അശ്വന്ത് | ഫോട്ടോ: മാതൃഭൂമി
പതിനെട്ടാം വയസ്സിൽ സ്വന്തമായി വാൻ വാങ്ങി ഒറ്റയ്ക്ക് ഉലകം ചുറ്റുകയാണ് അശ്വന്ത്. കർണാടകയും ഗോവയും കറങ്ങിയെത്തിയ ശേഷം ഇന്ത്യമുഴുവൻ സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ ഈ ഒന്നാം വർഷ ബിരുദവിദ്യാർഥി. ഓമശ്ശേരി മുത്തേടത്ത് സുരേഷ് - ജലജ ദമ്പതിമാരുടെ ഏക മകനായ അശ്വന്ത് കുറുമ്പാലക്കോട്ടയിലെ ബന്ധുവായ സഹോദരനൊപ്പമാണ് താമസം. ചെറുപ്പം മുതൽ തന്നെ യാത്രകളെ സ്നേഹിച്ചിരുന്ന അശ്വന്ത് ലോകം ചുറ്റാൻ വയസ്സ് 18 ആവാൻ കാത്തിരിക്കുകയായിരുന്നു. ഡ്രൈവിങ്ങ് ലൈസൻസ് കിട്ടിയതോടെ യാത്രകൾ തുടങ്ങി.
പ്രത്യേകം സജ്ജീകരിച്ച വാനിലാണ് ഒറ്റയ്ക്കുള്ള സഞ്ചാരം. വാനിൽ കിടക്കുവാനും പഠിക്കുവാനും പാകം ചെയ്യുവാനുമുള്ള എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കി. സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങി.
ആദ്യം കേരളം മുഴുവൻ ' സോളോ വൺ ലൈഫ് ട്രാവലർ' എന്ന ബോർഡും വെച്ച് യാത്ര ചെയ്തു. പിന്നീട് കർണാടകയും ഗോവയും ചുറ്റിക്കണ്ടു. വിശ്രമവും പാചകവും വാഹനത്തിൽ തന്നെ. പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ പെട്രോൾ പമ്പുകളെയും മറ്റും ആശ്രയിച്ചു. പാചകം ചെയ്യുന്നതിനായി ഡീസൽ സ്റ്റൗ വാഹനത്തിൽ കരുതിയിട്ടുണ്ട്. മൂന്നു സംസ്ഥാനങ്ങൾ ചുറ്റിക്കറങ്ങാൻ 26000 രൂപയാണ് ചെലവായത്.
ഇന്ത്യ മുഴുവൻ കണ്ട ശേഷം അയൽ രാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, ചൈന, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും യാത്ര തിരിക്കാനാണ് പദ്ധതി. ഒരു കൗതുകമായി തുടങ്ങിയ യാത്ര ജീവിതാവസാനം വരെ കൊണ്ടുനടക്കാനാണ് ആഗ്രഹമെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു. ഓരോ സംസ്കാരങ്ങളും രീതികളും മനോഹാരിതകളും ഒറ്റയ്ക്ക് കണ്ടാസ്വദിക്കാനാണ് രസം. ബെംഗളൂരുവിൽ ഒന്നാം വർഷ ബി.ബി.എ. വിദ്യാർഥിയായ അശ്വന്ത് ഇപ്പോൾ 21- ന് തുടങ്ങുന്ന പരീക്ഷയുടെ ഒരുക്കത്തിലാണ്. പരീക്ഷ കഴിഞ്ഞയുടൻ തന്റെ യാത്രകൾ പുനരാരംഭിക്കും.
Content Highlights: van life of aswanth, solo one life traveller, wayanad to sri lanka travel planning
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..