ടൂർ പോകുമ്പോൾ ഹോട്ടൽ മുറികളിലല്ലാതെ മലമുകളിലോ, കായലോരത്തോ കാട്ടിലോ ഒരു ദിവസമെങ്കിലും താമസിച്ചിട്ടുണ്ടോ? കാടിനെ ഇരുട്ടു മൂടുന്നത് കണ്ടിട്ടുണ്ടോ? മഞ്ഞിനുള്ളിലേക്ക് സൂര്യ രശ്മികൾ പതിയെ ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ? ഇത്തരം അനുഭവങ്ങൾ നേരിട്ടാസ്വദിക്കാൻ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. വ്യത്യസ്ത യാത്രാനുഭവങ്ങൾ നേരിട്ടാസ്വദിക്കുന്നതിന് അവസരമൊരുക്കുകയാണ് ‘ക്യാമ്പർ’ എന്ന കൊച്ചു സംരംഭം.   പഠനംകഴിഞ്ഞ് പല മേഖലകളിൽ ജോലിചെയ്ത ശേഷമാണ് കൊച്ചിക്കാരൻ പ്രബിലും കണ്ണൂർക്കാരൻ സൂരജും ക്യാമ്പർ എന്ന സംരംഭം ആരംഭിക്കാൻ ഒത്തുചേരുന്നത്. ഒരു വർഷം മുമ്പ് മൂന്നാറിനടുത്തുള്ള മാങ്കുളം എന്ന സ്ഥലത്താണ് ക്യാമ്പർ ആദ്യ ക്യാമ്പ് നടത്തിയത്. പിന്നീടങ്ങോട്ട് ക്യാമ്പറിനെ തേടി നിരവധി പേരാണ് എത്തിയത്.  1000 രൂപ മുതലാണ് നിരക്ക്. 

Camper

Camper 6

ടെന്റുകളിൽ രാപ്പാർക്കാം

ക്യാമ്പർ നൽകുന്നത് നാല് ചുവരുകളുള്ള മുറികളല്ല. പകരം കാടിനുനടുവിലോ കായലോരത്തോ മലമുകളിലോ അങ്ങനെ യാത്രികരെ ആകർഷിക്കുന്ന എവിടെയും സുരക്ഷാ സൗകര്യങ്ങളോടെയുള്ള ടെന്റുകളാണ്. സാധാരണ ടൂർ സങ്കല്പങ്ങളിൽനിന്ന്‌ മാറി ടെന്റ് എന്ന ആശയമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. അത്യാവശ്യം സൗകര്യങ്ങളെല്ലാം ടെന്റുകളിലുണ്ട്. ഇതിൽ ഭക്ഷണവും ഉൾപ്പെടും. കിടക്കയും തലയണയും ടെന്റിനുള്ളിൽ ലഭ്യമാണ്. അടുത്തുതന്നെ വാഷ് റൂം, ടോയ്‌ലറ്റ്, പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. വിപണിയിൽ 5000 രൂപ മുതൽ അഞ്ചുലക്ഷം രൂപ വരെയുള്ള ടെന്റുകളുണ്ട്. ഫാമിലിയായി താമസിക്കാവുന്ന ടെന്റുകളും ഒറ്റയ്ക്കായി താമസിക്കാവുന്ന ടെന്റുകളും ഇക്കൂട്ടത്തിൽപ്പെടുന്നു.

Camper 5

സ്ഥലമുണ്ടോ, ക്യാമ്പ് ഒരുക്കാം

ഓരോ ക്യാമ്പുകളുടെയും വിദഗ്ദ്ധ ഉപദേശകരാണ് ക്യാമ്പർ. വ്യക്തികൾക്ക് ഒരു ക്യാമ്പിനാവശ്യമായ അന്തരീക്ഷമുള്ള സ്ഥലം സ്വന്തമായി ഉണ്ടെങ്കിൽ  ക്യാമ്പറെ ബന്ധപ്പെടാം. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമുള്ള ടെന്റുകൾ ക്യാമ്പർ ഒരുക്കിക്കൊടുക്കും. ക്യാമ്പറിന്റെ സ്കൗട്ട് ടീം ഒരു ദിവസം താമസിച്ച് ക്യാമ്പുകൾ റിവ്യൂ ചെയ്യും. സ്കൗട്ട് ടീമിൽ ഫോട്ടാഗ്രാഫർ, ബ്ലോഗർ, യാത്രികർ, റൈഡർമാർ, വീഡിയോഗ്രാഫർ തുടങ്ങി നിരവധി പേരാണുള്ളതെന്ന് പ്രബിലും സൂരജും പറയുന്നു. റിവ്യൂവിനു ശേഷം സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ ക്യാമ്പറിന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്യും. പിന്നീട് സഞ്ചാരികൾക്ക് ബുക്ക് ചെയ്യാവുന്നതാണ്. ക്യാമ്പ് ഫയർ, ബാർബി ക്യൂ, ലൈവ് മ്യൂസിക് ജാം തുടങ്ങി നിരവധി പരിപാടികളും ക്യാമ്പുകളിലുണ്ടാകും.  വരുമാനത്തിൽ ഒരു വിഹിതം സ്ഥലമുടമകൾക്കും ലഭിക്കും. 

Camper 1

ഓൺലൈൻ ബുക്കിങ്ങിന് 20-ന് മുകളിൽ ക്യാമ്പ് സൈറ്റുകളുണ്ട്. റിക്വസ്റ്റ് ബുക്കിങ്ങിന് 100-ൽ കൂടുതലും. റിക്വസ്റ്റ് ബുക്കിങ്, ക്യാമ്പ് സൈറ്റിന്റെ ലഭ്യത അനുസരിച്ചു മാത്രമേ ലഭ്യമാകുകയുള്ളൂ. കേരളംകൂടാതെ കൊടൈക്കനാൽ, ഊട്ടി, ഗോകർണ എന്നിവിടങ്ങളിലും ക്യാമ്പ് സൈറ്റുകളുണ്ട്. ക്യാമ്പറിന്റെ ഉപഭോക്താക്കളിൽ 40 ശതമാനത്തോളം പേർ കുടുംബമായി വരുന്നവരാണ്. ഒന്നര വയസ്സുള്ള കുട്ടി മുതൽ ക്യാമ്പിന്റെ ഭാഗമായിട്ടുണ്ട്. ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. ന്യൂ ഇയർ പാർട്ടി മുതൽ ബർത്ത് ഡേ പാർട്ടിവരെ നടത്താനുള്ള സജ്ജീകരണങ്ങളും ക്യാമ്പുകളിലുണ്ട്.

Camper 2

ഓരോ മാസവും നാലോളം ക്യാമ്പ് സൈറ്റുകളാണ് ക്യാമ്പർ പുതിയതായി കൂട്ടിച്ചേർക്കുന്നത്. മലബാർ മേഖലകളിൽ കൂടുതൽ ക്യാമ്പ് സൈറ്റുകൾ കൂട്ടിച്ചേർക്കാനും പദ്ധതിയുണ്ട്. ടൂർ സീസൺ തന്നെ വേണമെന്നില്ല. എപ്പോൾ വേണമെങ്കിലും ക്യാമ്പ് ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. www.campper.com എന്നതാണ് ഇവരുടെ വെബ്സൈറ്റ് വിലാസം.

Camper 4