വയലട
കോഴിക്കോടിന്റെ ഗവിയാണ് വയലട. പ്രകൃതി കനിഞ്ഞുനല്‍കിയ സൗന്ദര്യമാണ് വയലടയുടെ പ്രത്യേകത. പ്രകൃതിയുടെ ഭംഗി ആവോളം ആസ്വദിച്ച് മഞ്ഞിന്റെ കാഴ്ച കാണാന്‍ കോഴിക്കോട് വയലടയോളം പറ്റിയ സ്ഥലം വേറെയില്ലെന്ന് പറയാം. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലാണ് വയലട സ്ഥിതിചെയ്യുന്നത്. ഏറ്റവും മുകളില്‍ നിന്നു നോക്കിയാല്‍ കൂരാച്ചുണ്ട്, പേരാമ്പ്ര പട്ടണങ്ങളുടെ ദൃശ്യങ്ങളും കക്കയം ഡാം റിസര്‍വോയറിന്റെ മനോഹര കാഴ്ചകളും കാണാം.
സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് വയലടയുടെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളച്ചത്. സമുദ്രനിരപ്പില്‍നിന്ന് 2000 മീറ്റര്‍ ഉയരെയായുള്ള മുള്ളന്‍പാറ വ്യൂപോയന്റാണ് വയലടയിലെ ഏറ്റവുംവലിയ ആകര്‍ഷണം. സാമൂഹികമാധ്യമങ്ങളിലൂടെ ഇവിടുത്തെ കാഴ്ചകളെ കുറിച്ചറിഞ്ഞെത്തുന്ന ദൂരനാട്ടുകാരില്‍ പലരും മതിയായ സൗകര്യം ഇല്ലാതെ കഷ്ടപ്പെടുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയായിരുന്നു.
കോവിഡാനന്തരം പ്രാദേശിക ടൂറിസം മേഖലകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കിയ മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍ വയലടയെ വീണ്ടും സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് എത്തിച്ചിരുന്നു. ഇപ്പോള്‍ ടൂറിസം വകുപ്പ് ഇവിടെ ആരംഭിച്ചിരുന്ന വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചതോടെ വയലട കൂടുതല്‍ സുന്ദരിയായിരിക്കുകയാണ്. ഫുഡ്‌കോര്‍ട്ട്, കോഫിഷോപ്പ്, ശുചിമുറി, ഇരിപ്പിടങ്ങള്‍, ലാന്റ്‌സ്‌കേപ്പിങ്, ഫെസിലിറ്റേഷന്‍ സെന്റര്‍, വ്യൂ പോയിന്റ് എന്നിങ്ങനെ ഒരു കംപ്ലീറ്റ് ടൂറിസം ഡെസ്റ്റിനേഷനായി വയലട ഒരുങ്ങിക്കഴിഞ്ഞു.

എന്നാല്‍ ഇതുകൊണ്ടും വയലടയുടെ പ്രതിസന്ധികള്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. മികച്ച റോഡും പാര്‍ക്കിങ്ങും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടെ ഒരുക്കപ്പെടണം. കരിയാത്തുംപാറ, തോണിക്കടവ്, കക്കയം തുടങ്ങിയ കേന്ദ്രങ്ങളുള്‍പ്പെടുത്തി നല്ലൊരു പാക്കേജ് സഞ്ചാരികള്‍ക്ക് നല്‍കാനാവണം. വയലട ടൂറിസവുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കേണ്ട ചില കാര്യങ്ങള്‍ക്ക് വേണ്ടി ഒരു സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ഷികമേഖലയിലെ തിരിച്ചടിയില്‍ തകര്‍ന്നുപോയ വയലടക്കാര്‍ക്ക് നിക്ഷേപ, തൊഴില്‍സാധ്യത ഒരുക്കാന്‍ കഴിയുന്ന സഞ്ചാരികള്‍ക്ക് കുടുംബത്തോടൊപ്പം വന്ന് ആസ്വദിക്കാന്‍ സാധിക്കുന്ന മലബാറിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി വയലട മാറുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: vayalada view point kozhikode tourism destination
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..