കാട്ടാനകളെ പോലും തോല്‍പ്പിച്ച് കാടിനു നടുക്കൊരു ഉണ്ണിയപ്പക്കട! വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള വഴിയിലോരത്ത് സ്ഥിതി ചെയ്യുന്ന ഈ ഭോജനശാല, കാനനസഞ്ചാരികളുടെ ഇടത്താവളം കൂടിയാണ്. കാലം കുറച്ചു മുന്നിലേക്ക് പാഞ്ഞുപോകുമ്പോഴും ഉണ്ണിയപ്പത്തിന് പഴയ രുചിയും മണവുമൊന്നും ഇപ്പോഴും നഷ്ടമായിട്ടില്ല. തൊപ്പിയണിഞ്ഞ ഉണ്ണിയപ്പങ്ങള്‍ കുട്ടയില്‍ ചൂടോടെ നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയില്‍, തെറ്റ് റോഡിലെ കവലയിലും തിരക്കൊഴിയുന്നില്ല. പത്തും പതിനഞ്ചുമല്ല, കാല്‍നൂറ്റാണ്ട് മുമ്പേ തുടങ്ങിയതാണ് കുട്ടേട്ടന്റെ ഉണ്ണിയപ്പക്കട. 

Unniyappakada Wayanad

തിരുനെല്ലിയിലേക്കുള്ള വഴിയില്‍ കാട്ടിക്കുളം കഴിഞ്ഞാല്‍ ഈ കടമാത്രമായിരുന്നു പണ്ടുണ്ടായിരുന്നത്. ചുറ്റിലും ആനക്കാടാണെങ്കിലും അതിരാവിലെ തന്നെ ഉണ്ണിയപ്പക്കടയുടെ അടുപ്പില്‍ തീയെരിഞ്ഞു തുടങ്ങും. മഴയും മഞ്ഞുമെല്ലാം മാറി മാറി വന്നപ്പോഴും ഇതിനൊന്നും ഇക്കാലം വരെയും മുടക്കമുണ്ടായില്ല. കാലങ്ങള്‍ക്കു മുമ്പേ തിരുനെല്ലിയിലേക്ക് വരുന്നവരൊക്കെ ഈ ഉണ്ണിയപ്പക്കടയുടെ വിശേഷങ്ങള്‍ നാട്ടിലെല്ലാം പങ്കുവെച്ചിട്ടുണ്ട്. കേട്ടറിഞ്ഞ് കേട്ടറിഞ്ഞ് തിരുനെല്ലി വഴിയെത്തുമ്പോള്‍ അറിയാതെ തന്നെ പുതിയ യാത്രികരും  ഉണ്ണിയപ്പക്കടയുടെ മുമ്പില്‍ വാഹനം നിര്‍ത്തും. 

മുഖം മിനുക്കിയ വലിയ കടയും സൗകര്യങ്ങളും പ്രതീക്ഷിക്കുന്നവര്‍ക്ക് ആകെ തെറ്റും. ഇപ്പോഴും പുല്ലുമേഞ്ഞതും മുളകൊണ്ട് ചുവരുകള്‍ തീര്‍ത്തുമായ ഇറതാണ ചെറിയ കൂരതന്നെയാണ് കാഴ്ചയില്‍ തെളിയുക. ഇവിടെ അതിരാവിലെ മുതല്‍ ഉണ്ണിയപ്പം തീരുന്നതുവരെ, എത്ര സമയമായാലും നല്ല വയനാടന്‍ കാപ്പിയും കുടിച്ച് ഉണ്ണിയപ്പം കൊണ്ട് വയറു നിറയ്ക്കാം. ചില ദിവസങ്ങളില്‍ ഉണ്ണിയപ്പം പ്രതീക്ഷിക്കുന്നതിലും നേരത്തെ തീരും. വിശേഷ ദിവസങ്ങളില്‍ അല്‍പ്പം കൂടുതലുണ്ടാക്കും. അല്ലാത്ത ദിവസങ്ങളില്‍ പതിവു പോലെ തന്നെ പരമാവധി ആയിരത്തഞ്ഞൂറോളം ഉണ്ണിയപ്പം ഉണ്ടാക്കും. തിരുനെല്ലിയിലേക്ക് പോകുന്നവരും വരുന്നവരും തോല്‍പ്പെട്ടി നിന്നും തെറ്റ് റോഡ് വഴി വരുന്നവരുമെല്ലാം ഈ കടയുടെ മുന്നിലെത്തിയാല്‍ ഒന്നിറങ്ങും. അതോടെ കട കാലി. 

Unniyappakada Wayanad

കര്‍ണ്ണാടകയില്‍ നിന്നു കൊണ്ടു വരുന്ന നാടന്‍ കുത്തരി ഉരലില്‍ ഇടിച്ചാണ് ഉണ്ണിയപ്പത്തിനുള്ള കൂട്ടുണ്ടാക്കുന്നത്. തലേദിവസം അരി കുതിര്‍ത്ത് ഇടിച്ച് പൊടിയാക്കി നാടന്‍ പഴവും തേങ്ങയും ശര്‍ക്കരയുമെല്ലാം പാകത്തിന് ചേര്‍ത്ത് വെക്കും. പിന്നീട് പിറ്റേദിവസം രാവിലെ അഞ്ച് മണിയോടെ ഉണ്ണിയപ്പം ചുടാന്‍ തുടങ്ങും. വലിയ അപ്പക്കാരചട്ടിയില്‍ ശുദ്ധമായ കുറ്റ്യാടി വെളിച്ചണ്ണെയില്‍ മൊരിഞ്ഞു വരുന്ന ഉണ്ണിയപ്പം വലിയ കുട്ടയിലേക്ക് അപ്പപ്പോള്‍ നിറയ്ക്കും. ഇതില്‍ നിന്നും ആവശ്യത്തിന് പായക്ക് ചെയ്തു കൊടുക്കും. അവിടെ നിന്നു തന്നെ കഴിക്കാന്‍ വേണ്ടവര്‍ക്ക് ആവശ്യത്തിന് അപ്പകൊട്ടയില്‍ നിന്നും എടുക്കാം. 

Unniyappakada Wayanad

തിരുനെല്ലിയിലേക്കും തോല്‍പ്പെട്ടിയിലേക്കും വഴി പിരിയുന്ന ഈ കവലയിലെ ഏക ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കൂടിയാണ് കുട്ടേട്ടന്റെ ഉണ്ണിയപ്പക്കട. വഴി ചോദിക്കുന്നവര്‍ മുതല്‍ തിരുനെല്ലിയുടെ പഴയകാല വിപ്ലവ കഥകള്‍ ചോദിക്കുന്നവര്‍ വരെയുണ്ട്. എല്ലാത്തിനും കാടനുഭവങ്ങളുടെ സാക്ഷ്യവുമായി ഇവിടെ നിന്ന് മറുപടിയും കിട്ടും. 1958 ല്‍ വനംവകുപ്പ് തിരുനെല്ലി ദേവസ്വത്തിന് പാട്ടം നല്‍കിയ 25 സെന്റ് സ്ഥലത്താണ് ഈ ഉണ്ണിയപ്പക്കടയുള്ളത്. അമ്പലത്തിലേക്ക് വരുന്നവര്‍ക്ക് വഴിയും മറ്റും പറഞ്ഞു നല്‍കുന്നതിനുള്ള ഒരു ഇടത്താവളം എന്നിതിനെ വിശേഷിപ്പിക്കാം. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ കുട്ടേട്ടന്‍ എന്ന ചരുക്കപ്പേരില്‍ വിളിച്ചിരുന്ന ശിവാദാസന്‍ ഈ രുചിക്കൂട്ടില്‍ നിന്നു വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മക്കളായ വിനോദും വിജീഷുമാണ് ഈ കട ഇപ്പോള്‍ അതേ പെരുമയോടെ നടത്തുന്നത്. അരി ഇരുമ്പുലക്ക കൊണ്ട് ഇടിച്ച് പൊടിക്കുന്ന യന്ത്രവും ഇവര്‍ രൂപകല്‍പ്പന ചെയ്തു. 

ഒരു ട്രാവല്‍ ഐക്കണ്‍ എന്ന നിലയിലും ഈ ജംഗിള്‍ വ്യൂ ഷോപ്പ് ഇപ്പോള്‍ പുറത്ത് അറിയപ്പെടുന്നു. കര്‍ണ്ണാടകയിലെ നാഗര്‍ഹോള, കുട്ടയിലെ ഇരുപ്പ് വെള്ളച്ചാട്ടം, പക്ഷിപാതാളം, തോല്‍പ്പെട്ടി വന്യജീവി സങ്കേതം എന്നിവടങ്ങളിലെക്കെല്ലാം എത്താനുള്ള ദൂരം, സന്ദര്‍ശന സമയം, ടിക്കറ്റ് നിരക്ക് തുടങ്ങിയവയെല്ലാം ഉണ്ണിയപ്പത്തോടൊപ്പം ഇവര്‍ പങ്കുവെക്കും. കാടിനുള്ളില്‍ വഴിയറിയാതെ എത്തി കുടുങ്ങുന്നവര്‍ക്കെല്ലാം ഒരേസമയം അനുഗ്രഹമാണ് ഈ സങ്കേതം. കൂടാതെ തിരുനെല്ലി അമ്പലത്തിലെ പൂജാസമയവും ക്രമീകരണവുമെല്ലാം ഇവിടെ നിന്നറിയാം. മുമ്പൊക്കെ തീര്‍ഥാടകര്‍ മാത്രം സഞ്ചാരികളായിട്ടുള്ള വഴിയില്‍ ഇപ്പോള്‍ ടൂറിസ്റ്റുകളുടെ തിരക്ക് കൂടി. ഉണ്ണിയപ്പത്തിനുള്ള ആവശ്യക്കാരും കൂടി. എന്നാലിതൊന്നും ഈ കടയെ മാറ്റിയിട്ടില്ല. എല്ലാം പഴയപോലെ തന്നെ നില്‍ക്കട്ടെ എന്നാണ് കുട്ടേട്ടന്റെ മക്കള്‍ക്ക് പറയാനുള്ളത്. വന്യജീവികള്‍ നാട്ടിലിറങ്ങിയും വഴിയില്‍ നിന്നുമെല്ലാം സഞ്ചാരികളെയും ഗ്രാമീണരേയുമെല്ലാം വിരട്ടുമ്പോള്‍ ഈ ഉണ്ണിപ്പക്കടയെ തൊട്ടുകളിക്കാന്‍ വരാറില്ല. ചില ചുരുക്കം ആനപ്പിണക്കങ്ങള്‍ ഒഴിച്ചാല്‍ കാര്യമായ അക്രമണങ്ങളൊന്നും കാടിന് നടുവിലെ ഈ സങ്കേതത്തിന്റെ അനുഭവത്തിലില്ല. വഴികാട്ടുന്നവരെന്ന പരിഗണനയായിരിക്കാം ഇതെല്ലാമെന്ന് ഇതറിയുന്നവരും തമാശയായി പറയും. വയനാടന്‍ സഞ്ചാരത്തിന്റെ അനുഭവങ്ങളിലേക്ക് ഇങ്ങനെയും ചില കഥകള്‍ ചേക്കേറും...