-
വാറങ്ക ഒരു ചെറിയ അങ്ങാടിയാണ്. കുറച്ച് കടകളും ഓട്ടോ സ്റ്റാന്‍ഡുമൊക്കെയുള്ള കേരള അങ്ങാടിയുടെ ഒരു കന്നട പതിപ്പ്. ബസ്സിറങ്ങി 100 മീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തിലെത്താം. നടന്നുചെല്ലുമ്പോഴേ കൊയ്‌ത്തൊഴിഞ്ഞ പാടത്തിനപ്പുറത്ത്, തടാകത്തിന് നടുവിലായി, ക്ഷേത്രം കാണാം. തൊട്ടടുത്ത് ജൈനമഠമുണ്ട്. നാലുകെട്ടിന്റെ മാതൃകയില്‍ പണിത പഴയ കെട്ടിടം.
ചന്ദ്രനാഥ ബസതിയെന്നും ഇതറിയപ്പെടുന്നു. അകത്ത് തീര്‍ഥങ്കരനായ ചന്ദ്രപ്രഭയുടെ പ്രതിഷ്ഠ. ഉമ്മറത്ത് മേശയും കസേരയുമിട്ട് ഒരു ജീവനക്കാരനിരിപ്പുണ്ട്. തടാകത്തിന് നടുവിലെ ക്ഷേത്രത്തിലേക്കുള്ള തോണിയില്‍ കയറാന്‍ ആവശ്യമായ 10 രൂപയുടെ ടിക്കറ്റ്വില്പനയും വഴിപാട് ശീട്ടാക്കലുമൊക്കെ ഈ ജീവനക്കാരന്റെ പണിയാണ്.
ടിക്കറ്റെടുത്ത് തടാകത്തിലേക്കുള്ള പടിക്കെട്ടിലേക്ക് നടന്നു. തോണി ക്ഷേത്രത്തിലേക്ക് സഞ്ചാരികളെയുംകൊണ്ട് പോയതാണ്. എത്രയും പെട്ടെന്ന് അക്കരെയെത്താനുള്ള തിരക്കുണ്ടായിരുന്നെങ്കിലും അങ്ങോട്ടുള്ളവര്‍ക്ക് ആ തോന്നലില്ലാതിരുന്നതിനാല്‍ കാത്തിരിപ്പ് ഏറെ നീണ്ടു.
വാറങ്ക ജൈന ട്രസ്റ്റിന് ഏകദേശം 5000 ഏക്കറോളം സ്ഥലം സ്വന്തമായുണ്ട്. അവിടെ മെഡിക്കല്‍ കോളേജും എന്‍ജിനീയറിങ് കോളേജുമൊക്കെ തുടങ്ങാനുള്ള പ്രയത്‌നത്തിലാണിവര്‍. തടാകം 15 ഏക്കറോളം സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. നിറയെ മീനുകളും ഒട്ടേറെ ജലസസ്യങ്ങളുമുള്ള മനോഹരമായ തടാകം. തോണിയില്‍ ഒരഞ്ചുമിനിട്ടുകൊണ്ട് ക്ഷേത്രത്തിലെത്താം. ക്ഷേത്രത്തെക്കുറിച്ചറിഞ്ഞ് എത്തിയ സ്വിറ്റ്‌സര്‍ലന്‍ഡുകാരിയടക്കം തോണിയില്‍ എട്ടുപേര്‍ കയറി. ഞങ്ങളെ കാത്ത് ശ്രീകോവിലിനുമുന്നില്‍ പൂജാരി സുബ്രഹ്മണ്യ നിന്നിരുന്നു. കേരേ ബസതി (കായല്‍ക്ഷേത്രം) എന്നറിയപ്പെടുന്ന ക്ഷേത്രം ഏകദേശം ആയിരത്തോളംവര്‍ഷം പഴക്കമുള്ളതാണ്.
കര്‍ണാടകയുടെ തീരപ്രദേശം അടക്കിവാണിരുന്ന ജൈനരാജാക്കന്മാരാണിത് പണിതത്. മാര്‍ബിള്‍കൊണ്ട് ചുവരുകളും മേല്‍ക്കൂരയും പുതുക്കിപ്പണിതതിനാല്‍ ഇതൊരു പുരാതനക്ഷേത്രമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നില്ല. എന്നാല്‍ അടുത്തുചെന്ന് നോക്കിയാല്‍ ചുവരിലെ പഴയ ശില്പങ്ങളും മറ്റും കാണാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..