര്‍ തന്നെയാണ്. ഡൂണ്‍ സ്‌കൂള്‍ പ്രശസ്തമാണല്ലോ. ഇവിടുത്തെ ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ബ്രിട്ടീഷ് കാലത്തു നിര്‍മിതമായിട്ടാണ്. ഡെറാഡൂണും താണ്ടി ഡൂണ്‍ വാലിയിലൂടെ മസൂറിയില്‍ എത്തിയപ്പോള്‍ നേരം വൈകിയിരുന്നു.

utharakhand

മാള്‍ റോഡ്

പതിവുപോലെ ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ ഹില്‍ സ്റ്റേഷനാണു ഇതും . ഹിമാലയത്തിന്റെ അടിവാരത്തു സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരെ. ഡല്‍ഹിയുടെ കൊടും ചൂടില്‍ നിന്നും ബ്രിട്ടീഷുകാര്‍ രക്ഷപെടാനൊരുക്കിയ അഭയകേന്ദ്രം. അതുകൊണ്ടുതന്നെ കോളനിവാഴ്ചക്കാലത്തെ ശേഷിപ്പുകളാണ് ചുറ്റും. മാള്‍ റോഡിലെ 2000 അടി ഉയരെ നിന്നും താഴത്തെ ഡൂണ്‍ വാലി നോക്കിനില്‍ക്കുന്ന കാഴ്ച അതീവ സുന്ദരം .

ബ്രിട്ടീഷ് മുഖഛായയുള്ള വിളക്കുകാലുകള്‍. അതില്‍ നിന്നും തൂങ്ങിയാടുന്ന പൂക്കൂടകള്‍. പോകും വഴിയാണ് റസ്‌കിന്‍ ബോണ്ട് സ്ഥിരം സന്ദര്‍ശിച്ചിരുന്ന കേംബ്രിഡ്ജ് ബുക്ക് സ്റ്റോര്‍. ഇരുവശങ്ങളിലും ചൂടന്‍ മണം പരത്തി റസ്റ്ററന്റുകള്‍. എല്ലാ ഹില്‍ സ്റ്റേഷന്‍ റോഡുകളും പോലെ ഇവിടെയും ജനനിബിഡമാണ്. ഇരു വശങ്ങളും കയ്യടക്കിയിരിക്കുന്ന കച്ചവടക്കാര്‍. ജമാവര്‍ ദുപ്പട്ടകള്‍ക്ക് വേണ്ടി ജനം തിക്കിത്തിരക്കുന്നു.

വര്‍ഷങ്ങളെടുത്തു കൈകൊണ്ടു തുന്നിയെടുക്കുന്ന ജമാവര്‍ ദുപ്പട്ടകള്‍ ' റെയര്‍ പീസ് ഓഫ് ആര്‍ട്ട് ' എന്ന് പുകള്‍പെട്ടതാണ്. അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പേര്‍ഷ്യയില്‍ നിന്ന് കാശ്മീരിലെത്തിയ ആര്‍ട്ടാണിത്. പൂക്കളും ഇലകളും വര്‍ണനൂലുകളില്‍ നെയ്തുണ്ടാക്കുന്ന ഫാബ്രിക് വിസ്മയം. സെറാമിക് വേസുകള്‍, കല്ലുകള്‍ കൊണ്ടുണ്ടാക്കിയ അതിനൂതന ആഭരണങ്ങള്‍, ടിബറ്റന്‍ പ്രയര്‍ വീല്‍, തുടങ്ങി ഇവിടം നിറങ്ങളുടെയും ആഹ്ലാദത്തിന്റെയുമിടമാണ്.

കൊളോണിയല്‍ ചാം നഷ്ടപ്പെടാത്ത മാള്‍ റോഡ്. മാള്‍ റോഡില്‍ നിറയെ ഷോപ്പിംഗ് സ്വപ്നങ്ങളാണ്. ആന്റിക് ആര്‍ടിഫക്ടുകളും സെമി പ്രഷ്യസ് സ്റ്റോണുകളും നിറഞ്ഞ നിറങ്ങളുടെ ഒരു ലോകം. നിറയെ ചിത്രപ്പണി ചെയ്ത വാക്കിങ് സ്റ്റിക്കുകള്‍ നല്ല ഭംഗിയുള്ള കാഴ്ചയാണ്. മാള്‍ റോഡിന് താഴെയുള്ള ടിബറ്റന്‍ മാര്‍ക്കറ്റ് നിറയെ സ്ലീപ്പിങ് ബാഗുകളും വിന്റ്റ് ചീറ്ററുകളും, വില പേശാന്‍ ശ്രമിച്ചാല്‍ ചീറ്റപ്പുലി പോലെ ചീറുന്ന സുന്ദരികളും.തണുപ്പിനെ പ്രതിരോധിക്കാന്‍ കരങ്ങള്‍ കോട്ടില്‍ തിരുകി ഡൂണ്‍ വാലിയില്‍ മിന്നാമിനുങ്ങുകളെ പോലെ തിളങ്ങുന്ന വെളിച്ചത്തിന്റെ പൊട്ടുകളെ നോക്കി ഞങ്ങളേറെ നേരം നിന്നു. രാത്രിയിലെ മുസ്സൂറി നഗരത്തിന്റെ സൗന്ദര്യം ഒന്ന് വേറെയാണ്.

കെംറ്റി ജലപാതം

ഈ വെള്ളച്ചാട്ടം കാണാതെ മുസൂറി യാത്ര പൂര്‍ണമാകുന്നില്ല. സിറ്റി സെന്ററില്‍ നിന്ന് ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയായി പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും താഴേക്ക് കുത്തനെ പതിക്കുന്ന വെള്ള നൂലുകള്‍. പശ്ചാത്തലത്തില്‍ ചുവന്ന പുഷ്പങ്ങള്‍ മാത്രം നിറഞ്ഞ ഒരു വൃക്ഷം. ഇതു അതിമനോഹരമായ ഒരു കാഴ്ചയാണ്. ജലപാതത്തിനോട് ചേര്‍ന്ന് തന്നെ ഒരു ചെറിയ വാട്ടര്‍ തീം പാര്‍ക്കുമുണ്ട്. എല്ലായിടവും ഹിമാചല്‍ ട്രഡീഷണല്‍ വസ്ത്രങ്ങളിട്ടു വാളും പിടിച്ചു പോസ് ചെയ്യുന്ന പുരുഷന്മാരുംനിറയെ ഞൊറികളുള്ള വര്‍ണ്ണപാവാടയും കണ്ണാടിത്തുണ്ടുകള്‍ പിടിപ്പിച്ച ചോളിയും സ്വീക്വന്‍സും മുത്തുകളും കോറലുകളും തുന്നിയ ചുനരിയും വെള്ളി അലുക്കുകള്‍ നിറഞ്ഞ ചോക്കറും നത്താണി എന്നറിയപ്പെടുന്ന മൂക്കുത്തിയും കമ്മലുകളും അണിഞ്ഞു നില്‍ക്കുന്ന സ്ത്രീസഞ്ചാരികളും മാത്രം..

മുസൂറി നിറയെ പ്രകൃതി വരച്ചിട്ട സുന്ദര ദൃശ്യങ്ങളാണ്. ഹിമാലയന്‍ മലനിരകളും.അതില്‍ നിന്നും വരുന്ന ചെറു ജലപാതങ്ങളും ഹിമവന്റെ പ്രശാന്തസുന്ദര ഗംഭീര്യസാന്നിധ്യവും. മുസൂറി വിഭവങ്ങള്‍ ഗര്‍വാള്‍ തിബറ്റന്‍ രുചികളുടെ സങ്കലനമാണ്. അതുകൊണ്ടു തന്നെ നൂഡില്‍ സൂപ്പും മോമോസുമൊക്കെ മെനുവിലെ സ്റ്റാര്‍ഐറ്റങ്ങളാണ്.

അല്‍മോറ സ്പെഷ്യല്‍ ബാല്‍ മിട്ടായി ഇവിടെയും പ്രശസ്തമാണ്. സ്‌കൈ വാക്കിങ്, പാരാ ഗ്ലൈഡിങ്, റോളര്‍ സ്‌കേറ്റിങ് തുടങ്ങി യാത്രികരെ കാത്തു ധാരാളം അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ഐറ്റങ്ങളും ഇവിടെയുണ്ട്. നിറയെ പ്രണയികള്‍ നിറഞ്ഞ ക്യാമല്‍ വാക് റോഡും ഇവിടത്തെ പ്രധാന ഡെസ്റ്റിനേഷനാണ്.

മാള്‍ റോഡിന്റെ അവസാനമുള്ള ഹവാ മഹല്‍ പഗോഡ ഒരു ഉഗ്രന്‍ വ്യൂ പോയിന്റ് ആണ്. മണ്‍സൂണ്‍ കാലത്താണ് ഇവിടത്തെ പച്ചപ്പ്. 1959ല്‍ സ്ഥാപിതമായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രഷന്‍ ഇവിടെയാണ്. കൂറ്റന്‍ ഗേറ്റിങ്കല്‍ പോയി കുറെ പിക് എടുത്തു ഞങ്ങള്‍ തൃപ്തിപ്പെട്ടു. ഉള്ളില്‍ നിറയെ ഐ എ. എസ്., ഐ. പി. എസ് ഹൃദയസ്പന്ദനങ്ങള്‍..

നാലു കിലോമീറ്റര്‍ കഴിഞ്ഞാല്‍ ദേവദാരു മരങ്ങള്‍ നിറഞ്ഞ ലന്തൂര്‍ ആയി. ഇന്‍ഡോ ബ്രിട്ടീഷ് എഴുത്തുകാരനായ റസ്‌കിന്‍ ബോണ്ടിന്റെ നാടാണിത്. മാള്‍ റോഡിന്റെ അവസാനം ഗണ്‍ ഹില്ലിലേക്കുള്ള റോപ്പ് വേ ആണ്. ബ്രിട്ടീഷ്‌കാരുടെ ഷൂട്ടിംഗ് പോയിന്റ് ആയിരുന്നു പണ്ടിത്.അവര്‍ക്ക് തലങ്ങും വിലങ്ങും വെടി വച്ചു രസിക്കാനുള്ള സ്ഥലം. ഇന്ത്യന്‍സിനും നായ്ക്കള്‍ക്കും പ്രവേശനമില്ലെന്നുള്ള ബോര്‍ഡ് കൂടി വച്ചിരുന്നു അവര്‍.

മോഷ്ടാക്കളുടെ ഗ്രാമത്തില്‍ക്കൂടി

മസ്സൂരിയിലെ സുന്ദരമായ രണ്ടു ദിനങ്ങള്‍ക്ക് ശേഷം തിരികെ വീണ്ടും ഹരിയാനയിലെ ഞങ്ങളുടെ കൂട്ടിലേക്കു പോകാന്‍ സമയമായി. വീണ്ടും ഡൂണ്‍ വാലിയിറങ്ങി മടക്കയാത്ര. നേരത്തെ ഇറങ്ങണം എന്നുള്ള തീരുമാനം പതിവുപോലെ തെറ്റി. പോകപ്പോകെ നേരം രാത്രിയായി തുടങ്ങി.

മസ്സൂറിയില്‍ നിന്നും തിരികെ യമുനാനഗര്‍ എത്താനായി ഞങ്ങള്‍ ശരിക്കും പാടുപെട്ടു. ഡെറാഡൂണില്‍ നിന്നും സഹരണ്‍പൂര്‍ വഴി യമുനാനഗറിലേക്കുള്ള വഴി ഞങ്ങള്‍ ആ രാത്രി തിരഞ്ഞെടുക്കാന്‍ കാരണം ഗൂഗിള്‍ മാപ്പില്ലാത്ത കാലമായത് കൊണ്ടും രാത്രി ആയതുകൊണ്ടും അജ്ഞതകൊണ്ടുമാകാം. ആ 200 കിലോമീറ്റര്‍ ഒരിക്കലും തീരാത്തത് പോലെ തോന്നി.

ഹരിയാന, ഉത്തര്‍ പ്രദേശ് ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് ഇതിന്റെയെല്ലാം അതിര്‍ത്തിയാണ് സഹരന്‍പൂര്‍. സഹരന്‍പൂരിലെ ആ രാത്രിയാത്ര വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നു. യാത്ര തുടരവേ മുന്‍സീറ്റിലിരിക്കുന്ന രണ്ടു സഹോദരന്മാരുടെയും മുഖത്തു ഒരാശയക്കുഴപ്പം. പിന്‍ സീറ്റില്‍ ഉണര്‍ന്നിരിക്കുന്നത് ഞാന്‍ മാത്രം. പെട്രോള്‍ പമ്പ് കാണാത്തത് ആണ് അവരുടെ ആശങ്കയ്ക്ക് കാരണം.

ഏതാണ്ട് കാലിയാവാറായ ഫ്യൂല്‍ ടാങ്ക്. തികച്ചും വിജനമായ വഴികള്‍. ആകാശത്തേക്ക് കയ്യുയര്‍ത്തി നില്‍ക്കുന്ന വന്‍മരങ്ങള്‍. ഒരു കൊടും വളവ് കഴിഞ്ഞു ചെന്നപ്പോള്‍ റോഡില്‍ നിരയായി അസംഖ്യം പച്ചക്കണ്ണുകള്‍ . ആധിയോടെ ബ്രേക്കിട്ട് നിര്‍ത്തിയപ്പോള്‍ കന്നുകാലിക്കൂട്ടമാണ്. രാത്രിയുടെ നേരിയ നാട്ടുവെളിച്ചം മാത്രമുള്ള വഴിയില്‍ അവ അനുസരണയോടെ നടന്നുപോകുന്നു. പിറകിലെവിടെയോ ഇരുട്ടിനു കട്ട പിടിച്ചത് പോലെ അവരുടെ സൂക്ഷിപ്പുകാരന്‍.

വഴിതെറ്റി ഞങ്ങള്‍ ഏതോ ഗാവിലേക്ക് കയറിയെന്നു പിടികിട്ടിയത് തന്നെ കുറെ നേരം കഴിഞ്ഞാണ്. കാര്‍ അന്തമില്ലാതെ യാത്രചെയ്തു തുടങ്ങി. ചാണക വരളികള്‍ പതിച്ചുവച്ച ചുമരുമായി ഒറ്റമുറി വീടുകള്‍. ദാരിദ്യത്തിന്റെ എല്ലാ ലക്ഷണങ്ങളും നിറഞ്ഞ ഒരു ഗ്രാമം. തീയിട്ടു കൃഷിയ്ക്കു സജ്ജമാക്കിയ പറമ്പുകളില്‍ നിന്നു ചെറുകാറ്റില്‍ ചാരവും പുകയും മുകളിലേക്ക് പൊന്തുന്ന കാഴ്ച. അമ്മയും ഭാഭിയും കാര്യങ്ങള്‍ പന്തിയല്ല എന്നു കണ്ടുണര്‍ന്നു.
കുഞ്ഞിന് ചെറിയ കരച്ചില്‍ തുടങ്ങിയാലോ എന്നുള്ള ആഗ്രഹവും തുടങ്ങി. വിശപ്പും ദാഹവും കൂടിക്കൂടി വന്നു. നിമിഷങ്ങള്‍ക്ക് വല്ലാത്ത നീളം. തീരാത്ത പോലെ വളഞ്ഞു പുളഞ്ഞുള്ള നാട്ടുവഴി.

ഒരു കുടിലിനു മുന്നിലിരുന്നു തീ കായുന്ന വൃദ്ധന്‍ യമുനാനഗര്‍ എന്ന് കേട്ടിട്ട് കൂടിയില്ല. വളരെ അപരിചിതമായ ഹാരിയാന്‍വി ഭാഷയില്‍ എന്തോ പിറുപിറുത്ത് ഞങ്ങളെ അദ്ദേഹം യാത്രയാക്കി. ഒടുവില്‍ കറങ്ങി കറങ്ങി പെട്രോള്‍ ടാങ്കിന്റെ അവസാന തുള്ളിയും വറ്റുന്നതിനു മുന്‍പ് ഞങ്ങള്‍ ആ ഗാവില്‍ നിന്നും പുറത്തു കടന്നു. ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ കാറില്‍ നിറഞ്ഞു. ആദ്യം കണ്ട പമ്പില്‍ കയറി ശരിക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി. നന്നേ പുലര്‍ച്ചയ്ക്ക് ഉറക്കം മുറ്റിയ കണ്ണുകളും ദൃശ്യങ്ങള്‍ നിറഞ്ഞ ഹൃദയവുമായി കര്‍ണാലിലെ തണുപ്പ് നിറഞ്ഞ പച്ചക്കൂട്ടില്‍ ചെന്നു പറ്റി.

രണ്ടു ദിനം കഴിഞ്ഞു തിരികെ ഡല്‍ഹി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയില്‍ ഓഫീസില്‍ നിന്നും വന്ന ഡ്രൈവര്‍ സഹരന്‍ പൂരിന്റെ കഥ പറഞ്ഞത് കേട്ടു ചങ്കിടിച്ചു. കാറിന്റെ മുന്നിലേക്ക് എടുത്തു ചാടി ആളുകളെ അപകടപ്പെടുത്തി മോഷ്ടിക്കുന്ന സ്ഥിരം മോഷ്ടാക്കളുടെ വിഹാരകേന്ദ്രം ആണത്രേ അത്. കുപ്രസിദ്ധമായ നാട്. ആ രാത്രി ഞങ്ങള്‍ക്ക് എതിരെ ഒരു വാഹനം പോലും വരാതെയിരുന്നതിന്റെ കാരണം പിടി കിട്ടിയത് അപ്പോഴാണ്...

(മാത്യഭൂമി മാര്‍ച്ച് 2021 ലക്കം യാത്രയില്‍​ പ്രസിദ്ധീകരിച്ചത്)

Content Highlights: village of thiefs in utharakhand; travel story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented