നംവകുപ്പിന്റെ കീഴിൽ 100 ഏക്കർ വിസ്തൃതിയുള്ള തുരുത്തിൽ 20 കൊല്ലം മുൻപ് വരെ നാട്ടുകാർ വനവിഭവങ്ങളും വിറകും മറ്റും ശേഖരിക്കാൻ പതിവായി പോയിരുന്നു. വെമ്പൂരം വനംവകുപ്പിന്റെ തേക്ക് പ്ലാന്റേഷനായിരുന്നകാലത്ത് വിറകും കൃഷിയ്ക്കാവശ്യമായ പച്ചിലവളങ്ങളും ശേഖരിക്കാൻ തുരുത്തിൽ പോകാറുണ്ടെന്ന് പ്രദേശവാസിയായ മറ്റമന ജോസ് പറഞ്ഞു. പിന്നീട് തേക്കുമരങ്ങളെല്ലാം വെട്ടിയെടുത്തശേഷം നിറയെ കാടുകയറിയ ദ്വീപ് ഇപ്പോൾ കാട്ടാനകളുടെ വിഹാരരംഗമാണ്. പകൽസമയങ്ങളിൽപ്പോലും തുരുത്തിന്റെ പുഴയോരങ്ങളിൽ ആനക്കൂട്ടം മേയുന്നതും വെള്ളം കുടിക്കാൻ എത്തുന്നതും കാണാം. പെരിയാറിന്റെ മറുകരയിലാണ് മുളങ്കുഴി മഹാഗണിത്തോട്ടവും മലയാറ്റൂരിൽ നിന്ന് ഭൂതത്താൻകെട്ടിലേയ്ക്കുളള വനപാതയും. മലയാറ്റൂർ തീർത്ഥാടനകാലത്ത് വനപാത നിയന്ത്രണങ്ങളോടെ സന്ദർശകർക്ക് തുറന്നുനൽകാറുണ്ട്.

പാണംകുഴിയിലെ‘മിനി തേക്കടി ’

വേങ്ങൂരിലെ പാണംകുഴി കടവിനും വെമ്പൂരം തുരുത്തിനും ഇടയിലൂടെ ഒഴുകുന്ന പെരിയാറിന് തേക്കടിയിലെ തടാകത്തിന്റെ ഛായയാണ്. ഇവിടെ പെരിയാറിൽ വലിയ കയങ്ങളായതിനാൽ അരക്കിലോമീറ്ററോളം ചുറ്റളവിൽ പുഴ നിശ്ചലമാണ്. സുരക്ഷാ സംവിധാനങ്ങളൊരുക്കിയാൽ വിനോദസഞ്ചാരികൾക്കായി ബോട്ടിംഗ് ഏർപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ ഭാഗമാണിത്. പടിഞ്ഞാറുനിന്നെത്തുന്ന ഇളംകാറ്റേറ്റ് പുഴയും കാടും ആസ്വദിച്ച് എത്രനേരം ബോട്ട് സവാരി ചെയ്താലും സന്ദർശകർക്ക് മടുപ്പുണ്ടാകില്ല. കണ്ണുകൾക്ക് വിരുന്നായി ചിലപ്പോൾ തുരുത്തിൽ നിന്ന് പുഴയിലേയ്ക്കിറങ്ങുന്ന ആനക്കൂട്ടത്തേയും കാണാം. പുള്ളിമാൻ, മയിൽ, മ്ലാവ്, കുരങ്ങ്, അപൂർവമായ പക്ഷികൾ എന്നിവ ധാരാളമുണ്ട് ഇവിടെ.

വെമ്പൂരം ദ്വീപിലെ ടൂറിസം സാധ്യതകൾ എൽദോസ് കുന്നപ്പിള്ളി എം. എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി ജോസ് പറഞ്ഞു. പുഴയിൽ തടയണ നിർമ്മിച്ച് കരയെ ദ്വീപുമായി ബന്ധിപ്പിക്കാം. വേങ്ങൂർ, കൂവപ്പടി പഞ്ചായത്തുകളിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്ന പമ്പ് ഹൗസ് ഇതിന് സമീപമാണ്. വേനൽക്കാലത്ത് പുഴയിൽ ജലനിരപ്പ് താഴുമ്പോൾ പമ്പിംഗ് മുടങ്ങുന്ന സ്ഥിതി പരിഹരിക്കാനും തടയണ നല്ലതാണ്. തടയണനിർമ്മിച്ച് രണ്ടുമീറ്ററെങ്കിലും ജലനിരപ്പ് ഉയർത്താൻ കഴിഞ്ഞാൽ സഞ്ചാരികൾക്കായി സൗരോർജ ബോട്ട്‌സർവീസ് നടത്താം. കയാക്കിംഗിനും അനുയോജ്യമാണ്. സഞ്ചാരികൾക്ക് പ്രവേശിക്കാൻ അവസരമുണ്ടായാൽ സ്വാഭാവികമായും ദ്വീപിൽ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടം ഉൾക്കാട്ടിലേയ്ക്ക് തിരികെ കയറും. മാത്രമല്ല, വനാതിർത്തിയിലെ കൃഷിയിടങ്ങളിലേയ്ക്ക് ആനക്കൂട്ടം എത്തുന്നത് തടയുകയും ചെയ്യാം. 

അഡ്വഞ്ചർ ടൂറിസത്തിനും ട്രക്കിംഗിനും ദ്വീപ് ഉപയോഗപ്പെടുത്താം. കാഞ്ഞൂക്കാരൻ കടവിൽ നിന്ന് വെമ്പൂരത്തേയ്ക്ക് തൂക്കൂപാലവും പരിഗണിക്കാവുന്നതാണ്. ദ്വീപിന് മുന്നിൽ പുഴ രണ്ടായി തിരിയുന്ന ഭാഗം അതിമനോഹരമാണ്. സുരക്ഷാസംവിധാനങ്ങളൊരുക്കിയാൽ ഇവിടെ സന്ദർശകരെ പുഴയിൽ കുളിക്കാൻ അനുവദിക്കാം. ഒരു പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രമെന്ന പദ്ധതിയിലും കാരവാൻ ടൂറിസം പദ്ധതിയിലും വെമ്പൂരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ടൂറിസം മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും വിദേശത്ത് ദീർഘകാലം കെമിക്കൽ എൻജിനീയറായിരുന്ന ജോസ് മറ്റമന പറഞ്ഞു.

പുഴയോര പാത

അഭയാരണ്യം മുതൽ പാണിയേലി പോര് വരേയുളള അഞ്ച് കിലോമീറ്റർ നീളമുള്ള പുഴയോര പാത പ്രദേശത്തിന്റെ ടൂറിസം വികസനം പ്രതീക്ഷിക്കുന്നവരുടെ സ്വപ്‌നപദ്ധതിയാണ്. ചെറിയ വാഹനങ്ങൾക്കോ സൈക്ലിംഗിനോ അനുയോജ്യമായ വിധത്തിൽ പാതയൊരുക്കുകയും സുരക്ഷിതമായ കൈവരികൾ നിർമ്മിക്കുകയും ചെയ്താൽ സമാനമായ പദ്ധതി കേരളത്തിലെ ടൂറിസം ഭൂപടത്തിൽ എണ്ണപ്പെട്ടതാകും.

vembooram 2

മുന്നറിയിപ്പുണ്ട്, സൂക്ഷിക്കുക

പരിചിതരുടേയോ അധികൃതരുടേയോ അറിവോ അനുമതിയോ കൂടാതെ പുഴയിലിറങ്ങരുതെന്നാണ് മുന്നറിയിപ്പ്. പെരിയാറിന്റെ പലഭാഗങ്ങളും അപകടമേഖലകളാണ്. പ്രത്യേകിച്ച് പാണിയേലി പോര്. നീന്തൽ വശമില്ലാത്തവരും തനിച്ചുവരുന്നവരും കുളിക്കാൻ പോലും പുഴയിലിറങ്ങാതിരിക്കുന്നതാണ് നല്ലത്. നീന്തൽ അറിയുന്നവർ ലൈഫ് ജാക്കറ്റ് പോലുളള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് മാത്രം പുഴയിലിറങ്ങുക. എപ്പോഴും അപരിചിതഭാവങ്ങൾ ഉള്ളിലൊളിപ്പിക്കുന്നവയാണ് കാടും പുഴയും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

Content Highlights: vembooram island perumbavoor, bakapuram, mini thekkady, bhoothathankettu