‘പണം വരും പോകും, യാത്രകൾ എനിക്കൊരു ഭ്രാന്താണ്. ആ ഓർമകൾ തലച്ചോർ മരിക്കുംവരെയുണ്ടാകും, അതു മതി. യാത്രകളേക്കുറിച്ച് ചോദിച്ചാൽ വിജയൻ പറയുന്ന മറുപടിയാണിത്. യാത്രകളെ അത്രമേൽ സ്നേഹിച്ചിരുന്നു വിജയൻ എന്ന ബാലാജി. കൊച്ചിയിലെ ശ്രീബാലാജി കോഫി സെന്ററിന് മുന്നിൽ കടമുടക്കം എന്നൊരു ബോർഡും തൂക്കി മായിക്കൊപ്പം ലോകം ചുറ്റാൻ ഇനി വിജയനില്ല. കാണാൻ ഒത്തിരി കാഴ്ചകൾ പാതിവഴിയിലാക്കി വിജയന്റെ മടക്കം.

ചായ വിറ്റുകൊണ്ട് കിട്ടിയ പണംകൊണ്ട് ലോകയാത്ര നടത്തുന്ന ദമ്പതികൾ എന്ന നിലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു വിജയനും മോഹനയും. മാമുവും മായിയുമായിരുന്നു അടുപ്പക്കാർക്ക് ഇവർ. ആറ്‌ ഭൂഖണ്ഡങ്ങളിലായി 25 രാജ്യങ്ങളാണ് ഈ കൊങ്കണി ദമ്പതിമാർ കണ്ടത്. 56-ഉം 55-ഉം വയസ്സുള്ളപ്പോഴായിരുന്നു ആദ്യ വിദേശയാത്ര. ഈജിപ്റ്റിലേക്ക്. ഇക്കഴിഞ്ഞ മാസം 21-ാം തീയതിയായിരുന്നു ഇവരുടെ ഒരുമിച്ചുള്ള യാത്ര. റഷ്യയിലേക്ക് നടത്തിയ ആ യാത്രയിൽ മക്കളും പേരക്കുട്ടികളുമടക്കമുണ്ടായിരുന്നു. വിജയനു മാത്രം ഒരു ട്രാവൽ ഏജൻസിയുടെ സ്പോൺസർഷിപ്പുണ്ടായിരുന്നു.

Vijayan and Mohana 2
വിജയൻ - മോഹന ദമ്പതിമാർ നടത്തുന്ന കൊച്ചി കതൃക്കടവിലെ ചായക്കടയിൽ മന്ത്രി മുഹമ്മദ് റിയാസ് എത്തിയപ്പോൾ | ഫോട്ടോ: മാതൃഭൂമി

റഷ്യൻ വർത്തമാനം അറിയാൻ ‘സോവിയറ്റ്‌ നാട്’ മാസിക വായിച്ച കാലത്തേ മോസ്കോയിലേക്കുള്ള യാത്ര വിജയന്റെ മനസ്സിലുണ്ടായിരുന്നു. ഇത്രയും വർഷമായി തുടരുന്ന ലോകയാത്രയ്ക്ക്‌ കോവിഡ് പൂട്ടിട്ടില്ലായിരുന്നെങ്കിൽ കഴിഞ്ഞ വർഷം തന്നെ വിജയനും മോഹനയും റഷ്യയിൽ ചുറ്റിയടിച്ചേനെ. വിജയന്റെ സ്പോൺസർഷിപ്പൊഴിച്ചാൽ ട്രാവൽ ഏജൻസികളിൽ കടം പറഞ്ഞു പോകുന്ന മൂന്നാമത്തെ ലോക യാത്രയായിരുന്നു ഒടുവിലായി നടത്തിയ റഷ്യൻ പര്യടനം. പോയിവന്ന ശേഷം മാസം 15,000-20,000 രൂപ വീതം അടച്ചുതീർക്കുന്നതായിരുന്നു പതിവ്.

ഇത്രയും നാടുകൾ കണ്ടിട്ടുണ്ടെങ്കിലും അന്നം നൽകിയ കേരളത്തോടുള്ള ഇഷ്ടം എന്തിനും മേലെയായിരുന്നു വിജയന്. ജലാശയങ്ങളും വനവും നിറഞ്ഞ കേരളം പോലൊരു നാടില്ലെന്നാണ് ഈ യാത്രാപ്രേമിയുടെ അഭിപ്രായം.മാതൃഭൂമി യാത്രയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ദ ​ഗ്രേറ്റ് ഇന്ത്യൻ ട്രാവൽ ചലഞ്ച് ലോഞ്ചിങ് ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു ഈ ദമ്പതിമാർ.

Vijayan and Mohana

അധികം ആലോചനകളില്ലാതെയായിരുന്നു യാത്രകൾ പലതും. ഭർത്താവിന്റെ കൈപിടിച്ച് നടക്കാനാണ് ഇഷ്ടം എന്നാണ് ചോദിക്കുന്നവരോടെല്ലാം മായി പറഞ്ഞിരുന്നത്. ആരും സഹായിച്ചില്ലെങ്കിലും ദൈവമുണ്ടാകും. കണ്ണുള്ളപ്പോൾ കാണണം, ആരോ​ഗ്യമുള്ളപ്പോൾ ആസ്വദിക്കണം എന്നതായിരുന്നു ഇരുവരുടേയും പോളിസി. യാത്രകളോടുള്ള ഇവരുടെ ഇഷ്ടം കണ്ട് വഴിച്ചെലവിന് പണം നൽകിയവരിൽ അമിതാഭ് ബച്ചൻ, അനുപം ഖേർ, ശശി തരൂർ തുടങ്ങിയവരും ഉൾപ്പെടുന്നു.

ലോകം ചുറ്റാനും കാഴ്ചകൾ കാണാനും ചായക്കടയിൽ വരുന്നവർക്ക് ചായയ്ക്കൊപ്പം യാത്രാ വിശേഷങ്ങൾ വിളമ്പാൻ മോഹനയ്ക്കൊപ്പം ഇനി വിജയനുണ്ടാവില്ല. ഒരുമിച്ചൊരു ജപ്പാൻ യാത്ര എന്ന സ്വപ്നമാണ് വിജയന്റെ വിയോ​ഗത്തോടെ പാതിയിൽ അവസാനിച്ചത്.

Content Highlights: Vijayan And Mohana, travelling couple, journeys of vijayan and mohana