മധ്യേഷ്യൻ മരുപ്രദേശങ്ങളിൽ നിന്നും ഒരു പക്ഷി കൂടി കേരളത്തിന്റെ തീരത്ത് വിരുന്നെത്തിയിരിക്കുന്നു.
അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, ഇറാൻ, കസാഖിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിലെ മരുഭൂമികളിൽ പ്രജനനം നടത്തി പാകിസ്ഥാനിലും അതിനോട് ചേർന്ന ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലും തണുപ്പ് കാലം ചെലവഴിക്കാൻ എത്തുന്ന നെന്മണി കുരുവി വർഗ്ഗത്തിൽപെട്ട വാരിയബിൾ വീറ്റ് ഇയർ ( variable wheatear ) എന്ന കുരുവിയെയാണ് കഴിഞ്ഞ ദിവസം ചാവക്കാട് തീരത്ത് വെച്ച് കണ്ടെത്തിയത്.
കോൾബേർഡേഴ്‌സ് അംഗവും, UNHS ന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പാർളിക്കാട് സ്വദേശി കൃഷ്ണകുമാർ. കെ. അയ്യർ ആണ് കേരളത്തിലെ ഈ പക്ഷിയുടെ സാന്നിധ്യം ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏകദേശം 15 സെന്റിമീറ്ററോളം വലുപ്പം വരുന്ന ഈ പക്ഷി നിലത്തും അല്പം ഉയരമുള്ള കുറ്റിച്ചെടികളിലും ഇര തേടി പ്രാണികളെയും പുഴുക്കളെയും ഭക്ഷണമാക്കുന്നവയാണ്. മരുഭൂമിയിലെ മുൾക്കാടുകൾക്കടിയിലാണ് ഇവ കൂട് കൂട്ടുന്നത്. നേരത്തെ ചെറിയ ചുണ്ടൻ കാട (jack snipe)ൻ, പിടലി കറുപ്പൻ ആളൻ (black naped tern) എന്നിവയെ കേരളത്തിൽ വച്ച് ആദ്യമായി ക്യാമറയിൽ പകർത്തിയതും കൃഷ്ണകുമാറാണ്.
Content Highlights: Variable Wheat Ear in Kerala, Birds in Kerala, Travel Feature